വെണ്മാറനല്ലൂർ നാരായണൻ ജലഛായയെക്കുറിച്ച് എഴുതിയ ലേഖനം
വെണ്മാറനല്ലൂർ നാരായണൻ |
ജലച്ഛായ വായിക്കാതെ പോകരുത്. അതൊരു വേദനയാണ്. ഈ ജലച്ഛായ കടവിൽ,
തിരുമുറിവുകൾ കഴുകിയുണക്കി മരിച്ച ഓർമ്മകളുണ്ട്. ഒരുവായനയിൽ തിരിച്ചറിയാതെ
മടങ്ങരുത്. ഈ പ്രഭാതത്തിൽ, ജലാശയങ്ങളിൽ ജലച്ഛായ നോക്കി നാടിയ്ക്ക്
കൈകൊടുത്തിരിക്കുന്ന കേരള ചേതനയുടെ ബാല്ല്യമാണിത്.
ഓരോ അദ്ധ്യായത്തെക്കുറിച്ചും അനാദിമുതൽ ഇന്നുവരെ അറിഞ്ഞ പലതും നിരത്തി
പറയാനുണ്ട്. മനശ്ശാസ്ത്ര തത്വചിന്തയുടെ ചിന്തേരടികളുണ്ട്. ആ മിനുക്കൽ
പിന്നീടൊരിക്കലാവാം. ഇവിടെ ചെറിയൊരു വായനാന്തര കുറിപ്പ് കുറിക്കാം.
കേരളം
കാലവർഷം കനിഞ്ഞ് വളർത്തിയ കടലിന്റെ മുത്താണ് കേരളം. സഹ്യന് പടിഞ്ഞാറ്,
സഹനത അറിയാതെ പ്രകൃതി വളർത്തിയ പുത്രി. മൈനയും മഞ്ഞക്കിളിയും മയിലും
മലമുഴക്കിയും പോലെ, കുറവനും മറവനും പുള്ളുവന്മാരും മലയരനും, അവരവരുടെ
വിശ്വാസങ്ങളിലും ആചാരങ്ങളിലും വളപ്പുകളിലും ഒതുങ്ങിന്ന് വരഞ്ഞ മലനാട്.
വേറായി വേർതിരിഞ്ഞ് കഴിഞ്ഞുവെങ്കിലും, അനാദികാലം മുതലേ അതിരില്ലാത്ത
സമതയുടെ സ്വപ്ന കഥകൾ ഉള്ളുറങ്ങിയ നാട്. ഹിമസാനുക്കളിൽ മഞ്ഞുരുകും മാസത്തെ
തിരുവോണമാക്കിയ കേരളം.
സുഗന്ധമണിഞ്ഞ കാടഴക് കവരാൻ അലയാഴികടന്നും ആൾക്കാരെത്തിയ നാട്. വേദം
മുതൽ വാദം വരെ, ഋതുമാറിവന്ന ആശയങ്ങളെല്ലം അവിടവിടെ നിറന്ന് ഒറ്റപ്പെട്ട്
വളർന്ന നാട്. വിദേശ ബന്ധങ്ങളാൽ നവോത്ഥാന ചിറകടികൾ ഉണർന്ന് തിമിർത്ത നാട്.
പുതുമയെ അക്ഷര വേഗമാക്കി, അച്ചടിച്ച ആശയക്കെട്ടുകൾ ഇതളുകൾ മറിഞ്ഞ്
തകരപോലെ വളർന്ന നാട്. ഉറങ്ങാനനുവദിക്കാതെ, പ്രണയഗാന ഭാവനകളും
ചലനചിത്രങ്ങളും അലഞ്ഞലട്ടി ഉണർത്തിയ നാട്.
ഇന്ന്
കഥ-കളിയാട്ടം കാണുന്ന കേരളം, യൗവ്വന നരബാധിച്ച് വിളറിയിരിക്കുന്നു.
പ്രണയങ്ങൾക്ക് പ്രാണൻ പകരുന്ന വേഗമില്ല. ആശയങ്ങൾക്ക് ആകർഷണമില്ല.
ബന്ധങ്ങളുറയ്ക്കാത്ത വേഗങ്ങളിലാണിന്ന് കേരളം. കണ്ണാടി നോക്കി ഉണർന്ന
നവോത്ഥാനം, മുഖം മിനുക്കി പ്രതീകം നഷ്ടപ്പെട്ട് ഉണരുന്നു. അക്ഷര ഭാവങ്ങളെ,
യാന്ത്രികമാക്കിയ ചിത്രകൂടങ്ങൾക്ക് മുന്നിലിരുന്ന് അർത്ഥമറിയാതെ
ആഘോഷിക്കുന്നു.
യൗവ്വനത്തിൽ പുതുമയ്ക്ക് പ്രതീകമില്ലാതായ കേരളം. പ്രായമറിയാത്ത അലങ്കാര
സമതയ്ക്ക് പുറകെ, ഫ്രോയിഡിയൻ സ്വപ്നം പോലെ, വ്യക്തിത്വ നിരാകരണമായി
നിരന്ന് നീങ്ങുന്ന തെരുവുകൾ.
കാഴ്ച്ചയിൽ വർണ്ണാഭമാക്കി ഉൾത്തലം വിവർണ്ണമാകുന്ന വൈറൽ ബാധപോലെ.
ഓൺലൈൻ
ഓൺലൈൻ വായനയുടെ വലിയ ചെറിയ വഴികളിൽ കേരളം അനാവരണം ചെയ്യുന്നുണ്ട്.
തലങ്ങും വിലങ്ങും ഉലച്ചുയർന്ന്, ഒഴുകി വിപരീതമായ് ഇടിച്ച് ചിതറുന്ന തിരമണികൾക്ക് അലക്ഷ്യമായ ലക്ഷ്യങ്ങളും, ലക്ഷ്യമാർന്ന അലക്ഷ്യങ്ങളും.
എങ്കിലും അവ അലയാഴിയിൽത്തന്നെ പതിക്കുന്നു. പ്രതിമയില്ലാതെ
അഭിമതമില്ലാതെ നോവുകൾ വരയ്ക്കാനാവുമോ? പ്രതീകങ്ങളിലൂടെ ആവുമെന്ന് കേരളം
തെളിയിക്കുന്നു.
കുടിക്കാനെടുത്ത ഒരുഗ്ലാസ് വെള്ളം. വിചാലകാലുഷ്യം ഉലഞ്ഞ് മറിഞ്ഞൊരംശം
തറയിൽ ചാലുവരച്ച് നീങ്ങുന്നു. ജീവൻ തുടിക്കും ചലനം പോലെ. ഇടവും വലവും
അറിഞ്ഞ് നീങ്ങുന്നു. അതിന് ജീവനുണ്ടോ?
ലക്ഷ്യമുണ്ടോ? ഇല്ലായിരിക്കാം ... കടന്നുപോകുന്ന ചലനങ്ങൾക്ക് ജീവനും
ലക്ഷ്യവുമുണ്ടെന്ന് തോന്നിപ്പോകും. ജലരേഖകൾക്ക് താഴ്ന്ന തലങ്ങളെന്ന
ലക്ഷ്യമില്ലെന്ന് പറയാനാവുകയില്ല..
ആ ചാല് ഉപരിതലത്തിനുള്ളിലേക്ക് ഊർന്നിറങ്ങിയാൽ അതോടെ ചലനം
അവസാനിക്കുന്നു. ലക്ഷ്യവും ജീവനും ദ്യോതിപ്പിച്ച ചലനം മിത്തായി മറയുന്നു.
കലരാതിരിക്കുന്ന കലയാണ്, താമരയിലകളിലെ ജലമുത്തുകൾക്ക് നൃത്തഭംഗി പകരുന്നത്.
ഹരികുമാറിന്റെ എഴുത്തുകൾക്ക് ഭാഷയുടേയും ചിന്തയുടേയും അനന്യമായ ഒഴുക്കുണ്ട്.
നോവലുകൾ വായിക്കാൻ മിനക്കെടാത്ത എനിക്ക് ഈ നോവൽ വായിക്കണമെന്ന്
തോന്നിയത് അങ്ങനെയാണ്. ചിന്താ സാന്ദ്രതയിലേക്ക് കടന്ന് നീങ്ങുമെങ്കിലും,
ഭാഷയുടെ ഒഴുക്ക് വായനയെ കൊണ്ടുപോകും. പുതുമനൽകി വായനയെ നടത്തും. ആധുനിക
ചിന്തകളിലേക്ക് ആയുധമില്ലാതെ കടന്നുചെന്ന് ആയോധനം പഠിക്കേണ്ട
ഗതികേടിലാവും പലരും. തിരക്കേറിയ ജീവിതത്തിലും സുഗമമായി വായനയെ നയിക്കുന്ന
എഴുത്ത് അഭിനന്ദനീയം തന്നെ.
പുതിയ പാത
കഥകളിലൂടെ സഞ്ചരിച്ച്, വളരെയധികം എഴുതി, നോവലാക്കുന്ന രീതി ഇന്ന്
സീരിയലുകളിലേ കാണുന്നുള്ളു.. അച്ചടിയുടെ അക്ഷര ലോകത്ത് ഇനിയത്
പ്രതീക്ഷിക്കാനാവുകയില്ല. ജീവിതംപോലും വാർത്തയുടെയും അറിയിപ്പുകളുടേയും
അരനിമിഷ ആഘോഷ ഭാവം കൊള്ളുന്ന കേരള കാലത്തിൽ നോവുകൾക്ക് പുതിയ
മുഖങ്ങളാണ്. നിലനിൽപ്പിൻ വൈതാളികർ നടന്ന വഴികളിലെങ്ങോ കേരള മനസ്സിനെ
കണ്ടെത്തിയേക്കാം.
ദൃശ്യാവലോകന ചിന്താവ്യാപാരത്തിലേക്കാണ് ജലച്ഛായ കടന്നുനീങ്ങുന്നത്.
ഓളങ്ങളിൽ തെളിയുന്ന ചിത്രങ്ങൾ പോലെ, രംഗങ്ങൾ അപ്രതീക്ഷിതവും
അലക്ഷ്യവുമായി നീങ്ങുന്നുവെന്ന് തോന്നിപ്പോകാം. അനിശ്ചിത ആപേക്ഷിക
സമുദ്രത്തിൽ, വൈരുദ്ധ്യ സമനില തേടും ഓളച്ചാലുകളിലൂടെ, നിലനിൽപ്പിൻ രേഖകൾ
വരയ്ക്കുന്ന ചിത്രങ്ങൾ. ഓൺലൈൻ വായന ഹരികുമാറിന്റെ എഴുത്തിനെ
സ്വാധീനിച്ചിട്ടുണ്ടാവും.
പാപാംശം എല്ലാവരിലും കുടികൊള്ളുന്നുവെന്നും , പശ്ചാത്താപവും പ്രാർത്ഥനയും
ഉപദേശങ്ങളും ആവശ്യമാണെന്നും, കുരിശിൽ മരിച്ച നല്ലവനായ പിതാവിന്റെ
സാമീപ്യം, കുരിശ് വരച്ച് നേടണമെന്നും പറയുന്ന മതാനുയായിയെ അഭിമുഖത്തിന്
തിരഞ്ഞെടുത്തത് തികച്ചും അനുയോജ്യം.
ഭാഷയും സാഹിത്യവും.
ഓർമ്മഡിസ്ക് റീഡ്ചെയ്യുന്ന ലേസർ കിരണങ്ങളാണ് സാഹിത്യഭാഷ. ഭാഷയെ അഗ്നേയ
ആയുധമാക്കാറുണ്ട് പലരും. ഉള്ളറിവ് പ്രകാശിപ്പിച്ചാൽ ഇരുട്ട് താനേ അകലുമെന്ന്
പറയുന്നവരുമുണ്ട്.. അറിവ് ആയുധവും രോഗചികിത്സയുമായി മാറുന്ന നേട്ടം
താത്ക്കാലികമാകാം എന്നൊരു പ്രതികരണ നിയമമുണ്ട്. മതങ്ങളെ ഉന്മൂലനം ചെയ്യാൻ
ആഞ്ഞടിച്ച പരിണാമങ്ങളും നമുക്ക് മുന്നിലുണ്ട്. യാഥാർത്ഥ്യ പ്രകാശനങ്ങൾക്ക്
കാലാതിവർത്തിയായ പ്രസക്തിയുണ്ടാവും. പ്രതികരണ പ്രതിരോധം കൂടാതെയുള്ള
പരിവർത്തനങ്ങളെ അത് സ്വാഭാവികമാക്കുകയും .
വേണ്ടിവരും ശക്തമായ തിരമാലകൾ കാലാനുസരണം.. വീണ്ടും അടിയും തീരങ്ങളിൽ
കഥയുടെ ഭാരമില്ലാത്ത ചവറുകൾ. വ്യക്തിത്വത്തേയും വ്യക്തിബന്ധങ്ങളേയും
ശിഥിലമാക്കുന്ന തെളിയാത്ത വിചാരങ്ങളെ പുറത്തേക്കെറിഞ്ഞ് അടിച്ച്
തെളിക്കേണ്ടതുണ്ട് പലപ്പോഴും.
ഭാഷയും വിശ്വാസവും
ഭാഷയും ആശയങ്ങളും പ്രയോജനപ്പെടുത്തി അതിജീവിക്കാൻ മുന്നേറുന്ന മനുഷ്യൻ,
അനുഭവ പ്രകൃതിയിൽ നിന്ന് അകന്നുപോവുന്നുണ്ട്.. അകന്നുനിന്ന് അറിയുന്ന
നിഷേധത്തിന്റെ തലം ഭാഷയ്ക്കുണ്ട്. സ്വയം ഒരു അന്യതാവത്ക്കരണം. ഭാഷ പഠിച്ചു
വളർന്ന്, വേറാക്കൂറിലേക്ക് പതിക്കുന്ന ഇന്നത്തെ ജീവിതം സാക്ഷ്യം പറയുന്നു.
മനുഷ്യൻ ഭാഷയുടെ ഭാഷ്യങ്ങളിൽ അകപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യം
മിത്തുപോലെ തെളിഞ്ഞ് നിൽക്കുന്നു. ഭാഷ നിശ്ശബ്ദമാകുന്ന അനുഭവങ്ങളിൽ, സത്യം
മുത്തുപോലെ മുതിർന്ന് തിളങ്ങി കവർന്ന്, മിത്തുപോലെ പൊഴിയുന്നു. നാം
അകപ്പെട്ടുപോയിരിക്കുന്നു. അനുഭവ സഹായികളിൽ. Information AIDS-കളിൽ.
ഭാഷ അനുഭവ ബിംബനം മാത്രമാണ്. പ്രകാശിക്കുന്നവ മാത്രമേ അനുഭവത്തിലേക്ക്
എത്തുന്നുള്ളു. മണ്ണും വിണ്ണും, മരങ്ങളും നക്ഷത്രങ്ങളും.,ജീവിതവും സ്വപ്നവും.
അവയെ അറിയുന്ന ദർശന സ്പർശന രസ ഗന്ധ ശബ്ദങ്ങളിലൂടെ അവയുടെ പൂർണ്ണത
വ്യക്തമാകുന്നില്ല. പ്രകടമാകുന്നവയും സ്വീകരിക്കാനാവുന്നവയും മാത്രമേ
അനുഭവത്താൽ അറിയാനാവൂ. നമ്മുടെ മുന്നിലെ പ്രകൃതിയും പ്രപഞ്ചവും പ്രകടനം
മാത്രമാണ്. വ്യക്തി ബിന്ദുവിലെ അനുഭവങ്ങൾ മനസ്സെന്ന അരിപ്പയിൽ അരിച്ചതും.
നാം അറിയുന്നതെല്ലാം പ്രകടനം മാത്രമാണ്. പ്രകൃതിയുടേയും നമ്മുടേയും പ്രകടനങ്ങൾ
മാത്രം. പ്രകടന സമർത്ഥതയാണ് ഭാഷ. എന്തിനെന്നറിയാത്ത നടനം പോലെ.
യാഥാർത്ഥ്യം, മിത്തിൻ മുത്തം പോലെ.
അനുഭവങ്ങളാണ് ജീവിതമെങ്കിലും അവയെ നമ്മൾ വിശ്വസിക്കുന്നില്ലെന്നതാണ്
സത്യം. അറിയാത്ത ആകർഷണത്തിൽ അകപ്പെട്ടുപോകുന്നു. പുതുലോകത്തിൽ പരതി
നടക്കുന്ന ശിശുവിനേപ്പോലെ. അറിവില്ലായ്മയാണ് ആകർഷകത്വം പകരുന്നതെന്ന്
തോന്നും. സ്ഥലകാലങ്ങളിൽ ഭൂരിപക്ഷവും ഒന്നിക്കുമ്പോൾ മാത്രമാണ് അനുഭവങ്ങൾ
യാഥാർത്ഥ്യമായി അനുഭവപ്പെടുന്നത്.
വിശ്വാസ്യതയും യാഥാർത്ഥ്യവും
അതേപോലൊരു ഭൂരിപക്ഷ തീരുമാനം പഞ്ചേന്ദ്രിയ ഘടനയിലുമുണ്ട്. ഒരു സ്ഥല
കാലത്തിൽ കണ്ണുകൊണ്ട് കാണുന്നവയെ, തൊട്ടും മണത്തും രുചിച്ചും അറിയുന്ന
അറിവുകൾ, വൈരുദ്ധ്യം കൂടാതെ ഇണങ്ങുമ്പോൾ മാത്രമാണ് യാഥാർത്ഥ്യമായി
അനുഭവപ്പെടുന്നത്. ഒരിന്ദ്രിയം മാത്രമായി അറിയിക്കുന്ന അനുഭവം യാഥാർത്ഥ്യമായി
തോന്നുകയില്ല. പക്ഷെ വിശ്വസിക്കേണ്ടിവരും.
സ്ഥലകാല സ്ഥിരതപുലർത്തി കാഴ്ച്ചയിൽ മാത്രം തെളിയുന്ന നക്ഷത്രങ്ങളേയും
വിശ്വസിക്കേണ്ടിവരുന്നു. പക്ഷെ യാഥാർത്ഥ്യമായി അംഗീകരിക്കാനാവുകയില്ല.
അനാദി ആകർഷണമായി അവ തിളങ്ങി നിൽക്കുന്നു. ഭാവനാ അലങ്കാരമായി.
അവിടെ,... യാഥാർത്ഥ്യമായി അനുഭവമാകാൻ, അനുഭവ സ്ഥലകാല ആവർത്തനവും,
പഞ്ചേന്ദ്രിയ ഭൂരിപക്ഷ തീരുമാനവും വേണ്ടിയിരിക്കുന്നു.
വിശ്വാസം ആവർത്തനത്താൽ ഉറയ്ക്കുന്നു ഓർമ്മ പോലെ. വിശ്വാസം
ഓർമ്മതന്നെയാണ്.
ഓർമ്മയിലേക്ക് ആവർത്തിച്ച് പതിയുന്നവ വിശ്വാസമായി മാറുന്നു. വിശ്വസനീയ
കാര്യങ്ങളിൽ നിന്നാണ് (ഓർമ്മസ്ഥിരതയിൽ നിന്നാണ്) യാഥാർത്ഥ്യത്തെ നാം
കണ്ടെത്താൻ ശ്രമിക്കുന്നത്. ഭൂരിപക്ഷ ഓർമ്മകളുടെ (വിശ്വാസങ്ങളുടെ) ഐക്യത്താൽ
യാഥാർത്ഥ്യം അംഗീകൃതമാകുന്നു.
അവയ്ക്ക് സ്ഥലകാല സമാനത സാക്ഷ്യം നിൽക്കുന്നു.
സത്യാന്വേഷണം
വിശ്വാസവും യാഥാർത്ഥ്യവും വ്യക്തമായാലും (നിലവിലായാലും), സത്യം എന്തെന്ന
അന്വേഷണം തുടന്നുണ്ടാവും. വസ്തുതകൾക്ക് പകരം നിൽക്കുന്ന പ്രതിബിംബ
സിഗ്നലുകളാൽ സൃഷ്ടിക്കപ്പെടുന്ന അനുഭവങ്ങളൾ, ഇന്ദ്രിയ സ്വീകരണികളിലും
പാതകളിലും മാറ്റങ്ങളാൽ മാറ്റിമറിക്കപ്പെടാം.
ചലനാത്മക ഓർമ്മതലത്തിൽ നിലവിലാകുന്ന ബോധം
അതറിയുന്നുണ്ടാവില്ലെങ്കിലും , പുറകിലെ പ്രജ്ഞയ്ക്ക് അനുഭവപ്പെടുന്നുണ്ടാവും.
അതാണ് അവസാനിക്കാത്ത സത്യാന്വേഷണ ത്വരയെ സൃഷ്ടിക്കുന്നത്.
ലൈംഗികത
കുഞ്ഞ് വ്യക്തിയാകുന്നത് ലൈംഗിക ശേഷി കൈവരിച്ച ശേഷമാണ്. അതോടൊപ്പം ,
നേടിയ ബുദ്ധി ഭാവവികാസമാകുന്നു. ലൈംഗീക ബന്ധ അനുഭവങ്ങൾ, മാസ്മര
അലകളായി മനസ്സിന്റെ തീരങ്ങളറിയാൻ അലയാകുന്നു. അലകളമരുന്ന തീരരേഖകളിൽ
വ്യക്തിത്വ അതിരുകൾ രൂപം കൊള്ളുന്നു. അമ്മ അച്ഛൻ സഹോദരങ്ങൾ സ്നേഹിതർ
നാട്ടുകാർ തുടങ്ങിയ സാമൂഹിക രൂപങ്ങൾ ആ അതിർരേഖകളാൽ വരയ്ക്കപ്പെടുന്നു.
ജീവികളുടെ ബന്ധ ബന്ധന അതിരുകളാകെ, പുനരുത്പാദന പ്രകൃയയിൽ
വാർത്തെടുക്കപ്പെടുന്നു.
എന്നാൽ, ...
സാമൂഹ ബന്ധങ്ങളിൽ ഇണചേരുന്ന ഭംഗികളെ അനുഭവിക്കുക ലക്ഷ്യമാക്കുമ്പോൾ,
അവ പൂവിതൾ ഭംഗിപോലെ തത്ക്കാല മിഥ്യകളായി നിറം മങ്ങിപ്പോകുന്നു. ഭാവനിറം
ചാലിച്ച് കൃത്രിമ ഭംഗിപകർന്ന് തുടരാൻ പണിയുന്നവരുണ്ട്. ഒന്നും അറിയാത്ത
ശിശുവിനേപ്പോലെ നിഷ്കളങ്കതയിൽ കരഞ്ഞ് തെളിയാൻ ശ്രമിക്കുന്നവരുമുണ്ട്.
തെളിയാനും തെളിയിക്കാനുമുള്ള ശ്രമം ജീവിതാർത്ഥ ചിന്തകളായി ജന്മം നേടുന്നു.
മറ്റൊരു മാർഗ്ഗത്തിൽ ...
ബന്ധങ്ങൾക്ക് അതിര് നൽകി വാർത്തെടുക്കുന്ന വ്യക്തിത്വത്തിന്, അതിലംഘിക്കുന്ന
ഭാവങ്ങളെ അടക്കാനും, അതിര് കടന്ന രേഖകളെ മറക്കാനും മായ്ക്കാനും പഠിക്കേണ്ടിവരും.
ജീവിതം നടനമാണെന്ന് ഉറയ്ക്കുന്നവൻ സമനില വിടാതെ തുഴഞ്ഞ് നീങ്ങും.
മറയ്ക്കുന്നുവെന്ന ഉണർത്തിക്കലിൽ ദ്രവിക്കുന്ന വിചാരങ്ങളിലേക്ക് വഴുതി വീണ്
സമനില നഷ്ടമാകുകയും ചെയ്യാം.
ലക്ഷ്യമെന്ത് ?
പുനരുത്പാദന ലൈംഗീകതയുടെ അതിപ്രസരമായി ജീവജീവിതം മുന്നിൽ
നിൽക്കുമ്പോൾ, അതുമാത്രമാണ് ലക്ഷ്യമെന്ന് അംഗീകരിക്കാനോ സമ്മതിക്കാനോ
ആകുന്നില്ല. അംഗീകരിച്ചാൽ അതിരുകൾ മറയുകയും, സമൂഹതീര ബന്ധങ്ങളുലഞ്ഞ്
ഏകാന്ത തിരകളുടെ പോരാളികളായി മാറുകയും ചെയ്യും. കാലം നിറംകെടുത്തി
ദയനീയമായി അവസാനിക്കുകയും ചെയ്യും. കാടൻ പൂച്ചകളേപ്പോലെ.
ലൈംഗിക വീക്ഷണം.
സ്പർശ രസ ഗന്ധ ശബ്ദ രൂപങ്ങളറിയുന്ന ജീവ പ്രകൃതികളെല്ലാം ഉപജീവന
സഹായികളായാണ് ഉദയം ചെയ്യുന്നത്. ബുദ്ധിയും ഭാവനയും ആശയങ്ങളുമെല്ലാം
അങ്ങനെ തന്നെയാണ്. വ്യത്യസ്ഥമായി പുനരുത്പാദന ചേതന്യ്ക്ക്, ജീവനെ
പ്രചരിപ്പിക്കുകയെന്ന പ്രകൃതി ലക്ഷ്യമാണുള്ളത്. പ്രകൃതി ജനിക്കുന്നത്,
കണികകൾ ഇണചേർന്ന് വികസിക്കുന്ന പ്രപഞ്ച സ്വാഭാവികതയിലും. സാഹചര്യം
അനുകൂലമായാൽ പ്രപഞ്ചത്തിലെവിടേയും ജീവൻ ഉടലെടുക്കാമെന്നാണ് നിഗമനം.
ജീവനും ജീവപുനരുത്പാദനവും, പ്രപഞ്ച പരിണാമ പാത മാത്രമാണ്.
കണികകളിൽ ഘനീഭവിച്ച ഊർജ്ജത്തിലെ, സ്വതന്ത്രാംശ വിനിമയ ബന്ധങ്ങളാണ്
പ്രപഞ്ച പരിണാമമെല്ലാം. പരിണാമങ്ങൾ ജീവനിലെത്തുമ്പോഴും സ്വതന്ത്ര
ലക്ഷ്യങ്ങൾ പുലർത്തുന്നുണ്ട്. ഊർജ്ജ സ്വതന്ത്രാംശ വിനിമയ ആയം വർദ്ധിപ്പിക്കുകയാവണം പുനരുത്പാദന പ്രകൃതി. ശലഭം നുകർന്ന പൂവിതൾ ഭംഗി
പൊഴിയാം, അപരമൊരു സ്വാതന്ത്ര്യം അലയായി ഉണരാൻ.
No comments:
Post a Comment