Followers

Wednesday, June 24, 2026

മാർകസ് ഒറേലിയസ് :മനസിലെ നിഷ്കളങ്കമായ വർണ്ണങ്ങൾ




എഡി 161 കൽ 180 വരെയാണ് മാർകസ് ഒറേലിയസ് റോമാ  ചക്രവർത്തിയായിരുന്നത്. ഉന്നതമായ ധാർമ്മികതയ്ക്കും ആത്മവിശുദ്ധിക്കും പ്രാധാന്യം കൊടുത്ത സ്റ്റോയിക്ക് (stoic) തത്ത്വചിന്തകനായിരുന്ന അദ്ദേഹം ദീർഘകാലയളവിലെ തത്ത്വചിന്തയും സാഹിത്യവുമെല്ലാം  പരിശോധിച്ചതിൻ്റെ തെളിവ് പലപ്പോഴായി എഴുതിയ കുറിപ്പുകളിൽ കാണാം. ആ കുറിപ്പുകളുടെ സമാഹാരമാണ് Meditations .ലോകത്തിലെ പല പ്രമുഖരായ എഴുത്തുകാരുടെയും പ്രിയപ്പെട്ട പുസ്തകമാണ് മെഡിറ്റേഷൻസ്. ജീവിതത്തിൻ്റെ  ക്ഷണികതയും നശ്വരതയും ചൂണ്ടിക്കാണിച്ച ഒറേലിയസ് മനുഷ്യനു അവൻ്റെ ജീവിതം ജീവിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ചിന്തകളും തത്ത്വങ്ങളുമെന്താണെന്ന് ഈ കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട്. പത്താം നൂറ്റാണ്ടുവരെ ഏറെക്കുറെ അജ്ഞാതമായിരുന്നു ഈ കുറിപ്പുകൾ ,ചില ചരിത്രകാരന്മാരുടെ പരാമർശങ്ങളിൽ ഒഴികെ.

ഒറേലിയസിൻ്റെ കുറിപ്പുകളുടെ പൂർണ രൂപം ആദ്യമായി കണ്ടത് ബിഷപ്പ് അരേതാസ് ഓഫ് കാസാർസ് (Arethas of Caesarea) ആണ് .അദ്ദേഹം  കൈയെഴുത്ത് പ്രതികളുടെ ഗവേഷകനായിരുന്നു. ഒരു ബുദ്ധിമാന്‍റെ ഗർവ്വില്ലാതെ സാധാരണ മനുഷ്യൻ്റെ ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയുമാണ് ഒറേലിയസ്  സമീപിക്കുന്നത്. മനുഷ്യത്വപൂർണമായ സമീപനം ,വൈകാരികമായ ശുദ്ധത എന്നീ ഗുണങ്ങൾ ഇവിടെയുണ്ട്. മനുഷ്യനെക്കുറിച്ചുള്ള എല്ലാ അന്ധമായ പൊങ്ങച്ചങ്ങളും കാഴ്ചപ്പാടുകളും പടം പൊഴിഞ്ഞു വീഴുകയാണ്.

എത്രയോ നൂറ്റാണ്ടുകളായി മനുഷ്യൻ കെട്ടിപ്പൊക്കിയ സങ്കൽപ്പങ്ങളെ, സുദൃഢവും സുനിശ്ചിതവുമായ ആശയങ്ങളെ നിഷേധത്തിലൂടെയല്ല ഒറേലിയസ് സമീപിക്കുന്നത്, സത്യത്തിന്റെ തീക്ഷ്ണ വർണം കൊണ്ടാണ്. മനുഷ്യനു കാണാൻ കഴിവുണ്ട്. എന്നാൽ അവൻ എല്ലാം കാണുന്നില്ല. ഒരു സ്റ്റോയ്ക് ഫിലോസഫർ എന്ന നിലയിൽ ചക്രവർത്തി ലക്ഷ്യം വയ്ക്കുന്നത് സംതൃപ്തി, ദുഃഖത്തിൽ നിന്നുള്ള അകന്നിരിക്കൽ ,ആത്മനിയന്ത്രണം, ആത്മാഭിമാനം തുടങ്ങിയവയാണ്. എന്നാൽ ഇതെല്ലാം അദ്ദേഹം പാലിച്ചു.

എല്ലാം കാണാൻ കഴിയാത്തതുകൊണ്ട് നമുക്ക് സമഗ്രജ്ഞാനമില്ല.  കമ്പാർട്ട്മെൻ്റലായിട്ടാണ് എല്ലാം നേടുന്നത്. വളരെക്കുറച്ചു ഇടങ്ങളിൽ മാത്രമേ നമുക്ക് വ്യവഹരിക്കാനാവുകയുള്ളൂ. ഡാവിഞ്ചി 'മോണാലിസ' വരയ്ക്കുന്നത് മനസ്സിലെ അകളങ്കിതമായ ഒരു ബ്രഷു കൊണ്ടാണ് .ആ ബ്രഷ് ഡാവിഞ്ചിയുടെ സ്വന്തമാണ് .എന്നാൽ അതാകട്ടെ പ്രാപഞ്ചികമായ പൊരുളിൻ്റെ വളരെ ചെറിയ ഒരംശം മാത്രമാണ് .

ചെളിയിൽ വീഴാതെ 


"ഒരുവന്റെ തെറ്റായ പ്രവൃത്തികൾ എന്നെ മുറിവേൽപ്പിക്കുകയില്ല. വൃത്തികേട് എന്റെ മേൽ ചൊരിയാൻ ആർക്കും കഴിയില്ല. എന്നാൽ എന്നിൽ വെറുപ്പ് ഉണ്ടാവുകയുമില്ല" - ഒറേലിയസ് പറയുന്നു.

എന്തിനാണ് നാം മറ്റൊരാൾ തെറിപ്പിച്ച ചെളിയിൽ നമ്മെത്തന്നെ അലിയിപ്പിക്കാൻ ശ്രമിക്കുന്നത് ? ചെളി ആരാണോ എറിയുന്നത്, അവനാണ് അതിൻ്റെ ഉത്തരവാദി. അതിൻ്റെ ഫലമായുണ്ടാകുന്ന എല്ലാ മൂല്യപ്രശ്നങ്ങളും അവനെയാണ് ബാധിക്കുന്നത്. അവന് അത്  വൃത്തിയാക്കാതെ അതിനു പരിഹാരം കാണാനാവില്ല. സ്വയം സമ്പൂർണ്ണമായിരിക്കാനാണ് ഒറേലിയസ് പഠിപ്പിക്കുന്നത്. ഒരു സമാന്തര സന്യാസാനുഭവമാണ് അദ്ദേഹത്തിൻ്റേത്. ലോകത്തിൻ്റെ  തിളക്കവും ഭോഗവും ആനന്ദവും എത്ര ദുർബ്ബലവും ക്ഷണികവുമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

"നമ്മൾ പരസ്പരം സഹകരിക്കാനാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .കാല്പാദങ്ങൾ പോലെ, കൈകൾ പോലെ, കൺപോളകൾ പോലെ മുകൾനിരപ്പല്ലും താഴെയുള്ള പല്ലുകളും പോലെ .ശരീരത്തിലെ അവയവങ്ങൾ പരസ്പരം പോരാടുക എന്നു പറയുന്നത് പ്രകൃതിക്ക് എതിരാണ്."

മനുഷ്യരാശിയെ ഒരൊറ്റ ശരീരം പോലെ സങ്കല്പിക്കാവുന്നതാണ്. ശരീരത്തിൽ രണ്ടു കൈകൾ രണ്ടു വശങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു. മണ്ണിൽ കുത്തിനിൽക്കുന്നതിന്റെ ബാലൻസ് ഉറപ്പിക്കാൻ രണ്ട് കാലുകളും. കാലുകളും കൈകളും പരസ്പരധാരണയോടെയാണ് പ്രവർത്തിക്കുക. നടക്കുമ്പോൾ കാലുകൾ എത്ര കൃത്യമായി ഒരു ഫിലോസഫി സൃഷ്ടിക്കുന്നു.(എൻ്റെ 'ശ്രീനാരായണായ' എന്ന നോവലിൽ ഈ കാര്യം വിവരിച്ചിട്ടുണ്ട്).ഒരു കാലിനു മറ്റേ കാലിനോട് പറയാനുണ്ട് പലതും .നടക്കുമ്പോൾ ഓരോ കാലും മുന്നോട്ടുവരുന്നു ,അതേസമയം ഓരോന്നും പിന്നോട്ട് പോകുന്നു. 

"നമുക്കുള്ളതെല്ലാം ദൈവാധീനത്താൽ ഉണ്ടായതാണ് .പ്രകൃതിയിൽ നിന്നു വേർപെടുത്താൻ കഴിയാത്ത ഭാഗ്യമാണത് .കൂട്ടിത്തുന്നലോ  കെട്ടുപാടുകളോ ഇല്ലാതെ തന്നെ എല്ലാം ദൈവവാധീനത്തിലാണുള്ളത്" .

എന്നാൽ വേർപ്പെടാനും വേർപെട്ടു എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണല്ലോ നമ്മുടെ ശ്രമം .വ്യക്തിത്വവൽക്കരണം (Individualization) അപകടകരമാം വിധം വളർന്നിരിക്കുന്നു. ഒരു ഫോട്ടോ എടുക്കുന്നതിൽ പോലും നമ്മൾ വ്യക്തിത്വവൽക്കരണമാണ് ശ്രദ്ധിക്കുന്നത്. നമുക്ക് അന്യമായതും എന്നാൽ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രതിച്ഛായകൾ കൊണ്ടെന്ത് പ്രയോജനം? യഥാർത്ഥത്തിൽ നാം അങ്ങനെയല്ലല്ലോ .

"ഓരോന്നും പ്രപഞ്ചത്തിന്റെ ആവശ്യത്തിനായി നിലനിൽക്കുന്നു."

നമ്മുടെ ചിരികൾ ,സങ്കടങ്ങൾ, രോഗങ്ങൾ തുടങ്ങിയവകൊണ്ട് ഈ ലോകം എന്തായിരിക്കും പ്രയോജനപ്പെടുത്തുക? എന്നാൽ നമ്മുടെ ചിരിയും ഈ ലോകത്തിനു വേണം. അത് നമ്മളിലൂടെ പുറത്തുവരുന്നതാണ്. ലോകത്തിൻ്റെ  വളർച്ചയോ വികാസമോ ആണത്.അതിനു പകരം നമ്മൾ  ഇല്ലാത്ത വികാരമോ ചേഷ്ടയോ ഭാവമോ പ്രദർശിപ്പിക്കുകയാണെങ്കിലോ ,ഈ ലോകം കൂടുതൽ വക്രീകരിക്കപ്പെടും. എല്ലാം വ്യക്തമായും മനസ്സിലാകുന്ന ഒരു ഘട്ടത്തിൽ കൃത്രിമമായി സൃഷ്ടിച്ച ദുർഗ്രഹതയായി അത് മാറുന്നതാണ്.
നമ്മൾ സ്വയം മറയ്ക്കുകയോ വഞ്ചിക്കുകയോ ചെയ്യുകയാണ്.

മനുഷ്യമനസ്  ഒരു ചീത്ത ഇടം 

"ഏതൊരുവൻ്റെയും ജീവിതം മതിയാവോളമാണ്. എന്നാൽ നിന്റെ ജീവിതം ഏറെക്കുറെ തീരാറായി. നിന്റെ ആത്മാവ് സ്വന്തം മഹത്വം കാണാൻ കൂട്ടാക്കുന്നില്ലല്ലോ . മറ്റുള്ളവരിൽ നീ വിസ്മയഭരിതമായി നോക്കുകയാണ്."

ജീവിതത്തിൽ തന്നെ അതിൻ്റെ പൂർണ്ണതയുണ്ട് .എന്താണോ നമുക്ക് അപര്യാപ്തമായി തോന്നുന്നത് ,അത് നമ്മളിൽ തന്നെയുണ്ട്. അത് കണ്ടെത്തുകയായിരിക്കണം നമ്മുടെ ലക്ഷ്യം. അവനവനെ ഉപേക്ഷിക്കുകയും മറ്റെവിടെയോ അത്  അന്വേഷിക്കുകയും ചെയ്യുന്നപോലെ വ്യർത്ഥമായിട്ടുള്ളതെന്താണ് ?ആത്മപരിശോധന വേണ്ട ;അവനവനിൽ ത്രസിച്ചു നിൽക്കുന്നതെന്താണെന്ന് അറിയാൻ ശ്രമിക്കുകയെങ്കിലും വേണ്ടേ? നല്ലതും പുതിയതുമായ കാര്യങ്ങൾ പഠിക്കാനായി നിങ്ങൾ സമയം കണ്ടെത്തുക .വെറുതെ ചുറ്റിക്കറങ്ങി സമയം കളയാതിരിക്കുക .സ്വന്തം ആത്മാവിൻ്റെ പഠനമുറി  വികസിപ്പിക്കുകയാണെങ്കിൽ നമുക്ക് അപര്യാപ്തമായത് എന്താണെന്ന് അറിയാം. ഒരുപക്ഷേ ,അത് നീണ്ടുനിൽക്കുന്ന ഒരു തിരച്ചിലാകാം. മനുഷ്യമനസ് ഒരു ചീത്ത ഇടമാണ്. അവിടെ സാർത്ഥകമായത് എന്തെങ്കിലും പൊട്ടിമുളച്ചാൽ തന്നെ ഉടമസ്ഥൻ അത് കളയാണെന്ന് കരുതി പറിച്ചു കളയും .നല്ലതെന്തെങ്കിലും ഉണ്ടെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം .അതിനു മാനസികമായ തയ്യാറെടുപ്പുകൾ വേണം. മനുഷ്യമനസ്സിലെ മലിനമായതെല്ലാം നീക്കം ചെയ്യുന്ന പ്രക്രിയയാകണം വിദ്യാഭ്യാസം.,അല്ലെങ്കിൽ ആത്മീയത.

"മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന്  ആലോചിക്കാതിരുന്നാൽ ഒരു തരത്തിലുള്ള അസന്തുഷ്ടിയും ഉണ്ടാകില്ല. എന്നാൽ സ്വന്തം മനസ്സിൽ സംഭവിക്കുന്നതെന്താണെന്ന് നിരീക്ഷിക്കാതിരിക്കുന്നവർക്ക് അസ്വസ്ഥതയൊഴിഞ്ഞു നേരമുണ്ടാവില്ല." 

സ്വയം പഠിക്കുകയല്ലാതെ ജീവിതത്തിൽ മറ്റൊന്നും മോക്ഷ മാർഗ്ഗമല്ല .മറ്റുള്ളവരുടെ ചിന്തകളെക്കുറിച്ച് ആലോചിക്കുന്നത് പുതിയ രോഗങ്ങൾക്കു കാരണമാകും. അന്യരുടെ മനസ്സ് പഠിക്കാനാണല്ലോ മിക്കവർക്കും താല്പര്യം. ആ പഠനം സ്വന്തം മനസിൻ്റെ പഠനമാണെന്ന്  കരുതുന്നവരുണ്ടാകാം.അത് തെറ്റാണ്; മറ്റുള്ളവരുടെ മനസ്സ് പഠിക്കുന്നവർ പലപ്പോഴും സ്വന്തം മനസ്സിനെ ഒരു സിഗരറ്റ് പാക്കറ്റ് പോലെ വലിച്ചെറിയുകയാണ് ചെയ്യുന്നത്. മനസ്സ് അങ്ങനെയൊരു ഒഴിഞ്ഞ പാക്കറ്റാണല്ലോ.

"ആളുകളിൽനിന്ന് ഓടിപ്പോകേണ്ടിവന്നാൽ ഭയപ്പെടരുത്, ദൈവം നിലനിൽക്കുന്നുണ്ടെങ്കിൽ. ദൈവങ്ങളെ നിങ്ങൾ തിന്മകളിലേക്ക്  വലിച്ചിഴക്കില്ലല്ലോ. എന്നാൽ ദൈവം നിലനിൽക്കുന്നില്ലെങ്കിൽ, മനുഷ്യരുടെ ജീവിതങ്ങളെക്കുറിച്ച് അവർക്ക് യാതൊരു വേവലാതിയുമില്ലെങ്കിൽ, ഞാനെന്തിനാണ് ദൈവങ്ങളും ദൈവാധീനവുമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നത് ?"

നമ്മൾ സമർത്ഥിക്കുന്നത്, വാഴ്ത്തുന്നത് അവസാനം എന്തായിത്തീരുന്നു ?ഒരർത്ഥത്തിൽ  അത് സ്വയം വാഴ്ത്തലാണോ? യാതൊന്നിനെയും പിന്തുടരാൻ  കഴിയില്ലെന്നതാണ് വാഴ്ത്തുമ്പോഴും സമർപ്പിക്കുമ്പോഴും സംഭവിക്കുന്നത്. എല്ലാം വേഗം എവിടെയോ പോയി മറയുന്നു .

"How quickly all things disappear ,in the universe the bodies themselves ,but in time the remembrance of them"

ഓർമ്മകൾ മാത്രമായി ഒതുങ്ങാനായിരുന്നോ ഈ ബഹളങ്ങളും പ്രതികാരങ്ങളും? മനുഷ്യൻ വെറും നിഴലോ ചാരമോ ആകാനുള്ളതാണ്. എന്നാൽ അവൻ നിശൂന്യമായതിനെല്ലാം സങ്കല്പങ്ങളും അർത്ഥങ്ങളും നിർമ്മിക്കുകയാണ്. ആ നിർമ്മാണം  തുടർന്നുകൊണ്ടേയിരിക്കുന്നു. എത്രമാത്രം അപ്രസക്തമാണെങ്കിലും ജീവിതത്തിനു വേണ്ടി അർത്ഥം നിർമ്മിക്കുകയല്ലാതെ വേറെ വഴിയില്ല. ഈ അർത്ഥനിർമ്മിതി നീതിയെയും അനീതിയെയും വേർതിരിക്കാനാവാത്ത തലത്തിലേക്ക് കടന്നിരിക്കുന്നു.

"ഒരാവശ്യത്തിൽ നിന്നല്ല ,ജ്വരത്തിൽ നിന്നാണ് നീതിയും അനീതിയും വേർതിരിക്കപ്പെടാത്ത വിധം പല ഉദ്യമങ്ങളും ഉണ്ടാകുന്നത്. ഏതൊരു കാര്യത്തിലും ആവശ്യമില്ലാതെ ചാടി, മണ്ണിനടിയിൽ ചികഞ്ഞു നോക്കി അനുമാനങ്ങളുണ്ടാക്കുന്നതുപോലെ ചീത്തയായ ഒരു പ്രവൃത്തിയില്ല. മറ്റുള്ളവരുടെ മനസ്സുകളിലേക്ക് നോക്കുന്നതിനേക്കാൾ ഭേദമാണ് സ്വന്തം മനസ്സിലെ പിശാചിനെ നോക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല."

സ്വന്തം മനസ്സിലെ 'പിശാചു'മായി കൂടിയാലോചിച്ചാണല്ലോ നന്മയെയും തിന്മയെയും വേർതിരിക്കുന്നത് .
സ്വന്തം ആവശ്യങ്ങളും താല്പര്യങ്ങളുമാണ് നമ്മുടെ പ്രമാണം .അതിനുപറ്റിയ ഏത് ചെകുത്താനുമായും കൂട്ടുകൂടും .ചെകുത്താനെന്ന്  മനസ്സിലാക്കുന്നത് പിന്നീടായിരിക്കും. അതുവരെ താൻ കൂടിയാലോചന നടത്തുന്നതെല്ലാം ദൈവമെന്ന് വിളിക്കുന്ന ഒരു വ്യക്തിയുമായിട്ടായിരിക്കും. നമ്മുടെ  എല്ലാ തിന്മകൾക്കും പിന്തുണ പ്രഖ്യാപിക്കേണ്ടത് ആ ദൈവത്തിൻ്റെ ചുമതലയാണല്ലോ. 

ഒരു പൂവ് അതിൽ സമ്പൂർണം 

"ഏതെങ്കിലും തരത്തിൽ സുന്ദരമായതെല്ലാം, അതിൽ തന്നെ സുന്ദരമാണ്. അത് അതിൽ തന്നെ അവസാനിക്കുന്നു. അതിന് യാതൊരുവിധ പ്രശംസയും ആവശ്യമില്ല.പ്രശംസ കൊണ്ട് , അതിനു യാതൊരു ഗുണമോ കോട്ടമോ സംഭവിക്കുന്നില്ല."

ഏതൊരു വസ്തുവും അതിൻ്റെ തന്നെ അനന്യതയിൽ നിലീനമാണ്. അതിനപ്പുറം അതല്ലാതെ മറ്റൊന്നുമില്ല. ഒരു ചെമ്പരത്തിപ്പൂവ് ആ പൂവിൽ തന്നെ സമ്പൂർണമാണ്. അത് റോസാപ്പൂവിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. അതിനു അതിൻ്റെ മുകളിലോ താഴെയോ വേറൊരു  ലക്ഷ്യമില്ല .പൂവിനു അതിൽ നിന്ന് വേറിട്ട് ഒരു അസ്തിത്വമില്ല .പൂവിനെക്കുറിച്ച് എഴുതുന്നതോ പാടുന്നതോ പൂവിന് ഒരു നേട്ടവുമുണ്ടാക്കുന്നില്ല .പൂവ് അതിൻ്റെ ലോകത്ത് മാത്രമാണുള്ളത്. 
അത് അതിൻ്റെ ശൂന്യതയെ അന്വേഷിക്കുന്ന യാത്രയിലാണ്.

"കലാസൃഷ്ടിക്കും പ്രശംസ ആവശ്യമില്ല. യഥാർത്ഥത്തിൽ സുന്ദരമായതിനു യാതൊരു  പ്രശംസയും വേണ്ട ."

ഏത് കലാവസ്തുവും അതിന്റെ തന്നെ ആപേക്ഷികതയിലാണ് നിലകൊള്ളുന്നത് .അത് അനേകം കലാസൃഷ്ടികളുടെ നിരയിലാണുള്ളത്.  അതിനു മാത്രമായി ഒരു നിലനിൽപ്പില്ല. അനുസ്യൂതമായ ഒരു പ്രക്രിയയുടെ ഭാഗമാണത് .ആ പ്രക്രിയയാകട്ടെ പ്രകൃതിയിലുള്ള സർഗാത്മക മനസ്സിൻ്റെ ആവിർഭാവമാണ്. അത്  കാലങ്ങളിലൂടെ കുതിക്കുകയാണ് .പുതിയത് കൂട്ടിച്ചേർക്കപ്പെടുന്നു. ചിലത് അപ്രസക്തമാകുന്നു. ദീർഘകാലയളവിലെ കലാസൃഷ്ടികൾ  പരിശോധിക്കുകയാണെങ്കിൽ ഒരു കാര്യം വ്യക്തമാകും ;പുതിയതെന്തോ ഇനിയും വരാനുണ്ട് .അല്ലെങ്കിൽ അതിനെ നിശ്ശബ്ദമായി അന്വേഷിക്കുകയാണ് .ഇത് അനന്തമായ പ്രക്രിയയാണ്. വിവിധ ദേശങ്ങളിലും കാലങ്ങളിലുമുള്ള കലാകാരന്മാർ തങ്ങളുടെ നിലപാടുകളും കാഴ്ചകളും ഇതിനായി ഉപയോഗിക്കുന്നു.

"മരതകത്തിനും സ്വർണത്തിനും ദന്തത്തിനും നിറത്തിനും വീണയ്ക്കും കത്തിക്കും പൂവിനും പുൽക്കൊടിക്കും പ്രശംസിക്കപ്പെട്ടില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?"

അതുകൊണ്ടാണ് ഒറേലിയസ് ഏതൊരു വസ്തുവും അതിൽ തന്നെ  അനന്യമാണെന്ന് പറയുന്നത്. കാരണം, ഒരു കാലാവസ്തു അതിൻ്റെ ഭൂതകാലത്തെയോ  ഭാവികാലത്തെയോ പ്രതിനിധീകരിക്കുന്നില്ല .അത് ഒരു നിസ്തുലമായ പ്രത്യക്ഷതയാണ്. അതിനെ നാം വാഴ്ത്തുമ്പോൾ അതിനേക്കാൾ മികച്ചത് ഭാവിയിൽ ഉണ്ടാകില്ല എന്നർത്ഥമാക്കുന്നില്ല.  ഭാവി അതിൻ്റെ വഴിയെ തന്നെ ഉണ്ടായിക്കൊള്ളും. ഭാവിയെ തന്നെ നാം വേർപെടുത്തിയ ശേഷമാണ് ഒന്നിനെ പ്രശംസിക്കുന്നത്. നമ്മുടെ മുന്നിൽ ഭൂതകാലവും വർത്തമാനവും മാത്രമേയുള്ളൂ. വർത്തമാനത്തിലാണ് നമ്മുടെ മൂല്യബോധങ്ങൾ യഥാർത്ഥ രൂപം കൈക്കൊള്ളുന്നത്.

"തങ്ങളുടെ മരണശേഷവും പ്രശസ്തി വേണമെന്ന് ആഗ്രഹിക്കുന്നവർ ഓർക്കാത്ത ഒരു കാര്യമുണ്ട്. അവരെ ഓർക്കുന്നവരെല്ലാം താമസിയാതെ മരിക്കും. പിന്നീട് വരുന്ന തലമുറയും ഈ ഓർമ്മകളിലൂടെ കടന്ന ശേഷം  മരിക്കുന്നു. അവരും ഓർമ്മയാകുന്നു.  പിന്നീട് വരുന്നവരും അവരെ ഓർക്കുന്നവരും വീണ്ടും നിഷ്പ്രഭരാവുന്നു .ആ ഓർമ്മകൾ  അനശ്വരമാണെന്ന് തന്നെ കരുതുക.  അതുകൊണ്ട് നിങ്ങൾക്ക് എന്താണ് പ്രയോജനം ?അനാവശ്യമായി അനശ്വരതയെക്കുറിച്ചും വരും തലമുറ ഓർക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നത് പ്രകൃതി നൽകിയ വലിയ സൗഭാഗ്യങ്ങളെ അവഗണിക്കുന്നതിനു തുല്യമാണ്. 

പ്രകൃതിയിൽ വിസ്മൃതി മാത്രമാണുള്ളത്. ഓർക്കുന്നത് വളരെ ഹ്രസ്വമായ കാലയളവിലെ അനുഭവമാണ്. ഓർക്കുന്തോറും ഓർമ്മകൾ ഉണ്ടാവുന്നു. പുതിയ  ചിമിഴുകൾ ഉണ്ടാകുന്നു. ഓർമ്മകൾ സാവധാനം മറവിയിലേക്ക് ചായുകയാണ്. എല്ലാം വിസ്മൃതമാവാൻ കാത്തിരിക്കുന്നു. ഓർക്കുന്നത് പ്രകൃതിദത്തമല്ല ,പ്രകൃതി വിരുദ്ധമാണ്. ഓർക്കാൻ ധാരാളമുണ്ട്. എന്നാൽ അതെല്ലാം പ്രകൃതി തിരിച്ചെടുക്കുന്നു. പ്രകൃതിയുടെ അജ്ഞാതമായ ഒരിടത്തേക്ക് അത് താഴ്ന്നു താഴ്ന്നു പോകുന്നു. ആർക്കും തന്നെ അതിനെ വീണ്ടെടുക്കാനാവില്ല. മറവിയിൽ ആർക്കാണ് ശബ്ദമുള്ളത് ?

മറവിയുടെ സമുദ്രം

"നിങ്ങൾ നേടിയ സിദ്ധികൾ, അതെത്ര ചെറുതായാലും അതിനെ സ്നേഹിക്കുക. അതിൽ സംതൃപ്തി നേടുക .ജീവിതകാലമത്രയും ദൈവത്തിൽ വിശ്വസിച്ചു ആരുടെയും  അടിമയോ അധികാരിയോ ആകാതെ ജീവിക്കുക ."

നിങ്ങളുടെ സിദ്ധികൾ മറ്റൊരാളുടെ സിദ്ധികളുമായി താരതമ്യം ചെയ്യാതിരിക്കുക .നിങ്ങൾ സിദ്ധികളുടെ വ്യാപ്തി പരിശോധിച്ച് സ്വയം ബോധ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ പരമാവധി ശക്തിയിൽ അത് പുറത്തുകൊണ്ടുവരാനാവും. 
അത് പ്രകൃതിയുടേതാണ്. വാസ്തവത്തിൽ ,ആ സിദ്ധി നിങ്ങളുടെ സ്വന്തമെന്ന് പറയാവുന്നതാണെങ്കിലും അതിനു ഒരു ചരിത്രമുണ്ട് .പലതരം ഭാവനകൾ നിങ്ങളിൽ പ്രവർത്തിക്കുന്നതിൻ്റെ ഫലമാണത് .നിങ്ങൾ സൃഷ്ടിച്ചെടുത്ത മാനുഷികതയുടെയും നീതിബോധത്തിൻ്റെയും ഒരു സൃഷ്ടിയാണത്. 

"പൂർവ്വകാലങ്ങളിലെ ഒരു ജീവിതത്തിന്റെയും ഒരു രാഗത്തിന്റെയും അടയാളം ശേഷിക്കുന്നില്ല. അതെല്ലാം മൂലഘടകങ്ങളിലേക്ക് വിഘടിച്ചുപോയിരിക്കുന്നു."

എല്ലാം മറക്കാനുള്ളതാണ്. എത്രയോ ജീവിവർഗങ്ങൾ അവയുടെ അംഗങ്ങളെ നൂറ്റാണ്ടുകളായി മറവിയിലേക്ക് മറവ് ചെയ്തിരിക്കുന്നു. ഒന്നും ഒരിടത്തും ഓർക്കപ്പെടുന്നില്ല. പറവകൾക്കും തേനീച്ചകൾക്കും ഉറുമ്പുകൾക്കും വ്യക്തിഗതമായ അടയാളങ്ങളില്ലേ ?അവയുടെ സമൂഹത്തിൽ ആർക്കും വ്യക്തിത്വമില്ലെന്ന് പറയാനൊക്കുമോ ? നിശ്ചയമായും ഓരോരുത്തരും വ്യക്തികളാണ്. ഓരോരുത്തരും കർമ്മങ്ങളിൽ വ്യത്യസ്തരാണ്. അവർ ഓരോ ജോലി ചെയ്യുന്നുണ്ട്. എത്രയോ പെൺജീവികൾ എല്ലാ കഷ്ടപ്പാടുകളും സഹിച്ച് കുഞ്ഞുങ്ങളെ പ്രസവിച്ച് പോറ്റുന്നു .ആരാണ് അവരെ ഇതെല്ലാം പഠിപ്പിച്ചത് ?

ഏതൊരു വസ്തുവും പെട്ടെന്ന്  മാഞ്ഞുപോവുകയാണ്. അവയെല്ലാം  വെറും കഥകളായി മാറുന്നു. വിസ്മൃതിയിൽ അവ അടക്കം ചെയ്യപ്പെടുന്നു. അത്ഭുതകരമായ രീതിയിൽ ജീവിച്ചവർക്കും ഇത് ബാധകമാണ്. ബാക്കിയുള്ളവരാകട്ടെ അവസാന ശ്വാസമെടുത്തു വിടുന്നതോടെ അവർ എന്നേക്കുമായി  മറയുകയാണ്. ഒരാളും പിന്നീട് അവരെ ഓർക്കുന്നില്ല .

പതിനായിരക്കണക്കിന് അംഗങ്ങൾ ഒരിടത്തു സമ്മേളിച്ചുകൊണ്ട് ചില ജീവിവർഗങ്ങൾ എന്തെല്ലാം കർമ്മബന്ധങ്ങളിൽ ഉത്സുകരാവുന്നു. എന്നാൽ അവർ ആകസ്മികമായി, ഏതോ കാരണങ്ങളാൽ അകറ്റപ്പെടുന്നു. ഒരു പ്രാണിസമൂഹത്തിലെ ആയിരക്കണക്കിനല്ല , കോടികണക്കിന് അംഗങ്ങൾ ഈ പ്രപഞ്ചത്തിന്റെ മഹാകാലത്തിൽ ഒരിക്കലും ഒർമ്മിക്കപ്പെടാതെ, അടയാളങ്ങൾ അവശേഷിപ്പിക്കാതെ തിരിച്ചുപോയിരിക്കുന്നു.വാസ്തവത്തിൽ,ഇത്രയും നിഷ്ഫലമായ ഒരു ജീവിതത്തെയാണോ എല്ലാ ജീവിവർഗങ്ങളും ആവേശത്തോടെ പുൽകുന്നത് ? എന്താണ് ഈ ആത്മാവുകളുടെ രഹസ്യം ?ഒന്നിനും ഒരർത്ഥവുമില്ലെങ്കിൽ ഈ ജീവിതത്തെ കുറേക്കൂടി സമാധാനത്തോടെ സമീപിക്കാമായിരുന്നുവെന്ന് തോന്നാവുന്നതല്ലേ? ജീവിതത്തിൻ്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനുഷ്യന് അങ്ങനെ തോന്നുന്നുണ്ടോ?

"And,to conclude the matter ,what is even an eternal remembeance ?A mere nothing. "

ആത്യന്തികമായി എന്താണ് ഓർക്കപ്പെടുന്നത്? ശ്മശാനങ്ങളും മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും എല്ലാം ഒരു പോലെ മണ്ണിൽ ചേരുന്നു. എല്ലാ പേരുകളും വെള്ളത്തിൽ വരച്ച വരകളായി അപ്രത്യക്ഷമാകുന്നു.  ഓർമ്മകൾ ഒരു ഘട്ടം കഴിയുമ്പോൾ ഭാരമാണ് .ആദ്യകാലത്ത് എന്തിനെയും  ആവേശപൂർവ്വം ഓർക്കുന്ന നാം  പ്രായമാകുന്നതോടെ ഓർമ്മകളിൽ നിന്ന് ക്രമേണ അകലുകയാണ്. ഓർക്കുന്തോറും ചിന്തകൾക്ക് ഭാരമേറുകയും ശാരീരികവും മാനസികവുമായി പരിക്ഷീണിതരാവുകയും ചെയ്യുന്നു. 
ഓർമ്മകളിൽ നിന്ന് ഓടിയൊളിച്ചാൽ ധ്യാനവും ശാന്തിയും ലഭിക്കുന്നു.

"നമ്മുടെ വേദനകൾ പിന്നെ എന്തിനുവേണ്ടിയാണ്? നീതിയുള്ള ചിന്ത, മനുഷ്യോപകാരപ്രദമായ പ്രവൃത്തികൾ, കള്ളം പറയാതിരിക്കൽ ,ഏത് അനുഭവത്തെയും സ്വാഭാവികമായി സ്വീകരിക്കുക - ഒരു തത്ത്വത്തിൽ നിന്നും അതിൻ്റെ ഉറവിടത്തിൽ നിന്നും തനിയെ നിർഗമിച്ചത് എന്ന നിലയിൽ."

ഒന്നും തന്നെ സമ്പാദിക്കാനോ  സംരക്ഷിക്കാനോ കഴിയാത്ത ഈ ജീവിതത്തിൽ ആകെ ചെയ്യാവുന്നത് അവനവനിലുള്ള നന്മയെ പുറത്തെടുത്ത് ,കരയുന്നവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ വേദനകൾ തെല്ലൊന്ന് ശമിക്കും.ആശ്വാസമാവുകയാണെങ്കിൽ പതിതമായ മനസ്സുകളിൽ ഒരു നന്മയുള്ള ചിരി പടരും .അതായിരിക്കും ഈ നശ്വരമായ ജീവിതത്തിൽ നമുക്ക് നമ്മുടെ നന്മകളെക്കുറിച്ച് ബോധ്യം വരുന്ന നിമിഷം .ആ സന്ദർഭം നമ്മുടെ ജീവിതകാലത്തെങ്കിലും തിളക്കമുള്ളതായിരിക്കും. 

"ഓർമ്മിക്കുന്നവർക്കും ഓർക്കപ്പെടുന്നവർക്കും കുറച്ചു സമയമേയുള്ളു. "

എല്ലാത്തിന്റെയും തേരോട്ടങ്ങൾ തിരസ്ക്കരിക്കപ്പെടാനുള്ളതാണ്.  ചരിത്രം തന്നെ അഗാധമായ ഒരു മറവിയിലേക്ക് പോകാനുള്ള വഴി തിരഞ്ഞെടുത്തിരിക്കയാണ്. ഒരിക്കലും ഓർക്കപ്പെടാത്തവരാണ് മനുഷ്യർ. അതാണ് വിധി .പ്രകൃതി അതാണ് അതിൻ്റെ ഘടനയിൽ സജ്ജമാക്കിയിരിക്കുന്നത്. പ്രകൃതിക്ക് അതാണ് പ്രിയങ്കരമായിട്ടുള്ളത്. അനേകം പേരുകളും വ്യക്തിത്വങ്ങളും ഐഡന്റിറ്റികളും പ്രകൃതി എവിടെ ഓർമിച്ചു വയ്ക്കും?അത് പ്രകൃതിവിരുദ്ധവും അസാമാന്യമായ ഭാരമുള്ളതുമായ ജോലിയാണ്. പരസ്പരബന്ധത്തിന്റെയും അതിൽ നിന്നുണ്ടാകുന്ന പരിണാമങ്ങളുടെയും ഫലങ്ങളാണ് പ്രകൃതി ഓർക്കുന്നത്.

ഈയാമ്പാറ്റകൾ പൂർത്തിയാക്കുന്നത് 

"ഓരോന്നിന്റെയും മാറ്റം ശ്രദ്ധിക്കുക. പ്രകൃതി എല്ലാത്തിനെയും മാറ്റുന്നതിലാണ് ഊന്നൽ നല്കുന്നത്.  അതിൽ നിന്ന് അതുപോലെയുള്ള പുതിയ വസ്തുക്കൾ ഉണ്ടാവുകയാണ് ". 

പ്രകൃതി നമുക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. എന്നാൽ നമ്മളും  പ്രകൃതിയിലുണ്ട്. നമ്മളിലും അതുണ്ട്. അതിൻ്റെ സ്വാഭാവികമായ സഞ്ചാരത്തിൽ നമ്മളും പങ്കെടുക്കുകയാണ്. നമുക്ക് ഒരു മഹാലോകത്തിൻ്റെയുള്ളിലെ വസ്തുക്കൾ എന്ന പങ്കു മാത്രമേയുള്ളൂ. ഒരു യാത്രയെയോ  ചലനത്തെയോ യുക്തിയെയോ നമുക്ക് നിയന്ത്രിക്കാനാവില്ല. ഈയാമ്പാറ്റകൾ തീയിലേക്ക് വന്നു വീഴുന്നു. ഒരു പാറ്റ വീണത് കണ്ടാലും മറ്റു പാറ്റകൾ പിന്മാറില്ല.എല്ലാവർക്കും തീയിൽ വീണാൽ മതി .അവ സ്വന്തം ജീവിത ദൗത്യവും രഹസ്യവും മനസിലാക്കിയിരിക്കുന്നു. സുനിശ്ചിതമായ ഒരു സൗന്ദര്യാത്മക യാത്രയുടെ പര്യവസാനം എപ്പോഴും വേദന നിറഞ്ഞതു തന്നെ. മനുഷ്യനു ഈ നിശ്ചിതമായ ചംക്രമണത്തെ മാറ്റാനാകുമോ?

"നിലനിൽക്കുന്ന ഓരോന്നിലും അതിൻ്റെ വിത്തും അടങ്ങിയിരിക്കുന്നു. എന്നാൽ അതിനെ ഭൂമിയിലും  ഗർഭത്തിലും ഗർഭാശയത്തിലും വീണ വിത്ത് മാത്രമായി കാണരുത്."

മനുഷ്യനും ഇതുപോലെ തീയിൽ വീഴുകയാണ് .അതുപക്ഷേ, പ്രത്യക്ഷത്തിലുള്ള തീയാകണമെന്നില്ല. തീ പോലെയുള്ള എന്തുമാകാം. നമുക്കറിയില്ല അതിൽ വീണാൽ ചാരമാകുമെന്ന് .എന്തെന്നാൽ നമുക്ക് മുന്നേ പോയ ആരുടെയും വിധി നമ്മെ സ്വാധീനിച്ചിട്ടില്ല .നാം അതിനെക്കുറിച്ച് പഠിച്ചിട്ടില്ല. നമുക്ക് ഓരോ തീനാളത്തിലും -വിശ്വസ്തതയോ, അടിമത്വമോ, പ്രണയമോ ,ബന്ധമോ - എന്തുമാകട്ടെ വീണു മരിക്കുന്നതാണ് നമ്മുടെ വിധി. ആരു പിന്തിരിപ്പിച്ചാലും  അത് മാറില്ല. നമ്മുടെ വിധി നാം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞതാണ്.

"നിങ്ങൾക്ക് ദോഷകരമായത് വരുന്നത് മറ്റൊരാളുടെ മനോഗതത്തിൽ നിന്നല്ല; നിങ്ങളുടെ ശാരീരികരമായ പ്രത്യേകതകളിൽ നിന്നോ പെരുമാറ്റങ്ങളിൽ നിന്നോ അല്ല. പിന്നെ എവിടെ നിന്നാണ് ?തിന്മകളെക്കുറിച്ച് അഭിപ്രായം രൂപീകരിക്കുന്ന ,നിങ്ങളുടെ മനസ്സിൽ നിന്നാണ് "

അതുതന്നെയാണ് വിധി .മറ്റൊരാൾ എന്ത് ചെയ്താലും പറഞ്ഞാലും അതിൽ നിന്ന് രക്ഷപ്പെടാൻ നമുക്കാവില്ല .നമ്മെ ചുരണ്ടി  നശിപ്പിക്കുന്ന ചിതൽക്കൂട്ടം നമ്മുടെയുള്ളിലാണ് .അവ എപ്പോഴും നമ്മെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.  തിന്മയുടെ ചിതലുകളാണെന്ന് മാത്രം. ആ ചിതലുകൾക്ക് വളക്കൂറുള്ള മണ്ണാണല്ലോ നിങ്ങളുടെ മനസ്സ്. മനസ് എന്ന ചപ്പു കൂന ,മലിനമായ ഇടം സദാ സജീവമാണ്. നമ്മൾ എത്ര സ്നേഹത്തോടെ ഒരാൾക്ക് വേണ്ടി പ്രവർത്തിച്ചാലും അയാൾ അതൊന്നും ഓർക്കണമെന്നില്ല .കാരണം, പ്രകൃതിയിൽ ഓർമ്മകളില്ലല്ലോ .മാത്രമല്ല, ഓർമ്മകൾ ഇല്ലാതായതുകൊണ്ട് അയാൾ നമുക്ക് എതിരാവുകയും ചെയ്യുന്നു. ഇത്  സ്വാഭാവികമാണ്. മറവി അയാളെ  പുതിയൊരു മനുഷ്യനാക്കുന്നു.  ഓർക്കാനുള്ളത്  ശേഷിക്കുന്നത് അയാൾക്ക് മടുപ്പും വെറുപ്പും ഉണ്ടാക്കും .അയാൾ ആ ബന്ധനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിൻ്റെ ഫലമായി നമ്മെ ഉപദ്രവിക്കാൻ നോക്കും. അത് അയാളുടെ മനസ്സിന് സ്വന്തം യുക്തിരഹിതമായ വാദങ്ങളെ സാധൂകരിക്കാനുള്ള ചവിട്ടുപടി നൽകും.

"We were formed by nature for mutual assistance ."

യഥാർത്ഥത്തിൽ നമുക്ക് പരസ്പരം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കാനാണ് പ്രകൃതി ഉദ്ദേശിച്ചിട്ടുള്ളത്. അങ്ങനെയാണ് സൃഷ്ടി .ഒരു ജീവിവർഗ്ഗത്തിലെ അംഗങ്ങളുടെ സ്വഭാവവും പെരുമാറ്റവും അടിസ്ഥാനപരമായി  ഒന്നാണല്ലോ. മാനുകളുടെ ഒരു കൂട്ടം പൊതുവായി പെരുമാറുന്നതു ഒരുപോലെയാണ്.ഒരു മാൻ മറ്റൊരു മാനിനെക്കാൾ മികവുറ്റതാകണമെന്നില്ല. മനുഷ്യൻ്റെ കാര്യത്തിലാണെങ്കിൽ സ്വാർത്ഥമായ ചിന്തകളും മത്സരങ്ങളുമുണ്ടെങ്കിലും അവയവങ്ങളുടെ ഘടന ,പൊതുവികാരങ്ങളോടുള്ള  പ്രതികരണം, ഒരുമിച്ചുള്ള താമസം തുടങ്ങിയവ പരസ്പരം സഹകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് .

"ചെയ്യുന്നത് എന്താണെന്ന് വിവേചിച്ചറിയണം. The bodily eye sees not these things;another sort of sight must discern them."

ഒറേലിയസിൻ്റെ സൂക്ഷ്മദൃഷ്ടി ഈ വാക്കുകളിലുണ്ട് .ശരീരത്തിലെ കണ്ണുകൾ അതിൻ്റെ ജോലി ചെയ്യുന്നു. അതിൽ വിവേചനമില്ല. നമ്മുടെ അനുവാദം ചോദിച്ചിട്ടില്ല കണ്ണുകൾ കാണുന്നത്.  അതിന് ആ കാര്യത്തിൽ പ്രത്യേക ഇഷ്ടമോ വിദ്വേഷമോ ഇല്ല. ഒരു സെൻ ബുദ്ധിസ്റ്റിൻ്റെ സംസ്കാരമാണ് കണ്ണുകൾക്കുള്ളത്. കണ്ണുകൾ ഇപ്പോൾ ,ഈ നിമിഷമാണ്  കാണുന്നത്. സത്യവും അസത്യവും ഒരുപോലെ കാണുകയാണ് കണ്ണുകൾ. 
എന്നാൽ മറ്റൊരു ഉൾക്കണ്ണ് ഉണ്ടെങ്കിലേ വിവേചിച്ചറിയാനുള്ള കഴിവ് ലഭിക്കൂ. അന്തരിന്ദ്രിയം കണ്ണുകളായി പ്രവർത്തിക്കണം .അത് എളുപ്പമല്ല. 

ഒരു രഹസ്യം 

"Death is ,like our birth,
a mystery of nature."

പഠനങ്ങളും വിചാരങ്ങളും ഏകോപിപ്പിക്കുമ്പോഴാണ് നമുക്ക് ശരിയായ മാർഗദർശനം കിട്ടുന്നത്. ആനന്ദത്തേക്കാൾ വലുതാണ് നീതി എന്ന ബോധം എവിടെ നിന്നു കിട്ടും? എല്ലാവരും അനുഭവത്തിനായി ഓടുകയാണ്. അപ്പോൾ ആനന്ദമോ ?

ഗുരുക്കന്മാരെല്ലാം പറയുന്നു, ഇതല്ല ജീവിതമെന്ന് .അവർ കണ്ട ജീവിതം  എന്തായിരിക്കും? അതാണ് ഒറേലിയ സ് മരണത്തെപ്പറ്റി പറയുന്നതിൽ കാണുന്നത്. മരണം പ്രകൃതിയുടെ ഒരു രഹസ്യമാണ്, ജനനം പോലെ. എന്തിനാണ് ജനിച്ചതെന്ന് ഒരു പണ്ഡിതനും പറയാനൊക്കില്ല. ഈ കാണുന്ന ശരീരം ,ചിന്തകൾ ,മനസ് തുടങ്ങിയവ എവിടെ നിന്നു വന്നു. ആരെങ്കിലും മുൻകൂട്ടി ഇത് തീരുമാനിച്ചതാണോ ? എന്തുകൊണ്ട്? നമുക്ക് എന്താണ് നമ്മുടെ മേലുള്ള അധികാരം?.കാരണം ,നമ്മൾ കൃഷി ചെയ്ത് ഉണ്ടാക്കിയ ജന്മമല്ലല്ലോ ഇത്. 
അതുകൊണ്ട് മുറിവേറ്റു എന്ന് പറയുമ്പോൾ മുറിവിനെയാണ് നിങ്ങൾ ഉപേക്ഷിക്കേണ്ടത്. മുറിവേൽക്കാനുള്ള മനസ്സിനെ നിങ്ങൾക്ക് തടയാനാവണം.ഒരു വൃക്ഷത്തിലെ പഴം താഴേക്ക് വീണു മുളയ്ക്കുന്നു. അത് ഒരു ക്രമമല്ലേ? വിത്തു തന്നെയാണ് വൃക്ഷം. പക്ഷേ ,വിത്തുകൾ താഴെ മണ്ണിൽ വീഴണം. ആ ക്രമം ഒരു തത്ത്വചിന്തയുമാണ് .ആർക്കാണ് അതിനെതിരെ സംസാരിക്കാനാവുക ?വിവേകം ഇതിൽ നിന്നാണ് ഉണ്ടാകുന്നത്. 

"ശ്രദ്ധിച്ചാൽ മനസിലാകും, എല്ലാം തന്നെ നീതിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്തു ചെയ്യുമ്പോഴും വിവേകത്തോടെ നന്മയിൽ ജീവിക്കുക, നന്മയുടെ യഥാർത്ഥ ആശയത്തിൽ."

മനുഷ്യോപകാരപ്രദമാവണം കർമ്മങ്ങൾ.ഇത് പ്രകൃതിയിൽ ഇല്ലാത്തതാണ്. പ്രകൃതി ഒന്നിൻ്റെ നഷ്ടം മറ്റൊന്നിലൂടെ നികത്തുകയാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആശ്രയിക്കുക  എന്നാൽ ഹിംസിക്കുക എന്നും പറയാം.  പ്രകൃതിയിൽ ഹിംസയും മമതയും പലപ്പോഴും വേർതിരിച്ചെടുക്കാനാവില്ല.  അനിവാര്യതയിലാണ് അത് മുന്നോട്ടുപോകുന്നത്. എന്നാൽ മനുഷ്യനു വിവേകം വേണം. അവൻ ത്യാഗം, സ്നേഹം തുടങ്ങിയ ആശയങ്ങളെ വികസിപ്പിച്ചിട്ടുണ്ട്.

"മാനവരാശിയുടെ താൽപര്യാർത്ഥം  ചെയ്യുക .നിങ്ങളുടെ സ്വഭാവം മാറ്റാൻ  തയ്യാറായിരിക്കുക; തിരുത്തൽ  ആവശ്യമായി വരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും മാറേണ്ടതുണ്ട്."

വിവേകികളാകുമ്പോഴാണ് നാം മാറുന്നത്. യാതൊന്നിൻ്റെയും അന്തർ നാടകങ്ങളെ ബുദ്ധികൊണ്ട് വിവേചിച്ചറിയുമ്പോൾ തെറ്റുകൾ തിരുത്താൻ തയ്യാറാകണം. ചിലപ്പോൾ മറ്റൊരാൾ അത് ചൂണ്ടിക്കാണിക്കുമ്പോഴാകും ബോധ്യപ്പെടുക. 
എല്ലാത്തിനെക്കുറിച്ചും അതാതു സമയത്ത് നമുക്ക് ചിന്തിക്കാനാവില്ല. ഒരു ഗുരുവിന്റെ വാക്കുകൾ അവിടെയാണ് പ്രസക്തമാവുന്നത്. ഗുരുക്കന്മാർ സമൂഹത്തിന്റെ പൊതുധാരയ്ക്ക് ,ബോധത്തിനപ്പുറത്ത് ആന്തരികമായ ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നവരാണ് .

"മാറുന്നത് നീതിയുടെ ജീവിഗണത്തിനു വേണ്ടിയാണ്. സന്തോഷത്തിനോ പ്രതാപത്തിനോ വേണ്ടിയാകരുത് "

നീതി ഒരുകൂട്ടം ജൈവഘടകങ്ങളാണ്. നീതിയെ മനസ്സിലാക്കുക പ്രയാസവുമാണ്. ഓരോരുത്തരും അവരവരുടെ ബോധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം വിമർശനത്തിനു തയ്യാറല്ല. അതുകൊണ്ട് നീതി ഒരുവൻ്റെ ധാർഷ്ട്യവും കൈകടത്തലുമായി രൂപാന്തരപ്പെടും .അവിടെയാണ് വ്യക്തി അതിൽ നിന്ന് സ്വതന്ത്രനായി, തന്റെ നിസ്സാരമായ അസ്തിത്വത്തെപ്പറ്റി മനസ്സിലാക്കി ലോകത്തിന് ക്ഷേമം വരുത്തുന്ന തീരുമാനത്തിലെത്തുന്നത്. നമുക്ക് മാത്രമേ ത്യാഗം ചെയ്യാനാവൂ. മറ്റൊരാളെക്കൊണ്ട് ത്യാഗം ചെയ്യിക്കാനാവില്ല.നമ്മൾ പിന്മാറുമ്പോൾ അത് ഏറ്റവും വിശുദ്ധമായ പ്രക്രിയയാകുന്നു.

"നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഒരു പ്രക്രിയയുടെ ഭാഗമായാണ്. നിങ്ങൾ വീണ്ടും ഇത് ഉപേക്ഷിക്കാൻ പോവുകയാണ്, നിങ്ങളുടെ ഉറവിടത്തിലേക്ക് ".

നമ്മളാരും ഇവിടെ ഒരു ചിരകാല സ്ഥാപനമോ, ആശയമോ, വർത്തമാനമോ ആകാൻ പോകുന്നില്ല. നമ്മൾ ഇവിടെ ജീവിക്കുന്നത് ഒരു സംയുക്ത ശരീരത്തിൻ്റെ ഭാഗമായാണ്. നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്നു പോലും നമ്മൾ ഉണ്ടാക്കിയതല്ല . വസ്ത്രവും ഭക്ഷണവും മറ്റു ഉപകരണങ്ങളുമെല്ലാം ഈ ലോകത്തിൻ്റെ ഏതോ കോണിലിരുന്ന്  ആരൊക്കെയോ നിർമ്മിച്ചതാണ്. അവർ ഉണ്ടെങ്കിലേ നമുക്ക് ജീവിക്കാനാകൂ.അപ്പോൾ വെറുപ്പ് എത്ര  അപ്രസക്തമായ കാര്യമാണ്.ഓരോ ദിവസവും ഓരോ കാര്യത്തിനും നമുക്ക് അന്യരുടെ സഹായം വേണം. ഭക്ഷണം കഴിക്കുന്ന പാത്രം പോലും നമ്മൾ നിർമ്മിച്ചതല്ല. അപ്പോൾ നമ്മുടെ അഹന്ത എത്ര ദുർബ്ബലമാണ്. പഞ്ചഭൂതങ്ങളും അങ്ങനെ തന്നെ. എല്ലാം പ്രകൃതിയുടെ ദാനമാണല്ലോ. അതിന്മേൽ നമുക്ക് അധികാരമില്ല .നമ്മൾ പരാന്നഭോജികളും നിസ്സഹായരുമാണ്.

അനശ്വരത എവിടെ ?

"സഹസ്രാബ്ദങ്ങൾ ജീവിക്കാമെന്ന ചിന്തയിൽ ഒന്നും ഡിസൈൻ ചെയ്യേണ്ട; ജീവിക്കുമ്പോൾ നല്ലത് ചെയ്യുക ".

ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കാമെന്നാണ് ഓരോ മനുഷ്യന്റെയും ചിന്തയെങ്കിൽ അത് മലിനമാണ്. കലാകാരന്മാർക്കോ എഴുത്തുകാർക്കോ അതുവേണ്ട. ഇപ്പോൾ തന്നെ ,രണ്ടായിരത്തിലേറെ വർഷത്തെ ചരിത്രമല്ലാതെ വ്യക്തികളെ ആരും ഓർക്കുന്നില്ല.ഒരു രേഖപ്പെടുത്തൽ സംഭവിക്കുന്നുണ്ട്. അത് പക്ഷേ വിസ്മൃതമാണ്.

"Time is a river , a violent torrent of things coming in to being ;each one ,as soon as it has appeared , is swept off and disappears, and is succeeded by another which is swept away in its turn."

പ്രകൃതിയുടെയും മനുഷ്യരുടെയും ജീവിവർഗങ്ങളുടെയും ആകെത്തുക ഇതാണ്. നമ്മുടെ തലമുറ നിശേഷം തുടച്ചുമാറ്റപ്പെട്ട ശേഷം മറ്റൊന്നു ഇവിടെ വരുന്നു. അവരും തുടച്ചുമാറ്റപ്പെടുന്നു .തലമുറകൾ തമ്മിൽ യാതൊരു പരിചയവുമില്ല .പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിലുള്ളവരുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിലുള്ളവർക്ക് യാതൊരു ബന്ധവുമില്ല .എന്നാൽ നമ്മൾ ,ഈ മനുഷ്യകുലം പരസ്പരം സഹകരിച്ചാണ് ജീവിക്കുന്നത്. ഒരാളെ കൊണ്ട് അനേകർക്ക് പ്രയോജനമുണ്ട്. അതുകൊണ്ട് നമ്മൾ ഒരു ശരീരമാണ്. 

"റോസാപ്പൂക്കൾ വിടരുന്നതുപോലെയാണ് ലോകത്ത് ഓരോന്നും സംഭവിക്കുന്നത്; വേനൽക്കാലത്തെ പഴങ്ങൾ പോലെയും .രോഗങ്ങളും മരണങ്ങളും അപവാദങ്ങളും വഞ്ചനകളും എല്ലാം ഒന്നുകിൽ സന്തോഷമോ അല്ലെങ്കിൽ സങ്കടമോ ഉണ്ടാക്കുന്നു." 

ലോകത്ത് നമ്മുടെ നന്മതിന്മകൾക്കും സുഖദു:ഖങ്ങൾക്കും അപ്പുറത്ത് ചിലതെല്ലാം പൂർണത തേടുന്നു. അത്  വികസിക്കാനും വിടരാനും പറ്റിയ ഇടങ്ങൾ എവിടെയുണ്ടോ പ്രകൃതി അത് സാധ്യമാക്കുന്നു. എല്ലാം പൂക്കളാണ് ;സങ്കടങ്ങളും വിരഹങ്ങളും വിടവാങ്ങലുകളും .എല്ലാത്തിനും പ്രകൃതി സന്നിവേശിപ്പിച്ച സുഗന്ധമാണ്.

"രോഗികളെ മരണത്തിൽ നിന്ന് രക്ഷിച്ച ഡോക്ടർമാർ ഒടുവിൽ മരണത്തിനു കീഴടങ്ങി. അതുപോലെ ജ്യോതിഷ പണ്ഡിതന്മാർ ,മരണത്തെക്കുറിച്ച് പ്രവചിച്ചവർ പിന്നീട് മരണത്തിനു കീഴടങ്ങി. തത്ത്വചിന്തകന്മാർ, മരണത്തെക്കുറിച്ച് പ്രബന്ധമെഴുതിയവർ, അവരും മരിച്ചു.  അതുപോലെ ചില യോദ്ധാക്കൾ, എത്രയോ പേരെ വധിച്ചവർ, അവരും കാലത്തിൻ്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞു. ഏകാധിപതികളും മരിച്ചു. അതുപോലെ നഗരങ്ങൾ, എത്രയെത്ര നഗരങ്ങൾ ,എല്ലാം മരിച്ചു. മറ്റൊരാളുടെ സംസ്കാരത്തിൽ പങ്കെടുക്കുന്നവനെ പിന്നീട് മറ്റൊരാൾ സംസ്കരിക്കുന്നു. ഇതെല്ലാം ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ സംഭവിക്കുകയാണ് ."

മറ്റൊരാളുടെ ചരമ ശുശ്രൂഷ കഴിഞ്ഞ് ഒരാൾ മരണത്തിലേക്ക് മടങ്ങുകയാണെങ്കിൽ അത് ഒരു ചക്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.  തുടങ്ങിയിടത്തു തന്നെ വരാതെ ചക്രം കറങ്ങുന്നില്ല. തൊട്ടടുത്തുള്ള കോഴിയെ എടുത്തുകൊണ്ടുപോയി വെട്ടിക്കൊല്ലുന്നത് ,ശേഷിക്കുന്ന കോഴികൾ കാണുമ്പോഴും അവയ്ക്ക് തീറ്റ തിന്നാനാവുന്നുണ്ട്. വ്യർത്ഥതയാൽ ശരീരമാസകലം മുങ്ങി കിടക്കുമ്പോൾ സത്യത്തോടു പോലും പ്രതികരിക്കാൻ തോന്നുകയില്ല. എല്ലാം പെട്ടെന്ന് കഴിയേണ്ടതു തന്നെയെന്ന ചിന്തയിൽ ആ കോഴികൾ ഒരു ചക്രത്തിൻ്റെ കറക്കം പൂർത്തിയാക്കുന്നത് നോക്കിയിരിക്കയാണ്. മരണത്തെയും ദുരന്തത്തെയും അറിഞ്ഞുകൊണ്ട് തന്നെ അതിൻ്റെ വരവിനായി കാക്കാതെ സ്വന്തം മിഥ്യകളിൽ അഭിരമിക്കുക. മനുഷ്യനും ഇങ്ങനെയാണ് .എല്ലാം നിഷ്ഫലമാണ് .ആഗ്രഹമോ ആത്മാർത്ഥതയോ പതിന്മടങ്ങ്  വിനാശകാരികളായി തിരിച്ചുവരും. അപ്പോഴും സൗമ്യമായിരിക്കാൻ ശീലിക്കണം.

"All human affairs are mean ,and but for a day."

മനുഷ്യർക്ക് എന്തും പറയാം .എത്രയും പൊങ്ങച്ചം അഭിനയിക്കാം. ആവുന്നിടത്തോളം സമ്പാദിക്കാം.  എല്ലാം നേടിയാലും അതിനേക്കാൾ നൂറിരട്ടി വേഗതയിൽ അതെല്ലാം അയാളെ ഉപേക്ഷിക്കാൻ കാത്തിരിക്കുകയാണ്. ഏത് നിമിഷത്തിലും, അയാൾക്ക് രോഗമോ വീഴ്ചയോ സംഭവിക്കാം. അപ്പോൾ അയാൾ ഒരു പഴന്തുണിക്കെട്ട് പോലെ ഉപയോഗശൂന്യമാകും. അയാൾ ഉയർത്താൻ ശ്രമിച്ച തത്ത്വശാസ്ത്രങ്ങൾ നനഞ്ഞ പൂച്ചയെപ്പോലെ മാറിപ്പോകും. ജീവിതം എപ്പോഴാണ് അതിൻ്റെ തനിസ്വരൂപം അനാവൃതമാക്കുന്നതെന്ന് പറയാനാവില്ല.ലോകം നിരാശപ്പെടുത്തുമ്പോൾ ഒരു തത്ത്വശാസ്ത്രമില്ലാതെ നാം വിഷമിക്കും.

"What yesterday was a trifling embroyo,tomorrow shall be an embalmed carcase ,or ashes."

ഇന്നലെ എന്നത് ഒരു ഭ്രൂണമായിരുന്നെങ്കിൽ നാളെ എന്നത് ഒരു കബന്ധമാണ് ,കേടു വരാതിരിക്കാൻ ലേപനം പുരട്ടിയത്. അല്ലെങ്കിൽ ചാരം .ആ ചാരത്തെക്കുറിച്ച് ഓർത്താൽ ജീവിക്കാൻ തോന്നില്ല. എങ്കിലും ആ ജീവിതത്തെ ആവേശം കൊള്ളിക്കുന്ന പല തരത്തിലുള്ള വൈകാരിക ജ്വരങ്ങളുണ്ട്. നൈമിഷികമാണെങ്കിലും ആ സുഖങ്ങൾ അവൻ ഉപേക്ഷിക്കുന്നില്ല .യാതൊന്നിനും ആയുസ്സില്ലെങ്കിലും അതും അവൻ  ആഘോഷിക്കുകയാണ്. 

പ്രകൃതി വ്യർത്ഥതയെ പരിവർത്തനം ചെയ്യട്ടെ 

"ഈ നിമിഷത്തെ പ്രകൃതിക്ക് വേണ്ടി  സന്തോഷത്തെ പിന്തുടരുക.  സന്തോഷത്തോടെ പിരിഞ്ഞു  പോവുക."

എല്ലാ വ്യർത്ഥതകളും സ്വന്തം തലയിൽ  നിന്ന് മാറ്റുക. പ്രകൃതി ആ വ്യർത്ഥതയെ എന്തെങ്കിലുമായി പരിവർത്തനം ചെയ്യട്ടെ .ഒരു നിമിഷത്തെ സംഭാഷണത്തിനും പ്രാധാന്യമുണ്ടല്ലോ. ജീവിക്കുന്ന നിമിഷം സങ്കീർണമാകാതിരിക്കുന്നതിലാണ് സാമർത്ഥ്യം വേണ്ടത് .ഏതൊരു ഇടപാടും ബന്ധവും സങ്കീർണമാക്കാം. അത് നമ്മൾ ഇടപെടുന്നതിൻ്റെ  സ്വഭാവമനുസരിച്ചിരിക്കും. വിചിത്ര യുക്തികളാണ് മനുഷ്യനുള്ളത്. വിജയത്തിനുവേണ്ടി അവൻ പാഴ് യുക്തികൾ പരിചപോലെ ഉപയോഗിക്കാൻ തുടങ്ങും. തർക്കം മൂക്കുമ്പോൾ ഇരുകൂട്ടർക്കും യുക്തി മനസ്സിലാകാതെ വരും. ലളിതമായി മനസ്സിലാക്കാവുന്ന കാര്യങ്ങൾ ചർച്ച ചെയ്തു കുഴപ്പത്തിലാക്കാനാവും.

"Ever speak and act what is most sound and upright. "

മനുഷ്യൻ്റെ യുക്തി എപ്പോഴും ഇല്ലാത്തത് ഉണ്ടെന്ന് സ്ഥാപിക്കുന്നതാണ് .അതുകൊണ്ടാണ് സംസാരിക്കുന്നതിന് മുമ്പ് എപ്പോഴും ആലോചിക്കണമെന്ന് സൂചിപ്പിക്കുന്നത്. സംസാരിക്കുന്നതിന് വ്യക്തത ആവശ്യമാണ്. അപ്പോൾ കലഹങ്ങൾ കുറയും. രണ്ടുപേർ തമ്മിൽ സ്നേഹത്തോടെ സംസാരിച്ചാൽ തന്നെ  സംഘർഷത്തിലേക്ക് പോകാൻ എളുപ്പമാണ്. മനുഷ്യൻ ഒരു അപായക്കെണിയാണ്. അവൻ്റെ ജീവിതം തന്നെ ഒരു കെണിയാണ് -മാക്സിം ഗോർക്കി പറഞ്ഞിട്ടുണ്ട്. അവൻ തന്നിൽ തന്നെ ബന്ധിതനാണ്. ചാർളി ചാപ്ളിൻ ഒരു  സിനിമയിൽ പ്രസംഗത്തിൽ പറയുന്നുണ്ട് ,ഏറ്റവും വേഗതയാർജിച്ച മനുഷ്യൻ അവൻ്റ മനസ്സ് അടച്ചുപൂട്ടി വെച്ചിരിക്കുകയാണെന്ന്. 

"ഞാനെൻ്റെ വഴിയിലൂടെ നടന്നത് പ്രകൃതിയുടെ ഒരു നിശ്ചയമാണ്;എൻ്റെ അവസാനശ്വാസം എടുക്കുന്നതു വരെ ,മണ്ണിലേക്ക് പതിക്കുന്നതുവരെ. അവിടെ നിന്നാണ് എൻ്റെ പിതാവിനു വിത്ത് കിട്ടിയത്, അമ്മയ്ക്ക് രക്തം കിട്ടിയത് ,എന്നെ പരിചരിച്ചവർക്ക് പാൽ കിട്ടിയത് ,ഇറച്ചിയും വെള്ളവും  തന്നത് .ഈ മണ്ണാണ് എന്നെ നടത്തിയത്.പലരീതിയിൽ അതെല്ലാം ദുരുപയോഗം ചെയ്യപ്പെട്ടു."

എത്രയോ ബന്ധിതമാണ് നമ്മുടെ 'സ്വാതന്ത്യം'.സ്വാതന്ത്ര്യം ഒരു അലങ്കാര ചിന്തയാണ്. നമുക്ക് എവിടെയാണ് സ്വാതന്ത്ര്യം? എല്ലാത്തിനോടും നാം സമാധാനം പറയണം .പഞ്ചഭൂതങ്ങളിൽ നിന്നാണ് നമ്മുടെ വംശമത്രയും ഉണ്ടായിരിക്കുന്നത്. ഒരു കണക്കുമില്ലാതെ മണ്ണും വെള്ളവും വായുവും നമുക്ക് ലഭിച്ചു.ജീവിതം മണ്ണിൻ്റെ ഒരു ആശയമാണ്. എല്ലാം മണ്ണിലേക്ക് വിഘടിച്ചു പോകേണ്ടതാണ്. മണ്ണിൽ നിന്ന് ഉയർന്ന് മണ്ണിലേക്ക് എത്തിച്ചേരുന്നതിനിടയ്ക്കുള്ള ഒരു കപട യാഥാർത്ഥ്യമാണ് നമ്മുടെ ജീവിതം. അതു ചിലപ്പോഴൊക്കെ പ്രതീതിയാണ്. അതുകൊണ്ടാണ് പ്രകൃതി നമുക്കൊന്നും ഓർമ്മിക്കാനില്ലെന്ന് ജൈവഘടനയിൽ തന്നെ എഴുതി വച്ചിരിക്കുന്നത്. പിറവികൾ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിന്റെ ഭാഗമാണ്. അതിൽ ആത്മാവിനെക്കുറിച്ച് എല്ലാവരും പറയും. നമുക്ക് സ്വന്തമായി ആത്മാവുണ്ടോ ?ഓരോരുത്തരും അവരവരുടെ ആത്മാവിനെക്കുറിച്ചാണ് പറയുന്നത്. നമ്മിൽ തന്നെയുള്ള ഒരു മിഥ്യയല്ലേ അത് ? നമുക്ക് ശേഷം അത് എവിടെയുമില്ല.

"എൻ്റെ ആത്മാവ് ആരുടേതാണ്? ഒരു കുട്ടിയുടെയോ ,യുവാവിന്റെയോ, അല്ലെങ്കിൽ സ്ത്രീയുടെയോ?"

ശരീരത്തിൻ്റെ പ്രത്യേകതകൾ അനുസരിച്ചാണോ ആത്മാവിന്റെ ലോകം വികസിക്കുന്നത് ?നാം ഏത് ലിംഗത്തിൽപ്പെട്ടതായാലും നമ്മുടെ ആത്മാവ് അതിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നു .ഒറേലിയസ് ആത്മാവിനെ അന്വേഷിച്ചപ്പോൾ അത് പ്രകൃതിയിൽ ഏകമായിരിക്കുന്നത് കണ്ടു .അതേസമയം അത് നമ്മളിൽ ഓരോരുത്തരിലും നിലനിൽക്കുന്നതായി തോന്നുന്നു.

ഡേവിഡ് ഫോർദൈസ് (David Fordyce), അബെർദീനിലെ തത്ത്വശാസ്ത്ര അധ്യാപകൻ ,ഒറേലിയസിനെപ്പറ്റി പറഞ്ഞത്, ഈ പുസ്തകത്തിൻ്റെ  അവതാരികയിൽ ജെയിംസ് മൂർ (James Moore)ഉദ്ധരിക്കുന്നു: അദ്ദേഹത്തിൻ്റെ തത്ത്വങ്ങൾ ഉദാത്തമാണ്. മഹത്വത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകൾ മഹത്തരവും ആജ്ഞാശക്തിയുള്ളതുമാണ്.

മർകസ് ഒറേലിയസിൻ്റെ പ്രസക്തമായ ചില ദാർശനിക ചിന്തകൾ ചുവടെ അവതരിപ്പിക്കുന്നു:

1)ഇന്നത്തെ കാഴ്ചകൾ കാണുന്നവന് അനശ്വരതയിൽ നിന്നുകൊണ്ടോ അല്ലെങ്കിൽ അനശ്വരതയിലേക്കോ നോക്കാൻ കഴിയും. കാരണം, എല്ലാത്തിന്റെയും പ്രകൃതം ഒന്നുതന്നെയാണ്.

2)പ്രപഞ്ചത്തിൽ ഓരോന്നും പരസ്പരം കെട്ടുപിണഞ്ഞിരിക്കുകയാണ്. അതുകൊണ്ട് അവയെല്ലാം പരസ്പരം സ്നേഹത്തിലാണ് .

3)ദൈവാധീനത്തിന് നിങ്ങളിലേക്ക് വന്നുചേർന്നതിനെ സ്വീകരിക്കുക. എല്ലാവരെയും സ്നേഹിക്കുക , അവരോടൊപ്പം നിങ്ങൾക്ക് ജീവിക്കാൻ അവസരം വന്നു ചേർന്നിരിക്കയാണ്;അത് ആത്മാർത്ഥതയോടെയായിരിക്കണം.

"Adapt thy self to those things which are destined for you by providence ,and love those men,with whom it is your lot to live ,and that with a sincere affection "

4)നമ്മളെല്ലാം സഹകരിക്കുന്നുണ്ട്, ഒരു വലിയ കർമ്മത്തിന് വേണ്ടി. ലോകത്തിലെ പ്രാപഞ്ചികമായ മനസ്സിൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമായി, അറിഞ്ഞോ അറിയാതെയോ . ഉറങ്ങിക്കിടക്കുന്ന ഒരാൾ പ്രവർത്തിക്കുകയാണെന്ന് ഹെറാക്ളിസ്റ്റസ് പറഞ്ഞത് ഒറേലിയ സ് ഉദ്ധരിക്കുന്നു. 

5)പ്രപഞ്ചത്തിൻ്റെ പദ്ധതിക്ക് അതീതമായി യാതൊന്നിനും നിങ്ങളെ വീഴ്ത്താനാവില്ല.

6)പുതിയതായി ഒന്നുമില്ല. എല്ലാം പഴയതാണ്. അതിൻ്റെ വാഴ്വ് കുറച്ചുകാലത്തേക്ക് മാത്രമാണ്.

7)ആകെ നോക്കുമ്പോൾ ലോകത്തിൽ ഒരു ദൈവമേയുള്ളു.
There is one God in the whole. അതുപോലെ ഒരു പദാർത്ഥം ,ഒരു നിയമം, ഒരു യുക്തി മാത്രമേ ബുദ്ധിയുള്ള ജീവിക്കുള്ളൂ. അവയെല്ലാം ഒരേ സ്വഭാവക്കാരാണ്. അവയ്ക്ക് ഒരേ യുക്തിയാണ് .

8)ഭൗതികമായത് എല്ലാം വേഗം നശിക്കും. പ്രപഞ്ചത്തിലെ പദാർത്ഥ സംയുക്തത്തിലേക്ക് അത് ലയിക്കുന്നു.

9)ഓരോന്നിൻ്റെയും ഓർമ്മകൾ വേഗത്തിൽ അനന്തതിയിലേക്ക് വിലയം പ്രാപിക്കുകയാണ്. 

10)നിങ്ങൾക്ക് പ്രിയപ്പെട്ടതിനെ ആശ്രയിച്ച് ജീവിക്കുക.

11)കൈയിലുള്ളതിനേക്കാൾ പ്രാധാന്യം കൈയിലില്ലാത്തതിനു കൊടുക്കാതിരിക്കുക .

12)മരണം ഒരു ചിതറലാണ്; അല്ലെങ്കിൽ അണുക്കളുടെ അപ്രത്യക്ഷമാകലാണ്,  വംശനാശമാണ് ,മറ്റൊരു അവസ്ഥയിലേക്കുള്ള പരിഭാഷയാണ്.

"Concerning death.Its either a disperson,or atoms ,a vanishing ,an extinction ,or a translation to another state."

13)നക്ഷത്രങ്ങളുടെ ഭ്രമണത്തെ നോക്കൂ.നിങ്ങളും അവയ്ക്കൊപ്പം സഞ്ചരിക്കുകയാണ്.

14)പ്ളേറ്റോ പറഞ്ഞു ,മനുഷ്യജീവിതത്തെ ഒരു ഉയർന്ന വിതാനത്തിൽ നിന്ന് നോക്കണമെന്ന്.എല്ലാം ഐഹികമാണ്. 

15)കഴിഞ്ഞ കാലങ്ങളിലെ ചക്രവർത്തിമാരുടെ ജീവിതം നോക്കിയാൽ, നമുക്ക് നാളെയെക്കുറിച്ച് ഒരു രൂപം കിട്ടും. എല്ലാം ഒരേ തരക്കാരാണ്.


16)നിങ്ങളുടെ ജീവിതം അവസാനിച്ചു എന്നും അത് ഗതകാലത്തേതാണെന്നും  കരുതുക. പിന്നെ എന്താണ് പ്രതീക്ഷിക്കപ്പുറത്ത് നിലനിൽക്കുന്നത്? പ്രകൃതിക്ക് അനുസരിച്ച് ജീവിക്കുക .


17) നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക. അതാണ് നന്മയുടെ ജലധാര. അത് എപ്പോഴും ഒഴുകുകയാണ്, നിങ്ങൾ അതിനു വേണ്ടി കുഴിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ.

Look inwards,within is the fountain of good ,which is ever springing up,if you always digging in it 

18)ഒരു തത്ത്വശാസ്ത്രജ്ഞനാകാൻ നിങ്ങൾക്ക് കഴിയില്ല. കാരണം, ശരിയായ ജ്ഞാനം നിങ്ങളിൽ നിന്ന് വളരെ അകലെയാണ്. 


19)ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട.പ്രകൃതിക്ക് ആവശ്യമുള്ളത് എന്താണോ  അതിനനുസരിച്ച് പ്രവർത്തിക്കുക

And be solicitous about nothing else ,but knowing what your nature requires ,and acting accordingly .


20)നിങ്ങൾ ഒരുപാട് അലഞ്ഞു.സന്തോഷം കിട്ടിയില്ല.


21)തത്ത്വശാസ്ത്രപരമായ വാദങ്ങളിലോ ,പണത്തിലോ ,പ്രശസ്തിയിലോ ,ലൈംഗികതയിലോ  ഒന്നുമല്ല സന്തോഷമുള്ളത്. പിന്നെ എവിടെയാണ് ?മനുഷ്യപ്രകൃതി 
ആവശ്യപ്പെടുന്ന കർമ്മങ്ങൾ ചെയ്യുന്നതിലാണ് സന്തോഷം. ചില ആശയങ്ങൾ നാം നേടണം .അതിൽ നിന്നായിരിക്കണം നമ്മുടെ ആഗ്രഹങ്ങളും പ്രവർത്തനങ്ങളും പ്രവഹിക്കേണ്ടത്.

22)ഒരുവനെ നീതിമാനും നല്ല മാനസികാവസ്ഥയുള്ളവനും ധീരനും സ്വതന്ത്രനുമാകാൻ സഹായിക്കാത്ത തൊന്നും നല്ലതായിരിക്കില്ല. 

23)എന്താണ് ഈ ലോകം? നമ്മുടെ ശരീരങ്ങളിൽ വിവിധങ്ങളായ  കാര്യങ്ങളാണ് നടക്കുന്നത് .നമ്മുടെ ആത്മാവുകളിലും അത് തന്നെ, ഒരേ നിമിഷത്തിൽ. ഒരൊറ്റ നിമിഷത്തിൽ ഇതെല്ലാം ഉൾച്ചേർന്നതാണ് ഈ പ്രപഞ്ചസംവിധാനം. അതാണ് ലോകം.


24)ഓരോ രൂപവും ഉണ്ടായിരിക്കുന്നതിന് ചില ഉദ്ദേശ്യങ്ങളുണ്ട് .കുതിരയായാലും മുന്തിരിവള്ളിയായാലും, സൂര്യൻ തന്നെയും രൂപപ്പെട്ടിരിക്കുന്നത് ചില ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്.


25)മരിക്കുന്നതൊന്നും ഈ പ്രപഞ്ചത്തിന്റെ അതിരുവിട്ടു പോകുന്നില്ല .

26)നിങ്ങൾ നിങ്ങളുടെ ഈ രൂപത്തിൽ ആയിരിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമാക്കുന്നത് ? വൈകാരികമായ ലഹരികളുടെ പൂർത്തീകരണം ?


27)ഒരു പന്ത് എറിയുമ്പോൾ അതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതിൻ്റെ ശക്തിയും ദിശയും മാത്രമല്ല, അത് എവിടെ യാത്ര നിർത്തുമെന്നതാണ് .


28)നമ്മളെല്ലാം ജീവിക്കുന്നത് മൂന്ന് ബന്ധങ്ങളിലാണ്. ഒന്ന്, ഈ നിമിഷത്തിലെ ജീവിതം. രണ്ട്, ദൈവികമായ ചിന്തകൾ .മൂന്ന് , അയൽക്കാരും സുഹൃത്തുക്കളും.

29)പ്രകൃതി നിങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത് ,ഒരു സാകല്യാവസ്ഥയുടെ ഭാഗമായാണ്. എന്നാൽ നിങ്ങൾ അതിൽ നിന്ന് സ്വയം വേർപെടുത്തപ്പെട്ടിരിക്കുന്നു.


30)നിങ്ങളെ എന്തെങ്കിലും മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, അത് ഒരു പ്രശ്നത്തിന്റെ സ്വഭാവം കൊണ്ടല്ല; അതിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തൽ കൊണ്ടാണ്. അത് തിരുത്താനുള്ള സിദ്ധി നിങ്ങളിലുണ്ട്.

31)പ്രപഞ്ചത്തിൽ അതിനെ തന്നെ നോവിക്കുന്ന പ്രാപഞ്ചികമായ തിന്മയില്ല. ഒരു വ്യക്തിയുടെ തിന്മ മറ്റൊരുവനെയല്ല, അവനെ തന്നെയാണ് ബാധിക്കുന്നത്. 


32)സൂര്യന് ഒരു പ്രകാശമേയുള്ളൂ. അതാണ് മതിലുകളിലും പർവ്വതങ്ങളിലും മറ്റു വസ്തുക്കളിലും തട്ടി പലതായി വിഭജിക്കപ്പെടുന്നത്. ഒരേ ഒരു പദാർത്ഥമാണ് അനേകം  ശരീരങ്ങളിൽ പല ഗുണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത് .ഒരേയൊരു ആത്മാവാണ് അനേകം ജീവികളിൽ നിലനിൽക്കുന്നത്, പലതരത്തിലുള്ള പരിമിതികളോടെ. 

33)എഴുത്തിലായാലും വായനയിലായാലും ആദ്യം ചെയ്യേണ്ടത് നിങ്ങൾ സ്വയം പഠിക്കുകയാണ്, മറ്റുള്ളവരെ പഠിപ്പിക്കുന്നതായി നടിക്കുന്നതിനു മുമ്പ് .

34)ഏതിനെക്കുറിച്ചും നിങ്ങൾ അന്വേഷിക്കണം - എന്തുകൊണ്ടാണ് അത് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്? എന്താണ് അതിൻ്റെ തത്ത്വം .ഈ പ്രപഞ്ചത്തിൽ അതിൻ്റെ ജോലി എന്താണ്? എത്രകാലം അത് നിലനിൽക്കും?


35)നിങ്ങളെ കോപാകുലനാക്കുന്നവർക്ക് ചുറ്റും കറങ്ങിയിട്ട് കാര്യമില്ല .നിങ്ങളിലേക്ക് മടങ്ങുന്നതാണ് നല്ലത് .

36)ഈ ലോകം ആറ്റങ്ങളുടെ നിർമ്മിതിയാണ്. അത് ഒത്തുചേരുകയും വേർപിരിയുകയുമാണ്. ഇവിടെ നിങ്ങൾക്ക് എന്തിനാണ് വിഷമം?

37)എല്ലാം ഒരു ശരീരമായി മാറിയിരിക്കുന്നു.

38) കണ്ണുകൾ കാണുക എന്ന ധർമ്മത്തിൽ വിവേചനം കാണിക്കുന്നില്ല. അതുപോലെ മനുഷ്യൻ അവൻ്റെ ജീവിതത്തിൽ വരുന്നതിനെയൊക്കെ സ്വീകരിക്കുന്നു.


39)ജീവിതത്തിന്റെ കല ഒരു ഗുസ്തിക്കാരനുമായാണ് സാമ്യപ്പെടുന്നത് ,ഒരു നർത്തകനേക്കാൾ. കാരണം, ഗുസ്തിക്കാരൻ എപ്പോഴും സ്വന്തം സുരക്ഷയ്ക്ക് തയ്യാറായിരിക്കണം. എതിരാളിയുടെ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തെ ചെറുക്കാൻ കരുതിയിരിക്കണം.

40)ഏതു വേദനയായാലും ഓർക്കുക, ഒരു ധാർമികമായ ദുരാചാരം അതിലില്ല. അത് മനസ്സിനെ ചീത്തയാക്കുന്നുമില്ല.  നശിപ്പിക്കുന്നുമില്ല.

41)പ്രകൃതി ആത്മാവിനെ ശരീരവുമായി സംയോജിപ്പിച്ചിട്ടില്ല .അതിന് സ്വയം പരിധി നിശ്ചയിക്കാനാവില്ല. 

42)ഒരാൾ വളരെ ദിവ്യനായിരിക്കാം.അയാളെ ആരും അറിയുന്നില്ലായിരിക്കാം. ജീവിതത്തിലെ സന്തോഷം വളരെ കുറച്ചു കാര്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.

43)ദൈവങ്ങൾ അനശ്വരരാണ്, പീഡിതരല്ല. അനന്തതയിൽ ദൈവങ്ങൾ അസംഖ്യം ദുഷിച്ച ലോകങ്ങളെ സഹിക്കേണ്ടി വരുന്നു.


44)ഈ പ്രപഞ്ചത്തിന്റെ ആത്മാവ് ദയാപരവും സാമൂഹികവുമാണ്.  അതുകൊണ്ട് അത് വലിയവരുടെ  രക്ഷയ്ക്കായി ചെറിയ ഉത്തരവുകൾ നൽകിയിരിക്കുന്നു .എങ്ങനെയാണ് ലോകം കഴിവിന്റെ അടിസ്ഥാനത്തിൽ ഒരുമിക്കുന്നത് എന്ന് അത് കാണിച്ചുതരുന്നു.


45)നിങ്ങളുടെ ജീവിതത്തിൻ്റെ ചരിത്രവും ദൈവത്തിനുള്ള പരസ്യ സേവനവും പൂർത്തീകരിച്ചിട്ടില്ല. ഇതെല്ലാം നിങ്ങൾ സ്വയം പരിശോധിക്കണം .ദൈവത്തോടും മാതാപിതാക്കളോടും സുഹൃത്തുക്കളോടും എങ്ങനെ പെരുമാറി.നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം നിലനിന്നു , വിട്ടുപോയി?


46) നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം മനോഹരവും ആദരിക്കാവുന്നതുമായ സംഭവങ്ങൾ ഉണ്ടായി ?എന്തെല്ലാം സന്തോഷങ്ങൾ, വേദനകൾ ?


47)ഏതു മനസ്സാണ് , യഥാർത്ഥത്തിൽ ,സമർത്ഥവും ബുദ്ധിപരവും ? ഒരു കാര്യത്തിന്റെ കാരണവും പരിസമാപ്തിയും ആരറിയുന്നു ?

48)സർഗാത്മമായ കഴിവുകളുള്ള  മനസ്സുകളെ പിന്തിരിപ്പന്മാരായ അൽപന്മാർ ശല്യപ്പെടുത്താൻ കാരണമെന്താണ് ?
"Why should the instructed ,the intelligent ,and skilful soul be disturbed by the rude and illiterate ?

49)ജീവിതത്തിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്നത് വ്യർത്ഥമാണ്, നിസ്സാരമാണ്. പട്ടികൾ തമ്മിൽ കലഹിക്കുന്നതു പോലെയോ , കുട്ടികൾ തമ്മിലടിക്കുന്നതു പോലെയോ ആണ് മനുഷ്യരുടെ ജീവിതം.

50)നിങ്ങൾക്ക് ഒരു പേര് പോലുമില്ല. ഒരു പേര് വെറും ശബ്ദമാണ്, മുഴക്കമാണ്. 

51)വൈകാരികമായി ബോധ്യപ്പെടുന്നതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്; അതിനു  സ്ഥിരതയില്ല. ഇന്ദ്രിയങ്ങൾ തന്നെ വിരസമായി തീരുന്നു. തെറ്റായ പ്രത്യക്ഷതകളെ അത് അംഗീകരിക്കുന്നു. മനുഷ്യജീവിയുടെ ജീവിതം, രക്തത്തിൽ നിന്നുള്ള ഒരു ഉയർച്ചയാണ്.ആ മൃഗങ്ങൾക്കിടയിൽ പ്രശസ്തി വേണമെന്ന് പറയുന്നത് ,വളരെ ദരിദ്രമായ ഒരു ശൂന്യതയാണ്. 



Saturday, June 20, 2026

കോവിഡ് മഹാമാരി സാംസ്കാരികമായ പെരിസ്ട്രോയ്ക്ക : എം.കെ.ഹരികുമാർ

 

റിപ്പോർട്ട്: വെബ് ഡെസ്ക് 

കറുകച്ചാൽ :കോവിഡ് മഹാമാരി മനുഷ്യജീവിതത്തിലും വായനയിലും സമൂലമായ സാംസ്കാരിക പകരംവെയിപ്പിന് (Shift) ഇടവരുത്തിയതായി എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കോട്ടയം കറുകച്ചാൽ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നവമാധ്യമകാലത്തെ വായന എന്ന വിഷയത്തിൽ വായനാദിനത്തോടനുബന്ധിച്ച് പ്ളസ് ടു കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച വിശേഷാൽ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കറുകച്ചാൽ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നവമാധ്യമ കാലത്തെ വായന എന്ന വിഷയത്തിൽ എം.കെ. ഹരികുമാർ പ്രഭാഷണം നടത്തുന്നു  

 

ഹരികുമാറിൻ്റെ പ്രസംഗത്തിൽ നിന്ന് :


കോവിഡിന്റെ ദുരന്തസ്വഭാവത്തെ മറക്കുന്നില്ല. നമുക്ക് അനേകം പേരെ നഷ്ടപ്പെട്ടു .അപ്രതീക്ഷിതമായ ഭയത്തിൽ നിന്ന് കരകയറാനാകാതെ ധാരാളം പേർ കുഴഞ്ഞു വീണു.എന്നാൽ ഇത് സമൂഹത്തിൽ സൃഷ്ടിച്ച ഗതിമാറ്റം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ബുദ്ധിപരവും സാങ്കേതികവും വൈജ്ഞാനികവും സർഗാത്മകവുമായ മുൻധാരണകളെ കടപുഴക്കുകയും പുതിയ പെരിസ്ട്രോയ്ക്ക (Peristroika, പുനക്രമീകരണം)ക്ക് കളമൊരുക്കുകയും ചെയ്തു.ഇതിനെ  സാംസ്കാരികമായ പരിവർത്തനം(cultural shift )എന്നു പറയാം. നാം തുടർന്ന് വന്ന ജീവിതശൈലിക്കും അഭിവീക്ഷണത്തിനും  വിജ്ഞാനപരതയ്ക്കും മാറ്റമുണ്ടായി. നാം കരുതി വച്ചിരുന്ന ജീവിത മാതൃകകൾ അപ്രസക്തമായി. ഒരു സ്മാർട്ട് ഫോണും ലാപ്ടോപ്പും ഇന്റർനെറ്റും യഥേഷ്ടം ഏത് പ്രായക്കാർക്കും ഏത് സമയത്തും ഉപയോഗിക്കാനുള്ള അവകാശം സ്ഥാപിച്ചു എന്നതാണ് പ്രധാന വിപ്ലവം.  ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും പേപ്പറിലെ വിജ്ഞാനം കൊണ്ട് തൃപ്തിപ്പെടണമായിരുന്നു.


  പുസ്തകത്തെ മാത്രം ആശ്രയിച്ചാണ് പഠിച്ചിരുന്നത്. തൊട്ടരികിൽ  വലിയൊരു ഇൻഫർമേഷൻ സൂപ്പർ ഹൈവേ കടന്നുപോകുന്നത് അവരറിഞ്ഞിരുന്നില്ല .അന്ന് ചില അധ്യാപകർ കുട്ടികളോട് നിഷ്കർഷിച്ചിരുന്നത് സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നായിരുന്നു. ഫോൺ കൈയിലിരിക്കുന്നത് കണ്ടാൽ ശിക്ഷിക്കുമായിരുന്നു. മെസേജ്  അയയ്ക്കാവുന്ന ഫോൺ പോലും ഉപയോഗിക്കരുതെന്നാണ് അധ്യാപകർ ശഠിച്ചിരുന്നത്. കോവിഡ് വന്നതോടെ ഒറ്റ രാത്രികൊണ്ടാണ് ആ ശാസനകൾ  അപ്രത്യക്ഷമായത് .ഫോൺ ഒരു നിത്യോപയോഗ വസ്തുവായി മാറി. അധ്യാപകർ തന്നെ ഫോൺ വാങ്ങണമെന്ന് കുട്ടികളോട് പറയാൻ തുടങ്ങി .സർക്കാർ മാർഗ്ഗനിർദേശം വന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും സ്മാർട്ട് മൊബൈൽ ഫോൺ വന്നു ചേർന്നു. വിവിധ സംഘടനകൾ ഫോണുകൾ വാങ്ങി വിദ്യാർഥികൾക്ക് സമ്മാനിച്ചു. ലാപ്ടോപ്പ് ഒരു നിത്യ പഠനോപകരണമായി. ഇൻ്റർനെറ്റിൻ്റെ ലോകം തുറന്നു കിട്ടി. മൊബൈൽ ഫോണിലൂടെ പഠനം ആരംഭിച്ചു.യോഗങ്ങളും പഠനക്ളാസുകളും ഫോണിലൂടെ നടത്താനായി.സ്ഥലവും കാലവും അപ്രത്യക്ഷമായി. ഒരു ക്ളാസ് റൂം നിശ്ചിത സ്ഥലത്താണ് നാം കണ്ടിട്ടുള്ളത്. അതിന് നിശ്ചിത സമയം ഉണ്ടായിരുന്നു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള അലംഘനീയമായ സങ്കൽപ്പങ്ങൾ തകിടം മറിഞ്ഞു. പകരം ഏത് സമയത്തും ഏതു സ്ഥലത്തും വിദ്യാഭ്യാസം സാധ്യമായി. അധ്യാപകർ വിദ്യാർഥികളുടെ അടുത്തേക്ക് പോകേണ്ട; അവർ ഓൺലൈനിൽ  എവിടെയെങ്കിലുമുള്ള വിദ്യാർത്ഥികളുമായി സംവദിച്ചു.ഇത് വിപ്ലവകരമായ ഒരു ചുവടുമാറ്റമായിരുന്നു. വിദ്യാർഥികൾ എന്നത്തേക്കാൾ സ്വതന്ത്രരായി. അവർക്ക് മുന്നിൽ ഒരു വലിയ വിജ്ഞാനശേഖരം തുറക്കപ്പെട്ടു. അവർ വായനയും പഠനവും മറ്റൊരു  രീതിയിലേക്ക് വഴി തിരിച്ചുവിട്ടു. അവർക്ക് കൂടുതൽ ലോകപരിചയം കൈവന്നു. പാഠപുസ്തകങ്ങളിൽ നിന്ന് അറിവിൻ്റെ ഡിജിറ്റൽ ലോകത്തേക്ക് അവർ യാത്ര ചെയ്തു. ഇത് യഥാർത്ഥത്തിൽ ഉത്തര- ഉത്തരാധുനികമായ പരിവർത്തനമായിരുന്നു.
 

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആധുനികതയും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉത്തരാധുനികതയും ആവിർഭവിച്ചു. ആധുനികത പാരമ്പര്യത്തെ നിഷേധിച്ച് പുതിയ രൂപങ്ങളും പ്രമേയങ്ങളും കണ്ടുപിടിച്ചു .ഉത്തരാധുനികതയാകട്ടെ അടിച്ചമർത്തപ്പെട്ടവരുടെയും തദ്ദേശീയമായി ഒറ്റപ്പെട്ടവരുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എല്ലാ പരമ്പരാഗത ആഖ്യാനങ്ങളെയും തള്ളിപ്പറഞ്ഞു .ഡിജിറ്റൽ ,ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉദയത്തോടെ ആഗോള സാംസ്കാരിക പഠനങ്ങൾക്ക് പകരം സാമൂഹികമായ ഒത്തുചേരലും ജാതിമതങ്ങൾക്കപ്പുറമുള്ള സൗഹൃദവും വിശ്വമാനവജാതിയും പ്രമേയങ്ങളായി കരുത്താർജിച്ചു.ശരിക്കും ഉത്തര- ഉത്തരാധുനികത(Post Postmodernism)യുടെ ജീവിതപശ്ചാത്തലത്തിലേക്ക് ലോകം മാറിയത് കോവിഡിൻ്റെ വരവോടെയാണ്. ലോകം നമ്മെ തടവറയിലാക്കുമ്പോൾ നാം എങ്ങനെ സ്വതന്ത്രരാകുന്നു എന്ന പാഠമാണ് ബോധ്യമായത്. ഇത് വായനയിൽ പുതിയ വഴികൾ തുറന്നു. ലൈബ്രറികളിൽ പോകാൻ കഴിയാത്തവർക്കും പഠിക്കാം. ഏത് വിജ്ഞാനവും ഓൺലൈനിൽ ലഭിക്കും. സൗജന്യമായി പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് വായിക്കാം.  യാത്ര ചെയ്യാതെ തന്നെ പുസ്തകങ്ങളുടെ അടുത്ത് ചെല്ലാൻ കഴിഞ്ഞു .വായിക്കാൻ സ്വന്തം സമയം തിരഞ്ഞെടുക്കാനായി. ഉത്തര- ഉത്തരാധുനികത നവമാധ്യമ കാലത്തെ പ്രവണതയാണ്. മനുഷ്യൻ അവൻ്റെ സംവേദനത്തിന്റെ ശരിയായ ഉടമയാവുകയാണ്. ഒരു കമ്പ്യൂട്ടർ ഗെയിമിൽ കളിക്കുന്നവനാണ് കളിയുടെ ഭാവി നിശ്ചയിക്കുന്നത്. എന്നാൽ ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാർ 'വായിക്കുന്നവന് ആദ്യ പേജിൽ നിന്ന് വായിച്ചു തുടങ്ങാനാണ് വിധി. ഇടയ്ക്ക് ഏതെങ്കിലും പേജ് വായിച്ചാൽ അത് അപൂർണമായിരിക്കും. ഒരു നോവൽ ഒരു സമ്പൂർണ ശില്പമാണ്. അത് മുറിച്ചെടുക്കാനാവില്ല. അതിൻ്റെ അനുഭവം പൂർണ്ണമാകുന്നത് ആ ടെക്സ്റ്റിന്റെ സമ്പൂർണ്ണതയിലാണ്. എന്നാൽ ഒരു ഗെയിമിൽ, ടിവി പ്രോഗ്രാമിൽ നമുക്ക് സമ്പൂർണ്ണമായ ശില്പത്തെ മൊത്തമായി ഏറ്റെടുക്കുകയോ കാണുകയോ വേണ്ട. ഒരു ടിവിയിലെ പ്രോഗ്രാം ഏത് സമയത്തും നിരീക്ഷിക്കാം. അരമണിക്കൂര്‍ വീക്ഷിച്ചാൽ മതിയെന്ന് തീരുമാനിക്കാൻ അവകാശമുണ്ട് .അത് നമ്മുടെ തിരഞ്ഞെടുപ്പാണ്. മുഴുവൻ ടിവി പ്രോഗ്രാമുകളും കാണേണ്ടതില്ല. അങ്ങനെ ആരും ഉദ്ദേശിക്കുന്നില്ല. ഒരു പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് മതിയാകും.
 

 നമുക്ക് തുണ്ടുകളായി അനുഭവങ്ങൾ പങ്കിടാം.പുസ്തകങ്ങൾ അങ്ങനെയല്ല; അത് അഖണ്ഡമായി നിൽക്കുകയാണ്.കരമസോവ് സഹോദരന്മാരിൽ മാറ്റം വരുത്താൻ  നമുക്ക് അവകാശമില്ല. അത് ദസ്തയെവ്സ്കി തീരുമാനിച്ചതാണ്.  അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ എടുത്തു മാറ്റാനോ നമുക്ക് അവകാശമില്ല.എന്നാൽ ഒരു ഫോൺ ഇൻ പ്രോഗ്രാമിൽ നമുക്ക് സ്വന്തം അഭിപ്രായം കൂട്ടിച്ചേർക്കാം. ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് കണ്ടൻറ് ഉണ്ടാക്കുന്നത് ;പ്രോഗ്രാം പ്രൊഡ്യൂസറല്ല.കണ്ടൻ്റ് നിർദ്ദേശിക്കാൻ സംഘാടകർക്ക് സാധിക്കും. അതിൽ ചിലത് കൂട്ടിച്ചേർക്കാൻ പങ്കെടുക്കുന്നവർക്കാണ് കഴിയുക. ഇവിടെ മത്സരാർത്ഥിക്ക് സ്വന്തം ആധികാരികസ്ഥാനം (Authoriality) കിട്ടുന്നു. എന്നാൽ 'കരമസോവ് സഹോദരന്മാർ' വായിക്കുന്നവർക്ക് ഇത് കിട്ടുകയില്ല. വായിക്കുന്നവന് ഇഷ്ടം പോലെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമേയുള്ളൂ. ഉത്തര- ഉത്തരാധുനികതയിൽ എഡിറ്റർ മരിച്ചു. വാർത്തകൾ തനിയെ കടന്നു വരികയാണ് .അത് ഉറവിടത്തിൽ തന്നെ പ്രേക്ഷകർ കേൾക്കുന്നു.  ടെലിവിഷനിലെ വാർത്തകൾ തൽസമയം കേൾക്കുകയാണ്. വഴിയരികിലോ പ്രസ് ക്ലബ്ബുകളിലോ  ആളുകൾ പറയുന്നത് അതേപടി കേൾക്കാൻ നമുക്ക് അവസരമുണ്ടാകുന്നു. എന്നാൽ അച്ചടി മാധ്യമങ്ങളുടെ കാലത്ത് നാം എഡിറ്റ് ചെയ്ത ടെക്സ്റ്റാണ് വായിച്ചിരുന്നത്.
എഴുത്തുകാരന്റെ ആധികാരികത ഉത്തര- ഉത്തരാധുനികതയിലില്ല. അവിടെ വ്യാജമായതും വിൽക്കപ്പെടുന്നു. ഒറിജിനൽ വേണ്ട.  ഒരാൾ വ്യാജവാർത്ത സൃഷ്ടിച്ചാൽ അതിനും പ്രേക്ഷകരുണ്ട്. ഇരുപതും മുപ്പതും പേജുള്ള പത്രങ്ങൾ ഇക്കാലത്ത് അസൗകര്യമാണ്. തുടർച്ചയായി പത്രം വായിക്കാൻ സമയം കിട്ടുകയില്ല .കാരണം പത്രത്തേക്കാൾ ബഹുമുഖമായ അറിവുകളുള്ള മൊബൈൽ ഫോൺ അരികിലുണ്ടെന്ന് ഓർക്കണം. അവിടെ ഒരു പുസ്തകമോ പത്രമോ വായിക്കുന്നതുപോലെ അഖണ്ഡമായി, ഒന്നും പൂർണമായി ഉപഭോഗം  ചെയ്യേണ്ടതില്ല. ഒരു തുണ്ട് സംഗീതമോ ഷോർട്ട് റീലോ ധാരാളമാണ്. വിദ്യാർഥികളായ നിങ്ങൾക്ക് പതിറ്റാണ്ടിനു മുൻപുണ്ടായിരുന്നതിനേക്കാൾ വിപുലമായ സാധ്യതകളുണ്ട്. നിങ്ങൾക്ക് പ്രിൻറ് മാധ്യമവും ഡിജിറ്റൽ മാധ്യമവും ഒരുപോലെ ആസ്വദിക്കാം. നിങ്ങൾ വായിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഒരു പുസ്തകമോ ഫോണോ പോരാ; അഭിരുചി വേണം.അഭിരുചി എന്നത് പ്രത്യേകതരം സാഹിത്യകൃതികൾ വായിക്കാനുള്ള ശിക്ഷണമല്ല ;അത് ഏത് വഴിക്ക് നാം മുന്നോട്ട് നീങ്ങണമെന്ന കാര്യത്തിലുള്ള ആകർഷണമാണ്. ഒരു ലൈബ്രറിയിൽ ചെന്നാൽ ഒരറ്റം മുതൽ വായിക്കാനാവില്ല. 
 

ഏത് പുസ്തകം വായിക്കണമെന്ന് തീരുമാനിക്കുന്നത് അഭിരുചിയാണ് .അഭിരുചി കണ്ടെത്താൻ ഏതാനും പേജുകൾ വെറുതെ വായിച്ചാൽ മതി. അതിൽ ഏതെങ്കിലും ഒരു വാചകമോ പദ്യശകലമോ പാരഗ്രാഫോ ആകർഷിക്കാതിരിക്കില്ല. പിന്നെ അത് തുടരുകയാണ് വേണ്ടത്. അതിൻ്റെ ചുവടുപിടിച്ചു വായിച്ചുകൊണ്ടിരിക്കുക. ഒരു ദിവസം അഞ്ചുമിനിറ്റ് വായിക്കാൻ മാറ്റി വയ്ക്കുകയാണെങ്കിൽ ഒരു രുചി തനിയെ രൂപപ്പെടാതിരിക്കില്ല.
 കുട്ടികളായതുകൊണ്ട് കുട്ടികളുടെ സാഹിത്യം തന്നെ വായിക്കണമെന്നില്ല. നിങ്ങൾ മുതിർന്നവരാകാൻ പോവുകയാണ് .നിങ്ങൾ മുതിർന്നവരാകുന്ന കാലത്ത് സ്വയം ചോദിക്കാനുള്ള ചോദ്യങ്ങളുണ്ട് .ആ കാലത്ത് അറിഞ്ഞിരിക്കേണ്ട, ആസ്വദിക്കേണ്ട പുസ്തകങ്ങളും കലയും ഉണ്ടായിരിക്കും. അതൊന്നും നിങ്ങൾ മനസ്സിലാക്കിയിട്ടില്ലെന്ന് അറിയുമ്പോൾ പിന്നോട്ട് പോയി വായിക്കാനോ പഠിക്കാനോ കഴിയുകയില്ല. അതുകൊണ്ട് യുവാവായിരിക്കെ തന്നെ മുതിർന്നവരുടെ ചിന്തകളും ഉൾക്കൊള്ളണം.അപ്പോൾ നിങ്ങൾ മുതിർന്നതിനുശേഷമുള്ള കാലം അർത്ഥവത്തായിരിക്കും. ആ കാലത്ത് നിങ്ങൾക്ക് വായനയുടെ ഒരു ഭൂതകാലമുണ്ടായിരിക്കും. ഭൂതകാലം ഉണ്ടായിരിക്കുന്നത് മഹത്തായ ഒരു രുചിയുടെ ഭാഗമാണ് .ഒരു അഭിരുചിയുണ്ടെങ്കിൽ അതിനു വേണ്ടി നാം എന്തെങ്കിലും ചെയ്യാതിരിക്കില്ല. നിരന്തരം അത് സംരക്ഷിക്കാൻ പരിശ്രമിക്കും. അപ്പോൾ നാം പുതുക്കപ്പെടും. ഏറ്റവും വലിയ കാര്യങ്ങൾ പോലും അപ്പോൾ അനാവശ്യമായ വേവലാതിയോ സമ്മർദ്ദമോ ഉണ്ടാക്കില്ല. നാം  പ്രവർത്തനനിരതരാണെന്ന തോന്നലുണ്ടാകും.ഞാൻ യുവാവായായിരുന്നപ്പോൾ രഘു റായി എടുത്ത ഫോട്ടോകൾ ഇലസ്ട്രേറ്റഡ് വീക്ക്ലിയിൽ കണ്ടിട്ടുണ്ട്. രഘുറായ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ അഭിരുചി വളർത്തിയ വലിയ കലാകാരനാണ് .ജീവിതകാലമത്രയും ഫോട്ടോകളിൽ ജീവിച്ചു. 
 

 ഗംഗാനദിയെക്കുറിച്ച് അദ്ദേഹം എടുത്ത ഫോട്ടോകൾ കണ്ടതോർക്കുന്നു. അങ്ങനെയൊരു അഭിരുചിയാണ് രഘുറായിയെ നമ്മുടെ അടുത്ത് എത്തിച്ചത്. അതുപോലൊരു അഭിരുചി സ്വന്തമാക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യം.അമേരിക്കൻ അതീന്ദ്രിയവാദിയും പരിസ്ഥിതിവാദിയുമായിരുന്ന തോറോയുടെ 'വാൽഡൻ' എന്ന  പുസ്തകം പ്രശസ്തമാണല്ലോ.നാഗരിക ലോകത്ത് നിന്ന് മാറി ജീവിക്കാൻ അദ്ദേഹം വനത്തിനുള്ളിലേക്ക് പോയി. അവിടെ വാൽഡൻ തടാകതീരത്ത് രണ്ട് വർഷം കുടിൽകെട്ടി താമസിച്ചു.ആ കാലത്തെക്കുറിച്ച് അദ്ദേഹം 'വാൾഡനി'ൽ എഴുതിയിട്ടുണ്ട്. അതിൽ കൊതുകിന്റെ ശബ്ദത്തെക്കുറിച്ച് ,അതിൻ്റെ സംഗീതത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.
നേരിയ ശബ്ദം പോലും ഈ ലോകത്ത് എത്ര വിലപ്പെട്ടതാണെന്ന് തോറോ എഴുതുന്നു.ഒരു കാട്ടിൽ ഒറ്റയ്ക്ക് താമസിച്ചപ്പോൾ നാഗരിക ജീവിയായിരുന്ന അദ്ദേഹത്തിൻ്റെ മനസിന് അതുവരെ അജ്ഞാതമായിരുന്ന അനേകം സുന്ദര നിമിഷങ്ങൾ സമ്മാനിച്ചു .ഇതും ഒരു അഭിരുചിയാണ്. ഒരു മനുഷ്യനായി തീരാൻ വേണ്ടി നാം മായികമായ ഒരു അഭിരുചി സ്വന്തമാക്കുക .അഭിരുചി ദൈവമാണ്. റഷ്യൻ വംശജനായ വ്ളാഡിമിർ നബോക്കോവ്  അമേരിക്കയിൽ പോയി ജീവിച്ചു. ലോലിത ,പെയ്ൽ ഫയർ എന്നീ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ പ്രധാനമാണ് നബോക്കോവിന് ചിത്രശലഭങ്ങളോടുള്ള  താൽപര്യം. അദ്ദേഹം ആ താല്പര്യങ്ങളെ ബലികഴിച്ചില്ല. ചിത്രശലഭങ്ങളെ  പിന്തുടർന്ന് അദ്ദേഹം അവരിലൊരാളായി. താൻ താമസിക്കുന്നിടത്ത് ചിത്രശലഭങ്ങൾക്ക് വേണ്ടി ഒരു ഉദ്യാനം തന്നെ തയ്യാറാക്കി. മനുഷ്യനിൽ നാം കാണാത്ത സൗന്ദര്യമാണിത്.ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് ഒരാൾ ചോദിച്ചു. എത്രയോ പുസ്തകങ്ങളുണ്ട്! റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ പേര് പറയണം .അദേഹത്തിൻ്റെ  കുറിപ്പുകൾ പിൽക്കാലത്ത് Meditations എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത് നന്ദിയോടെ ഓർക്കുകയാണ്. 
 
രഘു റായ് 

അത് വായിക്കണം.നിങ്ങൾ സ്വന്തമായി എന്തെങ്കിലും കുറിക്കണം.ഡയറിക്കുറിപ്പുകൾ എഴുതാം .അത് പിന്നീട് ജീവിതത്തിന് ഒരർത്ഥം നൽകാതിരിക്കില്ല .ഞാൻ ചിത്രശലഭങ്ങളെ നിരീക്ഷിക്കാറുണ്ട്.കാണുന്നതിൻ്റെ സന്തോഷമാണത്. ശലഭങ്ങൾക്ക് നമ്മേക്കാൾ എളുപ്പത്തിൽ ആനന്ദം കിട്ടുന്നു എന്നാണ് ഞാൻ കരുതുന്നത്. നമുക്ക് ആനന്ദം നേടാൻ സഹസ്രാര പത്മത്തിലെത്തണം. നമ്മുടെ പ്രകൃതത്തിൽ അന്തിമവും അതുല്യവുമായ ആനന്ദം ഇല്ലെന്നാണ് ഇത് അർത്ഥമാക്കുന്നത് .അപ്പോൾ നാം ഒരു ശലഭത്തിനോട് തോറ്റു എന്ന് സമ്മതിക്കണം. നമ്മളിലെ ആനന്ദത്തെ കണ്ടെത്താൻ നമുക്ക് ശലഭങ്ങളാവാം.  അങ്ങനെ നാം പൂന്തോട്ടങ്ങളിൽ പോവുകയാണെങ്കിൽ നമുക്ക് പ്രായം കുറയും .ശ്രീകൃഷ്ണന്റെ പ്രായം 16 എന്ന് പറയുന്നത് ശ്രീകൃഷ്ണനിലെ വിശുദ്ധവും ആഴമുള്ളതുമായ അഭിരുചിയുടെ സ്ഥിരതയാണ് കാണിക്കുന്നത്. തപസ്സിലൂടെയും മന നത്തിലൂടെയും അറിവ് നേടിയ കൃഷ്ണന് അമാനുഷികമായ ശക്തിയുണ്ടായിരുന്നു. അതാണ് അഭിരുചിയുടെ മഹത്വം .ഈ നവ മാധ്യമകാലത്ത് നമുക്ക് എന്തും എഴുതാം ,വായിക്കാം. നാം സ്വതന്ത്രരാണ്. സൗജന്യമായി പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന ഇൻറർനെറ്റ് സൈറ്റുകളുണ്ട്. നമുക്ക് ഒരു അഭിരുചി ഇല്ലാതാവുന്നതാണ് ഏറ്റവും വലിയ പരാജയം. അതിനെതിരെ ഈ വായനാദിനത്തിൽ പോരാടാം.
സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്ഥാപകൻ റിച്ചാർഡ് സ്റ്റാൾമാൻ തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് എല്ലാവരും ഫോൺ ഓഫാക്കണമെന്നാണ്. ഓണാക്കി വെച്ചാൽ അദ്ദേഹം എവിടെയാണെന്ന്   ശത്രുക്കൾ മനസിലാക്കുമെന്നും അത് അദ്ദേഹത്തെ അപായപ്പെടുത്താൻ ഇടവരുത്തുമെന്നുമാണ് അവിടെ  പറഞ്ഞതിന്റെ സാരം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ശരിക്കും എന്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ഒരു വിവരം വന്നിട്ടില്ല. അതിൽ നടത്തുന്ന ഇടപെടലുകൾ, ഗൂഗിളിലും സമൂഹ മാധ്യമങ്ങളിലുമുള്ള പരതലുകൾ ഒരു സെർച്ച് ഹിസ്റ്ററി സൃഷ്ടിക്കുന്നുണ്ട്. അത് ഡേറ്റ എന്ന നിലയിൽ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നില്ല എന്ന് പറയാനാവില്ല. അത് എവിടെയോ സൂക്ഷിക്കപ്പെടുന്നുണ്ടാവണം. ഓരോ വ്യക്തിക്കും സെർച്ച് ഹിസ്റ്ററിയുണ്ട്. അത് മറ്റൊരാളുടെ പോലെയല്ല. ഈ സെർച്ച് ഹിസ്റ്ററി രഹസ്യമാണെന്ന് കരുതരുത്. അത് നാളെ എവിടെയെങ്കിലും പുനരാഖ്യാനം ചെയ്തേക്കാം .അതുകൊണ്ട് വളരെ നേരത്തെ നമ്മെ വിട്ടു പോയ സത്യൻ ,നസീർ തുടങ്ങിയവരോട് ആദരവ് തോന്നുകയാണ് .കാരണം മരിച്ചവർ ഭാഗ്യവാന്മാരാണ് ! അവർക്ക് സെർച്ച് ഹിസ്റ്ററിയില്ല. അതുകൊണ്ട് ആർക്കും അത് ചോർത്താൻ ഇടവരുത്തില്ല. ഇക്കാര്യത്തിൽ നമ്മൾ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്- ഹരികുമാർ പറഞ്ഞു.

റിച്ചാർഡ് സ്റ്റാൾമാൻ 


സ്കൂൾ അധ്യാപകൻ ഡോ. പി.എൻ. രാജേഷ്കുമാറിന്റെ 'നീലഗിരിയിലെ ഞായറാഴ്ചകൾ'(ബോധി ബുക്സ്)എന്ന കവിതാസമാഹാരം അക്ഷരായനം സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രകാശനം ചെയ്തു.എം.കെ. ഹരികുമാർ വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ മനു എം നായർ ,ഹെഡ്മാസ്റ്റർ എൻ. ബിജുകുമാർ, എൻ. പ്രബോധ് ,ഗീത ടീച്ചർ ,ബിന്ദു എസ് നായർ ,മിഥുന്‍ സി മനുരാജ് ,ബിന്ദു ആർ നായർ, ബി. ശ്രീകുമാർ, പ്രിയ കെ ജി ,ആരോമൽ എം നായർ, അനീറ്റ ബി.റ്റിറ്റോ എന്നിവർ പ്രസംഗിച്ചു.
 
 
 

ഡോ. പി.എൻ. രാജേഷ്കുമാർ രചിച്ച 'നീലഗിരിയിലെ ഞായറാഴ്ചകൾ' എന്ന കവിതാസമാഹാരം വിദ്യാർത്ഥികൾ പ്രകാശനം ചെയ്യുന്നു




 




കോളജ് പ്രിൻസിപ്പൽ മനു എം.നായർ  എം.കെ.ഹരികുമാറിന് ഉപഹാരം സമ്മാനിക്കുന്നു .ഹെഡ്മാസ്റ്റർ എൻ. ബിജുകുമാർ സമീപം .


Sunday, June 14, 2026

ഖസാക്കിൻ്റെ ഇതിഹാസത്തിനു ശേഷം ഗോവർധൻ്റെ യാത്രകൾ /എം.കെ.ഹരികുമാർ

 



അക്ഷരജാലകം 

പുതിയൊരു ഭാഷയാണ് ഒ.വി. വിജയൻ്റെ 'ഖസാക്കിന്റെ ഇതിഹാസം'(1969) സംഭാവന ചെയ്തത്. അതുവരെ നോവൽ എഴുതാൻ ഉപയോഗിച്ച ഭാഷയല്ലായിരുന്നു അത് ; അതുവരെ പ്രചാരത്തിലിരുന്ന വിവരണരീതിയുമല്ലായിരുന്നു. അതിൽ ഒരു സോദ്ദേശ്യ നായകനില്ലായിരുന്നു. വിപ്ലവത്തിൽ ഏർപ്പെടുന്ന, സമരം ചെയ്യുന്ന ,സ്ത്രീ സുരക്ഷയ്ക്കായി നിലകൊള്ളുന്ന നായകനല്ലായിരുന്നു രവി. രവി അയാളുടെ മാത്രം പ്രശ്നത്തിനകത്ത് കുതിർന്ന്, ദ്രവിച്ച് പോവുകയായിരുന്നു.നിസ്സഹായതയുടെ പുതിയൊരു മുഖമായിരുന്നു ആ നായകൻ. ജീവിതത്തിൻ്റെ പ്രകൃതത്തിലേക്ക് തുറന്നു വച്ച കഥാപാത്രം. ഒരു സന്ദേശവുമില്ല.അതൊരു ജീവിത മാതൃകയല്ലായിരുന്നു.അയാൾ വിജയിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് പരാജയം എന്ന് വിളിക്കാവുന്ന തരത്തിൽ അയാൾ വീണു കൊടുക്കുന്നു. ഖസാക്കിലെ ഈ ഭാഷ നോക്കൂ:
"രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത് .ഉറങ്ങിയാൽ മതി .ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി ,നിഴലായി ,മണ്ണായി ആകാശമായി വിശ്രമം കൊള്ളുക.  അറിവിൻ്റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം  കയ്തപ്പൊന്തകളിലേക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി.ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി."

ഒരു പ്രവചനാത്മക ആത്മീയ ഭാഷയാണിത്. മനസിൽ പതിഞ്ഞ ബിംബങ്ങൾ ആവിഷ്കരിക്കുകയാണ്. വസ്തുവിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ്. അതീതമായ ആനന്ദത്തെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളായി അത് നിറഞ്ഞുനിന്നു. ജീവിതത്തിൻ്റെ നശ്വരതയിൽ മറഞ്ഞിരിക്കുന്ന ആനന്ദവും സൗന്ദര്യവും തേടുകയാണ് നോവലിസ്റ്റ് .ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകളായുള്ള മിത്തുകളും ആചാരങ്ങളും ഓർമ്മകളും സംഭാഷണങ്ങളും പ്രകൃതിയും ചേർന്നുണ്ടാകുന്ന സവിശേഷമായ ഒരു ഭാവുകത്വമാണ് 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

നോവൽ ഒരു കലാരൂപമാണ്

എല്ലാ സൗന്ദര്യാസ്വാദകർക്കും ആവശ്യമുള്ളതത്രയും ആ നോവലിൽ നിന്ന് ലഭിച്ചു .പല തലമുറകളെ അത് വായിപ്പിച്ചു. സൂക്ഷ്മമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെട്ടു. നഷ്ടപ്പെടുമായിരുന്ന ഗ്രാമ്യതയുടെ കാണാകുടുക്കുകൾ സുന്ദരമായി തിരിച്ചെടുത്തു തരുകയായിരുന്നു നോവലിസ്റ്റിൻ്റെ ഉദ്യമം. സൗന്ദര്യാരാധകൻ്റെ നോവലാണ് 'ഖസാക്കിൻ്റെ ഇതിഹാസം'.

ഇതിനു ബദലായി ചിലർ സ്വാതന്ത്ര്യസമരം, പുന്നപ്ര - വയലാർ സമരം, ജാലിയൻ വാലാബാഗ്, ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം ,നെഹ്റുവിൻ്റെ ജീവിതം ,വയനാട്ടിലെ ആദിവാസി ജീവിതം, ആശുപത്രിയിലെ ജീവിതം ,കുട്ടനാടൻ ജീവിതം തുടങ്ങി പല മേഖലകളെ പരിചയപ്പെടുത്തിയെങ്കിലും അതെല്ലാം നോവൽ എന്ന കലയുടെ 200 മീറ്റർ അകലെ പോലും എത്തിയില്ല .നോവൽ ഒരു കലയാണെന്ന തലത്തിൽ ഭാവന ചെയ്യാൻ കഴിയണം. നോവൽ ചരിത്രം എഴുതി നിറയ്ക്കാനുള്ള മാധ്യമമല്ല; അതൊക്കെ കാലഹരണപ്പെട്ട സങ്കല്പമാണ്.രാഷ്ട്രീയസമരങ്ങളെ ഓർത്തു വയ്ക്കാനുള്ള ഇടമല്ല നോവൽ. അത്  ഒരു കലാകാരന്റെ തനിച്ചുള്ള ആന്തരയാത്രയും വെളിപാടുമാണ്. ദുർഗ്രഹമായ ജീവിതത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നതിനേക്കാൾ, അത് എങ്ങനെ വിചിത്രവും ദുരൂഹവുമായിരിക്കുന്നു എന്ന് എഴുതി അവതരിപ്പിക്കുന്നതാണ് മാജിക്. പ്രമുഖ ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതി, അധുനിക നോവൽ അസ്തിത്വത്തെക്കുറിച്ചുള്ള ധ്യാനമാണെന്ന്.അത് ഖസാക്കിലുണ്ട്. അതിനു പകരം കുറെ ചരിത്രം ഭാവന ചെയ്യാൻ കൊള്ളാത്ത ഭാഷയിൽ സ്ഥൂലമായി വിവരിക്കുന്നത് കലയാവില്ല. നോവലിന് വേണ്ടത് പൊതു വ്യവഹാരത്തിനുപയോഗിക്കുന്ന നിശ്ചലമായ ഗദ്യമല്ല. അത് വസ്തുവിനെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുകയും അതിൻ്റെ വിസ്തൃതമായ ഋതുഭേദങ്ങളിലേക്ക് നയിക്കുകയും വേണം.

'ഖസാക്കിൻ്റെ ഇതിഹാസം' മലയാളനോവലിൻ്റെ ഒരേയൊരു വസന്തഋതുവാണ്. അത് വന്യമായ സൗന്ദര്യവും സംഗീതവുമാണ്. സൗന്ദര്യത്തിൻ്റെ പൂക്കളാണ് അതിൽ വിടർന്നത്. ഖസാക്കിന് ശേഷമുണ്ടായ ഏറ്റവും മികച്ച നോവൽ ഏതെന്ന  ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു ശേഷം പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സർഗാത്മക നോവൽ ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകളാ'ണ്. ഖസാക്ക് ഒരു ഇന്ത്യൻ നോവലാണെങ്കിൽ 'ഗോവർധൻ്റെ യാത്രകൾ' ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്ട്ര നോവലാണ്. സംവേദനക്ഷമത നഷ്ടപ്പെട്ട മലയാള വിമർശകരും എഴുത്തുകാരും 'ഗോവർധന്റെ യാത്രകൾ' വേണ്ടപോലെ വായിച്ചിട്ടില്ല. 1995 ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. താരതമ്യേന നല്ലൊരു കാലഘട്ടമാണിത്. ഈ കാലത്തിനിടയിൽ ഇതിനെ മറികടക്കുന്ന കൃതികൾ എഴുതാൻ ശേഷിയുള്ളവർ ഉണ്ടായിട്ടില്ലെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഗോവർധന്റെ യാത്രകളു'ടെ  വേറിട്ടുള്ള നിൽപ്പ്.

പുതിയ ആഖ്യാനം 

നോവൽ എന്ന കലാശില്പത്തിൻ്റെ വിവിധ തലങ്ങളിലുള്ള സൗന്ദര്യം പ്രത്യക്ഷമാക്കുന്ന ഈ നോവൽ മനുഷ്യാനുഭവത്തിന്റെയും സ്വഭാവത്തിൻ്റെയും ദ്വന്ദങ്ങൾ എടുത്തുകാണിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം ഈ നോവലിലാണ് ഏറ്റവുമധികം കാണാൻ കഴിയുക. 'ഗോവർധൻ്റ യാത്രകൾ' ഇന്ത്യൻ നോവലിലുണ്ടായ ഒരു അത്ഭുതമാണ്. നോവലിൻ്റെ രചനയിൽ ഇതുവരെ കണ്ടെത്തിയ സങ്കേതങ്ങളിൽ വച്ച് ഏറ്റവും പുതുമയുള്ളതാണ് ഇതിൻ്റെ ആഖ്യാനം. ഇത് ആനന്ദ് കടമെടുത്ത ഒരു കഥാപാത്രത്തിന്റെ കഥയാണ്.പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹിന്ദി നാടകകൃത്ത് ഭാരതേന്ദു ഹരിച്ഛന്ദ്ര (1850-1888) എന്ന നാടകകൃത്തിൻ്റെ 'അംധേർ നഗരി'(1881) എന്ന രചനയാണ് നോവലിന് വഴികാട്ടിയാകുന്നത് .ഇത് ബി.വി. കാരന്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രമാണ് ഗോവർധൻ. ചെയ്യാത്ത കുറ്റത്തിന് രാജാവ് അയാളെ ജയിലിട്ടിരിക്കുകയാണ്. നാടകകൃത്ത് ചിന്തയുടെ ഒരു നിമിഷത്തിൽ തൻ്റെ നാടകത്തിൽ നിന്ന് ഈ കഥാപാത്രത്തെ സ്വതന്ത്രമാക്കുന്നു. ഇനി ഗോവർധന് സ്വതന്ത്രമായി ജീവിക്കാം. അതിനു നാടകകൃത്ത് തടസ്സമായിരിക്കില്ല. ഈ നാടകത്തിൻ്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം: 'അംധേർ നഗരിയിലെ ചൗപട് രാജാവിൻ്റെ മുന്നിൽ വരുന്ന ഒരു കേസിൽ നിന്നാണ് തുടക്കം.ആ നഗരം നീതിയുക്തമായ ബസാർ എന്ന നിലയിൽ പ്രസിദ്ധമാണ്. കഥയിലേക്ക് കടക്കാം. 'കല്ലുവിന്റെ മതിൽ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനു ശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെളളമൊഴിച്ചു കൊടുത്ത ദിശ്തിയെയും ദിശ്തിക്ക്   വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവിൽ വിൽക്കുന്ന സമയത്ത് ഇടയൻ്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കി കൊല്ലുവാൻ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാൽ കഴിവിലേറ്റുവാൻ കൊണ്ടുപോകപ്പെടുന്ന കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കനാണ് ഗോവർധൻ.'

ഇപ്പോൾ ഗോവർധൻ ആരാണെന്ന് മനസ്സിലായല്ലോ. ഈ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആനന്ദ് താൻ അഭിമുഖീകരിക്കുന്നത് കാലഭേദമില്ലാത്ത നീതിയുടെ പ്രശ്നമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം ഭാരതേന്ദ്ര ഹരിച്ഛന്ദ്രയുമായി ഭാവനയിൽ സംസാരിക്കുന്നു .സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന വിഷയത്തെക്കുറിച്ച് അവർ ആഴത്തിൽ ചർച്ച ചെയ്തു .ഗോവർധൻ്റെ കാര്യത്തിൽ ഭാരതേന്ദു ഹരിച്ഛന്ദ്രയ്ക്ക് കുറ്റബോധം തോന്നി. അനീതിയുടെ കൽതുറുങ്കുകൾ ഭേദിക്കാൻ നീതിമാന്മാർ വരുമെന്ന് കരുതിയിരിക്കുന്നത് വ്യർത്ഥമാണ്. ഗോവർധനെ സൃഷ്ടിച്ച ഭാരതേന്ദു തന്നെ അതിന് മുന്നോട്ടുവരുന്നു. അദ്ദേഹം ഗോവർധനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ചെന്ന്  വാതിൽ തുറന്നിടുന്നു. ഗോവർധൻ പുറത്തിറങ്ങി. അനീതിയും ഇരുട്ടും തിന്ന് ശോഷിച്ച ആ മനുഷ്യനുമായി സംസാരിക്കാൻ പലർക്കും അവസരമുണ്ടാകുന്നു. അയാൾ നീതി നിഷേധിക്കപ്പെടുന്നതിന് ഇരയാകുന്ന പലരിലൂടെ ജീവിക്കുന്നു.

നീതിയുടെ യുക്തി 

'നീതിയും അനീതിയും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ,ശരിയും തെറ്റും, പ്രകാശവും തമസ്സും തമ്മിൽ വേർതിരിക്കേണ്ട ആവശ്യം മനസ്സിലാക്കപ്പെടുക കൂടി ചെയ്യാത്ത ലോക'മാണിതെന്ന് ആനന്ദ് ആമുഖത്തിൽ എഴുതുന്നത് ഈ നോവലിൻ്റെ മേഖല ഏതാണെന്ന് വ്യക്തമാക്കി തന്നു. 'ആടിനെ കൊന്ന കുറ്റത്തിന് ആരെയെങ്കിലും കഴിവിലേറ്റാതെ പോയാൽ അത് അന്യായമാകുമെന്ന്' ചൗപട് രാജാവിന്റെ കോടതിയിലെ സിപാഹി പറഞ്ഞത് ഭാരതേന്ദുവിനെ സ്തബ്ദനാക്കുകയാണ്.

ഗോവർധൻ പിന്നീട് കണ്ടത് നീതിയുടെയും ശരിയുടെയും ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യരെയാണ്.ഇരുപത്തിനാലാം  അധ്യായത്തിൽ രാജാവിന്റെ ഭടൻ, ഗോവർധൻ രക്ഷപ്പെട്ട കാര്യം വിവരിക്കുന്നത് വായിക്കാം. ഇത് ആനന്ദും ഭാരതേന്ദു ചേർന്ന് എഴുതുകയാണെന്ന് സങ്കല്പിച്ചാലും തകരാറില്ല .ഭാരതേന്ദുവിൻ്റെ കഥാപാത്രമായ ഗോവർധൻ ഇപ്പോൾ ആനന്ദിന്റെ കൈയിലെ ഉപകരണമാണ്. അയാൾ ജയിൽ ചാടിയവനാണ്. അതുകൊണ്ട് അയാളെ പിടിക്കാൻ ജയിലധികാരികൾ ശ്രമിക്കാതിരിക്കില്ല.

'കേൾക്കുവിൻ, കേൾക്കുവിൻ! മഹാരാജാവിന്റെ അടിയന്തര കൽപ്പന! ഇന്നേക്ക് 14 ദിവസത്തിനകം ജയിൽ ചാടിപ്പോയ കൊലപ്പുള്ളി ഗോവർധനെ  പിടികിട്ടിയില്ലെങ്കിൽ, വധശിക്ഷ തിരിയെ കോത്വാലിന് നൽകുന്നതായിരിക്കും.കോത്വാൽ  ഇതിനകം ചാടിപ്പോവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആട്ടിടയനെ വധിക്കുന്നതായിരിക്കും. ആട്ടിടയൻ ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കസായിയെ വധിക്കുന്നതായിരിക്കും. കസായി ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ  പിടികിട്ടാതിരിക്കുകയും ചെയ്താൽ കുമ്മായക്കാരനെ വധിക്കുന്നതായിരിക്കും. കുമ്മായക്കാരൻ ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആശാരിയെ വധിക്കുന്നതായിരിക്കും. ആശാരി ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കല്ലുബനിയായെത്തന്നെ വധിക്കുന്നതായിരിക്കും. കല്ലുവിന്റെ മതിൽ വീണു വഴിയെ പോയ ആട് ചത്ത കുറ്റത്തിന് ആരെയെങ്കിലും ശിക്ഷിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ,രാജ്യത്ത് ഇനിമേൽ കൊലക്കുടുക്ക് ഉപയോഗിച്ചല്ല ,ശിരച്ഛേദം ചെയ്തിട്ടായിരിക്കും നടത്തുക എന്ന് രാജാവ് സദയം ഉത്തരവായിരിക്കുന്നു.'

ഗോവർധൻ ഒരു  കഥാപാത്രമാണെങ്കിലും അയാൾ ജീവിക്കുന്ന ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് കടലാസിലാണ് രേഖകൾ ഉള്ളതെങ്കിലും അയാളും  ജീവിക്കുകയാണ് .അയാൾ കടലാസിൽ പലവിധത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു.
അയാൾ രക്ഷപ്പെട്ടെത്തിയ ഒരു പട്ടണത്തിലെ കാഴ്ചകൾ ആ വിധിയെ ശരിവെക്കുന്നതായിരുന്നു. അവിടെ പേടിപ്പിക്കുന്ന ഒരു നിശബ്ദതയാണ് തങ്ങി നിന്നത് .അവിടെ കണ്ട  ആളുകളുടെ മുഖങ്ങളിൽ വിരക്തി എന്ന രോഗം പ്രകടമായിരുന്നു. വൃത്തികേട് പോലെ സൗന്ദര്യവും അവർക്ക് അസഹ്യമായിരുന്നു .ഒന്നും സുന്ദരമാക്കണമെന്ന് ആഗ്രഹിക്കാത്തവർ .വീടുകളും തെരുവുകളും വൃത്തിഹീനമായിരുന്നു. കാണുവാനും കേൾക്കുവാനും കഴിഞ്ഞിരുന്നെങ്കിലും മൂകരെയോ ബധിരരെയോ പോലെയാണ് അവർ നടന്നത്.

ഗോവർധൻ ഉറുമ്പുകളോടൊത്ത് 

ഏറ്റവും ഭയപ്പെടുത്തിയത് തെരുവ് പട്ടികളാണ്. അവയെല്ലാം കാഴ്ചയില്ലാത്തവയായിരുന്നു. ഓടുമ്പോൾ അവ എവിടെയോ ചെന്നിടിച്ച് വീണു .ആ പട്ടണത്തിൽ സകല മൃഗങ്ങളും എങ്ങനെയാണ് അന്ധരായതെന്ന് അയാൾക്ക് പിടികിട്ടിയില്ല. നീതിയുടെ യുക്തിയെ തന്നെ അന്ധമാക്കുന്ന തരം കാഴ്ചകൾ ഈ നോവലിൽ ധാരാളമുണ്ട്. ഇത് നമ്മുടെ നോവൽ സാഹിത്യത്തിന് പുതിയൊരു മുഖമാണ് നൽകുന്നത്. ഇതിന് സമാനമായ ' മറ്റൊരു നടുക്കം സൃഷ്ടിക്കാൻ പിന്നീട് ഒരു നോവലിസ്റ്റിനും കഴിഞ്ഞിട്ടില്ല. മലയാളസാഹിത്യത്തിൽ മഹത്തായ ഒരു പാഠമാണ് ആനന്ദ് നിർമ്മിച്ചിരിക്കുന്നത്.

ഗോവർധൻ്റെ യാത്രകൾക്ക് ശേഷമുള്ള ശൂന്യതയെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത് ;ഇത് 'ഖസാക്കിൻ്റെ  ഇതിഹാസ'ത്തിനു ശേഷം സ്പഷ്ടമായ ഉത്തരങ്ങളോടെ നോവൽ വായനയെ വഴിതിരിച്ചുവിട്ടു എന്നതിലാണ്. ആനന്ദ് ഈ നോവൽ അവസാനിപ്പിക്കുന്നത് തന്റെ കഥാപാത്രത്തെ ഭാരതേന്ദുവിൻ്റെ  നാടകത്തിലേക്ക് പറഞ്ഞയച്ചു കൊണ്ടല്ല ,ഉപേക്ഷിച്ചുകൊണ്ടാണ്. ഗോവർധൻ ഒടുവിൽ ഗത്യന്തരമില്ലാതെ ,ദുഃഖഭാരം പോലും വികാരമുണർത്താത്ത ഘട്ടത്തിൽ ഉറുമ്പുകളോടൊപ്പം യാത്ര പോവുകയാണ് .ഉറുമ്പുകൾ അയാളോട് പറഞ്ഞത് അവരുടെ കൂടെ ചേർന്നാൽ രാത്രി അയാൾ ഗ്രാമത്തിൽ എത്തുകയില്ല എന്നാണ്.  അപ്പോൾ അയാൾ പറയുന്നത്, ഏതെങ്കിലും ഒരു രാത്രിയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിയാൽ മതിയെന്നാണ്! ഉറുമ്പുകളുടെ യുക്തി ഗോവർധനെ ഞെട്ടിച്ചു :'ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങൾ കണ്ടേക്കും, നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്!

ആനന്ദ് പറയുന്നത് വായനക്കാർക്ക് ഗോവർധനെ വിട്ടുതരുന്നു എന്നാണ്. കാരണം ഗോവർധനെ അറിയുന്ന വായനക്കാർക്ക് അയാളോടൊപ്പം നടക്കാനാവും.

രജതരേഖകൾ

1)ബി.രാജീവൻ 

ഇടതുപക്ഷ പാർട്ടികൾക്ക് ഇന്നത്തെ നവജനാധിപത്യമുന്നേറ്റ പ്രക്ഷോഭങ്ങളിൽ പങ്കാളിത്തമില്ലെന്നും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ നേതൃത്വരഹിത സമരങ്ങളിൽ ഇടതു പാർട്ടികൾ  ഒറ്റപ്പെട്ടുവെന്നും ബി.രാജീവൻ (മോഹൻലാലിൻ്റെ പിണറായി വിജയൻ അഭിമുഖം, പ്രസാധകൻ ,ഏപ്രിൽ) അഭിപ്രായപ്പെടുന്നു.യഥാർത്ഥത്തിൽ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഒഫീഷ്യൽ ചട്ടങ്ങളിലും മുൻവിധികളിലും ജീവിക്കുകയല്ലാതെ പുതിയ ബഹുജനങ്ങളെ തങ്ങളോടൊപ്പം കൂട്ടാൻ ഒന്നും ചെയ്യുന്നില്ല .അധികാരം നേടാൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും അത് ലഭിച്ചു കഴിയുമ്പോൾ കാലാവധി തീരും വരെ തങ്ങളിൽപ്പെട്ടവരെ അല്ലാതെ മറ്റാരെയും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട്  യാതൊരു വിധ സമ്പർക്കവുമില്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.ഇതിൻ്റെ ഫലമായി വായു കടക്കാത്ത ഒരു അടഞ്ഞ ലോകം സൃഷ്ടിക്കപ്പെടുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ 'അയിത്ത'ത്തെ ഒരു പ്രധാന മൂല്യമായി സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ പോലും വെച്ച് വാഴിച്ചു .തങ്ങൾ മാത്രം മതി, മറ്റുള്ളവരെല്ലാം അസ്പൃശ്യർ എന്ന തികച്ചും ജനാധിപത്യവിരുദ്ധവുമായ സമീപനം ഇടതുപക്ഷത്തെയും അതിൻ്റെ സാംസ്കാരിക നേതൃത്വത്തെയും പുതിയ ഫ്യൂഡൽ മനോഭാവത്തിൻ്റെ അടയാളം എന്ന നിലയിൽ പിടികൂടിയിട്ടുണ്ട്. പുറമേ സാംസ്കാരിക മുഖംമൂടി അണിഞ്ഞ പലരും തങ്ങളുടെ രാഷ്ട്രീയത്തോട് അന്ധമായ അടിമത്വം കാണിക്കാത്തവരെ അന്യരായി കാണുകയും അവരുമായി ഒരു സംഭാഷണത്തിന് പോലും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നത്തെ പശ്ചാത്തലത്തിൽ നിരാശയോടെ ഓർക്കാവുന്നതാണ്.  

2)പി.ജെ.ആൻ്റണി 

നാടകകാരനും കവിയും ചലച്ചിത്രനടനുമായ പി. ജെ. ആന്റണിയുടെ സർഗാത്മക ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ലേഖനമാണ് ഡോ. പോൾ മണലിൽ എഴുതിയ 'തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതം'(തന്മ മാസിക ,മെയ്).ഇത് തീവ്രമായ ഒരു വികാര വിസ്ഫോടനമാണ്. ആൻറണി എഴുതിയ 'ശവം സംസാരിക്കുന്നു' എന്ന ഗദ്യഗവിതയിലെ അവസാന വരികൾ തൻ്റെ ശവക്കല്ലറയിൽ എഴുതിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ. ആ വരികൾ അതുപ്രകാരം ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോൾ മണലിൽ ഉദ്ധരിക്കുന്നുണ്ട്: 'വിലമതിക്കാനാവാത്ത അനേകം കഴിവുകളുണ്ടായിരുന്നിട്ടും യാതൊന്നും നേടാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും , ആയുഷ്കാലത്തിൽ ഒരു നിമിഷമെങ്കിലും ആശ്വസിക്കാൻ കഴിയാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവിപോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു.' ജീവിതത്തെ ആഴത്തിൽ പഠിച്ച ഒരു ജീനിയസിന്റെ വരികളാണിത്.എന്താണ് ആഴക്കാഴ്ച!

3)ജോൺ ലെനൻ 

ഇംഗ്ലീഷ് സംഗീതകാരൻ ജോൺ ലെനന്(1940-1980) മരണത്തെ ഭയമില്ലായിരുന്നു .ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതുപോലെയാണത്രേ മരണം.

4)പി.എ.ബക്കർ 

പി.എ.ബക്കറുടെ 'മണിമുഴക്കം'(1976)എന്ന ചിത്രത്തിനു സാമൂഹ്യപ്രസക്തിയുണ്ട്. അനാഥനായ ഒരുവൻ്റെ തിരിച്ചടികളാണ് അതിൽ ചിത്രീകരിക്കുന്നത്. ഹരികേശൻ തമ്പി (ഹരി)യാണ് പ്രധാന വേഷം ചെയ്തത്. ശ്രീനിവാസനും അതിൽ അഭിനയിച്ചിട്ടുണ്ട്. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവലിനെ ആധാരമാക്കിയാണ് ബക്കർ ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനത്തിന് (മാതൃഭൂമി ഓൺലൈൻ) കാലിക പ്രസക്തിയുണ്ട്.മലയാളിയുടെ മികച്ച സിനിമയെ തനതായി നിർവ്വചിച്ച സിനിമകളിലൊന്നാണ് 'മണിമുഴക്കം'.

5)ഡോ. വി.രാജകൃഷ്ണൻ ,ആഷാമേനോൻ 

ഇനി എഴുത്തച്ഛൻ പുരസ്കാരം കൊടുക്കേണ്ടത് സാഹിത്യവിമർശകരായ ഡോ.വി. രാജകൃഷ്ണനും ആഷാമേനോനമാണ്. 

6)ഡോ. ജോർജ് മരങ്ങോലി 

ഡോ. ജോർജ് മരങ്ങോലിയുടെ കഥകളുടെ സമാഹാരമാണ് 'ഇനി  ഒരിക്കൽ'(സൺഷൈൻ ബുക്സ്). മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ  ദുരന്തം പശ്ചാത്തലമാക്കി എഴുതിയതാണ് ടൈറ്റിൽ കഥയായ 'ഇനി ഒരിക്കൽ'.കുത്തൊഴുക്കിൽപ്പെട്ട് പരസ്പരം വേർപെടാൻ നേരം അവർ പറഞ്ഞു: ഇനി ഒരു ജന്മത്തിൽ കൂടിച്ചേരാമെന്ന്! മരങ്ങോലിയുടെ  കഥകൾ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നു. അത് സരളവും ആത്മാർത്ഥവുമാണ് .

7)പി.ജി.സദാനന്ദൻ 

പി.ജി. സദാനന്ദൻ എഴുതിയ രാഷ്ട്രീയ, സാംസ്കാരിക വിവക്ഷകളടങ്ങിയ സാഹിത്യലേഖനങ്ങളുടെ  സമാഹാരമാണ് 'പാപബോധത്തിന്റെ സ്നാനഘട്ടങ്ങൾ'(ഒരുമ). കക്കാടിന്റെയും പണ്ഡിറ്റ് കറുപ്പന്റെയും കരൂർ ശശിയുടെയും കവിതകളെക്കുറിച്ചുള്ള പഠനങ്ങളും ഗാന്ധിജിയെക്കുറിച്ചുള്ള വിചാരങ്ങളും അടങ്ങുന്ന 18 ലേഖനങ്ങൾ ഇതിലുണ്ട്. എന്നാൽ 'വിമർശകർ ഏത്  മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു? ' എന്ന ലേഖനം വായിച്ചപ്പോൾ സദാനന്ദൻ ഈ രംഗത്ത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് തോന്നി. മലയാളവിമർശനം ഉത്തര- ഉത്തരാധുനികതയിലും നവാദ്വൈതത്തിലും എത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് പറയേണ്ടിവരും.

8)ആസ്വാദനക്ഷമത 

കാക്കനാടന്റെ കഥകൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയത് ഞെട്ടിച്ചു! കഥയുടെ നവീനമായ ഭാവുകത്വത്തെപ്പറ്റി ഒന്നുമറിയാത്തവർ എന്തിനെഴുതുന്നു എന്ന ചോദ്യം ഉയരേണ്ടതുണ്ട്. 

9)ജയകുമാർ മേലൂട്ടത്ത് 

കഴുകൻ പക്ഷികുടുംബത്തെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും മാതൃത്വത്തെയും കുഞ്ഞുങ്ങളെയും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് അയാൾ അവയെ കൊല്ലാതെ വിട്ടു. അനുകമ്പയുടെ ഒരു കണം പുറത്തെടുക്കാൻ മനുഷ്യന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അനുകമ്പ ആകസ്മികമാണ്. ജയകുമാർ മേലൂട്ടത്ത് എഴുതിയ 'കഴുകമാനം'(പച്ചമലയാളം, മെയ്) എന്ന കഥയാണ് ഈ ചിന്തകൾ മനസ്സിലേക്ക് പടർത്തി വിട്ടത്.  അഭിനന്ദനങ്ങൾ!




നിശ്ശബ്ദതയുടെ ഉരഗം ഇഴഞ്ഞ പാട് / എം.കെ.ഹരികുമാർ

 





കുമാരനാശാൻ്റെ 'വീണപൂവ്'  വായിച്ചപ്പോൾ വിമർശക മനസിലുണ്ടായ സൃഷ്ടിപരമായ അലട്ടലുകളെ തത്വചിന്താപരമായി അപഗ്രഥിക്കുകയാണിവിടെ. 


എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' എന്ന കൃതി 1964 ലാണ്  പ്രസിദ്ധീകരിച്ചത്. വിമർശനസർഗ്ഗത്തിൽ ചെയ്തതിന്റെ തുടർച്ചയോ ആ ബിന്ദുവിൽ നിന്നുള്ള  വളർച്ചയോ ആയിട്ട് സമീപകാലത്ത് പ്രസിദ്ധീകരിച്ച 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' എന്ന കൃതിയെ കാണാൻ തോന്നുന്നു. വിമർശനത്തെ ആന്തരികമായ സാഹിത്യകലയുടെ, അനുഭവമായി കാണുകയാണ് എൻ്റെ രീതി. ഒരു പ്രബന്ധകാരന്റെ മുൻകൂട്ടി തീരുമാനിച്ച ആശയങ്ങളോ മറ്റുള്ളവരുടെ ചിന്തകളിലൂടെയുള്ള സഞ്ചാരമോ ഇവിടെ കാണാനാവില്ല. നമ്മുടെ ഭാഷയിൽ ധാരാളം വിമർശന ലേഖനങ്ങൾ വരുന്നുണ്ട് .എന്നാൽ 99 ശതമാനവും സ്റ്റാറ്റസ്കോ നിലനിർത്താനുള്ള വെപ്രാളം മാത്രമാണ്. പ്രതിഷേധിക്കുന്ന ,നവീകരിക്കുന്ന ഒരു തലം കാണാനില്ല.പുതിയൊരു ആലോചനയില്ല .വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തെ പോലും ഒരേ രീതിയിൽ ചർച്ച ചെയ്യുകയാണ്.'വീണപൂവ്','കരുണ' എന്നീ കാവ്യങ്ങൾക്ക് ക്ളീഷേ ആസ്വാദനമാണുള്ളത്. ഒരു കവിതയെക്കുറിച്ച് നൂറ് വർഷത്തിനിടയിൽ പോലും വ്യത്യസ്തമായ ഒരു വായന ഉണ്ടാകുന്നില്ല. 'വീണപൂവി'നെക്കുറിച്ച് അസഹനീയമായ വിധം പഴയ പാഠങ്ങൾ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനെതിരെയാണ് ഞാൻ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകമെഴുതിയത്.  അതിൽ ഒരു പൂവിൻ്റെ അനന്യതയാണ് അന്വേഷിച്ചത്. ഒരു വസ്തുവിന് കേവലം അതായിരിക്കാനുള്ള അവകാശമുണ്ട്. വസ്തുവിന്റെ പ്രാഥമികമായ പ്രകൃതി, അസ്തിത്വം നിഷേധിക്കപ്പെടുന്നിടത്ത് കലയില്ല. നമ്മുടെ വായന മറ്റൊരു വഴിക്കാണ് പോകുന്നത്. അത് വളരെ അപക്വവും വഴിതിരിഞ്ഞു പോകുന്നതുമായ  അർത്ഥവിചാരമാണ്. ഒരു കാവ്യത്തിലെ ബിംബങ്ങളെ അർത്ഥപരമായോ അതിവൈകാരികമായോ സമീപിക്കുന്നതിന്റെ കുഴപ്പമാണിത്. 

വീണപൂവ് ആശാൻ്റെ കാമുകിയാണെന്ന് സമർത്ഥിക്കുന്നത് അർത്ഥശൂന്യമാണ് .ഒരു മഹത്തായ കവിതയ്ക്ക് അങ്ങനെ നിലനിൽക്കാനാവില്ല. കവിതയെ അങ്ങനെ ലഘൂകരിക്കാനാവില്ല. പൂവ് കാമുകിയാണെന്ന് പറയുന്നതോടെ അതിന് പ്രണയകാവ്യങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയേക്കാം.ആ ലേബൽ പതിപ്പിച്ചാൽ അതെഴുതുന്നവന് കൂടുതൽ വായനക്കാരെ കിട്ടുമായിരിക്കും. ഒരു ദുരന്ത പ്രണയകാവ്യം വായിക്കാൻ താത്പര്യപ്പെടുന്നവരുണ്ട്. അല്ലെങ്കിൽ മറ്റൊരു സാധ്യതയുള്ളത് അതിവൈകാരികമായ ഉപഭോഗമാണ്.


പകൽ പോലെയുള്ള സത്യങ്ങൾ കലയിൽ വേണ്ട 


കവിതയിൽ അമിതമായ വൈകാരികഭാരം അടിച്ചേൽപ്പിക്കുമ്പോൾ അതിൽ വിമർശകന്റെ ആന്തരമായ സൂക്ഷ്മദർശനമോ ദാർശനികമായ പര്യവേക്ഷണമോ ഇല്ലാതാകുന്നു. എന്നാൽ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന കൃതി എഴുതിയപ്പോൾ ഈ ലേഖകനെ അലട്ടിയത്, ഒരു കവിയും പ്രകൃതിയിലെ ഒരു വസ്തുവും തമ്മിലുള്ള സംവേദനത്തിലൂടെ ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന പോരളുകളെപ്പറ്റി ആലോചിക്കാനാവുമോ എന്ന പ്രശ്നമാണ്. വസ്തുവിന്റെ ജീവതത്വപരമായ (ontological) അർത്ഥമാണ് കവിതയ്ക്ക് വേണ്ടത്. ജീവതത്വപരം, അല്ലെങ്കിൽ പ്രകൃതത്തിലുള്ള ,അസ്തിത്വപരമായ അർത്ഥം നിശ്ചിതമായ ചതുരവടിവിലുള്ളതല്ല. അത് ഒരു  ത്രികോണം വരയ്ക്കുന്നത് പോലെ ക്ലിപ്തമായിരിക്കില്ല. ത്രികോണത്തിന്റെ മൂന്ന് ബിന്ദുക്കൾ എവിടെയാണെന്നറിയാത്ത ഒരു വിദ്യാർത്ഥിയുടെ ആശയക്കുഴപ്പമാണ് അതിലുള്ളത്.അത് എങ്ങനെ പൂർത്തിയാക്കാം എന്നിടത്താണ് കവിത ആരംഭിക്കുന്നത്. അതുകൊണ്ടാണ് പലരും പറഞ്ഞതും നമുക്ക് നേരത്തെ തന്നെ ഉറച്ചധാരണകളുള്ളതുമായ വസ്തുതയെക്കുറിച്ച് എഴുതരുതെന്ന് വിവരമുള്ളവർ പറയുന്നത്. പകൽ പോലെയുള്ള സത്യങ്ങൾ വിവരിക്കുന്നതിൽ കലയില്ല. അറിയാത്തതിനെക്കുറിച്ചുള്ള അന്വേഷണമാണ് കലയെ മഹത്തരമാക്കുന്നത്. അതിവൈകാരികത കവിതയുടെ ശത്രുവാണ്.

നമുക്ക് അറിയാത്തതാണ് സൃഷ്ടിപരമായ തലത്തിലേക്ക് ഉയരേണ്ടത്‌. അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ വസ്തുതയെ വിശകലനം ചെയ്യുന്നത്. ഔപനിഷദോക്തികൾ, ചിലപ്പോൾ സമാധാനം തന്നേക്കാം എന്നാണ് അശാൻ പറയുന്നത്. വസ്തുവിൻ്റെ പ്രകൃതത്തിലുള്ള ,പ്രത്യക്ഷത്തിലുള്ള അനന്യതയുടെ തത്വചിന്ത പല വിധത്തിൽ കവി പരിശോധിക്കുന്നത് കാണാം.അപ്പോൾ പോലും പൂർണമായ അർത്ഥമോ ആശയപരമായ ശാന്തിയോ ലഭിക്കുന്നില്ല.  അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ പ്രകൃതിയെ വിശകലനം ചെയ്യുന്നത്. 


തത്വചിന്താപരമായ അശാന്തി 


വീണപൂവ് അവശേഷിപ്പിക്കുന്നത് അശാന്തിയാണ് .അത് ആശയപരവും തത്വചിന്താപരവുമായ അശാന്തിയാണ്. എന്നാൽ കവിതയിൽ ഒരു കാമുകിയുടെ സ്ഥാനത്താണ് പൂവെന്നും പൂവ് വീണതോടെ കവിയുടെ പ്രണയമാണ് തകർന്നതെന്നും വ്യാഖ്യാനിച്ചാൽ 'വീണപൂവി'ൽ വ്യാപരിക്കുന്ന ജീവതത്വപരമായ ആരായലുകൾ അപ്രത്യക്ഷമാകും. അത് ആണും  പെണ്ണും തമ്മിലുള്ള ബന്ധത്തിൻ്റെ ലോകമായി വഴിമാറിപ്പോകും. ഇത് കവിതയെ അപഹസിക്കുന്നതിന് തുല്യമാണ് .ഇത്തരം വായനയിൽ യാതൊരു ശ്രേഷ്ഠതയുമില്ല. അത് വാണിജ്യവൽക്കരിക്കപ്പെട്ട മനസ്സുകളുടെ പ്രത്യേകതയായി കണ്ടാൽ മതി.

അതിവൈകാരികവും വാണിജ്യപരവുമായ താൽപര്യങ്ങളുള്ള മനുഷ്യർക്ക് കലയുടെ പ്രകൃതത്തെ അറിയാനൊക്കില്ല .ഇവിടുത്തെ വിമർശകർക്ക് ഒരു കവിയുടെ കലാപരവും സൗന്ദര്യാത്മകവുമായ അത്തരം ചോദനകളെ അതിന്റെ അർത്ഥപരതയിൽ സമീപിക്കാൻ ശേഷിയില്ല. അതിനുപകരം അവർ കവിതയിലെ വസ്തുതളെയെല്ലാം മാനുഷിക ജീവിതത്തിലെ കൊടുക്കൽ വാങ്ങലുകളുടെയും വാണിജ്യ താൽപര്യങ്ങളുടെയും ബിംബങ്ങളായി കാണുന്നു.ഇത് കവിതയ്ക്ക് ബാഹ്യമായ ആലോചനകളാണ്. അവിടെ കവിയോ ആസ്വാദകനോ ഇല്ല. 

ആശാൻ പൂവിനെയാണ് അഭിസംബോധന ചെയ്യുന്നത്.ആ  അഭിസംബോധനയ്ക്ക് ആവശ്യമായ യുക്തിയും തത്വചിന്തയും ഭാവനയുമാണ് തേടുന്നത്. അതാണ് കവിതയ്ക്ക് ആവശ്യമുള്ളത്. ഒരു യുക്തി മറ്റൊന്നിന് പരിഹാരമല്ല. ദുർഗ്രഹമായ ഒരു ലോകത്ത് എവിടേക്ക് തിരിയണമെന്ന് ആലോചിച്ച് സന്ത്രാസപ്പെട്ടു നിൽക്കുന്ന അവസ്ഥ 'വീണപൂവി'ലുണ്ട്. അതുകൊണ്ടാണ് ആശാൻ ഇങ്ങനെ എഴുതുന്നത്:

"ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില - ഉന്നതമായ കുന്നു -മെന്നല്ലയാഴിയുമൊരിക്കൽ 
നശിക്കുമോർത്താൽ."

ജീവിത നശ്വരതയെക്കുറിച്ചോർത്താൽ അശാന്തി അകലും. ശാശ്വതമായത് ഒന്നുമില്ലെങ്കിൽ പിന്നെന്തിന്  ആഗ്രഹിക്കണം ,ദു:ഖിക്കണം ? സ്വാർത്ഥത ഒരു മിന്നലാട്ടം മാത്രമാണ്. അതും വ്യർത്ഥമാണ്.

"ഉല്പന്നമായത് നശിക്കു- മണുക്കൾ നിൽക്കും
ഉല്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്പത്തി കർമഗതി പോലെ വരും ജഗത്തിൽ,
കൽപ്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ."

ഇതും ഒരു യുക്തിയാണ്. കർമ്മഗതിയെ അഭയം പ്രാപിക്കുന്നു. കാമുകിയുടെ മരണത്തിൽ വേദനിക്കുന്ന കവിക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. കാരണം കാമുകിയോടുള്ള ബന്ധം വൈകാരികമാണ്. ആശാനാകട്ടെ വൈകാരിക വിച്ഛേദമാണ് അവതരിപ്പിക്കുന്നത്.

പൂവ് ഒരു മറയാണ് 

പൂവ് പ്രതീകമല്ലെന്ന നിലപാടാണ് ഈ ലേഖകൻ്റെ 'വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ' എന്ന കൃതിയിൽ കൈക്കൊണ്ടത്. മലയാളവിമർശനത്തിന്റെ ചരിത്രവും, വിശേഷിച്ച് ആശാൻ കൃതികളുടെ വിമർശനത്തിൻ്റെ ചരിത്രവും ഗൗരവത്തോടെ ഉൾക്കൊണ്ട ഒരാൾക്ക് ഇത് വളരെ പുതിയ വീക്ഷണമാണെന്ന് കാണാൻ വിഷമമില്ല. അതുകൊണ്ടാണ് സുകുമാർ അഴീക്കോടും കെ.പി.അപ്പനും എൻ്റെ പ്രതീകവാദവിരുദ്ധ നിലപാട് പ്രസക്തവും പുതിയതുമാണെന്ന് എഴുതിയത്. "ഈ വിമർശനത്തിൽ അസന്നിഗ്ദ്ധമായ ഒരു പൂർവ്വാന്വേഷണ നിരാസവും ഒരു നവദര്‍ശന കൗതുകവും നമുക്ക് കാണാൻ കഴിയുമെന്ന് " അഴീക്കോട് എഴുതുന്നുണ്ട് .വീണപൂവ് ഒന്നിൻ്റെയും പ്രതീകമല്ല - ഇതാണ് എൻ്റെ നിലപാട്.

ഈ കാര്യത്തിൽ 'വീണപൂവി'നെ അതിൻ്റെ തനതായ ജീവതത്വ ബോധത്തിലേക്ക് നയിക്കുന്ന മറ്റൊരു വിമർശനവും മലയാളത്തിൽ ഉണ്ടായിട്ടില്ല.' വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ' എന്ന കൃതി ഒരു വഴിത്തിരിവ് എന്ന നിലയിലാണ് ഞാൻ സമീപിച്ചിട്ടുള്ളത്. പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ:

"പൂവ് ഏതിന്റെയെങ്കിലും പ്രതീകമാണെങ്കിൽ കവിക്ക് പൂവിനെപ്പറ്റിയുള്ള പല നിഗമനങ്ങളിൽ ഏർപ്പെടേണ്ടതില്ല. മറിച്ച് പൂവിന് പൂവ്  മാത്രമായാൽ മതിയെന്നും അത് മറ്റെന്തിനെയും പോലെ കാവ്യവസ്തുവായല്ല ജനിച്ചതെന്നും കവി മനസ്സിലാക്കുന്നു.കാവ്യവസ്തുവാകാതെ ജീവിച്ചതിന്റെ യഥാർത്ഥ ചിത്രമാണ് ആശാൻ വരച്ചു കാണിക്കുന്നത്. കാവ്യവസ്തുവായ പൂവ് എപ്പോഴും അന്യവസ്തുക്കളുടെ ഭാരം ചുമക്കുകയാവും. പൂവിനെ ആശാൻ ആ ഭാരം ഏൽപ്പിക്കുന്നില്ല." 

ഇതാണ് കാവ്യപരമായ സ്വതന്ത്രത . കവിത മറ്റൊന്നിനെ ചാരിനിൽക്കുന്നതല്ല. അതിന് അനന്യതയുണ്ട്. കവിതയിലെ വസ്തു അതിൽതന്നെയാണ് ആസ്വദിക്കപ്പെടേണ്ടത് .കവിത അതിൻ്റെ തന്നെ ഘടനയിലാണ് വസ്തുവിനെ പ്രതിഷ്ഠിക്കുന്നത് . വസ്തു മറ്റൊന്നല്ല. ഒരു വസ്തു മറ്റൊന്നിന് വേണ്ടി നിലനിൽക്കുകയാണെന്ന് പറയുന്നത്  മനുഷ്യൻ്റെ ഉപഭോഗ ആവശ്യത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടാണ്.

കവികൾ എന്നും വാഴ്ത്തിയിട്ടുള്ള വസ്തുവാണ് പൂവ്. മറ്റൊന്നും എഴുതാനില്ലാതെ കഷ്ടപ്പെടുമ്പോൾ കവികൾ പൂവിനെ ആശ്രയിക്കാറുണ്ട്. പൂവിനെക്കുറിച്ചുള്ള ചിന്തയ്ക്ക് അതിൽ തന്നെ ഉത്തരം തേടാൻ ശ്രമിക്കുകയാണ് പോംവഴി. 

കവി പൂവിനെ സ്നേഹിച്ചത് അതിൻ്റെ സ്നിഗ്ദ്ധസൗന്ദര്യത്തിലും നശ്വരയിലുമാണ്. ദുരന്തത്തെ മുൻകൂട്ടി കാണുന്ന കവികൾ പൂവിലൂടെ അത് മറയ്ക്കാൻ ശ്രമിച്ചു. അതിന്റെയർത്ഥം പുവ് മറയ്ക്കുന്നത് ദുരന്തമാണ് എന്നാണ്. പൂവ് ഒരു മറയാണ്. അതിനടിയിൽ ജീവിതത്തിൻ്റെ ഭയപ്പെടുത്തുന്ന നശ്വരതയും  അമൂല്യമായ ജീവൻ്റെ അനിവാര്യമായ പതനവും അടങ്ങിയിരിക്കുന്നു. പൂവിനെ കാണുമ്പോൾ ഭയമുണ്ടാകും. കാരണം അത് വീഴ്ചയുടെ അവസാനത്തെ മുനമ്പാണ്. വലിയ യുദ്ധങ്ങൾക്ക് മുമ്പുള്ള പുറപ്പാടാണ്. യുദ്ധം കഴിഞ്ഞാൽ പടക്കളം എല്ലാവരും വിസ്മരിക്കുന്നു. യുദ്ധം നടന്നതിന്റെ ഓർമ്മകൾക്ക് അവകാശികളില്ല .നിശ്ശബ്ദതയുടെ ഉരഗം തകർന്ന വസ്തുക്കൾക്കിടയിലൂടെ  കടന്നുപോകുന്നുണ്ടാവും. ആ ഉരഗങ്ങൾ ഇഴഞ്ഞുപോയ പാടുകൾ തേടിച്ചെല്ലാൻ കവിക്ക് കഴിയണം. 


മറ്റുള്ളവർ എഴുതിയത് മായ്ച്ചുകളയാനാണ് എഴുതേണ്ടത്

ആത്യന്തികമായ ഫലശൂന്യതയെക്കുറിച്ചുള്ള വെളിപാട് വിധ്വംസകമാണ്. സൗന്ദര്യത്തിന്റെ ഇരുണ്ട വശമാണത്. സൗന്ദര്യത്തെ ആസ്വദിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നതിലെ സൗന്ദര്യമാണ് ആശാൻ ചർച്ച ചെയ്യുന്നത്. ലോകത്തിൻ്റെ അറിയാത്ത സമുദ്രങ്ങളെക്കുറിച്ചാണ് എഴുതേണ്ടത്. എഴുതുക എന്ന് പറഞ്ഞാൽ വലിയൊരു അർത്ഥമുണ്ട് .അത് നേരത്തെ എഴുതിയതിന്റെ ആവർത്തനമല്ല .നാം എഴുതുകയാണെന്ന് പറഞ്ഞാൽ പുതിയ ഒരു കാര്യമാണ് എഴുതുന്നത്. അതുവരെ ആരും എഴുതാത്തതാണത്.  അപ്പോഴാണല്ലോ എഴുത്തിനർത്ഥം ഉണ്ടാകുന്നത് .എഴുതുമ്പോൾ അത് പുതിയൊരു കടലാസിലാണ് പിറക്കുന്നത്;മറ്റൊരാൾ എഴുതിയതിന്റെ പുറത്തല്ല .ഒഴിഞ്ഞ ഇടങ്ങളിലേ എഴുതാനൊക്കൂ; അങ്ങനെയാണ് എഴുതേണ്ടത്. അതിൻ്റെയർത്ഥം ഇങ്ങനെ വിശദമാക്കാം: നിങ്ങൾ എഴുതുമ്പോൾ അത് വ്യക്തമായി കാണണമെങ്കിൽ ഒഴിഞ്ഞ ഇടമായിരിക്കണം .ശൂന്യമായ പ്രതലത്തിലാണ് എഴുതുന്നത്. അപ്പോഴാണ് അത് ദൃശ്യമാകുന്നത്. അതുകൊണ്ട് എഴുത്ത് പുതിയ ആവിർഭാവമാണ്. മറ്റൊരാൾ എഴുതാത്തത് എഴുതുമ്പോൾ അതുവരെ പലർ എഴുതിയത് മായ്ച്ചു കളയുകയാണ്. 

അങ്ങനെ നോക്കുമ്പോൾ എഴുതുക എന്ന പ്രക്രിയയിലൂടെ പുതിയ സുവിശേഷമാണ് പുറത്തു വരേണ്ടത്.  മറ്റുള്ളവർ പറയാത്തതാണ് അതിലൂടെ വെളിച്ചം തേടേണ്ടത്. ധാരാളം പേർ പറഞ്ഞത് ആവർത്തിക്കുന്നത് എഴുത്തല്ല. അത്  വാക്കുകളുടെ ആവർത്തനം മാത്രമാണ്. എഴുതുമ്പോൾ ഒരു തുടച്ചു നീക്കൽ സംഭവിക്കുന്നു. ആവർത്തിക്കപ്പെട്ടതും എവിടെ നോക്കിയാലും കാണാവുന്നതുമായ ചിന്തകളുടെ അഴുക്കാണ് തുടച്ചു മാറ്റപ്പെടുന്നത്. അത് ആശാൻ സാധ്യമാക്കിയത് കൊണ്ട് അതിനെക്കുറിച്ച് ഒരു വിമർശനാത്മക സർഗവിചാരം ആവശ്യമായി വരുന്നു. ആ കൃതി വിമർശകമനസ്സിൽ വന്നു വീഴുന്നതിന്റെ അനുരണനങ്ങളാണ് എഴുതുന്നത്. അതിൻ്റെ ഉള്ളടക്കമോ സാമൂഹിക പ്രസക്തിയോ ഒന്നുമല്ല.

വിമർശകൻ മറ്റൊരു കവിത എഴുതുന്നു 

കവിത വായിച്ചുകൊണ്ട് വിമർശകൻ മറ്റൊരു കവിത സൃഷ്ടിക്കുകയാണ്.അത് കവിതയുടെ സൂക്ഷ്മത്തിലും ഗദ്യത്തിന്റെ രാഗത്തിലുമാണ് സംഭവിക്കുന്നത്. വിമർശകൻ്റെ ഗദ്യം ഭാവനയുടേതാണ്.അത് കവിതയുടെ വിശദീകരണമല്ല. കവിത അനുഭവിച്ചതിന്റെ ഫലമായി സ്വയം വായിക്കുന്നതിന്റെ ഫലമാണിത്.  വിമർശകൻ തന്നെത്തന്നെ വായിക്കുന്നു. അമേരിക്കൻ വിമർശകനായ ദാനിയേൽ ഗ്രീൻ (Daniel Green) പറയുന്നു, The experience of reading is always the experience of language.വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന അനുഭവം ഭാഷയുടെ അനുഭവമാണ്. ഇതാകട്ടെ ഓരോരുത്തർക്കും വ്യത്യസ്തമാണ്.

ജീവിതനശ്വരതയെപ്പറ്റിയുള്ള എൻ്റെ വ്യഥയെ എൻ്റെ വഴിയിൽ അന്വേഷിക്കുകയാണ് ഞാൻ ഈ കൃതിയിൽ ചെയ്തത്. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നതുപോലെ ദുർഗ്രഹമാണ് എന്തുകൊണ്ടാണ് അത് നശ്വരമായിരിക്കുന്നതെന്ന്  തിരയുന്നത്. ഏതൊരു മനീഷിയെയും ഈ ചോദ്യങ്ങൾ കുഴയ്ക്കുന്നു. സ്നേഹത്തെ നൈമിഷികമോ താൽക്കാലികമോ ആക്കുന്നത് ഈ ചോദ്യങ്ങളാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വവും നശ്വരതയും മൂല്യങ്ങളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു. ഒരു പക്ഷിയെ  സ്നേഹിക്കുന്നു .എന്നാൽ തൊട്ടടുത്ത നിമിഷം അതിനെ ഒരാൾ അമ്പെയ്ത് കൊല്ലുന്നു. ഒരു മീനിനെ, അതിൻ്റെ  ചലനത്തെ സ്നേഹിക്കുന്നു. പൊടുന്നനെ ഒരുവൻ അതിനെ ചൂണ്ടയിട്ടോ വലയിൽ കുടുക്കിയോ  പിടിച്ചു കൊല്ലുന്നു. എത്ര ക്ഷണികമാണ് ജീവിതം ? ഈ അനിശ്ചിതാവസ്ഥ തരുന്ന മരവിപ്പും മടുപ്പും ഭീകരമാണെന്നിരിക്കെ അതിനെ സമാശ്വസിപ്പിക്കാനുള്ള ആശയം തേടിയാണ് ഞാൻ ഈ കവിത വായിച്ചത്. വീണുകിടക്കുന്ന പൂവിനെക്കുറിച്ചുള്ള ദുഃഖം എന്റേതുമാണ്. എൻ്റെ മനസ്സിൻ്റെ അടിയിലൂടെ വിഷാദാത്മകതയെക്കുറിച്ച് അന്വേഷിക്കാൻ ഇത് പ്രേരണയായി.

മറ്റൊരു വീണപൂവായി ഞാൻ ഓരോന്നിനെയും സങ്കൽപ്പിക്കാൻ തുടങ്ങി. ബാല്യകൗമാരങ്ങളും സ്നേഹബന്ധങ്ങളും ഇതുപോലെ വീണുപോകുന്നത് കണ്ടു. വീണതിന് പിന്നീട് ഉയർപ്പില്ല .മനസ്സിൽ നിന്ന്  വിഷാദത്തിന്റെ ഉയിർപ്പ് ഒഴിവാക്കാൻ  സ്വയം തേടുകയാണ് ചെയ്തത്. ലോകജീവിതത്തിന്റെ അർത്ഥശൂന്യതയും വിളിച്ചാൽ വിളി കേൾക്കാത്ത അവസ്ഥയും എന്നിൽ സംഘർഷം സൃഷ്ടിച്ചു. അത് പരിഹരിക്കാൻ വാക്കുകളുടെ സഹായമില്ലാതെ മനസ്സിൽ കവിത രചിച്ചുകൊണ്ടിരുന്നു. അസ്തമയങ്ങളിലും കൊഴിയുന്ന ഇലകളിലും സ്നേഹിതരുടെ മൃത്യുവിലും ലോകത്തിൻ്റെ മറവിയിലും ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ആശാൻ്റെ വരികൾ പ്രതിധ്വനിച്ചു.

"സാധിച്ചു വേഗമഥവാ നിജ്ജന്മകൃത്യം
സാധിഷ്ഠർ പോട്ട് - ഇഹ നിശിപാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതിൽ നിന്ന് മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം"

പരാജയപ്പെട്ട ജീവിതങ്ങൾക്കെല്ലാം ഇത് സാന്ത്വനമായി തീരുന്നതായി വായിക്കാം ."പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും പറയാനില്ലെന്ന് സൂചിപ്പിക്കുന്ന കവി കവിതയിലെ ഏത് പ്രവണതയെയും അതിജീവിക്കുകയാണ്. വിഭിന്ന  ഭാവങ്ങളുള്ള പൂവ് അങ്ങനെ അനേകം സ്വരങ്ങളെ ഓർമ്മിപ്പിക്കുന്നു. പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാതിരിക്കുക ,പൂവിൻ്റെ തന്നെ പല ജീവിതങ്ങൾ ധ്വനിപ്പിക്കുക എന്നീ മാർഗങ്ങളിലൂടെയാണ് കവിത സാർവലൗകിക പ്രസക്തിയിലേക്ക് വരുന്നത്.സാർവകാലികാനുഭവങ്ങളുടെ സാരാംശത്തിലേക്ക് എത്തുന്ന കവി എല്ലാ മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളെയും ഉപേക്ഷിക്കുന്നു. ഇങ്ങനെ കവിത സ്വതന്ത്രമാകുന്നു."

എന്നാൽ കവിതയുടെ ഈ സ്വാതന്ത്ര്യം വിമർശകന്റെ മനസ്സിലാണ് വിചിത്രമായ പദകോശങ്ങളോടെ ഉദിച്ചുയരുന്നത്. വിമർശകൻ അതിൽ സ്വയം ദർശിക്കുന്നു. അത് വിമർശകൻ്റെ  സ്വാതന്ത്ര്യവുമാണ്. പാരമ്പര്യത്തിൻ്റെ  നിശ്ചലമായ ആശയലോകത്ത് നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വിമർശകൻ തിരഞ്ഞെടുക്കുന്ന നിമിഷമാണിത്. വിമർശകൻ സ്വന്തം മനസ്സിന്റെ സർഗാത്മക സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ വായന. വിമർശകൻ സ്വന്തം സ്വാതന്ത്ര്യസങ്കല്പത്തെ വായിക്കുകയാണ്. അയാളുടെ സംവേദനാത്മകതയുടെ ആകസ്മികമായ എത്തിച്ചേരലാണിത്.  അങ്ങനെ അയാളിലെ പ്രക്ഷോഭകാരിയെ ശരിക്കും സാക്ഷാത്കരിക്കുന്നു.

ഒരു ഭാഗം കൂടി ഉദ്ധരിക്കുന്നു: " നിരന്തരം അന്യവൽക്കരിക്കുക എന്നതാണ് ജീവിതത്തിൻ്റെ സ്വഭാവം. അങ്ങനെയുള്ള പ്രക്രിയയിൽ നഷ്ടപ്പെടുന്നത് മാനുഷികതയാണ്. അകന്നുപോകുന്നത് ,നഷ്ടപ്പെടുന്നത് എവിടെയെന്ന ചോദ്യം വീണപൂവ് എന്ന കാവ്യത്തിന്റെ ആദിമധ്യാന്തം മുഴങ്ങുന്നതായി ഞാൻ കേൾക്കുന്നു." അമേരിക്കൻ തത്വചിന്തകനായ 
ജോൺ ഡിവി (John Dewy) പറഞ്ഞതുപോലെ കവിത നിഗൂഢതയിലേക്കാണ് ആഴ്ന്നിറങ്ങുന്നത് .It(poetry)has served the purpose of penetrating the mysterious depths of things