Followers

Thursday, October 29, 2009

ഇരുണ്ട പ്രവാസം














aahmayanangngalute khasak/ m k harikumar


ഇരുണ്ട പ്രവാസം -7

മനുഷ്യരോടും വസ്തുക്കളോടും സ്ഥലങ്ങളോടും ഇടപഴകുമ്പോൾ , അവ വാക്കുകൾക്കപ്പുറത്തൊരു വ്യഥ പകർന്നു തരുന്നു എന്ന്‌ ബെർദ്‌യെവ്‌ന്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്‌. മൃത്യുപോലെ ഭീകരവും അനിയന്ത്രിതവുമായ കാലസ്ഥലങ്ങളുടെ വ്യസനശൃംഖലകൾ മനുഷ്യന്റെ സരളതയെല്ലാം ഉൾക്കൊണ്ടാണ്‌ കിടക്കുന്നത്‌. ഭീതി അവനെ പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അത്‌ പ്രവർത്തനത്തിലേക്കുള്ള ചില ജൈവബന്ധങ്ങൾ തുറന്നിടുന്നു. ലോകത്തിലായിരിക്കുമ്പോൾ അവന്‌ ഗൃഹത്തിന്റെ തടാക സ്വച്ഛതകളിലേക്ക്‌ മടങ്ങാനാവില്ലെന്ന്‌ ഹൈദഗറും ഓർമ്മിപ്പിക്കുന്നുണ്ട്‌. ജൈവാരോഹണങ്ങളുടെ തോടുടയുമ്പോൾ ,പുതിയൊരു കോശത്തിലകപ്പെടുമ്പോൾ നരന്‌` വസ്തുസ്പർശനങ്ങളുടെ ബോധമുണ്ടാകുന്നു.
സ്വച്ഛവും വിലോലവുമായ എല്ലാ അടിയൊഴുക്കുകൾക്കും മുകളിൽ പ്രാർത്ഥനകൾ വന്നു നിരക്കുന്നതിങ്ങനെയാണ്‌. വസ്തുസ്പർശങ്ങളുടെ ബോധമുദിക്കുന്നതിന്റെ ദൃഷ്ടാന്തം പ്രവർത്തനത്തിന്റെ വേഗങ്ങളിലും വൈകാരിക സന്ധികളിലും വിരിഞ്ഞു നിൽക്കുന്നു. ഇച്ഛയുടെ വിളിയും ശാന്തമായ പോക്കും ബാഹ്യപ്രത്യക്ഷങ്ങളായി മാറുകയാണ്‌. കാലത്തേയും സ്ഥലത്തേയും ആത്മയാനങ്ങളുടെ ഇരുണ്ട പ്രവാസത്തിലൂടേ നയിക്കുകയും വചനങ്ങളുടെ സിരകളിൽ നിന്ന്‌ വിട്ടുനിൽക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയി ലേക്കും വളർത്തുകയും ചെയ്‌തുകൊണ്ട്‌ വിജയൻ പ്രവർത്തനത്തിന്റെ ബാഹ്യമായ ഇന്ദ്രിയങ്ങളിലേക്ക്‌ കടന്നുചെല്ലുന്നു. മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റേയും അഭയാന്വേഷണങ്ങളുടേയും ജൈവസംയുക്തങ്ങളെ പുറത്തെടുക്കുകയാണ്‌. പരിചിതരൂപങ്ങളുടെ അസാധാരണമായ ചെപ്പുകളിൽ ചോദനകളുടെ പുഷ്പ്പം വിരിയുന്നുണ്ട്‌. മോഹങ്ങളുടെ കവചങ്ങളിൽ നിന്ന്‌ ഇറങ്ങിവന്ന് മനുഷ്യൻ ഖസാക്കിന്റെ രഹസ്യസ്ഥലങ്ങളിലൂടെ നടന്നു. ദൃശ്യങ്ങളുടെ പ്രപഞ്ചാതിര്‍ത്തിയിലെവിടെയോ ഉള്ള സ്വകാര്യതകളുടെ ദിവ്യമൂശ ഓരോരുത്തരെയും പ്രലോഭിപ്പിക്കുന്നതു നാമാറിയുന്നു.

പുഷ്പങ്ങളിലേക്ക്‌ ചിത്രശലഭങ്ങളെന്നപോലെ മനുഷ്യർ ഭൗതികഖരാവസ്ഥകളുടെ തളിരുകളിലേക്ക്‌ ആസക്തരാവുകയാണ്‌. പദാർത്ഥത്തിൽനിന്ന്‌ കാലത്തിന്റെ വിത്ത്‌ സംഭരിക്കുമ്പോൾ ഹൃദയത്തിന്റെ പരാഗണം ജീവിതകാമനയായിത്തന്നെ തുടരുന്നുണ്ട്‌. ജീവിതത്തിന്റെ ദൈനംദിന സ്പർശനങ്ങളിലൂടെ അപാരമായ ഇച്ഛാപ്രവര്‍ത്തനങ്ങളെ വിജയൻ തൊട്ടറിയുകയാണ്‌. മൈമൂനയുടെ ഇച്ഛാശക്തിയും ആബിദയുടെ ഇച്ഛാഭംഗവും ഇടകലർത്തി ആവിഷ്ക്കരിക്കുന്നു. മൈമൂനയും ആബിദയും രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളുടെ ദ്വീപുകളിലാണെന്ന്‌ തോന്നുമെങ്കിലും ദിവ്യരൂപങ്ങളുടെ വിധി ഏറ്റുവാങ്ങുന്നതിൽ അവർ തുല്യരാണ്‌. മൗനം നിറഞ്ഞ സഞ്ചാരങ്ങളും വാക്കുകളുതിർക്കാത്ത പ്രാർത്ഥനകളും അവരുടേതാണ്‌. പ്രപഞ്ചത്തിന്റെ ജൈവഘടനകളിലെ ആതുരമായ ഘട്ടത്തിന്റെ പ്രതിഷ്ഠയായിട്ടാണ്‌ കഥാപാത്രത്തെ വിജയൻ കാണുന്നത്‌ . ദീനതയും,ഉൽക്കൃഷ്ഠതയും ഒരേ അരങ്ങിൽ വെച്ച്‌ പരിശോധിക്കുമ്പോഴും പരസ്പരം മറയ്ക്കാനും അഭയം തേടാനുമുള്ള ഭൗതികമുറകളായി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു. സത്യത്തെയോര്‍ത്താല്‍,
കഥാപാത്രങ്ങളുടെ വിന്യാസം ശുദ്ധീകരണത്തിന്റെ മേഖലകളെയാണ്‌ സൂചിപ്പിക്കുന്നത്‌.
ലോകത്തിന്റെ ജൈവബിന്ദുവായി നിലനിൽക്കവെ , തന്നിൽ മറ്റൊരു ജീവിതം തനതായ ശരീരവും മനസ്സുമായി പ്രവർത്തനങ്ങളിലേർപ്പെടുന്നത്‌ കണ്ടറിഞ്ഞ ജേക്കബ്‌ ബൊയ്‌മി ഓർമ്മയിൽ വരുന്നു. ബൊയ്‌മിയുടെ അന്തർഘടനയിൽ വിഷം വലിച്ചെടുത്ത്‌പുഷ്പിച്ച ഒരു ചെടിയുണ്ടായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ആ ചെടി മാഞ്ഞുപോകവെ , മനസ്സ്‌ വെള്ളക്കുതിരയുടെ സമതലങ്ങൾ തിരിച്ചറിയുന്നു. ഉള്ളിലെ അരുതായ്‌കളെ ലോകത്തിന്റെ ഖരാവസ്ഥയിൽ ഉരച്ചുരച്ച്‌` ഇല്ലാതാക്കുകയാണ്‌ ഇവിടെ. അതിൽ പിൻമാറ്റമില്ല. വിജയനും അധോരാഗത്തിന്റെ ഉത്തേജനങ്ങളിൽ മുഴുകി അതിന്റെ കറകളെല്ലാം കഴികിയെടുക്കാൻ ശ്രമിച്ചു. കഥാപാത്രങ്ങളുടെ സൃഷ്ടിയിലും ഉരസലുകളിലും അത്തരമൊരു വിമലീകരണം അടങ്ങിയിരിപ്പുണ്ട്‌. വിശ്വാസപരമായി തദ്ദേശവാസികൾ വ്യത്യസ്തരാണ്‌.

എഴുത്തുകാരന്റെ ഗ്രാമത്തിലും അവർ അങ്ങനെത്തന്നെ കഴിയുന്നു. എന്നാൽ ഓരോ ജൈവചലനവും മറ്റൊരു വസ്തുവിന്റെ ഭൗതികശേഖരത്തിൽ നിന്നും ഭക്ഷണം സമ്പാദിക്കുന്ന ആത്മീയ പ്രക്രിയകളിലേക്ക്‌ ഗ്രാമത്തിന്റെ സഞ്ചാരത്തെ പരിവർത്തിക്കുമ്പോഴാണ്‌ ഉദാത്തമായ മനസ്സിന്റേയും കലയുടേയും സാന്നിദ്ധ്യമുണ്ടാകുന്നത്‌. മനുഷ്യരിലൂടെ മനുഷ്യരെ അറിയുക. അങ്ങനെ സ്വന്തം മനസ്സിൽ വീണ രഥചക്രങ്ങളെ ഉയർത്തിയെടുക്കുക. വിജയൻ സാക്ഷാത്‌കരിക്കാൻ ശ്രമിക്കുന്നത്‌ ഇത്തരം ഉൾനോവുകളാണ്‌.

ഖസാക്കിലെ ബോധത്തിന്റെ ധമനികളായി പാറകളുണ്ട്‌. ഷെയ്‌ഖിന്റെ അസ്ഥികൾ വിശ്രമം കൊള്ളുന്ന പാറകൾ. അരയാലിലകളും കരിമ്പനകളും കാറ്റും നീലത്താമരകളും ഓരോ ശ്വസനങ്ങളുടെ ജൈവസ്മൃതികളാണ്‌`. രവിയേയും മൊല്ലാക്കയേയും പോലെ പാറക്കെട്ടുകളും കൃഷ്ണകാന്തികളും തങ്ങളുടേതായ ദിവ്യശരീരത്തിൽ വസിച്ചു. വെള്ളിമേഘങ്ങളും മലകളും ഓരോരോ ഉൾപ്രേരണകളുടെ അന്തർദ്ധാരകളായി വന്ന്‌ ഖസാക്കിന്റെ മനസ്സിലും ശരീരത്തിലും കൂട്ടിരിക്കുന്നു. വസ്തുവിനും ധാരണക്കും അവയവങ്ങളും പരിണാമവും ഉണ്ടെന്ന്‌ വിജയൻ വിശ്വസിക്കുന്നു. മനസ്സിന്റെ ലോകത്ത്‌ ആരാണ്‌ വ്യസനിക്കുകയും ജീവിക്കുകയും ചെയ്യാത്തത്‌! പരിചയങ്ങളുടെ മുനമ്പിൽ കണ്ടുമുട്ടുന്ന ഓരോന്നും സ്മൃതിയുടെ മുറ്റത്ത്‌ ഏതോ ശിശുവിനെ ഉപേക്ഷിച്ചുപോകുന്നു. ഖസാക്കിനെ ഗ്രാമത്തിന്റെ അണിവ്‌ നൽകി ഒരുക്കുമ്പോഴും അധോലോകത്തിന്റെ പൂന്തോട്ടവും ശരീരത്തിന്റെ ഖനിയും എന്ന അനുഭവത്തിലാണ്‌ വിജയൻ പകർത്തിയിരിക്കുന്നത്‌. നോക്കിയാലും, നോക്കിയാലും കാണാത്ത ഖസാക്കിന്റെ അന്തരംഗത്തിന്റെ ഇന്ദ്രിയങ്ങളിൽ മനുഷ്യരും സൗഹൃദങ്ങളും ഓർമ്മകളും കുസൃതികളിലൂടെ പകരം വീട്ടിയും സ്നേഹിച്ചും കഴിഞ്ഞു.
വിടരുകയും കൊഴിയുകയും ചെയ്യുന്ന പ്രേരണകളെപ്പോലെ മനുഷ്യരും ഖസാക്കിലൂടെ മിന്നിമറഞ്ഞു് നടന്നു. വഴിയോരത്തു ചെല്ലുംപോൾ , ആറ്റുതീരത്തു ചെല്ലുമ്പോൾ ആരോടോ അവർ സംസാരിച്ചു പോകുന്നു. ഏകാന്തമായ അപസ്വരങ്ങളുടെ വർദ്ധിച്ച ഭാരവുമായി ഈ സന്ധ്യയിൽ നിൽക്കുകയാണ്‌ ആബിദ ആരശുമരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ തുമ്പിയാകുന്നതും ഷെയ്‌ഖിന്റെ കുതിരപ്പുറത്ത്‌ സവാരി ചെയ്യുന്നതായി സ്വപ്‌നം കാണുന്നതും അവളുടെ വെറും ഓർമ്മത്തെറ്റുകളല്ല. ഖസാക്കിന്റെ ബോധത്തിലെ ഉൾപ്രേരണയുടെ ജൈവബിന്ദു കാലസ്ഥലങ്ങളിലൂടെ യാനം ചെയ്യുന്നതാണിത്‌.
പ്രാണികളും ജന്തുക്കളും മനുഷ്യരും വസ്തുക്കളും അധിവസിക്കുന്ന മനസ്സിന്റെ യാഥാർത്ഥ്യം അന്വേഷിക്കുമ്പോള്‍ വിജയൻ പ്രകൃതിയുടെ അന്തരംഗത്തിൽ കുടിയേറിപ്പാർക്കുകയാണുണ്ടായത്‌. ഇരുട്ടിന്റെ അറകളിലേക്ക്‌ പതിച്ചെങ്കിലും , ജഡത്തിലേക്ക് ബോധം എന്ന പോലെ ദൈവം എന്നിലേക്ക്‌ നടന്നു വന്നുവെന്ന്‌ അനുസ്മരിക്കുന്ന കഥാപാത്രം അരവിന്ദ ഘോഷിന്റെ നാടകത്തിലുണ്ട്‌. വസ്തുക്കളുടേയും പുരാണങ്ങളുടേയുമിടയിൽ നോവലിസ്റ്റ്‌ മനസ്സിന്റെ ഭൂമിശാസ്ത്രം അറിയാൻ ശ്രമിക്കുകയാണ്‌. ആ അന്വേഷണത്തിൽ ഖസാക്ക്‌ അലൗകികമായ സ്പർശനമായിട്ടനുഭവപ്പെടുന്നു. ഖസാക്കിൽ അന്തിമമായി എല്ലാം എത്തിച്ചേരുന്നത്‌ നാം കാണുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ബാഹ്യലോകമോ യാഥാർത്ഥ്യത്തിന്റെ ആയുസ്സ്‌ നഷ്ടപ്പെട്ട കിനാവോ ഈ എഴുത്തുകാരനെ പ്രലോഭിപ്പിച്ചില്ല. എന്നാൽ അഴകു നിറഞ്ഞ ആദ്ധ്യാത്മിക ചിന്തകളുടെ മഥനങ്ങൾ കലയിലേക്ക്‌ പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചു. മനുഷ്യൻ അധിവസിക്കുന്ന ലോകത്തിൽ മനുഷ്യനെ പ്രവര്‍ത്തനോന്മുഖമാക്കുന്ന ഉൾപ്രേരണകളുടേ സ്വകാര്യവും സ്വതന്ത്രവുമായ കർമ്മ പഥങ്ങൾ വിജയന്റെ ആലോചനകളുടെ സർഗ്ഗശാലയിൽ പുനരാവിഷ്‌ക്കരിക്കപ്പെടുകയാണ്‌ ചെയ്‌തത്‌.പ്രജ്ഞയുടെ രഹസ്യസ്ഥലങ്ങളിലേക്കുള്ള യാത്ര അവിരാമമാണെന്നോർക്കുക. കാലത്തിന്റെ ധനുസ്സിൽ നനുത്ത വിയർപ്പുതുള്ളിയായി നിലനിൽക്കുമ്പോഴും ഓരോ ജീവകണവും പ്രപഞ്ചത്തിലെ ഉൾധാരകളുടെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്നു. സ്വന്തം അനുഭവങ്ങളിലൂടെ വ്യസനപൂർണ്ണമായ ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിലാണ്‌ വിജയൻ ഖസാക്കിന്റെ ഹൃദയത്തിലെത്തിച്ചേർന്നത്‌. ഒരു നിമിഷത്തിന്റെ പരിസരത്തിൽ ദുഃഖത്തിന്റെ എത്ര ധാതുക്കളുണ്ട്‌? അതിൽ ഗതകാലത്തിന്റെ എത്ര വർണ്ണങ്ങളുണ്ട്‌? മൃണ്മയമായവരുടെ എത്ര മുഖങ്ങൾ ഊഹിച്ചെടുക്കാനാവും? നിമിഷത്തിന്റെ ഹൃദയത്തിലേക്ക്‌ ആധിയുമായി പര്യവേഷണത്തിനാണ്‌ വിജയൻ ശ്രമിച്ചതു്‌.

അതുകൊണ്ട്‌ എല്ലാ വസ്തുക്കളും അവയുടെ രൂപഭദ്രതയിൽ അകവും പുറവും കാണിച്ചുകൊണ്ട്‌ അവതരിക്കുന്നു. എന്നാൽ നിമിഷങ്ങളുടെ ഘനം അതേ രീതിയിൽ നോവലിസ്‌റ്റ്‌ പ്രതിഷ്‌ഠിച്ചുവെക്കുന്നില്ല. അതിന്‌ ജൈവധാരയുടെ അഴകും തൂവലും നൽകി. കാലം പ്രപഞ്ചമാണെന്ന ദിവ്യക്കാഴ്‌ച്ചയിലേക്കാണ്‌ നയിക്കുന്നത്‌. സ്മൃതി ദുരന്തങ്ങളിലും ഓർമ്മത്തെറ്റുകളുടെ ഹിമരാത്രികളിലും കഴിയേണ്ടി വന്നപ്പോൾ സ്വന്തം ലോകത്തെക്കുറിച്ചുള്ള വിചാരങ്ങൾ എഴുത്തുകാരന്‌ പുതുക്കേണ്ടിവന്നു. അങ്ങനെ അതിഭൗതികത ജന്മങ്ങളുടെ കർമ്മ പരിസരങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്‌ കണ്ടറിഞ്ഞു. ശൈഥില്യങ്ങളിലൂടേ മനസ്സ്‌ തിരോഭവിക്കുന്നു. അവസാനം ദിവ്യരൂപങ്ങളുടെ സ്വച്ഛതയിൽ വിശ്രമിക്കുന്നു. ബട്‌ലറിന്റെ വാക്കുകൾ ഓർമ്മയിൽ കുരുക്കുന്നു. പ്രജ്ഞയുടെ അനുസ്യൂതമായ ശൈഥില്യം 'ഖസാക്കിന്റെ ഇതിഹാസത്തിൽ' ആവിഷ്ക്കരിക്കുന്നുണ്ട്‌. എന്നാൽ അതിൽ മനസ്സിൽ കൊഴിയുന്ന ഇലകളേക്കാൾ പ്രത്യക്ഷമായിരിക്കുന്നത്‌ , ആന്തരിക യാത്രയിലൂടെ, കർമ്മ പഥങ്ങളിലൂടെ മൗനത്തിലേക്കും പ്രപഞ്ചത്തിന്റെ ഹൃദയത്തിലേക്കും കുതിക്കുന്ന ദുഃഖമാണ്‌.

ചുക്രുരാവുത്തരുടേയും മൈമൂനയുടേയും ആബിദയുടെയും ദുഃഖാവസരങ്ങളിലേക്കും വ്യസനഭൂമിയിലേക്കും ശ്രദ്ധ കൊടുക്കുമ്പോൾ പ്രാണയാനങ്ങളുടേ ഏകാഗ്രമായ , ദുഃഖം നിറഞ്ഞ , രഹസ്യവേളകളെ നാം കണ്ടുമുട്ടുന്നു. . പ്രാണയാനങ്ങൾ അജ്ഞാതമായ ശ്വസനങ്ങളിലൂടെ , ലോകത്തിന്റെ ഇടുക്കുകളിലൂടെ മിന്നിമിന്നിപ്പോകുകയാണ്‌. അവയുടെ യാത്രകളിലത്രയും ഉൾഭീതിയും ജലകണങ്ങളും ഭൗതികസ്പർശങ്ങളും കത്തിനിൽക്കുന്നു. ലോകത്തിന്റെ കറുത്ത ചതുരങ്ങളിൽ രാത്രിയുടെ ചിത്രമെഴുതി കാലം കഴിക്കുന്ന പ്രാണയാത്രകളെ ഓർമ്മയിൽ വീണ്ടെടുക്കുക. ദൈവം മനുഷ്യന്റെ പ്രാഥമികച്ചിന്തകളിൽ പോലും നൂൽപാകിയിരിക്കുന്നത്‌ ഓർക്കുക.ലോകം കറുത്ത ചതുരമായി ചുരുങ്ങിപ്പോകുന്ന വേളകൾ അനുഭവിക്കാനാവുന്നു. എന്നാൽ അതിന്റെ സ്വകാര്യതയിൽ ഭീതിയുടെ തോടു പൊട്ടിച്ച്‌ നിലനിൽപ്പിനപ്പുറം കാതുകൊടുക്കുന്ന സാകല്യാവസ്ഥയെയാണ്‌ വിജയൻ പകർത്താൻ ശ്രമിക്കുന്നത്‌. അതിനായി പദാർത്ഥങ്ങൾക്കുള്ളിലെ കൊട്ടാരത്തിലും കുമാരന്റെ രഥത്തിലും വിജയൻ മിഴി നടുന്നു. വളരെ നേരം കൊട്ടാരത്തിലെ ആഘോഷങ്ങൾ കാണുന്നു. കുമാരന്റെ യുദ്ധസന്നാഹം വീക്ഷിക്കുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട കുമാരന്റെ പടയുടെ പിന്മാറ്റം ശ്രദ്ധയിൽ പെടുന്നതു പൊടുന്നനെയാണ്‌.

ഒടുവിൽ കൊട്ടാരത്തിന്റെ ദുഃഖത്തിലെത്തിച്ചേരുന്നതോടെ ദൈവത്തിന്റെ സാന്നിദ്ധ്യം പൂർണ്ണമാകുന്നു. ഇങ്ങനെ എല്ലാ പരിചിതരൂപങ്ങളുടെയും അന്തരംഗഘോഷങ്ങളെ ആത്മാവിനനുഗുണമായ സമവാക്യങ്ങളിലൂടെ പുനരാവിഷ്ക്കരിക്കുകയും ചെയ്‌തു കൊണ്ട്‌ , ഏകഹൃദയത്തിന്റെ കാലസ്ഥലരാശിയിലേക്കുള്ള മാറ്റത്തിലാണ്‌ നോവലിസ്റ്റ്‌ ഖസാക്കിനെ കണ്ടത്‌.ഖസാക്ക്‌ ആലോചനകളിൽ ഒരു ഗ്രാമം പോലുമല്ല. എന്നാൽ ബാഹ്യതൃഷ്ണകളുടെ വെളിമ്പുറങ്ങളിൽ ഖസാക്കിന്റെ ഗ്രാമ്യത ഉണ്ട്‌. അതിന്‌ പുറം ലോകത്തിന്റേതായ സ്മൃതിചിത്രം നൽകിയിരിക്കുന്നത്‌ കാണാം. മനുഷ്യരിലും പ്രകൃതിവസ്തുക്കളിലും ഒരുപോലെ ദിവ്യാനുഭവത്തിന്റെ തീർത്ഥയാത്ര സാധ്യമാകുന്നതായി "സീതാനാഥ്‌ തത്വഭൂഷൺ "അറിയിക്കുന്നുണ്ട്‌. സ്വഭാവവും തൃഷ്ണയും വസ്തുവും ശരീരവും ഖസാക്കിന്റെ അനേകം പ്രാർത്ഥനകളോടെ കൂടണയുകയാണ്‌. പ്രപഞ്ചത്തിന്റെ വ്യസനങ്ങളെ കണ്ടെത്താനും
അതിഗമനം ചെയ്യാനുമായി വിജയൻ തിരഞ്ഞെടുത്ത ദ്വീപാണ്‌ ഖസാക്ക്‌ എന്നറിയുമ്പോൾ മാത്രമാണ്‌ വിചാരങ്ങളുടെ വിരുന്നിൽ നാം എത്തിപ്പെടുക.

ദുരൂഹമായ ശ്വസനങ്ങളിലൂടേയും കാഴ്‌ച്ചകളിലൂടേയും ഖസാക്കിന്റെ പ്രാണയാനങ്ങൾ കടന്നുപോകുന്നു. ഖസാക്കിന്റെ ആത്മയാനങ്ങൾ മനുഷ്യരുടെയും വസ്തുക്കളുടേയും മൗനഭാഷകളും സംവാദങ്ങളും ഉതിർത്തിട്ട പ്രവർത്തനങ്ങളാണ്‌ .ഖസാക്കിന്റെ ഉൾപ്രേരണകൾ രാത്രിയിലൂടെ പ്രവാസം നടത്തുന്നു. അവർ ദൈവത്തിന്റെ കരുണയിൽ കഴിയുന്നവരാണ്‌.ആബിദയുടെ താഴ്‌വരകളിൽ ദൈവം ശിശുവിനെപ്പോലെ കടന്നുചെല്ലുന്നു. ദുഃഖം ആബിദയിലൂടെ വിടരുമ്പോള്‍ വിനയവും കാരുണ്യവും ഓർമ്മയും ദൈവവും എല്ലാം അവളിൽ നിറയുന്നു. അജ്ഞേയമായ സുഖദുഃഖങ്ങളുടെ തുടർച്ചകളിൽപെട്ട്‌ ഏതോ പ്രേരണയുടെ നിമിഷം വിമ്മുന്നു.
ആബിദയുടെ ജീവിത രീതി തന്നെ ദുഃഖമായിത്തീരുകയാണ്‌.അല്ലെങ്കിൽ ജീവിതത്തിന്റെ ആചാരം ശാശ്വതീകരിക്കപ്പെട്ട
വ്യസനമായിത്തീരുകയാണ്‌. അറിയപ്പെടാത്ത ഇടവഴികളിലൂടെയുള്ള മനസ്സിന്റെ പ്രവാസം , സ്വപ്‌നങ്ങളുടെ നിലാവിൽ വിശ്രമത്തിന്റെ സ്പർശം , നിയന്ത്രണമറ്റ തൃഷ്ണകളുടെ കാൽപ്പാടുകൾ , നിയന്ത്രണങ്ങൾക്കപ്പുറത്തുനിന്നുള്ള മോചനങ്ങൾ....ഖസാക്കിലെ ജന്മങ്ങളുടെ അനുസ്യൂതമായ പ്രവാസം ഇരുളിന്റെ ചിറകുകളിൽ വിശ്രമിക്കുന്നു.

പ്രാണയാനങ്ങളുടെ സുരത സംഗീതം












aathmaayanangalude khasak/ m k harikumar


പ്രാണയാനങ്ങളുടെ സുരത സംഗീതം -6

പ്രാണയാനങ്ങളുടെ സുരത സംഗീതം -6
പ്രപഞ്ചത്തിന്റെ തരളമായ ബാല്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നതിനിടയിൽ എമേഴ്‌സൺ വൃക്ഷച്ചോലകളുടെ സാന്ത്വനത്തെ സ്പർശിക്കുന്നുണ്ട്‌. പൗരാണികമായ ഏതോ വിഷാദമാണ്‌ സസ്യസാന്ത്വനങ്ങളുടെ വചസ്സുകളിൽ നിന്ന്‌ പ്രസരിക്കുന്നത്‌. മുഖം നമുക്ക്‌ മറയ്ക്കാനാവില്ല. വിസ്മരിക്കപ്പെട്ട മനസ്സിന്റെ കിനാവുകൾ തേടി എമേഴ്‌സൺ വനഗർഭങ്ങളുടേ തണലുകളിലേക്ക്‌ യാത്രയായി. ചരിത്രത്തിന്റെ സമാശ്വാസത്തെപ്പോലും പുല്ലിന്റെ മാതൃത്വത്തിലൂടെ അദ്ദേഹം തൊട്ടറിയുന്നു. കളഞ്ഞുപോയ കിനാവുകളുടേ അവശിഷ്‌ടങ്ങൾ പ്രകൃതിയുടെ ഗീതങ്ങളിൽ ആസന്നമായ മൃത്യുവിനെ നേരിടുകയാണ്‌. ആരാമങ്ങളുടെ ചോലകളിൽ നിന്ന്‌ നിഷ്‌ക്കാസിതനായ മനുഷ്യന്റെ പുരോപ്രയാണം നമ്മെ വ്യഥിമായ സംയമനത്തിന്റെ ഹൃദയവികാരങ്ങളിലെത്തിക്കുന്നു.
സ്നേഹത്തിന്റേയോ, വെറുപ്പിന്റേയോ നുകം പേറിക്കൊണ്ട്‌ മനുഷ്യന്റെ മനസ്സിനെ വാഴ്‌ത്താം. എന്നാൽ ആകസ്മികമായുണ്ടാകുന്ന രസച്ചേർച്ചകളുടേ ഭാവിയിൽ നിന്ന്‌ വംശത്തിന്റെ വേരുകൾ പിഴുതെടുക്കാനാകുമോ? എമേഴ്‌സന്റെ വിഷാദം ഒരു പൂർണ്ണശ്വസനമാക്കിമാറ്റികൊണ്ട്‌ അകന്നുപോയ വഴിത്താരകളെക്കുറിച്ചും നഷ്‌ടപ്പെട്ടുപോയ മെതിയടികളെക്കുറിച്ചും വിജയൻ ഖിന്നനാകുന്നു. സരളതയുടെ രേതസ്സ്‌ ഭക്ഷിച്ചുകൊണ്ട്‌ വളരുന്ന മനസ്സ്‌ വിശ്രാന്തികളാണ്‌. സ്വച്ഛതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രകൃതിയുടെ ഇലത്തട്ടുകളിൽ സ്നാനം ചെയ്യുമ്പോഴാണ്‌ മനുഷ്യനാകാനും ഐഹികപൂർണ്ണതയുടെ ജ്വരം സഫലമാകാനുമുള്ള ഉദ്യമങ്ങൾ കണ്ണുതുറക്കുന്നത്‌. വൃക്ഷച്ചോലകളിലേക്ക്‌ മടങ്ങുമ്പോഴും നരനിലെ ആദിമമായ ശിലകളെ തൃഷ്ണക്കഭിമുഖമായി പ്രതിഷ്ഠിക്കേണ്ടതുണ്ട്‌.

ഖസാക്കിലെ കുട്ടികൾക്ക്‌ ദുഃഖത്തിന്റെ ആലസ്യം വീണ അന്തരീക്ഷത്തിൽ രവി ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുന്നു. ജീവ ബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ കർമ്മ നൈരന്തര്യങ്ങളുടെ സ്നേഹരഹിതമായ കഥയായിരുന്നു അത്‌.ചമ്പകത്തെ തിരിച്ചറിയാതെ പെൺകുട്ടി പൂ നുള്ളിയപ്പോൾ നരന്റെ പൊയ്‌കയിൽ വളർന്നിരുന്ന താമരകൾ എവിടെയാണ്‌ മറഞ്ഞുപോയത്‌ നീർച്ചോലകളിലൂടെ ഒഴുകിയിറങ്ങുന്ന ജലാസക്തികൾ. ഏതോ തീരത്ത്‌ ചമ്പകമായി പുഷ്പിച്ചിട്ടുണ്ട്‌. നിലയ്ക്കാത്ത നിശ്ശബ്‌ദതയുടേ വ്രണിതസുഖവും പേറി സന്ധ്യകൾ തോറും അത്‌ വിലപിക്കുന്നു. , അമർത്തപ്പെട്ട പുരാതനമായ മനസ്സിന്റെ ഏതോ നക്ഷത്രം വീണ്ടും തിരിച്ചു കിട്ടുന്നു. മനുഷ്യന്റെ ധാരണയുടെ ജൈവപരമായ അന്തർദ്ധാരകൾ മൺമറഞ്ഞവരുടെ പുരാവൃത്തങ്ങളോട്‌ ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. ഊഷരമായ വിങ്ങലുകളും അവ്യ്ക്തമായിത്തീര്‍ന്ന ഇച്ഛാശക്തിയും മേളിച്ചിരിക്കുന്ന കളിസ്ഥലത്ത്‌ ബിംബാരാധനകൾ ഭഗ്നമാവുകയാണ്‌ . ഖസാക്കിനെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർദ്ധാരകളുടെ അരങ്ങാക്കി മാറ്റിക്കൊണ്ട്‌ ആത്മാവിന്റെ ഉൾപ്പിരിവുകളുടെ , സ്മൃതി ഇവിടെ അനാവൃതമാവുന്നു.

പായലിലൂടെ കാലത്തിലൂടെ ഗതമോഹങ്ങളുടെ ആഴത്തിലേക്ക്‌ പ്രജ്ഞ കടന്നുചെല്ലുന്നു. ബാല്യത്തിന്റെ ഇടിഞ്ഞ ഭിത്തികൾ ,പ്രാർത്ഥനയുടെ ദ്രവിച്ച ഓലകൾ, എന്നോ ജീവിച്ചിരുന്നവരുടെ വംശകഥ പറയുന്ന പഴയ ഏടുകൾ ... വിസ്മൃതിയുടേ ജഡം നിറയെ വിഷാദത്തിന്റെ പ്രാണികൾ അരിച്ചുനടക്കുന്നു. ഓർമ്മകളുടെ വാതായനങ്ങളിലെവിടേയോ ലോകത്തിന്റെ ശിരസ്സ്‌ കത്തുന്നു. വിചാരങ്ങളുടെ പൂർണ്ണമായ തണുപ്പറിയുമ്പോൾ ഓർമ്മത്തെറ്റുകളുടെ സാരള്യത പ്രകടമാവുന്നു. മനസ്സിന്റെ ജീവിതം നിശ്ച്ചലമായൊരു ദൃശ്യമാകുന്നതിങ്ങനെയാണ്‌. ആ ദൃശ്യത്തിൽ മണ്ണും മനുഷ്യനും ,വിത്തും, കൊയ്ത്തും, പ്രഭാതവും. സൃഷ്ടിയും, ഗണിതവും, ലയിച്ചുകിടപ്പുണ്ട്‌. ഒമർഖയ്യാമിന്റെ ഒരു ദൃശ്യവൽക്കരണത്തിന്റെ ധ്വനി ഇപ്പോൾ ഓർമ്മയിൽ വിടരുകയാണ്‌. ഭൂമിയുടെ ആദ്യത്തെ മണ്ണുമായി അവർ അവസാനത്തെ മനുഷ്യന്റെ മാവ്‌ കുഴച്ചു. അവസാനത്തെ കൊയ്ത്താണ്‌` വിത്ത്‌ വിതച്ചതു്‌.അതെ, ബോധത്തിന്റെ അവസാനത്തെ പുലരി എന്താണ്‌` വായിക്കാൻ പോകുന്നതെന്ന്‌ സൃഷ്ടിയുടെ ആദ്യത്തെ പ്രഭാതം എഴുതുക്കഴിഞ്ഞു. വിച്ഛേദങ്ങളുടെ ക്രമഭംഗങ്ങളിൽ നിന്ന്‌ ലയത്തിന്റെ ലക്ഷ്യനിർവ്വച്ചനങ്ങൾ വേർതിർച്ചെടുക്കുന്ന ദൃശ്യബോധമാണിവിടെ പ്രകാശിതമാകുന്നത്‌.

സ്മൃതിയും, വിസ്മൃതിയും, ഏത്‌ സ്പർശിനിയിലാണ്‌ ബോദ്ധ്യങ്ങളുടെ കെട്ടറിഞ്ഞത്‌? ആത്മമോഹങ്ങളുടെ ഉയിരു നഷ്ടപ്പെട്ട ഈ അവസ്ഥ സന്താപമാണോ, സന്തോഷമാണോ? ഖസാക്കിലെ ദുഃഖമുഹൂർത്തങ്ങൾ കാലത്തിന്റെ പടവുകളിലാണ്‌. കഥ കേൾക്കാനെത്തുന്ന കുട്ടികൾ പ്രകൃതിയുടെ വൃക്ഷച്ചുവട്ടിലിരുനു. ബാല്യത്തിന്റെ ഓർമ്മകൾ അവരെ തഴുകി. പ്രാണയാത്രകളുടെ ശിഥിലസ്മരണകളിലൂടെ എന്നോ വാർന്നുപോയ കിനാവിന്റെ കാമുകി , ക്ഷണനേരത്തേക്ക്‌ തിരിച്ചെത്തുകയാണ്‌. പെൺകുട്ടിയുടെ ഉദരത്തിൽ മണ്ണിന്റെ പച്ചിലകൾ അമർത്തിത്തേച്ചതും ചുണ്ടിന്റെ തുമ്പികൾ കൊണ്ട്‌ അവളെ കൊത്തിവലിച്ചതും മുഖത്തിന്റെ മൊട്ടുകളിൽ കല്ലിന്‍റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളിൽ മുഖത്തിന്റെ ക്രോധം കൊണ്ട്‌ ആശ്വാസം പകർന്നതും പ്രാണായാനങ്ങളിലൂടെ മടങ്ങിവരുന്നു. ചമ്പകത്തെ തിരിച്ചറിയാനും ഉദരത്തിലൂടെ അവളെ മോചിപ്പിക്കാനും മനസ്സിന്റെ കൂട്ടിൽ നിന്ന്‌ വ്യഥിത യാത്രകളുടെ മാൻപേട ഓടിയിറങ്ങുകയാണ്‌. ഖസാക്കിന്‍റെ മതിഭ്രമങ്ങളിലും അയഥാർത്ഥ്യത്തിന്റെ കൊച്ചരുവികളിലും ചമ്പകത്തെ വീണ്ടെടുക്കാനും ചുംബിക്കാനും ജൈവധാരകളുടെ ഒരാത്മാവ്‌ പതിയിരിക്കുന്നത്‌ നാമറിയുന്നു. ഫ്രഞ്ച്‌ പ്രബോധകനായിരുന്ന" റോച്ചേ ഫൗക്കോ "ബോധിപ്പിക്കുന്നുണ്ട്‌. സ്നേഹവും, കരുണയും ദയയും ധൈര്യവും താന്താങ്ങളുടെ ലൗകികയാത്രകളിലൂടെ , തിരിച്ചറിയപ്പെടാതെപോകുന്ന ആത്മ പ്രേരണകളെയാണ്‌ ബന്ധനമാക്കുന്നതെന്ന്‌ .

വികാരത്തിന്റേയോ പ്രവർത്തനത്തിന്റേയോ ഏതൊരു നിമിഷവും പ്രാണപ്രേരണയുടെ കാന്തി നിറഞ്ഞിരിക്കുന്നു. എങ്കിലും അത്‌ വിസ്മൃതമായിരിക്കുന്നു. ഖസാക്കിന്റെ മതിഭ്രമങ്ങളിൽ പ്രപഞ്ചത്തിലെ ജൈവാംശങ്ങളുടെ സ്വാംശീകരണമാണുള്ളത്‌. ഓന്തിനെക്കുറിച്ച്‌ കുട്ടികൾ പറയുന്ന കഥയിലൂടേ ഖസാക്കിന്റെ വിശ്വാസസംബന്ധമായ ഉൾഭ്രമങ്ങൾ വെളിവാക്കുന്നു. ആ ഗ്രാമത്തിന്റെ സ്വഭാവരീതിയിലുള്ള ഭ്രമങ്ങൾ വിശ്വാസവും അവിശ്വാസവും ലയിച്ച്‌ ചേർന്നുണ്ടാകുന്ന ജീവിതം ചിത്രീകരിക്കുന്നുണ്ട്‌. മനുഷ്യന്റെ നിഴലുകളോടുള്ള പോരാട്ടത്തിലെ അലൗകിക ഭാവം ഗ്രാമ്യസാഹചര്യത്തിന്റെ ഹൃദയത്തിൽ നിത്യയാഥാർത്ഥ്യമാകുന്നു.
അങ്ങനെ മനുഷ്യന്റെ ശാശ്വതവർണ്ണങ്ങൾ തെളിഞ്ഞുകിട്ടുന്നു. വിശ്വാസത്തിന്റേയും അവിശ്വാസത്തിന്‍റെയും നൂൽപ്പാലത്തിലൂടെ അധോമുഖിയായി അജ്ഞതയുടേ ജീവിതത്തിലേക്ക്‌ കടന്നുചെല്ലുന്നു. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ്‌ ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്ക്കരിക്കപ്പെടുന്നു. ടെന്നിസൻ ഓർമ്മിപ്പിക്കുന്നതുപോലെ ഇപ്പോഴിതാ ദൈവം എല്ലാത്തിനെയും വീണ്ടും ജനിപ്പിച്ചിരിക്കുന്നു. വസന്തംകൊണ്ട്‌ തണുപ്പിന്റെ തൂവൽ വിരിക്കുന്നു. മഞ്ഞുകൊണ്ട്‌ പുഷ്പ്പങ്ങളെ അലങ്കരിക്കുന്നു. കറുത്ത പക്ഷികൾക്കും ഗായകർക്കും മനസ്സ്‌ തിരിച്ചുകിട്ടിയിരിക്കുന്നു.

ഖസാക്കിന്റെ പ്രാണയാനങ്ങളുടെ സുരത സംഗീതം പുതുമഴയിലൂടേയും വിദ്യാലയത്തിലെ കുട്ടികളിലൂടേയുമാണ്‌ വിജയൻ ആവിഷ്ക്കരിക്കുന്നത്‌. പ്രാണയാനങ്ങളുടെ വഴിയമ്പലങ്ങളിൽ ജന്മത്തിന്റെ പൊരുളറിയാതെ ഗ്രാമവാസികൾ നിന്നു. കാലവർഷത്തിന്റെ ധ്യാനനിമഗ്നമായ ശരീരവും കുട്ടികളുടെ ഇളകിമറിയുന്ന മനസ്സും പ്രാണയാനങ്ങളുടെ വിചിത്ര നിമിഷങ്ങളാണ്‌ തുറന്നിടുന്നത്‌. ഓലകളുമേന്തി കുട്ടികൾ വരിവെള്ളത്തിൽ ചവുട്ടിയും തേവിയും പോകുമ്പോൾ ബാല്യത്തിന്റെ നിഗൂഢമായ രതിവേഗങ്ങളിലേക്ക്‌ ഖസാക്ക്‌ ഉണരുന്നു.

വഴിയാത്രക്കാരുടെ ഉദാസീനമായ സന്ദർശനം പോലേയോ , വൃക്ഷശിഖരത്തിൽ നിന്ന്‌ ഒരില കൊഴിയുന്നതുപോലേയോ അവർ രവിയുടെ സ്ക്കൂളിൽ ചേർന്നു. ഗതിഭംഗങ്ങളുടെ ആത്മയാനങ്ങളെ അവതരിപ്പിക്കേണ്ടി വന്നപ്പോൾ മനസ്സിനിണങ്ങുന്ന നിരങ്ങളിലൂടെ വിജയൻ ഭൂമിയെ കണ്ടെത്തി. ഭൂമിയുടെ മാഞ്ഞുപോയ നിരങ്ങളുടെ സ്ഥലങ്ങളിൽ പ്രാണയാത്രകളുടെ ദുഃഖസ്വപ്നവേളകളെ തിരുകി വെച്ചു. ഖസാക്കിലെ മനുഷ്യരുടെ കാലത്തെത്തേടി വിജയൻ അനിശ്ചയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി .
പഠിപ്പു നിർത്തിയ ചാത്തനിലൂടെ ,പേരയ്‌ക്കാടനിലൂടേ അവരെ അനുഗമിച്ചു വന്ന അച്ഛനമ്മമാരിലൂടെ , കുപ്പുവച്ഛന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ, കുഞ്ഞാമിനയുടെ കഥയിലൂടെ , മൈമൂനയുടെ നിശ്ശബ്ദഹൃദയത്തിലൂടെ , വിജയൻ ആത്മാവിന്റെ , ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്പഷ്ടമായ ചോദനകളും തേടുകയായിരുന്നു. ഇരുള്‍വീഴുവാൻ പോകുമ്പോൾ സ്നേഹത്തിന്റെ സ്പർശവും ഗന്ധവുമുണ്ടായിരുന്നു. . മനസ്സ്‌ നിയന്ത്രണമില്ലാതെ അനിശ്ചയങ്ങളുടെ ആതുരതകളിലേക്ക്‌ വീഴുന്നു. രൂപങ്ങളിലൂടേ ഖസാക്കിന്റെ സന്തതികൾ വെവ്വേറെ സഞ്ചരിച്ചു. മാധവൻ നായർ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി.ദിവ്യരൂപങ്ങളുടെ ഉൾപ്രേരണകൾ ഐഹിക തീർത്ഥത്തിൽ ലക്ഷ്യങ്ങളുടെ പാതയന്വേഷിച്ച്‌ അലഞ്ഞു നടക്കുന്നു. ഓർമ്മകൾ ഓർമ്മത്തെറ്റുകളായി ഭൂമിയുടെ മാറിൽ കുതിർന്നിറങ്ങുന്നു. കരിമ്പനയുടെ ആയുസ്സിൽ നിറയെ മുറിവേറ്റ ഋതുക്കളും പുതിയ ഫലങ്ങളും പൊഴിഞ്ഞുകിടക്കുന്നു. സാന്ദ്രമായ സൗഹൃദങ്ങളിലൂടെ , അലിവുള്ള സുഖാന്വേഷണങ്ങളിലൂടെ തണൽ വിരിച്ച പാതയിൽ മനുഷ്യമനസ്സുകൾ കൃഷിചെയ്‌തു. വസ്തുക്കളുടെ സാന്നിധ്യം ഹൃദയത്തിൽ കുരുങ്ങിമരിച്ച കാമനകളെ ഓർമ്മിപ്പിക്കുകയാണ്‌. അത്‌` ഭൂമി തുലച്ച്‌ മൃതി തേടുന്ന ആസക്തികളെ വെളിച്ചത്തുകൊണ്ടുവരുന്നു. കൈത്തലത്തിൽ നിന്ന്‌ വിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരതസംഗീതമായിത്തീരുന്നു. പേരക്കൊമ്പിൽ വന്നിരിക്കാറുള്ള മൈമൂനയുടെ പാട്ടിൽ പ്രാണയാനങ്ങളുടെ അലിവു ള്ള സ്നേഹസ്മരണകൾ മുളച്ചിരിക്കുന്നു.

ചിങ്ങപാറ്റകൾ പൊന്തിയിരിക്കുന്ന, കാറ്റിനെ ഉദരത്തിൽ വഹിക്കുന്ന , ചെതലിയുടെ നേർക്ക്‌ നടന്നുപോകുന്ന കുട്ടികൾക്കിടയിലൂടെ വായുവേഗത്തിൽ മിന്നിമറയുന്ന ഖസാക്കിന്റെ പാരവശ്യങ്ങളിൽ ആത്മയാനങ്ങളുടെ സ്നേഹപ്രസരങ്ങളും ദുഃഖവേളകളും ഇണചേർന്നു കിടക്കുകയാണ്‌`. പദാർത്ഥങ്ങളുടെ മാതാവാകാൻ രവിയുടെ മനസ്സ്‌ വീണ്ടും സ്നേഹസ്പർശങ്ങളുടെ ഉലയിൽ വീഴുന്നു. പൂവിറുത്തു നടക്കുന്ന കുട്ടികൾ കുന്നിൻചെരുവിലെ മഞ്ഞിലേക്കും കാട്ടുപ്പൂക്കളിലേക്കും വൃഥാ ആസക്തരാവുന്നു.
ജീവിതത്തിന്റെ പ്രാണയാനം നടക്കുമ്പോൾ കാലത്തിന്റെ കളിമുറ്റത്ത്‌ വിരിയുന്ന ഓർമ്മകൾ ഭൗതികപ്രപഞ്ചത്തിന്റെ ദിവ്യപദാർത്ഥങ്ങളാണ്‌. സാങ്കൽപ്പികമായ കുറ്റകൃത്യങ്ങൾ ഭയാനകങ്ങളെങ്കിലും അവ ആന്തരികമാണെന്ന്‌ ഓർവ്വെല്ലിന്റെ കഥാപാത്രം പറയുന്നുണ്ട്‌. സ്വയം അറിയുന്നതിനുമുമ്പ്‌ നമ്മെ ക്രൂരമായി കൈയ്യടക്കുന്ന പരിതഃസ്ഥിതി ഉണ്ടാകുന്നു. ദിവ്യമായി മാറുന്ന വേദനയും ഭീതിയും മനുഷ്യനെ വിശുദ്ധനാക്കുന്നു. സാത്വികനായി ബന്ധിച്ചു നിർത്തുന്നു. ഇവിടെയാണ്‌ പ്രാചീനമായ സ്മൃതികളിലൂടെ വർത്തമാനത്തിന്റെ നിമ്നോന്നതങ്ങളെ അതിജീവിക്കുന്ന ജൈവസംയുക്തങ്ങളെ അനുഭവിക്കുന്നത്‌ . രവിയുടേയും മൊല്ലാക്കയുടേയും മറ്റും പ്രാണയാനങ്ങൾ
ഖസാക്കിന്റെ ആത്മയാത്രയുടെ സംഗീതത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. കല്ലുകൾ വാകയിലകൾ പോലെ സ്നിഗ്ദ്ധമാകുന്നു. വൻവൃക്ഷങ്ങൾ ഇളം തളിരുകളുടേ സ്വകാര്യതയിലേക്ക്‌ ഇറ്റുവീഴുകയാണ്‌. മഞ്ഞുപോലെ പെയ്യുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളിൽ വിരഹത്തിന്റെ ആദ്യ നാഗരികത ഇഴുകിച്ചേർന്നിട്ടുണ്ട്‌. നിരാശ്രയമായ ഉന്മാദം പോലെ ഖസാക്കിലെ പ്രകൃതിയും സ്വച്ഛമായ വഴികളിലൂടെ സഞ്ചരിക്കുന്നു. തനുവിൽ നിന്നു പൊഴിഞ്ഞു വീഴുന്ന നക്ഷത്രങ്ങളുടെ വിശുദ്ധരൂപങ്ങൾ , ഓർമ്മകളുടെ എല്ലിൻകഷണങ്ങളിൽ നിന്ന്‌ വമിക്കുന്ന പ്രകൃതി-സ്മൃതികൾ -ഭൂമി കിളച്ചെടുത്തു കിട്ടിയ നാഴികയുടെ അന്തർധാര. പിന്നെ, ഗ്രാമത്തിന്റെ ഉന്മാദങ്ങളിലൂടെ ജീവിതത്തെ സ്പർശിക്കുന്ന ചില അസന്നിഗ്ദ്ധതകളും പ്രാർത്ഥനകളും ആവിഷ്ക്കരിക്കാനാണ്‌ വിജയൻ ശ്രമിക്കുന്നത്‌. അതിനായി പ്രപഞ്ചത്തിന്റെ തൂവല്‍ പോലും ഈ എഴുത്തുകാരൻ സൂക്ഷ്മമായി പരിശോധിക്കുന്നു. ദുഃഖം ആത്യന്തികമായി ഉള്ളിന്റെ മഥനമാണോ? അതിനെ ലൗകികസ്മൃതിയുടെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ നിശ്ശബ്ദതയുടെ അമ്മ മോഷ്ടിച്ചതു്‌ എന്നാണ്‌? കാലത്തിന്റെ അനുഭവം വ്യസനമായി മാറുമ്പോൾ മനുഷ്യന്‌ ബോധത്തിന്റെ യഥാർത്ഥ സ്ഥിതിയിലേക്ക്‌ മടങ്ങാതെ വയ്യ. .വിശ്വാസങ്ങളുടെ ഉത്തോലകങ്ങൾ നഷ്ടപ്പെട്ട പരിതഃസ്ഥിതിയും ധാരണയുടെ ത്രസിക്കുന്ന കൊമ്പുകളും വിശ്രമം കൊള്ളുന്ന മനുഷ്യന്റെ ഗ്രാമം , വാസ്തവത്തിൽ നിത്യജീവിതത്തിന്റെ സ്മൃതിയല്ല പങ്കിടുന്നത്‌ . ഏതോ മഹാധാരയുടെ ഭാഗമായിരുന്നുകൊണ്ട്‌ അനുഭവിച്ചറിയുന്ന വർത്തമാന സത്യത്തേക്കാൾ ദിവ്യരൂപങ്ങളും അതിഭൗതികമായ രക്ഷസ്സുകളും തമ്മിലുള്ള സംവാദമാണ്‌ മുറ്റിനിൽക്കുന്നത്‌ .വീണ്ടുവിചാരങ്ങളുടെ ഈ കറുത്ത മണ്ണിൽ വിഷാദത്തിന്റെ വഴികൾ അവസാനിക്കുന്നില്ല. രാത്രിക്കപ്പുറത്ത്‌ ,മറ്റൊരു വഴിയുടെ ശൃംഖല തുടങ്ങുന്നതേയുള്ളൂ.
കർമ്മപരമ്പരകളെന്നും, ജനിമൃതികളെന്നും മാറി മാറി വിളിക്കുമ്പോഴും അസ്പഷ്ടമായ ഓർമ്മകളിലൂടെ ജൈവബന്ധം അന്വേഷിക്കുകയാണ്‌ . യുക്തിയുടെ ഏത്‌ കോണിലാണ്‌ പ്രാണയാനങ്ങളുടെ രഹസ്യം നിലയുറപ്പിച്ചിരിക്കുന്നത്‌? സ്നേഹരഹിതമായ ആരോഹണത്തിന്‍റെ അവശിഷ്ടങ്ങളിലെ ആ ദിവ്യബോധം എവിടെ നിന്നാണ്‌ ലഭിക്കുക?

സ്വച്ഛമായ ദുഃഖഭ്രമങ്ങൾ














aathmayanangalude khasak/m k harikumar


സ്വച്ഛമായ ദുഃഖഭ്രമങ്ങൾ -4

ലൗകികവേള ക്രോധത്തിന്റേയും നന്മയുടേയും കുപ്പിച്ചില്ലുകൾക്കപ്പുറത്ത്‌` , നിർമ്മലമായ കഥയാണെന്ന്‌ വിജയന്‌ അറിയാമായിരുന്നു. ജൈവവ്യസനത്തിന്‌ ഒരു ച്ഛന്ദസ്സുണ്ട്‌. അത്‌ കണ്ടെത്തുമ്പോഴാണ്‌ ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്‌. ചെറിയ അസ്ത്രങ്ങളുടേയും സൂക്ഷ്‌മമായ മിഴികളുടേയും ശിൽപ്പശാലയിൽ വെച്ച്‌` ജീവിതത്തിന്റെ കഥ പഠിക്കുന്നത്‌ മനുഷ്യന്‌ ആനന്ദമാണ്‌. നോവുകളുടേയും വിരഹങ്ങളുടേയും അസ്ഥിപഞ്ജരങ്ങളിൽ മനസ്സ്‌ സൂക്ഷിക്കുമ്പോഴും അനന്തമായ ശ്രവണങ്ങളുടേയും സ്പർശങ്ങളുടേയും ഉപ്പുകല്ലുകൾ സൂക്ഷിക്കുക. ഉൾപ്രേരണകളുടെ വിശുദ്ധകഥ പറഞ്ഞപ്പോൾ വിജയന്റെ ശ്രദ്ധ ഒരു ബുദ്ധിസ്‌റ്റ്‌ ചിത്രകാരന്റേത്‌ പോലെ പ്രാർത്ഥനയും ആർദ്രതയും നിറഞ്ഞതായിരുന്നു. ഇഷ്‌ടമെന്നോ അനിഷ്‌ടമെന്നോ ധ്വനിപ്പിക്കാനാകാത്ത ദൃശ്യങ്ങൾ ഈ എഴുത്തുകാരനിൽ വിശുദ്ധജീവിതപുരാണമായിത്തീരുന്നു.
ലോകത്തിന്റെ നന്മതിന്മകളെക്കുറിച്ചുള്ള ബോധത്തിനപ്പുറം വസിക്കുന്ന ഏതോ അതിഭൗമിക ഉൺമയുടെ നൈർമ്മല്യം സംഭവങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്നത്‌ വിജയൻ ശ്രദ്ധിച്ചു, അതു തന്നെ ലൗകിക രാഗങ്ങളുടെ തീക്ഷ്‌ണമായ മൗനങ്ങളിലേക്ക്‌ പ്രലോഭിപ്പിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. ഈ ഉൾപ്രേരണകൾ കലാസൃഷ്‌ടിയുടെ ആദിമമായ ആത്മബീജമാകുകയും ചെയ്‌തു. പുരോഹിതന്റെ ഓർമ്മകളിൽ വിശുദ്ധജീവിത കഥ ചൊല്ലിക്കൊടുക്കാനായുമാണ്‌ ബുദ്ധിസ്‌റ്റ്‌ കലാകാരന്മാർ ചിത്രങ്ങളെഴുതിയതെന്ന്‌ ധനപാല ബോധിപ്പിക്കുന്നുണ്ട്‌. വിശുദ്ധമായ ജ്ഞാനം ജീവിതത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ നടന്ന്‌ നേടാനുണ്ട്‌. നൈസർഗ്ഗികമായ ഇഷ്‌ടഭംഗങ്ങളും പ്രണയങ്ങളും എയ്‌തുവിട്ട ജീവന്റെ മേഖലകളിലൂടെ നടന്നാണ്‌ കലാകാരൻ പുരോഹിതനാവുന്നത്‌ ജൈവാവസ്ഥയുടെ രൂപങ്ങളല്ല.
ആത്മാവാണ്‌ അയാൾ തിരയുന്നത്‌ ഇതുകൊണ്ട്‌ അവന്റെ പതനങ്ങളും വാക്കുകളും ആവിഷ്‌ക്കരിക്കുമ്പോൾ , അതിനു പിന്നിൽ സ്വച്ഛമായ അടിയൊഴുക്കുകൾ രൂപപ്പെടുന്നു. ആന്തരപ്രേരണകളിൽ നിന്നാണ്‌ ലോകത്തിന്റെ അദൃശ്യമായ സർഗ്ഗവാസനകളെ തപ്പിയെടുക്കുന്നത്‌. സ്വഭാവങ്ങളുടെ അവികലമായ സഞ്ചാരവും വികലമായ സമന്വയങ്ങളും ചേർന്നുണ്ടാക്കുന്ന കഥാപാത്രങ്ങളെല്ലാം നിസ്സംഗതയുടെ ആഴം വെളിപ്പെടുത്തുകയാണ്‌. കഥാപാത്രങ്ങളുടെ ജീവിത നിഷ്‌ഠയല്ല പ്രകടമാകുന്നത്‌ ചലനാത്മക ദൃശ്യങ്ങൾക്കുള്ളിലെ നിശ്‌ച്ചലമായ നിർമ്മലാവസ്ഥ അടിസ്ഥാനപരമായി തന്നെ പരിശോധിക്കപ്പെടുന്നു. ഓരോ വാക്കും അനൈഹികമായ ഇത്തരമൊരു സ്വച്ഛതയിലേക്കാണ്‌ തുറക്കുന്നത്‌.
മർത്ത്യചോദനകളിൽ നിന്ന്‌ ചെറുവികാരങ്ങളുടെ നിഴൽചലനങ്ങളും ഭംഗങ്ങളും സംഗീതം പോലെ ജീവിതം അനുഭവിക്കുന്നവരുണ്ട്‌. ഈ ബോധം ലഭിച്ചാൽ ഐഹികതയുടെ എല്ലാ മുനമ്പുകളും ദിവ്യരൂപങ്ങളും സ്മൃതികളുമായി മനസ്സിന്റെ മുറ്റത്ത്‌ കളിവിരുന്നൊരുക്കുന്നത്‌ അറിയാം തന്റെയുള്ളിലെ നിർമ്മല മുഹൂർത്തങ്ങൾ കാലത്തിനുപോലും പരിഹരിക്കാനാവില്ലെന്ന്` നോവലിസ്‌റ്റ്‌` സൂചിപ്പിക്കുന്നു.അന്തിമമായ വാസ്തവികതയെ സ്പർശിച്ചുകൊണ്ടാണ്‌ ലാവോസ്‌ സംസാരിച്ചതു്‌`. അതുകൊണ്ട്‌ പദാർത്ഥഘടകങ്ങളുടെ സമന്വയ കർമ്മങ്ങളിലൂടെ വൈപുല്യത്തിലെത്താൻ ആ മനസ്സ്‌ യത്‌നിച്ചു; ദൈവത്തിന്റെ മനസ്സിലെത്തുന്നതുവരെ.അങ്ങനെ ജീവിതം സ്വപ്‌നാടനത്തിന്റെ ശാന്ത സുഭഗത കൈവരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ , മൊല്ലാക്ക രാത്രിയിൽ നൈസാമലിയെ തേടിയിറങ്ങുന്നതും വാങ്കു വിളിക്കുന്നതും ,ജീവിതത്തിന്റെ സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ അടിത്തട്ടും അടിയൊഴുക്കുമാണ്‌ കാണിച്ചുതരുന്നത്‌. വിഹ്വലമായ ലൗകിക രംഗങ്ങളുടെയുള്ളിലും കൃഷ്‌ണമണിയെപ്പോലെ വിശുദ്ധമായ ഗ്രാമ്യമൗനം വിഷാദത്തിന്റെ വ്രണിതശിശുവായി കഴിയുന്നുവെന്ന്‌ ബോദ്ധ്യപ്പെടുത്തുകയാണിവിടെ.
സമ്മർദ്ദങ്ങളുടെ വാത്സല്യത്തിൽ മുങ്ങിക്കിടന്നിട്ടും നൈസാമലി പിൻതിരിഞ്ഞു. മൈമൂന കരഞ്ഞില്ല. അവൾ അത്തയുടെ പാട്ടു കേൾക്കാൻ തിരിച്ചു.നിഴലുകളായി ജന്മങ്ങളുടെ ദൃശ്യങ്ങളിൽ വരുമ്പോഴും അവയെ ദിവ്യരൂപങ്ങളാക്കി മാറ്റുന്ന ഐന്ദ്രികസമ്പത്ത്‌ വിജയനുണ്ട്‌. ചെറിയ പിണക്കങ്ങളും കോപങ്ങളും സരളമായ നിശ്‌ച്ചലചിത്രത്തിന്റെ ആദിമശുദ്ധാവസ്ഥയിലേക്ക്‌ പരിഭാഷപ്പെടുത്തിക്കൊണ്ടാണ്‌ വിജയൻ ഉൾക്കൊള്ളുന്നത്‌. തണലിന്റെ ദിവ്യശരീരത്തിലേക്ക്‌ താമസം മാറ്റിയ മനുഷ്യന്റെ ദുഃഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിന്റെ മുഖത്തുവീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമ്മല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റേയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്‌. വിരഹത്തിന്റെ സാന്ത്വനം എന്ന ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്‌. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞുകിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക. എപ്പോഴെങ്കിലും ആറ്റുതീരത്തുള്ള നിശ്ശബ്‌ദതയുടെ മാതാവിനെ കാണുക. അറിവിൽ നിന്ന്‌ വാർന്നുപോകുന്ന രക്തവുമായി പ്രേരണയുടെ അടിയൊഴുക്കിൽ സ്നാനം ചെയ്യുക. മഞ്ഞു മൂടിയ ഭൂമിയാണ്‌ ഞാൻ കണ്ടത്‌.

മഞ്ഞു മൂടിയ ഹൃദയമാണ്‌ ഞാൻ ഭക്ഷിച്ചതു എന്ന്‌ പറഞ്ഞ്‌ വ്യസനിച്ച ബാക്‌മാനെ ഓർക്കുക. ഉൺമയെ സ്പർശിക്കാനൊരവസരം ദുഃഖം നൽകുന്നു. ഉൾപ്രേരണകളുടെ സ്നിഗ്‌ദ്ധമായ അടിയൊഴുക്കു കാണുമ്പോഴും മനുഷ്യന്‌ വികാരങ്ങളുടെ സ്പർശങ്ങളുണ്ട്‌. നൈസാമലി മൊല്ലാക്കയെ പിരിയുമ്പോഴും തിത്തിബിയുമ്മയുടെ അനാഥമായ ഇച്ഛകൾ മൈമൂനയിൽ തട്ടിയുടഞ്ഞുപോകുമ്പോഴും വികാരങ്ങളുടെ തോടുകളിൽ നാമറിയാതെ ചെന്നുമുട്ടുന്നു. അങ്ങനെ മനസ്സ്‌ ഏതോ വിശുദ്ധസ്വകാര്യത്തിനായി ആബദ്ധമാവുന്നു. സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ പ്രേരണകളുടെ അടിത്തട്ട്‌` പ്രത്യക്ഷമാക്കിയശേഷം വിജയൻ കാലത്തിന്റെ തൃഷ്‌ണയും തെളിഞ്ഞ ആകാശവും ദൃശ്യമാക്കുന്നു. കാലത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞുകിടക്കുന്ന മനുഷ്യന്റെ ഉൾപ്രേരണകളെ സമന്വയിപ്പിക്കുകയാണ്‌ ഇവിടെ. ഇണ ചേരുകയും അടക്കം പറയുകയും കലഹിക്കുകയും ചെയ്യുന്ന ലൗകിക ദുഃഖപരമ്പരകളുടെ തെളിഞ്ഞ നദിയിൽ കാലത്തിന്റെ നൈസർഗ്ഗികമായ കാമനകൾ മിന്നിമറയുന്നതും കാണാം. ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞുവെന്ന്‌ നോവലിസ്റ്റ്‌ ധ്വനിപ്പിക്കുന്നുണ്ട്‌.

വൃക്ഷച്ചില്ലകളിൽ ആഞ്ഞുകൊത്തിയ മൃഗതൃഷ്‌ണകളും അലസമായി ഇഴഞ്ഞുനീങ്ങിയ മണ്ഡലികളും കാലത്തിന്റെ കൈവിരലുകളിലെ ചൂടു രക്തം തൊട്ടറിഞ്ഞു. ഇരുട്ടിന്റെ അമ്മയുടെ ഉദരത്തിനുള്ളിൽ അവൾ നൈസാമലിയുടെ യോഗാത്മകമായ ശരീരം ഭുജിച്ചു. ഗർഭപാത്രം കടലിനേക്കാൾ അഗാധമാണെന്ന്‌ കവി പാടിയിട്ടുണ്ട്‌. കാലത്തിന്റെ സ്വതഃസിദ്ധമായ തൃഷ്‌ണകളും ആഴത്തിൽ പതിയാത്ത കാൽപ്പാടുകളും സ്വാസ്ഥ്യത്തോടെയിരിക്കുന്നതായി നാമറിയുന്നു. മൈമൂനയും നൈസാമലിയും കാലത്തിന്റെ തനുവിൽ മുളച്ച രണ്ടു സസ്യങ്ങൾ . അവർ കുസൃതിയുടെ നിഷ്‌ക്കളങ്കതയിലൂടെ ലോകത്തിന്റെ മൂർച്ഛയേറിയ മൗനത്തിൽ വന്നണഞ്ഞു. ഉൾപ്രേരണയുടെ ദുഃഖഭ്രമത്തിലും കാലത്തിന്റെ കാമനയിലും സ്നാനം ചെയ്‌ത ഖസാക്കിലെ സന്തതികളെ വിജയൻ ജീവിതത്തിന്റെ വിശുദ്ധകഥയിലെ സംഭവങ്ങളാക്കി മാറ്റി.

അങ്ങനെ പുരോഹിതനും പാപിയും ജീവിതപുരാണവും നിറഞ്ഞുനിൽക്കുന്ന അനൈഹികമായ ദുഃഖഭ്രമമാണ്‌ കലയെന്ന്‌ വിജയൻ സ്ഫുടീകരിച്ചു. അതിനുള്ളിൽ പ്രപഞ്ചത്തിന്റെ അഗാധ തല സ്പർശിയായ മൗനത്തിന്റെ വചസ്സും മന്ത്രങ്ങളും നൃത്തം വെക്കുന്നതായി ഈ എഴുത്തുകാരൻ ബോധിപ്പിച്ചു. തന്‍റെ സ്ഥലപരതയിലും കാലത്തിലും തലോടിനിൽക്കുന്ന ഭൂതകാലത്തിന്റെ നിസ്സംഗമായ ശയനം അനുഭവിച്ചു. ഖസാക്കിന്റെ ഗ്രാമ്യ പരിതഃസ്ഥിതിയിൽ ഉറങ്ങികിടക്കുന്ന ദൃശ്യാത്മകമായ അബോധത്തിന്റെ അടിയൊഴുക്കുകൾ വിജയൻ അവതരിപ്പിക്കുന്നത്‌` കാലം തളം കെട്ടിനിന്ന പള്ളികളിലൂടെയാണ്‌. അവയിൽ ഖസാക്കിന്റെ നിശ്‌ച്ചലമായ ദുഃഖഭ്രമങ്ങൾ എത്രയോ കാലം കഴിഞ്ഞു. ഭൗതികമായ ആഖ്യാനത്തിന്റെ മുഖാവരണത്തിൽ നിന്നുകൊണ്ട്‌ നോവലിസ്‌റ്റ്‌ , മനുഷ്യന്റെ ഭൂതകാലത്തിന്റെ അടഞ്ഞ വായ്‌ കണ്ടെത്തുന്നു. ഭൂതകാലത്തിന്റെ തണലുകളിൽ ഒഴിഞ്ഞുകിടക്കുന്ന വഴികളും ദുരൂഹവും വിദൂരവുമായ ചിലമ്പൊച്ചകളും മനസ്സിനെ ആന്തരിക സ്മൃതിയിലേക്ക്‌ നയിക്കുകയാണ്‌. ഉൾക്കടലിന്റെ കറുത്ത ജലവസ്ത്രങ്ങളിൽ മഞ്ഞിന്റെ ധാര പോലെ ഓർമ്മകളുടെ നിര "കോൾമർ" ഓർമ്മിപ്പിക്കുന്നുണ്ട്‌.

ഭൂതകാലത്തിന്റെ അടഞ്ഞ വായ്‌` കണ്ടെത്താനുള്ള സർഗ്ഗാത്മകമായ കാമനകൾ ഖസാക്കിലെ ഇടിഞ്ഞുപൊളിഞ്ഞ പള്ളികളിലൂടെ വിജയൻ വരച്ചിടുന്നു. നരൻ ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കുമ്പോൾ അതവന്റെ ആത്മബോധത്തിന്റെ ഇലച്ചാർത്തുകളെയാണ്‌ സൂചിപ്പിക്കുന്നത്‌ . എന്നെങ്കിലും ആ ദേവാലയത്തിൽ നിന്നും അവൻ ഒളിച്ചോടുമ്പോൾ പരിത്യക്‌തത പൂർത്തിയാവുന്നു. സത്യത്തിൽ ഖസാക്കിലെ പള്ളികൾ അവിടുത്തെ ജീവിതത്തിന്റെ പരിത്യക്‌തതയാണ്‌ തുറന്നിടുന്നത്‌. മനുഷ്യരുടെ ദൈനംദിന ജ്വരങ്ങളുടെ ആകസ്മികമായ നിമ്നോന്നതങ്ങളിലൂടെ വെളിച്ചം പാറിക്കൊണ്ട്‌ കടന്നുപോയ ഭ്രമങ്ങളുടെ കറുത്ത കാൽപ്പാടുകൾ പള്ളികളിലുണ്ട്‌. ഓർമ്മകളുടെ പഴുത്ത ഇലകളും വിഷാദശ്രദ്ധകളും സുരതത്തിൽ ലയിക്കുന്ന അനുഭവം ഉണർത്തിവിടുന്നു,. മൃദുല വികാരങ്ങളുടെ അരങ്ങുകളിൽ നിന്ന്‌ മൺമറഞ്ഞുപോയ തങ്ങളുടെ ഭൂതത്തെ തേടി ഖസാക്കുകാർക്ക്‌ ഏറെ വിഷാദങ്ങളുണ്ട്‌.

അവരുടെ സരളമായ ഓർമ്മതെറ്റുകളിൽ കാലത്തിന്റെ പ്രേതം കാത്തിരിക്കുന്നു. കാലം ആയുസ്സിലൂടെ തെളിയാനുള്ള നിശ്‌ച്ചല നിശ്ശബ്‌ദതകളിലാണ്‌. കാലം വിരഹത്തിന്റെ താഴ്‌വരകളിലെവിടേയോ പൂത്ത ഒരു പുഷ്‌പമായിരുന്നു. ഗൗളിയും മഞ്ഞക്കിളിയും ചെന്ന്‌ പുഷ്‌പ്പത്തെ വിളിച്ചുണർത്താൻ ശ്രമിച്ചു. , ജന്മങ്ങളിലൂടെ വിടർന്നു വരേണ്ട കുസുമങ്ങളുടെ ആരാമമായി അതു മാറിക്കഴിഞ്ഞു. കാലം പ്രണയത്തേയും ജഡത്തേയും അവശിഷ്‌ടങ്ങളേയും ഉദരത്തിൽ സംഭരിച്ചുകൊണ്ട്‌ നിലാവുകൾക്കപ്പുറത്ത്‌ , ഭൂതത്തിനപ്പുറത്ത്‌ നിന്ന്‌ മനുഷ്യരുടെ ദിനവേലകളിലൂടെ പുനർജ്ജനിച്ചു. മൊല്ലാക്കയിലൂടെ ,തിത്തിബിയുമ്മയിലൂടെ, മൈമൂനയിലൂടെ, പലരിലൂടേയും കാലം തെളിഞ്ഞു പൂത്തു. അതവരുടെ മനസ്സുകളിൽ കുടിവെച്ചു. അരയാലിൽകളിൽ താളമിടുമ്പോഴും വാക്കുകളിലൂടെ ഭൂതത്തിന്റെ വായ്‌ തല്ലിതുറക്കാൻ ശ്രമിക്കുമ്പോഴും
അവർ കാലത്തിന്റെ ഭർത്സനമേറ്റ്‌ വീഴുന്നു. നിശ്‌ച്ചലതയുടെ മൗനമറിഞ്ഞു. സ്വച്ഛമെങ്കിലും ദുഃഖഭ്രമങ്ങളുടെ വിളനിലമായ പ്രേരണകളെ ഇങ്ങനെ സാക്ഷാത്‌കരിക്കാനാണ്‌ വിജയൻ ശ്രമിക്കുന്നത്‌ കഴിഞ്ഞുപോയതിന്റെ ജ്വരത്തകർച്ചകൾ വർത്തമാനത്തിന്റെ സന്നിഗ്‌ദ്ധതകളിലൂടെ ചിതറി ഓടുന്നു. വസ്തുക്കളേയും മനുഷ്യരേയും വഹിച്ചുകൊണ്ട്‌ ഉൾപ്രേരണകൾ ഖസാക്കിന്റെ വെളിമ്പുറങ്ങളിൽ ചിണുങ്ങിനിന്നു. ഉദ്വേഗങ്ങളുടേയും തൃഷ്‌ണകളുടേയും പാദചലനങ്ങൾക്കിടയിൽ വസ്ത്രങ്ങളുടെ നീലിമ പുരണ്ട ഭൂതം കണ്ണുകളടച്ചു കിടന്നു. ദുഃഖഭ്രമങ്ങളുടെ അടിയൊഴുക്കുകളെ ആസക്തി വാർന്നുപോയ വേഗപ്രവർത്തനങ്ങളിലൂടെ വിജയൻ കണ്ടെത്തി. എങ്കിലും ഖസാക്കിലെ മനുഷ്യരിൽ കാലം വിറങ്ങലിച്ചു നിന്ന അടിത്തട്ടുണ്ട്‌. കാലത്തിന്റെ വണ്ടുകളിഴഞ്ഞ മുഖങ്ങളുണ്ട്‌. ഓരോ പെരുമാറ്റത്തേയും ആർദ്രതയോടെയാണ്‌ വിജയൻ കാണുന്നത്‌.


തന്റെ ചക്ഷുസ്സുകൾക്കുള്ള ദിവ്യമായ ഈ ലൗകിക ജ്ഞാനം ഒരർത്ഥത്തിൽ സമയത്തിന്റെ പ്രകാശനമാണ്‌. കൊടുങ്കാറ്റിനെ അനുഗമിച്ച്‌ കണ്ണീരിന്റെ ആഗമനം തിരക്കുന്ന വെർഫെലിനെ പോലെയാണ്‌ വിജയൻ .ഗതകാലത്തിൽ നിന്നുള്ള കാഴ്‌ച്ചയുടെ ഗമനം ബാഹ്യവസ്തുക്കളിലൂടെപുനരാവിഷ്ക്കരിക്കപ്പെടുന്നു.
സംസാരങ്ങളും, സ്നേഹബന്ധങ്ങളും അലൗകികമായി അനുഭവിക്കുന്നു. ഗ്രാമത്തിന്റെ പകയും പ്രണയവും ബാല്യത്തിന്റെ ഏതോ വിനോദമായി നേരിടുമ്പോൾ ജീവിതത്തിന്റെ സ്വച്ഛമായ അടിയൊഴുക്കുകളിലാണ്‌ സ്പർശിക്കുന്നത്‌. ദുഃഖഭ്രമങ്ങളുടെ ഉൾജലവും നിർമ്മലമായ ജൈവധാരയുടെ ഉൾപ്രേരണകളും തണൽ വിരിച്ചിട്ട ജീവിതം എത്ര സൗമ്യമാണ്‌!ഏകാകിതയ്ക്ക്‌ ഇനിയും എത്ര പ്രാർത്ഥനകളാണ്‌ ഉള്ളത്!. അവയിലൊന്നെങ്കിലും അറിയുമ്പോൾ മനസ്സ്‌ ജൈവസംഗീതത്തിന്റെ ഭൗതികരൂപത്തെ സ്പർശിക്കുന്നു. വിരുന്ന്‌ ആകർഷകമായ വിഷാദസ്വച്ഛതയായിത്തീരുന്നു. അടുപ്പങ്ങളും അകൽച്ചകളും വിശുദ്ധമായ ആദിമ സങ്കടങ്ങളുടെ പുരാണ പ്രത്യക്ഷങ്ങളാവുകയാണ്‌. ഖസാക്ക്‌ പൗരാണിക കാലത്തിന്റെ പരിത്യക്തമായ ശരീരമായിത്തീരുന്നതിങ്ങനെയാണ്‌ .

അധോമുഖമായ പ്രമാണങ്ങൾ














aathmayanangalude khasak/m k harikumar


അധോമുഖമായ പ്രമാണങ്ങൾ - 3


ഓരോ ശ്വസനവും ആരംഭിക്കുന്നത്‌ തീക്ഷണമായ പ്രപഞ്ചസമീക്ഷയുമായാണ്‌. യാത്രക്കിടയിൽ ,പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്‌. വൈറ്റ്‌ഹെഡ്‌ ഓർമ്മിപ്പിക്കുന്നതുപോലെ , തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ , ഒരു വിശ്വാസത്തിന്റെ യോഗാത്മക ശരീരത്തിലെത്തിച്ചേരുകയാണ്‌.
ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ്‌ ചെന്നെത്തുന്നത്‌. "ഖസാക്കിന്റെ ഇതിഹാസത്തിലൂടെ" വിജയൻ ധാരണയുടേ യോഗാത്‌മക ശരീരത്തിൽ പ്രവേശിക്കാനാണ്‌ ശ്രമിക്കുന്നത്‌. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റേയോ വിശ്വാസത്തിന്റേയോ ലൗകികമായ ദൃഢതയില്ലെന്നോർക്കുക. അത്‌ സ്വകാര്യതയുടെ യോഗാത്മക ശരീരവും മൗനത്തിന്റെ അലൗകികതയുമാണ്‌. കൊഴിയുന്ന ഏതോ സമയ സന്ധിയിൽ വിലാപം നിറഞ്ഞ പ്രാർത്ഥനയോളം കിനിഞ്ഞിറങ്ങുന്ന നിശ്ശബ്‌ദതയിൽ നിന്നാണ്‌ വിജയൻ ആത്മാലോചനയുടെ ധനുസ്സുകൾ സംഭരിക്കുന്നത്‌.
കാഴ്‌ച്ച കണ്ടു കണ്ടു വ്രണിതമായ മുഖവും അകവും ഐഹിക ലോകത്തിൽ നിരാശ്രയമായിതീരുന്നു. അർദ്ധഭ്രമത്തിന്റെ സമചിത്തതയും ഇച്ഛാശേഷിയുടെ സ്വച്ഛത നിറഞ്ഞ ഇറക്കങ്ങളും ആത്മാവിനു കൂട്ടിനു ലഭിക്കുന്നു. ഓർമ്മകൾ ഇവിടെ , വസ്തുക്കളിൽ നിന്ന്‌ വേർപെടാതെ കുഴയുന്നു. വരും വരായ്‌കളുടെ ഓർമ്മകളിലെവിടേയോ സുപരിചിതമായിതീര്‍ന്നതാണ്‌ ആ മാവ്‌. മാവ്‌ തന്റെ ഓർമ്മയുടെ വൃക്ഷമാണ്‌. അതിന്റെ ഇലകൾ നിലത്തു വീഴുമ്പോൾ അത്‌ നാഴികയുടേ പ്രതീകാത്മകമായ പ്രാപഞ്ചികാനുഭവമായിതീരുന്നു. സമയം ഇലകൾ പോലെ കൊഴിയുകയാണ്‌. സമയത്തിന്റെ പതനം ശ്രവിക്കുമ്പോൾ ഏറെ വ്യക്തമല്ലാത്തൊരു വചസ്സ്‌ ശിരസ്സിൽ പതിക്കുന്നു. ഓർമ്മകൾ സ്വപ്‌നങ്ങളിലേക്കും നീങ്ങുകയാണിവിടെ. ആ വേഷവിധാനങ്ങളിൽ ഉഴലുമ്പോൾ പ്രയാണം അധോമുഖമായ മൂല്യങ്ങൾ നേടുന്നതായി മൊറാവിയ രേഖപ്പെടുത്തുന്നു. ഓർമ്മയുടെ ഭൂമിയിൽ വളർന്ന സ്വന്തം ഭൂതഗമനങ്ങൾ വിജയൻ സൃഷ്‌ടിയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്‌. വസ്തുക്കളും മനസ്സും ഏതേതു പൊരുത്തങ്ങളിലാണെന്ന്‌ മാത്രയിലാക്കിവെക്കാനാവില്ലെങ്കിലും ബാഹ്യാവസ്ഥയിൽ നിന്ന്` ചിത്തവും തന്നിൽ നിന്ന്` ബാഹ്യാവസ്ഥയും ഭിന്നമല്ല.
ആ ജൈവസാക്ഷാത്‌ക്കാരത്തിൽ മനസ്സിന്റെ നിലവറകളിൽ കരിങ്കാളികളും ദുർഭൂതങ്ങളും നൃത്തം വെക്കുന്നു. മിഴികളുടെ പുലരികളിൽ മിന്നിനിന്ന വേപഥു അതായിരുന്നു. അധോബോധത്തിന്റെ ജലാശയത്തിൽ നിന്ന്‌` ആകാശത്തിലേക്ക്‌` കുതിക്കുന്ന ഒരായിരം പക്ഷികൾ. അതിന്റെ ലാവണ്യ സന്ധ്യകളിൽ മതിമറന്നിരുന്നു പോകുന്ന അജ്ഞാതഹൃദയത്തിന്റെ സാന്നിദ്ധ്യം. വീണ്ടും സന്ധ്യകൾ കറുക്കുന്നു. മലയടിവാരത്തിലെന്നോ കണ്ട കാടിളക്കങ്ങളെക്കുറിച്ചും ജരാനരകൾ വീണ മാവിനെക്കുറിച്ചും ഓർക്കുമ്പോൾ മനസ്സ്‌ ഓളം വെട്ടുന്നു.
ആ ശബ്‌ദത്തിൽ ആത്മാവിന്റെ ജൈവതാളം ,ദുഃഖഭരിതമെങ്കിലും സ്ഫുടമാവുന്നു. വരുക, ദുഃഖത്തിന്റെ ആ രക്തരൗദ്രമായ ഭാഷ ശ്രദ്ധിക്കുക.,ഒരിക്കൽ മനസ്സിൽ പറവകളെ വളർത്തുമ്പോൾ കാടും മേടും തിരഞ്ഞെടുക്കുക. വീണ്ടും വീണ്ടും മനസ്സിന്റെ ആശ്രയങ്ങളിലേക്ക്‌ പ്രപഞ്ചത്തിന്റെ പൂമ്പൊടിയുമായി , അർദ്ധനിദ്രയിൽ ഒരു യാത്ര തുടങ്ങാം മനസ്സിന്റെ ആശ്രയസ്ഥാനങ്ങൾ ആത്യന്തിക യാഥാർത്ഥ്യമായി നിലകൊള്ളുകയാണ്‌. ദ്വേഷത്തിനും അധികാരത്തിനും വേണ്ടി അന്ത്യശ്വാസം വലിക്കുമ്പോൾ , ആരാണ്‌ ഏതു ശക്തിയാണ്‌ നമ്മെ ആശ്വസിപ്പിക്കുന്നതെന്ന്‌ കമ്യുവിന്റെ കഥാപാത്രം ചോദിക്കുന്നതും മനസ്സിന്റെ ആശ്രയസ്ഥാനങ്ങളിൽ തന്നെ. ഏകാകിതയുടെ മൂർത്തവസ്തുവിൽ തന്നെ വന്നു മുട്ടുന്നു. അത്‌ ഒറ്റപ്പെടലിന്റെ രഹസ്യവും വേദനാനിബിഢവുമായ പുതിയ പ്രമാണങ്ങൾ ഉയർത്തുകയാണ്‌. സത്യത്തിനുവേണ്ടിയു ള്ള തൃഷ്‌ണയുടെ നഗ്‌ന ബന്ധങ്ങൾ വെളിപ്പെടുകയാണ്‌ ദിവ്യരൂപങ്ങൾ (divine objects,,,)അധോമുഖമായ പ്രമാണത്തിന്റെ സ്വരരാഗമാണുതിർത്തിടുന്നതെന്ന്‌ സന്തായന വിചാരിച്ചുറപ്പിക്കുന്നുണ്ട്‌. വിജയനെ സ്പർശിച്ചു നിൽക്കുന്ന ആദ്ധ്യാത്മികമായ പ്രേരണകൾ അധോമുഖമായ പ്രമാണത്തിന്റെ നേരിലാണ്‌ കുടികൊള്ളുന്നത്‌. നിമിഷം തോറും വേഷം മാറി വരുന്ന ഭൗതിക പരിതഃസ്ഥിതികളും പകലൊച്ചകളും ഏതോ വിസ്‌മൃതമായ രാത്രിപക്ഷത്തിലെ വിരഹവേദന പകരുന്നു.

കാവിക്കച്ച ചുറ്റിയു രവിയുടെ അലസമായ യാത്രക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഒർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്‌. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്ങ്‌മൂലങ്ങളായി മനസ്സിനെ നയിക്കുകയാണ്‌. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച്‌ ചുറ്റുപാടുകൾ വികസിക്കുന്നതിങ്ങനെയാണ്‌. പ്രകൃതിയുടെ വാൽസല്യ പ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. അയാൾ യാത്ര ചെയ്യുന്നതിലുപരി ആർജ്ജിക്കുകയും നിക്ഷേപിക്കുകയും , അതോടൊപ്പം സ്വയം സംസ്ക്കരിക്കുകയുമാണ്‌. ഭൂമിയുടെ സംസാരം അറിയാനാണ്‌ മനുഷ്യന്‌ ദൈവത്തിന്റെ സാമ്രാജ്യം ആവശ്യമായി വരുന്നതെന്ന്‌ ജോൺ കോഗ്‌ളിയുടെ ഒരു പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട്‌ ഇവിടെ രവിയുടെ ബോധത്തിലെ അടിയൊഴുക്കുകളെല്ലാം , ഭൗമസന്ദർഭങ്ങളെല്ലാം, വസ്തുക്കളെല്ലാം, ദിവ്യമായ ഏതോ അനുധാവന(divine trace...) മായിത്തീരുന്നു. അത്‌` വർത്തമാനത്തിന്റെ ധാതുവിനെ അറിയാനുള്ള ഐഹികവും അനൈഹികവുമായ കുമ്പസാരമാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ്‌ രവി സംസാരിക്കുമ്പോഴും അയാളറിയാതെ ഭൂതവും വർത്തമാനവും കൂടിക്കുഴഞ്ഞ്‌, കാലബോധത്തിനപ്പുറത്ത്‌ , അധോമുഖമായൊരു പ്രമാണത്തിന്റെ (inward value...) ദിവ്യരൂപങ്ങളിലെത്തിച്ചേരുന്നത്‌`. എല്ലാ വസ്തുക്കളേയും ഹൃദയത്തിലേക്ക്‌ കൊണ്ടുവരുമ്പോഴും അനർഘമായ ധാതുശേഖരം ലഭിക്കുന്നു.

ഐന്ദ്രിയവും സ്മൃതിസംബന്ധവുമായ ലൗകികതയെല്ലാം പുതിയ വഴികളിൽ സിദ്ധിച്ച്‌ ജൈവസന്ദർഭത്തിന്റെ സമുന്നതമായ ഏകതാളം സംജാതമാകുന്നു. രവിയുടെ പ്രവർത്തനങ്ങൾ പോലും സാകല്യമായ ഇത്തരമൊരവസ്ഥയിലേക്കാണ്‌ നീങ്ങുന്നത്‌. ബോധത്തിനജ്ഞാതമായ ലിപികളും മർമ്മരങ്ങളും സംഭരിച്ചെത്തുന്ന അനൈഹികമായ ധാരയിലാണ്‌ വിജയന്റെ കലാപ്രതിഭ സമാധി കൊള്ളുന്നത്‌. ഭൗതികരൂപങ്ങളുടെ അനുരണനങ്ങളിൽ വസിച്ചുകൊണ്ട്‌ സ്വന്തം ആത്മപ്രവാഹത്തിന്റെ അണിയൊച്ചകളിൽ നിമഗ്നമാവുന്ന ആതുരതയുടെ അലയെ വിജയൻ വരച്ചിടുന്നു. തൃഷ്‌ണകളെ വിജയൻ സ്മരിക്കുന്നുണ്ട്‌. അതിന്റെ ഭർത്‌സനമേറ്റ്‌ രവി എപ്പോഴൊക്കെയാണ്‌ തരളിതനാവാത്തത്‌?
ജീവിതത്തിലെ ആസക്തമായ ദിനങ്ങളെക്കുറിച്ച്‌ ഓർത്തുപോവുന്നു. വ്യസനസാന്ദ്രമായ മനസ്സിന്റെ സൗപർണ്ണികയിൽ പരൽമീനുകളായി വന്നു ശ്വാസമെടുക്കുന്ന പ്രകൃതിയുടെ വസ്തുക്കളെ സകല ജീവിത സന്ദർഭങ്ങളുമായി വിജയൻ ബന്ധിച്ചിരിക്കുകയാണ്‌. അവയിൽനിന്ന്` അനാദിയായ തൃഷ്‌ണയും മോക്ഷവും തന്ന പ്രപഞ്ച ജീവിതമാകെ ആയുസ്സിനപ്പുറത്ത്‌ തഴയ്ക്കുകയാണെന്ന്‌` ബോധത്തിന്‌ വഴിപ്പെടുമ്പോഴും , കണ്ടുമുട്ടുന്ന ഓരോ ഖരവും നൽകുന്ന അനന്തമായ ഓർമ്മകളെ പിന്നെ ഏതു ചെപ്പിലാണ്‌ സൂക്ഷിക്കുക്‌?ഖരരൂപങ്ങളുടെ ഭൗമവാസത്തിൽ മനുഷ്യനും തനിച്ചാണ്‌. എങ്കിലും അവനിലെ ഓർമ്മകളത്രയും കാലഭേദങ്ങളില്ലാതെ പ്രപഞ്ചവസ്തുക്കളോടൊത്ത്‌ രമിക്കുകയാണ്‌.

ഓർമ്മകളുടെ നിബിഢമായ മഥനങ്ങളേറ്റു വാങ്ങുന്ന ഖസാക്കിലെ മാവുകളെ നോവലിസ്‌റ്റ്‌ വീണ്ടും പരിചയപ്പെടുത്തുന്നു. രാഗ തൃഷ്‌ണകളിൽ വലിഞ്ഞു മുറുക്കപ്പെട്ട തങ്ങളുടെ കമ്പികളിൽ അവർ സ്പർശിക്കാത്തതെന്ത്‌? നീല ഞരമ്പോടിയ അവരുടെ തണലുകളിൽ , രതിയുടെ പ്രകൃതിയും സ്മൃതികളുടെ സീമയറ്റ മഥനങ്ങളും സംഭരിച്ചുവെച്ചിട്ടുണ്ട്‌. പ്രകൃതിക്കും മനുഷ്യനും വസ്തുക്കളുടെ ശിരസ്സിനു മുകളിൽ കൽപ്പിക്കപ്പെട്ടിരിക്കുന്ന സാദൃശ്യം വസ്തുക്കളുടെ ശിരസ്സിനു മുകളിൽ പന്തലിച്ചു നിൽക്കുന്ന പ്രകൃതിയുടെ ആദിമ രതിയാണ്‌ കാണിച്ചു തരുന്നത്‌`. ഇവിടെ നിന്നും രവിയുടെ മനസ്സിന്റെ അനന്തമായ യാത്രകളുടെ തേര്‌ പ്രത്യക്ഷമാവുകയാണ്‌. ദുഃഖം വിഴുങ്ങിയ വാക്കുകൾ, അമ്മയുടെ സ്വപ്‌നം നിറഞ്ഞ മിഴികൾ കിനാവുകളും കാറ്റുലയ്‌ക്കാത്ത പച്ചിലകളും കായ്‌ക്കുന്ന രാത്രി . അമ്മയുടെ വാക്കുകളിൽ അനൈഹികമായൊരു പ്രേരണയുടെ ഇരയായിത്തീർന്ന മകന്റെ കാൽപ്പാടുകൾ തെളിഞ്ഞുനിൽക്കുന്നു. ദുഃഖം നിശ്ശബ്‌ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക, ദുഃഖം നിശ്ശബ്‌ദതയുടെ മാതാവാണ്‌. ! രവിക്ക്‌` ചേതനകളിലത്രയും നടുക്കവും ഉൻമാദവും പകർന്നുകൊടുത്തത്‌ ആ നിശ്ശബ്‌ദതയുടെ മാതാവായിരുന്നു. ചിത്രത്തിനായി മനസ്സ്‌ ഒരുമ്പെടുന്നുണ്ട്‌. എന്നാൽ എന്നോ മറന്നുപോയ ആ ദുഃഖഗാനത്തിന്റെ അലകൾ രവിയിൽ തെളിയുന്നു. തിണ്ണയിലും മുറ്റത്തുമായി ചിതറി നിന്ന തൊഴിലാളികളും അത്തറുകുപ്പികളും അമ്മയുടെ കിടപ്പും നിശ്ശബ്‌ദതയുടെ മാതാവിനെ ഓർമ്മയിലെത്തിക്കുന്നു. നിയന്ത്രണം വിട്ട സ്വന്തം കപ്പലിന്റെ ഗമനം .
സ്വയം തിരിച്ചറിവുകളിൽ നിന്ന്‌ വിമുക്തമായിരിക്കുകയും ചെയ്യുന്ന മനസ്സുണ്ടവിടെ. 'റോഗൽ മാക്‌ഗോയുടെ 'ഒരു ഗാനം ഓർക്കുന്നു. .നിങ്ങളാണ്‌ ഉൾജലത്തിലെ വൃക്ഷം അതിനു ചുറ്റും മത്സ്യങ്ങൾ ഇലകൾപോലെ ഒട്ടിച്ചേർന്നിരുന്നു. നിങ്ങൾ ഹരിതമാണ്‌. അതിന്റെ ആഴങ്ങൾ എന്നിൽ നിന്നെത്രയകലെയാണ്‌ ! നിശ്‌ചയങ്ങളുടെ തുഷാരപ്പുലരികൾക്കുള്ളിൽ ജന്മങ്ങളുടെ സുഭാഷിതങ്ങൾ പിച്ചവെക്കുകയാണ്‌. ,തൃഷ്‌ണയും രതിയും നൽകിയ ഉൾപ്രേരണകളിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. ബോധത്തിന്റെ യാഥാർത്ഥ്യത്തിനുള്ളിൽ , രവിക്ക്‌ സ്വപ്‌നങ്ങളുടെ പൂക്കാലമുണ്ടായിരുന്നു. സ്വപ്‌നങ്ങളിൽ വളർന്നുവന്ന ജലസർപ്പങ്ങളും കൽപ്പവൃക്ഷത്തിന്റെ തൊണ്ടുകളും ഭീതിദമായൊരു മുഖാവരണമായി നിറഞ്ഞുനിൽക്കുന്നു. നിശ്ശബ്‌ദതയുടെ മാതാവും പ്രകൃതിയുടെ ധാതുവായി നിന്ന്‌ ബോധത്തെ വലയം ചെയ്യുകയാണ്‌. ഭൗതിക വസ്തുവിന്റെ നിത്യമായ മഥനങ്ങളിൽ നിന്നും ദുഃഖത്തിന്റെ പഴകിയ തേരിൽ നിന്നും മോചനത്തിന്റെ പക്ഷി ചിറകടിച്ച്‌ പറന്നുപോയിരിക്കുകയാണെന്ന ചിന്ത രവിയെ വിചാരങ്ങളിലൂടെ പിൻതുടർന്നു. തൃഷ്‌ണ ജൈവാവസരങ്ങളുടെ നാവിൽ നിന്നൂറിവരുന്ന നിർബന്ധമല്ല.
അനൈഹികമായ പ്രേരണകളുടെ നൊമ്പരങ്ങളിലൂടെ അടഞ്ഞ അലസമായ യാത്രയാണ്‌. അതൊരു ഭാരമായി സിരകളിലാകെ ആലസ്യം പടർത്തുന്നു. രതിയുടെ ദൃശ്യം ആന്തരിക സന്ദർഭങ്ങളുടെ ഇണങ്ങിയ ഭൗതിക സാഹചര്യമല്ല. ഇച്ഛാനഷ്‌ടത്തിന്റെ മൂടിവെക്കപ്പെട്ട സാന്ത്വനവും വേപഥു നിറഞ്ഞ അധ്വാനവുമാണ്‌. വിജയന്റെ സൃഷ്‌ടിപ്രക്രിയയിൽ സർഗ്ഗതൃഷ്‌ണകൾക്കുപോലും ഇടം നൽകിയിരിക്കുന്നത്‌. ഓർമ്മകളിൽ നിന്ന്‌ ഓർമ്മകളിലേക്കു്‌ വിരസവും പരിക്ഷീണവുമായ യാത്രകളുടെ ഇടത്താവളങ്ങളിലാണ്‌.അതത്രയും വൈകാരികമായ സമൂർത്തത്തയാണ്‌. ഒരിക്കൽ മാത്രമേ ആ ഉണർവ്വും കാമനയും കൈവരു. ദുരിതനിയോഗങ്ങളിൽ നിന്ന്‌ നക്ഷത്രകാന്തി നെയ്‌തെടുക്കാനുള്ള സൗന്ദര്യാന്വേഷണങ്ങളുടെ മിഴിവും ഇവിടെയാണ്‌. ദുഃഖിതന്റെ പ്രണയങ്ങളും വിചാരത്തിന്റെ ദുരന്തവും വിജയനിൽ അഭിരാമസ്വരം വീണ്ടെടുത്തു. ആസക്തിയിലേക്കുള്ള ഓരോ ചലനവും നീരസത്തിന്റേയും വിദ്വേഷത്തിന്റേയും പകയുടെയും അമർത്തപ്പെട്ട രേണുക്കളെ സാക്ഷാത്‌കരിച്ചു. രതിയെ കലാകാരനെന്ന നിലയിൽ നിന്നുകൊണ്ട്‌ പ്രപഞ്ച സംവാദത്തിന്റെ സംഘർഷാത്മകമായ അരങ്ങാക്കി മാറ്റുകയാണ്‌ .
അതോടൊപ്പം സുഷിരങ്ങളുള്ള തന്റെ മനസ്സിന്റെ ജലകുംഭത്തെ വിജയൻ തൊട്ടുകാണിക്കുന്നു. അറിവിന്റെ വരവ്‌ വ്യസനജനകമായ ആതിഥേയത്വമായി പരിണമിക്കുന്നു . നടന്ന്‌ കാൽ കുഴഞ്ഞ്‌` കയറിവരുന്ന അറിവുകളിൽ നിന്ന്` പ്രകൃതിയുടെ ജൈവമന്ത്രമായ തൃഷ്‌ണ ചോർന്നുപോകുന്നു. അവിടെയൊരു നരകമുണ്ടെങ്കിൽ നാം നമ്മുടെ കടലും നാവികന്റെ കുപ്പായവും ഉപേക്ഷിക്കുക. മൃതജന്മങ്ങളുടെ ലോകത്ത്‌ കൂട്ടിന്‌` ഒരാളെങ്കിലുമുണ്ടാവും എന്ന്` "കോക്തോ "അറിയിക്കുന്നുണ്ട്‌. അറിവിന്റെ ദിവ്യമായ ബോദ്ധ്യത്തിനുള്ള ഈ പുറപ്പാട്‌ അതിന്റെ രാഗപക്ഷത്തെ നിർവീര്യമാക്കുകയാണ്‌. വചസ്സുകളിലും തങ്ങിനിൽക്കാത്ത തൃഷ്‌ണാനഷ്‌ടം വന്ന്‌ , ഐഹികമായ ബലക്ഷയത്തിന്റെ വിഫലധാതുവായുത്തീരുന്നു.
മണലിലൂടെ ഇഴഞ്ഞെത്തിയ സർപ്പം ഒന്നു പകച്ചു, ഓർമ്മകളുടെ അറ തുറക്കാന്‍ .അന്തമറ്റ കാപ്പിത്തോട്ടങ്ങളുടെ പച്ചപ്പും സൂര്യപ്രകാശത്തിന്റെ സംഗീതവും ശ്രവിച്ച്‌ മനസ്സിന്റെ കുഞ്ഞ്‌ ഓർമ്മിപ്പിച്ചു. നിറങ്ങൾക്കും രൂപങ്ങൾക്കും മൗനങ്ങൾക്കുമപ്പുറത്ത്‌ ഈ ഏകാന്തത ദുഃഖത്തിന്റെ ഭാരമായി പതിക്കുന്നു. കാപ്പിത്തോട്ടവും മഞ്ഞപ്പുല്ലു പുതച്ച കുന്നുകളും ആകാശവും പായലുപോലെ പരന്നുകിടക്കുന്നു. രവി ശ്രദ്ധിച്ചു ശ്വസിച്ചു അറിവിൽ നിന്ന്‌ തൃഷ്‌ണ വാർന്നൊലിക്കുന്നു. മനസ്സിന്റെ ദ്രവം വറ്റുകയാണ്‌. പായലുകൾ വിസ്‌മൃതമായെങ്കിൽ ! വീണ്ടും അറിവിന്റെ ദുഃസ്വപ്‌നങ്ങളും ജീർണ്ണിച്ച രൂപങ്ങളും ജലസർപ്പങ്ങളും തല പൊക്കുന്നു. അച്ഛനും അമ്മയും പകലും തണലും ഓർമ്മകളിലെ യക്ഷിക്കഥകളും കാപ്പിത്തോട്ടങ്ങളും മഞ്ഞക്കുന്നിലും താഴ്‌ന്ന്‌ താഴ്‌ന്ന്‌ പോകുന്നത്‌ രവി നോക്കിയിരുന്നു. ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട്‌ മൊല്ലാക്ക ഉള്ളിന്റെ നിറഞ്ഞ വേദനകൾ കുട്ടികൾക്ക്‌ പറഞ്ഞുകൊടുത്തു. വിചാരത്തിന്റെ സമ്പൂർണ്ണമായ ഈർപ്പം . ഈർപ്പക്കാട്ടിൽ നിന്ന്` കുഞ്ഞാമിനയുടെ സംസാരം.
കാട്ടുമയിലുകൾ മേഞ്ഞുനടക്കുന്ന അരശിൻകാട്‌. കുഞ്ഞാമിന മയിലുകളുടെയിടയിൽ തമസ്സുകളുടെ ആരാമം നട്ടു. അവൾ മഴയായി, അവളുടെ ഗീതം കേൾക്കാൻ മയിലുകൾ കാതോർത്തു. പെയ്‌ത്‌ പെയ്‌ത്‌ അവൾ നദിയുടെ പ്രവാഹമായി. അപ്പക്കഷ്‌ണങ്ങളുമായി ഉപരിതലത്തിൽ തത്തിക്കളിച്ചു. മൗനം മുറിഞ്ഞൊഴുകുന്നു. ഹൃദ്രക്തവുമായി അവൾ മൊല്ലാക്കയെ ഓർത്തു. ആരാമത്തിന്റെ സാന്ധ്യച്ഛായകൾ. ഗൗളിയുടെ കുറുകലിനായി കാതോർക്കുന്ന മൊല്ലാക്ക. കരിമ്പനകളുടെ രാത്രി. നൈസാമലിയുടെ വൃക്ഷശിഖരങ്ങളിൽ ഞാന്നുകിടക്കുന്ന പരുന്തുകൾ. ഇനി മയിലുകളുടെ താരാട്ടു കേൾക്കാനാകുമോ? ജീവിതം തോറും അലഞ്ഞു നടന്ന ഏകാകിയുടെ തേങ്ങൽ കുഞ്ഞാമിന ശ്രദ്ധിക്കുകയായിരുന്നോ? നിശ്ശബ്‌ദതയുടെ കുഴലൂതിക്കൊണ്ട്‌ അവൾ തിരുത്തി. ഷെയ്‌ഖ്‌ തങ്ങളുടെ പടനായകന്മാർ വരുന്നത്‌ , കുതിരക്കുളമ്പടി കേൾക്കുന്നത്‌ , മയിലുകൾ കാൽവണ്ണയിൽ കൊത്തി ചോര വരുന്നത്‌. മഴയിൽ ഇരുട്ട്‌ കയറിപ്പറ്റുന്നത്‌, നദിയിൽ രാത്രി പ്രസവിക്കുന്നത്‌. ...ഓർമ്മകളിരുന്നുകൊണ്ട്‌ മൗനത്തിന്റെ രുദ്രയായ പ്രസാദം ഭൂമിയുടെ വാൾ മിന്നിക്കുന്നു.

സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം














aathmayanagalude khasak/ m k harikumar


സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം -2


പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ചു് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ലിയൊണാര്‍ഡ് ആദം (leonard adam : primitive art) തൊട്ടറിയുന്നുണ്ട്‌. വംശസ്‌മരണകളുടേയും വിശ്വാസങ്ങളുടേയും ഈടുവെയ്‌പ്പിൽകൂടി നിർഗമിച്ച ആസക്തി ധാരകളെ സാക്ഷാത്‌കരിക്കാനായി തെരെഞ്ഞെടുത്ത പ്രരൂപങ്ങളുടേയും ദൃശ്യ്യലിപികളുടേയും വിന്യാസം ഇവിടെ പ്രധാനമാണ്‌. ആ മനുഷ്യരെ സ്പർശിച്ച്‌ പറയുകയാണെങ്കിൽ , അഭിരാമമായ മോഹക്കാഴ്‌ച്ചയുടെ ചിരന്തനമായ പ്രാപ്‌തിക്കുവേണ്ടി നടത്തിയ പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരന്തർസ്പർശനമായിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാകുന്നത്‌ ഇരുളിലാണ്ട നൃത്തമണ്ഡപത്തിൽ തിരിച്ചറിയുന്ന ഇഷ്‌ട നർത്തകികളിലൂടെയാണ്‌. അരങ്ങ്‌ ലഭിക്കാതെ പോയ ലാവണ്യ സന്ദർഭങ്ങൾ മനസ്സിൽ പുതിയൊരു പ്രതിബിംബം തേടിവന്നെത്തുമ്പോൾ സൃഷ്‌ടിയുടെ ഉൾവിളി രൂഢമാവുകയാണ്‌.


സൗന്ദര്യത്തിന്റെ ശാഠ്യം ആത്മാവിന്റെ വേദനാപൂർണ്ണമായ യാനത്തോളം കിനിഞ്ഞിറങ്ങുമ്പോഴാണ്‌. പ്രപഞ്ചത്തിൽ നിന്ന്തനിക്കൊരു വ്യവസ്‌ഥയുടെ തൂവൽ വേണമെന്ന ചിന്തയിൽ ഓരോ കലാകാരനും ആത്മപ്രവേശം നടത്തുന്നത്‌ . നിർമ്മാണപരമായ എല്ലാ വ്യവസ്ഥയുടേയും പിന്നിൽ നിയമവിമുക്തമായ നൈതികസമ്പത്ത്‌ അടങ്ങിയിരിപ്പുണ്ട്‌. കരകാണാതെ കരയിൽ യാത്ര ചെയ്യുന്ന തോണിക്കാരനെ ഇവിടെ ഓർക്കാം. യാത്രയുടെ ഓരോ വേളയിലും ആന്തരികമായ സാഫല്യങ്ങളില്ല. അജ്ഞാതമായ ഭാവിയുടെ ആ ദൃശ്യദർശനങ്ങൾ നിറഞ്ഞ ഐഹിക പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ അയാൾ തീർത്തും അനാഥനാണ്‌. തനിക്കു മാത്രം യോജിച്ച ഏതോ പ്രമാണത്തിന്റെ ഓരം പറ്റി ഭൂമിയുടെ സുഗന്ധ ദൃശ്യങ്ങൾ ചമയ്ക്കാനാണ്‌ ആ സാഹസികൾ ശ്രമിക്കുന്നത്‌.

കലാകാരനും പ്രപഞ്ചത്തിന്റെ അന്തമറ്റ ചോദനകളിൽ ഒരു തോണിക്കാരനാണ്‌.ക്രമത്തിൽ ഇലകൾ കൊഴിഞ്ഞെത്തിയ പുഷ്‌പത്തെപ്പോലെ ഭൂമിയുടെ ശാഖയിൽ അയാൾ പുഷ്‌പിച്ചിരിക്കുകയാണ്‌. വെളിപ്പെടാത്ത നേരുകൾക്കുവേണ്ടി സ്വാസ്‌ഥ്യത്തിന്റെ അധോനേരുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ്‌ കലാകാരന്റേത്‌.
ഏറെ ബാഹ്യവത്‌കരിക്കാത്ത രൂപങ്ങളുടെ അധോരഹസ്യങ്ങൾ സൃഷ്‌ടിച്ച ആധിയിൽ നിന്നുള്ള വിടുതൽ ഓരോ പ്രവർത്തനത്തിലും രക്തത്തിന്റെ വാൽസല്യം ചേർക്കുന്നുണ്ട്‌. വാക്കുകളുടെ മേളനത്തിലും നിറങ്ങളുടെ കൂട്ടിലും പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന കാതലിനെ ആത്മാവിന്റെ സൗരലോകം കൊണ്ട്‌ ചെറുക്കുകയും അതോടൊപ്പം ചിത്തത്തിന്‌ വിമുക്തമാക്കാനാക്കാത്ത വ്യവസ്‌ഥയുടെ ഭാഗമാകുകയുമാണ്‌ കലാകാരൻ ചെയ്യുന്നത്‌. വഴങ്ങാത്ത വ്യവസ്‌ഥയുടെ പൊരുളുകളിൽ നിന്ന്‌ വാർന്നൊലിക്കുന്ന കണ്ണീരിന്റെ പ്രഭവം തേടി തന്നിൽതന്നെ വന്നു മുട്ടുന്നു. കൈനീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിന്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിന്റെ കൽപ്പങ്ങളെ വളർത്തിയെടുക്കുന്നു. അറിവ്‌ ആനന്ദവും നൊമ്പരവുമാണ്‌. വസ്‌തുവിന്റെ ഉള്ളിലെത്താൻ മനസ്സുകൊണ്ടൊരു വ്യവസ്‌ഥ ചമയ്ക്കുമ്പോഴാണ്‌ സൗന്ദര്യത്തിന്റെ നിർമ്മാണ വേദന അനുഭവിക്കേണ്ടിവരുന്നത്‌`. ഇങ്ങനെ പ്രപഞ്ചത്തിന്റെ വസന്തർത്തുവിൽനിന്ന്‌ വ്യവസ്ഥക്കുള്ളിലേക്ക്‌ ക്രമരാഹിത്യത്തോടെ അരങ്ങേറുന്നു.


അത്‌ ലൗകികമായ പ്രതിജ്ഞാലംഘനങ്ങളും ഇച്ഛയുടെ ഗതിഭംഗം വന്ന വിരുന്നുകളും ചേർന്ന സംസാരമാകുന്നു. കലാകാരനും നൊമ്പരങ്ങളുടെ പേടകമാക്കുമ്പോഴും പ്രപഞ്ചത്തോടുള്ള സംഗീതാത്മകമായ മർമ്മരങ്ങളിൽ ആസക്തനാക്കുന്നത്‌ ഇതാണ്‌. സൗന്ദര്യാനുഭവത്തിന്റെ ആവിഷ്‌ക്കാരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഏകാന്തമായ ഈ വ്യവസ്ഥാ ലംഘനങ്ങളെക്കുറിച്ച്‌ ലയണൽ ട്രില്ലിംഗ്‌ (lionel trilling: criticism and aesthetics) ഓർക്കുന്നു. റീഡിന്റെ നൈസർഗ്ഗിക സൗന്ദര്യ ദർ ശനത്തെ [enigma of natural beauty]സ്പർശിച്ചുകൊണ്ട്‌ സത്തയോളം ആഴ്‌ന്നിറങ്ങുന്ന നോവാണ്‌ സൗന്ദര്യമെന്ന്‌ ട്രില്ലിംഗ്‌ പറയുന്നു. വാക്കുകൾക്കും നിറങ്ങൾക്കും അതീതമായ , ഭാവസ്പർശിയായ ഉദാത്തതയുടെ വിളയാട്ടം പകരാനാവുന്നതല്ല.കലക്കു രഹസ്യം വന്നുചേരുന്നത്‌ അതിന്റെ സൗന്ദര്യഘടകങ്ങളുടെ അന്യോന്യ സ്പർശങ്ങളിൽകൂടിയാണ്‌`.

കലയുടെ രഹസ്യവും, കലാകാരന്റെ ഏകവചനവും ചേർന്ന്‌ പ്രപഞ്ചത്തിനു സ്വാസ്ഥ്യം കണ്ടെത്തുന്നു. സത്യത്തിൽ പ്രപഞ്ചത്തിലെ പുറം തിരിഞ്ഞ നൈതിക ക്രമത്തെ കലാസൃഷ്‌ടിയിലൂടെ മനുഷ്യൻ തന്റേതാക്കി മാറ്റുകയാണിവിടെ .ഏകാന്തത നിറഞ്ഞ പ്രവർത്തനമാണെങ്കിലും സൃഷ്‌ടിയുടെ ഓരോ വേളയിലും ആത്മാവും പ്രപഞ്ചവും പരസ്‌പരം വസ്‌ത്രമണിയിക്കുകയും വിരുന്നു നൽകുകയും ചെയ്യുന്നു.

ജീവിക്കാനുള്ള തൃഷ്‌ണയിൽ നിന്നാണ്‌ സ്വന്തം പ്രതിരൂപം തേടി മനുഷ്യൻ കലകളിലെത്തിച്ചേർന്നത്‌. എന്നാൽ സൗന്ദര്യത്തിന്റെ നോവ്‌ സൃഷ്‌ടിക്കപ്പുറത്ത്‌ ജീവിതത്തിന്റെ രൂപത്തിലും പ്രകടമാവുന്നുണ്ട്‌. സ്വയം ഏറ്റുവാങ്ങുന്ന അരുതായ്‌കകളുടെ അധോമുഖമായ പ്രയാണം ജീവിത രൂപമായി നിൽക്കുന്നു. ജീവിതം ഉൾവേദനകൾ പേറുമ്പോൾ മനുഷ്യന്‌ പ്രവാചകനാവാതെ വയ്യ. ഭാവിയിലേക്കും മനുഷ്യരിലേക്കും അവന്റെ മിഴികൾ ആഴ്‌ന്നിറങ്ങുന്നു. അതൊരു ദുഃഖമായി വീഴുന്നു. എന്നാൽ അതേ സമയം ,ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയാതെ വരുന്ന അധോബിംബം(profile) ബാഹ്യമായ സൃഷ്‌ടികളുടെ ശാലകളിലേക്ക്‌ യാത്രയാകുന്നുണ്ട്‌. അങ്ങനെ കലാസൃഷ്‌ടിയുടെ വചസ്സ്‌ തെളിയുന്നു. വാക്കുകളെയും നിറങ്ങളെയും പ്രപഞ്ചവസ്തുക്കളേയും ഉള്ളിൽ പേറിക്കൊണ്ട്‌ നഷ്‌ടപ്പെട്ടുപോയ കണ്ണികൾ പെറുക്കിയെടുക്കാനും പ്രപഞ്ചത്തിന്‌ ദൃശ്യമായ ഐഹിക ശൃംഖല മെനെഞ്ഞെടുക്കാനും കലാകാരൻ ശ്രമിക്കുന്നു. ദുഃഖം ഉച്ഛരിക്കാനാവാതെ പോയ ഏതോ ഗാഢസന്ധിയിൽ ടാഗോർ പാടുന്നുണ്ട്‌ : അമ്മേ ,എന്റെ സങ്കടങ്ങളുടെ തുള്ളികൾ കൊണ്ട്‌ , മുത്തുമാലയണിയാം എന്ന്‌. കലയും, സൗന്ദര്യവും ആത്മാവിന്റെ ഏകമുനയിൽ വിശ്വത്തിലെ സാരവത്തായ സമാധിയായിത്തീരുന്നു. അത്‌ ഉള്ളിന്റെ വ്യതിരിക്തതകളെ കരുണ കൊണ്ട്‌ പ്രസാദിപ്പിക്കുന്നു. സൗന്ദര്യം മനുഷ്യനെ ആദ്ധ്യാത്മികമായി വിനമ്രനും ആതുരനും ആക്കുന്നത്‌ ഒരേ സമയത്താണ്‌. അതവന്റെ ജൈവസംയുക്തങ്ങളുടെ സാകല്യമായ പ്രമാണവും നിലവിളികളുമായിത്തീരുന്നു.

ദുഃഖത്തിന്റെ ആശിർവാദവും യോഗിയുടെ കണ്ണീരും കലർന്നതാണ്‌ സൗന്ദര്യ ബോധം. പരിത്യക്തന്റെ വേപഥുവും രോഗിയുടെ മന്ദഹാസവും ചേർന്നതാണ്‌ സൗന്ദര്യാനുഭവം.

മൃത്യുവിന്റെ വാർത്ത കേൾക്കുക മാത്രമാണ്‌ സുഖകരമായ അനുഭവം എന്നു പറയുന്ന മൊണ്ടെയ്‌ന്റെ സൗന്ദര്യബോധവും ഇവിടെയുണ്ട്‌. ഒരാളുടെ മരണസമയത്തുണ്ടായിരുന്ന മുഖസ്പർശങ്ങളും വാക്കുകളും ഉച്ഛാരണങ്ങളും തന്നെ സുരതത്തോളം എത്തിക്കുന്നതായി മൊണ്ടെയ്‌ൻ അറിയിക്കുന്നു. ഇവിടെ നേര്‌ തീവ്രമായ ആഘാതവും ഉദ്ദീപനരക്ഷസ്സുമായിത്തീരുകയാണ്‌. വൃക്ഷത്തിൽ നിന്ന്‌ നനഞ്ഞ ഇല , പൂക്കളിൽ നിന്ന്‌ ജലകണം , ആകാശത്തിൽ നിന്ന്‌ തിളങ്ങുന്ന രശ്‌മി -സൗന്ദര്യക്കാഴ്‌ച്ചയുടെ ധാതുക്കൾ മനസ്സിന്റെ മുറ്റത്ത്‌ തന്നെയാണ്‌. ഇങ്ങനെ സൗന്ദര്യം ഹൃദയത്തിന്റെ ഏതോ അർദ്ധ സുഷുപ്‌തിയിൽ പ്രവചനാതീതമായ നീലിമ സൃഷ്‌ടിച്ചപ്പോഴാണ്‌ ഒ.വി.വിജയൻ ഖസാക്ക്‌ എഴുതിയത്‌.തന്റെ ഉൺമയുടെ എല്ലാ അവ്യക്‌തതകളും പ്രണയങ്ങളും ബോധത്തിന്റെ ഔന്നത്യത്തിൽ നിന്നുകൊണ്ട്‌ വിജയൻ പകർത്തി.

അതിൽ യുക്തിയുടെ സരളമായ ആന്ധ്യം പുഷ്‌പിച്ചിട്ടുണ്ടായിരുന്നു. വിവേകത്തിന്റെ നിർമ്മലമായ ദാസ്യം ഉച്ചാരണം ശീലിക്കുന്നുണ്ടായിരുന്നു. മൺമറഞ്ഞുപോയ സന്ധ്യകളും ആത്മാക്കളും രാത്രിയുടെ ഏതോ മുഹൂർത്തത്തിൽ വന്ന്‌ മനസ്സിനെ വിളിച്ചു. കൽപ്പവൃക്ഷത്തിന്റെ തൊണ്ടു കാണാനായി മനസ്സ്‌ കൺമിഴിച്ചു.ആകാശത്തിന്റെ നിറച്ചാർത്തുകളിലെവിടേയോ കത്തിനിന്ന്‌ മോഹാലസ്യവും നീലിമയും മനസ്സിൽ . ഭീതി പുരണ്ട സ്വപ്‌നങ്ങൾ , അവിടെ നിന്ന്‌ ഇറങ്ങാനാവാതെ നിദ്രയുടെ സ്ഫോടനങ്ങളിലേക്കും തളർച്ചയുടെ ആന്തരരാഗമാലികകളിലേക്കും പറന്നുചെല്ലേണ്ടതിനെ കുറിച്ചോര്‍ത്തു . സൗന്ദര്യദർശനത്തിന്റെ പ്രാപഞ്ചിക വിതാനങ്ങളുരുകി തെളിച്ച വിജയന്റെ അധോലോകം ബഹുമുഖമായ കലാസന്ദർഭത്തിൽ കിളിർക്കാനിടയായതിങ്ങനെയാണ്‌.

ഓരോ മനുഷ്യനും അതീവ രഹസ്യമായി സംഭരിക്കുന്ന ചരിത്ര സ്മൃതികളും പുരാവൃത്തങ്ങളുമുണ്ട്‌. ഏകാകിയായി ഭൂതസ്പർശങ്ങളിൽ വീണുഴലുമ്പോൾ ആത്മാവിന്റെ പ്രാചീനതയിലെവിടേയോ നട്ടുവളർത്തിയ പകൽക്കിനാവുകൾ നാമ്പെടുക്കുന്നു. അത്‌` പിന്നീട്‌` ജൈവതന്തുക്കളിൽ നിറയുന്നു. ഭൂതവസ്തുതയോടുള്ള പ്രമാണമായിതീരുന്നു. ഗതകാലത്തിന്റെ ശോകമുദ്രകളിലാണ്‌ ആത്മബിംബം .വീഴ്‌ച്ചകളില്ലാത്ത അശ്വമേധങ്ങൾ നടത്തേണ്ടത്‌ പോയ കിനാവുകളുടെ ഭൂമിയിലാണ്‌`.



അവിടെ നിന്ന്‌ ശേഖരിക്കുന്ന നനവാർന്ന മണ്ണ്‌, പിന്നെ വിശ്രമ വേളകളിലാകെ ഉൻമേഷം പകരുന്നു. ഗതകാലത്തിന്റെ ശിരസ്സ്‌ ശയിക്കുന്ന തടത്തിൽ നിന്നുള്ള കഥകളാണ്‌ നരനെ ആതുര ഘട്ടത്തിൽ ആശ്വസിപ്പിക്കുന്നത്‌. സത്യത്തിൽ ചരിത്രസംഭവങ്ങളിൽ ആകൃഷ്‌ടരാകുന്നതും അതിൽനിന്നുള്ള പ്രലോഭനത്തിൽ മനുഷ്യന്റെ ചരിത്രം കുറിക്കാൻ പ്രേരണ ജനിക്കുന്നതും ഈ സാഹചര്യത്തിലാണ്‌. ചരിത്ര സന്ദർഭങ്ങളെ സ്പർശിച്ചുണരുന്ന കലാസൃഷ്‌ടികളും വൈയക്തികമായ ഉൾപീഡകളുടെ പ്രകടനങ്ങളായിതീരുന്നതിങ്ങനെയാണ്‌.

മലയാളത്തിൽ ചരിത്ര നോവലുകൾ സി.വി.യുടെ ചിന്തകൾ മുതലാണ്‌ ആരംഭിക്കുന്നത്‌. ആ നോവലുകൾക്ക്‌` ചിത്തത്തിന്റെ വായ്‌ത്തലയിൽ വീണ വാക്കുകളുടെ രക്തപ്പാടുകളുണ്ടായിരുന്നു.എന്നാൽ മനുഷ്യ മനസ്സാക്ഷിയുടെ ക്രമവും അക്രമവും ചാലിച്ചുള്ള ധാരയിൽ , ആത്മാവിൽ നിന്നുള്ള വംശക്കുറിപ്പുകളിൽ ശേഷം വന്ന എഴുത്തുകാർ വിമുഖത കാണിച്ചു. ഉറൂബും ബഷീറും വ്യക്തിയുടെ തുരുത്തുകൾ കാണാനാണ്‌ കൂടുതൽ ഇഷ്‌ടപ്പെട്ടത്‌. മഥിക്കുന്ന ഭൗതികവസ്തുക്കളും ലൗകികരഹസ്യങ്ങളും ഈ എഴുത്തുകാരെ ചില നേരങ്ങളിൽ വിഷമിപ്പിച്ചു. അതവരുടെ മനസ്സിന്റെ സഹജമായ സ്വഭാവനിഷ്‌ഠയോ ,വൈയക്തികമായൊരു നിർബന്ധമോ ആയിരുന്നു. നിമ്നോന്നതങ്ങളിലൂടെ സഞ്ചരിക്കാനുള്ള മനസ്സിന്റെ കഴിവിനെ അവർ പരീക്ഷിക്കുകയായിരുന്നു.എന്നാല്‍ അതിലും സജീവമായി ആത്മാവിന്‍‌റെ വ്യസനസന്നിഗ്‌ദ്ധമായ ദ്വീപുകളെ അടുത്തറിയാനും‌ ഭൗതികലോകത്തോടുള്ള പ്രജ്ഞാപരമായൊരു കലാപത്തില്‍ കൂടുതല്‍ വികാരത്തോടെ പങ്കെടുക്കാനും‌ ഉദ്യമിച്ചത് പുതിയ എഴുത്തുകാരാണ്‌. അവരുടെ നോവലുകളില്‍ ഹൃദയത്തിന്റെ നിഷ്‌ഠക്കൊത്ത്‌ പ്രപഞ്ച വസ്തുതകള്‍ മാറി. ദൃഢമായ ഖരവസ്തുക്കള്‍ മഞ്ഞു പോലെ സ്നിഗ്‌ദ്ധമായി. ആര്‍ദ്ര ചും‌ബനങ്ങള്‍ നടക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ലൗകിക ദുരന്തമായി . വൈകാരികമായ അവസ്ഥാഭേദം മനസ്സിന്‍‌റെ കപടവാദങ്ങളെ വേറൊരു വഴിക്കു നയിച്ചു. ഹൃദയത്തില്‍ സ്വന്തം വിഷമവൃത്തങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാക്കുകള്‍ക്കുണ്ടായ ഭാരം അവരെ പുതിയ കലയുടെ സൗന്ദര്യവേദനകളിലേക്ക്‌ ആനയിച്ചു.

വൈരുദ്ധ്യത്തിലേക്കും സത്യത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്താവുന്നവയാകണം വാക്കുകളെന്ന്` തോറോ നിഷ്‌ക്കർഷിച്ചത്‌` ഓർമ്മ വരുന്നു. വാക്കുകളിൽ നിന്ന്‌ മനസ്സിനെയോ, മനസ്സിൽ നിന്ന് വാക്കിനെയോ, വ്യതിചലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ വൈരുദ്ധ്യവും സത്യവും ഇണചേരുകയാണ്‌. ശിലയുടെ കണ്ണീരും സംസാരവും ഇഴുകിചേർന്ന സ്വപ്‌നനിറമുള്ള പദശൃംഖലയാണ്‌ യാഥാർത്ത്യത്തിന്റെ ആത്മീയമായ ഭാഷ്യത്തിനായി വിജയൻ കണ്ടെത്തിയത്‌. മണ്ണിൽ വീണുകിടക്കുന്ന ഏതോ പുരാതന ശിൽപ്പത്തിലും തന്റെ വ്യഥയുടെ അവശിഷ്‌ടങ്ങൾ കണ്ട്‌ വിജയൻ പരിഭ്രമിച്ചു. വാക്കുകളിലും മനസ്സിന്റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കൾ അലിഞ്ഞുചേർന്നിരിക്കുന്നു. കല്ലിന്റെ കാഠിന്യവും ഇലയുടെ സ്നിഗ്‌ദ്ധതയും പദങ്ങൾക്കുണ്ട്‌.


വാക്കുകൾക്ക്‌ എത്ര നാളാണ്‌ മനസ്സിൽ കഴിയാൻ നിയോഗമുള്ളത്‌! പദങ്ങളുടെ ആവനാഴിയിൽ തന്റെ ഉൺമ ഊറിതെളിയുന്നു. വിജയന്റെ സ്മൃതിതലങ്ങളിൽ സൃഷ്‌ടിയുടെ സൗന്ദര്യ വ്യസനങ്ങൾ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്‌. മനസ്സിലേക്കുള്ള യാത്രയിൽ കാഴ്‌ചകൾക്കപ്പുറത്ത്‌ പദങ്ങൾ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേർപ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകൾ ആത്മാവിന്റെ കൂട്ടിലേക്ക്‌` ആതുരതയോടെ യാത്ര ചെയ്യുന്നു. "ഖസാക്കിന്റെ ഇതിഹാസത്തിൽ" വിജയൻ പ്രവാസത്തിന്റെ നൊമ്പരമാവിഷ്‌ക്കരിക്കാനാണ്‌ തുനിഞ്ഞത്‌. ഇനിയൊരിക്കലും വിളിച്ചുവരുത്താനാകാത്ത ദുഃഖഭാവങ്ങൾ കാതുകളിൽ ചിലമ്പൊച്ചയുണർത്തി മറയുന്നു. കാമുകന്റെ വക്ഷസ്സു തലോടി കന്യക അടുത്തുതന്നെയുണ്ട്‌. ദൈവത്തിന്റെ പുഞ്ചിരി ഇവിടെ , ഇവിടെ മാത്രമാണ്‌. എങ്കിലും ഇച്ഛാഭംഗത്തിന്റെ ഇലച്ചാർത്തുകൾ കാണുന്നു.

സൗന്ദര്യം വിഷാദമാണ്‌ .അത്‌ കൻമദത്തിന്റെ പ്രഭവമെങ്കിലും മനസ്സിന്റെ മാന്ത്രിക ലഹരിയിൽ പുനരാവിഷ്‌ക്കരിക്കപ്പെടാതെ എല്ലാം മയങ്ങട്ടെ. കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ്‌ വാക്കുകൾ.അവയുടെ അനന്തമായ സ്നേഹസ്പർശങ്ങൾ തരുണവേനലുകൾക്കായി കൂട്‌ സംരക്ഷിക്കുന്നു. ദൈവത്തിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തായത്‌ സ്നേഹമാണെന്ന്‌ ഓർത്തുകൊണ്ടുതന്നെ പദങ്ങളും അവയുടെ ആത്മഭാവങ്ങൾക്കായി മഞ്ഞിൻ തൂവലുകളുള്ള കൂട്ടിലേക്ക്‌,യാത്രയാവുന്നു. അത്രയും വിജയന്റെ ദുഃഖപൂർണ്ണമായ മനസ്സിന്‌ ശാന്തിയരുളി.

ഏതോ സ്തബ്ധമായ ഉൾബോധത്തിലേക്ക്‌ ജാഗ്രതയില്ലാതെ പ്രവേശിക്കുമ്പോഴാണ്‌ സ്മൃതിയുടെ പേടകം തകർന്നത്‌` .ഘോരസ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി ,പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ്‌ സായംകാലങ്ങളിൽ അലഞ്ഞുനടക്കുന്നു. ആത്മാവിന്റെ മുറ്റത്തെ മുല്ല ഇന്നും പുഷ്‌പിച്ചു.

അവൾ ദുഃഖിതയാണെങ്കിലും ഇലകളിൽ പച്ചപ്പുണ്ട്‌. കടലിലേക്കു പോയ മുക്കുവനെതേടി കാലങ്ങളുടെ ഉള്ളിലിരുന്ന്‌ വ്രണിതയായ മിഥുനം വിതുമ്പുന്നു. നഷ്‌ടപ്പെട്ട സ്മൃതി തേടി യാത്ര തുടരാം. ബുച്ചർ അറിയിക്കുന്നതുപോലെ കല എത്ര പിന്നീടാണ്‌ മനുഷ്യന്റെ ഉപയോഗത്തിലെത്തുന്നത്‌.

സൃഷ്‌ടിയും, സൗന്ദര്യവും പ്രാഥമികമായി , ഒരായുസ്സിന്റെ രക്ഷയാണെന്നോർമ്മിക്കുക. ആൽഡ്‌സ്‌ ഹക്‌സ്‌ലി വെളിപ്പെടുത്തുന്നതിലും , കാതലായ അംശം സ്മൃതിയിൽ അവശേഷിച്ചുപോയ ഉൺമയെക്കുറിച്ചാണ്‌. തന്റെ നാമവും, ഓർമ്മകളും എല്ലാം എനിക്കെന്നോ ഉണ്ടായിരുന്ന ഭാവത്തിൽ നിന്നാണെന്ന്‌ ആ മനസ്സ്‌ സൂചിപ്പിക്കുന്നുണ്ട്‌. ഭൂതത്തിൽ നിന്ന്‌ മിഴി നേടിയ അസ്തിത വിജയന്റെ കലാസാഹചര്യങ്ങളിൽ ഭാവപൂർണ്ണമായൊരു അനുധ്യാനത്തിന്‌ പദങ്ങൾ പാകുന്നുണ്ട്‌.

home

ഖസാക്കിലേക്ക്‌















aathmayanagalude khasak/m k harikumar

ഖസാക്കിലേക്ക്‌ -1

"ഖസാക്കിൻറെ ഇതിഹാസം "കൈയ്യിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിൻറെ സൗന്ദര്യസാധ്യതകളാണ്‌. മലയാളിയുടെ മനസ്സിൻറെ അരികുകളിൽ ഖസാക്ക്‌ കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ.വി. വിജയൻ പിന്നീട്‌ പല രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചതു ഖസാക്കാണ്‌. 'ധർമ്മപുരാണവും' ഗുരുസാഗരവും 'മധുരം ഗായതിയും' വിജയന്റെ ഇതര നോവലുകൾ എന്ന നിലക്ക്‌ ശ്രദ്ധേയങ്ങളെങ്കിലും
കലാചിന്തകളുടെ പരീക്ഷണശാല എന്ന ബഹുമതി "ഖസാക്കിൻറെ ഇതിഹാസത്തിനാണ്‌" ലഭിക്കുക. നിഗൂഢമായ മനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ പകരുക മാത്രമല്ല ഈ കൃതി ചെയ്യുന്നത്‌. പ്രാകൃതമായ മനുഷ്യ ജീവിതത്തിന്റെ ദുരന്തങ്ങളെ പ്രവചിക്കാൻ നോവലിലെ ഗ്രാമവും, കഥാപാത്രങ്ങളും മുതിരുന്നു എന്നതാണ്‌ വസ്‌തുത. മനസ്സിൽ നടക്കുന്ന ദുരന്തങ്ങളുടെ അതേ പകർപ്പുകളായി നോവലിൽ പ്രകൃതിയും ചുറ്റുപാടുകളും മനുഷ്യന്‌ മാറിവരുന്നു. അന്വേഷിക്കുന്നത്‌ കണ്ടെത്തുമ്പോഴുള്ള ആനന്ദം ഖസാക്കിലാകെ നിറഞ്ഞുനിൽക്കുന്നു. മഹാവൃക്ഷങ്ങളുടെ വേരുകൾക്കിടയിൽ തട്ടിയൊഴുകുന്ന ചെറിയ തെളിനീർചാലുപോലെയാണ്‌ ഇവിടെ ആനന്ദം പ്രസരിക്കുന്നത്‌. സൂക്ഷമാർത്ഥങ്ങളെക്കുറിച്ചുള്ള മൗനങ്ങൾ കഥാപാത്രങ്ങളുടെ ഉള്ളിൽ പെരുകുന്നു. പരംപൊരുൾ ശരീരത്തിന്റേയോ മനസ്സിന്റേയോ അതിർത്തിയിലെവിടേയോ വന്നു മുട്ടിനിൽക്കുന്ന ഭയവും സംഘർഷവും ഖസാക്കിലെ ഓരോ വരിയിലും തുടിച്ചുനിൽക്കുകയാണ്‌. കണ്ടറിയാവുന്ന നിമിഷങ്ങളുടെ അളവും വ്യാപ്‌തിയും ഏതോ അവസാനിക്കാത്ത പ്രവാഹത്തിന്റെ ചിഹ്‌നങ്ങളാണെന്ന്‌ നാം പൊടുന്നനെ ഓർമ്മിച്ചുപോകുന്നു. "സെമിറ്റ്രിക്കൽ സൈപ്രസസ്‌" എന്ന്‌ ഡയാനാകുപ്പറുടെ ആത്മകഥയിൽ ഒരിടത്ത്‌ എഴുതിയിരിക്കുന്നു. പ്രകൃതിയുടെ സമ്മാനങ്ങളിലെ പൊരുൾ സന്ധ്യയുടേയും സൗന്ദര്യത്തിന്റേയും സഹായത്തോടെ അവർ ആരായുന്നു. വൈകാരിക ഭാവങ്ങളുടെ ഞൊടിനേരത്തെ പ്രക്ഷോഭത്തിനു ശേഷം പിന്നെയുള്ളത്‌ ആകാംക്ഷയും അറിവും നഷ്‌ടമായതിന്റെ വിഷാദമാണ്‌.ഒരു ജീവകണം പൊട്ടിത്തെറിച്ച്‌ പരമാർത്ഥത്തിന്റെ വലയത്തിനപ്പുറത്തു പോകുന്നു. ഏകാന്തമായ പ്രയാണത്തിന്റെ അദൃശ്യമായ പ്രേരകശക്‌തികൾ എവിടെയെല്ലാമോ ചിതറികിടക്കുന്നു.

ഒരാളുടെ വ്യക്‌തിപരമായ നഷ്‌ടത്തിന്റെ സാദൃശ്യം പോലെയാണ്‌ ഖസാക്ക്‌ എന്ന ഗ്രാമം പ്രത്യക്ഷപ്പെടുന്നത്‌. അത്‌ രാഷ്‌ട്രീയമായും സാമൂഹികമായും അമർത്തപ്പെട്ടതിനു ശേഷമുള്ള പ്രാകൃതത്വം പേറിനിൽക്കുന്നു. ദുരന്തത്തിന്റെ സ്മാരകം പോലെ ആ ഗ്രാമം വ്യക്‌തിയെ വിഷാദശീലനാക്കുന്നു. ഓർമ്മകളുടെ സർപ്പങ്ങൾ വലിഞ്ഞുമുറുക്കിക്കൊല്ലുന്ന രാത്രിയാണവിടെ .ദുരന്തത്തെ അഭിദർശിക്കുന്നവർക്ക്‌ ഒരു ലോകം നഷ്‌ടമാകുന്നു. വിജയനും തന്റെ ലോകം നഷ്‌ടമാവുകയാണ്‌. നഷ്‌ടപ്പെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും പരിഷ്‌കൃതിയുടേതുമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചരിത്രകാരനായിരുന്ന പാർക്‌മാൻ ദുരന്തത്തെ തന്റെ തേടലിന്റെ സിരാകേന്ദ്രമാക്കി പ്രതിഷ്‌ഠിച്ചതു മനുഷ്യാത്മാവിന്റെ ആധികാരിക മഹത്വത്തെ പുറത്തുകൊണ്ടുവരാനും പരീക്ഷിച്ചുനോക്കാനുമായിരുന്നു. വിജയനും ചരിത്രകാരനെപ്പോലെ തന്നെ ദുരന്തത്തെ തന്റെ രചനയുടെ കേന്ദ്രമാക്കി വെച്ചു. അതിലൂടെ ഏതാനും കഥാപാത്രങ്ങളെ അദ്ദേഹം തുറന്നു കാണിച്ചു.ശാസ്‌ത്രവും ദൈവവും കടന്നുചെല്ലാൻ മടിച്ച അവരുടെ മനസ്സുകളുടെ തനിമയാർന്ന ആധികാരിക മഹത്വവും ദൃശ്യപ്പെടുത്തി. കലാകാരനായ വിജയൻ ചരിത്രകാരനേക്കാൾ കുറേക്കൂടി സാധ്യതകൾ ആരായുന്നു. കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക്‌ ആ സ്ഥലം അത്ര അപരിചിതമായി തോന്നിയില്ല എന്നുള്ള തുടക്കം തന്നെ നോവലിസ്‌റ്റ്‌ തന്റെ ദുരന്ത ദർശനം വെളിവാക്കാൻ ഉപയോഗിക്കുകയാണ്‌. രവിയുടെ ഭൂതകാല ദുരന്തം സ്വയം വിമർശിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. ബോധമനസ്സ്‌ ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. അതേ സമയം അബോധത്തിലെങ്ങോ ഇങ്ങനെയൊരു പരിണാമം താൻ പ്രതീക്ഷിച്ചിരിക്കണം എന്ന്‌ അയാൾ അനുമാനിക്കുകയും ചെയ്യുന്നു. കനിവു നിറഞ്ഞ വാർദ്ധക്യവും കുഷ്‌ഠം പറ്റിയ വേരുകളും അയാൾ കൂമൻകാവിലെ പടർന്നു പന്തലിച്ച മാവുകളിൽ കണ്ടെത്തുന്നു.

വാർദ്ധക്യവും രവിയുടെ അച്ഛന്റേതാണ്‌.കുഷ്‌ഠരോഗ കേന്ദ്രങ്ങളിൽ അയാൾ അലഞ്ഞിട്ടുണ്ട്‌.അച്ഛന്റെ ചിത്രവും കുഷ്‌ഠരോഗികളുടെ വേദനിക്കുന്ന മുഖവും കൈകാലുകളും രവിയുടെ മനസ്സിൽ സ്ഥായിയായിതന്നെ നിൽക്കുന്നു. കൂമൻകാവിന്റെ ഭൗതിക പരിതഃസ്ഥിതിയും രവിയുടെ മാനസിക പീഡകളും ഒരേ ബിന്ദുവിൽ സമ്മേളിക്കുന്ന ചാരുതയാണ്‌ വിജയനെ ഉന്നതനായ ദുരന്ത ദർശനകലാകരനാക്കി മാറ്റുന്നത്‌. ദുരന്ത ദർശനത്തിലൂടെ മനുഷ്യന്‌ സ്വയം കാണാനുള്ള അവസരമാണുണ്ടാകുന്നത്‌`.പ്രതാപത്തിന്റെ നഷ്‌ടം നമ്മുടെ സാഹിത്യലോകത്ത്‌ ചർച്ചാവിഷയമായത്‌ ഈ ദുരന്തപ്രേമം കൊണ്ടാണെന്നറിയുക. അന്തരംഗത്തിന്റെ തകർച്ചയാണ്‌ ദുരന്തബോധത്തിന്‌ വിത്തു പാകുന്നത്‌. രവിയെന്ന കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല ദുരന്തം സംഭവിക്കുന്നത്‌. ആബിദ, മൈമൂന, നൈസാമലി, കൊഴണശ്ശേരിയിലെ കമ്മ്യൂണിസ്‌റ്റുകൾ ,വൃദ്ധൻമാവ്‌ ,കരിമ്പനകൾ ,നീലി, എന്നീ വസ്‌തുക്കൾക്കെല്ലാം സർവ്വവ്യാപിയായ ദുരന്തത്തിൽ നിന്ന്‌ മോചനമില്ലെന്നറിയുക.ദുരന്തബോധം ഇവിടെ കാവ്യാത്മകമായി , വെറും പര്യവസാനമല്ല. വിഷാദത്തിന്റേയും സൗന്ദര്യ്ത്തിന്റേയും സംയോജനങ്ങളിലൂടെ ഈ ലോകത്തിനപ്പുറത്തേക്കുള്ള യാത്രയാണ്‌.
കാലഘട്ടത്തിന്റെ എല്ലാ അഭിവാഞ്ചകളിലും ആഴ്‌ന്നിറങ്ങി വ്യാപരിക്കുന്ന മനസ്സാണ്‌ വിജയന്റേത്‌. അതെല്ലാം സകല മാനുഷിക ഭാവങ്ങളിലുമുള്ള യാതനയും, വേദനയും ആവിഷ്‌ക്കരിക്കാനുള്ള ഇന്ധനമായി അദ്ദേഹം ഉപയോഗിക്കുന്നു. ഭൗതിക പരിതഃസ്ഥിതിയുടെ തിരയിളക്കങ്ങളിൽ നിന്ന്` എഴുത്തുകാരന്‌ കണ്ണെടുക്കാനാവില്ല. എങ്കിലും വിജയന്റെ നോവൽ നടക്കുന്നത്‌` ഗ്രാമത്തിലാണ്‌. ഗ്രാമം എന്നു പറഞ്ഞാൽ പോരാ, ചരിത്രത്തിന്റെ സാവധാനത്തിലുള്ള പദചലനങ്ങൾ കേൾക്കുന്ന സ്ഥലം എന്നു പറയണം. ഗ്രാമത്തോടുള്ള അഭിവാഞ്ച ചരിത്രത്തോടും ദുരന്തത്തോടുമുള്ള മനോഭാവമാണ്‌ പ്രകടിപ്പിക്കുന്നത്‌. ഏതെങ്കിലും ആശയ സംഹിതയുടെ ഒരു മൂലയിൽ മനസ്സാക്ഷി കണ്ടെത്തുകയാണ്‌ വിജയൻ. നേരും നേരായ പന്ഥാവും കണ്ടറിയാന്‍ ഏറ്റവും ലളിതമായ മാർഗ്ഗമാണത്‌. പാർക്‌മാൻ വനത്തോടാണ്‌ താൽപ്പര്യം പ്രകടിപ്പിച്ചതു. വനത്തിന്റെ ചരിത്രം അമേരിക്കയുടെ തന്നെ ചരിത്രമാണ്‌ ഫ്രാൻസിനോടും, ഇംഗ്ലണ്ടിനോടും അമേരിക്കൻ സ്പിരിറ്റ്‌ ഏറ്റുമുട്ടിയത്‌ വനാന്തരങ്ങളിൽ വെച്ചായിരുന്നു. വനത്തോടു ആഭിമുഖ്യം പാർക്‌മാന്റെ ചരിത്രത്തോടുള്ള ആഭിമുഖ്യമാണ്‌ വ്യക്തമാക്കുന്നത്‌. ഈ ചരിത്ര സമീപനം സാക്ഷാൽ വനത്തിന്റെ തന്നെ ബിംബം രൂപപ്പെടുത്താനും ചരിത്രകാരനെ സഹായിക്കുന്നു.
ഏത്‌ സർഗ്ഗാത്മക കലാകാരനും ഉയർന്ന മാനദണ്ഡങ്ങളിൽ സ്വന്തം ലോകത്തിന്റെ ചരിത്രവും മനസ്സാക്ഷിയും തമ്മിലുള്ള സംഘട്ടനങ്ങളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. ലോകചരിത്രം അംഗീകരിക്കപ്പെട്ട ചുവടുകൾ സ്വീകരിക്കണമെന്നില്ല. എപ്പോഴും ചരിത്രവും മനസ്സാക്ഷിയും തമ്മിലുള്ള സംഘട്ടനങ്ങളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. ലോകചരിത്രം അംഗീകരിക്കപ്പെട്ട ചുവടുകൾ സ്വീകരിച്ചുകൊള്ളണമെന്നില്ല. എപ്പോഴും ചരിത്രം ആരുമറിയാതെ പോയ തേങ്ങലോ നിരപരാധിത്വമോ ആകാം. അത്‌` വിപുലീകരിക്കുന്നതാണ്‌ ലോകസത്യമായി മാറുന്നത്‌ .ചേർത്താൽ വേഗം ഒട്ടിപിടിക്കുന്നതാണ്‌ മനസ്സാക്ഷിയും ചരിത്രവും .വേർപ്പെടുത്തിയാൽ ആർക്കും തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയാത്തതും. ചരിത്രകാരനും നോവലിസ്‌റ്റും ഒരേപോലെ ചിന്തിക്കുന്നതാണ്‌ നാമിവിടെ കാണുന്നത്‌. പാർക്‌മാൻ വനത്തോടു കാണിച്ച പ്രതിപത്തി വിജയൻ ഗ്രാമത്തോടു കാണിക്കുന്നു. ഗ്രാമം നമ്മുടെ രാജ്യത്തിന്റെ എല്ലാ തരത്തിലുള്ള തകർച്ചയുടേയും ചിത്രം നൽകുന്നുണ്ട്‌. എല്ലാത്തിനും മനുഷ്യരെ ഉപയോഗിക്കുകയാണ്‌ അവിടെ. അക്ഷരവും വിജ്ഞാനവും അറച്ചുനിൽക്കുകയാണ്‌ അവിടെ. സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ്‌ അവിടെയുള്ളവരുടെ ഊർജ്ജവും, മസ്‌തിഷ്‌ക്കവും സ്വാതന്ത്ര്യത്തിനകത്തു വെച്ച്‌ നടത്തുന്ന ഏറ്റവും വലിയ കൊളോണിയൽ അടിച്ചമർത്തലിന്റെ ഇരകളാണ്‌ ഗ്രാമങ്ങൾ
തന്റെ ഏതാണ്ട്‌ എല്ലാ രചനകളിലും വിജയൻ നഗരത്തിൽ നിന്ന്` ഗ്രാമത്തിലേക്ക്‌ കഥ കൊണ്ടുവരുന്നതായി കാണാം. എല്ലാത്തിനേയും നോക്കികാണുന്നതിലെ മനോഭാവമാണ്‌ ഇവിടുത്തെ പ്രത്യേകത.
സ്വത്വത്തെ നേരിടുന്നതിന്റെ പ്രധാന കരുതൽ ശേഖരമാണ്‌ വിജയനു ഗ്രാമം. തന്റെ സ്വത്വത്തിന്റെ പ്രാഥമികമായ അവസ്ഥ വികാസം പ്രാപിച്ചതും ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയോടു ചേർന്നാണ്‌. വികാരങ്ങളുടേയ്യും അനുഭവങ്ങളുടേയും ശുദ്ധമായ ഭാവവും ഈ എഴുത്തുകാരൻ തേടുന്നത്‌ ഗ്രാമത്തിന്റെ സ്വച്ഛതയിലാണ്‌. ഗ്രാമം വിജയന്‌ ഒരു പിടി മണ്ണല്ല. തന്റെ ആത്മാവിന്റെ പ്രാഥമികവും പക്വതയാർന്നതുമായ മാഹാത്മ്യമാണ്‌. പാർക്‌മാനേയും വിജയനേയും ഒരേ രീതിയിൽ അവലംബിക്കുന്നതിലാണ്‌ നാം"ഖസാക്കിന്റെ ഇതിഹാസത്തിലെ" ചരിത്രസ്‌പർശിനികൾ (ഹിസ്‌റ്റോറിക്കൽ ടാത്ത്‌ജന്റ്‌സ്‌)കണ്ടെത്തുന്നത്‌. ഏത്‌ വൈകാരികാനുഭവത്തിന്റേയും മുഖം മനുഷ്യ വർഗ്ഗത്തിന്റെ പ്രാചീനതയിലേക്ക്‌ നീണ്ടുചെല്ലുന്നത്‌ "ഖസാക്കിന്റെ ഇതിഹാസത്തിൽ" കാണാം. ഈ നോവലിലെ തുടക്കത്തിലെ ഖണ്ഡിക പോലും ഇതാണ്‌ വ്യഞ്ജിപ്പിക്കുന്നത്‌. കഴിഞ്ഞകാല തിരിച്ചറിവുകളുടെ വിഷാദഭാരത്തിൽ നിന്ന്‌ രവിക്ക്‌ ഒരിക്കലും പുറത്തു കടക്കാനാവില്ലെന്നതാണ്‌ വസ്‌തുത. അയാൾ പരിചയിക്കുന്ന ഓരോ വസ്‌തുവും ചരാചരങ്ങളുമെല്ലാം ഭൂതകാലത്തിന്റെ തുടർച്ചയായി മാറുന്നു. അതുകൊണ്ടു തന്നെ ജീവിത വൈകാരിത അടിസ്‌ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. ഇതാകട്ടെ പുരാതനമായ നിരപരാധിത്വത്തെക്കുറിച്ചുള്ള സാത്വികമായ വേദനകളാണ്‌ പ്രസരിപ്പിക്കുന്നത്‌. തെറ്റ്‌ ചെയ്‌തുകൊണ്ടും അൽപ്പാൽപ്പമായി നുകരുന്ന നിഷ്‌ക്കളങ്കതയാണ്‌ അത്‌.

ആദിമമായ വിചാരത്തിന്റെ ശുദ്ധത നേടിയെടുക്കാൻ വിജയൻ നിരവധി സങ്കേതങ്ങളാണ്‌ നോവലിൽ ഉപയോഗിക്കുന്നത്‌. പന്ത്രണ്ടും പതിമൂന്നും അധ്യായങ്ങളിൽ നോവലിന്റെ വിചാരപരമായ സങ്കേതങ്ങളെല്ലാം സമ്മിശ്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാക്കുകളുടെ അവതരണ രീതി , സംഗീതാംശം, ഇടവിട്ടു യുക്തിഭംഗം വന്ന വാക്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ഗോത്രാനുഭവത്തിന്റെ വേരുകൾ ചികഞ്ഞെടുക്കാനും മനുഷ്യന്റെ യഥാർത്ഥ പാരമ്പര്യത്തിലുള്ള സ്വത്വം കണ്ടെത്തി ഉറപ്പിക്കാനും ആത്മാവിന്റെ പ്രവചനഗംഭീരമായ സാധ്യതകൾ പിൻതുടരാനുള്ള ശ്രമത്തിന്റെ ഭാഗമായാണീ ഓർമ്മയുടെ അറകൾ ഒരുക്കിവെച്ചിരിക്കുന്നത്‌. പുരാതനമായ നൻമകളുടെ തൻമാത്രകളെക്കൊണ്ട്‌ നിറയ്‌ക്കാനാണിത്‌. ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലെത്തുന്ന ഇൻസ്‌പെക്‌ടറുമായുള്ള സംഭാഷണത്തിൽ രവിയുടെ മനസ്സ്‌ അറിയാതെ ക്രിസ്ത്യന്‍ കോളേജിലെ പുല്ലുകൾ കാഷ്‌മീരങ്ങൾ വിടർത്തിയ തുറസ്സുകളിലേക്ക്‌ പോകുന്നു. സ്നേഹത്തിന്റെ ഉള്ളുരുക്കലാണ്‌ ഈ ഓർമ്മയിലുള്ളത്‌. വീണ്ടും ഓർക്കുകയാണ്‌ അയാൾ; ഇപ്രാവശ്യം ചിറ്റമ്മയിലുള്ള കുട്ടികളുടെ മുഖങ്ങളാണ്‌ . എന്നാൽ ആ കുട്ടികൾ പഴയ ച്ഛായാപടങ്ങളെയാണ്‌ ഓർമ്മിപ്പിച്ചതു്‌.
ആൽബത്തിൽ എട്ടുകാലികൾ അമർന്ന്‌ ചത്ത്‌ ഉണങ്ങി പറ്റിനിന്ന ആ ഓർമ്മ രവിയുടെ ഹൃദയത്തിന്റെ മുഖ്യഭാഗം ചീന്തിയെടുക്കുന്നു. പിന്നീടുള്ള ഓർമ്മയിൽ രവിയുടെ കുട്ടിക്കാലത്ത്‌ , അമ്മയുടെ മടിയിലിരുന്ന്‌ കൽപ്പകവൃക്ഷത്തിന്റെ കരിക്കിൻ തൊണ്ടുകൾ എണ്ണിയത്‌ കടന്നുവരുന്നു. പിന്നീടുള്ളത്‌ കുറ്റബോധത്തിന്റെ നൊമ്പരം പകർത്തുന്ന ചിറ്റമ്മയുടെ മുഖമാണ്‌. മാറി മാറി വരുന്ന ഈ ഓർമ്മകളെല്ലാം ചരാചരസമ്മിശ്രമാണെന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്‌. മനസ്സിൽ രവി പേറുന്ന മണ്ണും വിണ്ണും എത്ര സമൃദ്ധമാണ്‌. ഭൂമിയുടെ അംശമെങ്കിലും സാക്ഷാത്‌കരിക്കാൻ കഴിയാത്ത മനസ്സുമായി നമ്മുടെ കാലം കേഴുകയാണ്‌. രവിയുടെ സൃഷ്‌ടി ഈ വർത്തമാന കാല ദുരന്തത്തിന്‌ തിരുത്തുകൂടിയാണ്‌. വർത്തമാന ദുരന്തം അയാളുടെ ജീവിതത്തിന്റെ കൂടി പ്രത്യേകതയാണ്‌. ആ ദാരുണമായ സ്മൃതികളിൽ നിന്ന്` രക്ഷപ്പെടാൻ തന്റെ മനസ്സിനെ അയാൾ ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന കാണാക്കയങ്ങളിലേക്ക്‌ എറിയുന്നു. അച്ഛൻ, അമ്മ, എട്ടുകാലി, ആൽബം, കരിക്കിൻതൊണ്ടുകൾ എന്നീ സംജ്ഞകളെല്ലാം നമുക്ക്‌ പരിചിതമായ സജീവതക്കെതിരാണ്‌. നാം നൻമയുടെ ഏതെങ്കിലും ചിമിഴുകൾ മാത്രം ജീവിതോപാകാരപ്രദം എന്ന നിലയിൽ അംഗീകരിച്ച്‌ അവയിൽ കഴിയുന്നു. അത്‌ പാടെ നിരാകരിക്കുന്ന രീതിയാണ്‌ വിജയൻ ഖസാക്കിൽ സ്വീകരിച്ചിരിക്കുന്നത്‌. രവിയുടെ സൃഷ്‌ടി തന്നെ അത്‌ വ്യക്‌തമാക്കുന്നു.
അയാളുടെ കഴിഞ്ഞ കാല ദുരിതങ്ങൾ മനുഷ്യനന്മയുടെ സ്നേഹത്തിന്റെ രൂപാന്തരങ്ങളായി പുന്ര്ജനിക്കുന്നു. ചരിത്രത്തിന്റെ ഇരുട്ടും തിന്മയും കീറിമുറിക്കുന്ന ആർദ്രതയാണ്‌ അയാളുടെ മനസ്സിന്റെ നീറ്റലുകൾ പാർക്‌മാൻ വേദനയെ നാടകവൽക്കരിച്ചിട്ടില്ലെന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. പകരം അദ്ദേഹം പോരാട്ടത്തിനു ആസക്തിയെ നാടകവൽക്കരിച്ചു. അത്‌ തരുന്ന സംഘർഷത്തിലൂടെ ചരിത്രത്തെ ദർശിക്കാൻ ശ്രമിച്ചു. പാർക്‌മാന്റെ ചരിത്രവീക്ഷണത്തെക്കാൾ സർഗ്ഗാത്മകമാണ്‌ വിജയന്റെ ആദിമദർശനങ്ങൾ. ഊർജ്ജത്തെ അടിത്തട്ടിൽനിന്നുയർത്തിക്കൊണ്ടുവരുന്ന ഭാരതീയ പാരമ്പര്യമാണ്‌ "ഖസക്കിന്റെ ഇതിഹാസത്തിൽ അദ്ദേഹം സാക്ഷാത്‌കരിച്ചതു്‌. യാഥാർത്ഥ്യവും സ്വപ്‌നവും ചേർന്നുള്ള വിസ്‌മയ പദങ്ങളും മിത്തുകളും മതാംശത്തിലേക്കും ജീവിത യാഥാർത്ഥ്യത്തിലേക്കും വരുന്നതു കാണുമ്പോൾ യുക്തിബോധത്തിന്റെ പരിമിതിയെയായിരിക്കും നാം ശപിക്കുക. സ്വപ്‌നത്തിലെന്നപോലെ ഖാലിയാർ നീലിയുടെ വീടിനു നേരെ നടക്കുന്നു. പനന്തത്തകളുടെ ധനുസ്സുകൾ പറന്നകലുന്നു. രാപ്പക്ഷികൾ എയ്‌ത്തുനക്ഷത്രങ്ങളെപ്പോലെ തിളങ്ങി, തുടങ്ങിയ നിരീക്ഷണങ്ങൾ പൂർവ്വ യാഥാർത്ഥ്യത്തിനു നേർക്കുള്ള സ്നേഹത്തിന്റെ താപമാണ്‌ പ്രസരിപ്പിക്കുന്നത്‌. സ്മൃതിധാരയെ പൊട്ടിച്ച്‌ വാങ്കുവിളി വീണ്ടും രാത്രിയിൽ ഒടുങ്ങിയെന്നും നോവലിസ്‌റ്റ്‌ എഴുതുന്നു. ശബ്‌ദം നിലച്ചതു മനസ്സിനു പുറത്താണെന്ന സൂചനയും അതിലുണ്ട്‌. പഞ്ചഭൂതങ്ങളഴിയുന്ന പോലെയാണ്‌ മനുഷ്യരുടെ ബന്ധങ്ങളും തകരുന്നതെന്ന്‌ കുട്ടാപ്പുവിന്റേയും നീലിയുടേയും വീടിനെ സാക്ഷി നിർത്തി പറയുന്നു. കുട്ടാപ്പുവിന്റേയും നീലിയുടേയും തിരോധാനത്തോടെ ആ വീട്ടിൽ ഒന്നിനും അർത്ഥമില്ലാതായെന്നും കാളിയേയും പാച്ചിയുടെ കെട്ടിയവനേയും ഒരു ദിവസം കാണാതായെന്നും എഴുതുമ്പോൾ ഉദ്ദേശിക്കപ്പെടുന്ന യാഥാർത്ഥ്യത്തിന്‌ അനുബന്ധമായി ആ വസ്‌തുതക്ക്‌ മറ്റേതൊക്കെയോ അതിഭൗതികതലങ്ങൾ കൂടിയുണ്ടെന്നുള്ള ധ്വനി ബാക്കിയാവുന്നു. നമ്മുടെ കൺമുമ്പിൽ നടക്കുന്ന സാധാരണ ജീവിതദൃശ്യങ്ങളെതന്നെ വിജയൻ ഭയത്തോടേയും ആകാംക്ഷയോടേയുമാണ്‌ ഉറ്റുനോക്കുന്നത്‌`, അതിനു കാരണം തന്റെ സ്വത്വത്തെ പൂർണ്ണമായി വിശദമാക്കാനുള്ള വെമ്പൽ കത്തിനിൽക്കുന്നതാണ്‌. രണ്ടുപേരിരുന്ന്` സംസാരിക്കുന്നു., രവിയും ഇൻസ്‌പെക്‌ടറും.പിന്നീടു നോവലിസ്‌റ്റ്‌ എഴുതുന്നത്‌ ദുരൂഹമായ സ്ഥലരാശിയെന്നാണ്‌. ദൃശ്യത്തെ അദൃശ്യമാക്കിയും സ്പർശത്തെ അസ്‌പർശ്യമാക്കിയും അറിവിനെ ഭയം കലർന്ന അജ്ഞാതത്വമാക്കിയും പരിവർത്തിപ്പിക്കുന്ന പ്രതിഭയാണ്‌ വിജയന്റേത്‌`.
വളരെ നൈസർഗ്ഗികമായി , വിജയന്റെ ചേതനയിൽ സംഭവങ്ങളുടേ‍യും വസ്‌തുക്കളുടേയും അരികുകൾ ശരിക്കറിയാവുന്നതുകൊണ്ടാണ്‌ നോവലിസ്‌റ്റ്‌ അറിയാതെ തന്നെ ബാഹ്യാന്തരങ്ങൾ സംഭവിക്കുന്നത്‌. പാർക്‌മാനും വിജയനും ഒരേ ആവൃത്തിയിൽ സഞ്ചരിക്കുന്ന മനോബലമുള്ളവരാണെന്ന്‌ അർത്ഥമാക്കേണ്ടതില്ല. പാർക്‌മാന്റെ ചരിത്രാവബോധത്തിലെ ആകർഷണങ്ങൾ വിജയന്റെ കലയിൽ കണ്ടെത്തുന്നു എന്നേ വിവക്ഷയുള്ളു. സർഗ്ഗാത്മകമായ കുത്തിതുറക്കലാണ്‌ വിജയന്റെ ചരിത്രബോധം പലപ്പോഴും കഴിഞ്ഞ കാല സംഭവങ്ങളുടെ ശരിയായ പ്രേരണയും കാരണവും തേടുന്നു. ചരിത്രബോധം മനസ്സും മിത്തും വേർതിരിക്കാനാവാതെ ഖസാക്കിൽ കൂടിക്കുഴഞ്ഞുകിടക്കുകയാണ്‌. യുക്തിബോധത്തിന്റേതുമാത്രമായ അനുഭവം എന്നൊന്നില്ല.
യുക്തിബോധം അഴിഞ്ഞില്ലാതാവുന്നുണ്ട്‌. ദൂരെ ദൂരെ ഈരചൂട്ടുകൾ മിന്നി മിന്നി കടന്നുപോയി എന്നെഴുതുമ്പോൾ ഈ ലോകത്തിന്റേതെന്ന്‌ മൂർത്തമയി വിവരിച്ചുകൊടുക്കാനാവാത്ത ഏതോ വിഷാദം ആത്മാവിൽ സാന്ദ്രമായിതീരുന്നു. ലൗകിക നിമിഷത്തിന്‌ ഇങ്ങനെ അത്യന്തം ആർദ്രമായ അലൗകികഭാവം നൽകാൻ ഉയർന്ന സർഗ്ഗാത്മക ബോധമു ള്ള എഴുത്തുകാരനേ കഴിയു. ദുഃഖത്തിന്റെ ഹൃദ്യത എന്ന്‌ നോവലിൽ ഒരിടത്ത്‌ സൂചിപ്പിക്കുന്നുണ്ട്‌. പണ്ടെങ്ങോ കണ്ട ദീപാങ്കുരങ്ങളേ ഏകാന്തനായ മനുഷ്യന്റെ നിസ്സഹായ ദുഃഖവുമായി തുലനം ചെയ്യുകയാണ്‌ ഈ എഴുത്തുകാരൻ

രാത്രിയുടെ നെൽപ്പാടങ്ങളിലൂടെയുള്ള യാത്ര അനുസ്മരിക്കുക. രാത്രിയുടെ തുറവകളിലെവിടേയോ ,ഖേദം തീരാഞ്ഞിട്ട്‌ നീലി തിരിഞ്ഞു നിന്നുവെന്ന്‌ എഴുതിയ വിജയൻ വിശ്വാസത്തേയും ജീവിതത്തേയും വേർതിരിക്കാനാവാതെ ജീവിതം തന്നെ മിത്താക്കി മാറ്റുന്നു. ഇതാണ്‌ നൈസർഗ്ഗികമായ അബോധപരമായ കല. അതിർത്തികൾ നിശ്‌ചയിക്കാൻ വയ്യാത്ത അനുഭവത്തിൽ നിന്നാണ്‌ ഇവിടെ എഴുത്തുകാരൻ തന്റെ ചിന്തകൾ ആരംഭിക്കുന്നത്‌. ശരീരത്തിന്റേയോ, മനസ്സിന്റെയോ, ഏതോ തൻമാത്രാവ്യൂഹത്തിൽ നിന്നാരം ഭിക്കുന്ന ജ്വാലയുടെ അനന്തപ്രവാഹത്തെ പിൻതുടരുകയാണ്‌ കലാകാരൻ. ദൃശ്യമായ വസ്‌തുക്കൾ തന്നെ വീണ്ടും കണ്ടു മനസ്സിലാക്കേണ്ടതാണെന്ന ധ്വനി പടർത്താൻ ഖസാക്കുകാരനു കഴിഞ്ഞിരിക്കുന്നു. അപ്പുക്കിളി നാലഞ്ചു ദിവസം പണിക്കൻപൊട്ടയിൽ കരഞ്ഞുകിടന്നുവേന്നും രാത്രികാലങ്ങളിൽ മുനിയിരപ്പുകളിലും പാലകളിലും കാലൻകോഴികൾ പറന്നെത്തിയെന്നും എഴുതുമ്പോൾ ഗ്രാമാവേശം മാത്രമല്ല നിഴലിക്കുന്നത്‌. ഗ്രാമ്യമായ സൂചനകൾ ആ വാക്കുകളിലുണ്ട്‌. ഗ്രാമത്തോടു അഭിവാഞ്ച വിജയന്റെ സ്വപ്‌നങ്ങളിലും ഉണർവ്വുകളിലും പൂർത്തീകരിക്കാൻ വയ്യാത്ത അനേകം ആസക്തികൾക്ക്‌ ജന്മം നൽകിയതായി ഗ്രഹിക്കാം. ഐതിഹ്യങ്ങളുടേയും പരമ്പരാഗത വിശ്വാസങ്ങളുടേയും തെളിനീരു തേടുകയാണ്‌ നോവലിസ്‌റ്റ്‌. വന്യമായ സൗന്ദര്യത്തിന്റെ ആകർഷണങ്ങളിൽപെടുന്നു. മനുഷ്യന്റെ കൈകൾ തൊട്ട്‌` അശുദ്ധമാകാത്ത ഏതോ വിശുദ്ധസ്നേഹമാണിത്‌. ആർജ്ജവമുള്ള മനസ്സിന്റെ ഉടമകളെല്ലാം ഇന്ന്‌ ഈ തിരിച്ചറിവ്‌ പേറുന്നുണ്ട്‌. തന്റെ കൃതിക്ക്‌ വനസൗന്ദര്യം പ്രദാനം ചെയ്യുവാൻ കഥാകാരന്‌ കഴിഞ്ഞത്‌ ഇതുകൊണ്ടാണ്‌. വിശുദ്ധിയെന്നത്‌ സാധാരണ അർത്ഥത്തിലുള്ള വാക്കല്ല. അത്‌ ആത്മാവിന്റെ സങ്കൽപ്പമോ സങ്കൽപ്പത്തിനപ്പുറമോ ആകാം. ഒരക്ഷരം മാത്രം പഠിച്ചാൽ മതിയെന്നും മണ്ണൂരിന്നടുത്തുള്ള കടച്ചിക്കൊല്ലന്‌ കണ്ണു കാണാതായതിൽ പിന്നെ അയാൾ പെട്ടെന്ന്` വിശുദ്ധനായെന്നും മാധവൻനായർ നോവലിലൊരിടത്തു പറയുന്നുണ്ട്‌. ഇവിടെ ജീവിതത്തിന്റെ പ്രാചീന സരളതയുടെ വിശുദ്ധിക്കുവേണ്ടിയു ള്ള ആരായലാണ്‌ തെളിയുന്നത്‌. അകൃത്രിമമായ ജീവിതരീതിയാണിത്‌. സംസ്‌കൃതിയുടെ ആദിമമായ ലക്ഷ്യവും മാർഗ്ഗവും ഉചിതമായി ഒന്നായിത്തീരുകയാണ്‌. എല്ലാ കണ്ടുപിടുത്തങ്ങളുടേയും ലൗകികതക്ക്‌ അപ്പുറമുള്ള ശാന്തിയുടെ സാധ്യമായ അൾത്താര മാത്രമാണ്‌ ഖസാക്ക്‌ എന്ന ഗ്രാമം. അങ്ങനെ ഗ്രാമം ദൃശ്യത്തിൽ നിന്ന്‌ അദൃശ്യമായ വിശുദ്ധകണങ്ങളുടെ സമാഹാരമാകുന്നു. ജീവന്റെ സഹജമായ ഭാവങ്ങളേ കോർത്തിണക്കുന്നതിനിടയിൽ നൻമയേയും തിൻമയേയും മറി കടക്കുകയാണ്‌. ഗ്രാമം, ദൃശ്യം, പ്രകൃതി എന്ന നിലയിൽ ഗ്രാമം മാറിപ്പോകുന്നു. സഫലമാകാത്ത ഏതോ പ്രാർത്ഥനകൾക്കായു ള്ള തീവ്രവേദനകളുടെ ഉടുത്തൊരുങ്ങലായിത്തീരുകയാണ്‌ ഗ്രാമം. ഗ്രാമത്തിൽ വെച്ച്‌ കഥ നടക്കുന്നതുകൊണ്ടല്ല ഖസാക്ക്‌ ഇത്രമേല്‍ അഗാധമായ അനുഭവമാകുന്നത്‌. ആദ്ധ്യാത്മികവും ചിന്താപരവുമായ സഹജഭാവങ്ങളിൽ കലാചേതനയെ വളർത്തിയെടുക്കാൻ കഴിഞ്ഞതുകൊണ്ടാണ്‌ ഗ്രാമത്തിന്റെ പശ്‌ചാതലത്തിൽ കാലത്തിന്റെ ഗംഗാതടം എന്നോർക്കാൻ കഴിയണമെങ്കിൽ അതിന്‌ വിജയന്റെ സർഗ്ഗാത്മബോധം വേണം.

ലൗകികദുഃഖത്തിന്റെ തീപ്പൊരികൾ ഖസാക്കിലുണ്ട്‌. പുതുമഴ വരുമ്പോൾ ഇടിമിന്നലിന്റെ നീലവെളിച്ചം അത്രയും അകത്തേക്കടിച്ചു. അവിടെയാണ്‌ കുഞ്ഞുനൂറു വളർന്നു വലുതാകാൻ അമ്മയും മകളും കാത്തിരുന്നത്‌`. ...............ജീവിതത്തിന്റെ കണ്ണീരും നിശ്വാസവും ഒപ്പിയെടുക്കുന്ന പ്രാർത്ഥന നിറയുകയാണ്‌. കെട്ടിമേയാത്ത ആ കുടിലിലെ ദുഃഖത്തിന്റെ മിന്നൽപ്പിണരുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ വിജയൻ തന്റെ സ്വതഃസിദ്ധമായ ഗ്രാമ്യത വീണ്ടെടുക്കുകയാണ്‌. എല്ലാ വസ്‌തുവിവരണങ്ങളിലൂടേയും അദ്ദേഹം തന്റെ ചിന്തയുടെ ആദിമഭാവം നിലനിർത്തുന്നു. പുറത്തു വിസ്‌തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ഖസാക്കിലെ കരിമ്പനകളിൽ കാറ്റു പിടിച്ചു. ദൃശ്യാനുഭവങ്ങൾ ഏതെല്ലാമോ അതിരുകളെ തമ്മിൽ കൂട്ടിഘടിപ്പിക്കുകയാണ്‌. പുറംലോകത്തിന്റെ വിസ്‌മയങ്ങളും ഒടുവിൽ ഖസാക്ക്‌ എന്ന ഗ്രാമത്തിലേക്കു തിരിയുന്നു.
എല്ലാം ഖസാക്കിലേക്ക്‌` ആത്യന്തികമായി തിരിച്ചെത്തുന്ന രചനാതന്ത്രമാണ്‌ വിജയൻ സ്വീകരിച്ചിട്ടുള്ളത്‌. ഇവിടെ വരേയേ നാം പാർക്‌മാനെ ഓർക്കേണ്ടതു‍ള്ളു. .പാർക്‌മാന്‌ വനം നൽകിയ ഉണർവ്വുകൾ പൂർണ്ണിമക്കുവേണ്ടിയു ള്ള വിഭ്രാന്തികളുടെ ഭാഗമായിരുന്നു. വിജയനും പാർക്‌മാനെപ്പോലെ തന്നെ പൂർണ്ണിമക്കായി എല്ലാ വസന്തങ്ങളും ഭൗതികമായി ബലി കഴിക്കുന്നു. ദുഃഖത്തിന്റെ വസന്തർത്തുവാണ്‌ ഖസാക്കിൽ പടരുന്നത്‌`. പുറമേ കാണുന്ന എല്ലാ വ്യത്യാസങ്ങളും അവസാനിപ്പിച്ച്‌ അകമേയു ള്ള ഐക്യത്തെ പ്രാപിക്കുന്ന തൻമാത്രാ സഞ്ചാരം "ഖസാക്കിന്റെ ഇതിഹാസത്തെ" ഉയർന്ന സൗന്ദര്യനിയമങ്ങളുടെ ഭൂമിയാക്കുന്നുണ്ട്‌. ഭഗ്‌നമായ അനേകം പ്രതിബിംബങ്ങളുടെ കൂടിച്ചേരലാണ്‌ സംഭവിക്കുന്നത്‌. വാസ്‌തവത്തിൽ അത്‌` വെറും കൂടിച്ചേരലല്ല. ജീവനറ്റുപോയ വസ്‌തുക്കളെ ജീവൻ നൽകി സജീവമായ ധാരയിൽ ലയിപ്പിക്കുകയാണ്‌. ഖാലിയാർ, രവി, മാധവൻനായർ, അപ്പുക്കിളി , ചാന്തുമ്മ തുടങ്ങിയ കഥാപാത്രങ്ങൾക്കെല്ലാം സുവിശദമായ ഒരന്തഃർസ്ഥലി ഉണ്ടായതു തന്നെ അതുകൊണ്ടാണ്‌ നാടകീയമായ ദുരന്തബോധവും ആദ്ധ്യാത്മികമായ അശാന്തിയുമാണ്‌ നോവലിസ്‌റ്റിനെ ആദിമധാരകൾ തേടാൻ പ്രേരിപ്പിക്കുന്നത്‌ എല്ലാ കഥാപാത്രങ്ങളിലൂടേയും ആ ഭാവസംഗമം നിലനിൽക്കുകയും അതിജീവിക്കുകയും ചെയ്യുകയാണ്‌ .ഗ്രാമത്തെ സ്വത്വത്തിന്റെ അവിഭാജ്യഘടകമായി അനുഭവിച്ച വിജയൻ അവിടെനിന്നും മിത്തിലേക്കാണ്‌ നീങ്ങുന്നത്‌. ഗ്രാമത്തിലെ അറിവുകളും പ്രവൃത്തികളും ഏതൊക്കേയോ അജ്ഞേയതകളുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌ ശ്രദ്ധിക്കുക.

"ഖസാക്കിന്റെ ഇതിഹാസം"സൂക്ഷ്മാർത്ഥങ്ങളിൽ ചരിത്രത്തേയും മതത്തേയും നരവംശ ശാസ്‌ത്രത്തേയും വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ . സംഭവങ്ങളുടെ ആത്മാവിലേക്ക്‌ സഞ്ചരിക്കുന്നതു വഴി ചരിത്രത്തിന്റേയും മതത്തിന്റേയും നരവംശ ശാസ്‌ത്രത്തിന്റേയും പാഠങ്ങൾക്ക്‌ പ്രതിസംസ്ക്കാരത്തിന്റെ വെളിച്ചം നൽകുന്നുമുണ്ട്‌. ചരിത്രത്തിന്റേയും മതത്തിന്റേയും നരവംശശാസ്‌ത്രത്തിന്റേയും ഗതിക്രമത്തിലെ ആരോഹണത്തെ അവരോഹണമാക്കുന്നു. ചരിത്രം സംഘർഷങ്ങളിലൂടെ പുരോഗമിക്കുന്നുവെങ്കിലും ഖസാക്കിൽ ആദിമബിന്ദുവിലെത്തി ചരിത്രം
ആത്മ നഷ്‌ടമായിത്തീരുന്നു. മതം ആത്മാവുകളുടെ അനുന്യൂതിയെക്കുറിച്ച്‌ പറയുമ്പോള്‍ ,ഖസാക്കിൽ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ മനസ്സുകളുടെ തുടർച്ചയും സംവാദവും അനുഭവവേദ്യമാക്കുന്നു. രവിയുടെ അച്ഛന്റെ വേദനയും ദുഃഖവും ഏകാന്തതയും രവി അറിയാതെ ഉള്ളാലെ വഹിക്കുകയാണ്‌. അച്ഛന്റെ അസ്വസ്ഥതകൾ ദീപശിഖപോലെ അയാൾ ഏറ്റുവാങ്ങുകയാണ്‌. പത്മയാണെന്ന്‌ കരുതി അയാൾ ചാന്തുമ്മയെ സമീപിക്കുന്നു. അപ്പുക്കിളിയെ കാണുമ്പോൾ മാധവൻനായർ ശിവരാമൻ നായരുടെ മകളുമൊത്തു കുട്ടിക്കാലമാണ്‌ ഓർക്കുന്നത്‌. കുട്ടാപ്പുവിന്റേയും നീലിയുടേയും തിരോധാനത്തോടെ അപ്പുക്കിളി അനാഥനാവുകയാണ്‌.
കുട്ടാപ്പുവിന്റേയും നീലിയുടേയും ആത്മാവുകൾ അനാഥമായി അലഞ്ഞുനടക്കുന്നതുപോലെ അപ്പുക്കിളിയും അലയുന്നു. പരേതാത്മാക്കളുടെ വാഴ്‌വും ഇഹലോകജീവിതത്തിന്റെ ഇഴച്ചിലും ഒന്നിന്റെ തന്നെ തുടർച്ചയാക്കി ഖസാക്കിൽ അവതരിപ്പിക്കുന്നുണ്ട്‌. ബാഹ്യലോകത്തിന്റെ അതിർത്തികൾക്കപ്പുറത്ത്‌ നടക്കുന്ന സാങ്കൽപ്പിക സംഭവങ്ങളും വർത്തമാനകാലത്തിന്റെ തുടർച്ചയായി ആവിഷ്‌ക്കരിക്കുന്നു. ഇങ്ങനെ മതത്തിന്റെ പ്രാചീനഭാവം വീണ്ടെടുക്കുന്നു. സംസ്‌കൃതിയുടെ മറുപുറം തേടി നരവംശശാസ്‌ത്രത്തിന്റെ പ്രാഥമികത്വരകളിലേക്ക്‌ പോകുന്നതും ശ്രദ്ധേയമാണ്‌. കൺമുന്നിൽ നടക്കുന്ന ജീവിത ചിത്രങ്ങൾ മിത്തോ മതാത്മകസംഭവമോ അസംബന്ധമോ ആഭിചാരമോ വെളിപാടോ ആയിത്തീരുന്നു. ഖസാക്കിലെ ഓരോ ചലനവും ഇങ്ങനെ നിബിഢമായിരിക്കുകയാണ്‌ സമഗ്രതയെക്കുറിച്ചു ഈ ബോധമാണ്‌ എഴുത്തുകാരന്റെ ദർശനം.
കല വർത്തമാനകാലത്തെ താൽക്കാലിക പ്രതിഭാസമല്ല. അത്‌ കാൽപ്പനികമോ യാഥാർത്ഥ്യമോ അതിയാതാതഥ്യമോ മിസ്‌റ്റിസിസമോ അല്ല. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന സജീവവും പുരാതനവുമായ നിശശ്‌ബ്‌ദതയാണ്‌. രചനയെ ഏതെങ്കിലും ഭൗതിക ചിന്താകണത്തിനു തുറങ്കിലടക്കാൻ കഴിയില്ല. രചന യഥാർത്ഥമാണെങ്കിൽ അത്‌ ഭൂമിയോ മിത്തോ ദൈവശാസ്‌ത്രകണമോ പോലെ അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളായി പടർന്ന്‌ സർവ്വലോകത്തിന്റേയും പൊരുൾ തിരയണം. "ഖസാക്കിന്റെ ഇതിഹാസം" അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളെ മുഴുവൻ ആവാഹിക്കുന്ന വിസ്തൃതിയാണ്‌, കലയാണ്‌.

ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌















aathmayanagalude khasak/ m k harikumar


ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും

വി.ഏ. ശിവദാസ്‌

ഉല്‌പത്തി പുസ്‌തകത്തിലെ ഉണര്‍‌വ്വ്‌ വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്നറിയുന്നത്‌ കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്‍ശകന്‌ ലഭിക്കേണ്ടതാണ്‌. അതറിയുന്ന അനുവാചകന്‍ തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്‌. ഒരു കൃതിയെ സമീപിക്കാന്‍ രാഷ്‌ട്രീയത്തിന്റേയും, പ്രത്യയശാസ്‌ത്രത്തിന്റേയും പിന്‍‌ബലം വേണമെന്ന ന്യായവിധി ഇനിയുമൊരു പെരുമാറ്റച്ചട്ടത്തിന്‌ വഴിയൊരുക്കാതെ പോയി. രാഷ്‌ട്രീയ കാലാവസ്‌ഥ പ്രതികൂലമല്ലെന്നറിഞ്ഞിട്ടും നിരൂപകന്‌ രാജ്യഭാരം വിധിച്ചിട്ടില്ലെന്ന്‌ അറിവായതും അങ്ങിനെയാണ്‌. ഈ പരിതോവസ്‌ഥകളില്‍ നിന്ന്‌ കാവ്യകല രക്ഷപ്പെട്ടില്ലെങ്കിലും കഥാലോകം കുതറി മാറി കുതിച്ചോടുന്നതില്‍ ഉല്‍‌ക്കണ്ഠാകുലനാണ്‌ നിരൂപകന്‍. സൗന്ദര്യ നിരീക്ഷണം ശിക്ഷണത്തിലൂടെ രൂപപ്പെടുത്തണമെന്ന്‌ അനുശാസിക്കുമ്പോള്‍ അനുവാചകന്റെ ലാവണ്യാനുഭൂതികളായിരിക്കും തകിടം മറിയുക. നോവലിനെക്കുറിച്ച്‌ പറഞ്ഞുവെച്ചിടത്തെല്ലാം വിമര്‍ശകന്റെ പണിക്കുറവിനേയും പരിചയക്കുറവിനേയും അക്ഷമയോടെ നോക്കിക്കണ്ടവര്‍ ആധുനിക കഥാലോകത്തെ ഗൗരവത്തോടെ കാണാതെ പോയതും കഥാകാരന്മാര്‍ മാപ്പാക്കിയിട്ടുണ്ടെന്ന്‌ എണ്‍‌പതുകളുടെ ബാക്കിപത്രം വ്യക്തമാക്കുന്നു.



, സി.വി.രാമന്‍‌പിള്ളയേയും ഉറൂബിനേയും കുറിച്ചു പറഞ്ഞുവെച്ചപ്പോഴും ആനന്ദ്‌, സേതു, വിജയന്‍. എം.ടി. കാക്കനാടന്‍ എന്നിവരെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോഴും കാലം തെറ്റിവന്ന ന്യൂനമര്‍‌ദ്ദങ്ങളുടെ വേലിയേറ്റമാണനുഭവപ്പെട്ടത്‌. വിമര്‍‌ശനവും പഠനവും ആരിലും ഇഷ്‌ടമുണ്ടാക്കരുതെന്ന നിയമാവലിയില്‍ കടിച്ചുതൂങ്ങിയവരൊക്കെയും രചനാപരമായ കൗതുകങ്ങള്‍ കാണിച്ചു പിന്‍‌വാങ്ങിക്കഴിഞ്ഞു. അവരുടെ ജീവകാരുണ്യ പ്രവര്‍‌ത്തനത്തിന്‌ തക്ക പാരിതോഷം ലഭിച്ചെങ്കിലും ചരിത്രത്താളുകള്‍ക്കതൊരു പാഠഭാഗം പോലുമാകുന്നില്ല.
ഈ സങ്കീര്‍‌ണ്ണതകളില്‍ നിന്നും ഉല്‍ഭവം കൊണ്ട വിമര്‍‌ശന പദ്ധതി പ്രചാരവേലക്കുള്ളതല്ലെന്നറിഞ്ഞ എഴുത്തുകാരന്‍ വേറിട്ട നിലകളും രാജവീഥികളും കമാനങ്ങളും സൃഷ്‌ടിച്ചു. ക്ഷോഭത്തിന്റെ നീര്‍‌ച്ചാലുകളില്‍ നിന്നും പ്രതിഷേധത്തിന്റെ അര്‍ത്ഥവത്തായ വാങ്‌മയങ്ങള്‍ മലയാളത്തിന്‌ സ്വീയമായത്‌ സമീപകാലങ്ങളിലാണ്‌. അതിന്റെ സ്വരസന്ധികള്‍ ഉന്നം വെക്കുന്നതെവിടേക്കെന്ന്‌ കണ്ടെത്താനുള്ള ഒരുക്കം വിമര്‍‌ശകന്‍ തന്റെ ദൗത്യമായി കണ്ടു. ആസുരമായ കാലമുയര്‍‌ത്തുന്ന കലാപങ്ങളും സം‌ഘര്‍‌ഷങ്ങളും അലട്ടുമ്പോഴും സ്വത്വം നഷ്‌ടപ്പെടാതിരിക്കാനുള്ള തീവ്രശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. കോണിപ്പടികള്‍ കയറി നൂലേണിയില്‍ ഇറങ്ങേണ്ടിവരുന്ന വൈരുദ്ധ്യം അവരുടെ ചിന്തകളില്‍ പ്രതിഫലിക്കാതിരുന്നില്ല. കണ്ടെത്തലുകളേക്കാള്‍ കൗതുകകരമായി തോന്നിയത്‌ കണ്ടതിനെ കരുതലോടെ അപഗ്രഥിക്കുക എന്നതായിരുന്നു. പീഡിതമായ മനസ്സ്‌ അവരെ കുറ്റപത്രമൊരുക്കാനാണ്‌ പ്രേരിപ്പിച്ചത്‌. സമൂഹത്തിലെ അതാര്യമായ ഉര്‍‌വ്വരതകള്‍ ലം‌ഘിക്കപ്പെടേണ്ടെതെന്ന വീണ്ടുവിചാരം കഥാപാത്രത്തിനൊപ്പം കഥാകാരനേയും വിചാരണയിലേക്കാനയിച്ചു. തൊണ്ണൂറുകളിലും ജീവന്റെ തുടിപ്പും പച്ചപ്പും നീര്‍‌ച്ചോലയും തേടുന്നവര്‍‌ക്ക്‌ ഇന്ദ്രിയങ്ങളെ അടക്കാനാവാത്ത വിധം ആസക്തി ജനിപ്പിക്കാന്‍ പോരുന്നതാണ്‌ ഖസാക്കും, അവിടുത്തെ ജനങ്ങളും.



വിജയന്‍ കുറിച്ചുവെച്ച ഖസാക്കിന്റെ ഇതിഹാസത്തില്‍‌ നിന്നും വ്യതിരിക്തമായ ജീവിതാനുഭവം അനുവാചകനും വിമര്‍‌ശകനും വീതിച്ചെടുക്കാവുന്നതാണ്‌. ആ വീതാം‌ശത്തിന്റെ നുരപ്പാടുകളില്‍ ആലാപനത്തിന്റേതായ മന്ദ്രശ്രുതിമീട്ടുകയാണ്‌ "ആത്മായനങ്ങളുടെ ഖസാക്ക്" വീരചരിതങ്ങള്‍ക്ക് അടിക്കുറിപ്പും അനുബന്ധവും പ്രചണ്ഡമായ കാലസൃഷ്‌ടിയെങ്കില്‍ ഇവിടെ ആര്‍ദ്രമായ കാലത്തിന്റെ സാന്ദ്രമായ ഉജ്ജീവനം പരുവപ്പെടുത്തുകയാണ്‌ വിമര്‍‌ശകനായ എം.കെ.ഹരികുമാര്‍.
വിവേചനത്തിന്റെ സന്ദിഗ്‌ദ്ധതകളില്‍ നിന്നും ആകസ്മികമായ വിസ്‌ഫോടനങ്ങളിലേക്ക്‌ മനുഷ്യമനസ്സ്‌ എത്തിപ്പെടുന്ന ചില മുഹൂര്‍‌ത്തങ്ങളുണ്ട്‌. അത്‌ തിരിച്ചറിവിന്റേയും വീണ്ടു വിചാരത്തിന്റേയും ഉണ്‍‌മകളായി മാറുമെന്നറിയുന്ന നൈമിഷിക ചിന്തകള്‍ അയാളില്‍ വിഭ്രാന്തി സൃഷ്‌ടിച്ചെന്നു വരാം. അതെല്ലാം ഹരികുമാര്‍ "മനുഷ്യാം‌ബരാന്തങ്ങളില്‍" പറഞ്ഞുവെച്ചതു പോലെ നവീനനായ കലാപകാരിയുടെ പ്രയോഗപരമായ സൗന്ദര്യശാസ്‌ത്രമെന്നു തന്നെ പേരു ചൊല്ലി വിളിക്കാം. ഈയൊരു മുറവിളിയുടെ മറവില്‍ നിന്നു വേണം "ആത്മായനങ്ങളുടെ ഖസാക്കിനെ അപഗ്രഥിക്കേണ്ടത്‌ .
"ഖസാക്കിന്റെ ഇതിഹാസമെന്ന "നോവലിന്‌ എണ്‍‌പതുകളിലുണ്ടാവുന്ന പഠനമാണ്‌ "ആത്മായനങ്ങളുടെ ഖസാക്ക്‌". അയനങ്ങളില്‍ നിന്നും അന്വേഷണത്തിലേക്കുള്ള പുറപ്പാട്` ഒരു തീക്ഷ്‌ണ സം‌ഗമമായി പരിണമിക്കുന്നുവെന്നതാണ്‌ ഈ പഠനം നല്‍കുന്ന പാഠഭേദം. ഖസാക്കിന്റെ ഇതിഹാസം കൈയ്യിലെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിന്റെ സൗന്ദര്യ സാധ്യതകളാണ്‌ എന്ന്‌ ഏതൊരു സഹൃദയനേയും പോലെ പ്രഖ്യാപിക്കുന്ന ഗ്രന്ഥകാരന്‍ തല്‍‌ക്കാലത്തേക്കെങ്കിലും കൈയ്യിലെടുക്കുന്നത്‌ നോവലിസ്‌റ്റിന്റെ ഹൃദയമാണ്‌. കലയെ പറ്റിയുള്ള ഏതൊരു സങ്കല്‍‌പ്പങ്ങള്‍ക്കും വിരുദ്ധചേരി സൃഷ്‌ടിക്കാന്‍ പോന്ന സര്‍‌ഗ്ഗാത്മക പ്രവൃത്തിക്കു തുടക്കം കുറിച്ചതും , വരട്ടു തത്വവാദങ്ങള്‍ക്ക്‌ എന്നെന്നേക്കുമായി തടമിട്ടതും ഖസാക്കല്ലാതെ മറ്റൊരു നോവലല്ല. ഇത്തിരി പോരുന്ന നാടിനും ഭാഷക്കും മേലെ പടര്‍‌ന്നുകയറിയ അന്ധതമസ്സിലേക്ക്‌ നോവലിസ്‌റ്റ്‌ പായിച്ച നേര്‍‌ത്തൊരു കിരണം മാത്രമാണിത്‌. അതിന്റെ പ്രകാശം പിന്നീടു പരന്നത്‌ കൂരിരുള്‍‌പ്പാറകളിലേക്കായിരുന്നെന്നും ജൈവപ്രകൃതി നന്നേ അറിഞ്ഞു. അതിന്റെ നിമ്‌നോന്നതങ്ങളിലൂടെ വിമര്‍‌ശകന്‍ നടത്തുന്ന അഭിവീക്ഷണം സൈദ്ധാന്തിക ഉള്‍‌വിളികളായി ചിലപ്പോഴൊക്കെ പരിണമിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിനു ലഭിച്ച ബഹുമതികളായിരുന്നു അതെല്ലാം. അത്തരത്തിലൊരു പുരസ്‌ക്കാരത്തിനൊപ്പം അണിയിക്കുന്ന പൊന്നാടയാണ്‌ "ആത്മായനങ്ങളുടെ ഖസാക്ക്‌"
വ്യാപകമായ തെരച്ചിലിന്റേയും അനാദിയായ അന്വേഷണത്തിന്റേയും നൈതികമായ പരിപ്രേക്ഷ്യത്തിന്റേയും ഇതളുകള്‍ ഒന്നൊന്നായി വിരിയുകയാണിവിടെ. വഴിയമ്പലം തേടുന്നതു മുതല്‍ കഥാന്തരം വരെ ഖസാക്ക്‌ നീളുന്നുവെങ്കില്‍ ഈ വിമര്‍ശനപഠനം സമാപിക്കുന്നത്‌ സപ്‌തസ്വരങ്ങളുടെ വിഷാദത്തിലും, മന്ദ്രത്തില്‍ നിന്നും ഉച്ചസ്ഥായിയിലേക്കെന്നതുപോലെ നീങ്ങുന്ന ഈ നാദപ്രപഞ്ചത്തിലെ താളവും‌ ,ലയവും , ശ്രുതിപ്പിഴയും വകതരുന്നുണ്ട്‌. നോവലിലെ ഗ്രാമ്യതയുടേയും, നിഷ്‌ക്കളങ്കരായ മനുഷ്യരുടേയും, ഇടത്താവളങ്ങള്‍ കണ്ടെത്തുന്ന നിരൂപകന്‍‌ അവരുടെ വൈയക്തിക ജീവിതത്തിന്റെ പൊരുത്തക്കേടുകളില്‍ ജിജ്ഞാസുവായിതീരുന്നതാണ്‌ അപശ്രുതി വരുത്തിതീര്‍‌ക്കുന്നതും.
ഖസാക്കിലെ മനുഷ്യരുടെ കാലത്തെ തേടി വിജയന്‍‌ അനിശ്‌ചയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി. പഠിപ്പു നിര്‍ത്തിയ ചാത്തനിലൂടെ ,പേരയ്‌ക്കാടനിലൂടെ അവരെ അനുഗമിച്ചു വന്ന അച്ഛനമ്മമാരിലൂടെ , കുപ്പുവച്ചന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ , കുഞ്ഞാമിനയുടെ കഥയിലൂടെ , മൈമൂനയുടെ നിശ്ശബ്‌ദ ഹൃദയത്തിലൂടെ വിജയന്‍ ആത്മാവിന്റെ , ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്‌പഷ്‌ടമായ ചോദനകളും തേടുകയായിരുന്നു എന്നു പറഞ്ഞതിനു തൊട്ടു പിന്നാലെ "രൂപകങ്ങളിലൂടെ ഖസാക്കിലെ സന്തതികള്‍ വെവ്വേറെ വഴികളില്‍ സഞ്ചരിച്ചു. മാധവന്‍ നായര്‍ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി" എന്നിങ്ങനെ കുറിക്കുന്നു. ഇവിടെ ഗ്രന്ഥകാരന്‍ അന്വേഷണത്തില്‍‌ നിന്നും വ്യതിചലിച്ച്‌ ഖസാക്കിലെ കഥാപാത്രങ്ങളെ അരസികമായി ചിത്രക്കൂട്ടിലേക്കാണ്‌ നീക്കുന്നത്‌. ഘടനാപരവും അതിലേറെ ബൗദ്ധികവുമായ ശൈലിയും, ഭാവനയും, ചേര്‍ത്ത്‌ മുന കൂര്‍പ്പിക്കുന്ന ഗ്രന്ഥകാരന്‍ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെ ക്ഷണ നേരത്തേക്കെങ്കിലും സഞ്ചരിക്കുമ്പോള്‍ സ്ഥലകാലങ്ങളും പരിസര ബോധവും നഷ്‌ടപ്പെട്ട്‌ തപ്പിതടയലോളമെത്തുന്നു

ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പരിശോധനക്കെത്തുന്ന ഇന്‍‌സ്‌പെക്‌ടറും
കൊഴണശേരിയില്‍ നിന്നെത്തുന്ന സഖാക്കളും രവിയുടെ കാമുകി പത്മയും
പഠനത്തിന്റെ നാലതിരുകളില്‍ എത്താതെ പോകുന്നുണ്ട്‌. നോവലിലെ തന്നെ ചില
ദശാസന്ധികളെന്ന്‌ ഗണിക്കാവുന്ന സന്ദര്‍‌ഭങ്ങളെ
ഉപരോധിക്കുന്നതെന്തിനെന്നറിയുന്നില്ല ഹരികുമാര്‍ നീക്കുന്ന കരുക്കള്‍
രവിയെ നിസ്സം‌ഗമായ പശ്‌ചാത്തലത്തിലേക്കാണ്‌ പുന:പ്രതിഷ്‌ഠിക്കുന്നത്‌.
രവിയെ ഗ്രസിച്ചിരിക്കുന്നത്‌ നിര്‍‌വ്വികാരതയാണ്‌. (രതിയുടെ തട്ടകത്തില്‍
മാത്രം അതുണര്‍‌ന്ന്‌ പ്രവര്‍ത്തിക്കുന്നു. ) അതാവട്ടെ അമ്മയുടെ
മരണത്തോടെയാണ്‌ ആരം‌ഭിക്കുന്നതും. "കണ്ണുകള്‍ ചിമ്മി അമ്മ കട്ടിലില്‍
വിശ്രമിച്ചു. അമ്മയെ ചുമന്നുകൊണ്ടുപോകുമ്പോള്‍ ആരോ തന്നെ പിടിച്ചുമാറ്റി.
കാണണമെന്നുണ്ടായിരുന്നു. സമ്മതിക്കില്ലെങ്കില്‍ വേണ്ട" എന്ന നിലപാടും ,
ചാന്തുമ്മയുടെ മകന്‌ പിന്നാലെ ചാന്തുമുത്തു മരിച്ചു എന്ന്‌
മാധവന്‍‌നായര്‍‌ വന്നു പറയുമ്പോള്‍ "വിശ്രമിക്ക്യാ...................ചായ
കുടിച്ചിട്ടു പൂവ്വാം മാധവന്‍‌ നായരേ....
''

'എന്നതും രവിക്കെതിരെ കനപ്പെട്ട
ആരോപണങ്ങളുണ്ടായിരിക്കുന്നു. "ജോലിയില്‍ താത്പ്പര്യമില്ലായ്‌മ
,ദുര്‍‌ന്നടപ്പ്‌, സ്ക്കൂളില്‍ കുട്ടികളില്ല , കള്ളഹാജരാണ്‌ , മാത്രമല്ല
രവി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്‌ടിക്കുന്നു. നൈസാമലിയെന്ന
കമ്മ്യൂണിസ്‌റ്റ്‌ നേതാവിന്റെ സഹായത്തോടെ ഖസാക്കില്‍
സ്റ്റഡിക്ലാസ്സെടുക്കുന്നു" ഇതെല്ലാം ശിപായി വന്നു പറഞ്ഞത്‌
മാധവന്‍‌നായര്‍ അവതരിപ്പിക്കുന്നതുപോലും രവി വേദനിക്കുമെന്നോര്‍ത്താണ്‌.
എന്നിട്ട്‌ അയാളുടെ ഉപദേശവും " ഒന്നു പോയി ഇന്‍‌സ്‌പെക്‌ടറെ കാണുന്നതും
നല്ലതാണ്‌". "വേണ്ട" എന്ന രവിയുടെ പ്രതികരണവും നീണ്ട അന്വേഷണത്തിനു ശേഷം
പത്മ രവിയെ കണ്ടെത്തുമ്പോഴും ബോധാനന്ദന്റെ ആശ്രമത്തിലെ സ്വാമിനി രവിയെ
അന്വേഷിച്ചതായും അറിയിക്കുമ്പോഴും തണുത്തുറഞ്ഞ മനസ്സിന്റെ സാന്ദ്രമായ
അനാസക്തി ദൃശ്യമാകുന്നു. ഇക്കാര്യങ്ങള്‍ പറയാനെന്നതിലേറെ ഒളിപ്പിച്ചു
വെക്കാനുള്ള രഹസ്യ നീക്കമാണ്‌ ഹരികുമാറിന്റെ ഭാഗത്തു നിന്നുണ്ടായത്‌.
തന്റെ വിശ്വാസങ്ങള്‍ ലം‌ഘിക്കപ്പെടരുതെന്ന തീരുമാനം പോലുണ്ട്‌ ഗ്രന്ഥ
ത്തിന്റെ അകത്തളമാകെയും. അതദ്ദേഹത്തിന്റെ വരമൊഴിയില്‍ തെളിയുന്നുമുണ്ട്‌.
നോവലിസ്‌റ്റിനെ കാണണമെങ്കില്‍ പ്രപഞ്ചത്തിന്റെ ആന്തര സത്യ
സന്ദര്‍‌ഭങ്ങളിലേക്ക്‌ ചുഴിഞ്ഞു നോക്കണമെന്ന(പേജ്`
മുപ്പത്തിയാറ്‌)ഹരികുമാറിന്റെ നിഗമനം ഒരു പ്രായശ്ചിത്തത്തിന്റെ പടിപ്പുര
മുറ്റത്തേക്കുള്ള പിന്‍‌വാങ്ങലാണ്‌.
വിജയന്‍ ലൗകികതയുടെ ഇലപ്പുറങ്ങളില്‍ നിന്നു ദിവ്യരൂപങ്ങളുടെ
വ്യോമതലങ്ങളിലേക്ക് മനസ്സ്‌ മാറ്റുന്നുണ്ട്‌ എന്ന്‌ വിശ്ദമാക്കുമ്പോഴും
ഗ്രന്ഥകാരന്‍ നടന്നുനീങ്ങുന്നത്‌ ആത്മീയമായ വിലക്കുകളിലേക്കാണ്. ,
വിലയിരുത്തലിലേക്കല്ല. മാധവന്‍ നായരോടൊപ്പം കോടച്ചിയെ പ്രാപിക്കുമ്പോഴും
കുപ്പുവച്ചന്‍ രവിയെ കേശിനിക്ക്‌ പരിചയപ്പെടുത്തുമ്പോഴും മൈമൂനയും,
ചാന്തുമ്മയും ഊട്ടുപുരക്കകത്ത്‌ കടക്കുമ്പോഴും സുരതത്തിന്റെ മന്ദ്രസ്ഥായി
ഖസാക്കിനെയാകെ കിടിലം കൊള്ളിക്കുന്നുണ്ട്‌. ലക്കുകേടിന്റേയും
ആത്മനിന്ദയുടേയും അതിലേറെ പ്രതികാരത്തിന്റേയും അതിനപ്പുറം
അന്യതാബോധത്തിന്റേയും നിറക്കൂട്ടിലാണ്‌ രവിയെ നോവലിസ്‌റ്റ്‌
ചാരിനിര്‍ത്തിയിരിക്കുന്നതെന്ന കാര്യം ആത്മായന കര്‍‌ത്താവ്‌ സൗകര്യം‌ പോലെ
വിസ്‌മരിക്കുന്നുണ്ട്‌.

രവിയെ ഉത്തും‌ഗമായ ഏതോ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനായുന്നെങ്കിലും ഉപരോധങ്ങള്‍ ഒന്നൊന്നായി വന്നു ഭവിക്കുന്നതിന്റെ വൈകാരിക തീക്ഷ്‌ണത ഹരികുമാറിനേയും അനുഗമിക്കുന്നു.
ഒറ്റപ്പെടലിന്റെ നീരൊഴുക്കില്‍ നിന്നു പെറുക്കിയേടുത്ത വജ്രക്കല്ലുകളുടെ
ഹിമകാന്തിയാണ്‌ തന്റെ അനാഥത്വമെന്ന്‌ വിജയന്‌ അറിയാമായിരുന്നുവെന്ന്‌
സ്ഥാപിക്കാന്‍ തത്രപ്പെടുമ്പോഴും (പേജ്‌- അന്‍‌പത്`) 'ഇരുണ്ട പ്രവാസമെന്ന'
അദ്ധ്യായത്തില്‍ " കാലത്തേയും സ്ഥലത്തേയും ആത്മായനങ്ങളുടെ ഇരുണ്ട പ്രവാസങ്ങളിലൂടെ നയിക്കുകയും വചനങ്ങളുടെ സിരകളില്‍ നിന്ന്‌
വിട്ടുനില്‍‌ക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയിലേക്കും
വളര്‍ത്തുകയും ചെയ്‌തുകൊണ്ട്‌ വിജയന്‍ പ്രവര്‍ത്തനത്തിന്റെ ബാഹ്യമായ
ഇന്ദ്രിയങ്ങളിലേക്ക് കടന്നു ചെല്ലുന്നു എന്നു കണ്ടെത്തുമ്പോഴും
പിന്നൊരവസരത്തില്‍ മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റേയും
അഭയാന്വേഷണങ്ങളുടേയും ജൈവ സം‌യുക്തങ്ങളെ പുറത്തെടുക്കുകയാണ്‌. " എന്ന്‌
പ്രസ്താവിക്കുമ്പോഴും ചിന്താപരമായ ശൈഥില്യമായും ആത്മീയ
സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള വില പേശലായും ഗണിക്കേണ്ടി വരുന്നു.

തന്റെ ദര്‍ശനത്തിന്റെ ഈടുവയ്‌പ്പുകളെ പറ്റി പറഞ്ഞുപോവുന്നതിനിടയില്‍ 'നവാദ്വൈത
ദര്‍ശനത്തെ' പ്രതിഷ്‌ഠിക്കാനൊരുമ്പെടുന്ന ഹരികുമാര്‍‌ മനസ്സിന്റേയും ഖര
വസ്തുവിന്റേയും അധോതലങ്ങളെ വിപുലമായ ഒരു സമയ ചുറ്റളവില്‍ വെച്ച്‌
ഏകോപിപ്പിക്കുന്ന കലാതന്ത്രമാണ്‌ വിജയന്റേത്‌ എന്ന്‌ കണ്ടെത്തുന്നു. ഇതൊരു
ദാര്‍ശനിക വെളിപാടാണെങ്കില്‍ പറഞ്ഞതൊക്കെയും പതിരായെന്നും വരാം

അപ്പുക്കിളിയും മാധവന്‍ നായരും ആബിദയും രീതിയുടെ സരളതയും ആര്‍ദ്രമായ മോഹഭം‌ഗങ്ങളും കൊണ്ട്‌ താളം സൃഷ്‌ടിക്കുന്നുണ്ട്‌ എന്ന സൂചന സപ്‌തസ്വരങ്ങളുടെ വിഷാദം എന്ന പാഠഭാഗത്തിലെത്തുമ്പോള്‍ വിമര്‍ശന ചൈതന്യത്താല്‍ ശ്രേയസ്ക്കരമാകുന്നു. ഒപ്പം അപശ്രുതിയിലേക്കും , അറിവിന്റെ സപ്തസ്വരങ്ങളുടെ വിഷാദം ജൈവബിന്ദുക്കളുടെ സമാധിയുടെ മൗനത്തിലെത്തിച്ചേരുകയാണ് എന്നത്` സാന്ദ്രമായ സം‌ഗീതത്തെ മാത്രമല്ല ചിലപ്പോള്‍ സം‌ഗീതജ്ഞരേയും ചൊടിപ്പിച്ചെന്നു വരാം,
വിജയന്റെ കലാപരിതഃസ്ഥിതിയുടെ ആത്മീയമായ ഉത്ഥാനങ്ങള്‍ ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്‌ എന്നു പറഞ്ഞ്` ഗ്രന്ഥത്തെ പൂര്‍ണ്ണതയിലേക്കാനയിക്കുമ്പോള്‍ അനുവാചകന്‍ ഒരിക്കല്‍ക്കൂടി ' ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ താളുകളിലേക്ക്‌ തിരിയുന്നു. ഒരിരുപതുകാരന്‍ തന്റെ വായനയുടേയും അന്വേഷണത്തിന്റേയും തീനാളങ്ങള്‍ മലയാളത്തിലെ മികച്ച നോവലിലേക്കു പായിക്കുമ്പോള്‍ സാഹിത്യ ചരിത്രത്തില്‍ അതിന്‌` വളരെയേറെ പ്രാമുഖ്യം ലഭിക്കേണ്ടതാണ്‍്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ ആദ്യപതിപ്പിറങ്ങുമ്പോള്‍ എം. എ. വിദ്യാര്‍ത്ഥിയായിരുന്ന ഹരികുമാര്‍ പത്തു വര്‍ഷം പിന്നിട്ട്` പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ പുറത്തിറക്കുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനായി മാറിയിരിക്കുന്നു. ഇവിടെ സം‌ഭവിച്ചിരിക്കുന്ന രാസമാറ്റം ശൈലീപരമായേക്കും, ബൗദ്ധികമാവാതിരിക്കട്ടെ. മലയാള സാഹിത്യത്തില്‍ ഒരു നോവലിനെ മാത്രം അടിസ്‌ഥാനമാക്കിയുണ്ടായ പ്രഥമഗ്രന്ഥമാണിതെന്ന അവകാശവാദം ഇവിടെ ചോദ്യം ചെയ്യപ്പെട്ടില്ലെന്നതും സാഹിത്യ ചരിത്രത്തെത്തന്നെ വഴിത്തിരിവിലാക്കുന്നുണ്ട്‌.

ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ













aathmayanangalude khasak/ m k harikumar
ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ


ഒരിക്കല്‍ എം.ജി.യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്റെ ഭാഷയെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യമായിരുന്നു അത്‌. "ആത്മായനങ്ങളുടെ ഖസാക്കിലെ " ഭാഷ പെട്ടെന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ ആ ണ്‌ ആ കുട്ടി പ്രതികരിച്ചത്‌. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട്‌ സദൃശമായ ചോദ്യങ്ങളുണ്ടായി.ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും എഴുതാത്തതെന്ത്‌ ,ഇനി ഖസാക്കിനെക്കുറിച്ച്‌ എഴുതിയാല്‍ ഭാഷ വ്യത്യസ്തമാകുമോ , ഭാഷ മനസ്സിലാകാത്തത്‌ വായനക്കാരന്റെ കുറ്റമാണോ , ഭാഷ വാസ്തവത്തില്‍ മനസ്സിലാക്കേണ്ട കാര്യമുണ്ടോ, യുക്തിയുടെ പ്രസക്തി എന്താണ്‌, എന്നിങ്ങനെയായിരുന്നു ആ ആരായലുകള്‍. വളരെ സങ്കീര്‍ണ്ണമായ വിഷയത്തിലേക്കാണ്‌ ഈ ചോദ്യങ്ങള്‍ ആഴ്‌ന്നിറങ്ങുന്നത്‌.
"ആത്മായനങ്ങളുടെ ഖസാക്ക്‌" രചിക്കുമ്പോള്‍ ഞാന്‍ നിര്‍മ്മലകോളേജില്‍ എം.എ. വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ല. അത്‌ ഇപ്പോള്‍ ഒരു അനുഗ്രഹമായിട്ടാണ്‌ തോന്നുന്നത്‌. കാരണം കലാശാലയുടെ സൗന്ദര്യ ബോധവും സാഹിത്യ സമീപനവും എന്നെ സ്വാധീനിക്കുന്നില്ലല്ലൊ. "ആത്മായനങ്ങളുടെ ഖസാക്ക്‌" ഞാന്‍ പ്രീഡിഗ്രിക്ക്‌ കുറവിലങ്ങാട്‌ ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള എന്റെ ചിന്തകളുടെ ഫലശ്രുതിയാണ്‌. അന്ന്‌ കോളേജില്‍ സാഹിത്യത്തെപ്പറ്റി സംസാരിക്കാന്‍ ചെറു സംഘങ്ങളുണ്ടായിരുന്നു. സാര്‍ത്രും, നീഷേയും, കൃഷ്ണമൂര്‍ത്തിയും, വിജയനുമൊക്കെ ഞങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്‌തു. ഏതോ കലാപത്തിന്റെ തയ്യാറെടുപ്പായിരുന്നിരിക്കണം അത്‌. സകല യാഥാസ്ഥിതിക സമീപനങ്ങളും കലയില്‍ നിന്നൊഴിഞ്ഞ്‌ പോകണമെന്ന നിലപാടില്‍ എല്ലാവരും യോജിച്ചു. എഴുത്തുകാരന്റെ വ്യക്തിത്വവും,ദര്‍ശനവും വളരെയേറെ വാഴ്‌ത്തപ്പെട്ട ചര്‍ച്ചകളായിരുന്നു അവയെല്ലാം. അന്ന്` "ഖസാക്കിന്റെ ഇതിഹാസം " എന്റെ സ്വകാര്യ ചിന്തകളുടെ കളിസ്ഥലത്തുണ്ടായിരുന്നു. നിത്യേനയുള്ള പോക്കുവരവുകളില്‍ നിറഞ്ഞു നിന്നത്‌ ഇലകളും, പൂക്കളും, പുസ്തകങ്ങളും, കിളികളുമായിരുന്നുവല്ലൊ.ഖസാക്ക്‌ പലപ്രാവശ്യം വായിച്ചു. അപ്പോഴൊന്നും അതേക്കുറിച്ച്‌ എഴുതണമെന്നില്ലായിരുന്നു. പുസ്തക വായനയും, ചര്‍ച്ചയും ഏതോ കലാപത്തിനു കോപ്പുകൂട്ടുന്നതുപോലെ അത്‌ പലര്‍ക്കും തോന്നിച്ചു. അവിടവിടെ കോറിയിട്ട ചില വാക്യങ്ങളാണ്‌ പലരേയും അന്ധാളിപ്പിച്ചത്‌. എന്നാല്‍ നിര്‍മ്മലാ കോളേജില്‍ എം.എ.യ്ക്കു ചേര്‍ന്നപ്പോള്‍ (1982) രചന നിയന്ത്രിക്കാനായില്ല എന്നതാണ്‌ പരമാര്‍ത്ഥം. അഞ്ചു വര്‍ഷത്തെ ആത്മാകുലതകളുടെ , ആസക്തികളുടെ കൂലംകുത്തിയുള്ള ഒഴുക്കായിരുന്നു അത്‌. പുല്‍മേട്ടിലും, തെങ്ങിന്‍ ചുവട്ടിലും മറ്റുമായി ഒറ്റയ്ക്കിരുന്നണ്‌ ഞാനത്‌ എഴുതിയത്‌. സൗന്ദര്യാത്മകത എനിക്ക്‌ എന്റെ തന്നെ സ്വാധീന ശക്തിയായിരുന്നു. ഭാഷയുടെ ആവിഷ്‌ക്കാര സൂക്ഷ്മതകള്‍ ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു.

"ആത്മായനങ്ങളുടെ ഖസാക്ക്‌" പോലൊരു കൃതിയൊ അതുപോലൊരു ഭാഷയൊ എനിക്കിനി സൃഷ്‌ടിക്കാനാവില്ല. അത്‌ സ്വതന്ത്രവും, സ്‌നിഗ്‌ദ്ധവും, സന്നിഗ്‌ദ്ധവുമായ ഭാഷയാണ്‌, ആവിഷ്‌ക്കാരമാണ്‌. ആശയങ്ങളുടെ കരിങ്കല്ലുകൊണ്ട്‌ പണിതതല്ല ആ കൃതി. എന്തെങ്കിലും എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുമില്ല. ഏതൊക്കെയോ അറിവുകളുടെ വാച്യാതീതമായ ഭാവം പ്രസരിക്കുന്നുണ്ട്‌. ഭാഷ ഗണിതശാസ്ത്രത്തിന്റെ യുക്തി ആവശ്യപ്പെടുന്നുണ്ട്‌ ചില ഘട്ടങ്ങളില്‍, എന്നാല്‍ മറ്റു ചിലപ്പോള്‍ ഭാഷ അതിനെത്തന്നെ ഗര്‍ഭം ധരിക്കുകയാണ്‌ ചെയ്യുന്നത് " .

ആത്മായനങ്ങളൂടെ ഭാഷ സ്വയം ഗര്‍ഭം ധരിച്ചതാണ്‌.
ജൈവസംഗീതത്തിന്റെ ഭൗതിക രൂപം എന്നും പൗരാണിക കാലത്തിന്റെ പരിത്യക്തമായ ശരീരം എന്നും ക്രിയകളുടെ സ്‌ഫുല്ലിംഗങ്ങളെന്നും സ്‌പര്‍ശിനികളുടെ ആദിബീജമെന്നും എഴുതിയത്‌ സാധാരണ ഗതിയില്‍ ഒരു അര്‍ത്ഥം വ്യക്തമാക്കി തരുന്നില്ല. എന്നാല്‍ അത്‌ ആത്മാവില്‍ അനുഭവമാകുമ്പോള്‍ നാം മറ്റേതോ യാഥാര്‍ത്ഥ്യത്തെയാണ്‌ അറിയുന്നത്‌. ഭാഷയിലൂടെ നമുക്കു പരിചിതമല്ലാത്ത അതിഗഹനവും, സൂക്ഷ്മവും ആയ ഭാവതലങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണിത്‌. പക്ഷേ ഇത്‌ ബോധപൂര്‍‌വ്വമല്ലായിരുന്നു. "ഖസാക്കിന്റെ ഇതിഹാസം "വായിച്ചപ്പോഴുണ്ടായ ആത്മീയ പ്രതികരണമാണിതെന്ന്‌ പൊതുവേ പറയാവുന്നതാണ്‌. തീവ്രമായ ദു:ഖവും കാമനയും ആത്മായനങ്ങളുടെ ഖസാക്കിലുണ്ട്‌. എന്റെ ജീവിതത്തിന്റെ അന്തര്‍സ്ഥലികളിലുള്ള പ്രക്ഷുബ്‌ധമായ വിചാരങ്ങളുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്‌ക്കാരമാണിത്‌. യാഥാസ്‌ഥിതികരായ വായനക്കാര്‍ ഇത്‌ വായിച്ച്‌ അര്‍ത്ഥം മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ടാകാം. അവരോടെനിക്ക്‌ സം‌വാദം നടത്താന്‍ മടിയില്ല. പക്ഷേ അറിയത്തക്കതല്ലാത്ത പലതുമുണ്ട്‌ മനുഷ്യന്റെ മനസ്സില്‍ എന്ന്‌ അവര്‍ ഉള്‍ക്കൊള്ളണം.
ആസക്തിയുടെ മിഥുനങ്ങള്‍ ലോകത്തിന്റെ അനാഥത്വത്തില്‍ , ദൈവത്തിന്റെ ദൃഷ്‌ടിയില്‍, പകലുകളുടെ അനുസ്യൂതയാത്രകളില്‍ വിശ്വാസം പരസ്‌പരം മാറിയണിയുന്നു എന്ന്‌ ഞാനെഴുതിയത്‌ മനസ്സിലെ വര്‍ണ്ണങ്ങളും രാഗങ്ങളുമെല്ലാം സം‌യോജിപ്പിച്ചുകൊണ്ടാണ്‌. നാം കാണുന്ന യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതിക മാനങ്ങളുണ്ട്‌. യാഥാര്‍ത്ഥ്യത്തെ ഇല്ലായ്‌മ ചെയ്യാതെ തന്നെ ‌. അതിനെ വിവിധ വഴികളിലൂടെ അന്വേഷിക്കുക എന്നതാണ്‌ എന്റെ രീതി. ആ വഴികളിലുള്ള അനുഭവങ്ങളാണ്‌ ജീവിതത്തെ വ്യക്തമാക്കിത്തരുന്നത്‌. അല്ലെങ്കില്‍ കാണിച്ചു തരുന്നത്‌. ജീവിതം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ അതിലേക്ക്‌ പല വഴികളുണ്ട്‌. "ആത്മായനങ്ങളുടെ ഖസാക്ക്‌" പല വഴികളുടെ സമുച്ചയമാണ്‌. പക്ഷേ ഇതിനെയെല്ലാം സമന്വയിപ്പിക്കുന്നത്‌ ഈ ലോകമാണ്‌. ലോകവും, ജീവിതവും പരസ്‌പര സം‌വാദത്തിലാണ്‌. ഓരോന്നിലും അതിന്റെ തന്നെ വൈരുദ്ധ്യമുണ്ട്‌. ഓരോന്നും ഓരോ ആത്മീയതയാണ്‌. ഓരോ ആത്മീയതയും അതിന്റെ വിരുദ്ധ ആത്മീയതയുമായി സം‌വാദത്തിലാണ്‌. ഇതാണെന്റെ നവാദ്വൈതത്തിലേക്കുള്ള പ്രവേശിക. "ആത്മായനങ്ങളുടെ ഖസാക്കിലെ " ഭാഷ നവാദ്വൈതമാണ്‌. ഏതിനും അതിന്റെ വൈരുദ്ധ്യവും, സമന്വയവുമുണ്ട്‌. ഭാഷ ഇവിടെ നമ്മുടെ സ്വകാര്യ ലോകത്തിലാണ്‌. അത്‌ ആത്മീയതയാണ്‌. ആശയവിനിമയം എന്ന ഒറ്റമൂലിയല്ല.
ഞാന്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥ്യകള്‍ക്കോ, അദ്ധ്യാപര്‍ക്കോ , വിമര്‍ശകര്‍ക്കോ , മാധ്യമ പ്രവര്‍ത്തകര്‍ക്കോ സുപരിചിതമായ ചിന്താരീതിയല്ല ഞാന്‍ അവലം‌ബിച്ചത്‌. ആത്മാവിന്റെ വഴിയായിരുന്നു. വ്യത്യസ്‌തമായ ഒരു സൃഷ്‌ടി നിലവിലിരിക്കുന്ന സാഹിത്യ മൂല്യങ്ങള്‍ക്ക്‌ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഒരു മേച്ചില്‍‌പ്പുറം കണ്ടെത്തുന്നുണ്ട്‌. അതിലാണ്‌ അതിന്റെ ജീവന്‍. കൂടുതല്‍ പേരുടേയും ചിന്തകള്‍ക്ക് വശം‌വദനായി നിന്ന്‌, അവരുടെയെല്ലാം മൂല്യബോധത്തിന്റെ ദല്ലാളായി നിന്ന്‌ സ്വന്തം തനിമ നശിപ്പിച്ചുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇത്‌ ബോധപൂറ്‌വ്വമല്ല, നൈസര്‍ഗീകമാണ്‌. സര്‍ഗാത്മകമായ അപരിചിതത്വമാണ്‌ ഏറ്റവും പ്രധാനം. പുതിയ മൂല്യങ്ങളെ അന്തര്‍‌വഹിക്കുന്ന ഒരു കൃതി അതിന്റെ പിറവിയില്‍ തന്നെ എല്ലാ സാഹിത്യ ഏമാന്‍‌മാരില്‍ നിന്നും കനത്ത അവഹേളനത്തിനു പാത്രമാകുക തന്നെ ചെയ്യും. അത്‌ അതിന്റെ വിധിയാണ്‌. സാമ്പ്രദായിക തത്വങ്ങളുടെ അപ്പോസ്‌തലന്‍‌മാരുടെ സ്വകാര്യ താമസ സ്ഥലങ്ങളില്‍ പോലും ഈ പുതിയ കൃതി അലോസരമാകുന്നുണ്ട്‌ എന്നതാണ്‌ സത്യം
യാഥാസ്ഥിതികരും ചിന്താപരമായി അനക്കമറ്റുപോയവരുമായ ഒരു പറ്റം വായനക്കാരുടെ കടുത്ത എതിര്‍പ്പു നേരിടേണ്ടി വരുന്നു എന്നത്‌ ഒരു നല്ല കൃതിക്കു ലഭിക്കുന്ന അനേകം അനുകൂലപ്രതികരണങ്ങളിലൊന്നാണ്‌. ആ അര്‍ത്ഥത്തില്‍ "ആത്മായനങ്ങളുടെ പാരായണത്തിലൂടെ
' അതു ജാട നിരൂപണമാണെന്ന്` കണ്ടെത്തിയ യുവാക്കളുടെ നിലപാട്‌ എനിക്ക്‌ അനുകൂലമാണ്‌. കപട ഭാവുകത്വവും, പഴഞ്ചന്‍ ഫോര്‍‌മുലയുമായി കഴിഞ്ഞു കൂടുന്നവര്‍‌ "ആത്മായനങ്ങളുടെ ഖസാക്ക്‌ " മികച്ച കൃതിയാണെന്നു പറയുന്നത്‌ എന്നെ സം‌ബന്ധിച്ചിടത്തോളം ഒരു "ബ്ലാക്ക്‌ സ്പോട്ടാണ്‌. അതുകൊണ്ട്` എനിക്ക്‌ ആ യോഗ്യതാ പത്രം വേണ്ട. എന്നാല്‍ നിലവിലുള്ള സാഹിത്യ സം‌സ്ക്കാരത്തിന്നെതിരെ കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ നടത്തിയ ഒറ്റയാള്‍‌ പോരാട്ടം ഇന്നും ചിലരില്‍ അസഹിഷ്ണുത ജനിപ്പിക്കുന്നു. "ആത്മായനങ്ങളുടെ ഖസാക്കിനെതിരേയുള്ള യുദ്ധ സന്നാഹം പല രീതികളില്‍ ഇപ്പോഴും തുടരുന്നു. യഥാര്‍ത്ഥ കൃതി ജീര്‍ണ്ണിക്കുന്ന മൂല്യങ്ങളെയാണ്‌ വെട്ടി പരുക്കേല്‍‌പ്പിക്കുന്നത്‌. എന്റെ കൃതി മൗലികമല്ല എന്ന്‌ കണ്ടെത്തിയതിലൂടെ ഇവര്‍‌ ഏതു സാഹിത്യ പക്ഷപാതത്തിന്റെ വക്താക്കളാണെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. എന്റെ മൗലികത ഉള്‍ക്കൊള്ളാനുള്ള യാതൊരു പരിശ്രമവും ഇവര്‍‌ക്കില്ല എന്നതാണ്‌ ഇവിടെ ഏറ്റവും വലിയ സത്യം. അതുകൊണ്ട്‌ ഞാനെന്തിനെ എതിര്‍ത്തു എന്ന്‌ തിരിച്ചറിയാതെ എന്റെ മേല്‍ പേപ്പട്ടിയെപ്പോലെ ചാടിവീണവര്‍‌ സ്വന്തം ബുദ്ധിശൂന്യതക്കു സ്മാരകം നിര്‍മ്മിക്കുകയാണ്‌. അതായത്‌ അവര്‍" ഖസാക്കിന്റെ ഇതിഹാസത്തിനും" അതിന്റെ നൂതന സൗന്ദര്യാത്മക അന്വേഷണങ്ങള്‍ക്കും എതിരാണ്‌. ഖസാക്കിലെ നിലീന ലാവണ്യാം‌ശങ്ങള്‍ തേടുന്നവരെ ഇവര്‍ ശത്രുക്കളായി കാണുന്നു. ഖസാക്കിനെ ഇതര നോവലുകളില്‍ നിന്ന്‌ മാറ്റിനിര്‍‌ത്തി സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നവരെ ഇവര്‍‌ ചെളി വാരിയെറിയുന്നു. എന്നാല്‍ ഖസാക്കിനെ മറ്റു പല നോവലുകളെപ്പോലെ തന്നെ പരിഗണിച്ച്‌ ലേഖനങ്ങള്‍ എഴുതുന്നവരെ , സാമാന്യമായി ആ നോവലിനെ പറ്റി പഠിക്കുന്നവരെ, നിലവിലുള്ളവരെ സര്‍‌വ്വകലാശാല നിരൂപണ പ്രഭൃതികളുടെ ചിട്ടകള്‍‌ക്കകത്തുവെച്ച്‌ ഖസാക്കിനെ" ലക്ഷണമൊത്ത '
കൃതിയായി വിലയിരുത്തുന്നവരെ ഇവര്‍‌ താലോലിക്കുന്നു. ഇവിടെയാണ്‌ പ്രശ്‌നം. കലാപരമായ സം‌വേദനമുള്ള കൃതിയിലെ സാരവത്തായ അം‌ശങ്ങളെ മറച്ചു പിടിക്കുക എന്നതാണിത്‌. ഖ്സാക്കിനെ അനേകം മലയാള നോവലുകളിലൊന്നായി മാത്രം കാണുന്നതിലൂടെ അത്‌ എസ്‌റ്റാബ്ലിഷ്‌ ചെയ്‌തെടുത്ത സം‌സ്ക്കാരത്തെ നശിപ്പിക്കാമെന്ന്‌ ഇവര്‍‌ വിചാരിക്കുന്നു. ഖസാക്കിലെ രവിയുടെ സോദ്ദേശ്യതയല്ല നോക്കേണ്ടത്‌. ആ നോവല്‍ എന്ന കലാശില്പ്പത്തെ കാണുക. അത്` വഴിപോക്കരായ , പേരുകളില്ലാത്ത കുറേപ്പേരിലൂടെ ഒരു ഗ്രാമത്തിന്റെ ആന്തരിക ജീവിതം സൗന്ദര്യാത്മകമായ തീവ്ര ഭാവങ്ങളോടെ , ദു:ഖത്തോടെ അവതരിപ്പിക്കുന്നു. ഗ്രാമത്തെ ചിത്രീകരിച്ച്‌ പ്രപഞ്ച സൃഷ്‌ടിയിലെ ദുരൂഹതയും, സൗന്ദര്യവും, അത്‌ വ്യക്തമാക്കിത്തരുന്നു. ഈ മൂല്യങ്ങള്‍ക്കു നിരക്കുന്ന നോവലിലെ ഭാഷ നവീനമാക്കുന്നുണ്ട്‌. ഇതിനെല്ലാം എതിരായിട്ടുള്ളവര്‍‌ ,ആ നോവലിനെ പറ്റി ചിലര്‍‌ എഴുതിയ ലേഖനങ്ങള്‍‌ എഡിറ്റു ചെയ്‌തു സമാഹരിക്കുന്നതില്‍ നല്ല വായനക്കാരുടെ ഭാവുകത്വത്തെ ചതിക്കുന്ന എന്തോ ഉണ്ട്‌. അതിനെതിരെയാണ്‌ ഞാന്‍ വിരല്‍‌ ചൂണ്ടിയത്‌, അതാണ്‌ ഇവര്‍‌ക്കു പിടി കിട്ടാതെ പോയത്‌. ചിന്താപരമായി നവാദ്വൈതത്തെ നേരിടാനാകാതെ ഇവര്‍‌ തെരുവിലെ അധമ സം‌ഘങ്ങളെപ്പോലെ സകല അസഭ്യവാക്കുകളും ചൊരിഞ്ഞു വിജയിക്കാമെന്ന്‌ വിചാരിക്കുകയാണ്‌. നവാദ്വൈതം എന്നത്‌ എന്റെ വിചാര തത്വമാണ. അതെന്താണെന്നറിയാതെ പുലഭ്യം പറയുന്ന ഇവരോ " ഖസാക്ക്‌ പഠന സമാഹാരം നടത്തിയവര്‍‌"? വിചിത്രമായിരിക്കുന്നു. അക്ഷരത്തെ, അറിവിനെ, സാഹിത്യത്തെ ആദരിക്കാന്‍ പഠിക്കുക. സഹിഷ്‌ണുത എനിക്കില്ല എന്നു പറയുന്ന ഇവര്‍‌ തങ്ങളൂടെ ഉന്നതമായ സഹിഷ്‌ണുതാബോധം ഈ പ്രതികരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ എന്ന്` അവകാശപ്പെടുകയും ചെയ്യും. ഇതാണ്‌ കാലത്തിന്റെ അവസ്ഥ. സകല നരച്ചീറുകളും കുറ്റവാളികളും സ്വയമറിയാതെ , ആത്മബോധമില്ലാതെ ഗിരിപ്രഭാഷണം നടത്തുന്ന നാടാണിത്‌ എന്നത്‌ എന്നെ ഉത്‌കണ്ഠപ്പെടുത്തുന്നുണ്ട്‌.

എന്റെ പുസ്‌തകങ്ങള്‍ ഞാന്‍ അച്ചടിച്ചതിനെപ്പറ്റി ,എന്റെ ചിന്തകളുടെ എതിരിടല്‍ സ്വഭാവം കൊണ്ടുതന്നെ നിലവിലുള്ള പ്രസാധകര്‍‌ അത്‌ ആദ്യം അച്ചടിക്കാന്‍ മടിച്ചു. സ്വാഭാവികമല്ലെ അത്‌? അതും കുറ്റമോ? എന്റെ കൈയ്യില്‍ രൂപയുണ്ടായിരുന്നതുകൊണ്ട്‌ എന്റെ പുസ്‌തകങ്ങള്‍ അച്ചടിക്കപ്പെട്ടു എന്നത്‌ സര്‍ഗാത്മകതയുടേ രം‌ഗത്ത്` വിചാരണ ചെയ്യേണ്ട സം‌ഗതിയല്ല. അത്‌ ഉയര്‍‌ത്തുന്ന പ്രശ്‌നങ്ങള്‍‌ ഗൗരവപൂര്‍‌വ്വം നോക്കി കാണുകയാണ്‌ വേണ്ടത്‌.
എന്റെ ഭാഷയേയും, ചിന്തയേയും, വെറുക്കാന്‍ ആര്‍‌ക്കും അവകാശമുണ്ട്‌. എന്നാല്‍ ദുഷിച്ച സാഹിത്യമൂല്യങ്ങളെ എതിര്‍‌ക്കാന്‍ എനിക്കും അവകാശമുണ്ട്‌.
എം.കെ.ഹരികുമാര്‍
home