Followers

Wednesday, December 25, 2024

ഉത്തര- ഉത്തരാധുനികത - 7 /എം.കെ.ഹരികുമാർ




ഓട്ടോ മോഡേണിറ്റി 


ഇൻസ്റ്റഗ്രാം ,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വാട്സപ്പ് പോലെയുള്ള വ്യക്തിഗത ആശയവിനിമയ ഉപകരണങ്ങളിലും നമ്മൾ എന്തെങ്കിലും എഴുതുന്നത്  ഓട്ടോ മോഡേണിറ്റിയുടെ ഭാഗമാണ്. ഒരു സന്ദേശമോ ചിത്രമോ പോസ്റ്റ് ചെയ്യുമ്പോൾ അത് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിലൂടെ സ്വയം പ്രവർത്തിക്കുകയാണ്.ഒരു സെക്കൻഡ് കൊണ്ട് ലക്ഷ്യം കാണുന്ന പോസ്റ്റ് ഒളിപ്പിച്ചുവെക്കുന്നത് ഈ എൻജിനീയറിംഗാണ്. ഈ  എഞ്ചിനീയറിംഗിനെക്കുറിച്ച് ഉപയോക്താവ്  ബോധവാനാകണമെന്നില്ല. അവൻ്റെ മുന്നിൽ വൃത്തിയുള്ള സ്ക്രീൻ ടെംപ്ലേറ്റുകളും റിങ്ടോണുകളും ബാക്കപ്പ് ഫയലുകളും മാത്രമേയുള്ളൂ. ഉപയോക്താവ് തന്നെ എൻജിനീയറിങ്ങിന്റെ ഭാഗമാണ് .എന്തെന്നാൽ ഉപയോക്താവ് വിരൽത്തുമ്പ് ചലിപ്പിക്കുമ്പോഴാണ് അത് പ്രവർത്തിക്കുന്നത്.

ഒരാൾ ഒരു സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ തന്നെ അത് ഓട്ടോമോഡേണിറ്റിയായിത്തീരുന്നു.ഇതിനും അപ്പുറത്ത് അയാളുടെ സന്ദേശങ്ങൾ പലയിടങ്ങളിലും ഷെയർ ചെയ്യപ്പെടുന്നു,അഭിപ്രായങ്ങൾ സ്വരൂപിക്കുന്നു .ഇതെല്ലാം  സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന്റെയും ഡേറ്റ  വിനിമയത്തിന്റെയും മറ്റൊരു അന്തർലോകത്തിൻ്റെ ഫലമാണ്. ഇത് അദൃശ്യതയിൽ യഥേഷ്ടം തുടരുകയാണ് .

നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് എന്താണെന്ന് കണ്ടുപിടിച്ചു ഗൂഗിൾ നമുക്ക് വേണ്ട വിഭവങ്ങൾ കൺമുന്നിലേക്ക് കൊണ്ടുവരുന്നതിൽ ഈ ഓട്ടോമോഡേണിറ്റിയുണ്ട്. നമ്മുടെ  താല്പര്യങ്ങൾ ശ്രദ്ധിക്കുകയും അതനുസരിച്ച് നമ്മുടെ തിരഞ്ഞെടുപ്പുകളെ സഹായിക്കുകയും ചെയ്യുന്ന ഈ യന്ത്രസംവിധാനം നമ്മെ സ്വയമറിയാതെ തന്നെ പുതിയൊരു സ്വയം നിയന്ത്രിത ആധുനികതയിലേക്ക് നയിക്കുകയാണ്. നാളിതുവരെയുള്ള ചരിത്രത്തിൽ, മനുഷ്യൻ്റെ വ്യാവഹാരിക ജീവിതത്തിലെ സമ്പൂർണ്ണ പൊളിച്ചെഴുത്താണ് ഉത്തര- ഉത്തരാധുനികതയിൽ സംഭവിച്ചിരിക്കുന്നത്. മനുഷ്യർ പൂർണമായി മനസ്സിലാക്കാതെ തന്നെ അവർ മാറ്റപ്പെട്ടിരിക്കുന്നു. അവരുടെ മന:ശാസ്ത്രഘടനയിൽ പൊളിച്ചെഴുത്ത്  സംഭവിച്ചിരിക്കുന്നു. മൂല്യങ്ങളും മുൻഗണനാക്രമങ്ങളും മാറിപ്പോയിരിക്കുന്നു.

മനുഷ്യനും യന്ത്രവും ഒന്നായി 

Auto -Modernity after post modernism:Autonomy and Automation in Culture ,Technology and Education എന്ന പ്രബന്ധത്തിൽ ചിന്തകനും സൈദ്ധാന്തികനുമായ റോബർട്ടു സാമുവൽസ് (Robert Samuels) ഇങ്ങനെയാണ് എഴുതുന്നത്:
"To be precise,we can no longer base our analysis of culture, identity and technology on the tradional conflicts between the public and the private ,the subject and the object,and the human and the machine."

ഇതുവരെ മനുഷ്യരാശി, പ്രത്യേകിച്ചും  കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ പുലർത്തിയിരുന്ന സമീപനങ്ങൾ അമ്പേ പരാജയപ്പെട്ടു എന്നാണ് ഇവിടെ നിരീക്ഷിക്കുന്നത്. പൊതുമണ്ഡലത്തിൻ്റെയും സ്വകാര്യതയുടെയും തലങ്ങളിൽ നമ്മൾ മനസ്സിലാക്കാൻ ശ്രമിച്ച സംസ്കാരം, സ്വത്വം ,സാങ്കേതികത തുടങ്ങിയവയെല്ലാം പുതിയകാലത്ത് പുതിയ സമീപനങ്ങൾ ആവശ്യപ്പെടുന്നു. വ്യക്തിയും വസ്തുവും അല്ലെങ്കിൽ മനുഷ്യനും യന്ത്രവും തുടങ്ങിയ വൈരുദ്ധങ്ങളിൽ ഊന്നിയാണ് നമ്മൾ ആത്മീയതയെ പോലും അറിയാൻ ശ്രമിച്ചിട്ടുള്ളത്. ഇനി അത്തരം വിഭജനങ്ങളും മാനദണ്ഡങ്ങളും മതിയാവാതെ വരുമെന്ന് സാമുവൽസ് മുന്നറിയിപ്പു നൽകുന്നു .ഈ കാലം ഓട്ടോ മോഡേണിറ്റിയുടേതാണ് .നമ്മൾ തന്നെ പുതിയ ആധുനികതയാവുകയാണ്. ആധുനികതയുടെ പ്രക്രിയകൾ സ്വയം നിർവ്വചിക്കപ്പെടുകയാണ്. ആരും ഒന്നും ചെയ്യാതെ തന്നെ ആധുനികത സംഭവിക്കാം. സാങ്കേതികവും മാനവികവുമായ തലങ്ങളിൽ സ്വയം രൂപപ്പെടുന്ന ആധുനികതയാണിത്.വ്യക്തിസ്വാതന്ത്ര്യവും യാന്ത്രികതയും ഇതുവരെ വൈരുദ്ധ്യങ്ങളായി കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഡിജിറ്റൽ അതിയാന്ത്രികത (Automation)യിലൂടെ പുതിയൊരു സ്വയം നിയന്ത്രിത സംവിധാനം ഉണ്ടായിരിക്കുന്നു. അവിടെ വ്യക്തിസ്വാതന്ത്ര്യവും യാന്ത്രികതയും  ഒന്നായി ചേർന്നിരിക്കുന്നു. 

പരമ്പരാഗതമായ പൊതുമണ്ഡലമോ സാമൂഹികമായ മധ്യസ്ഥതയോ ഇപ്പോഴില്ല. എല്ലാം വ്യക്തികൾ സ്വകാര്യമായി തീർപ്പാക്കുന്നു ,ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ .ഇതുവരെ പരസ്പരവിരുദ്ധമെന്ന് കരുതിയിരുന്നത് ഒന്നായി മാറിയത്, പരമ്പരാഗതമായ വ്യക്തിനിഷ്ഠത, വസ്തുനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള പഠനങ്ങളെ  ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.ഇന്നത്തെ വിദ്യാഭ്യാസത്തിൽ ഈ ഓട്ടോമേഷൻ വളരെ പ്രകടമാണ് .ക്ലാസ് റൂമിൽ ഡിജിറ്റൽ പാഠങ്ങളുണ്ട്. വിവിധതരം പ്ലാറ്റ്ഫോമുകൾ ഒരേസമയം ഉപയോഗിക്കാം. ഗൂഗിളിൽ പരതാം. മൊബൈൽ ഫോണിൽ സ്പെല്ലിംഗ് ചെക്ക് ചെയ്യാം. ചാറ്റ് ചെയ്യാം.  വാക്കുകളുടെ അർത്ഥം നോക്കാം. ഇതെല്ലാം അതിയാന്ത്രികതയുടെ  ആവിർഭാവമായി കാണാം.വ്യക്തിയും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായിരിക്കുകയാണ്. മൊബൈൽഫോണിൽ യാന്ത്രികബുദ്ധിയുടെ സാങ്കേതികതയുണ്ട്. എന്നാൽ അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഈ കാലഘട്ടം അതിയാന്ത്രികതയെ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്. ഉപയോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഏത് വിഷയത്തെക്കുറിച്ചും എഴുതി നല്കുന്ന ചാറ്റ്ബോട്ടുകൾ വ്യക്തിയും യന്ത്രവും ഒന്നിക്കുന്ന നിമിഷങ്ങളാണ് പകരുന്നത്. 

ഓട്ടോ മോഡേൺ ഉപകരണങ്ങളായി സാമുവൽസ് ചൂണ്ടിക്കാണിക്കുന്നത് കമ്പ്യൂട്ടർ, വേർഡ് പ്രോസസർ , മൊബൈൽഫോൺ, ഐപോഡ്, ബ്ലോഗ്, ടിവിയുടെ റിമോട്ട് ,കമ്പ്യൂട്ടർ ഗെയിം തുടങ്ങിയവയാണ്. ഇതെല്ലാം പ്രവർത്തിപ്പിക്കാൻ വേണ്ടി അലയേണ്ട. നമ്മൾ അനുവദിച്ചാൽ മതി ,സ്വയം പ്രവർത്തിച്ചു കൊള്ളും. ഒരു ബ്ലോഗിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെങ്കിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി .ഏറ്റവും ഉയർന്ന തരത്തിലുള്ള യാന്ത്രിക പ്രവർത്തനമാണ് ഈ ഡിജിറ്റൽ ഉപകരണങ്ങളിലുള്ളത്. എന്നാൽ ഇത്  വ്യക്തികളുടെ ജീവിതാനുഭവത്തിൽ ഇഴുകിച്ചേർന്നിരിക്കുകയാണ്.

വ്യക്തി ഒരു മൊബൈൽ ഫോൺ തന്നെ 

വസ്തുവും വ്യക്തിയും ഒന്നായ അനുഭവമാണിത്. ഒരു ലാപ്ടോപ്പുമായി ഓഫീസിൽ പോകുന്ന ഒരാൾക്ക് വീടും ഓഫീസും ഒരുപോലെയാണ് .അയാൾക്ക് സ്ഥലം ഒരു പ്രശ്നമല്ല .അയാൾ എവിടെയിരിക്കുന്നുവോ അതാണ് ഓഫീസ്. ഇമെയിൽ ഉപയോഗിക്കുന്നവർക്ക് പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട് ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ  നിന്ന് രക്ഷപ്പെടാം. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സന്ദേശം അയയ്ക്കുന്നത് മറ്റാരും അറിയുന്നില്ല. ഇത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടർ ഒരു വ്യക്തിയുടെ സ്വകാര്യസംസ്കാരമായി രൂപാന്തരപ്പെടുകയാണ്.പൊതുമണ്ഡലത്തിൽ നിന്നുകൊണ്ട് ഒരാൾക്ക് ലാപ്ടോപ്പിലൂടെ സ്വകാര്യമായ വിനിമയങ്ങളിൽ ഏർപ്പെടാം. അതോടെ അയാൾക്ക് രണ്ട് ജീവിതങ്ങൾ കിട്ടുന്നു. സിവിൾ സമൂഹത്തിലെ ഒരംഗം എന്ന നിലയിലും സ്വകാര്യ വ്യക്തി എന്ന നിലയിലും അയാൾക്ക് നിലനിൽക്കാം. അയാൾ ലാപ്ടോപ്പിലൂടെ തുടരുന്ന ആശയവിനിമയങ്ങൾ സ്വകാര്യതയുടെ അടയാളങ്ങളായി മാറുന്നു. ഒരു സ്വകാര്യ പ്രവൃത്തിയിടമായി ലാപ്ടോപ്പിനെ കാണണം. വ്യക്തികൾ സമൂഹത്തിനും സ്ഥലത്തിനും സ്വത്വത്തിനും അടിമയാണെന്ന ഉത്തരാധുനികതയുടെ കാഴ്ചപ്പാടുകൾ ഉത്തര- ഉത്തരാധുനികതയുടെ ഓട്ടോ മോഡേണിറ്റി തിരുത്തുകയാണ്.

ഒരാൾ സാംസ്കാരികമായി വ്യത്യസ്തനാവുകയോ, പ്രത്യേക  മുദ്രവഹിക്കുകയോ ചെയ്യുന്നതാണ് അയാളുടെ ബന്ധങ്ങളുടെ അടിസ്ഥാനമെന്ന ധാരണയും അട്ടിമറിക്കപ്പെടുകയാണ്.നവമാധ്യമങ്ങളുടെ വരവ് ഇതിനെ അപ്രസക്തമാക്കി.  സൈബർ ലോകം ഒരു പ്രത്യേക കാലത്തെയോ സ്ഥലത്തെയോ സംസ്കാരത്തെയോ ലക്ഷ്യമാക്കുന്നില്ല. അത് എല്ലായിടത്തും എപ്പോഴും ഒരുപോലെയാണ്.അതിന് വ്യക്തിപരമായ പരിഗണനകളോ മുൻകൂട്ടിയുള്ള ബന്ധങ്ങളോ ഇല്ല. ഏതൊരു വ്യക്തിക്കും യഥേഷ്ടം ഏത് ആശയത്തെയും സംസ്കാരത്തെയും പരിശോധിക്കാനാവും. ഇന്നത്തെ വ്യക്തികളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത് അവർ തങ്ങളുടെ മൊബൈൽഫോൺ തന്നെയാണെന്നാണ്. ഫോണിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഒരിടമോ വ്യക്തിത്വമോ അവർക്കില്ല.കൊല്ലുമ്പോഴും മരിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുണ്ട്. കൂട്ടക്കൊല നടത്തുന്നതിൻ്റെ ദൃശ്യം മൊബൈലിൽ പകർത്തി ഫേസ്ബുക്ക് ലൈവിൽ കൊടുക്കുന്നവനെ കണ്ടു. അയാളെ ഫോൺ അതിയാന്ത്രികതയിൽ എത്തിച്ചിരിക്കയാണ്. 

എല്ലാ രഹസ്യങ്ങളും പരസ്യമാണ് 

പരസ്യം,രഹസ്യം തുടങ്ങിയ വിഭജനങ്ങൾ ഇല്ലാതാക്കിയത് ഓട്ടോ മോഡേണിറ്റിയാണ്. ആർക്കും എന്തും പരിശോധിക്കാവുന്ന വിധം ഇൻറർനെറ്റ്  എല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നു. യു ട്യൂബ് നോക്കി പ്രസവിച്ച വിദ്യാർത്ഥിയെ ഓർക്കുകയാണ്. ബഹുസ്വരതയിലും ഐഡൻ്റിറ്റിയിലും സാമ്രാജ്യത്വാനന്തര പ്രാദേശികതയിലും ഊന്നിയ ഉത്തരാധുനികതയ്ക്ക് ഈ പുതിയ ലോകത്തെ സമീപിക്കാനാവില്ല.എന്നാൽ ഇപ്പോൾ നമുക്ക് വേൾഡ് വൈഡ് വെബ് (www),ഗൂഗിളൈസേഷൻ എന്നിവയുണ്ട്. ലോകത്തുള്ളതെന്തും ഡേറ്റയായും വിവരമായും ഇൻ്റർനെറ്റിലെത്തുകയാണ്. ഒരു അറിവ് ഇൻറർനെറ്റിൽ തിരച്ചിലിനു സജ്ജമാകുന്നതോടെയാണ് അതിൻ്റെ  യാത്രയാരംഭിക്കുന്നത്. ലോകം ഒരു വലയിൽ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. എല്ലാം ആ വലയിൽ ഒരുപോലെയാണ്. രാജാവിനും മോഷ്ടാവിനും ഒരേ സ്ഥാനം നൽകുന്ന വലയാണത്. കാരണം, അവിടെ വ്യക്തികൾക്കല്ല പ്രാധാന്യം അറിവുകൾക്കാണ്.കള്ളനെക്കുറിച്ചും കൊലപാതകിയെക്കുറിച്ചുമുള്ള വിവരങ്ങൾ ഒരു ഭരണാധികാരിയെക്കുറിച്ചുള്ള വിവരങ്ങൾ പോലെ പ്രധാനപ്പെട്ടതാണെന്ന് ഗൂഗിൾ പറയുന്നു. എല്ലാം തിരച്ചിലിനുള്ളതാണ്. വ്യക്തികളുടെ മികവ് അവരുടെ സ്വകാര്യതയായി തന്നെ നിലനിൽക്കുന്നു .വേൾഡ് വൈഡ് വെബ്ബിൽ അതിനു പ്രത്യേക പ്രാധാന്യമില്ല. ഗൂഗിൾ, വസ്തുക്കളുടെ മൂല്യത്തിന് വിലയിടുന്നില്ല. വിവരങ്ങൾക്കാണ് പ്രാധാന്യം.അതിൻ്റെ ഉപയോഗത്തെക്കുറിച്ച് ഒരു ഉപദേശവും തരുന്നില്ല .പല ഉറവിടങ്ങളിലുള്ള (സൈറ്റുകളിലുള്ളത്)വിവരങ്ങൾ നമ്മുടെ ആവശ്യാനുസരണം അത് നിരത്തുന്നു. അത്  ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് ഉപയോക്താവിൻ്റെ  താത്പര്യമാണ് .എല്ലാത്തരം ഉപയോക്താക്കൾക്കും തുല്യപ്രാധാന്യമാണുള്ളത്. ചന്ദ്രനിൽ പോകുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ഒരു ഉപയോക്താവിനും ,ബോംബ് ഉണ്ടാക്കാൻ പഠിക്കുന്നവനും ഗൂഗിൾ ഒരേ സ്ഥാനമാണ് കൊടുക്കുന്നത്.

സെക്സ് വ്യക്തിയുടെ ഇഷ്ടം 

ഗൂഗിളിൽ തിരയാൻ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.  ഒരാൾ ബോംബ് ഉണ്ടാക്കുന്നത് പഠിക്കാൻ ഗൂഗിളിൽ പരതുന്നത് മറ്റാരും കാണുന്നില്ല .അയാളുടെ സ്വാതന്ത്ര്യമായാണ് അത്  വ്യാഖ്യാനിക്കപ്പെടുന്നത്. വേൾഡ് വൈഡ് വെബ് ലോകത്തെ തന്നെ വിപുലീകരിക്കുകയാണ്. ലോകത്തിലെ എല്ലാ വിഭാഗീയതകളെയും മറികടക്കുന്ന ലോകമാണത്.ഇവിടെയാണ് സമൂഹത്തിൻ്റെ നിർമിതി എന്ന നിലയിലുളള യഥാർത്ഥ്യങ്ങൾ  അണിനിരക്കുന്നത്. ലൈംഗികത ഒരു സാമൂഹികനിർമ്മിതിയാണെന്ന പഴയ ചിന്തയെ ഉത്തര- ഉത്തരാധുനികത തകർക്കുകയാണ്. ലൈംഗികത ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഒരാൾക്ക് ഏത് തരം സെക്സ് വേണം, ഏത് ലിംഗത്തിൽ ജീവിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ആ സ്വാതന്ത്ര്യം ഇല്ലായിരുന്നു. യാഥാർത്ഥ്യത്തെ വ്യക്തികൾ അവരുടെ സ്വാതന്ത്ര്യം കൊണ്ട് നിർമ്മിക്കുകയാണ്.

വ്യക്തികൾ ഫോൺ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകൾ അവരുടെ യാഥാർഥ്യമാണ്. അതുപോലെയാണ് അവരുടെ സെക്സും. ട്രാൻസ്ജെൻഡറുകളും വിവിധ തരം ലൈംഗിക ഗ്രൂപ്പുകളും പുതിയ അതിയാന്ത്രികതയുടെ സംഭാവനയാണ്. നൂതനമായ  വൈദ്യശാസ്ത്രശസ്ത്രക്രിയകൾ പുതിയ പൗരത്വം ജനിപ്പിക്കുകയാണ് .ആൺ ,പെൺ എന്നിങ്ങനെയുള്ള ഐഡൻ്റിറ്റികൾ താത്കാലികമാണെന്ന് ഇത് കാണിച്ചുതരുന്നു. വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തെ നിർമ്മിക്കുകയാണ്. ഒരു എക്സ്പെർട്ടിനെയും ആവശ്യമില്ല എന്ന നിലയിലേക്ക് ഇത് ലോകത്തെ എത്തിച്ചിരിക്കുകയാണ്. സാമുവൽസ് എഴുതുന്നു:
"Instead of relying on experts or modern sorting systems like library card catalogues ,automated search engines appear to put the power of cultural filtering in to the hands of the autonomous user.

ഓട്ടോ മോഡേണിറ്റി മനുഷ്യരെത്തന്നെ ആധുനികവൽക്കരിക്കുകയാണ്. സംസ്കാരത്തെ ഇനി പ്രത്യേക ജീവിതരീതിയായി വീക്ഷിക്കാനാവില്ല. കലയുടെയോ പ്രത്യേക ആചാരങ്ങളുടെയോ വ്യവഹാരമാണ് സംസ്കാരം എന്ന് പറയുന്നത് തെറ്റാണ്. സംസ്കാരം നമ്മെ ആധുനികവൽക്കരിക്കുന്നുണ്ടോ എന്ന് അറിയേണ്ടതുണ്ട്. സംസ്കാരം ഡിജിറ്റൽ അതിയാന്ത്രികതയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്.

വിവിധ തരം ഓൺലൈൻ പ്ളാറ്റ്ഫോമുകളിലൂടെയാണ് ലോകത്ത് ഭൂരിപക്ഷവും കലയെയും സംസ്കാരത്തെയും അനുഭവിക്കുന്നത് .ഒരു പ്രദേശത്തിൻ്റെ മാത്രമായ സംസ്കാരം എന്ന നിലയിലല്ല ,ഒരു ആഗോള ഉത്പന്നമായാണ് എന്തിനെയും ആളുകൾ സ്വീകരിക്കുന്നത്. തീയേറ്ററുകളിലെന്ന പോലെ സിനിമകൾ ഇപ്പോൾ ഓൺലൈനിലും  കാണുന്നു .കൊഞ്ചു വളർത്തുന്നതും കൊഞ്ചിനെ പിടിക്കുന്നതും വീഡിയോയിൽ ചിത്രീകരിക്കുന്നു. ആ വീഡിയോ ലോകത്തെവിടെയിരുന്നും വീക്ഷിക്കാമല്ലോ .അപ്പോൾ അത് ഒരാഗോള കാഴ്ചയാണ്. ഇത് സാധ്യമാക്കിയത് യാന്ത്രികതയുടെ കണ്ടുപിടിത്തമാണ്. എന്നാൽ ഇത് ഷൂട്ട് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും എളുപ്പത്തിൽ സാധ്യമാണ്. മനുഷ്യൻ്റെ സ്വകാര്യമായ ജോലി ഇന്ന് ആഗോളവിഭവമായി മാറിയിരിക്കുന്നു.  ഇതിനു സന്ദർഭമൊരുക്കിയത് പുതിയ ഡിജിറ്റൽ സാങ്കേതിക ഉപകരണങ്ങളാണ്. ഉളളിൽ ആധുനികതയെ നിർമ്മിച്ചുവച്ചിരിക്കുന്ന ഉപകരണങ്ങളാണ് ഓട്ടോ മോഡേണിറ്റി യാഥാർത്ഥ്യമാക്കുന്നത്.

ഉത്തര- ഉത്തരാധുനികത - 6 /എം.കെ.ഹരികുമാർ

 



ഡ്രോമോക്രസി
പിക്നോലെപ്സി 


ഉത്തര- ഉത്തരാധുനികതയിൽ വേഗത (Speed)ഒരു നവീനാശയമായി  ഉയർന്നുവരികയാണ്. വേഗതയെക്കുറിച്ചുള്ള സങ്കല്പങ്ങൾ, ചിന്തകൾ നേരത്തെയും ഉണ്ടായിരുന്നു. വാഹനങ്ങളുടെ വേഗതയും വേഗനിയന്ത്രണവും എല്ലാവർക്കും അറിവുള്ളതാണ്.എന്നാൽ നവീനകാലത്തിലെ വേഗത സ്ഥലത്തെയും കാലത്തെയും പുനർനിർവ്വചിക്കുകയാണ്. നിങ്ങൾ സഞ്ചരിക്കാതെ തന്നെ വേഗത നേടാവുന്നതാണ്. ഇന്റർനെറ്റും സാറ്റലൈറ്റും നവ ആശയവിനിമയ സാങ്കേതികവിദ്യകളും നമ്മുടെ സ്ഥലത്തിന്റെയും സമയത്തിന്റെയും സങ്കല്പങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്. ഒരു വിരൽത്തുമ്പ് അമർത്തുന്നതിലൂടെ ഒരു നിമിഷം കൊണ്ട് ആയിരം പേർക്ക്, വിവിധ രാജ്യങ്ങളിലുള്ളവർക്ക് സന്ദേശം അയയ്ക്കാവുന്ന വാട്സപ്പ്, ഇമെയിൽ സംവിധാനങ്ങലാണല്ലോ ഇപ്പോഴുള്ളത്. നമ്മൾ എവിടെയിരിക്കുന്നു, ഏത് സമയത്താണ് ജീവിക്കുന്നത് എന്നീ കാര്യങ്ങളെ അത് അപ്രസക്തമാക്കുകയാണ്. 

ഒരു നിമിഷം കൊണ്ട് ഏതു ദൂരത്തെയും ഇന്ന് കീഴടക്കാം.  ഇന്ത്യയിലെ ഒരു ഗ്രാമത്തിലിരുന്നുകൊണ്ട് അയയ്‌ക്കുന്ന വാട്സപ്പ് ,ഇമെയിൽ സന്ദേശങ്ങൾ ദൂരത്തെ ഇല്ലാതാക്കുകയാണ്. ദൂരം എന്ന വ്യാപ്തിയെ സമയത്തിനുള്ളിലേക്ക് അപ്രത്യക്ഷമാക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് അമേരിക്കയിലെ ഒരു ഓഫീസിലേക്കുള്ള സന്ദേശം എത്തുന്നത് ഒരു നിമിഷത്തിനുള്ളിലാണ് .അപ്പോൾ കപ്പൽ വഴിയോ ,വിമാനം വഴിയോ അവിടെ എത്തിച്ചേരാനെടുക്കുന്ന ദൂരം ഇല്ലാതാവുകയാണ്. ഈ ദൂരത്തിന്റെ അപ്രത്യക്ഷമാകൽ ,സമയത്തിന്റെ അപ്രത്യക്ഷമാകൽ കൂടിയാണ് .സ്ഥലവും സമയവും എവിടെപ്പോയി അപ്രത്യക്ഷമായി? ഇപ്പോൾ സ്പീഡ് മനുഷ്യബന്ധങ്ങളെയും ബാധിക്കുന്ന ഒരു മാനം നേടിയിരിക്കുകയാണ്. വേഗതയുടെ അവബോധത്തിനകത്താണ് മനുഷ്യൻ്റെ  ബന്ധങ്ങളുടെ ആഴം പരിശോധിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങൾ വേഗത്തെയാണ് അനുഭവിപ്പിക്കുന്നത് .മൊബൈൽ ഫോൺ വേഗത്തെ ആവിഷ്കരിക്കുകയാണ്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്ന ആളുകൾ വേഗതയിൽ വിശ്വസിക്കുന്നു. എത്രയും വേഗം പ്രതികരണങ്ങൾ കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ് ആളുകൾ. മിസ്ഡ് കോളുകൾ വേഗത്തെ അളക്കാനുള്ളതാണ് .എന്നാൽ പ്രതികരണങ്ങൾക്ക് വേഗതയില്ലെങ്കിൽ അത് സ്നേഹരാഹിത്യമായി കണക്കാക്കും. വേഗത ഒരാളുടെ സ്വഭാവവും ഗുണവും മൂല്യവുമായി കണക്കാക്കപ്പെടുകയാണ്.  വാഹനങ്ങൾ, യാത്രകൾ, ചടങ്ങുകൾ എല്ലാം വേഗത്തിൽ അധിഷ്ഠിതമാണിന്ന്. ആധുനിക പ്രിന്റിങ് ടെക്നോളജി എത്രയും കുറച്ച് സമയം കൊണ്ട് ഒരു പുസ്തകം അച്ചടിക്കാമെന്നാണ് തെളിയിക്കുന്നത്. എല്ലായിടത്തും മന്ദത ഒരു തിന്മയായി വിലയിരുത്തപ്പെടുകയാണ് . രോഗത്തിന് അതിവേഗം മുക്തി നൽകുന്നതാണ് ആശുപത്രികളുടെ മികവായി കണക്കാക്കപ്പെടുന്നത്.എവിടെ യാത്ര പോകുമ്പോഴും അത് സമയത്തിനും ദൂരത്തിനും എതിരെയുള്ള ഒരു യുദ്ധം കൂടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ യുദ്ധം വേഗത്തെ പൂർണമായും ആശ്രയിക്കുന്നത്. ശത്രുവിന്റെ മിസൈലിനെ നേരിടാനുള്ള മിസൈൽ സംവിധാനം വേഗതയിലാണ് നിലയുറപ്പിക്കുന്നത്. ആധുനിക മനുഷ്യൻ്റെ വേഗത്തിൻ്റെ  ജീവിതവും ജീവിതത്തിൻ്റെ വേഗവും കെട്ടുപിണഞ്ഞു കിടക്കുകയാണ് .

വേഗതയില്ലാത്ത ജീവിതം ജീവിതമല്ല 

ഫ്രഞ്ച് സൈദ്ധാന്തികനും ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറും സൗന്ദര്യശാസ്ത്ര ചിന്തകനുമായ പോൾ വിറിലിയോ(Paul  Virileo,1932-2018) ഡ്രോമോളജി(Dromology) എന്ന ഒരു പദം തന്നെ അവതരിപ്പിച്ചു.ഡ്രോമോളജി എന്നാൽ വേഗത്തിൻ്റെ ശാസ്ത്രം .ഇത് ഓട്ടപ്പന്തയത്തിൻ്റെയും വേഗത്തിന്റെയും കാലമാണിതെന്ന് അദ്ദേഹം വാദിക്കുന്നു .നമ്മുടെ ജീവിതം ഇപ്പോൾ യുദ്ധസമാനമായ വേഗതയിലാണുള്ളത്. ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. വേഗത്തിന്റെ യുക്തിയാണ് ഇന്നത്തെ നമ്മുടെ ധാർമികതയായി മാറുന്നത്.  War and Cinema,The Art of The Motor ,The Aesthetics of Disappearance തുടങ്ങിയ കൃതികളിലൂടെ ആധുനിക കാലഘട്ടത്തിലെ വേഗതയുടെയും സാങ്കേതിക ജീവിതത്തിൻ്റെയും  സൗന്ദര്യശാസ്ത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതിൽ ആധുനിക വേഗത്തിൻ്റെ പരിണതിയെ കണ്ടെത്തുന്നതിൻ്റെ വിചിന്തനങ്ങളുണ്ട്. അദ്ദേഹം പറയുന്നു ,ഇത് ഡെമോക്രസി(Democracy)യുടെ കാലമല്ല, ഡ്രോമോക്രസി(Dromocracy)യുടെ (ഓട്ടപ്പന്തയത്തിൻ്റെ)കാലമാണെന്ന്. ഇനിയൊരിക്കലും മനുഷ്യർക്ക് വേഗത കുറഞ്ഞ ഒരു വ്യവസ്ഥയിലേക്ക് മടങ്ങാനാവില്ല എന്നാണ് വിറിലിയോ  പറയുന്നത്.കാറുകളുടെ വേഗതയെക്കാൾ ട്രെയിനുകൾ വേഗതയാർജിച്ചിരിക്കുന്നു. വേഗത കുറഞ്ഞ ട്രെയിനുകൾ ഇനി ആകർഷിക്കപ്പെടില്ല. അതിവേഗത്തിലുള്ള സാങ്കേതികവ്യവസ്ഥ ഈ കാലഘട്ടത്തിലെ ജീവിത വീക്ഷണത്തെയും സ്ഥലകാലബോധത്തെയും മാറ്റിമറിച്ചിരിക്കുകയാണ്.വിറിലിയോയുടെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ആധുനികജീവിതത്തെ കൂടുതൽ അപഗ്രഥിക്കാനാവും. മനസ്സുകളെ സ്പീഡ് ബാധിച്ചിരിക്കുന്നു .മനസ്സിൻ്റെ ഒരു മുൻഗണനയാണത്.  ഇന്റർനെറ്റിലെ ഇടം (ജി.ബി അഥവാ Space)നമ്മുടെ യഥാർത്ഥ സ്ഥലമല്ല. അത് സ്ഥലത്തിൻ്റെ പ്രതീതിയാണ്. നമുക്ക് എഴുതാം ,പാടാം, പ്രതികരിക്കാം, വഴക്കിടാം, ചീത്ത വിളിക്കാം -എല്ലാം പ്രതീതിയാണ്. ഒന്നും യഥാർത്ഥ സമയത്തല്ല സംഭവിക്കുന്നത് .ട്രെയിനിൽ യാത്ര ചെയ്യുന്ന ,കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ യഥാർത്ഥ സമയ(Real Time)മല്ല അത് ;ആ യഥാർത്ഥ സമയത്തിനകത്ത് അളക്കാനാവാത്ത അനേകം ഇടങ്ങൾ പ്രതീതിയായി പ്രത്യക്ഷപ്പെടുകയാണ്. അതാണ് ജീവിതമായിത്തീരുന്നതെന്ന് നാം കരുതുന്നു .കാരണം, നമ്മൾ സജീവമായി ചിന്തിക്കുകയും ഇടപെടുകയും വിശ്വസിക്കുകയും ചെയ്യുന്നത് ഇപ്പോൾ അവിടെയാണല്ലോ. നേരിട്ട് കാണുമ്പോൾ ഒന്നും തന്നെ പറയാനില്ലാത്തവർ ഒരു പ്രതീതി (virtual)വ്യവസ്ഥയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.അവർ ചിലപ്പോഴൊക്കെ സത്യസന്ധമായി പെരുമാറുന്നു. അതേ അളവിൽ ആൾമാറാട്ടം നടത്തുന്നു. ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിച്ചു വികാരങ്ങൾ ഉള്ളതായി അഭിനയിക്കുന്നു. യഥാർത്ഥമായ സ്ഥലവും സമയവും അപ്രത്യക്ഷമാവുകയാണ്. ഇതിനെ വിറിലിയോ ഭൗതികാവസ്ഥയുടെ അപ്രത്യക്ഷമാകൽ(Disappearance of Materiality)എന്നു വിളിക്കുന്നു. 

സമാധാനത്തിലും യുദ്ധം 

മനുഷ്യർക്ക് ജീവിക്കാൻ പ്രതീതി ധാരാളമാണ്. പലതും ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് സുഖം. ഇല്ലാത്തതും ഉണ്ടെന്ന് കരുതുമ്പോൾ കുറച്ചുകാലത്തേക്കെങ്കിലും രസമുണ്ടാവും.ശരീരം തന്നെ അപ്രത്യക്ഷമാവുകയാണ്. ശരീരത്തിന് എന്താണ് പ്രസക്തി, ഇൻറർനെറ്റിലും  സമൂഹമാധ്യമങ്ങളിലും?. ശരീരങ്ങൾ ഉണ്ടെന്ന് സങ്കൽപിക്കപ്പെട്ടാൽ മതിയല്ലോ .അശരീരിയാവുന്നതാണ് ഈ കാലത്തിൻ്റെ പ്രതീതിയാഥാർത്ഥ്യത്തെ ആഴമുള്ളതാക്കുന്നത്. 

ജനാധിപത്യമല്ല ,ഓട്ടപ്പന്തയക്കാരാണ് ഇന്നത്തെ ലോകത്തെ ക്രമീകരിക്കുന്നത് എന്ന് വിറിലിയോ പറയുന്നത് മനുഷ്യന്റെ മനോഭാവത്തിൽ പ്രകടമായ മാറ്റത്തെ ഉദാഹരിച്ചുകൊണ്ടാണ്. പ്രണയിക്കുന്നതിനും കാണുന്നതിനും ചിന്തിക്കുന്നതിനും വേഗത ആവശ്യമാണത്രേ. പ്രേമിക്കുന്നത് അതിവേഗതയിലാണെങ്കിൽ വേർപിരിയുമ്പോഴും ആ വേഗത അനിവാര്യമാകുന്നു.വേഗത്തിൻ്റെ വിരാട് രൂപമാണ് നാം എവിടെയും കാണുന്നത്.ഉപഭോക്തൃ ഉല്പന്നങ്ങൾ പോലും പല പേരുകളിൽ , രൂപങ്ങളിൽ പുതുതായി പുറത്തിറക്കുന്നു .ഫാഷൻ ലോകത്തും വേഗത്തിനാണ് പ്രിയം .അതുകൊണ്ടാണ് വിറിലിയോ പറയുന്നത്, സമാധാനമായിരിക്കുന്നതും യുദ്ധമാണെന്ന്. കമ്പ്യൂട്ടറുകളാണ്  നമ്മുടെ ജീവിതത്തിലെ സത്യങ്ങളും രഹസ്യങ്ങളും കണ്ടുപിടിക്കുന്നത്. നമ്മൾ ആഹ്ളാദത്തോടെ , സമാധാനത്തോടെ ജീവിക്കുന്നു എന്ന് പറയുമ്പോഴും ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തിൽ നമ്മളാണ് ഇരകളാക്കപ്പെടുന്നത്. നമുക്കില്ലാത്ത  വേഗം നമ്മളിലേക്ക് കുടഞ്ഞിടുന്നത് പുതിയ സാങ്കേതികവിദ്യയാണ്. വിവരസാങ്കേതിവിദ്യയുടെ വേഗത  സമയത്തിന്റെ ഒരു പുതിയ രാഷ്ട്രീയമാണ്.

കമ്പ്യൂട്ടർ സ്ക്രീൻ ഡേറ്റ സ്വീകരിക്കാൻ മാത്രമുള്ളതല്ല;ആഗോളവൽക്കരണത്തിന്റെയും വർദ്ധിച്ച അതിൻ്റെ പ്രതീതിവൽക്കരണത്തിൻ്റെയും തലങ്ങളെ അത് ഉൾക്കൊള്ളുകയാണ്. എല്ലായിടത്തും സ്പേസ് അപ്രത്യക്ഷമാവുന്നു;ശരീരമോ വസ്തുക്കളോ അതിനു അപവാദമല്ല. ഇപ്പോൾ വേഗതയെ അളക്കാനാവുന്നില്ല. നമ്മൾ ഒരു പ്രതീതിലോകത്ത് എത്ര സ്പീഡിൽ നീങ്ങുന്നുവെന്ന് നമുക്കറിയില്ല. ഇൻറർനെറ്റൽ നമ്മൾ നേടുന്ന വേഗത്തിൻ്റെ കാര്യമാണ് പറയുന്നത്. അധികാരം അസ്പൃശ്യമായാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.  മുൻകാലങ്ങളിൽ അധികാരം ഉപയോഗിച്ചവർ ആരൊക്കെയാണെന്ന് അറിയാമായിരുന്നു .ഇപ്പോൾ അത് അദൃശ്യമായിരിക്കുന്നു. ആരെല്ലാം നമ്മുടെ സിസിടിവി ദൃശ്യങ്ങൾ കാണുന്നു ,നമ്മുടെ ടെലിഫോൺ സംഭാഷണങ്ങൾ കേൾക്കുന്നു, ആരെല്ലാം നമ്മുടെ ഈമെയിലുകൾ നിരീക്ഷിക്കുന്നു, നമ്മുടെ സൗന്ദര്യബോധത്തെ അപഗ്രഥിക്കുന്നു, ആരെല്ലാം നമ്മുടെ വാട്സപ്പ് ഇമേജുകൾ ശേഖരിക്കുന്നു എന്നീ കാര്യങ്ങൾ ഒന്നും നമുക്കറിയില്ല. നമ്മുടെ ഫോൺ നമ്മെ എവിടെയെല്ലാം ഒറ്റിക്കൊടുക്കുന്നു എന്ന് നമുക്കറിയില്ലല്ലോ. ഇതാണ് വിറിലിയോ പറയുന്ന അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം (Aesthetics of Disappearance).അധികാരത്തെ ഇന്ന് സ്പർശിക്കാനാവില്ല. ഒരു ഫോൺ നിങ്ങളുടെ കൈയിലുണ്ടെങ്കിൽ നിങ്ങൾ നിശ്ചിതമായ ഒരു ടവർ ലൊക്കേഷന്റെ പരിധിയിലാണ്. അതിന്റെയർത്ഥം നിങ്ങൾക്ക് മേൽ മറ്റാർക്കെങ്കിലും അധികാരം ഉണ്ടെന്നാണ് .നിങ്ങൾ പിടിക്കപ്പെട്ടിരിക്കുന്നു എന്നാണർത്ഥം .നിങ്ങൾ ഒരു സാങ്കല്പിക കുറ്റവാളിയാണ്. അതുകൊണ്ട് നിങ്ങളെ എപ്പോഴും മുൻകൂട്ടി നിരീക്ഷിക്കേണ്ടതുണ്ട്.നിങ്ങളുടെ ശരീരത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന പോലെ കണ്ടാൽ മതി ,കൈയിലുള്ള മൊബൈൽ ഫോണിനെ. നിങ്ങൾ കുറ്റവാളിയാണ് ,അല്ലെങ്കിൽ കുറ്റവാളിയാകാൻ തീരുമാനിച്ചയാളാണ് എന്ന നിഗമനത്തിലാണ് നിങ്ങൾക്കു ചുറ്റുമുള്ള അധികാരമനസ്സ് പ്രവർത്തിക്കുന്നത്.അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. നിങ്ങൾ ഒരു പ്രജയായിരിക്കെ തന്നെ ഒരു തടവുപുള്ളിയുമാണ് .നിങ്ങളുടെ ജീവിതം യഥാർത്ഥമാണെങ്കിൽ നിങ്ങളുടെ ഭാഗധേയം പ്രതീതിയിലുള്ള  തടവറയിലാണ്. അധികാരം എത്രമാത്രം അദൃശ്യമാകുന്നുവോ അത്രമാത്രം അത് പ്രതീതിയായി നിലനിൽക്കുകയാണ് .അധികാരം നിങ്ങൾക്ക് കാണാനാവില്ലെങ്കിലും അത് നിങ്ങളുടെ സമീപത്ത് തന്നെ പ്രതീതിയായി നിൽക്കുകയാണ് .എന്നാൽ അത് നിലനിൽക്കുന്നില്ല എന്ന് സ്ഥാപിക്കാനാവില്ല. 

മസ്തിഷ്കത്തിനു ഉൾക്കൊള്ളാനാവാത്ത സ്പീഡ് 

അധികാരത്തിന്റെ വ്യവസ്ഥയ്ക്ക് സ്വയം അറിയാതെ അടിമപ്പെട്ടു ജീവിക്കുന്ന നമ്മൾ സ്വതന്ത്രരാണെന്ന് പറയുന്നതാണ് വ്യാജത്വം. ഈ വ്യാജത്വം നമുക്ക് എപ്പോഴുമുണ്ട്. നമ്മൾ വ്യാജത്വത്തെ സത്യമായി സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കയാണ്.അതേ സമയം നമ്മൾ സ്വയം നഷ്ടപ്പെടുകയാണ്. ചില പൊയ് വിശ്വാസങ്ങൾ നമുക്ക് അനിവാര്യമായിത്തീർന്നിരിക്കുന്നു. നവസാങ്കേതികത്വവും അമിതവേഗതയും, സിനിമ, ടെലിവിഷൻ, ദൃശ്യസംവിധാനങ്ങളും  നമ്മെ ഈ പൊയ്‌വിശ്വാസത്തിലേക്ക് നയിക്കുന്നുണ്ട്.വിറിലിയോ ഇതിൻ്റെ ദുരന്തമായി ഉയർത്തിക്കാട്ടുന്നത് പിക്നോലെപ്സി(Picnolepsy) എന്ന അവസ്ഥയാണ്.സമയത്തിൽ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണിത്; അല്ലെങ്കിൽ നമ്മുടെ ബോധത്തിന്റെ തുടർച്ചയിൽ നിന്ന് താൽക്കാലികമായോ ചെറിയ ഇടവേളകളിലോ കുറച്ചുനേരത്തേക്ക് വേർപെടുന്ന അവസ്ഥ .ഇന്നത്തെ ജീവിതത്തെ പിക്നോലെപ്സി എന്ന രോഗതുല്യമായ അവസ്ഥ പിടികൂടിയിരിക്കുന്നു. സ്വാഭാവികമായ ചിത്രീകരണം ഒരു സിനിമയിലോ ,വീഡിയോയിലോ ഇല്ല. 
എല്ലാം പല ക്യാമറകൾ ഉപയോഗിച്ച്, പല കാലങ്ങളിൽ ചിത്രീകരിച്ചവയാണ്. ഒരു ഗാനരംഗം പോലും സ്വാഭാവികതയുടെ അനുഭവം നൽകുന്നില്ല. മനുഷ്യമസ്തിഷ്കത്തിനു  പിന്തുടരാകാനാത്ത വിധം വിടവുകൾ നിറഞ്ഞതാണ് ചിത്രീകരണം. പല കാലങ്ങളിൽ ഷൂട്ട് ചെയ്തത് സംയോജിപ്പിച്ചതാണ്. ഒരു യഥാർത്ഥ ദൃശ്യം പോലും അതിലില്ല .നടന്മാർ യഥാർത്ഥത്തിൽ അഭിനയിച്ചതല്ല നാം കാണുന്നത്. ഒരു കലാപ്രവൃത്തി തന്നെ പല കോണുകളിലൂടെ ,ക്യാമറകളിലൂടെ ഒപ്പിയെടുക്കുന്നു. അതിൽ നിന്ന് ഏതെങ്കിലുമൊക്കെ ചേർത്ത് ഒട്ടിക്കുന്നു .നമ്മൾ സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങൾ ഒരു നടൻ യഥാർത്ഥത്തിൽ അഭിനയിച്ചതല്ല. അയാളുടെ പല കോണുകളിലൂടെയുള്ള ദൃശ്യങ്ങളാണത്. പ്രേക്ഷകൻ്റെ മുന്നിലേക്ക് വരുന്ന ദൃശ്യങ്ങൾക്ക് തുടർച്ചയോ യുക്തിയോ ഉണ്ടാകില്ല. അവൻ സ്വന്തം തലച്ചോറ് കൊണ്ട് അത് കണ്ടുപിടിക്കേണ്ടി വരും. ഇതാണ് ദുരിതം .സമീപകാലത്ത് പുറത്തുവന്ന കെ.ജി.എഫ് ,ആർ. ആർ.ആർ തുടങ്ങിയ നവസാങ്കേതിക മുന്നേറ്റം നടത്തിയ സിനിമകളിൽ ഇതു വളരെ പ്രകടമാണ്. പ്രേക്ഷകന്റെ ചിന്തിക്കാനുള്ള ശേഷിയെയും കാണാനുള്ള കഴിവിനെയും വെല്ലുവിളിക്കുന്ന പല സന്ദർഭങ്ങളും ഈ ചിത്രങ്ങളിൽ കാണാം. ഒരാളെ പ്രഹരിക്കുന്ന രംഗമാണെന്ന് വിചാരിക്കുക. പ്രഹരിക്കുന്നത് പ്രേക്ഷകന് കാണാനാവില്ല. ഒരാൾ കൈ ഉയർത്തുന്നത് കാണാം ,പിന്നെ കാണുന്നത് എതിരാളി തെറിച്ചു വീഴുന്നതാണ്. ഇതിനിടയിൽ സാങ്കേതികമായ ചില ദൃശ്യവൽക്കരണങ്ങളാണുളളത്. അത് വ്യക്തമല്ല. ഈ ഭാഗത്ത് പ്രേക്ഷകന്റെ, ബോധം മരിക്കുന്നു. ഇതിനെ വിറിലിയോ പിക്നോലെപ്സിയുടെ കാരണമായി കാണുന്നു .ഇത്തരം അനേകം മരണങ്ങൾ നേരിട്ടുകൊണ്ടാണ് ഒരാൾ ചിത്രം കണ്ടു പൂർത്തിയാക്കുന്നത്. കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരുന്നാലും പ്രേക്ഷകനു എല്ലാം കാണാനൊക്കില്ല. ചിത്രീകരിക്കാത്തത് ചിത്രീകരിച്ചു എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തണമെങ്കിൽ അവൻ്റെ ബോധത്തെ കൊല്ലേണ്ടതുണ്ട്. ഇതിൻ്റെ അതിപ്രസരത്തിൽപ്പെട്ട് പ്രേക്ഷകന് ബോധക്ഷയമുണ്ടാകുന്നു. അവൻ തിയേറ്റർ വിടുന്നത് ഈ തുടർ മരണങ്ങൾ ഏൽപ്പിച്ച ആഘാതവുമായാണ്. അവൻ്റെ ഞരമ്പുകളെ ഇത് ചൂടുപിടിപ്പിക്കുന്നു.
അവൻ്റെ യാഥാർത്ഥ്യബോധത്തെയും സ്ഥലകാലബോധത്തെയും മറന്നിട്ടു മാത്രമേ ഇത്തരം അവിശ്വസനീയമായ ഡിജിറ്റൽ എഡിറ്റിങ്ങിനെ കാണാനൊക്കൂ .എന്നാൽ ഗത്യന്തരമില്ലാതെ അവൻ അതെല്ലാം വിശ്വസിച്ചതായി സ്വയം അംഗീകരിക്കുന്നു. മറ്റുള്ളവരെയും അത് ബോധ്യപ്പെടുത്തുന്നു .

ഒഴിഞ്ഞ ഒരിടവും ബാക്കിയില്ല 

സിനിമയിൽ ,ഷൂട്ട് ചെയ്യാതെ വിശ്വസിപ്പിക്കുന്ന രംഗങ്ങൾക്ക് അസാധാരണ ഘനശബ്ദമാണ് അകമ്പടിയാവുന്നത്.  സ്ക്രീനിൽ കണ്ണിനു ഉൾക്കൊള്ളാനാവാത്ത കാഴ്ചയുണ്ടാകുകയാണ്, അമിതവേഗതയാണ് കാരണം. ഗാന,സംഘടനരംഗങ്ങളിൽ ആരുടെയും ശരീരം പോലും കാണാനാവുന്നില്ല. ശരീരത്തിന്റെ ചലനങ്ങൾ അതിവേഗത്തിൽ സംഭവിക്കുകയാണ്;
ഉഗ്രശബ്ദങ്ങളും ഒപ്പം വരുന്നു.ഇത് പ്രേക്ഷകന്റെ ബോധത്തിൽ വീഴ്ത്തുന്ന വിള്ളൽ മരണത്തിൻ്റെ അനുഭവമാണ്. ഇത് ഉൾക്കൊള്ളാനാവാത്ത പ്രേക്ഷകന്റെ മനോഘടന മാറുകയാണ്.
അവൻ ജീവിതത്തിൽ ഇതിൻ്റെ തുടർ പ്രശ്നങ്ങൾ കൊണ്ടുനടക്കുകയാണ്.  ഒന്നിനും യുക്തിയോ, കാഴ്ചയോ ആവശ്യമില്ലാത്ത വിധം അമിതവേഗതയെ അത്യന്താപേക്ഷിതമായ യാഥാർഥ്യമായി അവൻ ശരിവയ്ക്കുന്നു. ഇത്തരം അതിവേഗതയാണ് ശരി എന്ന നിലയിലേക്ക് അവനെ എത്തിക്കുന്നു.
വേഗതയില്ലാത്ത സിനിമകൾ കാണരുതെന്ന് അവൻ ശഠിക്കുന്നു. കെ.ജി.എഫും ലിയോയും തകർത്തിട്ടിരിക്കുന്ന പ്രേക്ഷക മനസിലേക്ക് അറുപതുകളിലെയോ എഴുപതുകളിലെയോ സിനിമകൾക്ക് പ്രവേശിക്കാനാവില്ല .ആ സിനിമകളിലെ യാഥാർത്ഥ്യം, സാവകാശം തേടുന്ന ദൃശ്യങ്ങൾ ഇന്നത്തെ പ്രേക്ഷകൻ അവിശ്വസിക്കുകയുള്ളൂ. വേഗതയില്ലാത്ത ആ പഴയ സിനിമകളുടെ യാഥാർത്ഥ്യം കൃത്രിമമായി കാണാൻ അവർ ശീലിച്ചിരിക്കുന്നു.

ഇത് പിക്നോലെപ്സിയുടെ ഒരു പ്രതികൂല ഫലമാണ്. നവസാങ്കേതികത സൃഷ്ടിച്ച പുതിയ എപ്പിലെപ്സിയാണിത്. സാങ്കേതികമായ ഈ അതിവേഗത നമ്മെ ഒരിടത്തും നിലയുറപ്പിക്കാനാവാത്ത നിസ്സഹായതയിലേക്കാണ്  എത്തിക്കുന്നത്. വിറിലിയോ എഴുതുന്നു: " എല്ലായിടത്തും കണ്ണുകളാണ് .ഒഴിഞ്ഞ ഒരിടവും ബാക്കിയില്ല. എല്ലാം ദൃശ്യമായിരിക്കെ , നാം എന്ത് സ്വപ്നം കാണും. ? അന്ധനായിരിക്കുന്നതായിരിക്കും നാം സ്വപ്നം കാണുക."

വളരെ പ്രസക്തമായ ഒരാശയമാണിത്. എല്ലായിടവും ക്യാമറയും ചാരക്കണ്ണുകളും വല വിരിച്ചിരിക്കുകയാണ്. ഒരാളുടെ സ്വകാര്യജീവിതം പോലും ഇന്ന് അസാധ്യമായിരിക്കുന്നു. സ്വകാര്യ ജീവിതത്തെ തുറന്നുകാണിക്കാൻ നമ്മുടെ തന്നെ മാധ്യമങ്ങളുണ്ടല്ലോ,സമൂഹമാധ്യമങ്ങളും മൊബൈൽ ഫോണും ഗൂഗിൾ സെർച്ചും മറ്റും. എവിടെയാണ് ഒഴിഞ്ഞ ഇടമുള്ളത് ?എല്ലാം എല്ലാവർക്കും പരിചിതമാണ്. വലിയ അവാർഡുകളും പദവികളും ഇന്ന് ആരെയും ഭയപ്പെടുത്തുന്നില്ല. കാരണം, അതെല്ലാം നേടിയ ധാരാളം പേരുണ്ടല്ലോ .ഒരു ശൂന്യതയും മരവിപ്പും നമ്മെ കാത്തു അടുത്തുണ്ട്. നാം അതിനെ എങ്ങനെ മറികടക്കും. ? 


ഉത്തര- ഉത്തരാധുനികത - 5/ എം.കെ.ഹരികുമാർ



ലൈവ് ,സൗന്ദര്യത്തിൻ്റെ ഉപഭോഗം ,ക്ഷണികത 

ഈ നൂറ്റാണ്ട് എല്ലാറ്റിനെയും  വർത്തമാനകാലത്തിന്റെ ഏറ്റവും സൂക്ഷ്മമായ അഗ്രത്തിൽ ,ഇന്നിൽ പ്രതിഷ്ഠിക്കാനാണ് വെമ്പൽ കൊള്ളുന്നത് .ഇന്ന് ,ഇപ്പോൾ എന്ന അനുഭവമാണത്രേ പ്രധാനം .ഈ നിമിഷം കഴിഞ്ഞാൽ എല്ലാം പഴയതും പുരാതനവുമാകുകയാണ്. പുരാതനമായതെല്ലാം, സമയം കിട്ടുന്ന മുറയ്ക്ക് ചികഞ്ഞു നോക്കാനുള്ളതാണ്.

ഇപ്പോൾ അതിനു ഉപയോഗമില്ലല്ലോ. ടെലിവിഷൻ വാർത്താമാധ്യമങ്ങളാണ് ലൈവ് എന്ന നിലയിൽ ലോകത്തെ അവതരിപ്പിച്ചത് .തൽസമയം നീന്തുന്നത്, പ്രസംഗിക്കുന്നത്, ദുഃഖിക്കുന്നത് അവിടെ ഏറ്റവും വിലയേറിയ വിഭവമാകുകയാണ്.  ലോകം ജീവിക്കുന്നത് ഈ നിമിഷത്തിൽ മാത്രമാണെന്ന ചിന്തയാണിത്. 

ഏറ്റവും പുതിയതിനാണ് വിലയുള്ളത്.  വിൽക്കാൻ എളുപ്പമുള്ളത് ഈ നിമിഷമാണ് .ഒരു നടൻ ഇരുനൂറ്  ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടാകാം; എന്നാൽ ഇപ്പോൾ അയാൾ അഭിനയിക്കുന്നതിനാണ് വില. ജീവിതത്തെ സമ്പൂർണമായി പിന്നോട്ടു തള്ളിക്കളയുന്ന ഒരു മനോഭാവമാണ് ഇതിന് പിന്നിലുള്ളത്.

അതുകൊണ്ടുതന്നെ ഇന്ന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ,അനുഷ്ഠാനങ്ങൾ എന്നിവയ്ക്കാണ് പ്രാമുഖ്യം. മറ്റെല്ലാം ആർക്കിലേക്ക് പോവുകയാണ്.കലയല്ല ,കലയുടെ ഉപയോഗപ്പെടുത്തലാണ്  ഡിജിറ്റൽ ,ഇലക്ട്രോണിക് മേഖലകളിൽ ഉണ്ടാവുന്നത്. 

ചാനലുകൾ പരമ്പരകൾ, വാർത്തകൾ തുടങ്ങിയവ സംപ്രേഷണം ചെയ്യുന്നത് ഒരു ഉപയുക്തതയെ മാത്രം ലക്ഷ്യമാക്കിയാണ്. അതുകൊണ്ട് അതിനു രണ്ടാമത് ഉപയോഗമില്ല. ഒരു പരമ്പരയോ,സ്കിറ്റോ, ടെലിഫിലിമോ സംപ്രേഷണം ചെയ്തുകഴിഞ്ഞാൽ അതോടെ അതിൻ്റെ ജീവിതം അവസാനിച്ചു .അഞ്ഞൂറ് എപ്പിസോഡുകളിൽ പരന്നുകിടക്കുന്ന പരിപാടികൾ, പരമ്പരകൾ തുടങ്ങിയവയ്ക്ക് രണ്ടാമതൊരു ജീവിതമില്ല .രണ്ടാമത് അത് സംപ്രേഷണം ചെയ്യുന്നില്ല. ഒറ്റത്തവണ കൊണ്ട് അത് അവസാനിക്കുകയാണ്.

അതിൽ പങ്കെടുക്കുന്ന കലാകാരന്മാരും കലാകാരികളും സാങ്കേതികവിദഗ്ധരും അത് തങ്ങളോടൊപ്പം കൊണ്ടുപോകുന്നില്ല. അവരുടെ മനസ്സിൽ പോലും അതിനിടമില്ല. അവർ കെട്ടിടം പണിയുന്ന തൊഴിലാളികളെ പോലെയാണ് ,ദിവസവും ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങി പോകുന്നു.

അവരുടെ കാലം ഒരു  ഉപയോഗപ്പെടുത്തലാണ്. അത് കലാസൃഷ്ടി എന്ന നിലയിൽ നിൽക്കുന്നില്ല. കല എന്നു തെറ്റിദ്ധരിച്ച് വാണിജ്യ ,ഉപഭോക്തൃ സ്വഭാവങ്ങളെ കൂട്ടിയിണക്കുന്നു. ലൈവ് ഉൽപാദനമോ, പരസ്യപ്പെടുത്തലോ , അവതരണമോ മാത്രമാണ് പ്രേക്ഷകൻ്റെ മുന്നിലുള്ളത് .കാതലായ വ്യത്യാസമിതാണ്: ഷേക്സ്പിയർ എഴുതിയ നാടകം എപ്പോൾ വേണമെങ്കിലും വായിക്കാം; അവിടെ ലൈവ് ഇല്ല .ഷേക്സ്പിയർ കൃതികൾ വായിച്ചുകൊണ്ട് ലൈവ് അനുഭവം നേടാൻ വായനക്കാരന് കഴിയില്ല. ഷേക്സ്പിയർ ആർക്കീവാണ്.

ആർക്കീവ്  എന്നാൽ ഇപ്പോൾ മൂല്യമില്ലാത്തത് എന്ന് അർത്ഥം വന്നു കഴിഞ്ഞു. ടെലിവിഷൻ ഉൽപ്പന്നങ്ങളായ വാർത്തകൾ, അഭിമുഖങ്ങൾ, സംഗീതപരിപാടികൾ, കുക്കറി ഷോകൾ തുടങ്ങിയവ സൗന്ദര്യവർദ്ധക വസ്തുക്കൾ പോലെയാണ്. അത് ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് ആരും ആലോചിക്കാറില്ല. ഒഴിഞ്ഞ ഓയിൻമെന്റ് ട്യൂബുകൾ ആക്രി വസ്തുക്കൾക്കിടയിലേക്കാണ്  പോകുന്നത് .അതിനു പിന്നീട് ആയുസ്സില്ല . ഉപേക്ഷിച്ച് ശേഷം ഉപേക്ഷിക്കുകയോ മറക്കുകയോ ചെയ്യുകയാണ്. ഉപയോഗിക്കുന്നതിൽ മാത്രമാണ് ഏവരുടെയും ശ്രദ്ധ. എന്തിനെയും സമീപിക്കുന്നത് ഈ മനോഭാവത്തോടുകൂടിയാണ് .

ഈ കാലത്ത് നേതാവും സംഘടനകളും പാർട്ടികളും പദവികളും ഉപഭോക്തൃ വസ്തുക്കളെപോലെയാണ്. പദവിയില്ലാത്തവരെ അത് ഓർക്കുന്നില്ല. പദവി നഷ്ടപ്പെട്ടവർ ആക്രിക്കടയിലാണ് ഇടം തേടുന്നത്. ഒരു ഷേവ് ക്രീം വാങ്ങിയാൽ അത് ഉപയോഗിച്ച് തീർക്കുന്നതിലാണ് ശ്രദ്ധ. വളരെ വേഗം ഉപയോഗിച്ചു തീർക്കും ; വീണ്ടും വാങ്ങാൻ .വീണ്ടും വീണ്ടും വാങ്ങിയില്ലെങ്കിൽ അവനു കമ്പോളവത്കൃത മനസ്സുള്ള  സുഹൃത്തുക്കളുടെയിടയിൽ പ്രസക്തിയില്ല. വാങ്ങുക എന്ന മനോരോഗത്തിന് അവൻ അടിമപ്പെട്ടിരിക്കുന്നു.

എല്ലാ സാംസ്കാരിക ഉല്പന്നങ്ങളും വാങ്ങാനുള്ളതാണ്. വാങ്ങി ഉപയോഗിച്ചയാൾക്ക് അത് ഉപേക്ഷിക്കാൻ അവകാശമുണ്ട് .ഒന്നും ആരുടെയും മനസ്സുകളിലേക്ക്  കയറുന്നില്ല. സാംസ്കാരിക, രാഷ്ട്രീയ ഉൽപ്പന്നങ്ങളുടെ ഒരു കുതിച്ചുചാട്ടമാണ് നാമിപ്പോൾ കാണുന്നത്. ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു ഉത്പാദനം വിപ്ലവമാണ് ഇപ്പോഴുള്ളത്.
ഉപയോക്താവ് അല്ലെങ്കിൽ പ്രേക്ഷകൻ നിസ്സഹായനാണ് .അവൻ്റെ സമയം പരിമിതമാണ് .അവനു എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കാനാവും ?യൂട്യൂബ് വ്ളോഗർമാർ, ന്യൂസ് പോർട്ടലുകൾ ,ചാനൽ വാർത്തകൾ തുടങ്ങിയവ പെരുകിക്കൊണ്ടിരിക്കുകയാണ്.
ഒരു ഉപയോക്താവിന്റെയും കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല ഇത്. ഇതിനെ പുറമേയാണ് വാട്സപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ സാംസ്കാരിക ഉൽപ്പന്നങ്ങളുടെ വർധിച്ച പ്രവാഹം.


ഒരാളെ വിമർശിച്ച് ഒരു യൂട്യൂബർ ഇടുന്ന വീഡിയോ ഈ കാലത്തിൻ്റെ ഒരു ഡിജിറ്റൽ സാംസ്കാരിക ഉത്പന്നമാണ്. അത് ഇന്ന് ധാരാളം പേർ കാണും .അത് അവരെ അപ്ഡേറ്റ് ചെയ്യുന്നു. ഇങ്ങനെ അനേകം അപ്ഡേറ്റുകൾ അവനെ ചുറ്റുവരിയുന്നു. ഏതാണ് ശരി എന്നു ചിന്തിക്കാനൊന്നും അവനു സമയമില്ല. എന്താണ് സംഭവിക്കുന്നതെന്നു
ആലോചിച്ചു തീരുന്നതിനു മുമ്പ് തന്നെ അനേകം ഉല്പന്നങ്ങൾ അവരുടെ മുന്നിലെത്തുകയാണ്. ഒന്നിലും അവനു  മനസ്സുപ്പിക്കാനാവില്ല .ഇങ്ങനെ അനേകമനേകം സാംസ്കാരിക ഉത്പന്നങ്ങൾ ഉപഭോഗം ചെയ്ത്  മാനസികമായി പൊണ്ണത്തടി ബാധിച്ചവനാണ് ആധുനിക പ്രേക്ഷകൻ. അവൻ സമയത്തിന്റെ മുൾമുനയിലാണുള്ളത്. 

അവൻ സംഘർഷം അനുഭവിക്കുകയാണ്. അവൻ എല്ലാ ട്രെൻഡുകൾക്കും വേണ്ടി കാത്തിരിക്കുന്നവനാണ് .ഷാരൂഖാൻ, വിജയ് ,പ്രഭാസ് തുടങ്ങിയവരുടെ പുതിയ സിനിമകളുടെ പ്രൊമോകളും   അതിനെപ്പറ്റിയുള്ള പ്രതികരണങ്ങളും അവൻ ഇന്നറിയുന്നത് പത്രങ്ങളിൽ നിന്നല്ല ,നെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നുമാണ്. ഇതാണ് ലൈവ് പ്രതിഭാസത്തിൻ്റെ വ്യാപ്തി. ലൈവ് എന്നത് ഒരു ബിന്ദുവല്ല ;അതൊരു സമുദ്രമാണ്. 
 പുതിയ സാംസ്കാരിക വസ്തു വാങ്ങിയില്ലെങ്കിൽ ,കണ്ടില്ലെങ്കിൽ അപമാനിക്കപ്പെടുന്ന വാണിജ്യ സാഹചര്യമാണ് ഇപ്പോഴുള്ളത്. 
എല്ലാവരും വാണിജ്യ കച്ചവട ലോകത്തിലാണുള്ളത്. എല്ലാവരും തേടുന്നത് ഉപഭോഗവസ്തുക്കളിലെ സൗന്ദര്യവും അതിൻ്റെ അനുഭവവുമാണ്. പരസ്യങ്ങളുടെയും ട്രെൻഡുകളുടെയും ലൈവ് അനുഭവമാണ് ഇന്ന് മനുഷ്യരെ അസ്തിത്വബോധമുള്ളവരാക്കുന്നതെന്ന്  പറയുമ്പോൾ അതിൻ്റെ വിധ്വംസക മായ സ്വഭാവം കാണാതിരിക്കുന്നില്ല.

ആളുകൾ സ്വയം ഒരു ബ്രാൻഡാവുകയോ കുറെ ബ്രാൻഡുകളുടെ പ്രചാരകരാവുയോ ചെയ്യുന്നു. ബ്രാൻഡുകളില്ലെങ്കിൽ തങ്ങളുടെ അസ്തിത്വം പൂർണ്ണമായി അപ്രസക്തമാകുമെന്ന് അവർ വളരെ ആഴത്തിൽ മനസ്സിലാക്കുന്നു.വായിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നവനെ ആരും തിരിച്ചറിയുന്നില്ല. ടെലിവിഷൻ വാർത്താചാനലുകളും പത്രങ്ങളും വായനക്കാരനെന്ന നിലയിൽ പ്രതികരണം ചോദിക്കുന്നത് ശരിയായി വായിക്കാത്തവരോടാണ്.  കാരണം ,ഈ ചാനലുകൾക്കും  പത്രങ്ങൾക്കും എന്തും ഒരു നിമിഷത്തേക്ക് ,ലൈവിന് മാത്രമുള്ളതാണ്. ആരെങ്കിലും ഒരാൾ എന്തെങ്കിലും പറഞ്ഞാൽ മതി, അതാണ് വേദവാക്യം എന്നു പ്രഖ്യാപിക്കുന്നതിൽ അവർക്ക് സങ്കോചമില്ല. 

ഒരു നിമിഷത്തെ ആയുസ്സുമായി  പറന്നു വീഴുന്ന ഈയാംപാറ്റകളെ പോലെയാണ് വാർത്തകളും ചാനലിൽ പരിപാടികളും. പതിനായിരക്കണക്കിനനു പ്രോഗ്രാമുകൾ ഒരു നിമിഷത്തിൽ സംഭവിക്കുമ്പോൾ ആർക്കാണ് ഇത് ഓർക്കാൻ നേരം? എല്ലാം പഴയതാവുകയാണ്, എത്രയും വേഗം. ടി.എൻ.ഗോപകുമാർ കണ്ണാടി എന്ന പേരിൽ ചാനലിൽ വർഷങ്ങളോളം ഒരു പരിപാടി ചെയ്തിരുന്നു. എന്നാൽ ആ പരിപാടിക്കും ലൈവ് മൂല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമതൊരു കാണൽ അതിനു വിധിച്ചിട്ടില്ല .കണ്ണാടി പോലെ ഫേസ്ക്രീം പോലെ ഉപയോഗിച്ചു തീർക്കാനുള്ളതായിരുന്നു. 

സംപ്രേഷണം കഴിയുതോടെ അത് ഉപയോഗശൂന്യമായ ആർക്കീ വാവുകയാണ്. തെറ്റിദ്ധരിക്കരുത് ,ഈ ആർക്കീവ് ഒരു ഈടുവയ്പാണെന്ന്. ആർക്കീവ് ഒരിക്കൽ പോലും ആളുകൾ തിരിഞ്ഞുനോക്കില്ല. ഗവേഷകർ വല്ലപ്പോഴും തൊഴിലിന്റെ ഭാഗമായി അത് പരിശോധിച്ചാൽ  അത്ഭുതം .ഈ സാംസ്കാരിക ഉല്പന്നങ്ങൾ സഞ്ചരിക്കുന്നത് അറിയപ്പെടാത്ത വിസ്മൃതിയുടെ സമുദ്രത്തിലേക്ക് തന്നെയാണ്. 

ഈ ഉത്തര- ഉത്തരാധുനിക ലൈവ് എല്ലാ ആഖ്യാനങ്ങളെയും നശിപ്പിക്കുകയാണ്. ഗാന്ധിജി എഴുതിയ നൂറ് വാല്യങ്ങൾ ആരാണ് ഇന്നു ചർച്ച ചെയ്യുന്നത്? ആരെയെങ്കിലും സന്തോഷിപ്പിക്കാൻ വേണ്ടി രാഷ്ട്രീയപാർട്ടികൾ ഒരു ഗാന്ധിസെമിനാർ നടത്തിയാൽ തന്നെ അവിടെ ഗാന്ധിയുടെ ചിന്തകൾ ചർച്ച ചെയ്യപ്പെടണമെന്നില്ല. എല്ലാം തകർന്നടിയുന്നത് ഈ കാലത്തിൻ്റെ  പ്രത്യേകതയാണ്. കലാകാരന്മാർക്ക് ഉദാത്തമായ പദവി നഷ്ടപ്പെട്ടു. കലാകാരൻ ഒരു പ്രസ്ഥാനത്തിന്റെയോ ഷോയുടെയോ ഭാഗമായാലേ നിലനിൽപുള്ളു. ഡാവിഞ്ചിയെ പോലെ പള്ളിച്ചുമരിൽ വരച്ചുകൊണ്ട് ഇന്നു ഒരു കലാകാരനും ശ്രദ്ധിക്കപ്പെടുകയില്ല. ബിനാലെ പോലെയുള്ള ഷോകളിൽ പ്രദർശിപ്പിച്ചാൽ പോലും അവിടെനിന്ന് ഒരു വാൻഗോഗ് ഉണ്ടാവുകയില്ല. എന്തെന്നാൽ കലാകാരന്മാരും അവരുടെ സൃഷ്ടികളും കുട്ടികളുടെ ശാസ്ത്രപ്രദർശനം പോലെ വളരെ നിലവാരപ്പെട്ടതും സാധാരണവുമായി തീർന്നിരിക്കുന്നു.

കലാകാരനു ഇന്നു ഒന്നും തന്നെ പൊളിച്ചെഴുതാനില്ല .എല്ലാം പഴയതിന്റെ ആവർത്തനങ്ങൾ മാത്രമാണ് .ചിത്രം വരയ്ക്കാനും പ്രദർശിപ്പിക്കാനും സർക്കാരുകളുടെയും എസ്റ്റാബ്ലിഷ്മെൻറുകളുടെയും സഹായം തേടേണ്ടിവരുന്നു.പുതിയ സാഹചര്യത്തിൽ കലാകാരനു  എന്താണ് പൊളിച്ചെഴുതാൻ കഴിയുക?ശ്രമിക്കുക അയാൾ ഒരു അടിമയെ പോലെയാണ് പെരുമാറുക .അയാൾ നൂറിക്ക് കീഴടങ്ങി കൊണ്ട് തൻ്റെ യുള്ളിലെ എല്ലാത്തരം പ്രതിഷേധങ്ങളും നശിപ്പിച്ചു കളയാൻ പ്രതിജ്ഞാബദ്ധനാണ്.

ജീർണമൂല്യങ്ങളോട് ഒരുതരത്തിലും ഇടയാതിരിക്കാനാണ് അയാൾ ശ്രദ്ധിക്കുന്നത്. ചെറുത്തുനിൽപ്പിന്റെ യോ ആക്രമണത്തിന്റെയോ വിമർശനത്തിന്റെയോ ഭാഷ ഉപയോഗിച്ചാൽ പിന്നെ കലാകാരനോ അവൻ്റെ സൃഷ്ടിക്കോ ഒരിടത്തും പ്രവേശനം കിട്ടുകയില്ല.ഇന്നത്തെ കലാകാരന്മാർ അഭിപ്രായമില്ലെന്ന് തുറന്നു പറയുന്നവരാണ്. അവർ സർക്കാരിൻ്റെ ആശിർവാദത്തോടെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത് .എല്ലാത്തിൻ്റെയും  മൂല്യങ്ങൾ ചുവടോടെ പിഴുത് മാറ്റപ്പെട്ട ഈ കാലത്ത് കലാകാരൻ്റെ സൃഷ്ടികൾ യാതൊന്നും ചിന്തിക്കുന്നില്ല.

ഒരു കുക്കറി ഷോ പോലെയോ ടെലിവിഷൻ സ്കിറ്റ് പോലെയോ അത് ആരെയും അലോസരപ്പെടുത്താതെ കടന്നു പോകുന്നു. മനുഷ്യർക്ക് ആർക്കീസ് ഇല്ല .കാരണം, അവർക്ക് അതിനുള്ള അറകൾ മനസ്സിൽ കൊണ്ടുനടക്കാനാവില്ല. ഈ നിമിഷത്തിൽ നിന്നു അടർന്നുവീഴുന്നതെല്ലാം ഡിലീറ്റ് ചെയ്യുകയാണ് അവരുടെ ജോലി. ചരിത്രം പോലും ലൈവാക്കി പരിവർത്തിപ്പിച്ചാലേ ശ്രദ്ധിക്കൂ. കലാകാരന്മാർ അവരുടെ സൃഷ്ടികളിലൂടെ ഓർക്കപ്പെടുകയല്ല, മറക്കപ്പെടുകയാണ് ചെയ്യുന്നത്.  എല്ലാറ്റിനോടും അനുരഞ്ജനപ്പെട്ട അവർക്ക് ഇനിയെന്താണ് ചെയ്യാനുള്ളത് ?


ഇത് ആൾട്ടർമോഡൺ (Altermodern ) ലോകമാണെന്ന് ജൈൽസ് ലിപോവെറ്റ്സ്‌കി(Giles Lipovetsky) പറയുന്നതിന് കാരണം വിരുദ്ധമായി നിലനിന്നതാണ എല്ലാത്തിനെയും ഒന്നിച്ചു ചേർത്തതാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ആധുനികത എല്ലാറ്റിനെയും വേർപെടുത്താനാണ് ശ്രമിച്ചത്. ബിസിനസിൽ നിന്നു കല മാറ്റി നിർത്തപ്പെട്ടു. കലയിൽ നിന്നു ഫാഷൻ മാറി നിന്നു. ഭക്ഷണം കലയിൽ നിന്നും അകലെയായിരുന്നു. ആരോഗ്യപരിപാലനം സൗന്ദര്യപരിപാലനത്തിൽ നിന്നു അകലെയായിരുന്നു. ഇപ്പോൾ ഈ സാഹചര്യം മാറി .വേറിട്ടു നിന്നതെല്ലാം ഒന്നിച്ചു വരികയാണ്. അദ്ദേഹം ഇതിനെ Contemporary hybridization എന്നു വിളിക്കുന്നു. പരസ്പരവിരുദ്ധമായത് ഒരു പ്ലാറ്റ്ഫോമിൽ ഒത്തുചേരുകയാണ്. എല്ലാറ്റിന്റെയും ലക്ഷ്യം ഉപഭോഗമാണ്. ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എല്ലാ കലയും കലയുടെ സാധ്യതകളും പരിശോധിക്കപ്പെടുന്നത്.  ഒരു വാഷിംഗ് മെഷീന്റെ സേവനം എല്ലാവർക്കുമറിയാം. എന്നാൽ അതിൻ്റെ രൂപകൽപ്പനയിൽ ഒരു കലാകാരൻ പ്രവർത്തിക്കുന്നുണ്ട് .ഒരു ഓവനിൽ, കുക്കറിൽ ,ഗ്യാസ് സ്റ്റൗവിൽ ,കാസറോളിൽ ,ഫ്ളാസ്കിൽ കലയുടെ  ഉപയോഗം കാണാം .


ഉപഭോക്താക്കളുടെ താൽപര്യം അതാണ് . അതുകൊണ്ടാണ് ലിപോവെറ്റ്സ്‌കി പറഞ്ഞത് ,ഒരു ചന്തയിൽ സൗന്ദര്യം ഉപഭോഗം (Beauty consumers) ചെയ്യുന്നവരാണെന്ന്. ഏത് വസ്തുവിലും നമ്മൾ അനുഭവങ്ങളുടെ, വികാരങ്ങളുടെ ഉപഭോഗമാണ് ഉന്നം വയ്ക്കുന്നത് .അതിൽ നാം തേടുന്നത് സൗന്ദര്യമാണ് .കലയുടേതായ ഒരു മൂലധനം (Artistic capital)എല്ലാ ഉല്പന്നങ്ങൾക്കു പിന്നിലുമുണ്ട്.

ഉത്തര- ഉത്തരാധുനികത - 4 എം.കെ.ഹരികുമാർ





സംസ്കാരത്തിൻ്റെ ഉല്പാദകരാവാം


കമ്പോളത്തിൽ നിന്നു വാങ്ങാവുന്നതും കമ്പോളത്തിൽ വിൽക്കാവുന്നതും മാത്രമാണ് മൂല്യം എന്ന ചിന്തയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ലോകം ചൂണ്ടിക്കാണിക്കുന്നത് .എല്ലാറ്റിനും ഒരു വിലയുണ്ട്. എന്തും റീസൈക്കിൾ ചെയ്യാവുന്ന വിധം സാങ്കേതികശാസ്ത്രം വികസിച്ചിരിക്കുകയാണ്. ഒരാൾ മരിച്ചാൽ അയാളുടെ പ്രധാന അവയവങ്ങളെല്ലാം മറ്റുള്ളവർക്കായി വീതിച്ചെടുക്കാം. അങ്ങനെ നോക്കുമ്പോൾ ഒരാൾ മരിക്കുകയല്ല, വീണ്ടും ജീവിക്കുകയാണ്.ഈ പുന:ചംക്രമണം അവസാനിക്കുന്നില്ല. മനുഷ്യൻ പല അവയവങ്ങളിലൂടെ പലരിൽ ജീവിക്കുന്നത് റീസൈക്കിളിംഗിൻ്റെ പുതിയ  ലോകമാണ് .പ്ളാസ്റ്റിക് ,ഇരുമ്പ് ഉല്പന്നങ്ങൾ റീസൈക്കിൾ ചെയ്യുന്നതു പോലെയാണിത്. ഒരു പ്ലാസ്റ്റിക് കസേരയുടെ ജീവിതം ഏതാനും വർഷങ്ങളിലേക്ക് നീളുന്നു ,ചിലപ്പോൾ അത് മാസങ്ങളായി ചുരുങ്ങുന്നു.പ്ലാസ്റ്റിക് കണങ്ങൾ ഒരു കസേരയായി രൂപപ്പെടുന്നതും കുറച്ചുകാലം ജീവിക്കുന്നതും ഒരിക്കൽ മാത്രമാണ്. പിന്നീട് ആ കസേര പഴയ മൂല പ്ലാസ്റ്റിക് കണങ്ങളായി മാറ്റപ്പെടുന്നു. അതിൽ നിന്നു പുതിയ പ്ലാസ്റ്റിക് കസേരകൾ ഉണ്ടാക്കപ്പെടുന്നു. മനുഷ്യൻ്റെ ജീവിതവും ഇങ്ങനെയാണ്. അമേരിക്കൻ ,ബ്രിട്ടീഷ് ഗ്രന്ഥകാരനായ  ബിൽ ബ്രൈസൺ (Bill Bryson)എഴുതിയ എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിംഗ് (A Short History Nearly Everything) എന്ന കൃതിയിൽ ഇത് വിശദീകരിക്കുന്നുണ്ട്.
"Every atom you possess has almost certainly passed through several stars and been part of millions of organisms on its way to becoming you. " നിങ്ങൾ ഉൾക്കൊള്ളുന്ന കണങ്ങൾ എതെല്ലാം നക്ഷത്രങ്ങളിലൂടെ , ദശലക്ഷക്കണക്കിനു ജീവികളിലൂടെ സഞ്ചരിച്ചിട്ടുണ്ടായിരിക്കും ,നിങ്ങൾ എന്ന വ്യക്തിയായിത്തീരാൻ! . നമുക്കെല്ലാം പ്രാപഞ്ചികമായ ഈ മഹാകാലദൈർഘ്യത്തിൽ ഒരിക്കൽ മാത്രമാണ് നമ്മുടെ രൂപമുള്ളത്, അല്ലെങ്കിൽ ഈ ജീവിതമുള്ളത്.  ഗാന്ധിജി, ഐൻസ്റ്റീൻ തുടങ്ങിയവർ  ഇതേപോലെ കോടിക്കണക്കിനു വർഷങ്ങളിലൂടെ സഞ്ചരിച്ച ധൂളികളാൽ നിർമ്മിതമാണ്. പ്രകൃതിയിൽ നിന്ന് എങ്ങനെയോ സ്വാംശീകരിച്ച ധൂളികളുടെ പ്രത്യേക അനുപാതത്തിലുള്ള സമ്മേളനമാണത്. ആ കൂടിച്ചേരൽ ഒരിക്കൽ മാത്രമാണ്  ഈ പ്രപഞ്ചത്തിൽ യഥാർത്ഥമാകുന്നത് .ഗാന്ധിജി എന്ന വ്യക്തി രണ്ടാമതൊരിക്കൽ സംഭവിക്കുന്നില്ല. നമ്മളും അങ്ങനെ തന്നെ. അതുകൊണ്ട് നമ്മളെല്ലാം ഈ പ്രപഞ്ചത്തിലെ ധൂളികളുടെ പ്രത്യേക പാക്കേജാണ് ;ഒരിക്കൽ മാത്രമുള്ള പാക്കേജ്.

റീസൈക്കിളിംഗ് 

അത് കഴിഞ്ഞാൽ നമ്മൾ ധൂളികളായി  വിഭജിക്കപ്പെടുന്നു. ഇതല്ലേ പ്രകൃതിയുടെ മഹാ അതിശയമായ റീസൈക്ലിംഗ് ?.ഒരാൾ ഉപയോഗിച്ച ശരീരവും ചിന്തകളും സ്വപ്നങ്ങളും ഒരു ഘട്ടത്തിൽ പലതായി വിഘടിച്ച് പലരിലേക്ക് പോകുന്നു.! ഒരു മനുഷ്യന്റെ രൂപീകരണത്തിനു ഉപയോഗിച്ച വസ്തുക്കളെല്ലാം വിവിധ പുനരുപയോഗങ്ങൾക്കായി മാറ്റപ്പെടുന്നു .മരണം ഒരു റീസൈക്ലിങ്ങാണ്. ഒരിക്കൽ മാത്രമാണ് നമ്മൾ ഒരു അസ്തിത്വമായിരിക്കുന്നുള്ളൂ എന്ന യാഥാർത്ഥ്യമാണ് ദുഃഖത്തിനു വ്യാപ്തി വർദ്ധിപ്പിക്കുന്നത്.റീസൈക്കിൾ ചെയ്യാവുന്ന ഒരു ഉൽപ്പന്നം എന്ന  നിലയിലേക്ക് ആധുനിക മനുഷ്യശരീരം മാറിയിരിക്കുന്നു .അതുകൊണ്ട് ശരീരം പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള ഒരു വസ്തുവാണ് .ആ വസ്തുവിന്റെ ഉടമസ്ഥാവകാശം അതിൻ്റെ യഥാർത്ഥ ഉടമയ്ക്കല്ല ;അതിനെ നിരീക്ഷിക്കുന്നവർക്കും പരിപാലിക്കുന്നവർക്കുമാണ്.

വൈദ്യശാസ്ത്രം ഇന്നു ഒരു സംസ്കാരമാണ്. ഒരാൾ രോഗിയാവുകയോ രോഗിയാണെന്ന് സംശയിക്കുകയോ ചെയ്യുന്നതോടെ ചികിത്സ എന്ന ബൃഹത്തായ ഒരു സംസ്കാരം ആരംഭിക്കുകയാണ്. ചികിത്സ ഒരു മെഗാ ഇവന്റാണിന്ന്.  ആശുപത്രി ഒരു ചികിത്സാലയം മാത്രമല്ല ;ഒരു ഫൈവ്സ്റ്റാർ വസതിയും വലിയ തുക മുടക്കി നേടേണ്ട സാംസ്കാരിക സാഹചര്യവുമാണ്. ധാരാളം പണം കൊടുത്താലേ ഉന്നതമായ ആതുരസേവനത്തിന്റെ സംസ്കാരം ലഭിക്കുകയുള്ളൂ. ഡിജിറ്റൽ ,ഹൈടെക് ,മൾട്ടിപ്പിൾ സേവനങ്ങളുടെ ഒരു സമുച്ചയമാണ് ഇന്നത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മെഡിസിറ്റികളും .രോഗി ഒരു അതിഥിയാണ്. ആശുപത്രി ഒരു സിറ്റിയായി രൂപാന്തരപ്പെടുകയാണ്.രോഗിയെ വിഐപി എന്ന നിലയിൽ  പരിഗണിക്കേണ്ടതുണ്ട്. അതാണ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്. രോഗിക്ക് ഒരു പരാതിയും ഉണ്ടാകാൻ പാടില്ല .എന്തിനും ഏതിനും പണം കൊടുക്കുന്ന രോഗി താൻ ആരോഗ്യരക്ഷാനഗരത്തിലെ ഒരു വിലയേറിയ സന്ദർശകനാണെന്നു തിരിച്ചറിയുന്നുണ്ട്  . 

തൻ്റെ ശരീരം വൈദ്യശാസ്ത്ര വിദഗ്ധന്മാർക്ക് ,പ്രത്യേകിച്ചും സ്പെഷലിസ്റ്റുകൾക്ക്  നീക്കിവെച്ചിട്ടുള്ളതാണെന്ന ഉത്തമ ബോധ്യത്തിലാണ് അയാൾ സകലവിധ ടെസ്റ്റുകൾക്കും വിധേയനാകുന്നത്. ടെസ്റ്റുകൾക്ക് അയാൾ നിന്നു കൊടുക്കുന്നത് ഒരു മേൽത്തരം സാംസ്കാരിക അവകാശമായാണ് പരിഗണിക്കപ്പെടുന്നത്. ആവശ്യത്തിനു ടെസ്റ്റുകളെടുക്കാൻ തന്നെയാണ് രോഗി എന്ന സന്ദർശകൻ്റെ പദ്ധതി. അതിനു തടസ്സം നിന്നാൽ അയാൾ മനുഷ്യാവകാശപ്രശ്നവും നിയമപ്രശ്നവും ഉന്നയിക്കാൻ സാധ്യതയുണ്ട്.

രോഗിയുടെ ശരീരം ഡോക്ടർക്ക് ഭാവന ചെയ്യാനള്ളത് 

ടെസ്റ്റുകളിലൂടെയാണ് രോഗി തന്നെക്കുറിച്ച് മനസ്സിലാക്കുന്നത്. ഒരു വ്യക്തിക്ക് സ്വയം മനസ്സിലാക്കാവുന്ന കാര്യങ്ങളെയെല്ലാം  തിരസ്കരിക്കുന്നതാണ് ഇന്നത്തെ രോഗികളുടെ മന:ശാസ്ത്രം. അവൻ തൻ്റെ ശരീരം നൽകുന്ന സൂചനകളെയോ താക്കീതുകളെയോ അറിവുകളെയോ വിശ്വസിക്കുന്നില്ല: പകരം മെഡിക്കൽ വിദഗ്ധന്മാരുടെ വാക്കുകളെയും ടെസ്റ്റ് ഫലങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഡോക്ടറെ അവൻ ഒരു പ്രവാചകനായി കാണുന്നു. ഡോക്ടർക്ക് വേണ്ടി അവൻ മരുന്ന് കഴിക്കും. ഡോക്ടർക്ക് വേണ്ടി അവർ മരുന്നിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കും. ഡോക്ടർക്ക് വേണ്ടി രോഗങ്ങളുടെ ഗ്രാഫിൽ അവൻ കുതിച്ചുയരുക തന്നെ ചെയ്യും .അവൻ്റെ ശരീരം ഡോക്ടറുടെ ഒരു ഇടമാണ് .ഡോക്ടറുടെ ഭാവനയ്ക്കനുസരിച്ച് ആ ശരീരം മാറുന്നു .ഡോക്ടർ അവിടെ തന്റെ ക്ളിനിക്കൽ ,ശരീരശാസ്ത്ര സിദ്ധികൾ കൊണ്ട് ചതുരംഗം കളിക്കുന്നു. ലാബ് ഫലങ്ങൾ ഒരാളുടെ ജാതകം തന്നെയാണ്. ലാബ് ഫലങ്ങൾ എല്ലാം പ്രവചിക്കുന്നു .ജീവിതത്തിൻ്റെ അപാരമായ പ്രവചനങ്ങളുടെ ഒരു കാലിഡോസ്കോപ്പാണ് ലാബ് ഫലങ്ങൾ .വ്യക്തികളുടെ ചിന്തകൾ രാഷ്ട്രീയത്തിലും മതത്തിലും വിനോദത്തിലും ചുറ്റിത്തിരിയുമ്പോൾ ശരീരകോശങ്ങളും ശ്രവങ്ങളും  അവയവങ്ങളും മറ്റൊരു ദിശയിൽ കൂട്ടലും കിഴിക്കലും നടത്തുന്നു. 

രോഗി എന്ന പദവിയുള്ള വ്യക്തി അവന്റെ ശരീരത്തെ ഡോക്ടറുടെ കണ്ണുകളിലൂടെ കാണാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ ചെയ്താൽ അവനു സമാധാനം കിട്ടുന്നു ;സ്വന്തം ശരീരത്തിൻ്റെ രോഗാവസ്ഥകളെ  മറക്കാൻ അത് സഹായിക്കുന്നു. ശരീരം ഡോക്ടർക്ക് നൽകിയ ശേഷം രോഗി രോഗത്തെക്കുറിച്ചുള്ള ആലോചനകളെ വിട്ടിട്ട് ജീവിതത്തിൽ എവിടെ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാമെന്ന് പരിശോധിക്കുന്നു.

രോഗിക്ക് എപ്പോഴും ഉന്നത വ്യക്തി എന്ന പദവി വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഈ രംഗത്ത് അതിജീവിക്കുന്നത്. രോഗിയെ ആദരിച്ചാലേ അവൻ്റെ രോഗത്തെ പണമാക്കി മാറ്റാനാവൂ. രോഗം ഒരു വ്യവസായശാല പോലെയാണ്. അതിനെ ഉപജീവിച്ച് നിരവധി ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളും ലാബുകളുമാണ് പ്രവർത്തിക്കുന്നത്.സ്കാനിംഗ് ,ശസ്ത്രക്രിയ തുടങ്ങിയ വലിയ പ്രക്രിയകൾ പലതരം അനുബന്ധ സ്ഥാപനങ്ങളെ  സൃഷ്ടിച്ചിരിക്കുകയാണ് .മെഡിക്കൽ ഉപകരണങ്ങൾ നിരന്തരം നവീകരിക്കപ്പെടുകയാണ്. ഏറ്റവും നൂതനമായ ടെസ്റ്റുകളിലൂടെയും പരിശോധനകളിലൂടെയും കടന്നു പോകുന്ന ഒരു രോഗിയാണ് ഇന്നത്തെ മെഡിക്കൽ വ്യവസായത്തിൽ ഒരു സുപ്രധാന വ്യക്തിയായിരിക്കുന്നത്. അതുകൊണ്ട് രോഗിയാവുകയും  അതിൻ്റെ ഫലമായി ഏറ്റവും വിലകൂടിയ ചികിത്സ തേടുകയും ചെയ്യുന്നവൻ ഒരു സാംസ്കാരിക വ്യക്തിയാവുകയാണ്.അവനെ ശ്രദ്ധിക്കാനും പരിചരിക്കാനും ആളുകളുണ്ടാകും .

വ്യത്യസ്തതയ്ക്ക് വേണ്ടി എന്തും ചെയ്യും 

സംസ്കാരം രണ്ടായിരാമാണ്ടിനു മുൻപ് ,ഉത്തര- ഉത്തരാധുനികതയ്ക്ക് മുൻപ് ,ഡിജിറ്റൽ ആധുനികതയ്ക്കു  മുൻപ് കലകളുടെ ,ആരാധനയുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായിരുന്നു. കലകളിലും അനുഷ്ഠാനങ്ങളിലും പ്രാവീണ്യമുള്ളവരെ സാംസ്കാരിക ജീവികളായി കരുതുമായിരുന്നു. സാംസ്കാരികജീവിതം കല,സാഹിത്യം, അനുഷ്ഠാനം തുടങ്ങിയ മേഖലകളുമായി താദാത്മ്യം പ്രാപിച്ചതായിരുന്നു. ആ ധാരണയാണ് ഇപ്പോൾ ഇളകിയിരിക്കുന്നത്. സംസ്കാരത്തെ പരമ്പരാഗതമായ ചില വ്യവഹാരങ്ങളുടെ മതിൽക്കെട്ടിനകത്ത് തളയ്ക്കാനാവില്ല. സംസ്കാരം ഇന്നു ഒരു വലിയ പഠനവിഷയമാണ്. അമേരിക്കൻ സാംസ്കാരിക സൈദ്ധാന്തികനായ ജോർജ് യൂഡിസ്(George Yudice) പറഞ്ഞു ,സംസ്കാരം പ്രകൃതിവസ്തു പോലെയാണെന്ന്. വായു, വെള്ളം എന്നിവ പോലെ സംസ്കാരം എല്ലാവർക്കും തുറന്നു കിട്ടിയിരിക്കുന്നു. സംസ്കാരം എല്ലാവരുടെയും ജീവിതത്തോടൊപ്പം വളരുകയാണ് .ഡീസൽ വാഹനങ്ങളിൽ നിന്ന് കമനീയമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയവർ സംസ്കാരത്തിൻ്റെ തലത്തിൽ ഒരടി മുന്നിലാണ് . എന്തെന്നാൽ ഇന്നത്തെ ഏറ്റവും നവീനമായ ഒരു വാഹനസംവിധാനത്തിലേക്ക് അവർക്ക് പ്രവേശനം കിട്ടിയിരിക്കുന്നു.റീസൈക്കിളിംഗിൻ്റെ ഈ ആഗോള സമ്പദ് വ്യവസ്ഥയിൽ വ്യക്തികൾക്ക് ഏതെങ്കിലും ഒരു കമ്പാർട്ട്മെൻറിൽ തളച്ചിടാൻ താൽപര്യമില്ല .അവർ സഞ്ചരിച്ചും അനുഭവിച്ചും മുന്നേറുകയാണ്. വിനോദസഞ്ചാരം പോലും ഇതിൻ്റെ ഭാഗമാണ്.സാഹസികമായി ഒരു പ്രദേശത്ത് സഞ്ചരിക്കുമ്പോൾ അയാൾ സാംസ്കാരികമായി ഉയരുകയാണ്. 

ഹിമാലയത്തിൽ പോകാൻ  എല്ലാവർക്കും കഴിയില്ല ;പണവും സമയവും ആരോഗ്യവും വേണം. എന്നാൽ ഇപ്പോൾ ഹിമാലയത്തിൽ പോയി വന്ന ധാരാളം പേരുണ്ട്. അതുകൊണ്ട് ആ യാത്ര ഇപ്പോൾ സാമാന്യമായി. അതുകൊണ്ട്  അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുകയാണ്. അങ്ങനെ യാത്ര ചെയ്യുമ്പോൾ അയാൾക്ക് സമൂഹത്തിൽ ഏകാന്ത പരിവേഷം കിട്ടും. അയാൾ അതിൻ്റെ പേരിൽ തിരിച്ചറിയപ്പെടും. വില കൊടുത്ത് വാങ്ങാവുന്ന സംസ്കാരം ഇതു മാത്രമല്ല, വേറെയുമുണ്ട്. വലിയ മാളുകളിലും സൂപ്പർ റസ്റ്റോറൻ്റുകളിലും പോയി ഭക്ഷണം കഴിക്കുന്നത് സാമൂഹ്യ മായ പദവി ഉയർത്തുന്നു .എല്ലാവർക്കും അത് സാധ്യമല്ലെന്നതാണ് അതിൻ്റെ മൂല്യം.വില കൂടിയ ഭക്ഷണം കഴിക്കുന്നത് വിശപ്പിൻ്റെ ഭാഗമായല്ല; ഒരു കൗതുകത്തിന്റെയും ജീവിതശൈലിയുടെയും സാംസ്കാരിക ആവശ്യമെന്ന നിലയിലാണ് .വ്യക്തികൾ അവരുടെ അനുഭവത്തെ ഇങ്ങനെയെല്ലാം വേറിട്ടതാക്കുന്നു. കൂടുതൽ വലിയ സാംസ്കാരിക മുദ്ര സ്വന്തമാക്കാനാണ് ആളുകൾ ബഹിരാകാശത്ത് പോകാൻ തയ്യാറെടുക്കുന്നത്. 

വിവിധ ഉൽപ്പന്നങ്ങളുടെ ബ്രാൻഡുകൾ, സാംസ്കാരിക ചിഹ്നങ്ങളുടെ റോളാണ് വഹിക്കുന്നത്. വിലയുടെ അടിസ്ഥാനത്തിൽ അതിൻ്റെ ഉപയോക്താക്കൾക്ക് സമൂഹത്തിൽ വ്യത്യസ്ത പരിഗണന ലഭിക്കുന്നു. സംസ്കാരം ഒരു ന്യൂനപക്ഷത്തിൻ്റേതാകുന്നത് അതിനുവേണ്ടി വരുന്ന വർദ്ധിച്ച ചെലവിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ പ്രകൃതിവിഭവം പോലെയാണ് സംസ്കാരം എന്നിരിക്കെ സാമൂഹ്യ മാധ്യമങ്ങളിലും ഫാഷൻ ഡ്രസുകളിലും ജീവിതശൈലിയിലും വ്യത്യസ്തത പുലർത്തിക്കൊണ്ടും മനഷ്യൻ സാംസ്കാരികജീവിയാകുന്നു.

സ്വന്തം പോസ്റ്റുകൾ കൊണ്ട് വൈറലായി പ്രശസ്തി നേടുന്നവർ പണം മുടക്കി അനുഭവം വിലയ്ക്കു വാങ്ങുന്നവർക്ക് ബദലാവുകയാണ്.അതേസമയം വ്യക്തികൾ അവരുടെ ജീവിതത്തെ യഥാർത്ഥമായി അനുഭവിക്കുന്നതിനു പകരം ഒരു പ്രതീതിയാക്കുന്നു ,അല്ലെങ്കിൽ  കൃത്രിമമായ യാഥാർത്ഥ്യമായി  അംഗീകരിക്കുന്നു. അറിവുകളെയും വാർത്തകളെയും പിന്തുടുരുന്നതും സംസ്കാരം തന്നെ. എന്നാൽ സത്യത്തിൻ്റെ വാർത്തകളെ വിട്ട് വ്യാജവാർത്തകൾക്കു പിന്നാലെ മനുഷ്യൻ പായുന്നത് ഒരു ദുരന്തമാവുകയാണ്. വ്യക്തികൾ സാംസ്കാരികാനുഭവത്തിനും അതിൻ്റെ വിവരണത്തിനുമായി വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണ്. അത് ഒരു വ്യക്തിയുടെ ആവശ്യമായി തീർന്നിരിക്കുകയാണ്.സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെടാൻ വ്യാജ വാർത്തകൾ വേണമെന്ന അവസ്ഥയാണ് ഇന്നുള്ളത്. വ്യത്യസ്തമാവുകയാണ് (To perform difference) ഓരോരുത്തരുടെയും ലക്ഷ്യം. അതിനായി അവർ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ പോകുന്നു, അന്തർദേശീയ ഭക്ഷണം കഴിക്കുന്നു; ഹോം സ്റ്റേ കോട്ടേജുകളിൽ പോയി പാചകം ചെയ്തു രുചിക്കുന്നു, സാഹസിക സഞ്ചാരികളാവുന്നു, കീറിയ വസ്ത്രങ്ങൾ ധരിക്കുന്നു. തലമുടിയിൽ ദിനംപ്രതി പരിഷ്കാരങ്ങൾ വരുത്തുന്നു. സെൽഫി എടുക്കുന്നു, സെൽഫി എടുത്തുകൊണ്ട് മരിക്കുന്നു. അങ്ങനെ നുറുകൂട്ടം പ്രവൃത്തികൾ ഒരാളെ ഇന്നു സാംസ്കാരികമായ അനുഭവത്തിലേക്ക് നിർബന്ധിക്കുന്നു. 

അനുഭവങ്ങൾ കമ്പോളവത്ക്കരണത്തിനു 

സംസ്കാരത്തെ പുതിയ ആഗോളവൽക്കരണ സാഹചര്യം ഒരു വ്യവസായത്തിലേക്ക് എത്തിച്ചിരിക്കുകയാണ് .ഏറ്റവും പുരാതനവും നവീനവുമായ ജീവിതചിത്രങ്ങളെ ഒരുമിച്ചു കൊണ്ടു വരുമ്പോഴാണ് സാംസ്കാരികമായ സംഘർഷത്തിലൂടെ പുതിയൊരു വികാരമുണ്ടാകുന്നത് .ഫൈവ്സ്റ്റാർ ഹോട്ടലിന്റെ മുറ്റത്ത് കള്ള് ഷാപ്പിന്റെ ബോർഡ് വച്ചാലുണ്ടാകുന്ന വൈകാരികമായ ഉരസൽ  വിചിത്രമായി തോന്നാം. എന്നാൽ കള്ള് കുടിക്കുന്നത് ഏറ്റവും അപ്രതീക്ഷിതവും അസാധാരണവും ചെലവേറിയതുമായ സ്ഥലങ്ങളിലാകുമ്പോൾ അത് സംസ്കാരമാവുകയാണ് .അമ്പതുകളിലെയും അറുപതുകളിലെയും ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമാപോസ്റ്ററുകൾ ത്രീസ്റ്റാർ ഹോട്ടലുകളുടെ ഉമ്മറത്ത് ഒട്ടിച്ചുവെച്ച് 'ചായക്കട' നടത്തുന്നത് വ്യത്യസ്തമായ അനുഭവത്തിനു വേണ്ടിയാണ്. എല്ലാ അനുഭവങ്ങളെയും കമ്പോളവത്ക്കരിക്കുകയാണ്. മുടിവെട്ടാനോ ,ചായ കുടിക്കാനോ  ഫൈവ്സ്റ്റാർ ഹോട്ടലിലേക്ക് വരൂ എന്നാണ് ആഹ്വാനം .

സംസ്കാരമെന്ന് വിവക്ഷിക്കുന്ന ആശയം കേവലം ഒരു സമൂഹത്തിന്റെയോ വ്യക്തിയുടെയോ പൈതൃകത്തിൻ്റെയോ പരിധിയിൽ ഒതുങ്ങുന്നതല്ല. അത് വികസിക്കുകയാണ്; സാമ്പത്തിക, വാണിജ്യ ,വിനോദസഞ്ചാര ആവശ്യത്തിന്റെ ഒരു ഉൽപ്പന്നമായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.സംസ്കാരത്തിൻ്റെ ഭാഗമാവുകയല്ല നാം ;അത് ഉല്പാദിപ്പിക്കുകയാണ്. സംസ്കാരം നമുക്ക് ഉല്പാദിപ്പിക്കാം; അല്ലെങ്കിൽ ലോകത്തിലെ ഏതു സ്ഥലത്തുനിന്നും ചരിത്രഘട്ടത്തിൽ നിന്നും കലാരൂപങ്ങളെ, പ്രതീകങ്ങളെ സ്വീകരിക്കാം. ചിഹ്നങ്ങൾ ശേഖരിക്കാം. അതെല്ലാം നമ്മുടെ സൗന്ദര്യ ബോധത്തിനും വീക്ഷണത്തിനും അനുസരിച്ച് ഉപയോഗിക്കാം. കാലങ്ങളും സംസ്കാരങ്ങളും കൂടിക്കലർന്ന് വരുന്നത് പുതിയ കലാവ്യവഹാരവും അനുഭൂതിയും അർത്ഥവുമായി മാറ്റപ്പെടുന്നു. അങ്ങനെ നമ്മെത്തന്നെ നമുക്ക് പുനർവിഭാവന ചെയ്യാം. സംസ്കാരത്തെ സൃഷ്ടിക്കാം. സംസ്കാരത്തിന്റെ ഉത്പാദകരാവാം.


ഉത്തര -ഉത്തരാധുനികത 3 /എം.കെ.ഹരികുമാർ


മനുഷ്യൻ നിർമ്മിച്ചെടുക്കുന്ന ശൂന്യത 

യഥേഷ്ടം ഒരു വ്യക്തിക്ക് ഡിജിറ്റലാകാവുന്ന കാലമാണല്ലോ ഉത്തര-ഉത്തരാധുനികതയുടേത്. ഇലക്ട്രോണിക് ടെക്നോളജിയുടെ ഭാഗമായി ഒരു ഡേറ്റയാകാതെ മനുഷ്യനു ജീവിതമില്ല. കർത്തൃത്വം അല്ലെങ്കിൽ ഏകാന്തമായ സൃഷ്ടികർത്തൃപദവി(Authoriality) ക്ക് അപ്പുറം മനുഷ്യൻ സ്വയമൊരു ഡിജിറ്റൽ മാധ്യമമാകുകയാണ്. ഒരു പത്രാധിപർക്ക് കവിത അയച്ചു കൊടുത്ത് ,അത് അച്ചടിച്ചുവരുന്നത് നോക്കി മാസങ്ങളും വർഷങ്ങളും കാത്തിരിക്കുന്ന രീതി എൺപതുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്നു.എന്നാൽ രണ്ടായിരാമാണ്ടോടെ സമൂഹമാധ്യമങ്ങളും ഗൂഗിൾ സെർച്ച് എഞ്ചിനും ബ്ലോഗുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടതിനെ തുടർന്ന്  ആർക്കും സ്വന്തം രചനകൾ പ്രസിദ്ധികരിക്കാം. ഒരു എഡിറ്ററുടെ സഹായം ആവശ്യമില്ല.  ഓൺലൈനിൽ സ്ഥലത്തിനു പരിധിയില്ലല്ലോ. ആയിരം പേജുള്ള പുസ്തകം എഴുതി നമുക്ക് ഇഷ്ടാനുസരണം അത് ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. വെബ്സൈറ്റുകൾ തുടങ്ങാം ,അതിൽ ചേർക്കാം.
എഡിറ്റർ ഇല്ല. സമൂഹമാധ്യമങ്ങളിലോ ടെലിവിഷൻ തൽസമയ പ്രോഗ്രാമുകളിലോ എഡിറ്റർ ഇല്ല .കാണികൾ ,ചർച്ചയിൽ പങ്കെടുക്കുന്നവർ തന്നെയാണ് ഉള്ളടക്കം നൽകുന്നത്. 

ഇന്ന് എഴുത്തുകാരൻ തന്നെയാണ് എഡിറ്റർ .അയാൾ തന്നെയാണ് പ്രസാധകൻ. എന്തെഴുതണമെന്ന്  തീരുമാനിക്കാൻ എഴുത്തുകാരന് സ്വാതന്ത്ര്യം ലഭിച്ച കാലമാണിത്. അയാളുടെ പേജുകൾ ഓൺലൈനിലാണുള്ളത്. പക്ഷേ ,എഴുതാനുള്ള കൗശലം ഇനിയും കണ്ടെത്താനുണ്ട്.എഴുത്തുകാരൻ തന്നെയാണ് മാധ്യമം ;അയാൾ സ്വന്തം ഇടവുമാണ് .അയാൾ ഒരു ചുവരാണ്. അയാൾക്ക് അതിൽ എഴുതി പ്രദർശിപ്പിക്കാം. അതുകൊണ്ട് എന്തും എഴുതാം.ഏതു വസ്തുവും അറിയാനുള്ളതാണ് .ഏത് വസ്തുവും നമുക്ക് പ്രതികരിക്കാനുള്ളതാണ്. എന്തിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടണം. അല്ലെങ്കിൽ ഏതു വസ്തുവും ഏത് സംഭവവും ഉൽക്കണ്ഠപ്പെടാനുള്ളതാണ്. എല്ലാറ്റിലും ചിന്താപരമായി വ്യവഹരിക്കുക എന്നതാണ് ജീവിതത്തിൻ്റെ അർത്ഥമെന്ന ഒരു സദാചാരം എവിടെ നിന്നോ മുളച്ചുപൊന്തിയിരിക്കുന്നു.ഏതു വസ്തുവിനും നമ്മുടെ ചിന്തയിലൂടെ ഒരസ്തിത്വം കൊടുക്കുകയാണ്  നമ്മുടെ ധർമ്മം എന്ന് നവമാധ്യമങ്ങളും നവരസങ്ങളും ഉറപ്പിച്ചിരിക്കുകയാണ്.

യുക്തിയുടെ ലഹരി  

മനുഷ്യൻ ഒരു ശാന്തതയോ അനുധ്യാനമോ അല്ല; ഒരു ഭീകരമായ നായാട്ടാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. മനുഷ്യൻ സകലതിൻ്റെയും യുക്തിയാണത്രെ. എല്ലാം ചെന്ന് അവസാനിക്കുന്നത് അവൻ്റെ തർക്കത്തിലും ജയത്തിലുമാണ് .രണ്ടു മനുഷ്യർ തമ്മിലുള്ള സംഭാഷണമോ സ്നേഹമോ ബന്ധമോ ഒരു കോടതിയിലോ ജഡ്ജിയുടെ മുന്നിലോ എത്തിച്ചേരാനുള്ളതാണ്. കാരണം, മനുഷ്യൻ യുക്തിയുടെ കളിയിൽ വിശ്വസിക്കുന്നു. യുക്തിയിൽ അവനു ജയിച്ചേ പറ്റൂ. അവന്റെ ഇടനില വേണ്ടി വരുന്നത് യുക്തിക്കാണ് .യുക്തി തന്നെ യുക്തിയുടെ ഒരു തുടർതർക്കവും സമസ്യയുമാണ് .യുക്തി കേവലമായി സകലതിൻ്റെയും അന്തിമവിധിയാണെന്നിരിക്കെ ,അതു തന്നെ ഇപ്പോൾ സങ്കീർണമായ എതിർപ്പിനും വഴിപിരിയലിനും കലഹത്തിനുമുള്ള ഉപാധിയായിരിക്കുന്നു. മനുഷ്യൻ യുക്തി ഉപയോഗിക്കുന്നത് മറ്റൊരുവൻ്റെ മേൽ വിജയം നേടാനാണ് .യുക്തി നമുക്ക് പരസ്പരം വേർപെടാനുള്ള ഇന്ധനമാണ്. നമ്മൾ യുക്തിയിൽ ജീവിക്കുന്നു, കലഹിക്കുന്നു ,മരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ എത്ര മണിക്കൂർ ചെലവിട്ടാലും പൂർണ്ണതയില്ല; അത് പിന്നെയും അനന്തമായി നീളുകയാണ്.

സമൂഹമാധ്യമത്തിനു ആദിയോ അന്ത മോ ഇല്ല. എന്നാൽ മനുഷ്യായുസ്സിനു ആദിയും അന്തവുമുണ്ട്. ഒരു  പുസ്തകത്തിനു ആദിയും അന്തവുമുണ്ട്. എഴുത്തുകാരനു ആദിയും അന്തവുമുണ്ട് .അതേസമയം ഗൂഗിൾ സെർച്ചിനു ആദിയും അന്തവുമില്ല.അത് എവിടെനിന്നും തുടങ്ങാം. എവിടെയും അവസാനിക്കുന്നില്ല. ലിങ്കുകളും ഹൈപ്പർ ലിങ്കുകളുമായി സേർച്ച് നീണ്ടു നീണ്ടുപോകും. ഇതുതന്നെയാണ് സമൂഹമാധ്യമങ്ങളിലും സംഭവിക്കുന്നത്.  ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ നമുക്ക് എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം. ആ മാധ്യമത്തിനു ഒരു അവസാന പേജില്ല .നമ്മുടെ മുഖം അവിടെ പ്രസക്തമല്ല. നമ്മുടെ സമയത്തിനും പരിമിതിയുള്ളതുകൊണ്ട്  മാധ്യമങ്ങൾ ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായ (aLarger than Life)നേടുകയാണ്. നമ്മെ നിരാശപ്പെടുത്തുന്നതും ഇതാണ്.ഒന്നിൽ നിന്നും നമുക്ക് സന്തോഷം ലഭിക്കുന്നില്ല .

നിരാശ ,വിദ്വേഷം

ജീവിതം അതിൻ്റെ മുന്നിൽ ഒന്നുമല്ല. ജീവിതം രോഗവും ആശ്ചര്യകരമായ ആസക്തിയും ഒളിച്ചുനോട്ടവും അശാന്തിയുമാണ് ,ഏതൊരാൾക്കും . അത് ദ്രവിച്ച ഓലയുടെ അറ്റത്ത് പറ്റിപ്പിടിച്ചുണരുന്ന തീയാണ്. അതിന് എപ്പോഴും മൃത്യുവിനെ സമീപത്ത് തന്നെ കാണേണ്ടി വരും. അത് അനിശ്ചിതമാണ് ,അലക്ഷ്യമാണ്, സർവത്ര അവ്യക്തമാണ്. എന്നാൽ സമൂഹമാധ്യമത്തിൽ ചെലവിടുന്ന  ഓരോ മണിക്കൂറും ഊർജമാണ് ചെലവിടേണ്ടത്. മനുഷ്യയുക്തിയുടെ ജീവിക്കാനുള്ള ഊർജ്ജമാണ് അവിടെ കുടഞ്ഞിടുന്നത്. കാമ്യവും
ആസക്തവുമായ ഓർമ്മകളാൽ ബന്ധിതമായി ഈ മാധ്യമങ്ങളിൽ നുഴഞ്ഞു നീങ്ങുന്ന ഓരോ വ്യക്തിയും മോഹാവേശത്താൽ ഊർജം നഷ്ടപ്പെട്ടവരായിത്തീരുന്നു, തകരുന്നു. ഭാവിയിലെ ഊർജ്ജമാണ് മാധ്യമ ജീവിതത്തോടുള്ള ആവേശത്തിൽ നശിപ്പിച്ചു കളയുന്നത്. ഇത് വ്യക്തിയെ ക്രമേണ നിരാശനും പരിക്ഷീണിതനുമാക്കുന്നു. അവൻ്റെ സ്വഭാവഘടനയിൽ വിള്ളലുണ്ടാക്കുന്നു.  പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ആഗ്രഹം കത്തിയായി മനസ്സിലൊളിപ്പിച്ചവർ വിദ്വേഷത്തിലേക്കാണ് ചെന്നു വീഴുന്നത് .അതുകൊണ്ടാണ് ഡോ. പത്മാ സുബ്രഹ്മണ്യത്തിൻ്റെ മനോഹരമായ നൃത്തം കണ്ടിട്ട് അതിനു നിലവാരമില്ലെന്ന് കമൻ്റ് എഴുതിയിടുന്നത് .ഒരു പ്രതിഷേധം, അത് അർത്ഥശൂന്യമാണെങ്കിലും പ്രകടിപ്പിക്കേണ്ടതുണ്ട്, സ്വന്തം ജീവിതത്തിനുള്ളിൽ ചുട്ടുപതഞ്ഞു പൊങ്ങിയ ആത്മനിന്ദയെ വെള്ളമൊഴിച്ചു കെടുത്താൻ! .

ജീവിതത്തിൻ്റെ നൈമിഷികത മുമ്പെന്നത്തേക്കാൾ വ്യക്തിയെ മരവിപ്പിക്കുന്നു. ആയിരമായിരം ധവളാഭമായ അനുഭവച്ചുമരുകൾ നമ്മെ വിളിക്കുമ്പോൾ എങ്ങനെയും അത് സ്വന്തമാക്കാൻ വ്യക്തിക്ക് വേഗം കൈവരിച്ചേ മതിയാകൂ. അവൻ വേഗ ജീവിയായി മാറുന്നു .അവനു മുന്നിൽ, വേഗതയില്ലാത്തതെല്ലാം മലിനവും അസംബന്ധവുമായി തീരുന്നു. സ്വന്തം വേഗതയ്ക്ക് വേണ്ടി അവൻ ക്രുദ്ധമൃഗമാവുന്നു. അവൻ ഉറ്റബന്ധുക്കളെയോ മക്കളെയോ സുഹൃത്തുക്കളെയോ തള്ളിക്കളഞ്ഞ് ഉള്ളിൽ തോന്നിയ ഭ്രമങ്ങൾക്ക് പിന്നാലെ പായുന്നു, പേ പിടിച്ച നായയെപ്പോലെ. സ്വന്തം കുഞ്ഞിനെ ജെസിബി ഉപയോഗിച്ച് മണ്ണിൽ താഴ്ത്താൻ കാമുകനെ സഹായിക്കുന്ന സ്ത്രീയെ പിടികൂടിയത് ഈ സാങ്കല്പിക സ്വർഗമാണ്.അവളുടെ തൊട്ടടുത്ത് ആ  സ്വർഗ്ഗം പ്രലോഭിപ്പിക്കുകയാണ്. അവൾക്ക് മറ്റൊന്നും ആലോചിക്കാനില്ല. കാമുകനുമൊത്തുള്ള ജീവിതം അവൾക്ക് പ്രിയപ്പെട്ടതാകാൻ കാരണം ജീവിതം വളരെ ചെറുതും പെട്ടെന്ന് തീർന്നു പോകുന്നതുമാണെന്ന തിരിച്ചറിവാണ് .താൻ പിന്തുടരുന്ന  ജീവിതം പഴകിയതും തന്റെ മോഹങ്ങൾക്ക് ആഴം നൽകാത്തതുമാണെന്ന അറിവിൽ നിന്ന് അവൾ ടേക്ക് ഓഫ് ചെയ്യുകയാണ്. 

ഈ വേഗവും ഭ്രമവും അവൾക്ക് സമ്മാനിച്ചത് ഉത്തര- ഉത്തരാധുനികമായ ജീവിത സമീപനമാണ് ,ഡിജിറ്റൽ ഓവർ ലോഡാണ് .മനുഷ്യൻ അവൻ്റെ തന്നെ കളിയുടെ ഇരയാകുകയാണ്.അത് വെയിൽ പോലെ എല്ലാവരിലേക്കും വന്നെത്തുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ മാത്രമല്ല, ഉപയോഗിക്കാത്തവരും അതിൻ്റെ  സ്വാധീനത്തിലാവുന്നു. മനുഷ്യന്റെ പെരുമാറ്റം സമൂഹത്തിലേക്കാണ് വ്യാപിക്കുന്നത്. ഒരാൾ മറ്റൊരാളോട് പറയുന്നത് ലോകത്തിൽ അപ്പോൾ തന്നെ കലരുകയാണ്. ഓരോ വ്യക്തിയും മാധ്യമമാണല്ലോ. മനസ്സുകൾ അത് സ്വാഭാവികമായി സ്വാംശീകരിക്കുന്നു. രണ്ടുപേർ തമ്മിലുള്ള ജീവിതത്തെക്കുറിച്ച്, ബന്ധത്തെക്കുറിച്ച് നമ്മൾ അറിയാൻ ഇടവരുന്ന നിമിഷം അത് പലതരത്തിൽ നമ്മെയും  സ്വാധീനിക്കുന്നു. കാരണം ,അത് സമൂഹ സ്വാധീനത്തിൻ്റെ പ്രത്യേകതയാണ്. 

സ്ഥലകാലങ്ങൾ അപ്രസക്തമായി 

സ്വയമൊരു മാധ്യമമാകയാൽ സമൂഹ മാധ്യമ അക്കൗണ്ടിൽ ഒരാൾക്ക് തന്നെക്കുറിച്ച് എന്തും എഴുതി പോസ്റ്റ് ചെയ്യാമല്ലോ.മറ്റൊരു മാധ്യമത്തിന്റെ ആവശ്യമില്ല.പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നെങ്കിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു കാര്യം പറയാൻ നേരിൽ കാണണം ,അല്ലെങ്കിൽ കത്തെഴുതണം. ഓരോരുത്തർക്കും പ്രത്യേകം കത്തെഴുതണം. ഇന്ന് അതിൻ്റെ ആവശ്യമില്ല. സമയം പലതിനുമായി വിഭജിച്ചുപോയതുകൊണ്ട്, സ്ഥലവും കാലവും അപ്രത്യക്ഷമായതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സംവദിക്കാം. ഒരേ സമയം ആയിരത്തിലധികം പേരോട് ആശയവിനിമയം നടത്താം ;ആരെയും നേരിൽ കാണാതെ. ഇത് ഉത്തര- ഉത്തരാധുനികതയുടെ പ്രത്യേകതയാണ്. സ്ഥലവും കാലവും അപ്രത്യക്ഷമായിരിക്കുന്നു .പ്രത്യേക സ്ഥലത്തിനകത്തിരുന്ന് ഒരു നിശ്ചിത സമയത്തിനുള്ളിൽ ജോലി ചെയ്യുക എന്ന നിബന്ധനയില്ല. ഒരു ജോലി ചെയ്യുന്നതിനിടയിൽ പലതരം വ്യക്തി ബന്ധങ്ങളും ആത്മബന്ധങ്ങളും കണ്ടെത്താം; തുടരാം, അവസാനിപ്പിക്കാം. ഒരു ബന്ധം തുടങ്ങുന്നത് തന്നെ അവസാനിപ്പിക്കാനുള്ളതാണെന്നതാണ് സോഷ്യൽ മീഡിയ നൽകുന്ന സന്ദേശം.
ഇത് തെറ്റായ സന്ദേശമാണ്. ദീർഘിച്ച ഒരു ബന്ധം ജീവിതത്തിന്റെ വേഗത്തിന് അസഹനീയമാണത്രേ. 

അശരീരിയായി ജീവിക്കുന്ന മനുഷ്യനു എല്ലാത്തിലും ഇടപെടാം , പിന്മാറാം,ഒളിച്ചിരിക്കാം. അമിതമായ ആവേശം കാണിച്ചു ഒന്നിനോടു പ്രതികരിച്ച ശേഷം ,തൊട്ടടുത്ത നിമിഷം മറ്റൊരു വിഷയത്തിനു വേണ്ടി പരതുന്നു. പ്രശ്നങ്ങളിൽ മൗലികതയോ ശരീരമോ ഇല്ലാതെ ജീവിച്ചതിന്റെ ഫലമായി ഉണ്ടാകുന്നത് ക്രൂരമായ ഒരു മന്ദഹാസമാണ്.ഇത് ആത്മശൂന്യതയാണ്. എല്ലാത്തിനോടു മുള്ള വെറുപ്പും അവജ്ഞയുമാണ്.  അതാണ് ഇന്നു ചിലരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്നു നിറയുന്ന ടൺ കണക്കിന് തെറികൾ.പതിറ്റാണ്ടുകൾക്കു മുൻപായിരുന്നെങ്കിൽ മൗലികതയായിരുന്നു ലക്ഷ്യം. ഇന്നു മൗലികതയില്ലാതിരിക്കാനാണ്  ആളുകൾ ഇടപെടുന്നത്. ഒരു വഷളനാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനാവശ്യമായ ഭാഷയാണ് ചില ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ ഉപയോഗിക്കുന്നത്. അതിലാണ് അവരുടെ വിജയം .

തെറി പറയാൻ ഒരാളെ കിട്ടാത്തതിൻ്റെ അമർഷം മിക്ക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രകടമാണ്. ഉള്ളിൽ നിമിഷം തോറും ഫണം നിവർത്തുന്ന വെറുപ്പ് പടർന്നു പന്തലിക്കാൻ അഹന്തയുടെയും ആൾമാറാട്ടത്തിൻ്റെയും ഒളിഞ്ഞിരുപ്പിൻ്റെയും ഇടങ്ങളാണ്  വേണ്ടത് .മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തെ ചികഞ്ഞു ചികഞ്ഞു കുത്തി പുറത്തെടുത്തിരിക്കുകയാണ്. ഇരുട്ട് ചിലപ്പോൾ നല്ലതാണ്, തെറി പറയാനും നഗ്നമാവാനും .ഓരോരുത്തരും അവരവരുടെ ഇരുട്ടുമുറികൾ ,ഇരുട്ട് ഇടവഴികൾ കണ്ടെത്തുമ്പോൾ അതൊരു ആഘോഷമാകുന്നു.

ഓർമ്മകൾ ഭാരം 

ഒരു പ്രതികരണമോ സംഭാഷണമോ എന്നും നിലനിൽക്കാനുള്ളതല്ല .അത് നിമിഷത്തെ ജയിക്കാനുള്ളതാണ്. പുതിയൊരു മന:ശാസ്ത്ര പാഠം പിറവിയെടുക്കുകയാണ്. മനുഷ്യർ അവരുടെ നിത്യതയുടെയും, ഓർമ്മയുടെയും പുരാതനത്വത്തിന്റെയും ഉടയാടകൾ വലിച്ചെറിഞ്ഞു നൈമിഷികമായ ഉപഭോഗത്തിന്റെയും സ്വയം വഞ്ചനയുടെയും പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.ഓർമ്മകൾ ഭാരമാവുകയാണ്.ആത്മബന്ധങ്ങളല്ല ,ആത്മ ശൂന്യതയാണ് ഉണ്ടാകുന്നത്. മനുഷ്യൻ്റേതു മാത്രമായ ഒരു ശൂന്യത (Human emptiness)യാണ്  സൃഷ്ടിക്കപ്പെടുന്നത്. ആ ശൂന്യത  മനുഷ്യരാഹിത്യമാണ്. മനുഷ്യൻ ശാരീരികമായി ജീവിച്ചിരിക്കെ തന്നെ അവൻ അശരീരിയായി മറ്റൊരു ജീവിതം നയിക്കുന്നു. രണ്ടു ജീവിതമാണ് കൈവരുന്നത്. ഓഫീസിലും പണിശാലയിലും പോകുന്നവർക്ക് ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ഒരു ലോകം, ലൗകിക ജീവിതത്തിലെ പ്രവൃത്തികളുടെ ഒരു ലോകം കിട്ടുന്നു.എന്നാൽ അവന്റെ സമൂഹമാധ്യമങ്ങളിലെ ജീവിതത്തിനു ശരീരം വേണ്ട. അവനെ കാണാത്ത ,അവൻ അറിയാത്ത നൂറുകണക്കിനാളുകളുമായി ആശയവിനിമയം നടത്താം, വഴക്കിടാം ,പ്രേമിക്കാം, വേർപിരിയാം , മറക്കാം .ഒന്നിനും നിലനിൽപ്പില്ല. ഇതൊരു ആഡംബരമാണ് .മനുഷ്യനു ഇതൊഴിവാക്കാനാവില്ല .ഫ്രഞ്ച് സോഷ്യോളജിസ്റ്റായ ഷാങ് ബോദ്രിയാർ  പറഞ്ഞതുപോലെ, അവന്റേത് ഒരു യാഥാർത്ഥ്യമല്ല ,യാഥാർത്ഥ്യത്തിന്റെ അനുകരണമാണ്. യഥാർത്ഥ റോസാപ്പൂവിനു പകരം പ്ളാസ്റ്റിക്  റോസാപ്പൂ കൊണ്ട് അവനു തൃപ്തിപ്പെടേണ്ടി വരുന്നു. 

അശരീരികയായിരിക്കുന്നത് അസ്തിത്വത്തിനു ഒരു മറ നൽകുന്നുണ്ട് .സ്വന്തം ജീവിതത്തെ ഒരു വിളിപ്പാടകലേക്ക് മാറ്റിനിർത്താനുള്ള സാധ്യതയാണ് ഇതിലൂടെ കൈവരുന്നത്. നേരിട്ടുള്ള ഒരു സംസാരവുമില്ല ,എല്ലാം മാധ്യമത്തിലൂടെയാണ്. ഈ മാധ്യമത്തിൽ സ്വന്തം ശരീരവും മനസ്സും മറച്ചുവയ്ക്കാം. നമുക്കില്ലാത്ത ഒരു വ്യക്തിത്വം ഉണ്ടെന്ന് സങ്കൽപ്പിക്കാം.  സ്വഭാവവും വ്യക്തിത്വവും  ഇല്ലാത്തവരായി ജീവിക്കാം. ഇന്ന് വ്യക്തിത്വം ആവശ്യമില്ല .

ഓരോരുത്തരും ഓരോ സമയമാണ്. ആ സമയത്തിന്റെ ആവശ്യകതയനുസരിച്ച് ഓരോ സ്വഭാവം കൈവരിക്കുകയാണ്. അശരീരിയായതുകൊണ്ട് ആരോടും ഒരു ബന്ധവും വേണ്ട. പഴുതുകളിലൂടെയുള്ള നോട്ടമാണ് എവിടെയും. ഇന്നത്തെ സാഹിത്യത്തെയും കലയെയും , ഭാഗികവും അപൂർണ്ണവും താൽക്കാലികവും സ്വയം വഞ്ചിക്കുന്നതുമായ ഈ നോട്ടം സ്വാധീനിച്ചിരിക്കുന്നു. ആ നോട്ടത്തിലൂടെ മനുഷ്യനിർമ്മിതവും എന്നാൽ മനുഷ്യത്വരഹിതവുമായ ഒരു ശൂന്യതയാണ് പ്രവഹിക്കുന്നത്.
മനുഷ്യർക്ക് ദീർഘകാലം ഇങ്ങനെ സന്ദേശങ്ങളും ഇമോജികളും  ചിത്രങ്ങളും അയച്ചുകൊണ്ട് അശരീരിയായി  ജീവിക്കാനൊക്കുമോ ?യാതൊരു ആത്മബന്ധവും ഇല്ലാതിരിക്കുന്നതിൻ്റെ  ഈഗോയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക്, മാനുഷികവും സഹാനുഭൂതിയാൽ ത്രസിക്കുന്നതുമായ ഒരു സർഗാത്മക ലോകം സൃഷ്ടിക്കാനാകുമോ?

അശരീരിയായി പ്രണയിക്കാം 

വാസ്തവത്തിൽ ,മനുഷ്യന്റെ നോട്ടങ്ങളും സമീപനങ്ങളും അങ്ങേയറ്റം നിർവ്യക്തീകരിക്ക (No Person)പ്പെടുകയും അതേസമയം അത്  മനുഷ്യരുടെ ലോകത്തിലെ സജീവമായ വർത്തമാനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ശരീരമില്ലാതെ പ്രണയിക്കുന്നതുകൊണ്ട് ആർക്കും നഷ്ടമുണ്ടാകില്ലായിരിക്കാം.   പ്രേമിക്കുന്നവർക്ക് അവരുടെ പ്രേമത്തെ എവിടെ വച്ചും ഉപേക്ഷിക്കാൻ കഴിയുമായിരിക്കും. നമ്മുടെ തന്നെ വികാരങ്ങൾ കൂടെ കൊണ്ടുനടക്കാവുന്ന (Portable)ഉപകരണങ്ങൾ പോലെയായിരിക്കുന്നു. എപ്പോഴാണ് ആവശ്യം വരുകയെന്ന്  അറിയാവുന്നതുകൊണ്ട് അത് കൈയിലെടുക്കുന്നു .എന്നാൽ ഉപയോഗശേഷം വലിച്ചെറിയാൻ സൗകര്യമാണ്.വികാരങ്ങൾ ശരീരത്തിൽ തിരുകി വയ്ക്കാവുന്ന വസ്തുക്കളാണ്. ആ വികാരങ്ങളുമായി ആർക്കും ആത്മബന്ധമില്ല .കാപ്പി കുടിച്ച ശേഷം വലിച്ചെറിയുന്ന കപ്പ് പോലെയാണ് മനുഷ്യവികാരങ്ങൾ.

മനുഷ്യൻ അവൻ്റെ ശരീരം മാത്രമാണ്. അതാണ് ഉത്തര- ഉത്തരാധുനികതയുടെ ഭിന്ന മാനങ്ങളിലൊന്ന്. അവൻ്റെ ദീർഘിച്ചതും സജീവവുമായ മാധ്യമ ഇടപാടുകളിൽ അവനു ഒന്നിനോടും ഹൃദയബന്ധമില്ല .എല്ലാറ്റിനെയും തള്ളി പറയാനും എല്ലാറ്റിനെക്കുറിച്ചും അഭിപ്രായം പറയാനും അവൻ വിധിക്കപ്പെട്ടിരിക്കുന്നു .ഒന്നും തന്നെ - ഓർമ്മകളോ ,സന്ദേശങ്ങളോ, ചിത്രങ്ങളോ, പുസ്തകങ്ങളോ, പാട്ടുകളോ -സൂക്ഷിച്ച വയ്ക്കാൻ പറ്റുന്നില്ല .സമയം പരിമിതമാകയാൽ സൂക്ഷിച്ചു വയ്ക്കപ്പെട്ട മൂല്യങ്ങളിലേക്ക് പിന്തിരിഞ്ഞു ചെല്ലാനാവില്ല. ജീവിതം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്.പുതിയ  അർത്ഥരഹിത വർത്തമാനങ്ങൾ പ്രളയ സമാനമായി പ്രത്യക്ഷമാകുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ  ലക്ഷക്കണക്കിന് ഫോട്ടോകൾ പോസ്റ്റ് ചെയ്യപ്പെടുന്നു.ഫേസ്ബുക്കിൽ കോടിക്കണക്കിനു സന്ദേശങ്ങൾ ,പോസ്റ്റുകൾ വന്നു മറിയുകയാണ്.ഇതെല്ലാം തൻ്റെ തലയിലേക്ക് കയറ്റാനായി അവൻ ഉറക്കമൊഴിക്കുന്നു. അവൻ്റെ തലയിൽ നിറയ്ക്കുന്ന സമയത്തു തന്നെ അത് അപ്രത്യക്ഷമാകുന്നു. അവനു ഉൾക്കൊള്ളാനും ശേഖരിക്കാനും പരിമിതിയുണ്ട്. അവൻ നിരാശയാൽ എല്ലാറ്റിനെയും കൈവിട്ടു കളയുന്നു. തൻ്റെ ആത്മശൂന്യതയെ ഒരു കാലാവസ്തുവായി നോക്കി കാണാൻ തുടങ്ങുന്നു. അതുകൊണ്ടാണ് അവനു കാമുകിയുടെ ശരീരം വെട്ടി നുറുക്കി ഒരു പെട്ടിയിലാക്കി കൊണ്ടുനടക്കാൻ തോന്നുന്നത്. ആളുകൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ദേവാലയത്തിലേക്ക് കടന്നു ചെന്നു വെടിവച്ച ശേഷം ,അതിൻ്റെ  ഫേസ്ബുക്ക് ലൈവ് കൊടുക്കുന്നത്. 
സ്വന്തം ശരീരത്തെ ചരിത്രത്തിൽ നിന്നും ഓർമ്മയിൽ നിന്നും മാറ്റി മൗലികതയിൽ നിന്നു ഓടി രക്ഷപ്പെടുകയാണ് ഈ കാലം . 




  • ഉത്തര- ഉത്തരാധുനികത - 2 /എം.കെ.ഹരികുമാർ

     





     ഗ്രീൻ റൂം പഴയ ഒരു സങ്കല്പമല്ല 


    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കലയെക്കുറിച്ചും അതിൻ്റെ അന്തിമമായ ഫലത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾ തകിടം മറിഞ്ഞിരിക്കയാണ്. ജീവിതത്തിന്റെ ഗതിയിലുണ്ടായ മാറ്റത്തിന് അനുസരിച്ച് മനുഷ്യൻ വേറൊരു പ്രായോഗികതയ്ക്ക് ഓരം ചേർന്നു പോകുകയാണ്.പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ ഒരു നാടകം പലതവണ റിഹേഴ്സൽ ചെയ്ത ശേഷമാണ് രംഗത്തവതരിപ്പിക്കുക .എന്നാൽ അവതരണത്തിനുശേഷം സംവിധായകന് പിന്നെയും പലതും നന്നാക്കാനുള്ളതിനെക്കുറിച്ചാവും  പറയാനുണ്ടാവുക .കാരണം ,സംവിധായകൻ ഒരു പെർഫെക്ഷനിസറ്റാണ്. വീണ്ടും വീണ്ടും അതിനായി പരിശ്രമിക്കുന്നു. മനസ്സിൽ ഒരു ചിത്രമുണ്ടാവും. അതിലേക്കുള്ള ഓട്ടമാണ് റിഹേഴ്സലുകൾ .പലവട്ടം സ്റ്റേജിൽ ആവർത്തിച്ചാലും പൂർണതയിലെത്തണമെന്നില്ല.ക്ലാസിക് പാരമ്പര്യത്തിലുള്ള കലകൾക്കെല്ലാം പൂർണ്ണതയെക്കുറിച്ചുള്ള സങ്കല്പങ്ങളുമുണ്ട്. ആ കലാരൂപങ്ങൾ സൈദ്ധാന്തികമായാണ് ജീവിക്കുന്നത്. പൂർണതയില്ലാതെ അതിനു നിലനില്പില്ല .

    ഒരു നാടകത്തിനു നീയതമായ ചട്ടക്കൂട് ആവശ്യമായിരുന്നു .അതിൽ അഭിനയത്തിനു പ്രാധാന്യമുണ്ടായിരുന്നു. നിശ്ചയമായും നാടകത്തിന് ഒരന്ത്യമുണ്ടാകും. കാണികൾ അത് കാണാനായി സൃഷ്ടിക്കപ്പെട്ടവരാണ്. ഒരു നാടകം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അത് എന്തായിത്തീരുമെന്നാണ് പ്രക്ഷകൻ ആലോചിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കും എന്നറിയാനാണ് പ്രേക്ഷകൻ കാത്തിരിക്കുന്നത്. നാടകത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ അത് പ്രേക്ഷകൻ്റെ ഉദ്വേഗമാണ്. 'നിങ്ങളെങ്ങനെ കമ്മ്യൂണിസ്റ്റാക്കി ' എന്ന  നാടകത്തിന്റെ അന്ത്യത്തിനാണ് പ്രാധാന്യം. കമ്മ്യൂണിസ്റ്റുകാരനാവുന്നത് എങ്ങനെയെന്നാണ് ആ നാടകം പറയുന്നത് .പ്രേക്ഷകനെ ഒരു നൂതന ലോകത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനാണ് തോപ്പിൽ ഭാസി അതെഴുതിയത്.ഇരുപതാം  നൂറ്റാണ്ടിന്റെ അന്ത്യം വരെ ഈ കലാനുഭവം ,ഈ പ്രേക്ഷക മനോഭാവമാണ് നിലനിന്നത്. ഇപ്പോൾ അതിനെ പിന്തുടർന്ന് പലരും ഇതേ രീതിയിൽ എഴുതുന്നുണ്ട്.

    പൂർത്തിയായ ഉല്പന്നം വേണ്ട 

    എന്നാൽ ഉത്തര-ഉത്തരാധുനികമായ കലാനുഭവം മാറുകയാണ്. സമ്പൂർണമായ ഒരു പ്രമേയം ഇല്ലാതായി. ഒരു പ്രമേയത്തിന്റെ വികാസമോ പരിണാമമോ അപ്രധാനമായി. ഉള്ളടക്കം തന്നെ അതിൻ്റെ അനുകരണമായി ;അല്ലെങ്കിൽ ഉള്ളടക്കത്തെക്കുറിച്ചുള്ള ആലോചനകളും അതിനെ കളിയാക്കിക്കൊണ്ടുള്ള വർത്തമാനങ്ങളും പ്രധാനമായി. ഒരു കലാസൃഷ്ടിയുടെ അന്തിമമായ പൂർത്തീകരണം ,അല്ലെങ്കിൽ പൂർത്തിയായ ഉൽപ്പന്നം എന്ന നിലയിലുള്ള പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് .ടെലിവിഷൻ്റെ വരവോടെയാണ് ഈ സങ്കൽപം പിറവി കൊണ്ടത് .ഒരു സാഹിത്യകൃതിയുടെയോ നാടകത്തിൻ്റെയോ ആദിമധ്യാന്ത പൊരുത്തമുള്ള ആഖ്യാനം അവിടെത്തന്നെ നിൽക്കുന്നുണ്ടെങ്കിലും, അതിനപ്പുറത്തേക്ക് പ്രേക്ഷകസമൂഹം സഞ്ചരിക്കുകയാണ് .

    ഒരു ടെലിവിഷൻ സ്കിറ്റ് ,സംഗീത പരിപാടി തുടങ്ങിയവ ഒരു പൂർണ്ണമായ   നിർമ്മിതി എന്ന നിലയിൽ പോലും അവതരിപ്പിക്കേണ്ടതില്ല. ഒരു കലാവസ്തുവിന്റെ സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ച് ,കച്ചവടത്തിനും വിനോദത്തിനും മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് പലതും രംഗത്തുവരുന്നു. ഗ്രീൻ റൂമിൽ കലാകാരന്മാർ വന്നു പരിശീലനം നേടുകയാണ് ചെയ്യുന്നത്. അവിടെ ചുമയങ്ങൾ ഇടുന്നു.ഗ്രീൻ റൂമിൽ കലാവിദഗ്ദ്ധന്മാരുടെ സാന്നിധ്യമുണ്ടാകും. രംഗത്തവതരിപ്പിക്കുന്നതിനു മുൻപുള്ള ഒരുക്കങ്ങളാണ് അവിടെ സംഭവിക്കുന്നത്. എന്നാൽ ഗ്രീൻ റൂമിലെ സംഭവങ്ങൾക്ക് വിപണിമൂല്യമുണ്ടെന്നും അത് ടെലിവിഷനിൽ സംപ്രേഷണം ചെയ്താൽ പണമുണ്ടാക്കാമെന്നു മാണ് ഈ കാലം പഠിപ്പിക്കുന്നത് .

    ഒരു സ്കിറ്റിനു വേണ്ടി കലാകാരന്മാർ ഒത്തുകൂടുന്നതും അവർ തമ്മിൽ തൊഴിൽപരമായ പ്രശ്നങ്ങളുടെ പേരിൽ കലഹിക്കുന്നതും ഷൂട്ട് ചെയ്ത് സംപ്രേഷണം ചെയ്യാവുന്നതാണ് .അത് കാണാൻ ധാരാളം പേരെ കിട്ടും. സമീപകാലത്ത് ഒരു ചാനലിൽ നടിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കുക്കറി ഷോ സംഘടിപ്പിച്ചിരുന്നു.  കുക്കറി ഷോയുടെ അവതരണണത്തെയും അതിൻ്റെ സമ്മാനത്തിന് അർഹമാകുന്നതിന് വേണ്ടതായ മാർക്കിനെയും പറ്റി പറഞ്ഞ് ചില അംഗങ്ങൾ തമ്മിൽ വലിയ വാഗ്വാദം നടന്നു. അവരിൽ ചിലർ പരസ്പരം ഏറ്റുമുട്ടുക മാത്രമല്ല ഉച്ചത്തിൽ തെറിവിളിക്കുകയും ചെയ്തു.പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചാനൽ അത് അതേപടി സംപ്രേഷണം ചെയ്തു. പ്രേക്ഷകർക്ക് അത് പുതിയ അനുഭവമായിരുന്നു .അതിന്റെ യർത്ഥം, ഒരു ഗ്രീൻ റൂമിൽ എന്തു തന്നെ സംഭവിച്ചാലും അതറിയാനുള്ള സൗകര്യവും അവകാശവും പ്രേക്ഷകർക്കുണ്ട് എന്നാണ്. എഡിറ്റ് ചെയ്യുന്നത് അധാർമ്മികമാണത്രേ .നഗ്നമായ സംഘട്ടനങ്ങൾക്കായി അവർ കാത്തിരിക്കുകയാണ്. അവർ  പരിപൂർണമായ കലാസൃഷ്ടിക്ക് വേണ്ടിയല്ല വന്നിട്ടുള്ളത്. ഏതും കലാനുഭവത്തിന്റെ ഭാഗമായി സ്ഥാനം നേടുകയാണ്. 

    തെറ്റിച്ചു പാടുന്നവൻ സാംസ്കാരിക ഉല്പന്നം 

    പി. ലീലയോ എം. എസ് .സുബ്ബലക്ഷ്മിയോ പാടുന്നത് എത്രയോ വർഷത്തെ പരിശീലനം കൊണ്ടാണ്. ആദ്യമൊക്കെ സ്റ്റേജിൽ പാടുമ്പോൾ വലിയ സംഘർഷമായിരിക്കും. കാരണം ,പഠിച്ച പാഠങ്ങൾ അതേ രീതിയിൽ പുനരാവിഷ്കരിക്കാൻ കഴിഞ്ഞോ ,അല്ലെങ്കിൽ ഗായിക എന്ന നിലയിൽ തൻ്റേതായ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ സാധിച്ചോ തുടങ്ങിയ സന്ദേഹങ്ങൾ അവരെ മഥിച്ചിരിക്കണം. എന്നാൽ ഇതൊന്നും പുതിയകാലത്ത് പ്രസക്തമല്ല. .പ്രേക്ഷകർക്ക് അന്തിമസൃഷ്ടി വേണ്ട; അവർ തിരക്കുള്ളവരാണ്. അവർ  വിനോദത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നു. സാംസ്കാരിക ഉല്പന്നമെന്ന നിലയിൽ വരുന്നതെല്ലാം വിൽക്കാനുള്ളതാണ്. എല്ലാറ്റിനും ഉപഭോക്താവുണ്ട്.  

    ടിവിയിലെ ഒരു സംഗീത പരിപാടിയിൽ കുട്ടികൾ പാടുമ്പോൾ അതിന് പൂർണ്ണത വേണ്ട; പൂർണത പാടില്ല. അത് മത്സരമാണ് .വേറെ പലരും പാടിയ പാട്ടുകൾ കുട്ടികൾ വന്നു പാടുകയാണ്. വിധികർത്താക്കൾ അതിലെ തെറ്റുകൾ തിരുത്തിക്കൊടുക്കുന്നത് പ്രേക്ഷകർ കാണാൻ തയ്യാറായിരിക്കുകയാണ് .സ്കൂൾ, കോളേജ് തലങ്ങളിലെ പരമ്പരാഗതമായ ഗാനാലാപന മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റുകൾ ചൂണ്ടിക്കാണിച്ചല്ല മാർക്കിടുന്നത്. ചാനലിൽ കുട്ടികളെ പാട്ട് പഠിപ്പിക്കുന്നതും ഒരു ഷോയാണ്. അതിന് വിപണിമൂല്യമുണ്ട്. ഒരു കുട്ടി പാടുന്നതും തെറ്റുന്നതും ഇടയ്ക്ക് വച്ച് നിർത്തുന്നതും പിന്നീട് പാടുന്നതും ഫേസ്ബുക്കിലിട്ടാൽ ഒരു ദിവസം കൊണ്ട് ഒരു ലക്ഷം പേർ സന്തോഷത്തോടെ കാണും . അങ്ങനെ ഒരു രംഗം സ്റ്റേജിൽ പ്രതീക്ഷിക്കാനാവില്ല .സ്റ്റേജിൽ വന്ന് ഒരു കുട്ടി തെറ്റിച്ചു പാടുകയോ പാട്ടുനിർത്തുകയോ ചെയ്താൽ ആളുകൾ കൂവി വിളിക്കുമായിരുന്നു. സ്റ്റേജ് യാഥാസ്ഥിതികമായ ഇടമാണ്. 

    ഇത് പ്രേക്ഷകരുടെ പുതിയ വർഗ്ഗമാണ്. പാട്ടുകാരൻ ഒരു പാട്ട് പാടി തെറ്റിക്കുമ്പോഴാണ് സാംസ്കാരിക ഉല്പന്നമുണ്ടാകുന്നത്. എന്തെന്നാൽ ,അതിനു കാണികൾ എന്ന ഉപഭോക്തൃവർഗത്തിൻ്റെ പിന്തുണയുണ്ട്. പാട്ടുകാരന് പാട്ട് തെറ്റിപ്പോകാൻ സാധ്യതയുണ്ട് .പാടാൻ സ്വാതന്ത്ര്യമുണ്ട് .പാട്ട് പഠിപ്പിക്കുന്നതിന് വിപണിയുണ്ട് .എന്തിനും വിപണിയാണ്. അത് കാണാൻ പ്രേക്ഷകർക്ക് സമയമുണ്ട്. അതു കൊണ്ട് കലയുടെ പൂർണ്ണത എന്ന ആശയമിവിടെയില്ല .ആർക്കും കലാകാരനാകാം. അതിനുള്ള വേദികൾക്ക് ക്ഷാമമല്ല. സാഹിത്യത്തിന്റെയും മറ്റു ക്ലാസിക്കൽ കലകളുടെയും സങ്കല്പങ്ങൾക്ക് വെളിയിൽ പുതിയ അനുഭവങ്ങളും പരീക്ഷണങ്ങളുമാണ് കാണാനാകുന്നത്. പ്രദർശനയോഗ്യമായത് എല്ലാം പ്രദർശിപ്പിക്കാം എന്നതാണ് ഉത്തര - ഉത്തരാധുനിക കാലത്തിൻ്റെ സവിശേഷത.

    അനശ്വരത പ്രലോഭിപ്പിക്കുന്നില്ല 

    ഒരു ടെലിവിഷൻ സംഗീത റിയാലിറ്റി ഷോയിൽ നല്ലപോലെ പാടാൻ അറിയുന്നവരെയല്ല തേടുന്നത്; പരിശീലിപ്പിച്ചാൽ പാടാൻ കഴിയുന്നവരെയാണ് .പാടാൻ ദീർഘകാലത്തെ പഠനമോ പരിശീലന മോ പോലും  ആവശ്യമില്ല .ജീവിതകാലം മുഴുവൻ കലാഭ്യസനം നേടിയവരാണോ ,താത്പര്യത്തിൻ്റെ പേരിൽ കലയിലേക്ക് വന്ന്  സമൂഹമാധ്യമത്തിലൂടെ ശ്രദ്ധ നേടി വൈറലായവരാണോ ഇന്ന് കൂടുതൽ അറിയപ്പെടുന്നത്? തീർച്ചയായും വൈറലായവർ ശ്രദ്ധിക്കപ്പെടുന്നു.
    അവർക്ക് സ്ഥിരപ്രതിഷ്ഠ വേണമെന്ന് ആഗ്രഹമില്ല. അവർ തന്നെ ഒരു ഷോയാണ്. അവർ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നില്ല.

    ഡാവിഞ്ചിയുടെ 'മൊണാലിസ,' വാൻഗോഗിൻ്റെ 'ദ് സ്റ്റാറി നൈറ്റ്' തുടങ്ങിയ ചിത്രങ്ങൾ അനശ്വരതയാണ് തേടുന്നത്. അത് കലയെക്കുറിച്ചുള്ള തത്ത്വചിന്തയും സൗന്ദര്യാവബോധവും അഗാധമായി അനുഭവിപ്പിക്കുന്നു.  ക്ളാസിക്കൽ കലയിൽ പൂർണതയെക്കുറിച്ചുള്ള അനുഭവം അഗാധമായിരുന്നു .എന്നാൽ ഇന്നത്തെ കലാകാരനെ അനശ്വരതയല്ല പ്രലോഭിപ്പിക്കുന്നത്. തൽസമയം ആകർഷിക്കപ്പെടാനുള്ള അവസരമാണ് .അവനു കാത്തിരിക്കാൻ നേരമില്ല. കാരണം ,അവൻ സൃഷ്ടിക്കുന്ന സാംസ്കാരിക ഉൽപ്പന്നം പെട്ടെന്ന് തന്നെ കാലഹരണപ്പെടും .അനേകം പേർ ഈ രംഗത്തുണ്ടല്ലോ .

    പഴയ ടെക്സ്റ്റുകൾ ഒരാൾ എഴുതിയുണ്ടാക്കുന്നതാണ് .അതിൽ വായനക്കാരനു ഒന്നും ചെയ്യാനില്ല. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമ സേതുമാധവൻ്റെ സൃഷ്ടിയാണ്. കാണി അതു കണ്ടു കൊള്ളണം. കാണിക്ക് ഇടാപെടാനാവില്ല. എത്ര വർഷം കഴിഞ്ഞാലും കാണിക്ക് ഒരു അധികാരവും കിട്ടില്ല. സംവിധായകൻ ഒരു ഏകാധിപതിയാണ്; കാണി അടിമയും. ഇവിടെയാണ് ടെലിവിഷൻ്റെയും കമ്പ്യൂട്ടറിൻ്റെയും ലോകത്ത് വ്യക്തി ഒരു നിയന്താവാകുന്നത്. വ്യക്തിയുടെ ഇഷ്ടത്തിനാണ് വില.ടെലിവിഷൻ പ്രോഗ്രാമുകളിൽ സ്ക്രിപ്റ്റ് അല്ലെങ്കിൽ ടെക്സ്റ്റ് ഒരു വ്യക്തി എഴുതുന്നതായിക്കൊള്ളണമെന്നില്ല. രാത്രിയിൽ അവതരിപ്പിക്കുന്ന പ്രൈം ടൈം ന്യൂസ് ചർച്ചകൾ നോക്കൂ. അവിടെ ചർച്ച നയിക്കുന്ന വ്യക്തികൾ വാർത്ത സൃഷ്ടിക്കുന്നു. ഒരു സ്ക്രിപ്റ്റ് ഇല്ല .പ്രേക്ഷകർ വോട്ടു ചെയ്ത് ജേതാവിനെ നിശ്ചയിക്കുന്നതും ഫോൺ ഇൻ പരിപാടികളിലൂടെ അവൻ ഇടപെടുന്നതും പുതിയ ലോകമാണ് തുറന്നിടുന്നത്. റേഡിയോ വാർത്തകൾ ഒരാൾ എഴുതി വായിക്കുന്നതാണെങ്കിൽ ടെലിവിഷൻ വാർത്തകൾ തത്സമയം ജനിക്കുകയാണ്. അത് പലർ റിപ്പോർട്ട് ചെയ്യുകയാണ്.ഒരു പൂർവ്വ നിശ്ചിതമായ സ്ക്രിപ്റ്റില്ല. അതുകൊണ്ടാണ് ബ്രിട്ടീഷ് നവസൈദ്ധാന്തികനായ അലൻ കിർബി  
    ഇങ്ങനെ പറഞ്ഞത് "What is central now is the busy ,active ,forging work of the individual who would one have called it's recipient." വെറും സ്വീകർത്താവായി മാത്രം ഒതുങ്ങിക്കഴിഞ്ഞ വ്യക്തി ഇന്ന് സ്വന്തം ഇഷ്ടത്തിനൊത്ത് എന്തും തിരഞ്ഞെടുക്കുന്നു.

    മനുഷ്യർക്ക് ചിരകാല പ്രാപ്തമായ കലാസങ്കൽപങ്ങളോ ,അവബോധമോ ഇന്നാവശ്യമില്ല .ഇന്ന് സൃഷ്ടി എന്ന പേരിൽ എന്തെങ്കിലും നിർമ്മിച്ചു കൊണ്ടിരുന്നാൽ മതി. നിശ്ചലതയും നിശ്ശബ്ദതയും കലാകാരനെ സമൂഹത്തിൽ തന്നെ അപ്രത്യക്ഷമാക്കും .അതുകൊണ്ട് കലാകാരന്മാർ അവർക്കുവേണ്ടിയെങ്കിലും എന്തെങ്കിലും നിർമ്മിച്ചേ മതിയാകൂ.

    ചാനലുകളിൽ ഒരു കലയുടെയും ആവിഷ്കാരമില്ല 

    ഗ്രീൻ റും എന്നത് ഒരു വലിയ സാന്നിധ്യമാണിപ്പോൾ. അവതരിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്നതിന്റെയെല്ലാം വീഡിയോ എടുത്ത് സൂക്ഷിക്കുന്നത് ഇന്ന് ഒരു അടിസ്ഥാനനിയമം പോലെയായിട്ടുണ്ട്. അതിൻ്റെയർത്ഥം, ആ  തയ്യാറെടുപ്പുകൾക്ക് വിപണിമൂല്യമുണ്ടെന്നാണ്. പ്രേക്ഷകൻ കറയറ്റ ,പണിക്കുറതീർന്ന  ഉൽപ്പന്നങ്ങൾക്കായല്ല സമയം ചെലവഴിക്കുന്നത്. പരിപൂർണ്ണതയുടെ നിയമങ്ങളും മാമൂലുകളും അനുസരിച്ച് സൃഷ്ടി നടത്തുന്നവൻ കണ്ടേക്കാം. അവർ ഇന്നു പരമ്പരാഗതമായ ഒരു കൂട്ടം മാത്രമാണ്. ഒരു അനുഷ്ഠാനം എന്ന നിലയിലാണ് ഇപ്പോൾ ഈ കലകൾ രംഗത്ത് വരുന്നത് .വലിയ കഥകളി കലാകാരന്മാരുടെ ഒരു സവിസ്തര പ്രതിപാദനമോ  ആവിഷ്കാരമോ ഇന്ന് ഒരു സാംസ്കാരികോത്സവത്തിലും കാണാനില്ല. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിയിൽ കഥകളിക്ക് വേണ്ടി മണിക്കൂറുകൾ ചെലവഴിക്കാൻ പ്രമാണിമാർ രാത്രി തോറും സഞ്ചരിക്കുമായിരുന്നു. ഇപ്പോൾ അത്തരം കലാവിഷ്കാരങ്ങൾ തനിയാവർത്തനമോ അനുഷ്ഠാനമോ ആയിത്തീർന്നിരിക്കുന്നു.

    ഇന്നത്തെ പ്രേക്ഷകനെ അത് ഗാഢമായി ആകർഷിക്കുന്നില്ല. കലാസ്വാദനത്തിനു ധാരാളം  കാര്യങ്ങൾ പഠിക്കേണ്ട ഒരു ബാധ്യതയും ഈ പ്രേക്ഷകർക്കില്ല . അവർ കല എന്ന പരമ്പരാഗത അർത്ഥത്തെ തന്നെ നിരാകരിക്കുകയാണ്. മനുഷ്യാനുഭവത്തെ കലാകാരൻ ചെത്തിയെടുത്ത് പ്രദർശിപ്പിക്കുന്നത് അവർക്ക് വേണ്ട;ആ അനുഭവത്തെ അവർ സ്വന്തം മാർഗത്തിലൂടെ സമീപിക്കുന്നു ,ആസ്വദിക്കുന്നു.
    ഒരു ഷോയിൽ കലാകാരന്മാർ സംസാരിക്കുന്നത് ,അവരുടെ ശരീരഭാഷ, കലോൽപന്നത്തെക്കുറിച്ചുള്ള ചർച്ച തുടങ്ങിയവയെല്ലാം ചാനലുകൾ വിറ്റഴിക്കുന്നു. ചാനലുകളിൽ ഒരു കലാരൂപത്തിന്റെയും ആവിഷ്കാരമില്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം. കലാരൂപങ്ങളെ പല കലങ്ങളിൽ എങ്ങനെ പാചകം ചെയ്യണമെന്നും അതെങ്ങനെയെല്ലാം പ്രേക്ഷകർക്ക് സമ്മാനിക്കണമെന്നുമുള്ള അനൗപചാരിക പരീക്ഷണങ്ങളാണ് അവിടെയുള്ളത് .ഇത് നമ്മൾ കഴിഞ്ഞ നൂറ്റാണ്ടിൽ തുടർന്നു വന്ന സമീപനങ്ങളിൽ നിന്നുള്ള വ്യതിയാനമാണ്. വ്യക്തികേന്ദ്രീകൃതമായ, കലാകേന്ദ്രീകൃതമായ അനുഭവലോകം പ്രാചീനവും പരമ്പരാഗതവുമായി അവശേഷിക്കുകയാണ് ;പകരം, വ്യക്തികളുടെ തിരഞ്ഞെടുപ്പ്, വ്യക്തിഗതമായ ഇഷ്ടങ്ങൾ, വിനോദത്തിന്റെ അധാർമ്മികവും  ലക്ഷ്യരഹിതവുമായ ഇടങ്ങൾ പ്രത്യക്ഷപ്പെടുകയാണ്. 

    വാർത്താ ചാനലുകളുടെ ഒളിഞ്ഞുനോട്ടം 

    ദേവരാജൻ മാഷിൻ്റെ കാലത്ത് ഗായകനെ പാട്ട് പഠിപ്പിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. ഗായകൻ പാടുന്നത് മാത്രമേ പുറത്തുവരൂ.ഗായകനെയാണ് ആളുകൾ ശ്രദ്ധിച്ചിരുന്നത്. സംഗീതസംവിധായകൻ എന്താണ് ചെയ്തിരുന്നത് എന്നറിയാവുന്നവർ , ഗാനം കേൾക്കുന്നവരിൽ പത്ത് ശതമാനത്തിൽ താഴെ മാത്രം.എന്നാൽ ഇപ്പോൾ സംഗീത സംവിധായകൻ പുറംലോകത്തേക്ക് വന്നു. അയാൾ പരസ്യമായി പാട്ടു പഠിപ്പിക്കുന്നു.അയാൾ പാട്ടു പഠിപ്പിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ ഒരു ദിവസം കൊണ്ട് ഒരു ലക്ഷം പേർ കാണും. ദേവരാജൻ മാഷ് യേശുദാസിനെ പാട്ട് പഠിപ്പിക്കുന്ന ഒരു വീഡിയോ ഇല്ലാതെ പോയത് ,ഈ സാധ്യതയെക്കുറിച്ച് അന്നത്തെ സാങ്കേതിക വിദഗ്‌ദ്ധർക്ക് അറിവില്ലാത്തതു കൊണ്ടാണ് .ഏതിനും കലാമൂല്യവും വിപണിയുമുണ്ടെന്ന് വന്നിരിക്കുകയാണ്. ഇതാണ് ഉത്തര- ഉത്തരാധുനികതയുടെ സ്വഭാവം .ഇതിനെ ആദർശവത്ക്കരിക്കാൻ ഉദ്ദേശമില്ല എന്നറിയിക്കട്ടെ.

    കലാകാരനാകാൻ കഷ്ടപ്പെടാൻ മനസ്സില്ലാത്തവർക്ക് ഒരു 'ഡിസ്‌ലൈക്ക്' കൊണ്ട് താൻ ഒരു വിമർശകനാണെന്ന് തെളിയിക്കാം. കലാവിരുദ്ധനായ ഒരാൾ തൻ്റെ കലാപരമായ അഭിനിവേശം കപടമായി കാണിച്ചു കൊടുത്തേക്കാം. അതാണ് ഇന്നത്തെ സമൂഹം പേറുന്ന ഗ്രീൻ റൂം. ഓരോ വ്യക്തിയുടെയും താൽക്കാലികവും സ്വകാര്യവുമായ ഭാവനകളുടെ ഗ്രീൻ റൂമാണത്. വ്യക്തിക്ക് എവിടേക്കും ഒളിഞ്ഞു നോക്കണം. അത് കാണിച്ചു കൊടുക്കുന്ന മാധ്യമങ്ങൾ വിജയിക്കുന്നു. ഒരർത്ഥത്തിൽ ,വാർത്താ ചാനലുകൾ പോലും ചെയ്യുന്നത് അതാണ് -ഗ്രീൻ റൂമിലെ ചർച്ചകൾ .കോലായിലെ ചർച്ചകൾ ആഗോള ചർച്ചയാക്കി കാണിക്കുന്നു. മേൽത്തരം ജനാധിപത്യ വേട്ടയാടൽ എന്ന് വീമ്പിളക്കി കൊണ്ടു തന്നെ വ്യക്തികളുടെ രഹസ്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നു, റിപ്പോർട്ട് ചെയ്യുന്നു, പണമുണ്ടാക്കുന്നു ,പ്രശസ്തി നേടുന്നു.



  • ഉത്തര- ഉത്തരാധുനികത 1 /എം.കെ.ഹരികുമാർ

     



     


    മറക്കുന്നതിനും വലിച്ചെറിയുന്നതും
    പുതിയ മൂല്യങ്ങൾ


    2012 ൽ ഞാൻ എഴുതിയ ഒരു പുസ്തകത്തിൻ്റെ ടൈറ്റിലാണ് ഉത്തര-  ഉത്തരാധുനികത .കാലഗണനയനുസരിച്ച് ഒരു പുതുപ്രവണതയെ, സമൂലമായ വീക്ഷണ വ്യതിയാനത്തെ(Paradigm Shift) വേർതിരിച്ച് മനസ്സിലാക്കാൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ അനിവാര്യമാണ്.നിയോ റിയലിസം ,ആധുനികത (Modernism) ഉത്തരാധുനികത,(Post modernism) നവകാല്പനികത എന്നൊക്കെ പറയുന്നതുപോലെയാണ് ഇതും.ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞു വന്ന സാഹിത്യപ്രവണതകളുടെയും ജീവിതവീക്ഷണത്തിന്റെയും  ആശയങ്ങളെ ഉൾക്കൊള്ളുന്ന പദമാണ് ആധുനികത .മനുഷ്യജീവിതത്തെ നോക്കിക്കാണുന്ന മനോഭാവം മാറിയെന്ന് അവർ വിളിച്ചു പറഞ്ഞു .കല ഒരു കണ്ടുപിടിത്തമാണെന്ന് എസ്രാ പൗണ്ട് പറഞ്ഞു.
    "The artist is always beginning.Any work of art which is not a beginning ,an invention ,a discovery is of little worth ."

    പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഈ ചിന്തകൾ ആരംഭിച്ചതാണ്. ഇംപ്രഷണിസ്റ്റ് , പോസ്റ്റ് ഇംപ്രഷണിസ്റ്റ് ചിത്രകലയിൽ അത് പ്രകടമായിരുന്നു. യഥാർത്ഥത്തിൽ കാണുന്നതുപോലെ പകർത്തുന്നതല്ല കല. അതിൽ കലാകാരന്റെ ഒരു നോട്ടം അന്തർവഹിച്ചിരിക്കുന്നു. കലാകാരനാണ് നോക്കുന്നത്, കാണികളല്ല. ഒരു പൂവിനെ കാണികൾ നോക്കുകയല്ല, കലാകാരൻ നോക്കിയതാണ് വരയ്ക്കുന്നത് .ഫ്രഞ്ച് ഇംപ്രഷണിസ്റ്റ് കലാകാരനായ ഹെൻറി മാറ്റിസ് പറഞ്ഞു ,ഒരു പൂവിനെ വരയ്ക്കാൻ വലിയ പ്രയാസമാണെന്ന്. 
    കാരണം, ധാരാളം കലാകാരന്മാർ വരച്ച പൂവുകൾ നമ്മുടെ മുന്നിലുണ്ട്.അതൊന്നും ഇനി  വരയ്ക്കാൻ പാടില്ല .അതെല്ലാം പലരുടെയും വീക്ഷണങ്ങളുടെ സൃഷ്ടിയാണ് .പുതിയൊരു കാഴ്ച ആവശ്യമാണ്. അതുകൊണ്ട് പുതിയൊരു പൂവിനെ വരയ്ക്കണം. ചിത്രകാരന് ആ പൂവ് വെറുമൊരു പൂവല്ല ;താൻ കണ്ട ,താൻ മാത്രം കണ്ട, തൻ്റെ താല്പര്യമനുസരിച്ച് നോക്കിയ പൂവാണ് .അതാണ് വികാരം .പൂവിൻ്റെ ചിത്രം എന്നതിലുപരി അത് കലാകാരന്റെ വികാരമാണ്. ഈ നിലപാടിൻ്റെ തീവ്രമായ ആവശ്യങ്ങളാണ് സാഹിത്യത്തിലെ ആധുനികതയിൽ നാം കാണുന്നത്. ടി.എസ്.എലിയറ്റിൻ്റെ ദ് വേസ്റ്റ് ലാൻഡ് ,എസ്റാ പൗണ്ടിൻ്റെ ദ് കാൻ്റോസ് തുടങ്ങിയ കൃതികളിൽ ഇത് കാണാം .സാഹിത്യകലയിൽ  രൂപത്തിലും ഉള്ളടക്കത്തിലും  പരമ്പരാഗത രീതി മതിയാവില്ലെന്ന  ബോധ്യമാണ് പുതിയതരം കൃതികളുടെ പിറവിയിലേക്ക് നയിച്ചത്. പരീക്ഷണങ്ങൾ അനിവാര്യമായിത്തീർന്നു .ഒരു കഥ പറയുന്നതിൻ്റെ രേഖീയ സ്വഭാവം അവർ അട്ടിമറിച്ചു. ബിംബങ്ങളെ കൂട്ടിക്കുഴച്ചും ഭൂതവർത്തമാനങ്ങളെ സമ്മിശ്രമാക്കിയും അവർ ആവിഷ്കാരത്തെ മനസ്സിൻ്റെ ഭാവങ്ങൾക്ക് വിധേയമാക്കി.

    സമസ്യ

    സമൂഹത്തിൻ്റെ കഥ പറയുന്ന, രാഷ്ട്രീയപ്രശ്നങ്ങളെ സ്ഥൂലമായി ,ഉപരിപ്ളവമായി  വിവരിക്കുന്ന രീതിയോട് അവർ കലഹിച്ചു. അങ്ങനെ വ്യക്തിയിലെ സൂക്ഷ്മഭാവങ്ങളെ പിന്തുടരുകയായിരുന്നു. വ്യക്തി ഒരു സമസ്യയാണ്. തത്ത്വശാസ്ത്രം, കല, വേദാന്തം തുടങ്ങിയവയിലൂടെ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതകളും  അസംബന്ധങ്ങളുമാണ് ആധുനികത അന്വേഷിച്ചത്. എന്നാൽ രണ്ടാം ലോകമഹായുദ്ധം കഴിയുമ്പോഴേക്കും ഈ രീതിയോടു വിട പറഞ്ഞ്, പാർശ്വവൽക്കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജീവിതങ്ങളുടെ ഐഡൻ്റിറ്റിയെ സത്യത്തിന് ബദലായി  ഉയർത്തിക്കൊണ്ടുവരാനാണ് ഉത്തരാധുനിക (Post Modern) എഴുത്തുകാർ ശ്രമിച്ചത് .

    കഥയെ തന്നെ കഥയെഴുതാനുള്ള പ്രമേയമാക്കുക, എഴുതപ്പെട്ട പഴയ കഥകളെ തന്നെ മറ്റൊരു രീതിയിൽ എഴുതുക ,ചരിത്രത്തിലേക്ക് സാങ്കല്പിക കഥാപാത്രങ്ങളെ കൊണ്ടുവരുക, സ്വീകരിക്കപ്പെട്ട വസ്തുതയെ നിരാകരിക്കുക തുടങ്ങിയവയെല്ലാം  സംഭവിച്ചു. സത്യം തന്നെ ഇല്ലെന്ന് പ്രഖ്യാപിച്ചു. ഓരോരുത്തരും സത്യമാണ്. സമൂഹത്തിലെ വിഭിന്നസ്വരങ്ങൾ കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്തു. കോമഡിയും ട്രാജഡിയും കൂട്ടിക്കുഴയ്ക്കുകയും പാരഡിയെ ആവിഷ്കരണമാർഗ്ഗമാക്കുകയും ചെയ്തു. അചുംബിതമായ കല ഇല്ലാതായി. ഒരു വിഷയത്തെയും അഗാധമായി വിശകലനം ചെയ്യുകയോ  വിലയിരുത്തുകയോ ചെയ്യേണ്ടതില്ല എന്ന നിലപാടാണ് പൊതുവേ ഉത്തരാധുനികർ സ്വീകരിച്ചത്. കുർട്ട് വോണിഗട്ടിൻ്റെ മദർ നൈറ്റ്, വലേജോ കോർത്തസാറിൻ്റെ ഹോപ്സ്കോച്ച്, ഇറ്റാലോ കാൽവിനോ യുടെ ഇൻവിസിബിൾ സിറ്റീസ് ,സൽമാൻ റുഷ്ദിയുടെ ഷെയിം, മിലാൻ കുന്ദേരയുടെ ദ് അൺബിയറബിൾ ലൈറ്റ്നസ് ഓഫ് ബീയിംഗ് തുടങ്ങിയ കൃതികൾ ഉദാഹരണം.

    രണ്ടായിരാമാണ്ടോടെ ചിത്രം  മാറുകയാണ്. ലോകത്തിന്റെ ഗതിയിൽ, ലോകാനുഭവങ്ങളുടെ ഉൾക്കൊള്ളലിൽ വലിയൊരു പരിവർത്തനമാണ് ഉണ്ടായത്.ഡിജിറ്റൽ ഇടങ്ങൾ നിർണായകമായി. നേരത്തേ തന്നെ ഇന്റർനെറ്റ് കണ്ടുപിടിച്ചിരുന്നെങ്കിലും അതിൻ്റെ ഉപയോഗത്തിന്റെ സാധ്യതകൾ വർദ്ധിച്ചത് പിൽക്കാലത്താണ്. സൈബർ കല ,ടെലിവിഷൻ പരിപാടികൾ ,ലൈവ് ടെലികാസ്റ്റുകൾ, ഫോൺ ഇൻ പ്രോഗ്രാമുകൾ, കമ്പ്യൂട്ടർ ഗെയിമുകൾ ,ഡ്രോണുകൾ, സമൂഹമാധ്യമങ്ങൾ, സെൽഫികൾ, ഇമെയിലുകൾ, വെബ്സൈറ്റുകൾ, ബ്ലോഗുകൾ ,വ്ളോഗുകൾ ,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി എത്രയോ നവസാങ്കേതിക മാധ്യമങ്ങൾ രൂപപ്പെട്ടു. ഇതെല്ലാം മനുഷ്യന്റെ വീക്ഷണത്തെ മാറ്റി. പഴയതുപോലെ ചിന്തിക്കാൻ പ്രയാസമായി .ഉത്തര- ഉത്തരാധുനികതയുടെ പിറവി ഇവിടെയാണ്.

    ഉത്തരാധുനികത മരിച്ചു

    ഉത്തരാധുനികത മരിച്ചു എന്ന് പറഞ്ഞത് അമേരിക്കൻ സാഹിത്യ സൈദ്ധാന്തികനായ റെയോൾ ഇഷത്മാനാ(Raoul Eshelman)ണ്. അദ്ദേഹം പെർഫോമാറ്റിസം എന്ന സിദ്ധാന്തമാണ്  അവതരിപ്പിച്ചത്. കൃതിയിലെ ആഖ്യാനപരമായ മികവ് ,അതിൻ്റെ രസാനുഭവങ്ങൾ, അതിൽ തന്നെയുള്ള കലയുടെ മാന്ത്രികത തുടങ്ങിയവ പുതിയൊരു മേഖലയായി അദ്ദേഹം വ്യാഖ്യാനിച്ചു .അതീതത്വം ,കല ,സൗന്ദര്യം എന്നിവ നിരുപാധികമായി അനുഭവിപ്പിക്കുന്നതാകണം സാഹിത്യമെന്ന് അദ്ദേഹം പറഞ്ഞു. ഐഡൻ്റിറ്റിയെ നിരാകരിക്കുകയാണ്, അദ്ദേഹം ചെയ്തത്. ബ്രിട്ടീഷ് സാഹിത്യചിന്തകനായ അലൻ കിർബി ഡിജിമോഡേണിസം എന്ന പുസ്തകമെഴുതിയത് നവകാലഘട്ടത്തിലെ ഡിജിറ്റൽ ആധുനികത എങ്ങനെയെല്ലാം മനുഷ്യബുദ്ധിയിൽ പുതിയ മുന്നേറ്റമുണ്ടാക്കി എന്ന് സ്ഥാപിക്കാനാണ് .ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്ററുമായ  നിക്കോളൈ ബോറിയ 'റിലേഷണൽ എയ്സ്തെറ്റിക്സ്' എന്ന സിദ്ധാന്തമാണ് മുന്നോട്ടുവച്ചത്.കലാ വസ്തുവും അതിൻ്റെ ഇടവും പരസ്പര പൂരകമാണെന്നും കലയിൽ നിന്നുണ്ടാകുന്ന അനുഭൂതി  ആപേക്ഷികമാണെന്നും അദ്ദേഹം വാദിച്ചു. അമേരിക്കൻ സൈദ്ധാന്തികനായ ജിൽസ് ലിപോവെറ്റ്സ്കി Hyper Modern Times എന്ന ഒരു പുസ്തകമെഴുതി. പരിധിയില്ലാത്ത വികസനമാണ് ആധുനിക സമൂഹങ്ങളിൽ സംഭവിക്കുന്നതെന്ന് വാദിച്ച അദ്ദേഹം വ്യക്തികളുടെ സമ്പൂർണ്ണമായ ആഗ്രഹ പൂർത്തീകരണവും വാണിജ്യവൽക്കരണവുമാണ് ഇപ്പോൾ പ്രധാനമായി കാണപ്പെടുന്നതെന്ന് പറഞ്ഞു. 
    ഈ സൈദ്ധാന്തികന്മാരുമായി ഞാൻ ചെയ്ത അഭിമുഖങ്ങളും ഉത്തരാധുനികതയ്ക്ക് ശേഷം സംഭവിച്ച ജീവിത പരിണാമങ്ങളെ വ്യാഖ്യാനിച്ചു എഴുതിയ ചില ലേഖനങ്ങളും (നിരാസവും നിർമ്മാണവും, നവാദ്വൈതം) ഉൾപ്പെട്ടതായിരുന്നു എൻ്റെ 'ഉത്തര- ഉത്തരാധുനികത' .ആ ഗ്രന്ഥത്തിനു ശേഷം ഒരു പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു. ഇപ്പോൾ ഉത്തര- ഉത്തരാധുനികതയുടെ സ്വാധീനവും പരപ്പും അതിശയകരമാണ്. ഇന്ന് പുതിയൊരു മനുഷ്യനെ കാണുകയാണ്. ഡിജിറ്റൽ ലോകം യഥാർത്ഥ ലോകത്തെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. ഓരോ മനുഷ്യനും പ്രത്യേക അസ്തിത്വമുണ്ട്, ഡിജിറ്റൽ ലോകത്ത്. ഒരാൾക്ക് ഓൺലൈനും(Online )ഓഫ് ലൈനും(Offline) എന്ന് രണ്ട് ജീവിതമുണ്ട്. ഓൺലൈൻ പരസ്യജീവിതമാണ് ;പക്ഷേ, അത് സ്വകാര്യജീവിതവുമാണ്. യാഥാർത്ഥ്യമെന്നത് പ്രതിഛായയുമാണ് .ഒരാൾ ഒരഭിപ്രായം സമൂഹമാധ്യമത്തിൽ എഴുതുന്നത്, കമൻറ് ഇടുന്നത് അയാളുടെ പ്രത്യക്ഷത്തിലുള്ള, പരസ്യമായിട്ടുള്ള അനുഭവമാകണമെന്നില്ല.അത് അയാളുടെ സോഷ്യൽ മീഡിയ വ്യക്തിത്വമാണ്. സ്വന്തം മനസ്സിനെ മറച്ചുവെച്ച് അയാൾക്ക് ഇമോജികളിലൂടെ സംസാരിക്കാം. സ്നേഹിക്കാതെ സ്നേഹിക്കുന്നുണ്ടെന്ന് സ്ഥാപിക്കാം. മനസ് ആവശ്യമില്ലാത്ത വസ്തുവാണിപ്പോൾ. കാരണം, നമ്മൾ അശരീരികളാണല്ലോ .ഫേസ്ബുക്ക്, വാട്ട്സപ്പ് ,ഇൻസ്റ്റഗ്രാം, തുടങ്ങിയ മാധ്യമങ്ങളിൽ നമ്മൾ നിലനിൽക്കുന്നു എന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും അത് നമ്മുടെ അദൃശ്യതയുമാണ്.  നമുക്ക് ജീവിക്കാതെ ജീവിച്ചു എന്ന് പറയാം .ജീവിക്കുന്നത് ഒരു പ്രതീതിയായിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ദീർഘനേരം ചാറ്റ് ചെയ്യുന്നവർ അത് കഴിയുന്നതോടെ വികാരശോഷണം സംഭവിച്ചു ശൂന്യമനസ്സോടെയാണ് അവസാനിപ്പിക്കുകയാണ്. ആ സംഭാഷണത്തിലൂടെ അവരുടെ മനസ്സുകളിൽ ഒന്നും തന്നെ അടിഞ്ഞു കൂടുന്നില്ല .ചില ധാരണകളും  സങ്കല്പങ്ങളും മാത്രമാണുള്ളത്. എന്തോ വിനിമയം ചെയ്യുന്നതായി തോന്നുന്നു. അതിവേഗം വിനിമയം ചെയ്യേണ്ടി വരുമ്പോൾ ഭാഷയ്ക്ക് അർത്ഥം തന്നെ നഷ്ടപ്പെടുന്നു. ഒരേ കാര്യം പലതവണ ആവർത്തിപ്പെടുന്നതും വാക്കുകളുടെ ആവർത്തനവും അപ്പോൾ തന്നെ മാനസിക വൈകാരിക ഘടനകളിൽ വേലിയേറ്റം ഉണ്ടാക്കുമെങ്കിലും അതിനു വാഴ്വ് ലഭിക്കുന്നില്ല. ഉപയോഗിച്ച് തീർന്ന ബാറ്ററി പോലെയാവുകയാണ് മനസ്സ്. ഈ പ്രവണത സമൂഹത്തിൻ്റെ എല്ലാ ബന്ധങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ജീവിതത്തിനു അതിവേഗം നേടിയില്ലെങ്കിൽ പ്രയോജനമില്ലെന്ന ചിന്തയിൽ എന്തിനെയും സമീപിക്കുകയാണ്. 

    പ്രേമത്തിനു എന്തൊരു വേഗം 

    സ്നേഹത്തിനു അതിവേഗം കിട്ടണം. അതിനാണ് ഡിജിറ്റൽ ഡിവൈസുകളുള്ളത് .ഒരു വികാരത്തെ ഏണിയിൽ കയറി നിന്നു പ്രാപിക്കാൻ സഹായിക്കുന്നത് ഈ ഡിവൈസുകളാണ്. വികാര പൂർത്തീകരണം കഴിയുന്നതോടെ മനസ്സ് ശൂന്യമായി. ഒന്നിനും വേണ്ടി കാത്തിരിക്കാൻ ആർക്കും വൈകാരികമായി കഴിയില്ല .മനുഷ്യൻ എന്ന അസ്തിത്വം തന്നെ വേഗതയായിരിക്കുന്നു. വേഗതയില്ലാത്തത് മരണം തന്നെയാണത്രേ. എത്രയും വേഗം പ്രേമിക്കുമ്പോൾ ,മുഴുവൻ ഊർജ്ജവും ഒന്നിച്ചു പമ്പ് ചെയ്യുകയാണ് .പിന്നീട് മനസ്സ് ശൂന്യമാകും .തുടർന്ന് ഇന്ധനം നിറയ്ക്കണമെങ്കിൽ വേറൊരാളെ കിട്ടണം .ഒരാളിൽ തന്നെ പ്രേമത്തെ ഒതുക്കി നിർത്തേണ്ട ആവശ്യമില്ലല്ലോ. കാരണം, 'സ്നേഹം' സൗജന്യമായി, യാന്ത്രികമായി തരാൻ സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു അജ്ഞാത സുഹൃത്തുക്കളുണ്ടല്ലോ.

    മൊബൈൽ ഫോണിലൂടെയാണ് ഉത്തര- ഉത്തരാധുനികത നമ്മുടെ ജീവിതത്തിലേക്ക് പ്രകടമായി കടന്നുവരുന്നത്,വേറെ വഴികൾ ഉണ്ടെങ്കിലും.
    സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് കവി പാടിയത് ഒരു പ്രാപഞ്ചികഭാവത്തിൻ്റെ സാക്ഷാത്കാരമാണ്. എന്നാൽ ഇന്ന് ആ സ്നേഹം ഒരു പ്രതീതിയും പ്രതിഭാസവുമാവുകയാണ്. സ്നേഹത്തിനു വേണ്ടിയുള്ള ദാഹം നൈമിഷകമാണിന്ന്. അത് പതഞ്ഞുയരുകയും താനേ ഇല്ലാതാവുകയും ചെയ്യുന്നു. സ്നേഹത്തിന് വേണ്ടി ത്യജിക്കാൻ ആരുടെയും കൈയിൽ ഒരു കൈലേസു പോലുമില്ല. മറ്റേതൊരു ഉപഭോഗ വസ്തുവും പോലെയാണ് സ്നേഹം. അത് കൈമാറ്റം ചെയ്യുകയാണ് ;പകരം വേറൊന്നു കിട്ടുന്നു.

    പെട്ടെന്ന് പ്രേമിക്കുന്നവന് പെട്ടെന്നു തന്നെ അത് അവസാനിപ്പിക്കേണ്ടതുണ്ട്. കാരണം, അവനെ കാത്ത് നൂറുകണക്കിന് പ്രേമ ദാതാക്കൾ പുറത്തുണ്ട്. അവൻ എല്ലാവരെയും സ്നേഹിക്കാമെന്ന് ഉറപ്പു കൊടുത്തവനാണ്. അതിവേഗപ്രേമത്തിന് മനുഷ്യന്റെ ജീവിതവുമായി രൂഢമായി ബന്ധമുണ്ട്, ഇപ്പോൾ .ജീവിതം അതിവേഗ എക്സ്പ്രസ്സ് ട്രെയിൻ പോലെയാണ്. ഇടയ്ക്ക് ഒരു മിനിറ്റ് നിർത്താനാവില്ല. വേഗതയ്ക്കിടയിലാണ് പ്രേമം. പ്രേമം തുടങ്ങിയ ശേഷം, സകല ഊർജവും വലിച്ചെടുത്ത് ശരീരത്തെ അത് ഉപേക്ഷിക്കുന്നു, പിന്നീട് മനസ്സിനെയും. മനസ്സിന്റെ ആവശ്യം തന്നെയില്ലല്ലോ.  അതുകൊണ്ട് പ്രേമം സ്വാഭാവികമായും  പെട്ടെന്ന് അവസാനിപ്പിക്കണം. അവസാനിപ്പിക്കുന്നത് ഇന്നത്തെ മനുഷ്യരുടെ കാഴ്ചപ്പാടിലുള്ള അതിജീവനമായാണ് കാണേണ്ടത്.

    മറക്കുന്നത് മൂല്യം 

    പ്രേമത്തിലൂടെയല്ല, പ്രേമഭംഗത്തിലൂടെയാണ് അതിജീവിക്കപ്പെടുന്നത് .കൂടിച്ചേരലിലല്ല സന്തോഷം, മറക്കുന്നതിലാണ്. ആരെയും ഓർക്കുന്നത്, ഈ ഉത്തര- ഉത്തരാധുനിക കാലത്ത് ഒരു നല്ല ജോലിയല്ല. ഓർക്കാൻ ഒരു ദിനം തിരഞ്ഞെടുത്തിട്ടുണ്ടാകാം. അന്ന് ചടങ്ങിനെന്ന പോലെ ഓർക്കും. പിന്നീട് മറവി നീണ്ടു നിവർന്നു കിടക്കുകയാണ്. മറവിയിലാണ് ജീവിതം. എല്ലാം വിസ്മൃതമാവുകയാണ്. ജീവിതം അതിൻ്റെ മൂല്യം സംരക്ഷിക്കുന്നത് വിസ്മരിക്കുന്നതിലും ഉപയോഗിച്ച് വലിച്ചെറിയുന്നതിലും ഏതിനെയും നിന്ദിക്കുന്നതിലുമാണ് .ഈ സ്വഭാവങ്ങൾക്ക് കലാമൂല്യവും സാമൂഹിക അംഗീകാരവും ലഭിച്ചിരിക്കുകയാണ്. 

    സ്നേഹമുണ്ടെന്ന് കാണിക്കാൻ വേണ്ടി സോഫ്റ്റ്‌വെയർ എൻജിനീയർമാർ ഉണ്ടാക്കിയ ഇമോജികൾ ഉപയോഗിക്കുന്നതാണ് ഇന്നത്തെ മനുഷ്യരുടെ സ്നേഹമായി വ്യാഖ്യാനിക്കപ്പെടുന്നത്. സന്ദേശമയയ്ക്കുമ്പോൾ ഒരു ഇമോജി തിരിച്ചയച്ചു തന്നാൽ അത് സ്നേഹമായി വിലയിരുത്തപ്പെടുന്നു.മറു വശത്ത് ഒരു വ്യക്തിയോ അയാളുടെ ജീവിതമോ ഉണ്ടെന്ന തോന്നൽ പോലുമില്ല .സ്നേഹത്തെ യഥേഷ്ടം ഉപേക്ഷിക്കാനുള്ളതാണെന്ന ആധിപിടിപ്പിക്കുന്ന സന്ദേശം ബാക്കിയാവുകയാണ്.ഒരാളെ ശരിയായി പ്രേമിക്കണമെങ്കിൽ നമ്മൾ ത്യാഗം ചെയ്യണം. പതിറ്റാണ്ടുകൾക്ക് മുൻപ് പ്രേമം ഒരു വലിയ വികാരമായിരുന്നു. ആ വികാരത്തിനുള്ളിൽ ഒരു ജീവിതമുണ്ടായിരുന്നു .പ്രേമിക്കുന്നതോടെ ജീവിതത്തിൻ്റെ ലക്ഷ്യം കണ്ടു എന്നായിരുന്നു തോന്നൽ. 
    പ്രേമിക്കുന്നയാളെ നഷ്ടപ്പെട്ടാൽ കട്ടപിടിച്ച വിഷാദമാവും ശേഷിക്കുക.
    ആ വിഷാദത്തിന് പരിശുദ്ധിയുണ്ട്. മനസ് കുറേക്കൂടി പരിശുദ്ധമാകുന്നത് അപ്പോഴാണ് .അവിടെ വെറുപ്പ് ഉയരുകയില്ല .പ്രേമിച്ചയാളെ നഷ്ടപ്പെട്ടാൽ ഓർമ്മകൾ മനസ്സിൽ കുതിച്ചെത്തുകയാണ്. ആ ഓർമ്മകൾ കൊണ്ട് ജീവിക്കാമെന്നതാണ് നേട്ടം.ഒഡിയ എഴുത്തുകാരി പ്രതിഭാ റായിയുടെ 'ശിലാപത്മം'എന്ന നോവലിൽ നായിക കാത്തിരിപ്പിനെക്കുറിച്ച് ആത്മഗതം ചെയ്യുന്നുണ്ട്.തൻ്റെ പ്രേമം മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ലെന്നും അതിനാൽ തനിക്ക് എത്രകാലം വേണമെങ്കിലും കാത്തിരിക്കാനും ജീവിക്കാനും പ്രയാസമില്ലെന്നുമാണ് അവർ പറയുന്നത്. അന്ന് പ്രേമം മനസ്സിനെ നിറയ്ക്കാനുള്ള വികാരമായിരുന്നെങ്കിൽ ഇന്ന് അത് ശൂന്യമാക്കാനുള്ളതാണ് .
    ഇത് എങ്ങനെ സംഭവിക്കുന്നു? ഇന്ന്  വ്യക്തികൾക്ക് ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ല. പല തരം ഭീഷണികളുണ്ട്. ലോകം വൻകിട കമ്പനികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ധനകാര്യ  ഏജൻസികളുടെയും  കോർപ്പറേറ്റുകളുടെയും ഉടമസ്ഥതയിലാണ്. വ്യക്തികൾക്ക് അവരുടെ ചെറിയ ജീവിതങ്ങൾ മാത്രമേയുള്ള. അവർക്ക് പിന്നിൽ ആരുമില്ല .അവർ കടുത്ത ആത്മസംഘർഷണങ്ങൾ അനുഭവിക്കുന്നു .ഇത് പലപ്പോഴും മാനസിക രോഗങ്ങളിലേക്ക് തള്ളിവിടുന്നു.

    ജീവിതം ഒറ്റപ്പെടുത്തി നശിപ്പിക്കുന്നതിന് മുൻപ് പരമാവധി സുഖാനുഭവങ്ങൾ നേടുകയാണ് എല്ലാവരുടെയും ലക്ഷ്യം. ആരെയും കാത്തിരിക്കാൻ നേരമില്ല .സ്വർഗരാജ്യം നഷ്ടപ്പെടുമെന്ന ഭയത്താൽ ഓരോ വ്യക്തിയും ഏതു സാഹസത്തിനും  മുതിരുന്നു. എത്ര പ്രിയപ്പെട്ടവരെയും തള്ളിക്കളയും .ഈ ഉത്തര- ഉത്തരാധുനിക കാലം മനുഷ്യബന്ധങ്ങളെ ചതുരംഗ കളത്തിലെ കരുക്കളായി കാണുകയാണ്.


  •  or 

  • ഗാന്ധിജിയുടെ ആത്മീയത /എം.കെ.ഹരികുമാർ

     




    " എനിക്ക് ഗാന്ധിജിയോട് വലിയ ഒരു അടുപ്പം ഒരിക്കലും തോന്നിയിട്ടില്ല.എന്നാൽ ഒരു രാഷ്ട്രീയ ചിന്തകനെന്ന നിലയിൽ അദ്ദേഹത്തിനു പ്രധാന കാര്യങ്ങളിൽ തെറ്റുപറ്റിയെന്നും കരുതുന്നില്ല. അതുപോലെ അദ്ദേഹത്തിൻ്റെ ജീവിതം ഒരു പരാജയമാണെന്നും പറയാനാവില്ല." ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന ലേഖനത്തിലെ വാക്യങ്ങളാണിത്.ഗാന്ധിജിയുടെ ഒരു ഓർമ്മ പുതുക്കലിൽ ഓർവെല്ലിൻ്റെ ലേഖനം വീണ്ടുവിചാരത്തിനും കണ്ടെത്തലിനുമുള്ള വഴിമരുന്നിടുകയാണ്. എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിനു ഗാന്ധിജിയോട് അടുപ്പം തോന്നാത്തത്? അത് വ്യക്തിപരമായ സൗന്ദര്യബോധത്തിൻ്റെ പ്രശ്നമാണ്. ആ ലേഖനത്തിന്റെ ഒടുവിൽ ഓർവെൽ  തൻ്റെ സൗന്ദര്യാത്മകമായ അരുചി വെളിവാക്കിക്കൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു:
    "One may feel ,as I do ,a sort of aesthetic distaste for Gandhi ,one may reject the claims of sainthood made on his behalf (he never made any such claim himself ,by the way) ,one may also reject sainthood as an ideal and therefore feel that Gandhi's basic aims were anti human and reactionary "

    ഓർവെല്ലിനു ,ഗാന്ധിജിയോട്, സൗന്ദര്യബോധത്തിന്റെ പശ്ചാത്തലത്തിൽ അരുചിയുണ്ട് ; ഉൾക്കൊള്ളാൻ പറ്റാത്ത ചിലതുണ്ട്. അദ്ദേഹത്തെ ഒരു പുണ്യാളനാക്കുന്നതിനോടും ഓർവെൽ  വിയോജിക്കുന്നു ,അങ്ങനെ ഗാന്ധിജി അവകാശപ്പെട്ടില്ലെങ്കിലും. പുണ്യാളത്തത്തെ ഒരു മാതൃകയായി കാണാത്തവർ ഗാന്ധിജിയുടെ ലക്ഷ്യങ്ങളെ മനുഷ്യവിരുദ്ധമായി വിലയിരുത്തുമെന്നുവരെ ഓർവെൽ അഭിപ്രായപ്പെടുന്നു.

    ഗാന്ധിജിക്ക് ഒരു വ്യക്തിയോടല്ലായിരുന്നു താത്പര്യം ,ഒരു ജനതയോടായിരുന്നു. അടുത്ത സുഹൃത്തുക്കളുണ്ടാവുന്നത് തൻ്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാൻ ഇടയാക്കുമെന്ന് ഗാന്ധിജി ചിന്തിച്ചിരുന്നു. ഓർവെൽ എഴുതുന്നു ,ഒരാൾക്ക് ദൈവത്തെ സ്നേഹിക്കണമെങ്കിൽ ,അല്ലെങ്കിൽ മനുഷ്യവംശത്തെയാകെ സ്നേഹിക്കണമെങ്കിൽ ഏതെങ്കിലും ഒരു വ്യക്തിയോടുള്ള പ്രത്യേക ഇഷ്ടം ഉപേക്ഷിക്കണം .വൈയക്തികത ഇല്ലാതാവുകയും ലോകസാകല്യത പ്രാമുഖ്യം നേടുകയുമാണ്.  ഇവിടെയാണ് മാനസികവും മതപരവുമായ ആശയങ്ങൾ തമ്മിൽ ചേരാതെ നിൽക്കുന്നത്. സാധാരണക്കാർക്ക് സ്നേഹം എന്നു പറഞ്ഞാൽ ആരോടെങ്കിലുമൊക്കെയുള്ള അധികരിച്ച സ്നേഹമാണ്.

    ഗാന്ധിജിക്ക് ആഹാരം രുചിക്കാനോ ആസ്വദിക്കാനോ ഉള്ളതല്ല;ആരോഗ്യത്തിനുള്ളതായിരുന്നു. മറ്റൊന്ന് ,ലൈംഗികതയോടുള്ള വിരക്തിയാണ്. ലൈംഗികവേഴ്ചയുണ്ടാകുകയാണെങ്കിൽ ,അത് ദീർഘിച്ച ഇടവേളകളിൽ സന്താനോൽപാദനത്തിനു വേണ്ടി മാത്രമാകണമത്രേ .ഓർവെൽ  ചൂണ്ടിക്കാട്ടുന്ന പോലെ ,ഗാന്ധിജി തന്റെ മുപ്പതുകളിൽ ലൈംഗികത ഉപേക്ഷിച്ച് ബ്രഹ്മചര്യത്തിലേക്ക് പോയ വ്യക്തിയാണ് .ലൈംഗികദാഹത്തെ പൂർണ്ണമായി ഉച്ചാടനം ചെയ്യുകയായിരുന്നു ആ ബ്രഹ്മചര്യത്തിൻ്റെ ലക്ഷ്യം. അത് വ്യക്തിയുടെ രാഗങ്ങളിൽ നിന്നുള്ള രക്ഷപ്പെടലും സമൂലമായ ലോകത്തിൻ്റെ വാഴ്വിൻ്റെ നേരെയുള്ള നോട്ടവുമായിരുന്നു. ലോകത്തിൻ്റെ സാരം ആർജിക്കുന്നതിൻ്റെ മറ്റൊരു രീതിയാണിത്. 

    ത്യാഗം ,തപസ്സ് 

    അതുകൊണ്ട് ഗാന്ധിയൻ ജീവിതമാതൃക എന്നു പറയുന്നത്  കഠിനമായ, ദുർഘടമായ ഒരു വഴിയാണ്. സാധാരണ മനസുകൾക്ക് അത് അപ്രാപ്യമാണ്. ഗാന്ധിയൻ ജീവിതം ആത്മീയമായ ചിന്തകളിലും ശ്രമകരമായ ചര്യകളിലും അധിഷ്ഠിതമാണ്. അത് മാനസികമല്ല; ആശയപരമായ ദൃഢനിശ്ചയങ്ങളും ത്യാഗവും തപസ്സുമാണ് അഭിവ്യഞ്ജിപ്പിക്കുന്നത് .ഗാന്ധിജിയുടെ ജീവിതാദർശം അഥവാ ഗാന്ധിസം അദ്ദേഹത്തിനു മാത്രമേ പ്രാവർത്തികമാക്കാനാവൂ.അത് മനുഷ്യൻ്റെ അതീതമായ ഒരിടമാണ്. അത് സാധാരണ മനുഷ്യൻ്റെ സ്വപ്നമോ അതിശയമോ ആയിരിക്കും . അദ്ദേഹത്തിൻ്റെ വസ്ത്രധാരണം ,ഭക്ഷണരീതി, വിശ്രമം ,ജീവിതാദർശങ്ങൾ ,മിതവ്യയം, ലക്ഷ്യബോധം എന്നിവ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അത് ഗാന്ധിജിയുടെ സവിശേഷമായ മതപരമായ യാത്രയാണ്. വ്യക്തിഗതമായ മതമാണത്.  സർവമതങ്ങളെയും ആശ്ളേഷിക്കുന്നതിനപ്പുറത്ത് തൻ്റേതായൊരു മോക്ഷപാതയാണ് ഗാന്ധിജി വിഭാവന ചെയ്തത്. സ്വാതന്ത്യസമരം ആ യാത്രയ്ക്കുള്ള പരീക്ഷണശാലയായിരുന്നു ,കർമ്മ മേഖലയായിരുന്നു. 

    രാഷ്ട്രീയത്തിൽ മറ്റുള്ളവർക്ക് പാലിക്കാൻ പറ്റാത്ത നിയമങ്ങളും മൂല്യങ്ങളുമാണ് ഗാന്ധിജി പുലർത്തിയത്. എന്തെന്നാൽ തൻ്റെ വ്യക്തിത്വത്തിനും ആന്തരികവും  ആത്മീയവുമായ അനുധാവനങ്ങൾക്കും പര്യാപ്തമായ സാഹചര്യങ്ങളാണ് അദ്ദേഹം തേടിക്കൊണ്ടിരുന്നത്.ചുറ്റുപാടുകളെ അതിനനുസരിച്ച് മാറ്റിയെടുക്കാൻ ഗാന്ധിജിക്ക് കഴിയുമായിരുന്നു. 

    അദ്ദേഹത്തിൻ്റെ ചിന്തകൾ ആകർഷിക്കപ്പെടുന്നത് അതിനു  പറ്റിയ ആശയങ്ങളിലേക്കാണ്. സ്വന്തം ചിന്തകൾ ഉല്പാദിപ്പിക്കുന്നതിനേക്കാൾ തൻ്റെ ജീവിതചക്രം പൂർത്തീകരിക്കുന്നതിനായി മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒരിക്കലും അതിൽ മുടക്കം വരുത്തിയിട്ടില്ല. എന്തിനാണ് ഇങ്ങനെ സ്വയം വികസിപ്പിക്കുന്നത്? സ്വയം ഒരു സത്യാന്വേഷകനാണെന്ന് കണ്ടെത്തുന്നത് ?അതാണ് ഗാന്ധിയൻ യജ്ഞം. ആരെയെങ്കിലും കായികമായി ,ആയുധങ്ങൾ ഉപയോഗിച്ച് നേരിടുന്നത് ഗാന്ധിജി ഇഷ്ടപ്പെട്ടില്ല .അത് ആ വ്യക്തിത്വത്തിൻ്റെ സഹജമായ സ്വഭാവമാണ്. ഉപേക്ഷിക്കാവുന്നതെല്ലാം ഉപേക്ഷിച്ചാലും ഒടുവിൽ താനും തൻ്റെ അനുഭവങ്ങളും ബാക്കിനിൽക്കുമെന്ന് കണ്ടെത്തിയ ഒരു സെൻ ബുദ്ധിസ്റ്റായിരുന്നു ഗാന്ധിജി . അദ്ദേഹം ഒരു ഭൗതികവസ്തുവിന്റെയും ഉടമസ്ഥതയിൽ വിശ്വസിച്ചില്ല.എന്നാൽ തൻ്റെ അഗാധവും ദൃഢവുമായ ആത്മീയതയിൽ വിശ്വസിച്ചു. നഷ്ടപ്പെടലുകളെ ഓർത്ത് വിഷാദിക്കാതെ ,തൻ്റെ കൂടെ പ്രകൃതി നല്കിയത് ഉണ്ടായിരുന്നാൽ മതിയെന്ന ചിന്തയാണിത്. ഒരു നിമിഷത്തിനാണ് മൂല്യം .ഒരു തുണ്ട് തുണികൊണ്ട് മറച്ചാൽ തീരുന്നതേയുള്ളൂ തന്റെ എല്ലാത്തരത്തിലുള്ള നഗ്നതകളുമെന്ന് ഗാന്ധിജിക്ക് മാത്രമേ ചിന്തിക്കാനാവൂ. ആ തുണ്ട് അദ്ദേഹത്തിൻ്റെ സത്യസന്ധതയാണ് പ്രകടമാക്കുന്നത്. എത്ര വലിയ സാമ്രാജ്യത്വ മേലാളന്മാരുടെ ഉടുത്തുകെട്ടുകളും ആ ചെറിയ തുണിക്കഷണത്തിൽ തട്ടി നിഷ്പ്രഭമാവുമായിരുന്നു. അദ്ദേഹം ആഗ്രഹങ്ങളില്ലാത്ത ഒരു മനുഷ്യനായിരുന്നു .ആഗ്രഹങ്ങളില്ലാത്തവർക്ക് സ്വയം ഭാവന ചെയ്യാൻ തുറസ്സായ ഇടങ്ങൾ ധാരാളമായി ലഭിക്കും .

    അഹിംസയുടെ മൂർച്ച

    റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുമായുള്ള കത്തിടപാടുകളിലൂടെയാണ്  ഗാന്ധിജി അഹിംസ എന്ന ആശയത്തിന്റെ അടിമയാകുന്നത്. ടോൾസ്റ്റോയി പറഞ്ഞു ,ഒരു ഭരണകൂടത്തോട് ഒരിക്കലും ആയുധമെടുത്ത് പോരാടരുതെന്ന് .അതാണ് ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അദ്ദേഹം ഉപയോഗിച്ചത്. എന്താണ് അഹിംസ ?അങ്ങോട്ട്  ആക്രമിക്കുകയില്ലെന്നാണ് അർത്ഥം . എന്നാൽ ഇങ്ങോട്ട് ആക്രമണമുണ്ടായാൽ നഷ്ടം സഹിക്കണം. കഷ്ടപ്പാടും സഹനവും നാം നേരിടണം.അഹിംസ  ആത്യന്തികമായി നമ്മളിലേക്ക് തന്നെ തിരിഞ്ഞുകുത്തുകയാണ് ചെയ്യുക .ഒരു വലിയ രാജ്യം നമ്മെ  ആക്രമിക്കുമ്പോൾ അഹിംസയിൽ വിശ്വസിച്ച് നാം നിശ്ശബ്ദരായിരുന്നാൽ ,നമ്മെ അവർ കൊന്നൊടുക്കും .പൂർണമായി കൊന്നൊടുക്കില്ലായിരിക്കാം; അടിമകളാക്കപ്പെടുന്നതുവരെ ആ കൊല തുടരും. 

    അഹിംസയുടെ ഫലം, മറ്റൊരാളിൻ്റെ , സൈന്യാധിപൻ്റെ രാജ്യത്തിന്റെ മനസ്സിലാണ് ഉണ്ടാകേണ്ടത്.അഹിംസ ഒരു ഉദ്ബുദ്ധമായ നീലാകാശമായി  ശത്രുവിന്റെ മനസ്സിൽ ഉണരണം. അപ്പോഴാണ് അഹിംസ ഫലപ്രദമാകുന്നത്. അഹിംസ ആചരിക്കുന്നവനു യാതൊന്നും ചെയ്യാനില്ല. മർദ്ദനം ഏറ്റുവാങ്ങുക മാത്രമാണ് പോംവഴി.അഹിംസയിൽ അന്തർലീനമായ ആദർശം അവനവനിലുള്ള കീഴടങ്ങലാണ്.  സ്വന്തം ഇന്ദ്രിയങ്ങളെയും വികാരങ്ങളെയും പരിത്യജിക്കാനുള്ള പരിശീലനമാണത്. അഹിംസ പ്രബുദ്ധതയാണ് ;എന്നാൽ ആക്രമണകാരിക്ക് പ്രബുദ്ധതയില്ല .അവനു നശീകരണ ത്വര മാത്രമേയുള്ളൂ. അവൻ്റെ ബോധത്തെ നവീകരിക്കാനുള്ള ഒരു  ഉപകരണമായി അഹിംസയിൽ  വിശ്വസിക്കുന്ന വ്യക്തി മാറണം.

    അഹിംസയിലൂടെ നഷ്ടം സംഭവിക്കാം. എത്ര പേർ മരിച്ചാലും ,അഹിംസാവാദിക്ക്  അതിൽ നിന്ന് പിന്മാറാനാകില്ല.  ഗാന്ധിജി പറഞ്ഞു, ശക്തി എന്നു പറയുന്നത്, ശാരീരികമായ, ഭൗതികമായ ബലമല്ല. അത് കീഴടക്കാൻ സാധിക്കാത്ത ഒരു മനസ്സിൽ നിന്നാണ് വരുന്നത് .ഇതിൽ ഗാന്ധിജി ജീവിതകാലമത്രയും  വിശ്വസിച്ചു. മനസ്സിലെ മുറിവുകൾ പാടി നടക്കുന്ന കവിയോടല്ല ഗാന്ധിജിയെ ഉപമിക്കേണ്ടത്;ജീവിതദുഃഖത്തെക്കുറിച്ചുള്ള ചിന്തയിൽ മുഴുകുകയും  ദുഃഖത്തിൽ നിന്നൊഴിയാൻ മാർഗങ്ങൾ അന്വേഷിക്കുകയും ചെയ്ത ബുദ്ധനോടാണ് .

    അന്നത്തെ രാഷ്ട്രീയത്തിന്റെ കാലാവസ്ഥ സ്വാതന്ത്ര്യസമരത്തിൻ്റേതായിരുന്നു. അടിച്ചമർത്തലിന്റെ കാലത്ത് ഗാന്ധിജിയെ പോലൊരു ഗുരുവിനു, പരിവ്രാജകന് മൗനിയായിരിക്കാൻ സാധ്യമല്ല. നിരന്തരം സംസാരിക്കുക തന്നെ വേണം. ഓരോ നിമിഷത്തിൻ്റെയും ആശയം ചർച്ച ചെയ്യണം. കനമുള്ളതും അർത്ഥമുള്ളതുമെല്ലാം ആരായണം .പതിരെല്ലാം കളയണം.അതാണ് ഗാന്ധിജി ചെയ്തു കൊണ്ടിരുന്നത്. ശരീരത്തിൻ്റെ ശക്തി ഏതെങ്കിലും ഒരു ഘട്ടത്തിൽ നഷ്ടപ്പെടാം; 
    എന്നാൽ ആന്തരികമായ കരുത്ത് എല്ലാ ഭൗതിക നഷ്ടങ്ങൾക്ക് മുന്നിലും  ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. കുറെയൊക്കെ നഷ്ടം സംഭവിച്ചാലും ബാക്കിയുള്ളതിനെ രക്ഷിക്കാൻ ഇത് ആവശ്യമാണ്. 

    സത്യത്തെ മുറുകെപ്പിടിക്കുന്നത് 

    ആന്തരികശക്തി സമാഹരിക്കാനാണ് ഗാന്ധിജി വിഷയസുഖത്തെയും മറ്റു രുചികളെയും വർജിച്ചത് .ഏതിനും  ഒരർത്ഥമുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിചാരം. മനുഷ്യൻ അർത്ഥമുള്ള ഒരു ജീവിയാണ്; അല്ലെങ്കിൽ അർത്ഥമുള്ളതാക്കണം. കലങ്ങിമറിഞ്ഞ ഒരു അന്തരീക്ഷത്തിൽ എല്ലാറ്റിനും ഒരു ക്രമമുണ്ടാവണം.മനുഷ്യമനസിൽ കണ്ണടച്ചിരിക്കുന്ന ആ ബുദ്ധനെ ,പ്രബുദ്ധനെ പുറത്തു കൊണ്ടുവരാനായി എല്ലാ വ്യാമോഹങ്ങളിൽ നിന്നും ,കാഴ്ചയെ മറയ്ക്കുന്ന കപടരൂപങ്ങളിൽ നിന്നും  മനസ്സിനെ വിമോചിപ്പിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ഒരു സസ്യാഹാരപ്രിയനായതിൻ്റെ കാരണം അദ്ദേഹത്തിൻ്റെ അഹിംസാസിദ്ധാന്തം തന്നെയാണ്. സസ്യങ്ങൾക്ക് വേദനിക്കില്ലല്ലോ. ഒരു താപസൻ്റെ ,ബുദ്ധസന്യാസിയുടെ അനലംകൃതമായവഴികൾ ഗാന്ധിജി തിരഞ്ഞെടുത്തു .ഒരു രാഷ്ട്രീയ പ്രവർത്തകനു ഇതിൻ്റെയൊന്നും ആവശ്യമില്ലല്ലോ. 

    ഗാന്ധിജിക്ക് മാത്രമേ സത്യഗ്രഹിയാകാൻ കഴിയൂ. സത്യത്തെ ദൃഢമായി ഉറപ്പിച്ചു നിർത്താനുള്ള മനസ് വേണം .സത്യത്തെ തേടുന്നതിൽ ഗാന്ധിജി പാശ്ചാത്യ പുരോഹിതന്മാരുടെ മാർഗമല്ല പിന്തുടർന്നത് ;ഒരു യുദ്ധത്തിൽ രണ്ടു ഭാഗവും ഒരുപോലെ കുറ്റക്കാരായിരിക്കും. രണ്ടുകൂട്ടരും ചെയ്യുന്നത് കൊലയാണല്ലോ.അതുകൊണ്ടാണ് ഗാന്ധിജി സത്യഗ്രഹത്തെ ,സത്യത്തെ  മുറുകെപ്പിടിച്ചത്. സത്യഗ്രഹം (Firmness in the Truth)ഒരു മതമായി ,മതാചാരമായി ഗാന്ധിജി വികസിപ്പിച്ചു .സത്യഗ്രഹത്തിന്റെ മാർഗവും ആർക്കും സുലളിതമായിരിക്കില്ല. അതും സഹനം തന്നെയാണ് .ആന്തരികബലമാണ് നാം തേടുന്നത്. 1938 ൽ ഗാന്ധിജിയോട് ഈ വിഷയത്തിൽ ഒരു ചോദ്യം ചോദിച്ച സംഭവം ലൂയി ഫിഷറുടെ 'ഗാന്ധി ആൻഡ് സ്റ്റാലിൻ' (Gandhi and Stalin: Louis Fischer ) എന്ന കൃതിയിൽ നിന്നു ഓർവെൽ  ഉദ്ധരിക്കുന്നുണ്ട് .

    ഗാന്ധിജി പറഞ്ഞത് ജർമൻ ജൂതന്മാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയായിരുന്നു നല്ലതെന്നാണ്. യുദ്ധമുഖത്ത് അവർ വധിക്കപ്പെടുമെന്നു ഉറപ്പായിരുന്നു.  അതിനു ഗാന്ധിജി പറഞ്ഞ ന്യായം ഇതാണ് :"ആ കൂട്ട ആത്മഹത്യ ലോകത്തെയും ജർമ്മൻ ജനതയെയും ഉണർത്തും ,ഹിറ്റ്ലറുടെ ആക്രമണത്തിനെതിരെ ."

    അഹിംസയായാലും സത്യഗ്രഹമായാലും അതിനു സത്യത്തോടാണ് കൂറ്. സത്യമാണ് അവിടെ വിജയിക്കുന്നത്. സത്യം ജയിക്കാൻ നമ്മൾ ത്യാഗം ചെയ്യണം.നമുക്കല്ല ,സത്യത്തിനാണ് പ്രസക്തി. അതുകൊണ്ട് തന്നെയാണ് ഗാന്ധിയൻ ആദർശം സഹനമേറെയുള്ള ഒരു മതമാകുന്നത്.

    പൗരന്മാരാണ് അധികാരകേന്ദ്രം 

    മറ്റൊരു പ്രധാന ആശയം സിവിൽ ഡിസൊബീഡിയൻസാണ് .1849 ൽ  അമേരിക്കൻ പരിസ്ഥിതിവാദിയായ  ഹെൻട്രി ഡേവിഡ് തോറോ എഴുതിയ Civil Disobedience എന്ന ലേഖനമാണ് ഗാന്ധിജിയെ വഴിതിരിച്ചുവിട്ടത്.  അമേരിക്കയിലെ അടിമത്വത്തിനെതിരെ, അമേരിക്കയുടെ മെക്സിക്കൻ ആക്രമണത്തിനെതിരെയാണ് തോറോ ശബ്ദിച്ചത്. സർക്കാരുകളുടെ അമിതാധികാരത്തെ ചെറുക്കാൻ അതിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് തോറോ സ്വീകരിച്ചത് .
    ഇതിലൂടെ ജനതയ്ക്ക് അവരുടെ  മനസ്സാക്ഷിയെ സംരക്ഷിക്കാനാവും. "സ്വതന്ത്രവും ബുദ്ധികൊണ്ട് തെളിഞ്ഞതുമായ ഒരു രാഷ്ട്രം ഒരിക്കലും ഉണ്ടാവുകയില്ല ,എല്ലാ അധികാരവും അപ്രമാദിത്വവും നൽകുന്ന വ്യക്തിയെ ഉയർന്നതും സ്വതന്ത്രവുമായ ഒരു അധികാര കേന്ദ്രമായി കാണാത്തിടത്തോളം "
    എന്നു തോറോ എഴുതിയിട്ടുണ്ട്. 
    ജനാധിപത്യത്തിൽ വ്യക്തിക്കാണ് ഉന്നതമായ സ്ഥാനം. വ്യക്തിയെന്നാൽ പൗരൻ അല്ലെങ്കിൽ വോട്ടർ. രാഷ്ട്രത്തിന് അധികാരവും ബലവും കിട്ടുന്നത് ഈ പൗരനിൽ നിന്നാണ് .ഈ ബോധം ഭരണകൂടത്തിനില്ലെങ്കിൽ അത് ഒരിക്കലും ഒരു സ്വതന്ത്രമായ, പ്രബുദ്ധമായ രാജ്യമായിരിക്കില്ല. 

    ഇന്നു നാം കാണുന്നതെന്താണ് ?പതിനായിരക്കണക്കിനാളുകൾ വോട്ടു ചെയ്ത് വിജയിപ്പിക്കുന്ന ഒരു ജനപ്രതിനിധി വല്ലാത്ത അഹന്തയാണ് കാണിക്കുന്നത് .ശരീരഭാഷ തന്നെ ധിക്കാരവും സ്വാർത്ഥതയും ചേർന്നതാണ്. വിളിച്ചാൽ ഫോണെടുക്കില്ല .താൻ സ്വയം ജയിച്ചതാണെന്ന അബദ്ധ ധാരണ പലരെയും പിടികൂടിയിരിക്കുന്നു .ഇത് മുന്നിൽ കണ്ടാണ് ഗാന്ധിജി ഇങ്ങനെ  പറഞ്ഞത്:
    "Honest disagreement is often a good sign of progress ". സത്യസന്ധമായ വിയോജിപ്പുകൾ നമ്മെ പുരോഗതിയിലേക്ക് നയിക്കുക തന്നെ ചെയ്യുമെന്നു സാരം. ഒത്തുതീർപ്പുകളോ ,കീഴടങ്ങലോ സത്യത്തിനു എതിരാണ്. സത്യം എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കണം. ജീവിതം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് പലപ്പോഴും സത്യമല്ല .അതിൻ്റെ മുന്നിലുള്ള കപടമുഖം വലിച്ചു കീറണം. തന്റെ മനസ്സിന്റെ സ്വാതന്ത്ര്യമാണ്, തന്റെ ചിന്തയുടെ പ്രബുദ്ധതയാണ് മറ്റെല്ലാറ്റിലും വലുത് എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം തൻ്റേതായ വഴിയിലൂടെ സത്യത്തെ അന്വേഷിച്ചു. എന്നു പറഞ്ഞാൽ ദൈവത്തെ തേടുന്നതിൽ, സ്വതന്ത്രമായ മാർഗം അവലംബിച്ചു. സമകാലിക ലോകത്തിനു ഇണങ്ങുന്നതും അർത്ഥമുള്ളതുമായ മാർഗങ്ങൾ അവലംബിച്ചു. അന്ധമായ വിശ്വാസമല്ല, പ്രായോഗികമായ വിജയവും സ്വതന്ത്രമായ മനസ്സുമാണ് അതിനുള്ള വഴികൾ. ഇക്കാര്യത്തിൽ ഗാന്ധിജി കേവല മനുഷ്യന്റെ സ്വഭാവങ്ങളോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. സാധാരണ മനുഷ്യർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരം അതിനുണ്ടായിരുന്നു.

    ഗാന്ധിയന്മാർ പരാജയപ്പെട്ടു 

    ഗാന്ധിയന്മാർക്ക് ഗാന്ധിയാകാൻ സാധ്യമല്ല. ഗാന്ധിയന്മാർക്ക് ഗാന്ധിയെ പോലെ അസഹനീയമായ ദിനചര്യയിലൂടെ ,സേവനങ്ങളിലൂടെ പ്രാർത്ഥനയിലൂടെ കടന്നുപോകാനാവില്ല .അവർക്ക് തത്ത്വചിന്തയില്ലല്ലോ .ജീവിതകാല മത്രയും സത്യത്തിനു വേണ്ടി ,സത്യത്തെ വീണ്ടും തിരയുന്നതിനു വേണ്ടി ജീവിക്കുക എളുപ്പമായിരിക്കില്ല .ഹൃദയമില്ലാത്ത വാക്കുകൾ ഉച്ചരിച്ചുകൊണ്ട് ഒരു ആരാധനാലയത്തിനു മുന്നിൽ നിൽക്കുന്നതിനേക്കാൾ മഹത്തരമായത് പ്രാർത്ഥിക്കുമ്പോൾ ഒരു വാക്കും മനസിൽ ഇല്ലാതിരിക്കുന്നതാണെന്നു ഗാന്ധിജി പറഞ്ഞത് ശ്രദ്ധിക്കണം. 

    വേറിട്ട ആത്മീയവാദിയായിരുന്നു അദ്ദേഹം.തൻ്റേതായ ആത്മീയതയാണ് ഗാന്ധിജി തേടിയത്. അത് വേറൊരു മതമാണ് .നിശ്ചിതമായ ഒരു കൂട്ടം ചിന്തകളും ചട്ടങ്ങളുമാണ് ഗാന്ധിസത്തിൽ കാതലായിട്ടുള്ളത്. സർവോദയമെന്ന ആശയം ഇവിടെ ചർച്ച ചെയ്യുന്നത് നന്നായിരിക്കും. ഒരു രാഷ്ട്രീയക്കാരനോ ,രാഷ്ട്രീയപാർട്ടിക്കോ രാഷ്ട്രത്തിനോ ചിന്തിക്കാൻ സാധിക്കാത്ത ആശയമാണ് സർവ്വോദയം. ജോൺ റസ്കിൻ 
    എഴുതിയ Un to This Last എന്ന ധനശാസ്ത്ര കൃതിയാണ് ഗാന്ധിജിയെ സർവോദയം എന്ന ആശയത്തിലേക്ക് വശീകരിച്ചത്. എല്ലാവരുടെയും ഉന്നമനം മാത്രമല്ല വിഷയം; ഏറ്റവും അവസാനത്തെ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുമ്പോഴാണ് രാഷ്ട്രീയത്തിന് അർത്ഥമുണ്ടാകുന്നത്.
    ഒരു രാജ്യത്ത് ഒരാൾ പോലും കഷ്ടപ്പെടരുത്. ഇന്ന് ഏതെങ്കിലും  ഒരു രാഷ്ട്രത്തിനു ഇങ്ങനെ ചിന്തിക്കാനാവുമോ ? രാഷ്ട്രങ്ങളുടെ പരിധിക്ക് പുറത്ത് തൻ്റെ സ്വപ്നങ്ങൾക്ക് വേണ്ടി അലഞ്ഞ സ്വപ്നദർശിയായിരുന്നു ഗാന്ധിജി .  അദ്ദേഹം യാഥാർത്ഥ്യങ്ങളെ ചിലപ്പോഴെല്ലാം സ്വപ്നങ്ങളാക്കി ;അല്ലെങ്കിൽ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിൻ്റെ പ്രതീതി നൽകി. 

    റസ്കിൻ എഴുതി: "ഇന്നു കൂടുതൽ ധനമുണ്ടാക്കുക എന്നതല്ല സമ്പന്നനാകുന്നതിൻ്റെ വിദ്യ .തൊട്ടയൽക്കാരന് തന്നേക്കാൾ വളരെ കുറഞ്ഞ ധനമേ ഉണ്ടാകാവൂ എന്ന് ഉറപ്പുവരുത്തുകയാണ്.നമ്മുടെ താൽപര്യത്തിന് അനുസരിച്ച് പരമാവധി അസമത്വം സൃഷ്ടിക്കുകയാണ്." നമ്മുടെ പരിസരത്ത് അസമത്വം ഉറപ്പുവരുത്താനാണ് നമ്മൾ ധനികരാകാൻ മത്സരിക്കുന്നത് .ഇത് എത്ര ശരിയാണ് !.ലോകം അങ്ങനെ കൊച്ചുകൊച്ചു യൂണിറ്റുകളായിരിക്കുന്നു. സമ്പത്തുണ്ടാക്കുന്ന തുരുത്തുകളായി വീടുകളും സ്ഥാപനങ്ങളും മാറിയിരിക്കുന്നു. അതിൻ്റെയെല്ലാം സമീപത്ത് ദരിദ്രർ ശ്വാസംമുട്ടി കഴിയുന്നുണ്ടാവും. ഗാന്ധിജി പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യാപ്തി നേടുകയാണ്: "Earth provides enough to satisfy everyman's needs,but not everyman's greed ."എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ഭൂമി തരുന്നുണ്ട്; എല്ലാവരുടെയും അത്യാഗ്രഹം തീർക്കാനുള്ളത് അവിടെയില്ല. മനുഷ്യരുടെ അത്യാഗ്രഹം മൂലം ലോകം തന്നെ വീർപ്പുമുട്ടുകയാണ്. പഞ്ചഭൂതങ്ങളും മലിനമായിരിക്കുന്നു. പരിസ്ഥിതി വീണ്ടെടുക്കപ്പെടാനാവാതെ , നാശത്തിന്റെ പാതയിലാണ് .കടലിൽ പോലും മാലിന്യമല കുന്നുകൂടുകയാണ്. അവിടെയാണ് ഗാന്ധിജിയുടെ നിഷ്കാമരാഷ്ട്രീയവും നിഷ്കാമമായ  ആദർശജീവിതവും ശ്രദ്ധനേടുന്നത്.

    ഓർവില്ലിന്റെ distaste നു കാരണം, ഗാന്ധിസം ആർക്കും തന്നെ പ്രായോഗികമായി വിജയിപ്പിക്കാനാവുകയില്ല എന്ന ബോധ്യമാണ് .എന്നാൽ മനുഷ്യർക്ക് കേവലമായ ആനന്ദത്തെ ഉപേക്ഷിച്ച് ,കൂടുതൽ പേരുടെ ക്ഷേമത്തിനും ലോകത്തിന്റെ ഭാവിക്കും വേണ്ടി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നാണ്  ഗാന്ധിജി നൽകുന്ന സൂചന.മനുഷ്യൻ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ പാടില്ല.