Followers

Thursday, July 23, 2009

യാത്ര-മാത്യു നെല്ലിക്കുന്ന്‌



കനാൽത്തീരത്തുകൂടി പതിവുപോലെ അയാൾ അന്നും അന്തിവെയിലിനെതിരെ നടന്നു. കൈയിൽ മൂന്നു വയസ്സായ ലാബ്രഡോർ വർഗ്ഗത്തിൽപ്പെട്ട നായെ ലിഷാൽ പിടിച്ചിട്ടുണ്ട്‌. പകൽവെളിച്ചത്തിൽ തിളങ്ങി ഒഴുകുന്ന കനാലും അതിനെ തഴുകിയെത്തുന്ന തണുത്ത കാറ്റും അയാൾക്കേക്കാളവും ശാന്തി നൽകിയിരുന്നു.
ശക്തിയായി മഴപെയ്യുമ്പോൾ രണ്ടാം നിലയിലെ ചില്ലുജനാലയ്ക്കരുകിൽ അയാൾ കനാലിനെ നോക്കി നിൽക്കും. മഴ പെയ്യുമ്പോൾ കനാൽപെട്ടെന്നു നിറയുമെങ്കിലും അത്‌ കരകവിഞ്ഞൊഴുകുന്നത്‌ ഒരിക്കലും കണ്ടിട്ടില്ല. കുത്തൊഴുക്കിന്റെ ശക്തി പലപ്പോഴും കിടിലം കൊള്ളിക്കുമെങ്കിലും ഏതോ അജ്ഞാതമായൊരു ബന്ധം ആ കനാലിനോടു തോന്നിയിരുന്നു.എന്നും രാവിലെ ഉണരുമ്പോൾ ജനാലയുടെ കർട്ടൺ നീക്കി കനാലിനെ നോക്കിനിൽക്കും. രാത്രികാലങ്ങളിലും ഈ പതിവു തുടരും. അപ്പോൾ കനാലിനു കുറുകെ കടന്നുപോകുന്ന വഴിയിറമ്പിൽ തെളിഞ്ഞു നിൽക്കുന്ന നിയോൺ വിളക്കുകൾ അവ്യക്തമായി മാത്രം കനാലിനെ കാണിച്ചു കൊടുത്തിരുന്നു.


വീടിന്റെ പുറകുവശത്തെ പുൽമേട്‌ കഴിഞ്ഞാൽ കനാലിന്റെ തീരമായി. വൈകുന്നേരങ്ങളിൽ കുട്ടികൾ ചൂണ്ടയിട്ടിരിക്കുന്നത്‌ കൗതുകമുള്ള കാഴ്ചയായിരുന്നു. എങ്കിലും മത്സ്യങ്ങളെ കുരുക്കി കൂടകളിലേക്ക്‌ എറിയുന്നത്‌ കാണുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല.കനാലിന്റെ തീരം മെയിലുകൾ നീണ്ടു കിടന്നു. പുൽമേടുകൾ കൊണ്ട്‌ തീരം പുതഞ്ഞു കിടന്നിരുന്നു. എങ്കിലും പുല്ലുകൾക്കിടയിലും ഒരു വഴിച്ചാല്‌ തെളിഞ്ഞിരുന്നു.അന്ന്‌ അയാളും നായും വളരെ ദൂരം നടന്നു. എത്ര ദൂരം കടന്നുപോയെന്ന്‌ നിശ്ചയമില്ലായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ കനാലിനെ മുറിച്ചു പോകുന്ന പാതവക്കത്തെ കലുങ്കിൽ വിവശനായി അയാൾ ഇരുന്നു. കാഴ്ചയിൽ എഴുപത്തഞ്ച്‌ തോന്നിക്കുമെങ്കിലും അറുപതുവയസ്സേ ഉണ്ടായിരുന്നൊള്ളു. നടന്നു നടന്ന്‌ കിതയ്ക്കുകയോ കഷണ്ടി കയറിയ തല വിയർക്കുകയോ ചെയ്യുമ്പോൾ അയാൾ എവിടെയെങ്കിലും ഇരുന്നു വിശ്രമിക്കും.


അന്നു നന്നെ ഇരുട്ടിയപ്പോൾ മാത്രമാണ്‌ അയാൾ വീട്ടിലെത്തിയത്‌. നായെ സ്വതന്ത്രമായി ലീഷ്‌ അഴിച്ച്‌ ബാക്ക്‌ യാർഡിൽ വിട്ടു. അതിന്റെ പാത്രത്തിലേക്ക്‌ കുറച്ച്‌ പുരിന ഡോഗ്‌ ഫുഡ്‌ ഇട്ടുകൊടുത്തു. പ്ലാസ്റ്റിക്‌ പാത്രത്തിൽ കുറച്ചു ജലവും നിറച്ചു. അതായിരുന്നു ആ നായയുടെ അത്താഴം.ബാക്ക്‌ യാർഡിൽ ഭാര്യയും കുട്ടികളും ചേർന്ന്‌ ഒരു പച്ചക്കറിത്തോട്ടം പിടിപ്പിച്ചിട്ടുണ്ട്‌. അതിൽ നനയ്ക്കുവാനല്ലാതെ മറ്റൊന്നിനും അയാൾക്കു കഴിയുമായിരുന്നില്ല. ഡയബറ്റിക്സും ഹായ്‌ ബ്ലഡ്പ്രഷറും തുടങ്ങിയിട്ട്‌ പത്തു വർഷം കഴിഞ്ഞു. മരുനന്നുകളുടെ ശക്തികൊണ്ട്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഭാര്യയ്ക്ക്‌ അയാളിലും വളരെ പ്രായക്കുറവുണ്ടായിരുന്നു. ലേറ്റ്‌ മാരേജിൽ, അയാളുടെ ഉയർന്ന ഉദ്യോഗവും പണവും ചെറുപ്പക്കാരിയായ ഭാര്യയെ സമ്പാദിക്കാൻ സഹായിച്ചു.


ഈ അറുപതാമത്തെ വയസ്സിൽ കുട്ടികൾ വളരെ പ്രായം കുറഞ്ഞവരായിരുന്നതുകൊണ്ട്‌ അവരെ ഒരു കാര്യവും ഏൽപ്പിക്കുവാൻ പറ്റുമായിരുന്നില്ല. 14 വയസ്സും 12 വയസ്സുമുള്ള രണ്ടു പെൺകുട്ടികൾ.അയാൾ അമേരിക്കയിൽ എത്തിയപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി രണ്ടു വർഷം മുമ്പ്‌ പൂട്ടിപ്പോയി. പലയിടത്തും ജോലി തേടിയെങ്കിലും ആരും ജോലി നൽകിയില്ല. പ്രായാധിക്യം തന്നെയാണ്‌ കാരണമെന്ന്‌ അയാൾക്കറിയാമായിരുന്നു.സമയാസമയം മരുന്നുകൾ കഴിച്ചും കനാലിന്റെ ഒഴിക്കിലേക്ക്‌ നോക്കി സമയം കളഞ്ഞും തോട്ടം നനച്ചും അയാളുടെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.ചെറുപ്പക്കാരിയായ ഭാര്യ എന്നും ഉച്ചതിരിയുമ്പോൾ ഹോസ്പിറ്റലിൽ ജോലിക്കുപോകും. രാവിലെ കുട്ടികളെ സ്കൂളിൽ ഡ്രോപ്പ്‌ ചെയ്യുന്നതും വൈകുന്നേരം പിക്ക്‌ ചെയ്യുന്നതും അയാളുടെ ജോലിയാണ്‌. പാതിരയോടെ നഴ്സിംഗ്‌ ജോലി തീരുന്ന ഭാര്യ താമസിച്ചു മാത്രമേ മിക്കവാറും വീട്ടിൽ വന്നിരുന്നുള്ളു. ഭാര്യയുടെ വരവും കാത്ത്‌ എന്നും അയാൾ ഉറങ്ങാതിരിക്കുമായിരുന്നു. പലപ്പോഴും ടി.വിയുടെ മുന്നിലിരുന്ന്‌ മടുത്ത്‌

ഉറങ്ങിപ്പോയിട്ടുണ്ട്‌.കുറഞ്ഞൊരുനാളായി മരുന്നുകൾ കഴിച്ച്‌ അയാളും കുട്ടികൾക്കൊപ്പം ഉറങ്ങാൻ പോകും. ഭാര്യ ഒരിക്കലും ആവലാതി പറഞ്ഞിട്ടുമില്ല. അയാൾ താമസിച്ചുള്ള വരവിനേക്കുറിച്ച്‌ ചോദിക്കാറുമില്ല. വർഷത്തിലൊരിക്കൽ കുട്ടികളേയും കൂട്ടി ഭാര്യ വിനോദയാത്ര പോകുമ്പോൾ അയാൾ പൂർവ്വാധികം അനുസരണയുള്ള നായയായി വീടുനോക്കി കഴിയും.
അടുത്തകാലത്തായി ഭാര്യയുടെ ജോലിത്തിരക്ക്‌ കൂടി വന്നുകൊണ്ടിരുന്നു. നേരം പുലർന്നിട്ടു മാത്രമേ അവൾ വീടെത്താറുള്ളു.ഒരു സായാഹ്നത്തിൽ പതിവില്ലാതെ കിടക്കമുറിയിലിരുന്ന്‌ അയാൾ കരയുകയുണ്ടായി. വിവാഹഫോട്ടോയിൽ നോക്കി ഏറെ നേരം അയാളിരുന്നു. എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞുവന്നു. അപ്പോൾ കുട്ടികൾ വെളിയിൽ പന്തു കളിക്കുകയായിരുന്നു. ഭിത്തിയിലേക്ക്‌ ഏറിയപ്പെടുന്ന പന്ത്‌ തന്റെ നേർക്കായുള്ള കല്ലായി അയാൾക്കു തോന്നി. അതിൽ നിന്ന്‌ രക്ഷനേടാൻ അയാൾ പതുങ്ങിയിരുന്നു. കൊച്ചുകുഞ്ഞിനെപ്പോലുള്ള ഈ ഒളിച്ചുകളി ഇനി ഒരിക്കലും

സാധ്യമാവില്ലെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. കൊഴിഞ്ഞുപോയ കുട്ടികാലം ഓർത്ത്‌ മനസ്സു പിടഞ്ഞു. യൗവനത്തിലെ ചൂടുള്ള ദിവസങ്ങളെ അയാൾ സ്വപ്നം കണ്ടു. യൗവനത്തിന്റെ ഓജസും തന്റേടവും പൊയ്പ്പോയെന്ന്‌ അയാൾ വേദനയോടെ വീണ്ടും അറിഞ്ഞു. നെയ്‌ നിറഞ്ഞ ഞരമ്പുകൾ തൊലി പിളർന്ന്‌ തല നീട്ടുന്നതായും ചുറ്റിപ്പിണർന്ന്‌ കഴുത്തു ഞെരിക്കുന്നതായും തോന്നി. തുരുമ്പിച്ച നാഡികളും ഞൊറിവീണ തൊലിയും ചുളിഞ്ഞ്‌ വികൃതമാക്കപ്പെട്ട മുഖവും തന്റേതല്ലെന്ന്‌ അയാൾക്ക്‌ സംശയമുണ്ടായി. വർഷങ്ങളുടെ കുത്തൊഴുക്കിൽ മടവീണ ഒരു ചിറ.


ആ സായാഹ്നത്തിൽ പതിവുകളെ അയാൾ മറന്നു. ഭക്ഷണമോ മരുന്നോ സമയത്തിന്‌ കഴിച്ചില്ല.കറുത്ത മേഘങ്ങൾ ചൂടിയിരുന്ന ആകാശം മഴ പൊഴിച്ചു തുടങ്ങി. ആറു മണിയോടെ കനാലിന്റെ തീരങ്ങൾ കവിഞ്ഞ്‌ മഴവെള്ളം കുത്തിപ്പാഞ്ഞു. മഴയുടെ ആരവം അമർന്നപ്പോൾ നായയെ ലീഷിൽ പിടിച്ച്‌ അയാൾ കനാൽതീരത്തേക്ക്‌ നടന്നു. ഇരുൾ ഭൂമിയെ മൂടിക്കൊണ്ടിരുന്നു. അയാളുടെ നടത്തക്ക്‌ പതിവിനെതിരേ വേഗതയായിരുന്നു. മുഖത്തെ മാംസപേശികൾ മുറുകി വന്നു. കുത്തൊഴുക്ക്‌ നോക്കി ചിരിച്ചു. കട്ടികൂടിവരുന്ന ഇരുട്ടിലേക്ക്‌ അയാൾ ആഞ്ഞു നടന്നു. ഏതോ പകപ്പിൽ നായ ലീഷ്‌ തെന്നിച്ച്‌ അയാളെ വീട്ട്‌ ഓടിപ്പോയി. അയാൾ അത്‌ ശ്രദ്ധിച്ചതേയില്ല....

Tuesday, July 14, 2009

കൊച്ചി എനിക്ക്‌ പുനര്‍ജന്‍മം നല്‍കിയ നഗരം: എം . കെ ചന്ദ്രശേഖരന്

എം . കെ ചന്ദ്രശേഖരന്‍റെ ലേഖനം എഴുത്ത്‌ ഓണ്‍ലൈന്‍ മാസികയില്‍



ഏകദേശം ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു;കൊച്ചി എന്‍റെ രണ്ടാം
ജന്‍മഗൃഹമായിട്ട്‌. ഒരന്തേവാസിയായി ഈ നഗരത്തിലേക്ക്‌ കാലെടുത്തു
വെയ്ക്കുമ്പോള്‍ വിവിധ തരത്തിലുള്ള ഭയാശങ്കകള്‍ എന്നെ അലട്ടിയിരുന്നു.
നാട്ടിന്‍ പുറത്ത്‌ ജനിച്ച്‌ വളര്‍ന്ന്‌ ,പിന്നീട്‌ വിദ്യാഭ്യാസാനന്തരം
വ്യത്യസ്തമായ അന്തരീക്ഷത്തില്‍ നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും
മലയോര
പ്രദേശങ്ങളുമുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ ജോലിയുടെ ഭാഗമായി
കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും അവിടമൊന്നും സ്ഥിരമാവണ്ടതായി
മാറാത്തതുകൊണ്ട്‌ ഒരിക്കലും ഗൃഹാതുരത്വത്തിന്‍റെ അനുരണനങ്ങള്‍ എന്നില്‍
ഉരുത്തിരിഞ്ഞിരുന്നില്ല.പക്ഷേ'
കൊച്ചിയില്‍ താമസമാക്കിയതോടെ എന്‍റെ
ജീവിതവീക്ഷണത്തിന്‌ തന്നെ പാടേ മാറ്റം വന്നു.

read more

Wednesday, June 24, 2009

കടല്‍ ഉപയോഗശൂന്യമായ പ്രണയം പോലെ



പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍
നൃത്തം ചെയ്യിച്ച്‌
കടല്‍ ഒന്നുകൂടി മദാലസയായി .
നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ
ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌.

രതിബന്ധത്തിന്‍റെ
ഒടുവിലെ അപാരമായ ജ്ഞാനം
എത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,
പക്ഷേ പ്രണയിക്കുന്നില്ല.
രതിയെപ്പറ്റി പറഞ്ഞാല്‍
അവള്‍ ഓടിപ്പോകും.
പ്രണയത്തെയും രതിയെയും തള്ളുകയും
മാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .
അവള്‍ക്കോ സ്വന്തമായി രതിയില്ല.

കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ
ചുരമാന്തുന്നു.
അനിശ്‌ചിതവും വിസ്മ
യകരവുമായ
അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള
സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.
അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-
മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം...

നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.
അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌
നമ്മുടെ
തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?

കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ
നമ്മുടെ ചിരപരിചിതമായ
തകരപ്പാത്രത്തിലേക്കും വന്നു നിറയും.
വറ്റിച്ചാല്‍ വറ്റാത്ത ക്രൂരതയായി അത്‌
എല്ലാ പ്രേമ ഭാഷണങ്ങള്‍ക്കുമിടയില്‍
പട്ടിയെപ്പോലെ പമ്മി കിടക്കും.
പ്രണയവും രതിയും അനുഷ്ഠാനമല്ല,
ഒരു ആംഗ്യമാണ്‌.
ഓര്‍മ്മിക്കാനൊന്നുമില്ലാത്ത,
മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം.

read more. ezhuth online july 2009
ezhuth online july 2009 issue

read here