Followers

Sunday, May 10, 2009

കവിതയാകാതിരിക്കാന്‍


ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.
അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്‌, വേദന, പക്ഷി
എന്നൊക്കെ കേട്ടാല്‍ കവികള്‍
വ്യാജ സത്യവാങ്ങ്‌മൂലവുമായി
ചാടിവീഴുമെന്ന് അതിന്‌ ഇതിനോടകം
മനസ്സിലായിട്ടുണ്ട്‌.
ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ
ഭീഷണമാണ്‌.

Saturday, May 2, 2009

മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?


മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?
വേദാന്തികള്‍ക്ക്‌ ചെറിയൊരു
പങ്ക്‌ മിഥ്യ മതി.
നമുക്ക്‌ മിഥ്യകള്‍
എന്നും, എപ്പോഴും കൂട്ടിനുവേണം.
ഒരു ഈണത്തില്‍ മനസ്സ്‌ ചേര്‍ക്കാന്‍,
ഒരു കൂട്ടില്‍ ഇഷ്ടങ്ങള്‍ കുഴിച്ച്‌ മൂടാന്‍,
ഒരു ഗാനരംഗം ആസ്വദിക്കാന്‍,
ഒരു അഭിനയം കലയാണെന്ന് നമ്മെത്തന്നെ
വിശ്വസിപ്പിക്കാന്‍ ,
ഒന്നു ചിരിക്കാന്‍,
ഒന്നു പ്രേമിക്കാന്‍ മിഥ്യകള്‍ വേണം.
അവ നമ്മെ ചമല്‍ക്കാരങ്ങള്‍ കൊണ്ട്‌ മൂടി
കണ്ണു കെട്ടി എല്ലാം പഠിപ്പിക്കുന്നു.
ഒന്നും അറിയാതിരുന്നാല്‍
എന്തും വിശ്വസിച്ച്‌ സമയം കൊല്ലാം.
മിഥ്യകളെ അറിയാന്‍
ശ്രമിച്ചാല്‍ ദു:ഖങ്ങള്‍ വരും.
മിഥ്യകള്‍ക്ക്‌ വസിക്കാന്‍
നം നമ്മെത്തന്നെ കളിസ്ഥലമാക്കിയിരിക്കുന്നു.

Sunday, April 26, 2009

ഉള്ളതും ഇല്ലാത്തതും


മിത്തുകളൊഴിഞ്ഞു പോകുന്ന
ഈ വേളകള്‍ ആശ്വാസകരമാണ്‌.
എന്താണോ എന്നെ സൃഷ്ടിച്ചത്‌
അത്‌ ഞാന്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കയാണ്‌.
ചില കൊടുക്കല്‍ വാങ്ങലുകള്‍
എവിടെയോ ഉണ്ട്‌.
എന്നാല്‍ എനിക്ക്‌ ഒന്നും ആയിരിക്കാന്‍
ആഗ്രഹമില്ല.
മാത്രമല്ല എന്താണോ ഞാന്‍ ,
അതിനോട്‌ പൊരുത്തപ്പെടാന്‍
എനിക്ക്‌ മനസ്സുമില്ല.
എന്നാല്‍ ഏകാന്തതയൊന്നുമല്ല ഇത്‌.
ഇത്‌ ഞാന്‍ തന്നെ ആയിരിക്കാം.
ഞാന്‍ എന്താണെന്ന് പറയാന്‍
എനിക്ക്‌ ഒരു പാഠപുസ്തകമോ , ഗുരുവോ ഇല്ല.
ഞാന്‍ തന്നെ എന്‍റ്റെ ഘടകങ്ങളെ
ഇഴപിരിക്കാന്‍ നോക്കുകയാണ്‌.
ഞാന്‍ ഉണ്ട്‌;
പക്ഷേ അതു മാറിക്കൊണ്ടിരിക്കുന്ന വാസ്തവികതകളുടെ
ഒരു സാന്നിദ്ധ്യം മാത്രമാണ്‌.
സ്ഥിരമായിട്ടൊന്നുമില്ല എന്നതാണ്‌ ,
ഞാന്‍ ഉണ്ട്‌ എന്ന യാഥാര്‍ത്ഥ്യത്തെ തന്നെ
അര്‍ത്ഥപുര്‍ണമാക്കുന്നത്‌.
പക്ഷേ, ഞാനൊന്നും മാതൃകയാക്കാനോ,
പിന്തുടരാനോ ഒരുക്കമല്ല.