Followers

Saturday, February 23, 2008

സന്ധ്യകള്‍സന്ധ്യകള്‍ 24 feb

സന്ധ്യ

കാവ്യാത്മകമാകാന്‍വിസമ്മതിക്കുകയും

പുതിയൊരു കവിതക്കായി

യത്നിക്കുകയും ചെയ്തു.

ചുവന്ന നിറങ്ങളുടെ

ചില പാറ്റേണുകള്‍

ഉണ്ടാക്കിയെങ്കിലും തൃപ്തിവരാതെ

അതുപേക്ഷിച്ചു.

ആരോ ഇനിയും വ്യക്തമാക്കാത്ത

ചില കലാപങ്ങള്‍ നടത്തിയതിന്റെ

ദൃഷ്ടാന്തമെന്നോണം

കടുംചായങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌

ഒരു പരീക്ഷണമായിരുന്നു.

പലനിറങ്ങള്‍ നോക്കി നോക്കി

സന്ധ്യമടുത്തു.

കാവ്യാംശമില്ലാതെ

ജീവിക്കുക എന്ന വെല്ലുവിളിയാണ്‌

ഏറ്റവും പരീക്ഷണാത്മകമെന്ന്

സന്ധ്യ വിലയിരുത്തിയെങ്കിലും

ഫലപ്രദമായില്ല.

ജീവിതം സന്ധ്യയെപ്പോലെ

ഒട്ടും കാവ്യാത്മകമാകതിരിക്കാനുള്ള

പ്രയത്നമാണ്‌.

എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നതിന്‌

മുമ്പുതന്നെ ഒരുത്തന്‍

സന്ധ്യയുടെ ഒഴിഞ്ഞുമാറലിനെപ്പറ്റി

ഒരു തത്വം ഉണ്ടാക്കി.

ഇതും സന്ധ്യയുടെ

മാഞ്ഞുപോകലിന്‌ ഒരു കാരണമാണ്‌.

Tuesday, February 19, 2008

ഉടല്‍19 feb

ഉടല്‍

സമസ്യയാകാന്‍ വെമ്പുന്നു.

എത്രയോ പ്രലോഭിപ്പിക്കുന്നു

മറ്റുടലുകള്‍.

സ്നേഹം,താപം,അനുരാഗം ,ആസക്തി-

ഉടലിന്‌ എല്ലാം കാലിഡോസ്കോപ്പുകള്‍.

മാതാവിന്റെ, പിതാവിന്റെ

ഉടലുകള്‍ സ്നേഹത്തിന്റെ

വന്നു വരിഞ്ഞു വരിഞ്ഞുമുറുക്കുന്നു

സ്വയം തിരിച്ചറിയുന്നത്‌

ചിലപ്പോള്‍ ഈ ഉടലിലൂടെയാണ്‌.

ഉടലുകള്‍ ഇനിയും കടംകഥകളായി

തുടരുന്നു.

കാലം പടം പൊഴിക്കുമ്പോള്‍

ഒരു ഉടലും സൗന്ദര്യം

നിറച്ചിരുന്നതായി തോന്നുന്നില്ല.

എല്ലാം രോഗത്തിന്റെ ,

അശാന്തിയുടെ മുതലവായില്‍ത്തന്നെ.

ശരീരങ്ങളോട്‌ തോന്നിപ്പിച്ച

വികാരം എവിടെനിന്നായിരുന്നു?

എന്നില്‍ നിന്ന്?

എന്റെ ശരീരത്തില്‍നിന്ന്?

എല്ലാ ഉടലുകളും

ഏതോ ഒഴിഞ്ഞ ഇടങ്ങളുടെ

ഇനിയും

അറിയപ്പെടാത്ത

സൗന്ദര്യശാസ്ത്രം മാത്രമോ?



ജലം19 feb

ജലം

ഒഴുകാന്‍ ഒരു നിയമം.

ഒഴുക്കു തുടങ്ങിയാല്‍

അത്‌ പൂര്‍ത്തിയാക്കുന്നതാണ്‌ ഇഷ്ടം.

ഒഴുകുമ്പോള്‍ ഒന്നും ഓര്‍ക്കില്ല.

മാത്രമല്ല,ഒഴുകുമ്പോള്‍

ഓര്‍ക്കരുതെന്ന്

ഓര്‍മ്മിപ്പിക്കുകയും ചെയ്യും.

വല്ലാതെ ഓര്‍ത്ത്‌

ബോറാക്കുന്നവരുണ്ട്‌.

അവിടെയും വെള്ളം

വാക്ക്‌ തെറ്റിക്കില്ല.

ഒഴുകാന്‍ ഒന്നുമില്ലെങ്കില്‍,

ഓര്‍ക്കാനും ഒന്നുമില്ല.

ഓര്‍ക്കാനില്ലാതെ ഒഴുകി,

ഓര്‍മ്മിപ്പിക്കുന്നതിന്റെ ഒഴുക്കില്‍

സ്വയം മറക്കാന്‍ നമുക്ക്‌

വേണമെങ്കില്‍

വെള്ളത്തോട്‌ കടപ്പെടാം

ഛായ19 feb

ഞാന്‍ എല്ലായിടത്തും തേടിയത്

എന്റെ പ്രതിഛായ മാത്രം.

ജലം എന്നെ കുറേക്കൂടി നീലയാക്കി.

മണ്ണ്‍എനിക്ക്‌ എന്റെതന്നെ

ഓര്‍മ്മകള്‍ തന്നു

അമ്മ എനിക്ക്‌ എന്റെ മാത്രുത്വത്തെ തന്നു.

കുട്ടികള്‍എനിക്ക്‌ കുട്ടിത്തത്തെയും.

മരിച്ചുപോയ പിതാവ്‌

എന്റെ ജഡമായ അസ്ത്വിത്വത്തെ

സ്നേഹം കൊണ്ട്‌ നനച്ചു.

പെണ്ണ്‍ എനിക്ക്‌

എന്റെതന്നെ ലൈംഗികതയും.

പൂവിലും മനസ്സുകളിലും

പെണ്ണിലും ആണിലും

ഞാന്‍എന്നെത്തെന്നെ അന്വേഷിക്കുന്നു.

എന്നാലോ എന്നെ ഇതുവരെ

എനിക്ക്‌ പിടികിട്ടുന്നുമില്ല.