സന്തോഷ് പാലാ യു.എസ്.എ
ഒരു നോവലിസ്റ്റിന് സ്വന്തമായ ഒരു മാനിഫെസ്റ്റോ ഉണ്ടാകുമോ? അതായത്, അയാൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ, ജീവിതാദർശത്തിന്റെ പ്രത്യേകതകൾ, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം എന്നിവ തന്റെ നോവലിൽ സന്നിവേശിപ്പിച്ചുകൊണ്ട് ഒരു നോവലിസ്റ്റ് ഈ ലോകത്തോട് വിളിച്ചു പറയുന്നതെന്താണ്? അയാൾ ഒരു ജീവിത മാതൃക കാണിക്കാൻ മുതിരുകയില്ല. ഒരു ആദർശവാനെ ചൂണ്ടിക്കാണിച്ചുതരാൻ വിവരമുള്ള ഒരു നോവലിസ്റ്റും മുതിരുകയില്ല. നോവലിലെ കഥാപാത്രങ്ങൾ, എഴുത്തുകാരന്റെ ആഗ്രഹമാകാം; അല്ലെങ്കിൽ ഉള്ളിൽ അമർന്നുപോയ ജീവിതമാകാം, ചിലപ്പോൾ എല്ലാം തോന്നലുകളായിരിക്കാം. ഇങ്ങനെയൊക്കെ ജീവിച്ചാൽ എല്ലാത്തിനും അർത്ഥമുണ്ടാകുമെന്ന് ചിന്തിക്കാൻ പാകത്തിലുള്ള ഒരു കഥാപാത്രത്തെ സമീപലോക നോവൽ സാഹിത്യത്തിലെ ഒരതികായനും സൃഷ്ടിച്ചിട്ടില്ല; അങ്ങനെ ചെയ്യുന്നവന് കാര്യവിവരമില്ലെന്നേ പറയാനാകൂ.
'ജലഛായ'യിലും, അതുപോലെ, ഒരാദർശകഥാപാത്രമില്ല. ആദർശമുള്ള മനുഷ്യർ എവിടെയുമില്ല. അതുകൊണ്ട് നോവലിനും അതുവേണ്ട. നോവൽ ഒരു ജീവിതസന്ദേശമല്ല; മറിച്ച് ജീവിതത്തെപ്പറ്റിയുള്ള പല വിചിന്തനങ്ങളും ആകുലതകളുമാണ് പങ്കുവയ്ക്കുന്നത്.
'ജലഛായ'യുടെ പ്രധാനകഥാപാത്രമായ ലൂക്ക് ജോർജ് ഒരു വിശ്വാസിയല്ല; എന്നാൽ ഇയാൾ ബൈബിൾ ഇഷ്ടപ്പെടുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നു. ദൈവത്തെപ്പറ്റി ചിന്തിക്കുന്നു. ജീവിക്കാൻ വേണ്ടിയെങ്കിലും, അയാൾ ക്രിസ്തുവിനെപ്പറ്റി തെരുവുകളിൽ പ്രസംഗിച്ചു. അയാൾ ഒരേസമയം യഥാർത്ഥവും അയഥാർത്ഥവുമായ ജീവിതത്തിലൂടെ കടന്നുപോകുന്നു. അയാൾ ചെയ്യാത്ത കുറ്റത്തിനു പലപ്പോഴും ശിക്ഷിക്കപ്പെടുന്നു. ആശുപത്രിയിലെ രോഗിക്ക് വെള്ളം കൊടുത്തതിന്, ലേഖനമെഴുതിയതിന്, കഥയെഴുതിയതിന് എല്ലാം അയാൾ ശിക്ഷിക്കപ്പെട്ടു. അതിനു ഉത്തരമില്ല. ഒന്നും നേരെയാക്കാൻ അയാൾക്കാവില്ല. മറ്റുള്ളവരുടെ ജീവിതത്തെ നന്നാക്കാൻ വേണ്ടി അയാൾ കടൽതീരത്ത് ഒരു പട്ടിയെപ്പോലെ അലഞ്ഞു നടന്നു. പക്ഷേ, ആ കമിതാക്കൾ പരസ്പരം അകലുകയാണ് ചെയ്തത്. റോബർട്ട് ബ്രൗണിംഗ് ഒരു കവിതയിൽ സൂചിപ്പിച്ചതുപോലെ, ലൂക്ക് ഒരു അന്ധവിശ്വാസിയായ നിരീശ്വരവാദിയാണോ? സത്യസന്ധനായ കള്ളനോ?
ലൂക്ക് ജോർജിനെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന ജോർദ്ദാനാണ് ഈ നോവൽ എഴുതുന്നതെന്ന് പറയാം. കാരണം, ജോർദ്ദാൻ നടത്തുന്ന അഭിമുഖമാണ് നമ്മുടെ മുമ്പിലുള്ളത്. ആ അഭിമുഖത്തിന് കാലാനുസൃതമായ തുടർച്ചയോ, ക്രമമോ ഒന്നുമില്ല. പക്ഷേ, അതിൽ വലിയ സമസ്യകളും അവയെചൊല്ലിയുള്ള സങ്കടങ്ങളുമുണ്ട്. മനുഷ്യന്റെ ജീവിതം മാത്രമല്ല, ജീവിനുള്ളവയുടെയെല്ലാം മഹാ അസ്തിത്വ രഹസ്യങ്ങൾക്ക് നേർക്ക് നിഷ്കാമിയായി നിസ്സഹായമായി കടന്നു ചെല്ലുന്ന ഒരു പ്രപഞ്ചാവബോധമുണ്ട്. ജോർദ്ദാൻ ഒരു നോവലെഴുമായിരിക്കും. എന്നാൽ അവരുടെ അഭിമുഖം തന്നെ ഒരു നോവലായി പരിണമിക്കുകയാണ്.
ജലഛായ ഏകമുഖമായ ഒരു ദർശനത്തെ ചൂണ്ടിക്കാണിക്കുന്നുവെന്ന് തോന്നുന്നില്ല. അത് ദർശനങ്ങളുടെയെല്ലാം ചരിത്രത്തിന്റെ കോട്ടവാതിലിനു മുന്നിൽ നിന്ന് മറ്റൊരു ശബ്ദം കേൾക്കാൻ ശ്രമിക്കുകയാണ്. നോവലിസ്റ്റിന്റെ നവാദ്വൈതം എന്ന ദർശനത്തിന്റെ നാനാതരത്തിലുള്ള വീചികൾ ഇവിടെ അലയടിക്കുന്നുണ്ട്. നവാദ്വൈതം പഴയ അദ്വൈതമല്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അത് വസ്തുക്കളുടെയുള്ളിലെ, മനസ്സിനുള്ളിലെ, വാക്കുകൾക്കുള്ളിലെ നിരന്തരമായ സ്വയം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും ഒരേയൊരു ഭാവമാണ് അവതരിപ്പിക്കുന്നത്. അത് പുതിയ ഒരു അദ്വൈതമാണ്; അതായത് പുതിയ ഒരേയൊരു ഒഴുക്ക്. ഒരു ലക്ഷ്യമില്ല, എങ്ങും എത്തിച്ചേരാനില്ല. എന്നാൽ എങ്ങും നിശ്ചലമായിരിക്കാനും കഴിയില്ല.ഏകാന്തതയിൽ നിന്ന് വാക്കുകൾ സ്വയം രക്ഷപ്പെടാനായി മറ്റ് വാക്കുകളുമായി കൂട്ടുപിടിക്കുകയാണെന്ന് ഹരികുമാർ എഴുതിയിട്ടുണ്ട്. നവാദ്വൈതത്തിലേക്ക് എത്തണമെങ്കിൽ, ഉപനിഷത്ത്, വേദം, ഉത്തരാധുനികത, ഉത്തരഘടനാവാദം, സൗന്ദര്യചിന്തകൾ, ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയൊക്കെ പഠിക്കണമെന്ന് പറയുമ്പോൾ അതും ഒരു ഭാരമായിത്തോന്നാം. എന്നാൽ ജ്ഞാനകുതുകിക്ക്, കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഇതാവശ്യമാണ്. തത്ത്വചിന്തയും കലയും തമ്മിലുള്ള ഒരു കൂടിച്ചേരൽ, അതിന്റെ വിവിധതലങ്ങളിലുള്ള സംഗീതാത്മകത-ജലഛായയ്ക്ക് ഒരു ആഗോള പ്രസക്തി നൽകുന്നുണ്ട്. കാരണം, മലയാളത്തിൽ ഇതുപോലുള്ള വലിയ നോവലുകൾ ഉണ്ടായിട്ടില്ലല്ലോ. പിക്കാസോ ചിത്രം വരയ്ക്കുമ്പോൾ, സ്ഥൂലമായി ഒന്നും തന്നെ കാണില്ല. വളരെ സൂക്ഷ്മവും ധ്വന്യാത്മകവുമായി വരയ്ക്കുകയാണ്. നോവലിനും ആ സാധ്യതയുണ്ട് എന്ന് ജലഛായ വ്യക്തമാക്കുന്നു. പലതും നോവലിസ്റ്റ് വളരെ ചെറിയ വാക്കുകളിൽ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നോവലിസ്റ്റ് തന്നെ പറയുന്നതുപോലെ, ഇതൊരു വ്യാജലോകമാണ്. ആ അർത്ഥത്തിൽ ജലഛായ ലോക നോവലിൽ 'വ്യാജയാഥാർത്ഥ്യം' അഥവാ 'സ്യൂഡോ റിയാലിറ്റി' എന്ന ഷാങ്ങർ (genre) സൃഷ്ടിച്ചിരിക്കുകയാണ്. ഒരു പുതിയ നോവൽ ശാഖയാണിത്. എന്താണ് ഈ വ്യാജ യാഥാർത്ഥ്യം?
ഇത് ജീവിതത്തിന്റെ നവാദ്വൈതപരമായ ഒരു മൗനമാണ്. ഒരു യാഥാർത്ഥ്യത്തെ വിവരിക്കുന്നതിനിടയിൽ, അതിനെ എഴുതപ്പെട്ട ഒരു രേഖയാക്കാൻ നോവലിസ്റ്റ് ചിലപ്പോഴൊക്കെ ശ്രമിക്കുന്നു. ഉറുമ്പുകളുടെ ജീവിതം പറയുമ്പോൾ, 'ഉറുമ്പുകളുടെ വേദപുസ്തകം' , 'ഉറുമ്പുകളുടെ യാത്ര ' തുടങ്ങിയ വ്യാജ പുസ്തകങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു. നോവലിസ്റ്റ് ഏത് വാസ്തവത്തെയും ഭാവനയെയും എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കമാക്കി മാറ്റുന്നു. അതുപോലെ എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കവും ശകലങ്ങളും തന്റെ യാഥാർത്ഥ്യത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഹ്വാൻ റുൾഫോ, സരമാഗോ തുടങ്ങിയവരുടെ കൃതികളിൽ നിന്നുള്ള ചില ഭാഗങ്ങൾ ലൂക്ക് ജോർജ്ജിന്റെ അവസ്ഥയെപ്പറ്റിയുള്ള ആഖ്യാനമാക്കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സർപ്പങ്ങളുടെ കഥകളി അവതരിപ്പിക്കുമ്പോൾ, അതിനെ എമ്മാനുവൽ ഭക്തയുടെ പുസ്തകവുമായി ബന്ധിപ്പിക്കുന്നു. പുസ്തകമേത്, ജീവിതമേത്, യാഥാർത്ഥ്യമേത് എന്ന സമസ്യയാണ് നോവലിസ്റ്റ് തൊടുത്തുവിടുന്നത്.
സർപ്പങ്ങളുടെ കഥകളി നമ്മുടെ സംസ്കാരത്തിന് ഈ നോവലിസ്റ്റ് നൽകുന്ന ഒരു പുതിയ കലാരൂപമാണ്. ഇതിനു മുമ്പ് ഇങ്ങനെയൊരു കളിയെപ്പറ്റി കേട്ടിട്ടില്ല. നോവലിൽ ആ കളിയുടെ മുഴുവൻ ചിട്ടകളും വിവരിക്കുന്നുണ്ട്. അതുമാത്രമല്ല, സർപ്പകഥകളിക്കാരുടെ പരമ്പരാഗതമായ ആചാരങ്ങളും ജീവിതരീതിയും വിശ്വാസങ്ങളും നിരത്തുന്നു.
ഈ നോവലിലെ ഏതൊരു അഓരോ അദ്ദ്യായവും എന്നെ വിസ്മയിപ്പിച്ചു
. . കാരണം, അത് ഹരികുമാർ, ഒരു ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ യാഥാർത്ഥ്യത്തെ റദ്ദ് ചെയ്യുന്നു; പുതിയ അസ്തിത്വകണങ്ങൾ കണ്ടെടുക്കുന്നു. ഓരോ അധ്യായവും മനുഷ്യാസ്തിത്വത്തിന്റെ ഓരോ വൻകരയാണ്. ആത്മാവിന്റെ അന്തർലോകങ്ങളെ ജപിച്ചുവരുത്തുകയാണ്. കാഫ്കയുടെ അപ്രകാശിത കഥ, സർപ്പങ്ങളുടെ കളി എന്നിവ , എന്റെ വായനയുടെ പരിമിതിവച്ചു കൊണ്ടുതന്നെ പറയുകയാണ്, ലോക നോവലിൽ തന്നെ അത്ഭുതമായിരിക്കും. കാഫ്ക എഴുതിയ ഒരു കഥ വർഷങ്ങൾക്ക് ശേഷം കണ്ടെത്തുന്നുവെന്ന് സങ്കൽപിക്കുക. സാഹിത്യലോകത്ത് വലിയൊരു അത്ഭുതമായിരിക്കില്ലേ അത്? ആ അത്ഭുതം തന്റെ അസാധാരണമായ സർഗാത്മക സിദ്ധികൾകൊണ്ട് ഹരികുമാർ ഇവിടെ സാധ്യമാക്കിയിരിക്കുന്നു. ശരിക്കു പറഞ്ഞാൽ, കാഫ്കയുടെ ഏത് കഥയോടും കിടിപിടിക്കുന്ന ഒരു രചനയാണിത്. ചിലപ്പോൾ കാഫ്കയെപ്പോലും പിന്നിലാക്കുകയും ചെയ്യുന്നു. എന്താണ് ഈ കഥ സംവേദനം ചെയ്യുന്നത്? ഞാൻ ഈ ഭാഗം ഏഴ് തവണയെങ്കിലും വായിച്ചു. വ്യക്തിപരമായ അപര്യാപ്തതകളെപ്പറ്റി ബോധം നേടിയ ഇമ്മാനുവൽ എന്ന വ്യക്തി മറ്റാരും കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്നു. അത് ഈ ഭൂമിയിലേക്ക് പിറക്കാൻ കാത്തു നിൽക്കുന്ന മനുഷ്യശിശുക്കളുടെ ശബ്ദമാണ്. ആ ശിശുക്കൾ ഉന്നയിക്കുന്ന വിഷയങ്ങൾ ആർക്കും പരിഹരിക്കാവുന്നതല്ല. ഇത് മനുഷ്യവ്യക്തിയുടെ ഉള്ളിലെ നിത്യമായ ആകാംക്ഷയുടെയും, ഉള്ളിലെ പെരുക്കുന്ന ചിന്തകളുടെയും ലോകമാണെന്ന് തോന്നുന്നു. ഓരോ വ്യക്തിയിലും പിറക്കാത്ത അനേകം വ്യക്തികളുണ്ടായിരിക്കാം. അവർ എവിടേക്ക് പോകുന്നു? അവർ ഏതോ ഗ്രഹത്തിൽ നിന്ന് വരുന്നതാകാം. അവരെയെല്ലാം ജീവിക്കുന്ന മനുഷ്യൻ, ഉടലിന്റെ ഉടമയായ മനുഷ്യൻ കൊന്നൊടുക്കുന്നു. ചിലപ്പോൾ, അവരിൽ ആരെയെങ്കിലും തന്നിലേക്കാവാഹിച്ച് വേറൊരു വ്യക്തിയായി രൂപാന്തരപ്പെടാം. അല്ലെങ്കിൽ ഇങ്ങനെയും കാണാം: നമ്മളിൽ മരണം പ്രാപിക്കുന്ന നിരവധി ആഗ്രഹങ്ങൾ , ആശകൾ, തൃഷ്ണകൾ ഒക്കെയുണ്ടല്ലൊ? അവയ്ക്ക് ഹരികുമാർ എന്ന നോവലിസ്റ്റ് ഒരാവിഷ്കാരം നൽകി എന്നു പറഞ്ഞാലും അധികമാവില്ല.മനഃശ്ശാസ്ത്രത്തിനോ
ഭൂതകാലത്തെ വീണ്ടും കണ്ടെത്തേണ്ടതാണെന്ന് ഹരികുമാർ എഴുതിയത് അടുത്തിടെ ഇന്റർനെറ്റിൽ വായിച്ചു. നമ്മൾ ചുമക്കുന്ന ഭൂതകാലം നമ്മുടേതാണോ എന്ന ആലോചന എത്ര അർത്ഥപൂർണ്ണമാണ്! ഒരു വിലയിരുത്തൽ മാത്രം കൊണ്ട് നാം തൃപ്തരാകാൻ പാടില്ല, ഭൂതകാലത്തിന്റെ കാര്യത്തിൽ, പലതരത്തിൽ കൂട്ടിയും കുറച്ചും നോക്കേണ്ടതുണ്ട്. വീണ്ടും വീണ്ടും ആലോചിച്ചാൽ, നേരത്തെ കണ്ടെത്തിയത് പലതും തെറ്റാണെന്ന് മനസ്സിലാകും. അതുകൊണ്ട് നമ്മെക്കുറിച്ചു തന്നെ ജാഗ്രതയോടെയിരിക്കാൻ പ്രേരണയുണ്ടാകുന്നു. മലയാള സിനിമാ ചരിത്രത്തിലെ രണ്ടു വലിയ താരങ്ങളാണല്ലോ നസീറും ഷീലയും. എന്നാൽ നോവലിസ്റ്റ് നസീർ, ഷീല എന്നിവരെയും അവരുടെ ബന്ധത്തെയും അപനിർമ്മിച്ച് പുതിയൊരു ആത്മീയമാർഗം തിരയുന്നു. ഏതിൽ നിന്നും അനുകൂലമായ തരത്തിൽ വളം വലിച്ചെടുക്കാൻ മനുഷ്യനു കഴിയണം. എവിടെ നട്ടാലും ചരിത്രം മുളയ്ക്കുമെന്ന് അദ്ദേഹം എഴുതുന്നതുപോലെ തോന്നി. മുലയുത്സവം, കുരുമുളകു മരണങ്ങൾ എന്നിവയും ചരിത്രം എന്ന ഭൂഗോളത്തിൽ പുതിയ വൻകരകൾ കണ്ടെടുക്കുന്നപോലെ അനുഭവപ്പെട്ടു. പരിചിതമായത് അപരിചിതമാവുകയാണ്; തിരിച്ചും.
മറ്റൊരു പ്രധാന സംഗതി, 'ജലഛായ'പരോക്ഷമായി സൃഷ്ടിക്കുന്ന വിവാദമേഖലകളാണ്. കവി കുമാരനാശാൻ എന്ന് പറയുന്നില്ലെങ്കിലും കുമാരൻ എന്ന കവിയെ ചിലർ ബോട്ടപകടത്തിൽ കരുതിക്കൂട്ടി കൊല്ലുകയായിരുന്നുവെന്ന് എഴുതിവച്ചിട്ടുണ്ട്. അതുപോലെ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആയിരുന്ന അഴീക്കോടിനെ (സുകുമാർ അഴീക്കോട്?) ചിലർ ഗൂഢപദ്ധതിപ്രകാരം ചായയിൽ വിഷം കലർത്തി വധിക്കുകയായിരുന്നെന്നും എഴുതിയത് ഫിക്ഷന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചാണെന്ന്,വേണമെങ്കിൽ വാദിക്കാം. എന്നാൽ ബുദ്ധൻ ജനിച്ചിട്ടേയില്ലെന്നും രാമായണം എഴുതിയത് വാത്മീകിയല്ലെന്നും, വാത്മീകി എന്നത് ഒരു ഉപരിവർഗ സന്യാസി സംഘത്തിന്റെ പേരാണെന്നും ഫിക്ഷന്റെ ലീലയായി വ്യാഖ്യാനിക്കാവുന്നതാണ്. എഴുത്തുകാരൻ ചരിത്രത്തിന്റെയോ വ്യക്തിയുടെയോ പക്ഷത്തായിരിക്കണമെന്നില്ല, എപ്പോഴും. അയാൾ സൗന്ദര്യം നിർമ്മിക്കാൻ എല്ലാവഴിയും നോക്കി എന്നിരിക്കും. സൗന്ദര്യമാണ് അയാളുടെ പ്രാണവായു. കസന്ദ് സാക്കീസ്, ക്രിസ്തുവിൽ നിന്ന് സൗന്ദര്യമാണല്ലോ തേടിയത്. ദസ്തയെവ്സ്കി, ക്രിസ്തുവിനെ വിചാരണ ചെയ്യുന്നുണ്ടല്ലോ. ജോർജ് ഓർവൽ സമകാലീന രാഷ്ട്രീയത്തെ ഏതെല്ലാം വിധത്തിൽ അപഹസിച്ചു!
ഈ നോവലിന്റെ ഭാഷയാണ് മറ്റൊരു വലിയ ഈടുവയ്പ്. മലയാള നോവൽ ഇന്നുവരെ ആലോചിക്കാത്ത വഴികളിലൂടെ 'ജലഛായ' കടന്നുപോകുന്നു. സ്ഥലകാലങ്ങളെയും കാറ്റിനെയും ശലഭങ്ങളെയും പുതിയ കലയുടെ നിർമ്മിതിയിൽ പങ്കുകൊള്ളിക്കുന്നു. ശലഭങ്ങൾ, ഇതുപോലെ നവചാരുതയോടെ ആത്മീയ പ്രഭാവമാകുന്നത് ഒരിടത്തും വായിച്ചിട്ടില്ല. ഭാഷയുടെ ഗാന്ധർവ്വമാണിവിടെ കാണാവുന്നത്. നമ്മുടെ ഗദ്യത്തിന്റെ ഏകവും മനോഹരവുമായ മുഖം ഇവിടെ ആവിർഭവിക്കുകയാണ്. ചില വാക്യങ്ങൾ ഉദ്ധരിക്കാം: അനാത്മീയമായ ഒരാകാശത്തിന്റെ കോണിലേക്ക് (പേജ്-39), മരണത്തിന് പ്രാചീനമായ ചാണകമെഴുതിയ നിലത്തിന്റെ തീരശ്ചീനതയാണെന്നുള്ളത്, (പേജ്-44) മൺതരികളിൽ, നഷ്ടപ്പെട്ട പ്രാണന്റെ അവശിഷ്ടങ്ങൾ തിളങ്ങുന്നു (പേജ്-65), പകലിനുള്ളിലെ ഇരുട്ടുകറ്റകൾ (പേജ്-71), ആ ഫണം വിഭിന്നമായ ജൈവ ആലക്തിക ഭംഗിയാണ്. അത് അസ്തിത്വത്തിന്റെ സുവിശേഷമാകുകയാണ് (പേജ്-132), ഫണം ഒരു പുഷ്പമാണ് (പേജ്-133), രൂക്ഷഗന്ധമുള്ള വനപുഷ്പത്തിന്റെ ഇതളുകൾ ശിരസ്സിലേന്തി, ആകാശശരീരത്തിന്റെ വെണ്മകളിൽ നിറഞ്ഞ് അയാൾ മറ്റൊരു ശിശുവായി (പേജ്-186), കാവ്യ ബോധത്തിന്റെ പരിധിയിലെങ്ങും വരാതെ, അവ വിരക്തിയുടെ ഏറ്റവും അദൃശ്യമായ ജീവിതത്തെ സിദ്ധാന്തവത്ക്കരിച്ചു (പേജ്-205), മഴയുടെ പുരോഹിതർ, ജലാത്മകമായ ഒരു യജ്ഞം (പേജ്-213), തൃഷ്ണകൾ നിറഞ്ഞ ചുണ്ടുകളുടെ ചമൽക്കാരം (പേജ്-223), ആത്മീയ നിരാഹാര വ്രതത്തോടെ ശലഭങ്ങൾ (പേജ്-229), അപാരതയുടെ പുംബീജം, നിഷ്കളങ്കതയുടെ പുനരുക്തി (പേജ്-236).
*******
സന്തോഷ് പാലാ യു എസ് എ: 'കമ്മ്യൂണിസ്റ്റ് പച്ച' എന്ന കവിതാസമാഹാരം(ലിപി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ന്യുയോർക്കിൽ താമസം.
*********
No comments:
Post a Comment