Followers

Monday, November 27, 2023

ദൈവം - കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തു വരുന്നതു പോലെ- എം.കെ. ഹരികുമാർ







വാൽഷ് : ഞാൻ ആഗ്രഹിച്ചത് ഒന്നും നടക്കാറില്ല .എൻ്റെ ജീവിതം അതിൻ്റെ സാക്ഷ്യമാണ്.

ദൈവം: നിങ്ങൾ സൃഷ്ടിക്കുന്നതാണ് നിങ്ങൾക്ക് കിട്ടുന്നത്. നിങ്ങളുടെ ലക്ഷ്യങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കുന്നത്. അതിനു കാരണം നിങ്ങളുടെ ചിന്തകളാണ്. 

ദൈവത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എങ്കിലും എന്താണ് ദൈവം എന്നറിയാൻ നമുക്കെല്ലാം ഇനിയും പലതും വായിക്കേണ്ടതുണ്ട് ;അല്ലെങ്കിൽ പലതും ചിന്തിക്കേണ്ടതുണ്ട്. അമേരിക്കയിലെ ഗ്രന്ഥകാരനും ദൈവ ചിന്തകനുമായ നീലേ ഡൊണാൾഡ് വാൽഷ് (Neale Donald Walsch) ഈ വിഷയത്തിൽ അപൂർവ്വമായ ഒരു വിചാരശാസ്ത്രം അവതരിപ്പിക്കുകയാണ്.  അദ്ദേഹത്തിന്റെ 'കോൺവെർസേഷൻസ് വിത്ത് ഗോഡ്' എന്ന ഗ്രന്ഥപരമ്പര ഈ വിഷയത്തെ അഗാധമായി സമീപിക്കുകയാണ്. ലോകത്തിൻ്റെ ശ്രദ്ധയാകർഷിക്കുന്ന ഉദ്യമമാണിത്. ദൈവത്തെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കുകയാണിവിടെ. വിശ്വാസം ,അവിശ്വാസം എന്ന ദ്വന്ദത്തെ വാൽഷ് ആശ്രയിക്കുന്നില്ല . ദൈവത്തെക്കുറിച്ച് സ്വാനുഭവത്തിൻ്റെ  പശ്ചാത്തലത്തിൽ ദുർല്ലഭവും അതിശയകരവുമായ വെളിപാടുകൾ നിരത്തുകയാണ്. ദൈവം ഒരു വ്യക്തിയല്ലെന്നും അങ്ങനെയുള്ള ദ്വന്ദം അസംബന്ധമാണെന്നും വാൽഷ് സ്ഥാപിക്കുന്നു. ദൈവം ഒരനുഭവമാണ്. ദൈവം അധികാരിയോ രാജാവോ അല്ല. ആധുനിക വിജ്ഞാനത്തിൻ്റെ വഴിയിൽ ദൈവത്തെ മഹത്തായ മനുഷ്യത്വമായും സൗന്ദര്യമായും അദ്ദേഹം പരിചയപ്പെടുത്തുന്നു. ഒരു പൂവിൻ്റെ സുഗന്ധം പോലെ ഹൃദ്യമാണത്. ശലഭച്ചിറകിലെ കൃഷ്ണമണികൾ പോലെ വിസ്മയമാണത്. ഏതൊരു മനുഷ്യവ്യക്തിയിലും ഈ ദൈവമുണ്ട്; അത് ഒരാന്തരിക വ്യവസ്ഥയാണ് ,അല്ലെങ്കിൽ അന്തർവലയാണ്. യുക്തിയിലും നിരീശ്വരത്വത്തിലും കലയിലും ബോധത്തിലും അത് സജീവമായി നില്ക്കുന്നു. ഈ ദൈവം ആചാരമോ അന്ധതയോ മൂർത്തിയോ വിഗ്രഹമോ അല്ല ;സ്വന്തം ശരീരത്തിലും മനസിലും മനുഷ്യനു അറിയാനുള്ളതാണ്. 

മനുഷ്യൻ്റെ എക്കാലത്തെയും  മഹാവിജ്ഞാനം എന്ന രീതിയിൽ ഇത് പ്രപഞ്ചത്തെക്കുറിച്ച് അറിയാനുള്ള വാതിലുകൾ തുറന്നിടുകയാണ്.

മനുഷ്യൻ്റെ ചിന്താപ്രശ്നങ്ങളും  ആകുലതകളും ഇവിടെ അനാവരണം ചെയ്യപ്പെടുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്നു. മനസ്സിൽ സ്വാഭാവികമായി വരുന്ന  ചോദ്യങ്ങൾക്കെല്ലാം അദ്ദേഹത്തിൻ്റെ  ഉള്ളിലിരുന്ന് ദൈവം മറുപടി പറയുന്നു. ദൈവത്തെ അന്വേഷിച്ച വാൽഷിനു ഉള്ളിൽ തന്നെ മറുപടി ലഭിച്ചു. ദൈവത്തെക്കുറിച്ച് വളരെ സ്വതന്ത്രവും സ്വകാര്യവുമായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് .

ദൈവം ഇവിടെ വളരെ വിദൂരമായ, ഇഷ്ടാനിഷ്ടങ്ങളുള്ള ഒരു ഒരു കേന്ദ്രമല്ല. മറിച്ച് ,അദ്ദേഹത്തിൽ തന്നെ നിലകൊള്ളുന്ന ഒരു പൂർണതയാണ്. മനസ്സിലുള്ള ദൈവത്തെയാണ് വാൽഷ്  അന്വേഷിക്കുന്നത്. അത് വെളിപാടു പോലെ വിശുദ്ധമാണ്. മനസ്സിൽ വന്ന ചോദ്യങ്ങൾ ഓരോന്നായി ദൈവത്തിന്റെ മുന്നിൽ സമർപ്പിക്കുകയാണ്. ഓരോന്നിനും ദൈവം ഉത്തരം നല്കുകയാണ് .

ഒരു മതത്തിന്റെയോ  സംഘടനയുടെയോ വീക്ഷണമല്ല ഇവിടെ തെളിയുന്നത് .ആത്മാവിൽ നിന്നുള്ള അക്ഷരങ്ങൾ ദൈവത്തിൻ്റെ വചനങ്ങളായി പുറപ്പെടുന്നു. ഒരു നവപ്രഭാമണ്ഡലമാണിത്. അപ്രതീക്ഷിതവും പ്രചോദനാത്മകവുമായ ഒരു പുതിയ ദൈവശാസ്ത്രമാണ് വാൽഷ് തൻ്റെ സുവിശേഷമായി പങ്കുവയ്ക്കുന്നത്. നാളിതുവരെയുള്ള ദൈവവിജ്ഞാനീയത്തിൻ്റെ സദ്ഫലങ്ങൾ സ്വാംശീകരിക്കാനും മറന്നിട്ടില്ല .യുക്തിക്ക് പകരം സാകല്യമായ പ്രപഞ്ചബോധമാണ് വേണ്ടത്. മനുഷ്യന് പ്രാപ്യമാണോ ദൈവം? നമ്മൾ ഈ മഹാപ്രപഞ്ചത്തിലെ അനാഥമായ ബോധത്തിന്റെ ഏത് കണമാണ്? അത് എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ?അതിന് എന്തെങ്കിലും അർത്ഥമുണ്ടോ? പുസ്തകത്തിൻ്റെ തുടക്കത്തിലെ വാക്യം ഇതാണ്: 'എല്ലാം ജീവിതമാണ് .ജീവിതം തന്നെയാണത്'.ജീവിതമല്ലാത്തതായി യാതൊന്നുമില്ല .എല്ലാം ഓരോ വ്യവസ്ഥയ്ക്കകത്താണ്. എന്നാൽ അത് എപ്പോഴും മാറുകയും പുതിയ ഘടനയുണ്ടാവുകയും ചെയ്യുന്നു.ജീവിതമാണ് എന്നതുകൊണ്ട് ഒന്നും ലളിതമായി തീരുന്നില്ല .കണ്ടെത്താനുള്ളതെന്തോ അതിൽ വ്യാപിക്കുകയാണ്. അത് വളരെ പ്രകടവും വ്യക്തിപരവും ആയിരിക്കെ ,അദൃശ്യവും അജ്ഞാതവുമാണ് .എല്ലാം മനസ്സിലാക്കാൻ കഴിയുന്നതാണെന്ന് ചിന്തിക്കുമ്പോൾ തന്നെ പിടിതരാതെ വഴുതുകയും ചെയ്യും .ജീവിതം കുറെ വികാരങ്ങളല്ലേ നമുക്കായി തരുന്നത് ?.വികാരങ്ങൾക്ക് മറ്റൊരു ജീവിതമാണുള്ളത് .ദൈവത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ അവസാനിപ്പിച്ച കൃതിയാണിത്. ദൈവം മറ്റെവിടെയോ ഇരുന്ന് ,മനുഷ്യനെപ്പോലെ നിസ്സാരവും അല്ലാത്തതുമായ കാര്യങ്ങളുടെ പേരിൽ ഇടപെടുന്ന ഒരു വ്യക്തിയാണെന്ന  അന്ധവിശ്വാസം തകരുകയാണ്. എന്നാൽ വാൽഷ് പറയുന്നു ദൈവം ഒരു സുഹൃത്താണെന്ന്. 

ദൈവം നമ്മുടെ ഉള്ളിൽ തന്നെ പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയാണ്. ആ വ്യവസ്ഥയിലേക്ക് കൊടുക്കേണ്ടതായ സൂചനകൾ  നമ്മൾ തന്നെ കൊടുക്കേണ്ടതാണ്.

അതിനനുസരിച്ച് ആ വ്യവസ്ഥയ്ക്കുള്ളിൽ തന്നെ ഒരു ബുദ്ധി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ദൈവം ഒരു സുഹൃത്താണ്, അല്ലെങ്കിൽ ഒരു ചിന്തയാണ് .സുഹൃത്തിനെ വേണമെങ്കിൽ നമുക്ക് വളരെ നന്നാക്കിയെടുക്കാം ;അല്ലെങ്കിൽ നമ്മുടെ തൊട്ടടുത്തുള്ള ദൈവത്തെ അതിനു പര്യാപ്തമായ സമീപനങ്ങളിലൂടെ അറിയുകയാണ് പ്രധാനം. 

എൻ്റെ ജീവിതം എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത് ?

അടുത്തിരിക്കുന്ന ദൈവത്തിനു ഏതിനും ഉത്തരം നൽകാനാവും ; ദൈവം നല്കുന്ന ഉത്തരങ്ങൾ കേൾക്കാനുള്ള മനസ്സ് വേണം .അനേകം അസത്യങ്ങൾ ജീവിതത്തിന് നേർക്ക് പാഞ്ഞടുക്കുകയാണ്. എന്നാൽ അതിനെയെല്ലാം നമുക്കനുകൂലമായ സത്യങ്ങളാക്കി മാറ്റാനുള്ളതാണ്. 'ഈ പുസ്തകം ഞാൻ എഴുതിയതല്ല ,അത് സംഭവിച്ചതാണ്' -അദ്ദേഹം പറയുന്നു.ഒരാൾ സ്വയം അടച്ചിട്ട നിലവിറകൾ തുറക്കുകയാണ് .സ്വയം സ്വതന്ത്രനാകുമ്പോഴാണ് അത് സംഭവിക്കുന്നത് .കെട്ടുപാടുകളിൽ നിന്ന് കുതറിമാറി നമ്മെക്കാൾ ജനാധിപത്യമുള്ള ,സാഹോദര്യമുള്ള ,ജ്ഞാനമുള്ള, സർവതിനോടും സംസാരിക്കുന്ന ഒരു ദൈവത്തെ തേടാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു. എങ്കിലേ നമുക്ക് അജ്ഞതയിൽ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ. ഒരിടത്ത് കെട്ടിക്കിടക്കുന്ന  ജലാശയമാവുന്നതിന് പകരം നാനാ ദിക്കുകളിലേക്ക് ഒഴുകിയില്ലാതാവുന്നതാണ് ദൈവിക ചിന്തയുടെ പരിസമാപ്തി തോന്നുന്നു.

വാൽഷിൻ്റെ കൃതിയിൽ നിന്ന് :'സത്യം ഇതാണ് :ദൈവം എല്ലാവരോടും സംസാരിക്കുന്നു ,നല്ലവരോടും ,ദുഷ്ടന്മാരോടും പുണ്യാളന്മാരോടും തെമ്മാടികളോടും .നമ്മളൊക്കെ ഇതിനിടയിലാണുള്ളത്. നിങ്ങളെ തേടി  ജീവിതത്തിൽ ദൈവം പല കുറി വന്നിട്ടുണ്ട്. ഇത് അതുപോലെ ഒന്നാണ്. പഴയ ഒരു ചൊല്ലുണ്ട് , ശിഷ്യൻ തയ്യാറാണെങ്കിൽ ഗുരു വന്നിരിക്കും. ഈ പുസ്തകം അതിനു തെളിവാണ്'.

ദൈവത്തെ തേടുക എന്ന വിധി ഉള്ളിൽ ഒരു നീറ്റലായി കൊണ്ടുനടക്കുന്നത് എന്തിനാണ്?

കൂടുതൽ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാൻ. ഈ കൃതി എഴുതപ്പെട്ടത് തൻ്റെ ജീവിതത്തിലെ തുടരന്വേഷണങ്ങളും തെറ്റുകളും തിരുത്തലുകളും വഴിയാണെന്ന് വാൽഷ് പറയുന്നു .'അപമാനകരമായ പെരുമാറ്റങ്ങളും തുടർച്ചയായ തെറ്റുകളും സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവർ ക്ഷമിക്കാത്തതും അവർക്ക് ഉപദ്രവകരമായതും പലതും ഉണ്ടായി. മറ്റുള്ളവരുടെ വേദന എന്നെ പലരീതിയിൽ പ്രബുദ്ധനാക്കിയിട്ടുണ്ട്. അതിൽ നന്ദിയുണ്ട് .എൻ്റെ  ജീവിതത്തിലെ വ്യക്തികളിലൂടെ ഞാൻ ധാരാളം പഠിച്ചു. ദൈവത്തിൻ്റെ ഈ പഠനപ്രക്രിയ വളരെ സാവധാനത്തിലായിരുന്നു. ഭയത്തിൽ ജീവിക്കാത്തതിനും പരാജയങ്ങളിൽ ക്ഷമിച്ചതിനും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.നമ്മൾ ദു:ഖിച്ചതും ദു:ഖിപ്പിച്ചതുമെല്ലാം പിന്നീട് വലിയ അറിവുകളായി പരിണമിക്കുകയാണ് '.

ഏതൊരു തെറ്റിനും പ്രായച്ഛിത്തമുണ്ട്. മറ്റൊരാളോടു ചെയ്യുന്ന ഏതൊരു അപരാധത്തിനും പശ്ചാത്താപമുണ്ട്.  തെറ്റ് ഏറ്റുപറയാൻ മനുഷ്യന്റെ മനസ്സ്  അന്യാദൃശമായ ഒരു ഇടമാണ്. അവിടെ അവൻ തൻ്റെ ഇനിയും അനാവൃതമാകാത്ത ദൈവത്തെ കണ്ടുമുട്ടുന്നു .ആ ദൈവത്തെ കാണുന്ന മാത്രയിൽ അവൻ സ്വയം തുറന്നു കാണിക്കുന്നു .പിന്നീട് മറക്കുകയും ചെയ്യുന്നു.

1992 ഈസ്റ്ററിനോട് അനുബന്ധിച്ചാണ് വാൽഷ് തൻ്റെയുള്ളിലെ ഈ ചോദ്യോത്തര സംവാദത്തിന് സാക്ഷിയാവുന്നത്. അന്ന് അദ്ദേഹത്തിൻ്റെ മനസ്സിൽ അടിഞ്ഞുകൂടിയ ചോദ്യങ്ങൾ പലതാണ്. ആ ചോദ്യങ്ങൾ പ്രധാനമായും ഇതെല്ലാമാണ് :'എൻ്റെ ജീവിതം എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത് ?അതിനെ പ്രവർത്തിപ്പിക്കാൻ എന്ത് ചെയ്യണം? മറ്റുള്ളവരുമായുള്ള ബന്ധത്തിൽ എനിക്കെന്തുകൊണ്ട് സന്തോഷം കിട്ടുന്നില്ല .തുടർച്ചയായ  കഷ്ടപ്പാടുകളിലേക്ക് എന്നെ തള്ളി വിടുന്നതിന് കാരണമായി ഞാൻ എന്താണ് ചെയ്തത്?' ഈ ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നത് സ്വാഭാവികമായാണ് .എന്നാൽ ഉള്ളിൽ നിന്ന് മറ്റൊരു കേന്ദ്രം അതിനു ഉത്തരം നല്കുകയാണ്. ആ കേന്ദ്രത്തെ ദൈവമെന്നു വിളിക്കാനാണ് വാൽഷ് ആഗ്രഹിക്കുന്നത്. അതാകട്ടെ ഒരാളോട് മാത്രമല്ല ഇങ്ങനെ സംസാരിക്കുന്നത്. കേൾക്കാൻ മനസ്സുള്ള എല്ലാവരോടുമാണ്.

ദൈവം ഇങ്ങനെ പ്രതിവചിച്ചു: 'സംഭാഷണം എന്നതിന് പകരം വിനിമയം എന്ന വാക്ക് തിരഞ്ഞെടുക്കാം .പരസ്പരം സംസാരിക്കുമ്പോൾ വാക്കുകളുടെ അവിശ്വസനീയമായ പരിമിതി നമ്മെ പിന്നോട്ടു പിടിച്ചു വലിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ വാക്കുകൾ കൊണ്ട് മാത്രമല്ല വിനിമയം ചെയ്യുന്നത്. എൻ്റെ ഏറ്റവും പൊതുവായ വിനിമയമാർഗം വികാരമാണ്. ആത്മാവിൻ്റെ  ഭാഷയാണ് വികാരം. എന്തിൻ്റെയെങ്കിലും സത്യാവസ്ഥ ബോധ്യപ്പെടണമെങ്കിൽ, നിങ്ങൾക്ക് അതിനെക്കുറിച്ച് എന്ത് വികാരമാണുള്ളതെന്ന് അറിയാൻ ശ്രമിക്കുക. വികാരങ്ങളെ പലപ്പോഴും കണ്ടെത്താൻ പ്രയാസമാണ്. തിരിച്ചറിയാനും പ്രയാസമാണ്. നിങ്ങളുടെ അഗാധമായ വികാരങ്ങൾക്കുള്ളിലാണ് ഉന്നതമായ സത്യമുള്ളത് .ഈ വികാരങ്ങളിലേക്ക് എത്തിച്ചേരുകയാണ് അതിനുള്ള പോംവഴി '.

ഞാൻ ആകാശത്തിൻ്റെ നിറത്തിൽ വിശ്വസിക്കുന്നു 

വികാരങ്ങളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ അതിനർത്ഥം അന്ധമായ ഒരു പലായനത്തിലേക്ക് നമ്മൾ വീണു എന്നാണ് . 'ദൈവപ്രസാദം ഒരിക്കലും വാർത്തകളോ വിചിത്രമായ കാര്യങ്ങളോ ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ഇതെല്ലാം ആരംഭിക്കുന്നത് മനുഷ്യൻ്റെ  പ്രാചീനമായ ദുർബുദ്ധിയിൽ നിന്നാണ്. അതിനാൽ പുതിയതായി യാതൊന്നുമില്ല ; ഭൂമിയിൽ എന്നേക്കും  നിലനിൽക്കുന്നതായി ഒന്നുന്നുമില്ല' - ദൈവശാസ്ത്രജ്ഞനായ തോമസ് കെമ്പിസ് പറഞ്ഞത് ഓർക്കുകയാണ്. 

വാസ്തവത്തിൽ ,മനുഷ്യശരീരത്തിലാകെ സംവേദനതുല്യമായ വികാരങ്ങൾ നാനാവിധമായി സംസാരിക്കുകയാണ്. കൈകൾ പലതും സംസാരിക്കുന്നുണ്ട്. ഓരോരുത്തരോടും നമ്മുടെ കൈകൾ പലതാണ് സംസാരിക്കുന്നത്. അത് ജീവിതത്തിൻ്റെ മുഖ്യധാരയിലല്ലാത്ത എന്തോ ഉച്ചരിക്കുന്നുണ്ട്. അങ്ങനെ നമ്മളിൽ നിന്നു പലതരം  വികാരജീവിതങ്ങൾ പുറപ്പെടുകയാണ്. 

അതിൽ ഏതാണ് നമ്മൾ? ഒരു വ്യക്തി അയാളുടെ ബഹുമുഖമായ അന്യജീവിതങ്ങൾക്കിടയിൽ ഏകാകിയാണ്. മറ്റുള്ളവർ നമ്മെ കാണുന്ന മാത്രയിൽ ശരീരത്തിൽ നിന്ന്, അവയവങ്ങളിൽ നിന്ന് സ്വരൂപിച്ചെടുക്കുന്ന ആത്മബന്ധങ്ങളും  അറിവുകളുമുണ്ട്. 

അത് മറ്റുള്ളവരിലാണ് ജീവിക്കുന്നത്. അതിൽ നിന്ന് നമുക്ക് വിടുതൽ നേടാൻ പ്രയാസമാണ് ;എങ്കിൽ അതിലാണ് നമ്മൾ പ്രയത്നിക്കുന്നത്.

'ദൈവം തുടർന്നു : ഞാൻ ചിന്തകൊണ്ടു വിനിമയും ചെയ്യുന്നു. ചിന്തകളും വികാരങ്ങളും ഒന്നല്ല, അവ രണ്ടും ഒന്നിച്ചു വരുന്നുണ്ടെങ്കിൽ പോലും .ചിന്തകൊണ്ട് വിനിമയം ചെയ്യുമ്പോൾ ഞാൻ ചിത്രങ്ങളും ബിംബങ്ങളുമാണ് ഉപയോഗിക്കുക. അതുകൊണ്ട് വാക്കുകളേക്കാൾ ഫലപ്രദമായിട്ടുള്ളത് ചിന്തകളാണ്.ഇതിനു പുറമേയാണ് ഞാൻ അനുഭവത്തിൻ്റെ വാഹനത്തെ മഹത്തായ വിനിമയമാർഗമായി ഉപയോഗിക്കുന്നത്. വികാരങ്ങളും ചിന്തകളും പരാജയപ്പെടുമ്പോൾ ,ഞാൻ വാക്കുകൾ ഉപയോഗിക്കുന്നു. വിനിമയത്തിൽ ഏറ്റവും താഴ്ന്ന നിലയിലുള്ളതാണ് വാക്കുകൾ; അത് മിക്കപ്പോഴും തെറ്റായ വ്യാഖ്യാനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടവരുത്തുന്നു'. 

വാക്കുകൾ ഒരിടത്ത് കെട്ടിയിടാനുള്ളതാണ് ;വ്യാഖ്യാനങ്ങളും ഭാവനകളുമാണ് അതിൽ നിന്നു മോചിപ്പിക്കുന്നത്. ഭാവനകൾ പക്ഷേ ,ഏകപക്ഷീയവും വ്യക്തി കേന്ദ്രീകൃതവുമാണ് .വാക്കുകൾ അപരനിൽ ,മനസുകളിൽ സൃഷ്ടിക്കുന്ന നിറവ്യത്യാസങ്ങൾ ഒരു  സമൂഹത്തിനാകെ ലഭിക്കുകയില്ല;

അത് ഓരോ വ്യക്തിയിലുമാണ് ഉണ്ടാകുന്നത് .ഞാൻ ആകാശത്തിന്റെ നിറത്തിൽ വിശ്വസിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ അത് ഒരു സമൂഹത്തിനാകെ ഒരുപോലെ മനസ്സിലാവുകയില്ല. കാരണം, അത് ഒരു വെറും വസ്തുതയല്ല ;അതിൽ വ്യക്തിപരമായ ഭാവന കലർന്നിരിക്കുന്നു .അത് കവിതയുടെ അന്തർലോകമാണ്. അതിന് വ്യക്തിഗതമായ, നിശ്ചിതമായ അർത്ഥം പോലുമില്ല. ചില അവ്യക്തതകളാണ് വാക്കുകളിലൂടെ പകരുന്നത്. പറയുന്ന ആളിന് പോലും വ്യക്തതയില്ലെങ്കിലും വാക്കുകൾ വന്നുകൊണ്ടിരിക്കും. വാക്കുകളുടെ അർത്ഥമോ വ്യാഖ്യാന മോ ഏതാണ് ശരിയെന്ന ചിന്ത ബാക്കിയാണ്. ചിലപ്പോൾ വ്യാഖ്യാനിച്ചു കഴിയുമ്പോൾ അർത്ഥം തന്നെ ഇല്ലാതാകും .ഇന്ന് എല്ലാവരും വ്യാഖ്യാതാക്കളാണ്. അതിലൂടെ  സൃഷ്ടിക്കപ്പെടുന്നത് സിന്തസിസ് അല്ല; ആൻ്റിതീസിസ് ആണ്. എതിരഭിപ്രായങ്ങൾ നമ്മൾ തന്നെയാണ്. അഭിപ്രായവും എതിരഭിപ്രായവും നമ്മളിലുണ്ട്. 

'ദൈവത്തെ അനുഭവിക്കാനുള്ള വഴി ഇതാണ്: ഏറ്റവും ഉന്നതമായ ചിന്ത, വ്യക്തമായ വാക്ക്, മഹത്തായ വികാരം എന്നിവയിലൂടെ ദൈവത്തെ അറിയാം. ഉന്നതമായ ചിന്തയിൽ സന്തോഷമുണ്ടാകും. വ്യക്തതയുള്ള  വാക്കുകളിൽ സത്യമുണ്ടാകും . മഹത്തരമായ വികാരത്തിൽ  സ്നേഹമാണുണ്ടാവുക'.

ഞാനാരാണ് എന്നതിൻ്റെ  അടിസ്ഥാനത്തിലാണ് എനിക്ക് ഉയർന്ന ചിന്തയും വാക്കും വികാരവും ആവശ്യമായി വരുന്നത്. ഞാനെന്തുകൊണ്ട് അത് ആഗ്രഹിക്കുന്നുവെന്ന പ്രശ്നമുണ്ട്. ചിലപ്പോൾ അതൊന്നും തേടുന്നില്ലെങ്കിൽ നമുക്ക് കിട്ടുന്ന സന്തോഷം വ്യത്യസ്തമായിരിക്കും. സന്തോഷം വേണ്ടെന്നു  തീരുമാനിക്കുന്നവരുണ്ട്. അവർ സന്ദേഹവും ദുഃഖവുമായിരിക്കും മുഖ്യമായി കാണുക. അത് അനുഭവിക്കാൻ അവർ കിട്ടാവുന്ന എല്ലാ മാർഗ്ഗങ്ങളും തേടുന്നു. അവർ ഏറെക്കുറെ വൈകാരികവും ബുദ്ധിപരവുമായ പ്രതിരോധശേഷി നേടുന്നത് ഈ വികാരങ്ങളെ ചേർത്തു നിർത്തുമ്പോഴായിരിക്കും.

'നിങ്ങളുടെ ലോകം ഇങ്ങനെ ആയിരിക്കില്ലായിരുന്നു ,നിങ്ങൾ നിങ്ങളുടെ അനുഭവത്തെ വെറുതെ ഒന്ന് നിരീക്ഷിച്ചിരുന്നെങ്കിൽ .അനുഭവത്തെ ശ്രദ്ധിക്കാതിരിക്കുന്നതിൻ്റെ ഫലം  അത് വീണ്ടും ജീവിക്കേണ്ടി വരുമെന്നതാണ് '.

മനസ് ഒരു അന്യഗ്രഹജീവിയാണോ ?

സ്വയം നിരീക്ഷിച്ചാൽ ദൈവം പുറത്ത് വരുമെന്നാണ് ദൈവം വാൽഷിനോട് പറയുന്നത്. സ്വയം മറയ്ക്കുന്ന കരിമ്പടമാകാതിരിക്കൂ .മനസ് ഇരുട്ടാണ് ,ചിലപ്പോഴെങ്കിലും . എവിടെയാണ് മനസ്സുള്ളതെന്ന് പോലും മനസിനറിയില്ല. മനസ്സ് ഒരു അന്യഗ്രഹ ജീവിയാണോ ?അന്യഗ്രഹജീവിയായതുകൊണ്ടാകാം  ആത്മവിനാശകരമായി തീരുന്നത്. ഈ സന്ദേശം ഞാൻ സംവത്സരങ്ങളായി നിങ്ങൾക്ക് നല്കുകയാണ്. നിങ്ങൾ അത് ശ്രദ്ധിക്കണമെന്നില്ല. നിങ്ങൾക്ക് ഒരു സ്വതന്ത്ര മനസ്സ് നല്കിയിട്ടുണ്ട് .അത് നിങ്ങളിൽ നിന്നും ആരും തിരിച്ചെടുക്കുകയില്ല. ദൈവത്തിൻ്റെ ഉറപ്പ് വാൽഷ്  മനസ്സിലാക്കുന്നുണ്ട്. പക്ഷേ, മാനവ വംശം അതിനു തുനിയുന്നില്ല. മഹാഋഷികളും ജ്ഞാനികളും പരാജയപ്പെട്ടിടത്ത് നമ്മൾ വിജയിക്കാൻ ശ്രമിക്കുന്നത് നല്ല ലക്ഷണമാണ്. എന്തുകൊണ്ടാണ് യേശുദേവനും ശ്രീബുദ്ധനും നമ്മെ സ്വാധീനിക്കാൻ കഴിയാതെ പോയത്? മാനവൻ ആരുടെയും പാത പിന്തുടരുന്നില്ല. മനസ്സിനെ പിന്തുടർന്ന് എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കൂ എന്ന സന്ദേശം ഒരാളെയും സ്വാധീനിക്കുന്നില്ല. മനസ്സിൻ്റെ തെറ്റായ നിർദ്ദേശങ്ങൾ അതേപടി കേട്ട് അബദ്ധങ്ങളിൽ എത്തുന്നു .മനസ് ഒരാളിലിരുന്നു തെറ്റായി ഡ്രൈവ് ചെയ്യുകയാണെങ്കിൽ ,അത് വേറെ ഏതോ ഗ്രഹത്തിൽ നിന്നു വന്ന  മെഷീൻ ആയിരിക്കാം.

'എല്ലാ വ്യക്തികളും വിശേഷബുദ്ധിയുള്ളവരാണ് .എല്ലാ നിമിഷങ്ങളും സൗവർണമാണ്. മറ്റൊന്നിനേക്കാൾ മെച്ചമല്ല .ഒരു പ്രത്യേക വ്യക്തിയോ, പ്രത്യേക സമയമോ ഇല്ല. ചിലർ ധരിക്കുന്നത്  ദൈവം വിശേഷപ്പെട്ട ആളുകളുമായി  പ്രത്യേകമായി സംവദിക്കുന്നു എന്നാണ്. ഇത് ഭൂരിപക്ഷം പേരെയും എന്നിൽ നിന്നും അകറ്റി കളയുന്നു'.

ദൈവത്തിന് ആരും തന്നെ തിരഞ്ഞെടുക്കപ്പെട്ടവരല്ല .മനസ്സ് ഒരു യന്ത്രമായി നിൽക്കുമ്പോൾ അതിനു  സ്വയംബോധം സാധ്യമാകില്ല. എന്നാൽ മനസ്സ് ദൈവത്തിൻ്റെ ദൂത് ഏറ്റെടുക്കുകയാണെങ്കിൽ സ്വന്തം തെറ്റുകൾ കണ്ടെത്താനും ക്ഷമിക്കാനുമാവും .അവനവൻ്റെ തെറ്റുകളിലാണ് ഉരുകേണ്ടത്. അപ്പോൾ മറ്റുള്ളവരുടെ തെറ്റുകൾ മനസ്സിലാകും. അത് ക്ഷമിക്കാവുന്നതാകും .മറ്റുള്ളവരുടെ ചെറിയ തെറ്റുകൾക്കു പോലും  പരിഹാരം തേടി കോടതികളിലേക്ക് പോകുന്നവർ സ്വയം ജയിക്കാനുള്ള മാർഗങ്ങൾ നഷ്ടപ്പെട്ടവരാണ്. ക്ഷമിക്കാൻ പറയുന്നവരുടെ വലിയ മാനസികസംസ്കാരം ആർക്കറിയാം?

'ദൈവത്തെ തനിരൂപത്തിൽ കാണണമെന്ന് ആവശ്യപ്പെടുമ്പോൾ കിട്ടുന്ന ഉത്തരം ഇതാണ്: നിങ്ങൾക്ക് എവിടെയും എന്നെ കാണാം .എനിക്ക് പ്രത്യേക രൂപമോ ആകൃതിയോ ഇല്ലാത്തതുകൊണ്ട് ആ തനിരൂപത്തിൽ പ്രത്യക്ഷപ്പെടുക അസാധ്യമാണ്. നിങ്ങൾക്ക് മനസ്സിലാകുന്ന ഒരു രൂപമേ എനിക്ക് സ്വീകരിക്കാനാവുകയുള്ളൂ .എന്നാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ എനിക്ക് ഈ ഒരേ ഒരു രൂപമേയുള്ളൂവെന്ന് പലരും വിചാരിക്കും'.

ദൈവം എന്ന വ്യക്തിയെ തേടുന്നവർ പ്രതീക്ഷിക്കുന്നത് കഥകളിലെപോലെ മനുഷ്യരൂപത്തിലുള്ള പ്രത്യക്ഷതകളാണ്. എന്നാൽ ഇവിടെ ദൈവം പറയുന്നു തനിക്ക് നിശ്ചിത രൂപമില്ലെന്ന്. മനുഷ്യൻ്റ മനസിലുള്ള ദൈവത്തിന് ഏതു രൂപവുമാകാം. അത് നമ്മുടെ മുന്നിലേക്ക് വരുന്നത് പല കാലങ്ങളിൽ പലരായിട്ടാണ്.

പൂക്കളിൽ നോക്കിയാൽ ദൈവം ചിരിക്കുന്നത് കാണാമെന്ന് കവി ഖലിൽ ജിബ്രാൻ പറഞ്ഞത് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. അർദ്ധരാത്രിയിൽ വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരാൾക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരു വാഹനം സഹായഹസ്തം നീട്ടുന്നുവെന്ന് ചിന്തിക്കുക .അയാൾ അതിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തുന്നു. യുക്തിയിൽ ചിന്തിച്ചാൽ നമുക്ക് എത്താൻ കഴിയുന്ന ദൂരം യാദൃശ്ചികമായി സംഭവിച്ചതാണ് .ആ വാഹനം അതിലെ അപ്പോൾ വന്നു എന്ന് മാത്രം. എന്നാൽ ആലംബമില്ലാതെ നിന്ന വ്യക്തിയുടെ  കാര്യത്തിൽ വലിയൊരു വിമോചനമാണത്. അയാൾക്ക് രക്ഷപ്പെടാൻ വാഹനമാണ് വരേണ്ടത്. അയാൾ അത് ശരിക്കും ആഗ്രഹിച്ചു; വാഹനം വന്നു. ദൈവത്തിന് ആ രൂപത്തിലല്ലേ വരാനൊക്കൂ. ദൈവം പലപ്പോഴും പലതാണ് .മനസ്സിലെ ചിന്തകൾ മാറുന്നതിൽ പോലും അതുണ്ട്. എന്തുകൊണ്ടാണ് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത് ? പ്രാർത്ഥിക്കുന്നതോടെ  ചോദ്യങ്ങൾ മാറി എന്ന് കരുതുന്നവർ ഏറെയാണ്. ദൈവത്തിൽ താൻ വിശ്വസിക്കുന്നതുകൊണ്ട് ദൈവം തന്നിലും വിശ്വസിക്കട്ടെയെന്ന് കരുതുന്നവരുണ്ട്. അവർ ദൈവത്തെ പ്രാർത്ഥന കൊണ്ട് പരീക്ഷിക്കുകയാണ് .ദൈവത്തിൻ്റെ  ധാർമ്മികതയിൽ ഇറങ്ങി കളിക്കുകയാണവർ .ദൈവത്തിൻ്റെ മൂല്യത്തിൽ നിലനിൽക്കുകയാണ്. സ്വന്തം മൂല്യത്തിൽ നിലനിൽക്കുമ്പോഴാണ് ദൈവമുള്ളത്. ദൈവത്തിൻ്റെ മൂല്യത്തിൽ നിൽക്കുമ്പോൾ നമ്മുടെ ഈഗോ മാത്രമാണുള്ളത്.

'പ്രാർത്ഥന തീക്ഷ്ണമായ ഒരു പ്രസ്താവനയാണ്. ഏത്  പ്രാർത്ഥനയും സർഗാത്മകമാണ്. എത്രത്തോളം അത് തീക്ഷ്ണമായി സത്യമായിരിക്കുന്നുവോ അത്രത്തോളം അത് നിങ്ങളുടെ അനുഭവങ്ങളിൽ തെളിഞ്ഞു വരും'.

പ്രാർത്ഥിക്കുമ്പോഴുള്ള ഊർജം 

പ്രാർത്ഥന ഒരു ശുദ്ധീകരണവുമാണ്. അത് ചുറ്റുമുള്ളതിനെയെല്ലാം  ശാന്തമാക്കുകയാണ്. പ്രാർത്ഥിക്കുന്ന വേളയിൽ നമ്മുടെ വ്യക്തിപരമായ ഉൽക്കർഷങ്ങളും തെറ്റിദ്ധാരണകളും  ദുഷിച്ച വികാരങ്ങളും ദുഷ്ചിന്തകളും കൊഴിഞ്ഞു പോകണം. നമ്മൾ ഇല്ലാത്ത അവസ്ഥയിലാണ് കണ്ണിൽനിന്ന് ജലം സ്വാഭാവികമായി വരുന്നത്. ആ കണ്ണുനീർ സാക്ഷ്യമാണ്. നമ്മുടെ തെറ്റുകൾ സ്വയം  വിലപിക്കുന്നതിന്റെ ലക്ഷണമാണത്.  പ്രാർത്ഥിക്കുമ്പോഴുള്ള ഊർജ്ജം സ്വാഭാവികമായുണ്ടാകണമെങ്കിൽ വ്യക്തിപരമായതെല്ലാം ആ സമയം ഉപേക്ഷിക്കണം.

'പ്രാർത്ഥന ശരിയാകണമെന്നില്ല. അത് നമ്മുടെ തീക്ഷ്ണമായ ചിന്തയാകണമെന്നില്ല .അതിന് പിന്നിൽ നിയന്ത്രിക്കുന്ന മറ്റൊരു ചിന്തയുണ്ടാകാം. നിങ്ങൾ യാചിക്കുമ്പോൾ ,അത് അനുഭവിക്കാനുള്ള സാഹചര്യം തീരെയില്ല. ഓരോ പ്രാർത്ഥനയുടെ പിറകിലും മറ്റൊരു ശക്തി  നിയന്ത്രിക്കാനുണ്ടാകും .യാചിക്കുമ്പോൾ നിയന്ത്രിക്കുന്നത് ആ സ്പോൺസറിങ് ചിന്തയാണ്. സ്പോൺസറിംഗ്‌ ചിന്തയെ മറികടന്ന് ദൈവത്തെ അറിയുമ്പോഴാണ് പ്രാർത്ഥന ഫലിക്കുന്നത് ". 

പ്രാർത്ഥന യുക്തിയുടെ ഫലമായുണ്ടാകുന്നതിനെയാണ് ദൈവം ചൂണ്ടിക്കാണിക്കുന്നത്. പ്രാർത്ഥന മനസിൽ നിന്നായിരിക്കില്ല വരുന്നത്; അത് ഭൗതികമായ ദുരാഗ്രഹങ്ങളിൽ നിന്നോ അപരന്മാരെ ദ്രോഹിക്കാനുള്ള വാസനയിൽ നിന്നോ കാപട്യത്തിൽ നിന്നോ ആയിരിക്കാം. അതെല്ലാം പല രീതിയിൽ വിഷമാണ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പ്രാർത്ഥന ഒരു മൽപ്പിടുത്തമോ , ശകാരമോ ,മത്സരമോ ആകുന്നു . അത് സ്പോൺസറിംഗ് എന്ന നിലയിൽ മനസിലെ മറ്റൊരു ചിന്തയുടെ ഫലമാണ്; പ്രാർത്ഥിക്കുമ്പോൾ ചിലത്  ഇല്ലാതാകുന്നു. അതുവരെ പുറത്തേക്ക് ചാടാൻ വെമ്പി നിന്ന ആഗ്രഹങ്ങളുടെ  വ്യാഘ്രങ്ങൾ പ്രാർത്ഥനയുടെ സ്വര പ്രളയത്തിൽ മയങ്ങിപ്പോകുന്നു. പ്രാർത്ഥന ഏറ്റവും അഗാധമായ മനസ്സിൽ നിന്ന് ഉണ്ടാവുമ്പോൾ അതിനു ബലം കൂടുന്നു; അത്  പ്രാർത്ഥിക്കുന്ന ആൾ തന്നെയായി മാറുന്നു. അതുകൊണ്ട് പ്രാർത്ഥന തന്നെ ഇല്ലാതാവുന്നു. 

'പ്രാർത്ഥന ലളിതമാകുന്നത്  അതിൻ്റെ ആവശ്യം തന്നെ ഇല്ലെന്ന് മനസ്സിലാക്കുമ്പോഴാണ്. പ്രാർത്ഥന ഒരു  നന്ദി പ്രകാശനമാണ്; അപേക്ഷയല്ല'.

പ്രാർത്ഥിക്കുന്നത് ദൈവത്തോടൊപ്പമാണ്; ദൈവത്തിൻ്റെ  മുന്നിലല്ല .ദൈവം തന്നെയായിരിക്കുന്നതിലൂടെ വസ്തുവും മനസ്സും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു .അപ്പോൾ അത് അപേക്ഷയല്ല,അറിവാണ്. പ്രാപഞ്ചിക പൊരുളിനു നേർക്കുള്ള ഒരു മനുഷ്യാത്മാവിന്റെ ഏറ്റവും അഗാധമായ നിശബ്ദതയാണ് സംവേദനമായി രൂപപ്പെടുന്നത്. വാസ്തവത്തിൽ ,ദൈവം പ്രാർത്ഥന കേൾക്കുന്നേയില്ല ; കാരണം ,ദൈവം തന്നെയാണല്ലോ അത്യുന്നതമായ അവസ്ഥയിൽ പ്രാർത്ഥന നടത്തുന്നത്.  ആത്മസംവേദനങ്ങൾ ഉള്ളിൽ തന്നെ ഉത്ഭവിച്ചു പിരിയുന്നു. അത് മനുഷ്യവ്യക്തിയെ കൂടുതൽ ഏകാഗ്രമാക്കുകയും അവൻ്റെ  മനോത്വരകളെ ഊർജ്ജപ്രവാഹമാക്കുകയും ചെയ്യുന്നു. അതിലൂടെ അവന്  പ്രാപഞ്ചികശക്തികളുടെ ആകർഷണം ലഭിക്കുന്നു .ഇരുട്ടിൽ കുറെ നേരം നോക്കിക്കൊണ്ടിരിക്കുമ്പോൾ ചിലതെല്ലാം തെളിഞ്ഞുവരുന്നതു പോലെ തോന്നും. ദൈവം നമ്മിലുള്ള ഒരു കാണിയാണ് ,ശ്രോതാവാണ് .ചിലപ്പോൾ നമ്മൾ ആ കാണിയിൽ നിന്ന്, ശ്രോതാവിൽ നിന്ന് അകന്നു പോകുന്നു. അപ്പോഴാണ് അപേക്ഷയും  യാചനയുമുണ്ടാകുന്നത്. ആ കാണയിലേക്ക്, ശ്രോതാവിലേക്ക്  അടുത്തുവരുമ്പോൾ ദൈവം മറ്റൊരു അസ്തിത്വമല്ലാതാകും. 

'ദൈവം എല്ലാ പ്രാർത്ഥനകളും കേട്ട് അതിനെല്ലാം ഉത്തരം തരാനിരിക്കുന്ന ഒരു വ്യക്തിയാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി ; ദൈവം നിരീക്ഷകനാണ്, സ്രഷ്ടാവല്ല. ദൈവം നിങ്ങളെ സഹായിക്കാനായി നിൽക്കുന്നുണ്ട്. പക്ഷേ, അത് നിങ്ങൾ വിചാരിക്കുന്ന പോലെയല്ല'.

തൊട്ടടുത്തുള്ള ദൈവത്തെ നമുക്ക് കാണിച്ചു തരുന്ന പുസ്തകപരമ്പരയാണ് വാൽഷിൻ്റേതാണ്. ഇവിടെ ഭക്തിയോ, ആരാധനയോ ഒന്നുമല്ല അന്വേഷിക്കുന്നത്. സമീപത്തുള്ള ദൈവത്തെ നമ്മുടെ ഉള്ളിൽ കണ്ടെത്താമെന്നാണ് .ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യവസ്ഥാപിത മതങ്ങൾ നല്കുന്ന  ഉത്തരങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ വാൽഷ് അതിനെ തന്റെ അന്ത:കരണത്തിലെ വെളിപാടിലൂടെ സ്വതന്ത്രമായ സൗന്ദര്യമായി ആവിഷ്കരിക്കുന്നു.

'ദൈവത്തിൻ്റെ ജോലിയല്ല ,നിങ്ങളുടെ സാഹചര്യങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കുന്നതും  സൃഷ്ടിക്കാതിരിക്കുന്നതും -ദൈവം നിങ്ങളെ സൃഷ്ടിച്ചു;ദൈവശക്തിയുപയോഗിച്ച്  നിങ്ങൾ മറ്റെല്ലാം സൃഷ്ടിക്കുന്നു.  ദൈവം നിങ്ങൾക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള ശക്തി നൽകിയിട്ടുണ്ട്'.

ഒരസ്ത്രം പായുന്നത് വേറൊരു ആകാശത്തിലല്ല 

നമ്മുടെ ചിന്തകളുടെ സൃഷ്ടിയായിട്ടാണ് നമ്മൾ തന്നെ രൂപാന്തരപ്പെടുന്നത്. സ്വതന്ത്രമായ വ്യക്തികളെന്ന നിലയിൽ നമ്മുടെ പെരുമാറ്റങ്ങളുടെ ഉത്തരവാദിത്വം നമ്മളിൽ തന്നെയാണ്. അതിൻ്റെ  പ്രത്യാഘാതങ്ങൾ നമ്മുടെ തന്നെ ഭാഗമായി മാറുന്നു. തൊടുക്കുന്ന അസ്ത്രങ്ങൾ നമ്മളിലേക്ക് തന്നെ തിരിച്ചുവരുകയാണ്. കാരണം, തൊടുത്തതിന്റെ ഉത്തരവാദിത്വം നമുക്കാണല്ലോ .ഒരസ്ത്രം പായുന്നത് വേറൊരു ആകാശത്തിലല്ല; അത് തൊടുക്കുന്നവന്റെ സ്വാതന്ത്ര്യം എന്ന ആശയത്തിലാണ് .

'നിങ്ങൾ വിഭാവനം ചെയ്തു കൊണ്ടു നടക്കുന്ന ജീവിതത്തിൽ എനിക്കൊന്നും ചെയ്യാനില്ല'.ദൈവത്തിനു മാത്രമേ ഇത്രയും സത്യസന്ധമാകാനാകൂ .അസ്ത്രങ്ങൾ തൊടുക്കുന്നവന്റെ ഉത്തരവാദിത്തമാണ് അതിൻ്റെ  പരിണാമത്തിൽ എന്തു സംഭവിച്ചു എന്നുള്ളത് .അവൻ മാത്രമാണ് അതേറ്റെടുക്കേണ്ടത്. ഒരാൾ തൻ്റെ  ജീവിതത്തെ യഥാർത്ഥമായല്ലല്ലോ കൊണ്ടുനടക്കുന്നത്. അത് നിറയെ ഭാവനയാണ്. അയാൾ തന്നിൽ നിന്നു  വേറിട്ട് നിർമ്മിച്ചെടുക്കുന്ന ഭാവനകൾ. അതിനെ അടിസ്ഥാനപ്പെടുത്തി  അയാൾ സൃഷ്ടിക്കുന്ന വ്യാജവും പ്രലോഭനങ്ങൾ നിറഞ്ഞതുമായ ഛായകൾ അവനെ മറ്റൊരാളാക്കുന്നു. ഇതെല്ലാം ദൈവത്തിൻ്റെ ബുദ്ധികൊണ്ട്, അതായത് ബാഹ്യമായ ഒരു വ്യക്തിയുടെ തലത്തിലിരുന്നുകൊണ്ട് ദൈവം തീരുമാനിക്കുന്നു എന്നു പറയുന്നതിലെ  യുക്തിരാഹിത്യമാണ് വാൽഷിന്റെ പുസ്തകത്തെ ദീപ്തമാക്കുന്നത്. 

'നിങ്ങളെ എപ്പോഴും ദൈവം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ള ധാരണയാണ് ഏറ്റവും വലിയ മിഥ്യ'.

കുട്ടികളെ കളിക്കാൻ വിടുമ്പോൾ അവർ ഏത് കളി തിരഞ്ഞെടുക്കുമെന്ന് പറയാനാവില്ല. എന്നാൽ അവർക്ക് വന്നുചേരുന്ന അനുഭവങ്ങളെപ്പറ്റി നിങ്ങൾ ബോധവാനാണ്. കളിയിൽ കുട്ടികളെ നയിക്കുന്നത് അവർ തന്നെയാണ്. അവരെ പുറമേ നിന്ന് വീക്ഷിക്കാനാവും മറ്റുള്ളവർ ശ്രമിക്കുക. ഉള്ളിൽ തന്നെയുള്ള ദൈവത്തിൻ്റെ കളിയാണ് മനുഷ്യൻ കളിക്കുന്നത്.ആ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. അബോധത്തിൽ ദൈവം പ്രവർത്തിക്കുമ്പോൾ നമ്മൾ അതനുസരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം എല്ലാത്തിന്റെയും അന്തിമഫലം നോക്കിയിരിക്കുന്നില്ല. കാരണം ,അത് നേരത്തെ നിശ്ചയിച്ചതാണ്. അന്തിമഫലം  സംശയാസ്പദമാണെന്ന് ചിന്തിക്കുന്നത് മറ്റൊരു വലിയ മിഥ്യയാണ്'.

അന്തിമഫലം നേരത്തെ നിശ്ചയിക്കപ്പെടാൻ കാരണമെന്താണ്? എത്രവട്ടം നാം സ്വയം തിരുത്തിയാലും നമുക്ക് എത്തിച്ചേരാനുള്ള ഇടം നേരത്തെ നിശ്ചയിച്ചതു തന്നെയാണ്. കാരണം, അബോധത്തെ മാറ്റാനാവില്ല .വീണ്ടും വീണ്ടും മനുഷ്യൻ നിയുക്തനാകുന്നത് അവൻ്റെ  അബോധത്തിൻ്റെ ,അല്ലെങ്കിൽ അവൻ എന്താണെന്നതിന്റെ പരിണാമത്തിലേക്ക് തന്നെയാണ്. അതുകൊണ്ട് വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് അന്തിമമായ ഭുധികാലത്തെയാണ് നിശ്ചയിക്കുന്നത്.

'അന്തിമഫലത്തെക്കുറിച്ചുള്ള സംശയം ദൈവത്തെ സംശയിക്കാനിടയാക്കുന്നു.  ദൈവത്തെ സംശയിച്ചാൽ നിങ്ങൾക്ക് ഭയത്തിലും കുറ്റബോധത്തിലും കഴിക്കേണ്ടി വരും'.

ദൈവത്തെ സംശയിക്കുന്നത് ഉദ്ദേശിച്ച ഫലം കിട്ടാതെ വരുമ്പോഴാണ്.ജിദ്ദു കൃഷ്ണമൂർത്തി പറയുന്നുണ്ട് ,മനസിൽ നിന്ന് ഭയം മാറി നിന്നാലേ ദൈവത്തെ തേടാനാവൂ എന്ന് .ഉദ്ദേശിക്കപ്പെടുന്ന ഫലം ഒരു ഭാവനയായിരിക്കാം. പക്ഷേ, അവിടെ നമ്മളുണ്ടാകുന്നത് നമ്മുടേത് മാത്രം സമസ്യയാണ് .ഫലം തരാൻ വേണ്ടി സമ്മർദ്ദമനുഭവിക്കേണ്ട ആവശ്യം ദൈവത്തിനില്ല .അത് നമ്മുടെ ഉത്ക്കണ്ഠയാണ്. നമ്മൾ ഫലത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. ദൈവത്തെ സംശയിക്കുമ്പോൾ നമ്മുടെ പ്രവൃത്തികളെ തന്നെയാണ് സംശയിക്കുന്നത് .നാം തന്നെയാണല്ലോ ആ ദൈവത്തെ  സൃഷ്ടിച്ചത്.

'ദൈവത്തെ സംശയിക്കുകയാണെങ്കിൽ, പിന്നെങ്ങനെ സമാധാനം കിട്ടും?'

ദൈവവുമായി അകലുന്നതിന്റെ സൂചനയാണ് സന്ദേഹവും ഭയവും. സ്വന്തം പ്രവൃത്തികളിലുള്ള ദൃഢനിശ്ചയങ്ങളും പ്രതീക്ഷകളുമാണ് ദൈവത്തെ ഉറപ്പിക്കുന്നത്.നമ്മുടെ തെറ്റുകൾക്ക് മേൽ തീർച്ചയായും അതിനെ പിന്തുണയ്ക്കുന്ന ഒരു ദൈവമുണ്ടാകാം. അത് നമ്മുടെ ബോധങ്ങളുടെ ആകത്തുകയാണ്. പതിറ്റാണ്ടുകളായി തെറ്റുകൾ ചെയ്ത് , ദ്രോഹം ചെയ്ത് അതിൽ അഭിരമിക്കുന്നുവന് എങ്ങനെയാണ് അതിൽ നിന്ന് മാറി മറ്റൊരു ദൈവത്തെ മുഖാമുഖം കാണാനാവുക?പ്രാർത്ഥനകളിൽ തൻ്റെ പ്രവൃത്തികൾക്ക് പിന്തുണ നല്കിയ ദൈവത്തെയായിരിക്കും അവൻ വാഴ്ത്തുക. 'നിങ്ങൾ ഭയത്തിലും സംശയത്തിലും ജീവിക്കാതെ, ബുദ്ധനെ പോലെ, മറ്റ് പുണ്യവാളന്മാരെ പോലെ ജീവിക്കുക'.ഭയവും സംശയവും സ്വാർത്ഥമായ ചില  ലക്ഷ്യങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത്. എന്നാൽ ദൈവത്തെ ഭയമില്ലാതെ ജീവിച്ച ബുദ്ധൻ ,ക്രിസ്തു തുടങ്ങിയ മഹാമനസ്സുകൾക്ക് ദൈവത്തെ തങ്ങളുടെ തന്നെ ഒരു കണ്ണാടി ബിംബമാക്കാൻ കഴിഞ്ഞു. അവരിൽ നിന്ന് വേർപെട്ട് അവർക്ക് വേറൊരു ദൈവമില്ല. അതുകൊണ്ട് ദൈവത്തെ അവർ ഭയപ്പെടുന്നില്ല. സംശയിക്കാൻ ഒന്നും തന്നെയില്ല.

ചിതറി വീഴുന്ന മഞ്ചാടിക്കുരുക്കളിൽ

ജീവിതത്തിൽ നാം മുന്നോട്ട് പോകാനാണല്ലോ ആഗ്രഹിക്കുന്നത്. ആരെയും ദ്രോഹിക്കാതെ  രാഷ്ട്രങ്ങളും പുരോഗതി ആഗ്രഹിക്കുന്ന മതങ്ങളും  സംഘടനകളുമുണ്ട്. അതിന് ആവശ്യമായ ഒരുക്കങ്ങൾ സാധ്യമാക്കുന്നതിനാണ് തന്റെ പുസ്തകമെന്ന് വാൽഷ് പറയുന്നുണ്ട്.

God will not condemn us no matter what we choose എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .പക്ഷേ, എന്ത് തെരഞ്ഞെടുക്കും? നമ്മൾ തിരഞ്ഞെടുക്കുന്ന വസ്തുവിന് എന്തെങ്കിലും മൂലമുണ്ടോ ? എന്തെങ്കിലും ഉൾക്കാഴ്ച ,ഉണർവ്വ്  നവീകരിച്ച ആഗ്രഹങ്ങൾക്ക്  വേണ്ടിയുള്ള ഒരു മിന്നൽ, ഈ  ജീവിതത്തിൽ ഫലവത്തായ എന്തെങ്കിലും മാറ്റം അതു കൊണ്ടുവരുന്നുണ്ടോ എന്നാണ്  നോക്കേണ്ടത് .

യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുള്ളപ്പോൾ അവനവൻ്റെ  ബോധഘടനയനുസരിച്ച് പലതിലേക്ക് ആകർഷിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ ഫലം അനുഭവിക്കേണ്ടത് മറ്റാരുമല്ല .എന്ത്  തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കപ്പെടുന്നത് ബോധഘടനയിലാണ്. അതിൻ്റെ സ്വാഭാവികമായ വഴികൾ മാത്രമേ തുറക്കപ്പെടുകയുള്ളൂ. ദൈവത്തെ നാം തന്നെ നിർവ്വഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നമ്മുടെ മൂല്യബോധം അനുസരിച്ചാണ്. ആ മൂല്യം എന്താണ്? അത് ലോകത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നതാണോ ?അല്ലെങ്കിൽ ലോകത്തെ വെറുക്കുന്നതാണോ? വെറുപ്പുകൊണ്ട് വിജയങ്ങൾ ഉണ്ടാക്കാമെന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ, അതിന് പറ്റിയ വിധത്തിൽ ദൈവം രൂപീകരിക്കപ്പെടുന്നു. 

ഒരു കൈപ്പിടിയിൽ നിറച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുകൾ തുറസ്സായ ഒരിടത്തേക്ക് എറിഞ്ഞാൽ ഓരോന്നും എങ്ങനെ വിന്യസിക്കപ്പെടുമെന്ന് പറയാനാവില്ലല്ലോ. ഓരോ കുരുവും എത്ര അകലത്തിൽ വീഴുമെന്ന കാര്യത്തിൽ യാതൊരു നിയമവും ബാധകമായിരിക്കില്ല. ദൈവത്തിന് അതിൻ്റെ അകലം നിശ്ചയിച്ചു തരേണ്ടതില്ല .അത് ദൂരേക്ക് എറിഞ്ഞപ്പോൾ ഉണ്ടായിരുന്ന  മാനസികാവസ്ഥയ്ക്ക് അനുസരിച്ചായിരിക്കും അതിലെ ഊർജ്ജം നിശ്ചയിക്കപ്പെടുക. അതിന്റെ അടിസ്ഥാനത്തിൽ കുരുക്കൾ ദൂരേക്ക് വീഴാം .അത് ആന്തരികമായ ഒരു പ്രാപഞ്ചിക വ്യവസ്ഥയുടെ ഭാഗമായി കണ്ടാൽ മതി.

'ഏറ്റവും എളുപ്പത്തിൽ ദൈവത്തെ അറിയാനുള്ള വഴി വാൽഷ്  കണ്ടെത്തുന്നു. പരസ്പരം കണ്ടെത്തുക .നമ്മൾ പരസ്പരം ഒളിപ്പിക്കാതിരിക്കുക. അതോടൊപ്പം നമ്മളിൽ നിന്ന് തന്നെ സ്വയം ഒളിപ്പിക്കരുത്'.

പരസ്പരം കണ്ടെത്തുന്നതിന് മുൻപേ നാം സ്വയം ആരായണം. സ്വന്തം തെറ്റുകൾ കണ്ടെത്താൻ മാത്രമുള്ള വിവേകം എപ്പോഴെങ്കിലും നേടാനായോ ? സ്വയം തൊടുത്തു വിട്ട  ഒരു അമ്പ് എന്നതിനപ്പുറം?. എന്തിനാണ് അമ്പു തൊടുത്തത്? എവിടേക്കാണ് അത് സഞ്ചരിക്കുന്നത്, അതിൻ്റെ പരിണാമം എന്തായിരിക്കും തുടങ്ങിയ കാര്യങ്ങൾ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നമ്മുടെ വാക്കുകൾ എവിടേക്കാണ് അനാഥമായി സഞ്ചരിക്കുന്നത്? അമ്പും വാക്കും ഒരുപോലെയാണ്. തൊടുത്തു കഴിഞ്ഞാൽ പിന്നെ അത് അനാഥമായി സഞ്ചരിക്കുന്നു, തിരിച്ചു വിളിക്കാനാവില്ല. അതിൻ്റെ ലക്ഷ്യം തെറ്റുകയോ ,ഉദ്ദേശ്യം അപകടകരമാകുകയോ ചെയ്യുമ്പോൾ മറ്റെവിടെയെങ്കിലും ഫലം അന്വേഷിച്ചു പോകേണ്ടതില്ല. അതിനെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് തന്നെയാണ് ആത്മീയത .എന്തിനാണ് താൻ ഒരു വാക്ക് എടുത്ത് അസ്ത്രം പോലെ വിട്ടത് എന്ന് ചിന്തിക്കുന്നതോടെ, അതിൻ്റെ പേരിലുള്ള ദുഃഖം ഏറ്റെടുക്കുന്നതോടെ ,സ്വന്തം തെറ്റുകളെക്കുറിച്ച് ബോധവാനാകുന്നതോടെ കർമ്മത്തിൻ്റെ ആത്മീയമണ്ഡലമുണ്ടാകുന്നു. ഇങ്ങനെയാണ് ദൈവത്തെ സൃഷ്ടിക്കുന്നത്.സത്യം പറഞ്ഞാൽ നമുക്ക് സ്വയം ഒളിപ്പിക്കുന്നത് ഒഴിവാക്കാം'.

സത്യം പറയുന്നതോടെ ദൈവവും സത്യമുള്ളതാകും. ദൈവം നമ്മുടെ സത്യത്തെ ചക്രമായി ഉപയോഗിക്കുകയാണ്. ആ ചക്രത്തിൽ നമുക്കും ദൈവത്തിനും ഒരേസമയം സഞ്ചരിക്കാം. നമ്മുടെ ചക്രങ്ങളുടെ വേഗത കൂടിയാൽ ദൈവവും അതിനൊപ്പം നിൽക്കും. വേഗത കുറഞ്ഞാൽ അതിനൊപ്പവും. എന്തുകൊണ്ട് വേഗം വേണം എന്ന് ചിന്തിക്കുന്നിടത്തും നമ്മുടെ ദൈവമുണ്ട്. ആ ദൈവത്തെ വേറെന്താണ് ബോധ്യപ്പെടുത്താനാവുക?. സ്വയം സത്യം പറയുക. തന്നോടു തന്നെ സത്യം പറയുക .സ്വന്തം സത്യം എന്താണെന്ന് സംശയമുള്ളവർ എങ്ങനെ സത്യം പറയും? സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും വ്യാഖ്യാനിക്കാൻ കഴിവുള്ള മനസ്സിൽ നമ്മൾ തന്നെയാണുള്ളത് .

മനസ്സിൻ്റെ സിദ്ധികൾക്ക് അപ്പുറത്താണ് മിക്കപ്പോഴും സത്യം നിലനിൽക്കുന്നത്. സത്യത്തെ വ്യക്തിഗതമായ ആഗ്രഹങ്ങൾ ചേർത്ത്  വക്രീകരിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് എല്ലാ സ്വകാര്യതകളും അസത്യമായി തീരുന്നു. ഭാവനകളായി മാറുമ്പോൾ അതിനു ചമൽക്കാരം കിട്ടുക സ്വാഭാവികമാണ്.ചമൽക്കാരമുള്ളതുകൊണ്ട് ഒന്നും സത്യമാകുന്നില്ല. കാണാൻ ഭംഗിയുള്ള ആകാശദൃശ്യങ്ങൾ ചിത്രകാരന്മാർക്കും  കവികൾക്കും വേറിട്ട ആശയങ്ങളും വികാരങ്ങളുമാണ് നല്കുക. എന്നാൽ അതൊന്നും സത്യമാകണമെന്നില്ല. വൈകാരികമായ മുഹൂർത്തങ്ങൾ മാത്രമാണ്.

കാക്കകൾക്ക് തുടർച്ചയായി വെള്ളം വച്ചു നോക്കൂ

'സ്വാതന്ത്ര്യത്തിലേക്ക് അഞ്ചു വഴികളാണ് .1)നിങ്ങളെക്കുറിച്ച് സ്വയം സത്യം പറയുക.2)മറ്റൊരാളെക്കുറിച്ച് നിങ്ങളോട് നിങ്ങൾ സത്യം പറയുക .3)നിങ്ങളെക്കുറിച്ച് മറ്റൊരാളോടു  സത്യം പറയുക.4 ) മറ്റൊരാളെക്കുറിച്ച് അയാളോട് സത്യം പറയുക. 5) എല്ലാറ്റിനെക്കുറിച്ചുമുള്ള സത്യം എല്ലാവരോടും പറയുക'.

സത്യത്തിലൂടെ സ്വതന്ത്രരാകാമെന്ന വലിയ മനുഷ്യത്വത്തിലേക്കാണ് വാൽഷ് എത്തുന്നത്. ഓഷോ പറഞ്ഞിട്ടുണ്ട് ,ദൈവമില്ല ,ദൈവികതയാണുള്ളതെന്ന് .എന്താണ് ദൈവികത ? സ്നേഹം ,സന്തോഷം ,സൗന്ദര്യം ,സർഗാത്മകത. പ്രകൃതിയിലുള്ള ഏതൊരു വസ്തുവിനെയും സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കാൻ തുടങ്ങും (മനുഷ്യനൊഴികെ).ഒരു ചാമ്പച്ചെടിയിൽ മൃദുവായി ഒന്നു തലോടി നോക്കൂ.അത് വളരാൻ ഉത്സാഹിക്കും. കാക്കകൾക്ക് തുടർച്ചയായി വെള്ളം വച്ചു നോക്കൂ .വെള്ളം നാം പിൻവലിച്ചാലും അവ നമ്മെ വിട്ടു പോകില്ല .എന്താണ് കാരണം ? സ്നേഹം .എന്താണ് ഈ സ്നേഹം ? ദൈവം തന്നെ .ജീവജാലങ്ങളെ കൂട്ടിയിണക്കുന്ന രസവിദ്യയാണത്. സത്യത്തെക്കുറിച്ചുള്ള അറിവ് നമ്മെ സ്വതന്ത്രരാക്കും. സത്യം കെട്ടുപാടുകളിൽ നിന്നാണ് മോചിപ്പിക്കുന്നത്. 

ബുദ്ധിസ്റ്റ് സെൻ കഥകളിൽ പറയുന്നുണ്ട് ,നിറഞ്ഞ ഒരു കപ്പിലേക്ക് വീണ്ടും വെള്ളമൊഴിക്കാൻ കഴിയാത്തതിനെപ്പറ്റി. മനസ്സ് നിറഞ്ഞിരിക്കുമ്പോൾ പുതിയതൊന്ന് സ്വീകരിക്കുന്നത് അസാധ്യമായിരിക്കും. മനസ്സിൽ കുറേഭാഗം ഒഴിച്ചിടേണ്ടതുണ്ട്.  എന്തായിരിക്കും ഒഴിച്ചിടേണ്ടത് ?എന്തും  ഉൾക്കൊള്ളാനുള്ള ഇടം .അന്ധവിശ്വാസങ്ങളും പിന്തുടർച്ചകളും ഉറച്ച ബോധ്യങ്ങളും   പാരമ്പര്യവുമെല്ലാമാണ് മനസ്സിൽ മറ്റൊന്നിനും ഇടം കൊടുക്കാത്ത വിധം വേലി കെട്ടി തടഞ്ഞു നിർത്തുന്നത്. 

ഒരു വിശ്വാസസംഹിതയുടെ  ഭാഗമാകുന്നതിനെ ആരും വിമർശിക്കേണ്ടതില്ല. എന്നാൽ മനസ്സിന് വളരേണ്ടതുണ്ട് .വേരുകൾ പടർത്താൻ മണ്ണ് വേണം. സൂര്യപ്രകാശം കിട്ടാനുള്ള ഇടം വേണം. ഒരു സ്വന്തം സൂര്യനെ ആവശ്യമാണ് .ചൂടും വെളിച്ചവ്യം വായുവും വെള്ളവുമെല്ലാം മനസിനും  വേണം.ഇരുണ്ട മുറികൾ ആപത്താണ്.

a

ദൈവവുമായി സംവാദം :'താങ്കൾ പറഞ്ഞു ,ഇന്ന് നിങ്ങൾ എടുക്കുന്ന തീരുമാനം മിക്കപ്പോഴും നാളെ എടുക്കുന്ന തീരുമാനമായിരിക്കില്ല എന്ന്. അതുകൊണ്ടെന്താ ,മനസിന് ഒരു മാറ്റവും വരുത്താതെ ജീവിക്കണമെന്നാണോ താങ്കൾ പറയുന്നത് ?'

ദൈവം പറഞ്ഞു : നിങ്ങൾ മനസ്സിലെ ചിന്തകൾ ആവശ്യം പോലെ മാറ്റിക്കൊള്ളുക. ഓർക്കുക , മനസ്സിലെ ഓരോ മാറ്റവും ആകെ പ്രപഞ്ചത്തിൻ്റെ ഗതിയിൽ ഒരു മാറ്റം സൃഷ്ടിക്കുന്നുണ്ട് .നിങ്ങൾ മനസ്സിൽ ഒരുക്കം നടത്തുമ്പോൾ, പ്രപഞ്ചത്തെ ഒരു കർമ്മത്തിലേക്ക് ആകർഷിക്കുകയാണ്. നിങ്ങളുടെ ഗ്രഹണ ശേഷിക്കപ്പുറമാണത്.  നിങ്ങളുടെ ഭാവനയ്ക്കപ്പുറത്താണത്.  വളരെ സൂക്ഷ്മവും സജീവവുമാണത്. അതൊരു പ്രക്രിയയുടെ ധാരയാണ്. സങ്കീർണമായ ഒരു ഊർജ്ജബലതന്ത്രമാണത്. അത് നിങ്ങൾ മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു. ഈ ശക്തികളും പ്രക്രിയകളും പരസ്പരം പ്രതിപ്രവർത്തിക്കുന്ന അസാധാരണമായ ഒരു ശ്രംഖലയുടെ ഭാഗമാണ് ;ഇതു കൂടി ചേരുന്നതാണ് അസ്തിത്വത്തിൻ്റെ സാകല്യത. അതിനെയാണ് നാം ജീവിതം എന്ന് വിളിക്കുന്നത് '.

അപാരമായ ഒരു അപഗ്രഥനമാണ് വാൽഷിൻ്റെ ദൈവം അവതരിപ്പിക്കുന്നത് .പ്രപഞ്ചം ഒരു വ്യക്തിയെയോ സംഭവത്തെയോ പ്രതീക്ഷിക്കുന്നില്ല. പ്രപഞ്ചത്തെ നമ്മളാണ് വികസിപ്പിക്കുന്നത്. ഒരു മുട്ട താഴെയെറിഞ്ഞു പൊട്ടിച്ചാൽ, പിന്നീടത് മുട്ടയല്ല, വേറൊരു അവസ്ഥയാണ്. മുട്ടയായിരിക്കുന്ന അവസ്ഥയിൽ നിന്ന് അത് ചിതറിയ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടു. അതോടെ പ്രപഞ്ചം വികസിച്ചു. കാലം വളർന്നു .കാരണം, ചിതറിയ മുട്ടയുടെ ഭാഗങ്ങൾക്ക് തിരിച്ചു മുട്ടയിലേക്ക് പോകാനാവില്ല, കാലത്തിന് പിന്നോട്ട് പോകാൻ ഭൗതികമായി കഴിയാത്തതുപോലെ .പ്രപഞ്ചം പിന്നെ മറ്റൊന്നാണ്. മുട്ടയായിരുന്ന അവസ്ഥയില്ല. ചിതറിയ അവസ്ഥയിൽ  ലോകം മാറിയിരിക്കുന്നു .ഇതു തന്നെ മനസ്സിനും സംഭവിക്കുന്നു .ഒരാളെ പ്രേമിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന പ്രപഞ്ചം വികസിക്കുകയാണ്.പുതിയൊരു ബന്ധം ഉണ്ടാവുകയാണ്. മനസ്സിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ പ്രപഞ്ചം വളരുന്നു .പക്ഷേ, അത് നമുക്ക് തന്നെ എതിരാകാം.

'നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ, ചലനങ്ങൾ നിങ്ങൾക്ക് തന്നെ പ്രയാസമുണ്ടാക്കാം. അതുകൊണ്ട് ഒന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്'.

പല വിധ കാര്യങ്ങളിൽ ഒരുപോലെ ഇടപെടാനാവില്ല. പലതിൽ ശ്രദ്ധ വികേന്ദ്രീകരിക്കുമ്പോൾ ഒന്നിനോട്  പ്രത്യേക ശ്രദ്ധ ഉണ്ടാവില്ല .അതോടെ എല്ലാം തുല്യ അകലത്തിലാകുന്നു .അടുത്ത് നില്ക്കുന്നത് ഇല്ലാതാകുന്നത് ശൂന്യതയാണ് .അത് നിർവ്വികാരതയും അകൽച്ചയുമാണ് .ലോകം ചുരുങ്ങുകയാണപ്പോൾ . ലോകത്തിൻ്റെ ഏതു ധാരയിലേക്ക്  നമ്മൾ ആകർഷിക്കപ്പെടും? ഗതിമാറാൻ സ്വയം ഒരുക്കുന്ന വഴികൾ തന്നെയാണത്. മനസ്സിലെ ചിന്തകൾ മാറുന്നതിനനുസരിച്ച് പുതിയ കർമ്മങ്ങൾക്കു ഉത്തരവാദിയാവുകയാണ്.

എന്താണോ നാം എന്ന പ്രശ്നം ,അത്  നിർവ്വചിക്കപ്പെടാനാവാത്ത വിധം കുഴഞ്ഞുമറിയുകയാണ്.'നിങ്ങൾ എന്തെങ്കിലും തിരഞ്ഞെടുക്കുകയാണെങ്കിൽ ,അതിൽ പൂർണമായി അർപ്പിക്കുക. സിംഗിൾ മൈൻഡഡ് (Single Minded)ആകുക'.

ഒരു കാര്യത്തിൽ തന്നെ പരമാവധി ശ്രദ്ധയും ശക്തിയും വിനിയോഗിക്കുകയാണെങ്കിൽ ഒരു നിയന്ത്രണാധികാരം മനസ്സിൽ വന്നുചേരും. മനസ്സിൻ്റെ ശക്തിയാണത്. മനസ്സ് ഈ പ്രപഞ്ചത്തിന്റെ ഒരു കേന്ദ്രമാണ്. ഒരു തുള്ളി വെള്ളത്തിൽ ഈ ഭൂമി എങ്ങനെയാണോ നിറഞ്ഞിരിക്കുന്നത്, അതുപോലെ മനസ്സിൽ ഈ പ്രപഞ്ചമാകെയുണ്ട്. മനസ്സുകൊണ്ട് നാം എന്തു ചെയ്യുമെന്നതാണ് പ്രശ്നം. മനസ്സിന് ഒരു വഴി തെളിഞ്ഞു കിട്ടാത്തത് അനേകം വഴികൾ സന്ദിഗ്ദ്ധത സൃഷ്ടിക്കുന്നതുകൊണ്ടാണ് .പല വഴികൾ കൂടിച്ചേരുന്ന ഒരു കവലയാണ് മനസ്സെങ്കിൽ, അതിൻ്റെ സന്ദിഗ്ദ്ധതകൾ ഏറെയായിരിക്കും. പല വഴികൾ ചിന്തകളായി ബുദ്ധിമുട്ടിക്കും .സംശയങ്ങൾ വർധിക്കും. ഒന്നും തന്നെ തിരഞ്ഞെടുക്കാനാവാതെ , ചിലപ്പോൾ, പരിക്ഷീണമാകാം . അത് പലരെയും തകർക്കുന്നു .അതിൽ നിന്ന് രക്ഷപ്പെടാനാണ് വിപാസന ധ്യാനം, അതരാക്സിയ (അലട്ടലിൽ നിന്നു അകലെ (Ataraxia)തുടങ്ങിയ സങ്കേതങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. 

എല്ലാത്തിൽ നിന്നും വിട്ടു മാറി തന്നിലേക്കു തന്നെ കേന്ദ്രീകരിക്കുക. പുറത്തുള്ളതെല്ലാം പിന്തിരിപ്പിക്കുകയും ഭണ്ഡിപ്പിക്കുകയും ചെയ്യുകയാണ്. അതിൽ നിന്ന് രക്ഷ നേടാൻ എല്ലാവിഷ വിഷാദജ്വരങ്ങളിൽ നിന്നും അകലം പാലിക്കുക.

വ്യക്തി നിർമ്മിക്കുന്ന ട്രാഫിക്ക് 

'എന്തുകൊണ്ടാണ്  തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നത്? ദൈവം പറയുന്നു :ഏറ്റവും നല്ലത് ഏതെന്ന്  കണ്ടുപിടിക്കാൻ നിങ്ങൾ കൂടുതൽ സമയം പാഴാക്കുന്നു. തിരച്ചിൽ സമയം പാഴാക്കുകയാണ് .സമയം കളയാതെ വേണം ചെയ്യാൻ. അതിനു നിങ്ങൾ മനസ്സിൽ നിന്നു പുറത്തു കടക്കണം. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനാവും. തിരഞ്ഞെടുപ്പുകളും  അങ്ങനെതന്നെ. കാരണം, നിങ്ങളുടെ ആത്മാവ് വർത്തമാനത്തിന്റെ നിമിഷത്തിലും അനുഭവത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന പഴയകാലത്തിന്റെ പുനരാലോചനയോ വിശകലനമോ വിമർശനമോ ഒഴിവാക്കുന്നു .ഓർക്കുക ,നിങ്ങൾ  സൃഷ്ടിക്കുന്ന മനസ്സ് അതിനോട് പ്രതികരിക്കുന്നു '.

മനസ്സ് അതിൻ്റെ തന്നെ കർമ്മങ്ങളുടെ ഗുണിതങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണ്. അതിന്റേതായ യുക്തിയല്ലാതെ വേറൊന്നുമില്ല. ആ യുക്തി മിക്കപ്പോഴും സ്വയം ചതിക്കുന്നതാണ്. മനസിലെ യുക്തിക്ക് ഒരു കൂടാരത്തിലേ ജീവിതമേയുള്ളൂ. അത് മറ്റൊരു മനസ്സിൻ്റെ യുക്തിയുമായി പൊരുത്തപ്പെടുന്നില്ല. യുക്തിക്ക് വ്യക്തികളുടെ സ്വഭാവമാണുള്ളത്. അത് സ്വയം ധ്വംസിച്ചു കൊണ്ട് നിലനിൽക്കാൻ നോക്കുകയാണ്. ഒരാൾ സൃഷ്ടിക്കുന്ന സ്വന്തം പ്രതിബോധത്തെയാണ് അയാൾ തൻ്റേതെന്ന നിലയിൽ പിന്തുടരുന്നത്. 

അതുകൊണ്ട് തനിക്ക് എവിടെവച്ചാണ് തെറ്റ് പറ്റിയതെന്ന് വേർതിരിച്ചെടുക്കാനാവില്ല.

'ഈ നിമിഷം എന്നത് ദൈവം നിങ്ങൾക്ക് തന്നതാണ്. അതിനെക്കുറിച്ച് നിങ്ങൾ നേരത്തെ ഒരറിവ് നേടിയിട്ടില്ല. ഇതാണ് തൽസമയ അനുഭവമെന്ന് പറയുന്നത്. നിങ്ങൾ അതിനെ  തേടുകയായിരുന്നെങ്കിലും അത് നിങ്ങളിലേക്കുള്ള യാത്രയിലായിരുന്നു'.

ഒരാളിലേക്ക് ദൈവം എത്തുന്നത് അയാൾ നിർമ്മിച്ച ട്രാഫിക്കിലൂടെയാണ്. അത് പലതരം കർമ്മശക്തികളാൽ നിശ്ചയിക്കപ്പെട്ടതാണ്. എന്നാൽ അതിൽ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. തത്സമയ നിമിഷം നമ്മുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല; നമ്മുടേതായിരുന്നെങ്കിൽ പോലും.നിങ്ങൾ ശരിക്കും ആരാണ്, തെറ്റുകളിൽ എന്തെല്ലാമാണ് എന്നുള്ള തിരച്ചിലിൻ്റെ പാതയിൽ ആത്മാവ് ഉൾക്കാഴ്ചയിൽ ശരിയായ സാഹചര്യവും സന്ദർഭവും തേടുകയാണ്. ആത്മാവ് അതിൻ്റേതായ ചില അന്വേഷണങ്ങളിൽ ഏർപ്പെടുന്നു.

അതിൻ്റെ ശുദ്ധവും പ്രാചീനവുമായ ഉറവിടത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ചറിയാൻ. അതിൻ്റെ ചില സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്, തിരിച്ചറിയാറില്ലെങ്കിൽ പോലും. വലിയ തീരുമാനങ്ങളിലും ചിന്തകളിലും ഇടപെടുമ്പോൾ സ്വയമൊന്നു തിരയുന്നത് നല്ലതായിരിക്കും. ആത്മാവ് നിങ്ങളോടു വികാരങ്ങളിലൂടെ സംസാരിക്കുന്നുണ്ട്.  വികാരങ്ങളെ ശ്രദ്ധിക്കൂ .എല്ലായിടത്തും ദൈവികതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് എമേഴ്സൺ പറഞ്ഞത് പ്രസക്തമാണ്. 

'ആത്മാവ് നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്ന അപൂർവമായ നിമിഷം (ദൈവം നല്കിയത്) തിരിച്ചറിയുമ്പോഴാണ് ദൈവവുമായി ഒരു സംവാദമുണ്ടാക്കുന്നത്'.

വികാരങ്ങളെ വകവയ്ക്കാതെയും ജീവിക്കാം. മനസ്സിന്റെ യന്ത്രസംവിധാനത്തിലൂടെ എല്ലാത്തിനെയും ആരിച്ചുനോക്കി വികാരങ്ങളെ ഒഴിവാക്കാം. സാഹചര്യങ്ങളെ മനസ്സ് എങ്ങനെ വിശകലനം ചെയ്യുന്നുവെന്ന് മനസ്സിലാക്കി മുന്നേറാം. പക്ഷേ, സന്തോഷത്തിനു ശ്രമിക്കരുത്.  കാരണം, അത് യന്ത്രസമാനമായ ഒരു ജീവിതമാണ്. നിങ്ങൾ ശരിക്കും ആരാണ്?(Who you truly are) എന്ന ചിന്തയുടെ ആഘോഷം അവിടെയുണ്ടാവില്ല .ദൈവം ഓർമ്മിപ്പിക്കുന്ന ആഘോഷങ്ങൾക്ക് മനസ്സില്ല. യാഥാർത്ഥ്യം എന്താണെന്നറിയാൻ കൂടുതൽ സമയം എടുക്കേണ്ടി വരുന്നത് സത്യത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് .സത്യം നിങ്ങളെ സ്വതന്ത്രരാക്കാതിരിക്കില്ല . ചിന്തകളെ മനസ്സ് സൃഷ്ടിക്കുന്നതാണ്. എന്നാൽ വികാരങ്ങൾ യഥാർത്ഥമാണ്. വികാരങ്ങൾ ഒരിക്കലും നെഗറ്റീവല്ല, നാശോന്മുഖമല്ല .ശരിയായ പ്രേമം പുറത്ത് പറയുകയാണെങ്കിൽ പ്രതിലോമകരമായ ,വീഴുന്ന ഫലങ്ങൾ ഉണ്ടാകുന്നത് വിരളമാണ്.

'നിങ്ങൾക്ക് ലോകത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങളുടെ ലോകത്ത് മാറ്റങ്ങൾ ഉണ്ടാവണമെന്നുണ്ടോ?ഹിറ്റ്ലർ നിങ്ങൾക്ക് സുവർണ്ണമായ ഒരവസരം തന്നു. ഹിറ്റ്ലർ അനുഭവം ,ക്രിസ്തു അനുഭവം -അതിൻ്റെ സൂചനകളിൽ അഗാധമാണ്,നിങ്ങളെക്കുറിച്ച് അത് പകർന്നു തരുന്ന സത്യങ്ങളിലും.  ബൃഹത്തായ ബോധങ്ങൾ - ഹിറ്റ്ലറുടെ ,ബുദ്ധൻ്റെ ,കൃഷ്ണൻ്റെ,  യേശുവിൻ്റെ ,ചെങ്കിസ് ഖാൻ്റെ - നിലനിൽക്കുന്നത് അവരെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ ജീവനോടെയിരിക്കുമ്പോൾ മാത്രമാണ്'.

സ്വന്തം വഴിയിൽ ദൈവത്തെ സൃഷ്ടിക്കുമ്പോൾ 

സത്യം പറയുമ്പോൾ മറ്റുള്ളവർ അത് എങ്ങനെ സ്വീകരിക്കുമെന്നതിൻ്റെ  ഉത്തരവാദിത്വം നിങ്ങൾക്ക് ഏറ്റെടുക്കാനാവില്ല. വിനിമയം ചെയ്യുന്നത് ശരിയായിരിക്കണം. ദയയോടെ ,പ്രേമത്തോടെ ,വൈകാരിക ക്ഷമതയോടെ ധീരമായി വികാരങ്ങൾ കൈമാറുകയാണ് വേണ്ടത്. യഥാർത്ഥ വികാരങ്ങളും ചിന്തകൾ ഉത്പാദിപ്പിക്കുന്ന വികാരങ്ങളുമുണ്ട്. ആദ്യത്തേത്  ആത്മാവിൽ നിന്നു വരുന്ന വികാരങ്ങളാണ്.അതാണ്  സത്യമായിട്ടുള്ളത് .ദൈവം ഇങ്ങനെ പറഞ്ഞു:'മനുഷ്യജീവികളുടെ ഏറ്റവും വലിയ വെല്ലുവിളി ഈ സമയത്ത് ഇവിടെ ആയിരിക്കുക (Be here now)എന്നുള്ളതാണ്. വേറെ യാതൊന്നും സൃഷ്ടിക്കരുത്. ഒരു നിമിഷത്തെക്കുറിച്ച് ഒരു ചിന്ത നിർമ്മിക്കാതിരിക്കുക,'.

ഒരു ചിന്ത മനസ്സിൽ വരുന്നതിനു മുന്നേ നിങ്ങൾ നിർമ്മിച്ച ചിന്തയുണ്ടല്ലോ ,അതാണ് ഒഴിവാക്കേണ്ടത്. ഈ നിമിഷത്തിലായിരിക്കുക. ഈ നിമിഷം വരുമ്പോൾ അതിന്റെ സ്വാഭാവികമായ സത്യത്തെ അറിയുന്നതിന് പകരം മുൻകൂട്ടി തീരുമാനിച്ച ചിന്തകളെ ആശ്രയിക്കുന്നത് തെറ്റ്.

'ഹിറ്റ്ലറുടെ ഒരു കണം  നിങ്ങളിൽ എല്ലാവരിലുമുണ്ട് ;അതിൻ്റെ അളവിലേ വ്യത്യാസമുള്ളു '.

എങ്ങനെ അത് ഒഴിവാക്കും?  ശരിയായ പാതയെക്കുറിച്ച് ബോധമുണ്ട്; പക്ഷേ, അതിലെ സഞ്ചരിക്കുകയില്ല .എന്നിട്ട് ദൈവത്തോട് പരാതി പറയുന്നു.  സ്വയം സൃഷ്ടിക്കുന്ന മിഥ്യയാണിത്. ഓരോ വ്യക്തിക്കും സ്വന്തം നിർമ്മിതിയുണ്ട്. ഓരോ വ്യക്തിയും സ്വന്തം വഴിയിൽ ദൈവത്തെ സൃഷ്ടിക്കുന്നു. ചിലർക്ക് ദൈവം ശക്തിയാണ്, വികാരമാണ്, പ്രേമമാണ്.

'ദൈവം പറയുന്നു: ഞാനാണ് നിങ്ങളുടെ ആദ്യത്തെ ചിന്തയുടെ ആരംഭം. ഞാനാണ് നിങ്ങളുടെ ചിന്തയുടെ അവസാനം. ഹിറ്റ്ലറെ ആരും അയച്ചതല്ല ;ഹിറ്റ്ലർ നിങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്. നിങ്ങളുടെ സമഷ്ടിയായ ബോധത്തിൽ (Collective Consciousness) നിന്നാണ് ഹിറ്റ്ലർ വരുന്നത്; അല്ലാതെ ഹിറ്റ്ലർക്ക് നിലനിൽക്കാനാവില്ല. അതൊരു പാഠമാണ്.'

ജീവിതം ഒരു തുടർപ്രക്രിയയാണ്. ചിന്ത മാറ്റാതിരിക്കാനുള്ള കഴിവാണ് ഗുരുക്കന്മാരുടെ രഹസ്യം. ഒരേ കാര്യത്തിൽ തന്നെ പിടിച്ചുനിർത്തുക. ചിന്തിക്കുന്നത് ,വികാരം കൊള്ളുന്നത്, പറയേണ്ടത് പുറത്തു കൊണ്ടു വരിക .ജീവിതം സൃഷ്ടിയുടെയും പുനസൃഷ്ടിയുടെയും പ്രക്രിയയാണ്. ആത്മാവ് സൃഷ്ടിക്കുന്നു ,മനസ്സ് പ്രതികരിക്കുന്നു. മനസ്സിനു ഉൾക്കൊള്ളാനാവാത്തത് ആത്മാവ് മനസ്സിലാക്കുന്നു .എന്താണ് ഏറ്റവും നല്ലത് ,ജയിക്കേണ്ടത് ആഗ്രഹിക്കേണ്ടത്  തുടങ്ങിയവയൊക്കെ മാറ്റിവയ്ക്കുക . എന്താണോ നിങ്ങൾ ,അത് ഫീൽ ചെയ്യുക .Start going with what feels like who you are .മനസ്സിൽ നിന്ന് പുറത്ത് കടന്ന്  ഇന്ദ്രിയങ്ങളിലേക്ക് മടങ്ങുക .സത്യം അറിയാനിടവന്നാൽ അതിനൊപ്പം ജീവിക്കുക. മുൻകാല അനുഭവങ്ങൾ സത്യത്തിന്റെ സൂചകമല്ല. അവിടെയുമിവിടെയും സത്യം സൃഷ്ടിക്കപ്പെടുന്നു. അത് വീണ്ടും അവതരിപ്പിക്കാവുന്നതല്ല. ഭൂതവും ഭാവിയും ചിന്തയിലേയുള്ളൂ. ഈ നിമിഷം മാത്രമേ യഥാർത്ഥത്തിലുള്ളു .

'വേർപെടുത്തലിൻ്റെ ,തനിച്ചാകലിൻ്റെ ,മേധാവിത്വത്തിന്റെ ബോധമാണ് 'ഹിറ്റ്ലർ അനുഭവ'മുണ്ടാക്കുന്നത്'.ഞങ്ങൾ എന്നത് അവർ ആകുന്നതാണ് കുഴപ്പം. കാലം നമ്മുടെ മനസ്സിൻ്റെ ഭാവനയാണ്. സംഭവിച്ചത് എന്താണോ അത് വീണ്ടും സംഭവിക്കുകയാണ്; അത് വീണ്ടും വീണ്ടും സംഭവിക്കും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. 

'കാലം ഒരു തുടർ പ്രക്രിയയല്ല .അത് ആപേക്ഷികതയുടെ ഘടകമാണ്. അത്  നിലനിൽക്കുന്നത് ലംബമായാണ്, തിരശ്ചീനമായല്ല'.

മഹത്തായ, ദിവ്യമായ സഹോദര്യം , ഐക്യം ,ഒരുമ ,നമ്മുടേതാണ്. നിങ്ങളുടേത്, എൻ്റേത്  എന്നതിനേക്കാൾ 'ക്രിസ്തു അനുഭവ'

മുണ്ടാക്കുന്നത് ഇതാണ്. എന്താണ് ദേജാവു ?ചിലരെ കാണുമ്പോൾ അവരെ നേരത്തെ കണ്ട് പരിചയമുള്ളതാണെന്നു തോന്നും .ദൈവം പറയുന്നു: 

'അത് വളരെ അതിശയിപ്പിക്കുന്ന ,മനോഹരമായ ഒരനുഭവമാണ്. സത്യമാണത്. നിങ്ങൾ എന്നും ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്; എന്നുമുണ്ടായിരിക്കും. നിങ്ങൾ ഇല്ലാതിരുന്ന ഒരു സമയം ഒരിക്കലുമുണ്ടായിട്ടില്ല .അങ്ങനെയൊരു കാലം ഒരിടത്തുമില്ല'.വില്യം ബ്ളേക്ക് ഈ പ്രപഞ്ചത്തിൽ അറിഞ്ഞതിനും അറിയാത്തതിനും ഇടയിൽ ധാരാളം വാതിലുകളുണ്ടെന്ന് എഴുതുന്നത് ഇതിനു കൂടുതൽ അർത്ഥവ്യാപ്തി നല്കുന്നു. 

ഒരു വൃക്ഷവും വിത്തും ഒരുപോലെ സമ്പൂർണ്ണമാണ്. ഒരു കുട്ടിയും മുതിർന്നവനും ഒരുപോലെ പൂർണമാണ്. കാരണം, അതിനൊന്നും ചെയ്യാനാവില്ല; അതിനൊന്നും അറിയില്ല .അതുകൊണ്ട് അത് പൂർണ്ണമല്ലാതാകുന്നില്ല. 

വേദന നമ്മുടേതാകുമ്പോൾ (നിങ്ങളുടേതല്ല),സന്തോഷം നമ്മുടേതാകുമ്പോൾ (എൻ്റേതല്ല), ജീവിതാനുഭവമാകെ നമ്മുടേതാകുമ്പോൾ ,അന്തിമമായി ഇതാണ് സത്യം -ഇതാണ് സാകല്യമായ ജീവിതാനന്ദം .

ഈ ലോകത്തിൻ്റെ ഭ്രാന്തു പിടിച്ച സ്വഭാവം 

'എൻ്റേത് ഒരു പാരമ്യാവസ്ഥയാണ്. അവിടെ ഒരു വസ്തു മറ്റൊന്നിനോട് ബന്ധം പുലർത്തി നിൽക്കുന്നില്ല. എല്ലാം സ്വതന്ത്രമാണ്. ജീവിതം തുടരുകയാണ് ;മരണമില്ല. ജീവിതമാണുള്ളത്; നിങ്ങൾ രൂപം മാറുന്നു '.

Life goes on forever and ever. Life  is. You simply change form. രൂപം മാറുന്നോടെ അനന്തരഫലങ്ങൾ ഇല്ലാതാവുന്നു .പിന്നീട് അറിവ് മാത്രമേയുള്ളൂ. ഫലങ്ങൾ ആപേക്ഷികതയാണ് .അതിന് പരമാവസ്ഥയിൽ ഇടമില്ല. അത് രേഖീയ (Linear)മായ സമയത്തിലും അനുക്രമ(Sequential)മായ സംഭവങ്ങളിലുമാണ് ആശ്രയിക്കുന്നത്. അവസാനമാണ് നിങ്ങൾ അറിയുന്നത്, നിങ്ങളുടെ 'പിശാച്' നിലനിൽക്കുന്നില്ലെന്ന് .പുറംലോകം വിധി തീർപ്പിന്റെയും കുറ്റപ്പെടുത്തലിന്റെയും അനുഭവം നിറഞ്ഞതാണ് .നിങ്ങൾ ഭ്രാന്തമായി പെരുമാറാൻ കാരണം ഈ പുറംലോകത്തിന്റെ ഭ്രാന്തുപിടിച്ച സ്വഭാവമാണ്. നിങ്ങൾ എന്തെങ്കിലുമാണെന്ന ധാരണ ഉണ്ടായിരിക്കുന്നതിന് കാരണം ചുറ്റുമുള്ള ഭ്രാന്തുപിടിച്ച ലോകമാണ്.

'ക്രിസ്തുമാരും ഹിറ്റ്ലർമാരും ഇപ്പോഴുമുണ്ട്. ഇനിയും വരും. കരുതിയിരിക്കുക .ഉയർന്നതും തരംതാണതുമായ ബോധനിലവാരമുള്ളവർ  നിങ്ങൾക്കിടയിലുണ്ട്. നിങ്ങളെപ്പോലെ അവരും സഞ്ചരിക്കുന്നു. നിങ്ങളോടൊപ്പം കൂട്ടുന്നത് ആരെയാണ്'.

പുറംലോകം നിങ്ങളെ മൂല്യവിചാരണ ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ നിങ്ങളെയും മൂല്യവിചാരണ ചെയ്യുന്നു. പിന്നീട് ദൈവത്തോട് നിങ്ങളെ വിലയിരുത്തണമെന്ന് പറഞ്ഞാൽ ദൈവം അതിന് തയ്യാറാവുകയില്ല. കാരണം, മനുഷ്യനെപ്പോലെ പെരുമാറാത്ത ഒരു ദൈവത്തെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല . ദൈവശാസ്ത്രം എപ്പോഴും നിങ്ങളെ കണ്ടെത്താനുള്ളതാകണം .

ജീവിതം എന്താണ് ,എന്തിനാണ് ജീവിക്കുന്നത് എന്നൊക്കെയുള്ള ചിന്തകളാണ് നിങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ വിജയം ഉണ്ടാകണമല്ലോ .അപ്പോൾ നിങ്ങൾ ആ ലക്ഷ്യത്തിൻ്റെ ജീവിതമാണ് യാഥാർത്ഥ്യമാക്കാൻ തുനിയുന്നത്. 

അവിടെ നിങ്ങൾക്ക് ഇടമില്ല. യഥാർത്ഥ ദൈവശാസ്ത്രമായി പിന്തുടരേണ്ടത് മറ്റൊന്നാണ്. ഈ ജീവിതം ഒരു വിചാരണയാണ്, പരീക്ഷണമാണ്. ഒരു ചെറിയ കാലത്തേക്ക് നിങ്ങളെ ചില ഘട്ടങ്ങളിലൂടെ കടത്തിവിടുന്നു , മൂല്യമുണ്ടോ എന്നറിയാൻ .ഈ രീതി അവലംബിച്ചാൽ ബോധമുണ്ടാകും. 

'ഹിറ്റ്ലർ സ്വർഗ്ഗത്തിൽ പോയിട്ടുണ്ടാകുമോ ? ദൈവം പറഞ്ഞു: മരണം ഒരു അന്ത്യമല്ല ;അതൊരു തുടക്കമാണ് .അത് ഭീതിയല്ല, സന്തോഷമാണ്.അത് അടച്ചുകെട്ടലല്ല,  തുറന്നുപിടിക്കലാണ്'.

എന്നാൽ  ജീവിതം ഒരവസരമാണ്; പ്രക്രിയയാണ് .അതിലൂടെ നിങ്ങൾ കണ്ടെത്തുകയാണ്, നിങ്ങൾക്ക് മൂല്യമുണ്ടെന്ന്. ദൈവത്തെ അഹന്ത നിറഞ്ഞ ദൈവമാക്കരുത്. ആ ദൈവത്തിനു സ്തുതിയോ ,ശ്രദ്ധയോ, ആസ്വാദനമോ വാത്സല്യമോ വേണ്ട; ദൈവത്തിന് അഹന്തയോ ,ആവശ്യമോ ഇല്ല. ജീവിതത്തിൻ്റെ ഉദ്ദേശ്യം ദൈവത്തെ പ്രസാദിപ്പിക്കാനല്ല. ജീവിതലക്ഷ്യം എന്നു പറയുന്നത് അറിയലാണ്;പുനരുജ്ജീവനമാണ് - നിങ്ങൾ ആരെണന്ന്. ഇക്കാര്യത്തിൽ  ദൈവത്തെ സ്തുതിക്കാം. നമ്മുടെ ഉള്ളിലുള്ളതല്ലാതെ വേറൊരു യാഥാർത്ഥ്യമില്ലെന്ന് ഹെർമ്മൻ ഹെസ്സെ പറഞ്ഞത് ഈ വിഷയത്തിലേക്കാണ് ആഴ്ന്നിറങ്ങി പോകുന്നത്. എന്തുകൊണ്ടാണ് ഹിറ്റ്ലർ സ്വർഗ്ഗത്തിൽ പോയി എന്ന് പറയുന്നത്? നരകം എന്നൊന്നില്ല . അതുകൊണ്ട് അയാൾക്ക് അങ്ങനെയൊരു സ്ഥലത്ത് പോകേണ്ടതില്ല .അയാളുടെ പ്രവൃത്തികൾ തെറ്റായിരുന്നു - ബുദ്ധി വികസിക്കാത്ത ഒരാളുടെ പ്രവൃത്തികൾ. എന്നാൽ തെറ്റുകൾക്ക് ശിക്ഷ കൊടുക്കാത്തതുകൊണ്ടായില്ല. തിരുത്താനുള്ള അവസരമുണ്ടാകണം. മാറാനുള്ള സമയം വേണം. ഹിറ്റ്ലർ മുഖേന മരിക്കാനിടയായവർക്ക് അയാളുടെ തെറ്റുകൾകൊണ്ട് ഒന്നും സംഭവിച്ചില്ല. അവരുടെ ആത്മാവുകൾ ഭൂമിയിലെ കെട്ടുപാടുകളിൽ നിന്ന് മോചിതമായി .അടച്ചുകെട്ടിയ ഒരു പാത്രം ഉടഞ്ഞ് ജലം അതിൻ്റെ ആദിമഗേഹത്തിലേക്ക് മടങ്ങുന്ന പോലെ. 

'നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം അത് അവസാനിക്കന്ന നിമിഷമായിരിക്കും. കാരണം ,അതവസാനിക്കുകയല്ല, മനോഹരമായ വഴികളിൽ മുന്നോട്ടു പോവുകയാണ്,സമാധാനവും അറിവും സന്തോഷവുമായി. അത് നിങ്ങൾക്ക് വിശദീകരിക്കാനും മനസ്സിലാക്കാനും  പ്രയാസമായിരിക്കും'.

ഏതൊരു സമയവും വിശുദ്ധമാണ് 

ലോകത്ത് എന്തും നടക്കുന്നത് പൂർണ്ണതയോടെയാണ്. ദൈവം ഒരു തെറ്റും ചെയ്യുകയില്ല, ദീർഘകാലത്തിൽ. എല്ലാത്തിലും  പരമമായ പൂർണത കാണാനാവുമെങ്കിൽ (നിങ്ങളുമായി ബന്ധമുള്ള കാര്യങ്ങളിലല്ല ) , വിയോജിക്കാൻ തോന്നുന്ന കാര്യങ്ങളിലും, എങ്കിൽ നിങ്ങൾക്ക് ജ്ഞാനമുണ്ടെന്നു പറയാം .

ഏതൊരു സമയവും വിശുദ്ധമാണ്. ഏതൊരു മിനിറ്റും പവിത്രമാണ്. അതുകൊണ്ട് സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക. സമയം പാഴാക്കാതിരിക്കുക. സമയത്തെക്കുറിച്ചുള്ള അവബോധം നമുക്കില്ല. നമ്മുടെ ധാരണ സമയത്തിൻ്റെ ഒരു വലിയ ഖനി കൈയിലുണ്ടെന്നാണ് .എന്നാൽ ശുദ്ധവും പരിപാവനവുമായ സമയത്തിന് ഉറപ്പുമില്ല. പോൾ ബ്രണ്ടൻ കണ്ടെത്തിയത് ഇതാണ് :നമ്മൾ നൈമിഷികമായ ബോധത്തിലേക്ക് ചിതറിത്തെറിച്ച മനസിൻ്റെ ശകലങ്ങളാണ്.

മനുഷ്യൻ ദൈവശാസ്ത്രമായി വികസിപ്പിച്ചിട്ടുള്ളത് തെറ്റായ കുറെ  കാര്യങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് .ഭ്രാന്തമായ ബോധമുള്ള ഒരു ദൈവത്തെ വിശദീകരിക്കാൻ വേണ്ടി ഭ്രാന്തുപിടിച്ച മാനവരാശി കണ്ടുപിടിച്ചതാണത്. അങ്ങനെയൊരു ദൈവം നിലനിൽക്കുന്നില്ലല്ലോ .

സംഭവങ്ങളെ പിശാചിന്റെയോ  ദൈവത്തിൻ്റെയോ തലയിൽ വയ്ക്കാൻ നോക്കരുത് .സംഭവങ്ങൾ, അനുഭവങ്ങൾ അതാതിൻ്റെ തലത്തിൽ മാത്രമാണുള്ളത്. ഒരു പന്ത് തറയിൽ ശക്തിയോടെ എറിഞ്ഞാൽ അതിൻ്റെ സഞ്ചാരപഥവും പരിണാമവും നിശ്ചയിക്കുന്നത് ദൈവമല്ല ; അവിടെ സൃഷ്ടിക്കപ്പെട്ട ഒരു വ്യവസ്ഥയുടെ ഫലമാണത്. ഓരോ സമയവും അതുല്യമാണ്. നമ്മൾ അതിനെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് പ്രധാനമാണ്. അതിനോട് പ്രതികരിക്കുകയാണല്ലോ ചെയ്യുക .അതാണ് അർത്ഥമുണ്ടാക്കുന്നത് .ബോധത്തിലൂടെ സൃഷ്ടിക്കുന്നതാണ് സംഭവങ്ങളും  അവസരങ്ങളും. ബോധമാണ് അനുഭവമുണ്ടാക്കുന്നത്. നിങ്ങൾ ബോധത്തെ ഉണർത്താൻ നോക്കുകയാണ് .നിങ്ങളുടെ ലോകം അതിലെ അവസ്ഥകളും, അവിടെ ജീവിക്കുന്ന എല്ലാവരുടെയും സംയുക്ത ബോധത്തിന്റെ ,സാകല്യമായ ബോധത്തിന്റെ പ്രതിഫലനവുമാണ്. ചാറ്റിനും നോക്കുക ,പലതും  പൂർത്തിയാക്കാതെ അവശേഷിക്കുന്നു എന്നു കാണുകയാണെങ്കിൽ നിങ്ങളിൽ എന്തോ മാറ്റാനുള്ള ഊർജം അവശേഷിക്കുന്നു എന്നാണർത്ഥം.  നിലവിലുള്ള ലോകം കൊണ്ടു തൃപ്തിപ്പെട്ടാൽ അതിനെ മാറ്റാനാവില്ല. നിങ്ങൾ ദൈവത്തെ കണ്ടെത്തുന്നതിനായി ഈ ലോകത്തെ  പരിവർത്തിപ്പിക്കേണ്ടതുണ്ട് .അതിലൂടെ നിങ്ങൾ ആരാണെന്ന് സ്വയം  മനസ്സിലാക്കാം.

'ജീവിതം എന്നപോലെ എല്ലാറ്റിനെക്കുറിച്ചുമുള്ള അറിവ് ചാക്രികമാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് നിങ്ങളെ സഹായിക്കും, നിങ്ങളുടെയുള്ളിലെ പ്രപഞ്ചത്തെ അറിയാൻ'.

കൂടുതൽ പേരും തൃപ്തി നേടുന്ന ഈ ലോകത്ത് വ്യത്യസ്തതകളെ അംഗീകരിക്കുന്നു ,ആദരിക്കുന്നു; എതിർ ശബ്ദങ്ങളെ എതിർത്തു തോല്പിക്കുന്നു. അധികാരമുള്ളവരും അവരെ ആശ്രയിക്കുന്നവരും തൃപ്തരായ ഒരു ലോകത്ത് ശക്തിയുള്ളവർക്ക് മാത്രമേ അതിജീവിക്കാനാവൂ .ശക്തിയാണ് ശരിയെന്ന് വരും. മത്സരം ആവശ്യമാകും. ജയിക്കുന്നതാണ് ഏറ്റവും വലിയ നന്മയെന്നു പറയും.

'ചാക്രികമായാണ് ജീവിതം നീങ്ങുന്നത് .എല്ലാം ചാക്രികമാണ്'.

കൂടുതൽ പേർക്കും തൃപ്തി ലഭിക്കുന്ന ഈ ലോകം തെറ്റുകാരെന്ന്  വ്യാഖ്യാനിക്കപ്പെടുന്നവരെ കൊന്നുകളയുന്നു ,പട്ടിണിക്കിടന്നു, നശിപ്പിക്കുന്നു. ഉപരിവർഗം ചൂഷണത്തെ ന്യായീകരിക്കുന്നു .ഓരോന്നും ചാക്രികമായി നീങ്ങുന്നു. ജീവിതത്തിന് സ്വാഭാവികമായ ഒരു താളമുണ്ട് .എല്ലാം ആ താളത്തിനനുസരിച്ച് ചലിക്കുകയാണ്. എന്നാൽ സ്വന്തം സമ്പത്ത്, ജീവിത രതി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നീങ്ങുന്നവർ ഇത് അലങ്കോലപ്പെടുത്തുന്നു. അവർ കോടിക്കണക്കിനാളുകളെ ചൂഷണം ചെയ്യുന്നു. എല്ലാ പ്രവൃത്തികൾക്കും പിന്തുണ കൊടുക്കുന്നു. ഭൂമിയെ നശിപ്പിക്കാൻ അവർ കൂട്ടുനിൽക്കുകയാണ് .ചെറിയ കാലഘട്ടങ്ങളിലെ നേട്ടങ്ങൾ ദീർഘകാലത്ത് നഷ്ടമായിത്തീരുമെന്ന് അവർ അറിയുന്നില്ല.

സ്ത്രീയിലെ സംഗീതത്തിൻ്റെ ലയം

'സ്ത്രീകൾക്ക് ജീവിതത്തിൽ താളത്തിനൊത്ത് നീങ്ങാനാവുന്നു, പുരുഷനേക്കാൾ. ആണുങ്ങൾ തിരിമറികൾ നടത്താനും ചെറുക്കാനും ഒഴുക്കിനെ നിയന്ത്രിക്കാനും ശ്രമിക്കുന്നു'.

യാതനകൾ അവസാനിക്കുന്നില്ല. എന്താണ് കാരണം? ലോകത്തെ സംഘടിതമായ ബോധം ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയാണ് ,കുറച്ച് ആളുകളുടെ ക്ഷേമത്തിനു വേണ്ടി. വാൽഷിനോടു ദൈവം ഇങ്ങനെ പറഞ്ഞു :The inability to experience the suffering of another as one's own is what allows such suffering to continue. മറ്റൊരുവന്റെ യാതന മനസ്സിലാക്കാൻ കഴിവില്ലാതിരിക്കുന്നതുകൊണ്ട് അത് തുടരുക തന്നെ .വേർപെടുത്തി നിർത്തുന്നത് അസ്വാസ്ഥ്യമുണ്ടാക്കുന്നു. തെറ്റായ ഉൽക്കർഷതയാണ് നല്കുന്നത്. ഒരുമ, ഐക്യം എന്നിവ അകന്നു നിൽക്കുകയാണ്. തെറ്റായ സംഘടിത ബോധമാണ് ഹിറ്റ്ലറെ  സൃഷ്ടിക്കുന്നത്.

'സ്ത്രീകൾ ജീവിതത്തെ അതിൻ്റെ  സ്വാഭാവികമായ ഒഴുക്കിൽ  അനുഭവിക്കുന്നു. അതിൻ്റെ  രമ്യതയ്ക്കായി ജീവിതത്തെ വാർത്തെടുക്കുന്നു'. സരളവും സംയുക്തവുമായ പ്രകൃതിയാണ് സ്ത്രീയിൽ നിറയുന്നത്. അമിതമായ ശക്തിയോ ,കഠിനമായ പ്രതികരണമോ ഇല്ലാതെ തന്നെ സ്ത്രീക്ക് പ്രകൃതിയുടെ താളം പെട്ടെന്ന് മനസ്സിലാക്കാനാവുന്നു. അവളിൽ  സൃഷ്ടിയും പരിപാലനവും സജീവമാണ്. അവൾ സകല വികാരങ്ങളുടെയും ഒരു സൃഷ്ടി വ്യവസ്ഥയാണ് .മഹാശക്തികളെ എതിർത്ത് തോല്പിക്കാൻ ശ്രമിക്കാതെ അതിനോട് സ്ത്രൈണമായ ലയം സാധ്യമാക്കുന്നു .സ്ത്രീയിലെ സംഗീതത്തിൻ്റെ ലയം പ്രപഞ്ച സംഗീതവുമായി ഒത്തു പോവുകയാണ്. 

'ഒരു സ്ത്രീ കാറ്റിൽ പൂക്കളുടെ രാഗം ശ്രദ്ധിക്കുന്നു .അദൃശ്യമായതിന്റെ സൗന്ദര്യം ,അവൾ കാണുന്നു. ജീവിതത്തിലെ പിടിയും വലിയും ശാഠ്യങ്ങളും അവൾ മനസിലാക്കുന്നു.  ഓടേണ്ടത് എപ്പോഴാണെന്ന്  അവൾക്കറിയാം. അതുപോലെ വിശ്രമിക്കുന്നതും ചിരിക്കുന്നതും കരയുന്നതും പിടിക്കുന്നതും അയച്ചു കൊടുക്കുന്നതും എപ്പോഴാണെന്ന് അവൾക്കറിയാം. അവൾ പ്രപഞ്ചയുക്തിയെക്കുറിച്ചാണ്  എപ്പോഴും ചിന്തിക്കുന്നത്. വാക്കുകൾക്കോ ഭാഷകൾക്കോ  വഴങ്ങാത്ത ആ യുക്തി സ്ത്രീയിൽ സ്ത്രൈണതയായി ഒഴുകുന്നു. എല്ലാത്തിന്റെയും യുവത്വവും മൃദുത്വവും ആകർഷകത്വവുമാണ് സ്ത്രീ. ഈ ലോകത്ത് ആകർഷകമായതിനെയെല്ലാം സ്ത്രൈണത എന്ന വിചിത്രരഹസ്യത്തിൽ പ്രകൃതി  സമ്മേളനം ചെയ്തിരിക്കുന്നു.

'മിക്കവാറും സ്ത്രീകൾ സ്വന്തം ശരീരത്തെ കാത്തുസൂക്ഷിക്കുന്നു. പുരുഷന്മാർ ശരീരത്തെ ഭീകരമായാണ് സമീപിക്കുന്നത്. ജീവിതത്തോടുള്ള  സമീപനത്തിനും ഇത് കാണാം'.സ്ത്രീക്ക് ഭാഷാതീതമായ സാരള്യതയാണുള്ളത്. അതവരുടെ ശരീരത്തിൽ വിലയം പ്രാപിച്ചിരിക്കുകയാണ്. ഒഴുകുന്ന നദിയുടെ അടിയിൽ തെളിഞ്ഞു കാണാവുന്ന ചരൽക്കല്ലുകൾ പോലെ സകലതിനെയും അവൾ ഉള്ളിൽ ദൃശ്യമാക്കുന്നു. അതിനെ ഇളക്കാനോ  അസ്ഥിരമാക്കാനോ അവൾ തുനിഞ്ഞേക്കില്ല .ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പേ ദൈവം ഉത്തരം നല്കിയിരിക്കുന്നു. ഒരു കാലം ഒരിടത്തുമില്ല. എല്ലാം ഒരേസമയത്ത് നിലനിൽക്കുകയാണ്. എല്ലാ സംഭവിക്കുന്നത് ഒരേ സമയത്താണ്. All things exists simultaneously.എല്ലാം ഈ ലോകത്ത് ഉണ്ടായിരുന്നു .എപ്പോഴുമുണ്ട് , ഉണ്ടായിരിക്കും.

'നിങ്ങൾക്ക് നിങ്ങളിൽ തന്നെ ഒതുങ്ങാനാവില്ല. കാരണം ,നിങ്ങൾ പ്രപഞ്ചത്തെ പോലെ അനന്തമാണ്. നിങ്ങളുടെ അനന്തമായ ആത്മാവിനെക്കുറിച്ച് ഒരാശയം കണ്ടുപിടിക്കാനാവും, ഭാവനയിലൂടെ'.

കാലത്തെക്കുറിച്ചുള്ള ശരിയായ ധാരണ ഉണ്ടാകണമെന്നാണ് ഉദ്ബോധനം. എങ്കിൽ സമാധാനത്തോടെ ജീവിക്കാം; നമ്മുടെ ആപേക്ഷികതയുടെ  യാഥാർത്ഥ്യത്തിനുള്ളിൽ. അവിടെ കാലം ഒരു ചലനമാണ്. അവിടെ ഒരു നിമിഷമേയുള്ളൂ .ഒരൊഴുക്കാണത് , സ്ഥിരമായതല്ല .It is you who are moving, no time. നമ്മളാണ് ചലിക്കുന്നത്,കാലമല്ല. കാലത്തിനു ചലനമില്ല. ഒരേയൊരു നിമിഷമേയുള്ളു .ഇതാണ് നിങ്ങളെ അറിയാനുള്ള മാർഗം. നമ്മുടെ കൈയിൽ ഉള്ളത് മാറുന്ന ഒരു  നിമിഷമാണ്. ഭൂതകാലം നഷ്ടപ്പെട്ടു. ഭാവി അനിശ്ചിതമാണ്. വർത്തമാനമാകട്ടെ അതിവേഗം കൊഴിയുകയാണ്.

'അതിർത്തികളില്ലാത്ത നിങ്ങൾ ഒരിടത്തും നിലനിൽക്കുന്നില്ല .കാരണം, ആത്മാവ് എല്ലായിടത്തുമുണ്ട്. അത്  എല്ലായിടത്തുമുണ്ടെങ്കിൽ അത് എവിടെയും ഭൗതികമായില്ല. കാലം നിലനിൽക്കുന്നില്ല,നിങ്ങളുടെ മനസ്സിന്റെ നിർമ്മിതി എന്ന നിലയിലല്ലാതെ. സംഭവിച്ചതെല്ലാം, ഇനി സംഭവിക്കാൻ പോകുന്നതും , ഇപ്പോൾ സംഭവിക്കുകയാണ്'

ഇതു മനസ്സിലാക്കാനുള്ള സിദ്ധി മാനസിക ഘടനയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യനു  അതറിയാനുള്ള കഴിവുണ്ട്. ദൈവം അത് സാക്ഷ്യപ്പെടുത്തുന്നു:

'നിങ്ങളൊരു ദിവ്യജീവിയാണ് ,ഒരേ സമയത്ത് തന്നെ ഒന്നിൽ കൂടുതൽ അനുഭവങ്ങൾ ഉൾക്കൊള്ളാനാവും. നിങ്ങളുടെ മനസ്സിനെ എത്ര വ്യക്തികളായും വിഭജിക്കാൻ കഴിയും'.

സെക്സ് എന്താണ് ?

ദിവ്യമായ അതിശയങ്ങൾ എല്ലാ വ്യക്തികളിലും നിലീനമാണ്. ഒരേ ജീവിതം വീണ്ടും വീണ്ടും ജീവിക്കാനാവും ,വിവിധ രീതികളിൽ .വിവിധ കാലങ്ങളിൽ വിവിധ ജീവിതങ്ങൾ ജീവിക്കാനും നിങ്ങൾക്കാവും .നമ്മൾ രേഖീയമായ യാഥാർത്ഥ്യത്തിൽ മാത്രം ജീവിക്കുന്നതുകൊണ്ടാണ് ഭൂതകാലം ,വർത്തമാനകാലം ,ഭാവികാലം എന്നിങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾക്ക് ഒരു ജീവിതമാണുള്ളതെന്ന് ഭാവന ചെയ്യുക ;അല്ലെങ്കിൽ പലതുണ്ടെന്ന്. പക്ഷേ ,ഒരു സമയത്ത് ഒരു ജീവിതമേയുണ്ടാകൂ. 'ദൈവത്തിനു അസാധ്യമായ ഒരേയൊരു കാര്യമുണ്ട് - ദൈവമല്ലാതിരിക്കുക എന്നതാണത്. ദൈവത്തിനു അതല്ലാതായിരിക്കാനാവില്ല. ദൈവത്തെ പോലെയല്ലാതെ അതിനു നിലനില്പില്ല. ദൈവമല്ലാതെ അതിനു നിലനില്പില്ല .ഞാൻ എല്ലായിടത്തുമുണ്ട്.  അതുകൊണ്ട് എവിടെയുമില്ല. ഒരിടത്തല്ലാത്തതിനാൽ ഞാൻ എവിടെയാ?'.ഈ നിമിഷം പാഴാക്കരുത്. ഇത് അസുലഭമായ ഒരു നിമിഷമാണ്. ജീവിതത്തിൻ്റെ എല്ലാ രഹസ്യങ്ങളും അനാവരണം ചെയ്യാൻ ഈ നിമിഷത്തിനാവും .നമ്മൾ ആരാണെന്ന് തീരുമാനിക്കുന്നിടത്താണ് നമ്മളെ ബാധിക്കുന്ന സത്യങ്ങൾ വേർതിരിക്കപ്പെടുന്നത്. നമ്മുടെ മൂല്യങ്ങളും അങ്ങനെതന്നെ .പാപത്തിൽ നിന്നു സന്തോഷം ലഭിക്കുകയാണെങ്കിൽ ആ മൂല്യമായിരിക്കും പ്രാബല്യം നേടുക.

'നല്ലത്,ചീത്ത തുടങ്ങിയ  കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുകയാണ് ,എപ്പോഴും. വിവിധ സംസ്കാരങ്ങളിൽ, കാലങ്ങളിൽ, മതങ്ങളിൽ ,ഇടങ്ങളിൽ  അത് തന്നെ സംഭവിച്ചിട്ടുണ്ട്. കുടുംബങ്ങളിലും വ്യക്തികൾക്കിടയിലും ഇതു സംഭവിക്കുന്നു. ഒരു കാലത്ത്  ആളുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്ന ആചാരങ്ങൾ ഇന്ന് അങ്ങനെയല്ല'.ഭൂതകാലത്തെക്കുറിച്ചോ,ഭാവിജീവിതത്തെക്കുറിച്ചോ ,നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങളെ എങ്ങനെ വിശുദ്ധമായ ആത്മാവിൻ്റെ അറിവിനും  സൃഷ്ടിക്കും പുനർജീവനത്തിനും ആവിഷ്കാരത്തിനും അനുഭവത്തിനുമായി  ഉപയോഗിക്കാമെന്ന് ആലോചിക്കുക. എല്ലാവരും എല്ലാം സൃഷ്ടിക്കുകയാണ്. എല്ലാ അനുഭവങ്ങളും നമ്മളിലുണ്ട്. അതുകൊണ്ട് നമ്മൾ എല്ലാവരും ഒന്നാണ്. നമ്മുടെ ഏകത -There is only one of us .

സെക്സ് എന്താണ് ? ദൈവത്തിൻ്റെ വിശദീകരണം : ആകർഷണത്തിൻ്റെ  അനശ്വരമായ പ്രകൃതിയാണത്. ജീവിതത്തെ നിറയ്ക്കുന്ന ഊർജത്തിന്റെ താളമാണത്. എല്ലാ വസ്തുക്കളിലും ദൈവം ഒരു ഊർജ്ജം സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിൻ്റെ  സിഗ്നലുകൾ പ്രപഞ്ചമാകെ പരക്കുകയാണ്. ഏതൊരു മനുഷ്യനും മൃഗത്തിനും സസ്യത്തിനും കല്ലിനും മരത്തിനും - ഏതൊരു ഭൗതിക വസ്തുവിനും - ഇതു ബാധകമാണ്. ഈ വസ്തുക്കൾ ഊർജം പുറത്തു വിടുന്നു;റേഡിയോ ട്രാൻസ്മിറ്റർ പോലെ. നിങ്ങൾ ഇപ്പോൾ ഊർജം പ്രവഹിപ്പിക്കുന്നു ,നിങ്ങളുടെ അസ്തിത്വത്തിൻ്റെ കേന്ദ്രത്തിൽ നിന്ന് എല്ലാ ദിശകളിലേക്കും .ഈ ഊർജം  തരംഗങ്ങളായി മുന്നോട്ടു കുതിക്കുന്നു. ഊർജം നിങ്ങളെ വിട്ടു ഭിത്തികളിലൂടെയും മലകളിലൂടെയും ചന്ദ്രനിലൂടെയും കടന്നു പോകുന്നു. അതവസാനിക്കുന്നില്ല .നിങ്ങളുടെ എല്ലാ ചിന്തകളും ഈ ഊർജത്തെ സ്വാധീനിക്കുന്നു. നിങ്ങൾ ചെയ്യുന്നതെന്തും ഇതിനെ ബാധിക്കും.

'ദൈവം പറഞ്ഞു :നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഭൂമിയിലെ ജീവിതം   സ്വർഗ്ഗത്തിലെ ജീവിതത്തേക്കാൾ നല്ലതാണെന്ന്. ? നിങ്ങളുടെ മരണസമയത്ത് ഏറ്റവും വലിയ സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും പ്രേമവും മനസിലാക്കും'.നിങ്ങളുടെ എതിർവശത്ത് നിൽക്കുന്ന വ്യക്തിയും ഇതുപോലെ ഊർജം പ്രവഹിപ്പിക്കുന്നു. നിങ്ങൾക്കിടയിൽ നിറയെ ഊർജമാണ്. നിങ്ങളുടെ രണ്ടുപേരുടെയും ഊർജകണങ്ങൾ കെട്ടുപിണയുന്നു .നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് മാത്രമേ സൗന്ദര്യം കാണൂ .വൃത്തികേടും അതുപോലെതന്നെ. ഓരോ വ്യക്തിയും തൊടുക്കുന്ന ഊർജം അന്തരീക്ഷത്തിൽ കെട്ടു പിണഞ്ഞ് മറ്റൊരു ഊർജമേഖല രൂപപ്പെടുത്തുന്നു. ഈ ഊർജ ശ്രംഖലകൾ അസംഖ്യമാണ്. അത് പരസ്പരം ആകർഷിക്കപ്പെടുന്നു. ഇതാണ് ആകർഷണനിയമം -Law of Attraction. ചിന്തകൾ ചിന്തകളെ ആകർഷിക്കുന്നു .ധാരാളം പേർ ഒരുപോലെ ചിന്തിക്കുമ്പോൾ അതിനു കനം കൂടുന്നു .കൂട്ട പ്രാർഥനകൾക്ക് ശക്തി കൂടുതലാണ്. ആഗോളാടിസ്ഥാനത്തിൽ ഭയത്തെയും കോപത്തെയും പുൽകുന്ന ബോധം നിലനിൽക്കുകയാണെങ്കിൽ അതിൻ്റെ  പ്രത്യക്ഷാനുഭവങ്ങൾ ഉണ്ടാകും .

'നിങ്ങൾ ഇവിടെ ജനിച്ചത് എന്തെങ്കിലും പഠിക്കാനല്ല; ജീവിതം ഒരു പാഠശാലയല്ല. ഇവിടെ നിങ്ങളുടെ ജീവിതലക്ഷ്യം പഠനമല്ല. ഇത് ഓർക്കണം .വിശാലമായ ചിന്തയിൽ, ജീവിതം പല കാരണങ്ങളാൽ  വെട്ടിച്ചുരുക്കപ്പെടുകയാണ്'.ഊർജത്താൽ ആകർഷിക്കപ്പെടുകയും വേർപെടുത്തപ്പെടുകയുമാണ് എപ്പോഴും സംഭവിക്കുന്നത്. ഇതാണ് ജീവിതത്തിലെ നൃത്തം. ജീവിതം ഇതിൽ തന്നെയാണ്. ഇതിൽനിന്ന് പുതിയ അനുഭവങ്ങൾ ഉണ്ടാകുന്നു. ആകർഷണങ്ങൾ വിവിധ തലങ്ങളിൽ മുന്നേറുന്നതുകൊണ്ടാണ് വികർഷണമുണ്ടാകുന്നത് ; ഋതുക്കളുണ്ടാകുന്നത്, നക്ഷത്രങ്ങൾ സഞ്ചരിക്കുന്നത് ...എല്ലാം ഇങ്ങനെയാണ് .

ഇരുട്ടിലേക്കുള്ള വെളിച്ചമാകുക

'ദൈവം അനുവദിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരു ചൂണ്ടുവിരൽ പോലും അനക്കാനാവില്ല'. ഇരുട്ടിൻ്റെ അഭാവത്തിൽ വെളിച്ചമില്ല. ചെറുതിന്റെ അഭാവത്തിൽ വലുതില്ല . വേഗത്തിന്റെ അഭാവത്തിൽ മന്ദതയില്ല.  ദുഷിച്ചത് എന്ന് നിങ്ങൾ വിളിക്കുന്നത് ഇല്ലെങ്കിൽ നല്ലതുമില്ല. അതുകൊണ്ട് യാതൊന്നിനെയും വിധിക്കാതിരിക്കുക. ഇരുട്ടിലേക്കുള്ള വെളിച്ചമാകുക. നിങ്ങൾക്കുള്ളത് സ്വയം പ്രഖ്യാപിക്കാം. സ്വയം നിറയ്ക്കാം. നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിയുക .മറ്റുള്ളവരെയും നിങ്ങൾ അങ്ങനെ സമീപിക്കുക .പ്രാപഞ്ചിക ലോകങ്ങളിലെല്ലാം ബോധേന്ദ്രിയങ്ങളുടെ ജീവികളുണ്ട്. അതിനെല്ലാം അവയുടെ യഥാർത്ഥ പ്രകൃതിയും തനിമയും പ്രകടിപ്പിക്കാനുള്ള ആഗ്രഹമുണ്ട്.

'ദൈവം പറഞ്ഞു: ഒരസുഖം മൂലം മരിക്കേണ്ടി വരുന്നത് 'തെറ്റാ'ണെന്ന് പറയാനൊക്കുമോ ?'പ്രാപഞ്ചിക ഉണ്മയുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള വ്യക്തികളുണ്ട്. അവർ ഒരിക്കലും ആക്രമണത്തിന് കൂട്ടുനിൽക്കുന്നില്ല .അവർ സ്നേഹത്തിൻ്റെ ഭാഷയാണ് തേടുന്നത്. കാരണം ,പ്രപഞ്ചത്തിലെ പരമമായ ഊർജം  അതു തന്നെയാണ് .അവരെ Highly evolved beings എന്ന് വാൽഷ് വിളിക്കുന്നു .അവർക്ക് ചിന്തയിലോ പ്രവൃത്തിയിലോ അക്രമമില്ല .ഒരു ജീവിയെയും വേദനിപ്പിക്കുന്നതിനോട് അവർ യോജിക്കുന്നില്ല .അവരുടെ യാഥാർത്ഥ്യങ്ങളിൽ ആക്രമമില്ല. അവർക്ക് ദയയുള്ളവരായതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്ന് മനസ്സിലാവുന്നു. ഓരോ നിമിഷവും നിസ്വാർത്ഥമാവുകയും ത്യജിക്കുകയും  ചെയ്യുകയാണ്.

'എന്തുകൊണ്ടാണ് ചിലതെല്ലാം സംഭവിക്കുന്നതെന്ന്, ദൈവത്തിൻ്റെ  മനസ്സിലേക്ക് കയറിയിരുന്ന് നമുക്ക് കാണാനൊക്കില്ല. അത് നമ്മൾ തിരയേണ്ടതില്ല'.ജീവിതമല്ലാതെ മറ്റൊരു മൂല്യമില്ല. അതാണ് നഷ്ടപ്പെടുത്തി കളയുന്നതെന്ന് അവർ അറിയുന്നു. സ്വന്തം ദൈവികത തിരിച്ചറിയുക എന്ന അനുഭവത്തിന് പിന്നാലെയാണ് അവർ സഞ്ചരിക്കുന്നത്. അതുകൊണ്ട് ആ വഴിയിൽ വേറൊന്നുമില്ല. സാക്ഷാത്കരിക്കേണ്ട  ആഗ്രഹമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നതാണ് എല്ലാ യാതനയുടെയും കാരണം. അക്രമത്തിന് കാരണം ഈ യാതനയാണ്. യാതനയെ ഉന്മൂലനം ചെയ്യുക; അതോടെ അക്രമം ഇല്ലാതാവും.

ആഗ്രഹങ്ങൾ നമ്മുടെ ഉൺമയെ തകർക്കുകയാണ് എപ്പോഴും. അതിൽ നിന്ന് രക്ഷ നേടുന്നതാണ് ദൈവികതയിലേക്കുള്ള വഴി. ആഗ്രഹങ്ങൾ പീഢയാകുമ്പോൾ അത് എല്ലാത്തിനും എതിരാകുന്നു. അതിന് അക്രമസ്വഭാവമുണ്ടാകുന്നു. ജീവിതം അനശ്വരമാണെന്ന് അറിഞ്ഞാൽ, അനുഭവിക്കാൻ ആഗ്രഹിക്കുന്ന എല്ലാത്തിനും അനശ്വരതയുണ്ടാകും.  ഭൂതകാലത്തിലെ നല്ല അനുഭവങ്ങളെ പുന:സൃഷ്ടിക്കാനാവും. നിങ്ങൾക്ക് വളരെ കുറച്ചു സമയമേ ഉള്ളൂ എന്ന് കരുതുന്നുവെങ്കിൽ നിങ്ങൾ സകല സമാധാനവും ഉപേക്ഷിച്ച് ആഗ്രഹിച്ചത് നടപ്പിലാക്കാൻ ഓടിത്തുടങ്ങും. 

ബോധേന്ദ്രിയങ്ങളുള്ള ഏതു ജീവിക്കും ജീവിതം അനശ്വരമായ അനുഭവമാണ്. ഇത് എല്ലാവർക്കും ബോധ്യപ്പെടുന്നില്ല. വൈകാരികമായ യാഥാർത്ഥ്യത്തിന് അപ്പുറമാണിത് .ഭൗതിക യാഥാർത്ഥ്യത്തിനു അനശ്വരതയല്ല.

'എൻ്റെ താൽപര്യപ്രകാരം നിങ്ങൾ ശിക്ഷിക്കപ്പെടുന്നതിനു കാരണം ഇതാണ്: നിങ്ങൾ എന്തായി തീരണമോ, അത് നിങ്ങൾ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ സംഭവിക്കുന്നതാണത് '.അക്രമം അവസാനിപ്പിക്കാനുള്ള വഴി ഇതാണ്: വേർപെട്ട് ജീവിക്കുന്നതിൽ  ഇന്ന് മാനവരാശി കാണിക്കുന്ന അഗാധമായ വിശ്വാസത്തിൽ നിന്ന് മാറി നിൽക്കുക. വേർപെടാനുള്ള  കാരണങ്ങൾ തിരയുന്നത് നവനഗര കേന്ദ്രീകൃത ജീവിതത്തിൻ്റെ ഉപോൽപ്പന്നമാണ്. ഓരോരുത്തരും അവരവരുടെ സംതൃപ്തിയും സ്വകാര്യതയും വ്യക്തിത്വവും ആത്മരതിയും സ്വാഭിമാനവും വളരെ വലുതാണെന്ന് ചിന്തിക്കുന്നു. താൻ കൂട്ടത്തിലല്ല ഒറ്റയ്ക്കാണെന്ന് എപ്പോഴും സ്വയം വിശ്വസിപ്പിക്കുന്നു. ഇത് ഒറ്റപ്പെടലിന്റെ സംഘർഷവും രോഗവുമായി പരിണമിക്കുന്നു.ആരോടും കൂടിച്ചേരാനാവാതെ വരുമ്പോൾ സംവാദങ്ങൾ ഇല്ലാതാവുന്നു. പിന്നെ അവശേഷിക്കുന്നത് ആത്മഹത്യയാണ്. മുൻകാലങ്ങളിൽ ചെയ്ത തെറ്റിനെക്കുറിച്ച് ചിന്തിച്ച് പിൻവാങ്ങുന്നവരുണ്ട്. അവർ എപ്പോഴും കുറ്റബോധവുമായി  നടക്കുന്നു. അപൂർണ്ണതയെക്കുറിച്ചുള്ള ഈ ബോധം നൂറ്റാണ്ടുകളായി മതപ്രചാരകന്മാർ കൊണ്ടുവന്നതാണ്. അത് നിങ്ങളെയും  സ്വാധീനിച്ചിരിക്കുന്നു .യഥാർത്ഥ പാപം  നിങ്ങളുടേതല്ല. ആദ്യത്തെ പാപം  നിങ്ങളിലേക്ക് കടത്തിവിട്ടത് ഈ ലോകമാണ്. അതിനു  ദൈവത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ദൈവം എന്തിനെയെങ്കിലും അപൂർണമായി സൃഷ്ടിക്കുമോ ?ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ സ്വതന്ത്രനാണോ ? മനുഷ്യർക്ക് പ്രേമവും പരാജയപ്പെടാൻ ഒരു കാരണമാണ്. എന്തുകൊണ്ടു  പരാജയപ്പെടുന്നു ? തെറ്റായ ഒരു കാരണത്തിന്റെ പേരിലാണ് അവർ ബന്ധത്തിലേക്ക് വന്നത്. തെറ്റ് എന്ന് പറയുന്നത് അപേക്ഷികമാണെങ്കിലും ആ പ്രേമത്തിന്റെ കാരണം അവരുടെ അതിജീവനത്തിന്  ഇണങ്ങുന്നതായിരുന്നില്ല. എന്തെങ്കിലും ഭൗതികമായ നേട്ടം മാത്രമാണ് പ്രേമത്തിന്റെ പിന്നിലെങ്കിൽ അതിൻ്റെ  വഴിയടയും .എന്നാൽ പ്രേമത്തിലേക്ക് നമുക്ക് എന്ത് നല്കാനാവും എന്നാണ് നോക്കേണ്ടത്.

'ജീവിതത്തിൽ അവിശ്വസനീയമായ വിധം താൻ സ്വാർത്ഥനായിരുന്നിട്ടുണ്ട്.  മറ്റുള്ളവർക്ക് എന്ത് സംഭവിക്കുമെന്ന് നോക്കാതെ ,വാൽഷ് പറയുന്നു. ദൈവം പറഞ്ഞു: അതിലൊരു തെറ്റുമില്ല, നിങ്ങൾക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ .നിങ്ങളുമായി നിങ്ങൾ മൃദുലമായ ബന്ധത്തിലായിരിക്കണം.  നിങ്ങൾ സ്വയം വിലയിരുത്താൻ പോകണ്ട. മറ്റുള്ളവർ എന്തുപറയുന്നുവെന്ന് കരുതിയിരുന്നാൽ നിങ്ങൾ മറ്റുള്ളവരുടെ അധീനതയിലുള്ള ഒരാളായി തുടരും.ഒരു ബന്ധത്തിൻ്റെ ഉദ്ദേശ്യം എന്തായിരിക്കണം?  വ്യക്തിത്വത്തിൽ നിങ്ങൾ കാണാനാഗ്രഹിക്കുന്ന ഘടകങ്ങൾ അപരനു കാണിച്ചുകൊടുക്കാനാകണം . അപരൻ്റെ വ്യക്തിത്വത്തിലെ ഘടകം  കീഴടക്കാനാവരുത് .ബന്ധങ്ങൾക്ക് ഒരു ലക്ഷ്യമേ ഉണ്ടാവാൻ പാടുള്ളൂ, ജീവിതത്തിനും ;നിങ്ങൾ ശരിക്കും ആരാണെന്ന് തീരുമാനിക്കാനും അങ്ങനെ ആയിരിക്കാനും .

ഉള്ളിലുള്ള റഡാർ 

വാൽഷ് ചൂണ്ടിക്കാട്ടുന്ന സ്പിരിച്വൽ ഗെയിം (Spiritual Game) ഇതാണ്: 'ദൈവത്തിനോടുള്ള സാമ്യതയിലും പ്രതിഛായയിലും നിങ്ങൾ സ്വന്തം ജീവാത്മാവിനെ സൃഷ്ടിക്കുക. ഓരോ നിമിഷത്തിലും ഇതാണ് ചെയ്യേണ്ടത്. ഇത് പരമബോധമാണ്. ജീവിതത്തിൽ നിങ്ങൾ സുരക്ഷിതരാണെന്ന ചിന്ത ലഭിക്കുന്നതും ഈ പ്രക്രിയയുടെ  അടിസ്ഥാനത്തിലായിരിക്കും .നിങ്ങൾക്ക് മറ്റുള്ളവരെ നിന്ദിക്കാനും തോന്നുകയില്ല. അവരെ ഇതേ പാതയിലെത്തിക്കാൻ സഹായിക്കുകയാണ് പ്രധാനം .

'നിങ്ങൾ പഠിപ്പിക്കുന്നത് നിങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. പൂർണതയെക്കുറിച്ച് സംസാരിക്കാൻ പൂർണത നേടണമെന്നില്ല. നൈപുണ്യത്തെക്കുറിച്ച് സംസാരിക്കാൻ നൈപുണ്യം നേടണമെന്നില്ല'.ദൈവത്തെ വേണ്ടെന്ന് മനസ്സിലാക്കുന്ന സമയമാണ് ദൈവത്തിൻ്റെ മഹനീയമായ നിമിഷം. എല്ലാത്തിന്റെയും വൈപരീത്യം ((Antithesis) ഇതാണ്. നിങ്ങളോട് പല പുരോഹിതന്മാരും  പറഞ്ഞിട്ടുണ്ടാകും ദേഷ്യമുള്ള, അസൂയയുള്ള, നിറയെ ആവശ്യങ്ങളുള്ള ഒരു ദൈവത്തെക്കുറിച്ച്. അതൊക്കെ തെറ്റാണ് .ആരായിരിക്കണം ശരിയായ ഗുരു? കൂടുതൽ ശിഷ്യന്മാരെ സൃഷ്ടിക്കുന്നയാളല്ല; കൂടുതൽ ഗുരുക്കന്മാരെ സൃഷ്ടിക്കാൻ കഴിവുള്ള യാളാണ്. ഒരു നല്ല നേതാവ് കൂടുതൽ അനുയായികളെയല്ല സൃഷ്ടിക്കുന്നത്, നേതാക്കളെയാണ്. നല്ല രാജാവ് കൂടുതൽ പ്രജകളുടെയാളല്ല, രാജകീയതലേക്ക് കൂടുതൽ പേരെ നയിക്കുന്നവനാണ് .കൂടുതൽ അറിവുള്ളവനല്ല ഒരു നല്ല അധ്യാപകൻ ; ധാരാളം പേർക്ക് കൂടുതൽ അറിവുണ്ടാകാൻ കാരണക്കാരനായവനാണ്. ഒരു യഥാർത്ഥ ദൈവം കൂടുതൽ ഭൃത്യന്മാരുടെ ആളാകണമെന്നില്ല; കൂടുതൽ പേരെ നന്നായി സേവിക്കുന്നവനാണ് .അങ്ങനെ അവരെ ദൈവങ്ങളാക്കുന്നു (Serves the most, thereby making Gods of all others) 

അപരാധവും ഭയവുമാണ് മനുഷ്യൻ്റെ ശത്രുക്കൾ .മനുഷ്യൻ മറ്റുള്ളവരെ ഭയക്കുന്നു. അതുകൊണ്ട് അവൻ പിൻവാങ്ങുന്നു. വലിയ പ്രതീക്ഷകൾ ബന്ധങ്ങൾക്ക് പോറലേൽപ്പിക്കുന്നു. നമ്മളിലുള്ളത് മറ്റുള്ളവരിലും തേടാൻ ശ്രമിക്കരുത്. മറ്റുള്ളവരെ അവരായി കാണുകയാണ് നല്ലത്. അവർ സ്വയം കാണാനും യാഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കാനും  ശ്രമിക്കുന്നിടത്താണ് മറ്റൊരു മൂല്യമുള്ള  ബന്ധം ഉണ്ടാകുന്നത്. അതിൻ്റെ  ദുർഘടപാതകളെ തരണം ചെയ്യാൻ ഉള്ളിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം ശ്രവിക്കുക. അത് എന്റെ ശബ്ദമാണ്. ഓരോന്നും ശരിയോ തെറ്റോ എന്ന് അത് പറഞ്ഞു തരും. അത് ഒരു റഡാർ പോലെയാണ്. സഞ്ചാരവഴിയെ അത് നിയന്ത്രിക്കും.

'അപരാധത്തിലൂടെ നമുക്ക് വളരാനൊക്കില്ല .നിങ്ങളുടെ ശരീരത്തിൽ നിങ്ങൾ അപരാധിയാണെങ്കിൽ അതുകൊണ്ട് ഒന്നും തന്നെ സൃഷ്ടിക്കാനാവില്ല. നിങ്ങളുടെ ആത്മാവാണ് സൃഷ്ടിക്കുന്നത് .ശരീരം ആത്മാവിൻ്റെ ഉപകരണമാണ്. ആത്മശക്തിയിലാണ്  ശരീരം ചലിക്കുന്നത്.അറിവാണ് നിങ്ങൾ തേടുന്നത്. അറിവ് അപരാധമല്ല. പ്രേമം ഭയവുമല്ല'.അറിവ് ആത്മാവിൻ്റെ സ്വയം ബോധ്യമാണ്. അവിടെ അപരാധമില്ല. നിങ്ങൾക്കത് അന്വേഷിക്കേണ്ടതുണ്ട്. എങ്കിലേ കണ്ടെത്താനാവൂ. യാദൃശ്ചികമായ കൂട്ടിമുട്ടലുകൾ പ്രപഞ്ചത്തിലില്ല .ആധുനിക സർക്കാരുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാവുന്ന ഒരു തത്ത്വം വാൽഷ് തൻ്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ദൈവത്തെ നിങ്ങളിൽ നിന്ന് വേർപെട്ട ഒരാളായി കാണാതിരിക്കുക .നിങ്ങൾക്കിടയിൽ  ഭിന്നതയില്ല .എല്ലാം അന്തരികമായി ബന്ധിപ്പിക്കപ്പെട്ടതാണ് .വേർപെട്ടതായി ഒന്നും ഈ ലോകത്തില്ല. ജീവിതത്തിൻ്റെ നൂലിഴകൾ കൊണ്ട്, നശിപ്പിക്കാനാവാത്ത വിധം എല്ലാം പരസ്പരം നെയ്ത് ചേർക്കപ്പെട്ടതാണ്. ഇതാണ് മാനവവംശത്തിന് രക്ഷപ്പെടാനുള്ള വഴി.

'ജീവിതം ഒരു ദ്വന്ദമാണ്. ദൈവത്തിൻ്റെ തത്ത്വവും ദ്വന്ദമാണ്. ഒരനുഭവത്തിൽ തന്നെ പ്രത്യക്ഷത്തിൽ പരസ്പര വിരുദ്ധമായ സത്യങ്ങൾ നിലനിൽക്കുന്നു. ഒരേ കാലത്തും ഒരേ സ്ഥലത്തും അത് നിലനിൽക്കുന്നു'. 

മരണം നിങ്ങളെ എന്താണ് ബോധ്യപ്പെടുത്തുന്നത്? എന്താണോ യഥാർത്ഥമായുള്ളത് അതാണ് ജീവിതമെന്നാണ്. ജീവിതം എന്താണ്  പഠിപ്പിക്കുന്നത് ? ഒഴിവാക്കാനാവാത്തത് എന്താണോ അത് മരണമല്ല; എന്നാൽ അത്  അസ്ഥിരതയാണ്. ഒന്നും സ്ഥിരമായിട്ടുള്ളതല്ല. എല്ലാം മാറുകയാണ് ,ഓരോ നിമിഷത്തിലും. സ്ഥിരത എന്ന ആശയം തന്നെ അസ്ഥിരതയിൽ നിലനിൽക്കുകയാണ്. അതുകൊണ്ട് സ്ഥിരതയും അസ്ഥിരമാണ്. ഇതാണ് ശാശ്വത തത്ത്വം .ഇതാണ് ധർമ്മം ,ബുദ്ധൻ .

കുപ്പിയിലടച്ച ഭൂതം 

'ഞാനും നീയും വേർപെട്ടു നിൽക്കുന്നു എന്നതാണ് ആ ദ്വന്ദം .അതേസമയം നീയും ഞാനും ഒന്നാണ്. നീയും മറ്റുള്ളവരുമായുള്ള ബന്ധത്തിലും  വ്യക്തമായ ഈ വൈരുദ്ധ്യം നിലനിൽക്കുന്നു'. പണവും വിജയവും ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവരില്ല .എന്താണ് ദൈവം പറയുന്നത്?'പ്രപഞ്ചത്തിൽ ഇക്കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പില്ല. അതിനെക്കുറിച്ച് നിങ്ങൾക്കുള്ള ശരിയായ ബോധത്തിലേക്ക് നിങ്ങളെ കൊണ്ടുവരുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾ വിജയം വേണമെന്നു ആഗ്രഹിക്കുന്നു. നിങ്ങൾ അറിയുക , സർഗാത്മകമായ സിദ്ധി എന്നു  പറയുന്നത് ഒരു കുപ്പിയിൽ അടച്ച ഭൂതമാണ്. വാക്കുകളാണ് അതിനെ നിയന്ത്രിക്കാനുള്ള ശക്തി .ഞാൻ എന്ന വാക്ക് ശക്തമാണ്. 'ഞാൻ ആകുന്നു ' എന്ന് പറയുമ്പോൾ  അത് ആജ്ഞയ്ക്കുള്ള വാക്കുകളാണ് . മനുഷ്യജീവിതത്തിൽ നമ്മൾ നമുക്ക് വേണ്ടി ഏറ്റവും പ്രധാനമായി  തിരഞ്ഞെടുക്കുന്നത് അപരെന്റെയും മികച്ച തിരഞ്ഞെടുപ്പുമായിരിക്കണം. അതുകൊണ്ട് നിങ്ങൾക്ക് മാത്രം  ഏറ്റവും നല്ലത് തിരയുന്നതിലാണ് തെറ്റുളളത്. എന്താണ് നല്ലതെന്ന് അറിയാത്തതും പിഴവാണ്. 

'ഞാൻ' എന്നതിനെ തുടർന്ന് എന്തു വാക്ക് വരുന്നുവോ അതിനനുസരിച്ച് മാറ്റമുണ്ടാകുന്നു. മറ്റൊന്നും സൃഷ്ടിക്കാനാവില്ല .വാക്കുകൾക്ക്  ശക്തിയുണ്ട്. നിങ്ങൾ വിജയവും പണവും വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ ചിന്തയും പ്രവൃത്തിയും വാക്കും അതിനനുസരിച്ച് നീങ്ങാൻ തുടങ്ങും .തീർച്ചയായും അത് ലഭിച്ചിരിക്കും .കോപത്തിലോ  സംഘർഷത്തിലോ ഇരുന്നുകൊണ്ട് ഇങ്ങനെ ആഗ്രഹിച്ചാൽ  ഫലമുണ്ടാവില്ല. അപ്പോൾ ചിന്തകൾക്ക് യഥാർത്ഥ്യമാകാനുള്ള കരുത്തുണ്ടാവില്ല. ഒരു വാക്ക് ഒന്നല്ല, നൂറല്ല, പതിനായിരം തവണ ആവർത്തിച്ചാൽ വലിയ ഫലങ്ങളുണ്ടാകും .ആവർത്തിക്കപ്പെടുന്നതോടെ അത് യാഥാർത്ഥ്യമാകും. അത് പുറത്തേക്ക് വരികയാണ്. യാഥാർത്ഥ്യത്തെ മാറ്റുന്നതിന് അതിനു  അനുകൂലമായ വിധം മനസ്സിനെ പരുവപ്പെടുത്തുക. ദൈവത്തിനു നന്ദി പറയുന്നതു കൊണ്ട് പ്രയോജനമുണ്ടെന്നാണ് വാൽഷിൻ്റെ  പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.  അതൊരു അറിവിൽ നിന്നാണ് ഉണ്ടാകുന്നത്. ഒരു ഫലം കാംക്ഷിച്ചില്ലെങ്കിലും ഫലമുണ്ടാകുന്നു .

യേശുവിനു ആ ഗുണമുണ്ടായിരുന്നു. എല്ലാ മഹത്തായ കർമ്മങ്ങൾക്കും ശേഷം യേശു ദൈവത്തിനോട് നന്ദി പറഞ്ഞു. വികാരമാണ് നമ്മെ പലതിലേക്കും ആകർഷിക്കുന്നത്. 

മൃഗങ്ങളെക്കുറിച്ച് പൊതുവേ കരുതുന്നത് അവ താഴ്ന്ന നിലയിലുള്ള ജീവികളെന്നാണ്. എന്നാൽ അതിനു നമ്മുടെ ഭയം തിരിച്ചറിയാനാവും. പലപ്പോഴും മൃഗങ്ങൾ മനുഷ്യരേക്കാൾ സ്വഭാവദാർഢ്യമുള്ളവരും സ്ഥിരമായ  നിലയുള്ളവരുമാണ് .അതുപോലെ സസ്യങ്ങൾ അവയെ സ്നേഹിക്കുന്നവരോട് പ്രതികരിക്കാറുണ്ട്, അവയെ ശ്രദ്ധിക്കാത്തവരേക്കാൾ. ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. പ്രപഞ്ചത്തിനു യാദൃച്ഛികതയില്ല. മഹത്തായ ഒരു ഡിസൈനാണത്.

'നിങ്ങൾക്ക് ബുദ്ധിപരമായി ഏറ്റവും നല്ലത് ഏതാണെന്ന് തിരഞ്ഞെടുക്കാനാവില്ല;നിങ്ങൾ  ആരാണ് ,എന്താണ് എന്നു ബുദ്ധിപരമായി മനസ്സിലാക്കുന്നതു വരെ'.വികാരമാണ് ചലിക്കുന്ന ഊർജമായിട്ടുള്ളത്. നിങ്ങൾ ഊർജത്തെ പ്രവഹിപ്പിക്കുമ്പോൾ ഒരു ഫലമുണ്ടാക്കുന്നു. മതിയായ അളവിൽ ഊർജമുണ്ടെങ്കിൽ അത് ദ്രവ്യമുണ്ടാക്കുന്നു, ആശയങ്ങളുണ്ടാക്കുന്നു. ഊർജത്തെ വരുതിയിലാക്കി ദീർഘകാലം കൈകാര്യം ചെയ്താൽ ആവശ്യമുള്ള ചിന്താവസ്തു, പ്രമേയം, ദ്രവ്യം ലഭിക്കും. ഇത് മഹാഗുരുക്കന്മാരെല്ലാം മനസിലാക്കിയിട്ടുണ്ട്. ഇതാണ്  പ്രപഞ്ചത്തിന്റെ രസവാദവിദ്യ. ഇതാണ് എല്ലാ ജീവിതത്തിന്റെയും രഹസ്യം. ചിന്ത ശുദ്ധമായ ഊർജമാണ്. എല്ലാ ചിന്തകൾക്കും സർഗാത്മകശക്തിയുണ്ട്. നിങ്ങളുടെ ചിന്തയുടെ ശക്തി ക്ഷയിക്കുന്നില്ല. അത് നിങ്ങളെയും കടന്നു പ്രപഞ്ചത്തിലേക്ക് വ്യാപിക്കുന്നു. അത് അനശ്വരമാണ്. ഇതിനോട് പൊരുത്തപ്പെടാത്ത ഊർജമാണ് നിങ്ങൾക്ക് നേരിടാനുള്ളതെങ്കിൽ പ്രമേയത്തെ ഇല്ലാതാക്കും .സമാന ചിന്താഗതിയുള്ളവ ഒരുമിച്ചു വന്നാൽ ഫലം കൂടുതലാണ്.

a

'എന്താണ് ദൈവത്തിന് ഏറ്റവും മികച്ച തായിട്ടുള്ളത് ?ദൈവം പറഞ്ഞു: ' ദൈവത്തിന് ഏറ്റവും പ്രിയങ്കരമായുള്ളത് നിങ്ങൾ നല്ലതെന്ന് കരുതുന്നതിന് നിങ്ങൾക്ക് നല്കുന്നതാണ്. കാരണം, ഞാൻ ഞാനായിരിക്കുന്നത് പ്രകടമാക്കാനാണ് ഇഷ്ടപ്പെടുന്നത്. നിങ്ങളിലൂടെയാണ്  ഞാൻ നിലനിൽക്കുന്നത്'.സ്നേഹമാണ് ദൈവത്തിൻ്റെ പരമമായ അവസ്ഥ. ഭയമാണ് അതിനെതിരായിട്ടുള്ളത്. ആപേക്ഷിക ലോകത്തിൻ്റെ പരിധിയും പരിമിതിയും മനസ്സിലാക്കുന്നതാണ് മഹാഗുരുക്കന്മാരുടെ പ്രത്യേകത. ആപേക്ഷികമായ ലോകം ക്ഷയിക്കുകയാണ് എപ്പോഴും. അത് നിരാകരിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് മഹാഋഷികൾ സ്നേഹത്തെ മാത്രം തിരഞ്ഞെടുക്കുന്നത്. ഓരോ നിമിഷത്തിലും അതല്ലാതെ മറ്റൊന്നും പ്രാമുഖ്യം നേടുന്നില്ല .അവരെ കൊല്ലുമ്പോഴും ആ കൊല ചെയ്യുന്നവരെ സ്നേഹിച്ചത്  അതുകൊണ്ടാണ് .എല്ലായിടത്തും ഈ സന്ദേശം ഉൽഘോഷിക്കപ്പെട്ടു. ഇതാണ് മഹത്തായ സത്യം. കവിതകളിലും കലകളിലും ഇതാണ് നിറയുന്നത്.  സ്നേഹത്തിൻ്റെ തത്ത്വശാസ്ത്രം എവിടെയും കാണാം .എല്ലാ മനുഷ്യാനുഭവങ്ങളുടെയും ഇടനാഴികളിൽ ഈ സത്യത്തിന്റെ പ്രതിധ്വനിയാണുള്ളത് .സ്നേഹമാണ് ഉത്തരം .നിങ്ങൾ അത് ശ്രദ്ധിച്ചിട്ടില്ല.

'എൻ്റെ ആത്മാവിൻ്റെ അംശത്തെ എനിക്ക് അനുഭവിക്കാനാകില്ല, അതിനെ പൂർണ്ണമായി അനുഭവിക്കാതെ'.നിങ്ങൾ എന്റെ ശബ്ദം കേൾക്കുക. നിങ്ങൾ അടുത്ത് കേൾക്കാൻ പോകുന്ന ഗാനം, ലേഖനം, കഥ, അടുത്തൊരു സുഹൃത്തിന്റെ ഭാഷണം, തൊട്ടടുത്തുള്ള നദിയുടെ ശബ്ദം, സമുദ്രത്തിൻ്റെ ശബ്ദം, കാതുകളിൽ വന്ന് മന്ത്രിക്കുന്ന കാറ്റിൻ്റെ ശബ്ദം... ഇതെല്ലാം എന്റെ ഉപകരണങ്ങളാണ്.  ശ്രദ്ധിക്കുകയാണെങ്കിൽ ഞാൻ നിങ്ങളോട് സംസാരിക്കും .എന്നെ ക്ഷണിച്ചാൽ ഞാൻ നിങ്ങളിലേക്ക് വരും'.

സ്വന്തം സത്യങ്ങളെ വഞ്ചിക്കാതിരുന്നാൽ 

ദൈവം ഒരേയൊരു മാർഗത്തിലൂടെ മാത്രമാണ് ഇടപെടുന്നതെന്ന് കരുതുന്നത് അപക്വമാണ്. അത്  നിങ്ങളെ ദൈവത്തിൽ നിന്ന് മറച്ചു പിടിക്കും. ജീവിതകാലമത്രയും അന്വേഷിച്ചാൽ, ഈ രീതിയിൽ ദൈവത്തെ കാണാനൊക്കില്ല. അശുദ്ധിയിലും നിഗൂഢതയിലും  ദൈവത്തെ കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യം എന്താണെന്ന് വ്യക്തമായില്ലെന്നാണ്  അർത്ഥം .

'ദൈവം പറഞ്ഞു: നിങ്ങൾ എന്നെ ഒരാളാക്കാൻ നോക്കുന്നു ,മറ്റൊന്നും ആകാതിരിക്കാൻ. ഉന്നതമായതും പതിതമായതും ഞാനാണ് .ചോദ്യവും ഉത്തരവും ഞാനാണ്. ഇരുട്ടും വെളിച്ചവും ഞാനാണ്. നന്മയും തിന്മയും ഞാനാണ്. ഞാൻ എല്ലാമാണ് .എന്നാൽ എന്നെ നീ ഉയർന്നത് മാത്രമാക്കുന്നു ,താഴ്ന്നതാക്കുന്നില്ല .നല്ലതു മാത്രമാക്കുന്നു ,തിന്മയെ  ഒഴിവാക്കുന്നു. എന്നെ പകൃതി നിഷേധിക്കുന്നതിലൂടെ നീ നിൻ്റെ  ആത്മാവിൻ്റെ പാതിയാണ് ഉപേക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ നിനക്ക് ഒരിക്കലും നീ  യഥാർത്ഥത്തിൽ എന്താണോ  അതാകാൻ സാധിക്കില്ല'.ദൈവം ദുഃഖത്തിലും ചിരിയിലുമുണ്ട്. കയ്‌പിലും മധുരത്തിലുമുണ്ട്. എല്ലാത്തിനും മറ്റൊരു ഉദ്ദേശമുണ്ട്. എല്ലാ പ്രക്രിയകളുടെയും പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ട് .അതുകൊണ്ട് എല്ലാത്തിന്റെയും അടിയിൽ വെറൊരു  സാന്നിധ്യമാണുള്ളത്. ദൈവം ചൂടും തണുപ്പമാണ്. ഇടതും വലതുമാണ്. ബഹുമാനവും ബഹുമാനക്കുറവുമാണ്. ദൈവത്തിനു നന്മയോടോ തിന്മയോടോ  പ്രത്യേക സ്നേഹമില്ല.

സന്തോഷം എന്താണ് ?സന്തോഷം  ഒരു മാനസികാവസ്ഥയാണ്, മറ്റേതൊരു മാനസികാവസ്ഥയും എന്നപോലെ. അത് ഭൗതികരൂപത്തിൽ പ്രത്യുൽപ്പാദിപ്പിക്കപ്പെടുന്നു. ഏതൊരു മാനസികാവസ്ഥയും ഇങ്ങനെ പ്രത്യുൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. നന്മ,തിന്മ എന്നൊക്കെ വിളിക്കുന്നത് നിങ്ങളുടെ ആശയങ്ങൾ മാത്രമാണ്. ആ ചിന്തകളാണ്, നിങ്ങൾ ആരാണെന്നതിനു നിർണയമായിട്ടുള്ളത് .ഇത് മാറ്റാൻ ഒരു കാരണമേയുള്ളൂ: എന്തായിരിക്കുന്നുവോ അതിൽ നിങ്ങൾ സന്തോഷിക്കുന്നില്ലെങ്കിൽ അത് മാറ്റാനുള്ള കാരണമാണ്. നിങ്ങൾ എന്താണോ സൃഷ്ടിക്കുന്നത്, അതിൽ സന്തോഷമുണ്ടെങ്കിൽ അതാണ് നിങ്ങളുടെ ശരി .

'എന്ത്  തിരഞ്ഞെടുക്കുമ്പോഴും അത് മറ്റുള്ളവർക്കും കൊടുക്കുക. സന്തോഷമായിരിക്കുകയാണെങ്കിൽ മറ്റൊരാൾക്കും സന്തോഷമുണ്ടാകട്ടെ.  ജീവിതത്തിൽ കൂടുതൽ സ്നേഹം വേണമെന്ന് ആഗ്രഹിക്കുമ്പോൾ മറ്റൊരാൾക്കും അത് കിട്ടട്ടെ. ഇത് ചെയ്യുന്നത് വ്യക്തിപരമായ നേട്ടത്തിനല്ല; മറ്റൊരാൾക്കും സന്തോഷമുണ്ടാക്കാൻ വേണ്ടിയാണ്. കൊടുക്കുന്നതെല്ലാം നിങ്ങളിലേക്ക് തന്നെ തിരിച്ചുവരും'.മൂല്യങ്ങൾ നമ്മുടെ തന്നെ നിർമ്മിതിയായിരിക്കെ, ആ മൂല്യങ്ങളിൽ തുടരാൻ പറയുന്നതിന്റെ യുക്തി എന്താണ് ?നിങ്ങളുടെ മൂല്യങ്ങൾ തെറ്റാണെന്ന് ദൈവം പറഞ്ഞിട്ടില്ല. അത് ശരിയുമല്ല. അതെല്ലാം വെറും നിർണയങ്ങൾ മാത്രമാണ്. മിക്കപ്പോഴും ആ  നിർണയങ്ങൾ നിങ്ങളെടുത്തതല്ല; മറ്റൊരുടേതോ ആണ് .ചിലപ്പോൾ മാതാപിതാക്കളാകാം; മതങ്ങളാകാം; അധ്യാപകരാകാം; ചരിത്രകാരന്മാരോ , രാഷ്ട്രീയക്കാരോ ആകാം. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ നിർണയങ്ങളാണ് ചിലതെല്ലാം. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നാണ് നിങ്ങൾ നിങ്ങളെത്തന്നെ സൃഷ്ടിച്ചിട്ടുള്ളത്.

നിങ്ങൾ ചെയ്ത പാപം എന്താണ്? മറ്റുള്ളവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അങ്ങനെയാകാൻ തയ്യാറായതാണ്. സ്വന്തം അനുഭവത്തിന് വേണ്ടി കാത്തുനിന്നില്ല .അപ്പുറത്തുള്ളവരുടെ  അനുഭവങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത് .അനുഭവങ്ങൾക്ക്  പാടുപെടുമ്പോൾ മാത്രമാണ് ഇതിനെ മറികടക്കാവുക .

'എന്തെങ്കിലും മറ്റൊരാൾക്ക് കൊടുക്കുമ്പോൾ അത് നിങ്ങൾക്കുള്ളതാണെന്ന നല്ല ബോധം ഉണ്ടാകുന്നു. കൊടുത്തില്ലെങ്കിൽ ആ ബോധമില്ല. ഒരു പുതിയ ചിന്തയാണത്.  നിങ്ങൾക്ക് ഇതുണ്ടായിരിക്കണം; അല്ലെങ്കിൽ കൊടുക്കാനാകില്ല'.പലരും ചിന്തിക്കാൻ പറഞ്ഞ വഴിയിലൂടെ ചിന്തിച്ചതുകൊണ്ടാണ് നിങ്ങളുടെ അനുഭവം നഷ്ടപ്പെട്ടത്. ലൈംഗികതയുടെ കാര്യത്തിൽ ഇത് വ്യക്തമാണ് .ലൈംഗികാനുഭവം ഏറ്റവും അതിശയകരവും ഊർജ്ജദായകവും ഏറ്റവും അടുപ്പമുണ്ടാക്കുന്നതുമാണ്.ഈ സത്യം അറിഞ്ഞശേഷവും നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടേതായി സ്വീകരിക്കുന്നു. നിങ്ങൾ എങ്ങനെ ചിന്തിക്കണമെന്ന കാര്യത്തിൽ ഇക്കൂട്ടർക്കെല്ലാം ന നിക്ഷിപ്ത താല്പര്യങ്ങളുണ്ട്.'ഈ പുതിയ ചിന്ത നിങ്ങളുടെ അനുഭവമാകുകയാണ് .നിങ്ങൾ ഒരു വസ്തുവിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നതോടെ പ്രപഞ്ചത്തിലെ സൃഷ്ടിയുടെ യന്ത്രം പ്രവർത്തിക്കാൻ തുടങ്ങുന്നു. അതാണ് നിങ്ങളുടെ ഡിവൈൻ സെൽഫ് (Divine Self).

Whatever you are being you are creating .പലരുടെ അഭിപ്രായങ്ങളും നിർണയങ്ങളും ഈ അനുഭവങ്ങൾക്കെതിരാണ് .സ്വന്തം സത്യങ്ങളെ വഞ്ചിക്കാതിരുന്നാൽ ഭയം ഉണ്ടാവുകയില്ല. ദൈവത്തെക്കുറിച്ച്  അധ്യാപകർ പറഞ്ഞതന്ന പാഠങ്ങൾ ദൈവം ചീത്തയാണെന്നും  പ്രതികാരദാഹമുള്ള വ്യക്തിയാണെന്നും സൂചിപ്പിക്കുന്നുണ്ട് .അതുകൊണ്ട് ദൈവത്തെ ഭയന്നു കഴിയേണ്ടി വരുന്നു.ദൈവം ക്ഷമയും ദയയുമാണെന്ന് അറിയണമെങ്കിൽ അതിനനുസരിച്ച് ഇന്ദ്രിയങ്ങൾ സജ്ജമാക്കണം.ആന്തരികമായ ആഗ്രഹങ്ങളെ ദൈവം ശരിവയ്ക്കുകയാണ് ചെയ്യുന്നത്.

'മരണപ്പെടാവുന്ന കാര്യമാണ് ചെയ്യുന്നതെങ്കിൽ പോലും അത് അഗാധമായ ആഗ്രഹമാണെങ്കിൽ ,അതായിരിക്കും നിങ്ങൾക്ക് കിട്ടുക; മരണത്തിന്റെ ആനന്ദം'.ചെറുപ്പകാലം മുഴുവൻ ദൈവത്തിൻ്റെ  പ്രീതിക്കുവേണ്ടി ആരാധനയും അനുസരണയും പാലിക്കുന്നു. ഇതിന്റെ വൈരുദ്ധ്യമെന്താണ് ?ദൈവത്തിന് നിങ്ങളുടെ ആരാധന ആവശ്യമില്ല. ഈ പെരുമാറ്റം ചരിത്രത്തിലെ രാജാക്കന്മാർ സൃഷ്ടിച്ചതാണ്. അവരുടെ നിലനിൽപ്പിന് ഇതാവശ്യമായിരുന്നു .ഇതൊന്നും ദൈവികതയുമായി ബന്ധമുള്ള  കാര്യമല്ല .

'നിങ്ങൾ സ്വയം മുറിവേൽപ്പിച്ചെങ്കിൽ, അത് നിങ്ങളുടെ ആഗ്രഹമായിരുന്നു'.ദൈവത്തിൻ്റെ ആഗ്രഹം എന്ന് പറയുന്നത് സൃഷ്ടിയാണ് .സ്വയം അറിയാനാണ് ആ ആഗ്രഹം .ഞാൻ നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പ് അതുപോലൊന്ന് ഞാൻ ആലോചിച്ചിരുന്നില്ല .ഓരോ വ്യക്തിക്കും താനാരാണെന്ന് അറിയാനുള്ള ആഗ്രഹമുണ്ട്. അതിനുള്ള ശക്തി വ്യക്തിയിലുണ്ട്. അത് സ്വയം അറിയേണ്ടതാണ്. സ്വയം തിരഞ്ഞെടുക്കുന്ന മാർഗത്തിൽ. ജീവിതം സന്തോഷത്തിലായിരിക്കുന്നതാണ് ദൈവത്തിന്റെ നിലയിനമായ പദ്ധതി. അത് ഓരോ വ്യക്തിയിലുമുണ്ട്; ആരായപ്പെടുന്നില്ലെന്നു മാത്രം .ഓരോ  നിമിഷത്തിലും നിറവാണ് പ്രതീക്ഷിക്കപ്പെടുന്നത്‌ .

ജീവിതത്തിൻ്റെ മൂന്നു തലങ്ങൾ 

'ദൈവം:എല്ലാ സംഭവങ്ങളും നിങ്ങൾ അബോധത്തിലൂടെ  സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന ഓരോ വ്യക്തിയും സ്ഥലവും സംഭവവും നിങ്ങൾ സൃഷ്ടിക്കുന്നതാണ്'.ദൈവത്തിൻ്റെ സമ്പൂർണമായ വ്യവസ്ഥയുടെ അദൃശ്യവലയ്ക്കുള്ളിലാണ് നമ്മൾ .ജീവിതത്തിന് മൂന്നു തലങ്ങളുണ്ട്. ശരീരം ,മനസ് ,ആത്മാവ് .അല്ലെങ്കിൽ ഭൗതികം, ഭൗതികേതരം അതിഭൗതികം .ഇതാണ് പരമമായ ത്രിത്വം (Holy Trinity).മനശാസ്ത്രത്തിൽ ബോധം ,ഉപബോധം ,അതീതബോധം എന്നു പറയുന്നതും ഇതുതന്നെ. ചിന്തയും വാക്കും പ്രവൃത്തിയും ഇതുപോലെ തന്നെ .ഇതിൽ നിന്നാണ് അനുഭവം ഉണ്ടാകുന്നത്. നിങ്ങളുടെ ആത്മാവ് ഉപബോധമനസ്സാണ്, ഭൂതകാലമാണ് .അതിലാണ് വികാരങ്ങളെല്ലാം .ഇതിനെക്കുറിച്ചുള്ള അറിവാണ് ഓർമ്മ .ഓർക്കുമ്പോൾ മനസ് വികസിക്കുകയാണ് .വിട്ടുപോയ ഭാഗങ്ങളെല്ലാം കൂട്ടി യോജിപ്പിക്കുമ്പോൾ നിങ്ങൾക്ക് ജ്ഞാനമുണ്ടാകും.സർഗപ്രക്രിയ  ആരംഭിക്കുന്നത് ചിന്ത, ആശയം, കൽപ്പന, ദൃശ്യാനുഭവം എന്നിവ ഏകോപിപ്പിക്കുമ്പോഴാണ്.

'എന്തെങ്കിലും സാന്ത്വനം പകരാനോ, സൃഷ്ടിക്കാനോ ,അനുഭവിക്കാനോ അല്ലാതെ യാതൊന്നും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.നിങ്ങൾ അതിനെല്ലാം ആഗ്രഹിച്ചിരുന്നു'.നാം കണ്ടെത്തുന്നതെല്ലാം ഒരിക്കൽ മറ്റൊരാളുടേതായിരുന്നു. നിങ്ങളുടെ ലോകത്തിൽ ശുദ്ധമായ ചിന്ത എന്ന നിലയിൽ നിലനിന്നിട്ടില്ലാത്ത വിധത്തിൽ ഒന്നുമില്ല .ചിന്തയാണ് സൃഷ്ടിയുടെ ആദ്യപടി .പിന്നീട് വരുന്നതാണ് വാക്ക്. നിങ്ങൾ പറയുന്നതെന്തും ഒരു ചിന്തയുടെ പ്രകടനമാണ്. അത് സർഗാത്മകമാകയാൽ പ്രപഞ്ചത്തിലേക്ക് പ്രവഹിപ്പിക്കുന്നത്  ഊർജമാണ്. വാക്കുകൾക്ക് ശക്തി കൂടുതലാണ് .വാക്കുകൾ ചിന്തയിൽ നിന്നുള്ള വേറൊരു ചലനമാണ്. അത് പ്രപഞ്ചത്തിൽ മാറ്റമുണ്ടാക്കുന്നു. പിന്നീട് വരുന്നതാണ് പ്രവൃത്തി.

'നിങ്ങൾ ആഗ്രഹിക്കുന്ന ദൈവികതയി ലാണ് നിങ്ങൾ എത്തിച്ചേരുക ''Whatever aspect of Divinity you wish to be -that's who you are, that can change at any given point '.തുടക്കം ദൈവമാണ് ;അവസാനം പ്രവൃത്തിയാണ്. ദൈവത്തെ അനുഭവിക്കലാണ് പ്രവൃത്തിയിലുള്ളത്. സ്വയം തോന്നുന്ന അപകർഷതകൾക്ക്  കാരണം ,നമ്മൾ ആരാണെന്ന് അറിയാത്തതുകൊണ്ടാണ് .നിങ്ങൾ  ഒന്നുംകൊണ്ട് തൃപ്തി നേടുന്നില്ലെങ്കിൽ ഇരുട്ടാണ് നിറയുക . നിങ്ങളിലുള്ള കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് തന്നെ അറിയില്ല. മറ്റുള്ളവർക്ക് കിട്ടിയ സിദ്ധികളിലും നിങ്ങൾക്ക് സന്തോഷമില്ല .നിങ്ങൾ എല്ലാത്തിന്റെയും ഒടുവിൽ വേദനയാണ് ആഗ്രഹിക്കുന്നത് ;യാതനയാണ് പ്രതീക്ഷിക്കുന്നത്. ജീവിതത്തിലെ വ്യക്തികൾ ,സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം പൂർണ്ണതയോടെ സൃഷ്ടിച്ചത് പൂർണ്ണനായ ഒരു സ്രഷ്ടാവാണ് - നിങ്ങൾ. 'ഞാൻ' നിന്നിലൂടെ പ്രവർത്തിക്കുന്നതാണ് ഇവിടെ കാണുന്നത്. ഒരാൾ അയാൾക്ക് സാധ്യമായ ഉന്നതമായ ചിന്തയുമായിണോ ജീവിക്കുന്നത്? എങ്കിൽ ജീവിക്കണം. അങ്ങനെ ചിന്തിച്ചുകൊണ്ട് എല്ലാ ദിവസവും ജീവിച്ചിരുന്നെങ്കിൽ എന്ന് ഭാവനചെയ്തു നോക്കണം. നിങ്ങൾ ഇപ്പോൾ എവിടെയാണ് ,നിങ്ങൾ ആഗ്രഹിച്ചത് എന്താണ് എന്നിവ തമ്മിലുള്ള വ്യത്യാസം നോക്കൂ. തീർച്ചയായും മാറ്റം അനിവാര്യമാണ്.  ബോധപൂർവ്വം മാറണം. നിങ്ങളുടെ മഹനീയ വീക്ഷണത്തിനു ഇണങ്ങുന്ന വിധം ചിന്തയും വാക്കും പ്രവൃത്തിയും മാറണം.

'നിങ്ങളുടെ ഉള്ളിലെ ആത്മാവ് നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്. ഇതാണ് ജീവിതവും തേടുന്നത്'.ഇതറിയാൻ വലിയ അധ്വാനം വേണം . സ്വയം നിരീക്ഷിക്കണം ,ഓരോ നിമിഷവും. സ്വന്തം അന്തരംഗപ്രക്രിയകളിലേക്കുള്ള ഒരു ചുഴിഞ്ഞുനോട്ടമാണാവശ്യം .ഓരോ വാക്കും ചിന്തയും പ്രവൃത്തിയും എങ്ങനെ സംഭവിക്കുന്നുവെന്ന് പരിശോധിക്കണം .ഇതാണ് ആത്മീയത. ഇത് ബോധമനസ്സിലേക്കുള്ള വലിയ കുതിച്ചുചാട്ടമാണ്. ഈ പ്രവൃത്തിയിൽ വിജയിക്കുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും, ജീവിതത്തിന്റെ പകുതി നിങ്ങൾ അബോധത്തിലാണ് കഴിഞ്ഞതെന്ന് .ബോധത്തിലൂടെ കലഹിച്ചും ചലിച്ചും ഓടിയും കഴിഞ്ഞെങ്കിലും സ്വന്തം പ്രവർത്തനങ്ങളെക്കുറിച്ച് യാതൊന്നും  അറിയില്ലായിരുന്നു .പല കാര്യങ്ങളും ചെയ്തുവെങ്കിലും അതൊന്നും സ്വയം നിരീക്ഷിച്ചതിന്റെ ഫലമായി ഉണ്ടായതല്ല. പല പ്രവൃത്തികൾക്കും അതിൻ്റെ ചുമതല നിറവേറ്റാനുണ്ടായിരുന്നില്ലെന്ന് പിന്നീട് മനസ്സിലാക്കാൻ ഇതുപകരിക്കും.

'ചരിത്രങ്ങളിലെ ദൈവം എന്തായാലും യഥാർത്ഥ ദൈവമല്ല. ആത്മാവ് ഒരപകരണമാണ് .അതിലും ഞാൻ എന്നെ അനുഭവിക്കുന്നു , ആവിഷ്ക്കരിക്കുന്നു'. അബോധ ജീവിതമാണ് നമ്മുടേതെങ്കിൽ, അതിന് സത്യവുമായി എന്ത് ബന്ധമാണുള്ളത്? ഏതു ചിന്തയുമായാണോ നാം ജീവിക്കുന്നത് ,അത് അതിൻ്റെ തന്നെ രമ്യതയിലാണോ എന്ന് നോക്കുക. പ്രവൃത്തികൾ നമ്മുടെ ബോധമനസ്സിൽ നിന്ന് വരുന്നതാണോ എന്ന് ചിന്തിക്കുക .നിങ്ങളുടെ ഉന്നത വീക്ഷണവുമായി ഒത്തുപോകാത്ത ചിന്തയെ പുറന്തള്ളുകയാണ് വേണ്ടത്. ഉദാത്തമായ സങ്കല്പങ്ങളുമായി ഇണങ്ങാത്ത വസ്തുക്കളെ മനസ്സിലേക്ക് വരാതെ വിലക്കേണ്ടതാണ് .

a

ഒന്നിനെയും പരിത്യജിക്കാനാവില്ല 

'ഏതൊരു മനുഷ്യനെയും ഞാൻ സൃഷ്ടിച്ചതാണ്. നിങ്ങളെ മാത്രമല്ല  ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്'. പ്രപഞ്ചത്തെ അറിയാൻ ആദ്യമേ പഠിക്കേണ്ട പാഠം ഇതാണ്: ഒരവസ്ഥയും നല്ലതോ ചീത്തയോ അല്ല .അത് ഒരവസ്ഥ മാത്രമാണ്. അതുകൊണ്ട് മൂല്യവിചാരണ ആവശ്യമില്ല .രണ്ടാമത്തെ പ്രധാന കാര്യം ഏതൊരു അവസ്ഥയും താൽക്കാലികമാണെന്നതാണ് .ഒന്നും  സ്ഥിരമായിരിക്കുന്നില്ല. ഒന്നും  നിശ്ചലമല്ല; ഏത് രീതിയിലാണ് ഒരു കാര്യം മാറുന്നതെന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ത്യാഗത്തെക്കുറിച്ച് ഇതാണ് പറയുന്നത് :ത്യാഗത്തിൽ  തെറ്റായ ഒരർത്ഥമുണ്ട്. നിങ്ങൾക്ക് ഒന്നിനെയും പരിത്യജിക്കാൻ കഴിയില്ല;വേറൊരു തിരഞ്ഞെടുപ്പാണ് ആവശ്യം .കാരണം, പരിത്യജിക്കുന്നത് മനസിൽ നിന്ന് മായണമെന്നില്ല. ഒരു വസ്തുവിനെ മുന്നോട്ട് നീക്കുകയാണ്, ഒഴിഞ്ഞുമാറുകയാണ് വേണ്ടത് .

'ദൈവം പറഞ്ഞു: ഞാൻ ഏതൊരു പൂവിലുമുണ്ട്. ഞാൻ എല്ലാ മഴവില്ലിലുമുണ്ട്. ആകാശത്തിലെ എല്ലാ നക്ഷത്രങ്ങളിലുമുണ്ട് .ഓരോ നക്ഷത്രത്തെയും ചുറ്റുന്ന ഏതൊരു ഗ്രഹത്തിലും ഞാനുണ്ട് .ഞാൻ കാറ്റിൻ്റെ പിറുപിറുക്കലാണ്. സൂര്യൻ്റെ  ചൂടാണ്. ഓരോ മഞ്ഞുകട്ടയുടെയും അവിശ്വസനീയമായ തനിമയും പൂർണതയും ഞാനാണ്'.എന്തിൽ നിന്നെങ്കിലും ഒഴിഞ്ഞുമാറാൻ ശ്രമിച്ചാൽ അത് പിന്നാലെ വന്നു മഥിക്കും. നിങ്ങൾ ഓരോ നിമിഷത്തിലും യാഥാർത്ഥ്യത്തെ നിരസിക്കുകയാണ്, അറിഞ്ഞുകൊണ്ടല്ലെന്ന് മാത്രം.

'എൻ്റെ ഉൺമ എല്ലാറ്റിലുമാണുള്ളത്. എല്ലാമാണത്. സകല്യതയാണ് എൻ്റെ  ആവിഷ്കാരം. സമ്പൂർണ്ണതയിലാണ്  എൻ്റെ പ്രകൃതി .ഞാനല്ലാത്തതായി യാതൊന്നുമില്ല'. സ്വർഗ്ഗം എന്ന ഒരിടമില്ല. നിങ്ങൾക്ക് അതിനെക്കുറിച്ച് ഒരു ധാരണ മാത്രമേയുള്ളൂ. സ്വർഗ്ഗത്തിനു വേണ്ടി അധ്വാനിക്കേണ്ടതില്ല .നേരത്തെ തന്നെ എത്തിച്ചേർന്ന സ്ഥലത്തേക്ക് പിന്നീട് യാത്ര വേണ്ടല്ലോ .സ്വർഗം തേടാൻ പോയാൽ ഇപ്പോൾ നിങ്ങൾ എവിടെയാണോ അത് വേണ്ടെന്ന് വെക്കേണ്ടി വരും. അത് യാത്രയുടെ എല്ലാ ലക്ഷ്യവും നശിപ്പിക്കും. പലരും ചിന്തിക്കുന്നത്, ആഗ്രഹിക്കുന്ന ഇടത്ത് എത്തണമെങ്കിൽ ഇപ്പോൾ ഇരിക്കുന്ന സ്ഥലം ഉപേക്ഷിക്കണമെന്നാണ്. എന്നാൽ പരമമായ ജ്ഞാനമെന്നു പറയുന്നത് ഒരു ധാരണയാണ് .ഒരിടത്തേക്കും പോകാനില്ല. ഒന്നും ചെയ്യാനില്ല. ഇപ്പോൾ നിങ്ങൾ ആരാണോ ആ നിലയിൽ തുടർന്നാൽ മതി; മറ്റൊന്നുമാകണ്ട .നിങ്ങൾ ഒരിടത്തേക്കുമുള്ള യാത്രയിലല്ല .

'നമ്മൾ ആരാണ്, അതാണ് ജീവിതം ആവിഷ്കരിക്കുന്നത്. ഇതൊരു കളിയാണ്. അത് അവസാനിക്കുകയില്ല '.ദൈവം നമ്മളിലൂടെ ദൈവത്തെയാണ് അനുഭവിപ്പിക്കുന്നത്. ഞാനാരാണെന്ന് അറിയാനാണ് നിന്നെ സൃഷ്ടിച്ചത്. പരമജ്ഞാനം (Enlightenment) നിങ്ങളോട് പറയുന്നു, ഇതുവരെ അനുഭവിക്കാത്തത് അറിയാൻ ശ്രമിക്കുക. ദൈവമുണ്ടെന്ന് നിങ്ങൾക്കറിയാം. എവിടെയാണെന്ന് അറിയില്ല. അതുകൊണ്ട് ആ മനോഹരമായ അനുഭവത്തിനു തയ്യാറാകുക .എന്നാൽ ആ അനുഭവം നിങ്ങളിൽ നിക്ഷിപ്തമാണ്. അതിനെക്കുറിച്ച് അറിയില്ലെന്നേയുള്ളു. 

'രണ്ടു മഞ്ഞുകട്ടകൾക്ക്  ഒരുപോലെയാകാം .എന്നാൽ സൃഷ്ടികൾക്ക് അത് സാധ്യമല്ല. നിങ്ങൾക്ക് രണ്ടു പേരോട് ഒരുപോലെ സ്നേഹം കാണിക്കാനാവില്ല. കാരണം, നിങ്ങൾ ഒരു സൃഷ്ടിയാണ്. മൗലികതയുടെ സ്രഷ്ടാവുമാണ്'.ആഗ്രഹങ്ങളെ മറികടക്കണമെന്നല്ല  പറയേണ്ടത്; ആഗ്രഹങ്ങളെ മാറ്റിയാൽ മതി.ആദ്യത്തേത് കഠിനമായ ഒരു പ്രവൃത്തിയാണ് .ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ തന്നെയാണ്. മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത് പരിശോധിച്ചാൽ  ആഗ്രഹങ്ങളിൽ നിന്നു രക്ഷപ്പെടുക ലളിതമല്ല. അതുകൊണ്ട് ആഗ്രഹങ്ങളെ പറിച്ചുമാറ്റുമ്പോൾ നമുക്ക് തീവ്രമായ പ്രയാസങ്ങൾ ഉണ്ടാകും .എന്നാൽ രണ്ടാമത്തെ മാർഗ്ഗത്തിൽ മനസ്സിന് സ്വസ്ഥതയും സമാധാനവുമാണുണ്ടാവുക.

മനസ്സിനെ മറ്റൊന്നിലേക്ക് നയിക്കുക, മനസ്സ് പോലും അറിയാതെ .

'നിങ്ങൾ സൃഷ്ടിക്കുന്നതെല്ലാം മൗലികമായി തീരും. ഒരു വാക്കിനോ  പ്രവൃത്തിക്കോ ചിന്തയ്ക്കോ വ്യാജമാ കാൻ കഴിയില്ല .അത് ഒറിജിനലാണ്'.ദൈവത്തെ അറിയാൻ എല്ലാ ആഗ്രഹങ്ങളും വികാരങ്ങളും മാറ്റിവയ്ക്കാൻ ആഗ്രഹിച്ചാൽ, അങ്ങനെയൊരാഗ്രഹം മാത്രമാകും. അവരുടെ കർമ്മങ്ങളിൽ ലക്ഷ്യം നഷ്ടപ്പെട്ടിരിക്കും. വെറുതെ എന്തെങ്കിലും ത്യജിച്ചാൽ ദൈവത്തെ കിട്ടില്ല. ജീവിതത്തിലെ ഓരോ നിമിഷവും സ്നേഹത്തിനും അവകാശപ്പെട്ടതാണ് .ഏറ്റവും മഹത്തായ ഒരു ചിന്തയിലൂടെ ഓരോ നിമിഷവും കടന്നു പോയിരുന്നെങ്കിൽ! .എങ്കിൽ നമുക്ക് ഇങ്ങനെ കെട്ടിക്കിടക്കേണ്ടിവരില്ലായിരുന്നു. ഭൂമിക്ക് സമാധാനം കൊടുക്കാൻ നമുക്ക് കഴിയുമോ? നമ്മളിലൂടെ കടന്നു പോകുന്നവർക്കെല്ലാം സമാധാനം കൊടുക്കാൻ? 

'രണ്ടാളുകൾ ഒരുപോലെയല്ല; രണ്ട് ചിന്തകൾ ഒരുപോലെയല്ല; രണ്ട് ബന്ധങ്ങൾ ഒരുപോലെയല്ല'.ഓരോന്നിനോടുള്ള ദിവ്യമായ ബന്ധത്തെ അറിയുക,അനുഭവിക്കുക. അതാണ് വലിയ ജ്ഞാനം . പലപ്പോഴും നമ്മൾ അത് നഷ്ടപ്പെടുത്തുകയാണ് .വിപരീത ചിന്തകളിലേക്ക് ആകർഷിക്കപ്പെടുന്ന നാം അതിൻ്റെ ഫലമായി അകലാനും വെറുക്കാനും പരിശീലിക്കുന്നു .നാം എന്തായിത്തീരാൻ ഉള്ളിൽ ആഗ്രഹിക്കുന്നുവോ അതിനു നേരെ വിപരീതമായ ആഗ്രഹമുള്ളവരായി മാറുന്നു. എല്ലാ സാഹചര്യളെയും അശ്ലേഷിക്കുക, ദൈവത്തിൻ്റെ  വാക്കുകളാണിത്. എല്ലാ തെറ്റുകളും ഏറ്റെടുക്കുക.(Own every fault) എല്ലാ സന്തോഷവും പങ്കുവെക്കുക .എല്ലാ ദുരൂഹതകളെക്കുറിച്ചും ചിന്തിക്കുക. എല്ലാവരോടൊപ്പം നടക്കുക. എല്ലാ അക്രമങ്ങളോടും ക്ഷമിക്കുക. എല്ലാ ഹൃദയങ്ങളുടെയും മുറിവുണക്കുക. എല്ലാ വ്യക്തികളുടെയും സത്യത്തെ ആദരിക്കുക. എല്ലാ മനുഷ്യരുടെയും ദൈവത്തെ വാഴ്ത്തുക. എല്ലാവരുടെയും അവകാശങ്ങളെ സംരക്ഷിക്കുക .എല്ലാവരുടെയും അന്തസ്സിനെ സംരക്ഷിക്കുക. 

ദൈവികമായ ദ്വന്ദം

'പ്രപഞ്ചത്തിലെ ഓരോ വസ്തുവും തനതുരൂപത്തിലാണ് നിൽക്കുന്നത്. അതുപോലെ വേറൊന്നിനെ കാണാൻ കഴിയില്ല'.നിങ്ങളിൽ ഒരു സത്യം ജീവിക്കുന്നുണ്ട്. അതിൻ്റെ ശബ്ദം ശ്രവിക്കുക. അതിൻ്റെയർത്ഥം ഇങ്ങനെ വ്യാഖ്യാനിക്കാം:പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുക -ചില പ്രത്യേക ലക്ഷ്യങ്ങൾക്കു മാത്രമായി ജീവിക്കാതിരിക്കുക. അതാണ് സ്വാതന്ത്ര്യം. അതുതന്നെയാണ് ദൈവികത .

'ഇതാണ് ദൈവികമായ ദ്വന്ദം (Divine dichotomy).എല്ലാം അതാതിൻ്റെ  നിലയിൽ അതുല്യമാണ് .അതേസമയം എല്ലാം ഒന്നാണ്'.ഓരോന്നും അതിൻ്റെ രൂപത്തിൽ വേറിട്ടതായി കാണപ്പെടുന്നു. ഒരു നക്ഷത്രം പോലെ വേറൊന്നില്ല. ഒരാളുടെ മുഖം പോലെ വേറൊന്നില്ല. ഒരാളുടെ മനസ്സ് പോലെ മറ്റൊരാളുടെ മനസ്സില്ല. ഒരാൾ എഴുതുന്നപോലെ വേറൊരാൾക്ക് എഴുതാനാവില്ല. ഓരോ ചിത്രവും വിഭിന്നമാണ് .ഒരാൾ എഴുതുന്നത് പോലും ഓരോ സമയത്തും ഭിന്നമാണ് .എല്ലാം എപ്പോഴും വെവ്വേറെയാണ്.  ഓരോ ദിനവും അതുല്യമാണ് .ഭൂതകാലത്തിലെ ഒരു ദിവസം മറ്റേത് ദിവസത്തേതു പോലെ ആയിരുന്നില്ല .ഓരോ ദിവസത്തിനും പ്രത്യേക തിരക്കഥയും ദൃശ്യസംവിധാനവും സംഗീതവും വർണ്ണവും സന്നിവേശവും പെരുമാറ്റവുമുണ്ട് .എന്നാൽ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നുതന്നെയാണ്. മനുഷ്യശരീരത്തിൽ രക്തമല്ലാതെ വേറൊന്നും ഓടുന്നില്ല. ജീവിതത്തിൻ്റെ സ്വാഭാവികതയും സ്വയം സമ്പൂർണ്ണതയും മറ്റെവിടെയുമില്ല. ഒരാളിൽ തന്നെ സ്വയം സമ്പൂർണ്ണതയുണ്ട് .

'നിങ്ങളുടെ കൈയിലെ ഓരോ വിരലും വ്യത്യസ്തമാണ്. ഓരോ കൈയിലാണ് അതുള്ളത്. നിങ്ങളുടെ വീട്ടിലെ വായു എല്ലായിടത്തുമുള്ളതു തന്നെയാണ്. എന്നാൽ ഓരോ മുറിയിലെയും വായു  ഒരുപോലെയല്ല '.എന്നാൽ ഏതെങ്കിലും ഒരു കാര്യത്തിൽ ഒന്നിനും മാറ്റമില്ലാതെ തുടരുകയാണെന്ന് കരുതുകയാണെങ്കിൽ ജീവിതത്തെ നാം അറിയുന്നില്ല എന്നാണർത്ഥം. നേരത്തെ എഴുതപ്പെട്ട ഒരു തിരക്കഥയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ റിഹേഴ്സൽ വേണമെന്നത് മോഹം മാത്രമാണ്. ജീവിതം ഒരു ഉറപ്പും ആർക്കും കൊടുക്കുന്നില്ല .കാരണം, അത് അവ്യക്തതയിലാണ് വിഹരിക്കുന്നത്.

'നിങ്ങൾ ഒരാളെ സ്നേഹിക്കുമ്പോൾ അതുപോലെയാകില്ല .മറ്റൊരാളോടുള്ള  സ്നേഹം .ചിന്തകൾ ,വാക്കുകൾ, പ്രവൃത്തികൾ ,പ്രതികരണങ്ങൾ വ്യാജമാകുന്നില്ല'.നമ്മളെല്ലാം ഒന്നുതന്നെയാണ് .പക്ഷേ, നമുക്ക് ഒരു ചുമതലയുണ്ട് .നമ്മൾ ജീവിക്കുകയാണ്. ശരീരത്തിൽ നമ്മൾ ജീവിക്കുന്നു, ബോധമനസുമായി. ആകെ സങ്കീർണമായ അനുഭവശ്രംഖലകളിൽ പകുതിയും വ്യക്തമല്ല. അവ്യക്തതകൾ വന്നു പൊതിയുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ സ്വയം അറിയണമെന്നാണ് പ്രബുദ്ധമതം . ഒരു മാറ്റത്തിനായി അലയണം. ഇപ്പോഴത്തെ ജീവിതം തെറ്റായതുകൊണ്ടല്ല; എന്തുകൊണ്ടെന്നാൽ നിങ്ങൾ ആരാണെന്നതിനു കൃത്യമായ ഒരു വസ്തുത കണ്ടെത്താൻ അതിനാവുന്നില്ല.

There is only reason to anything ;as a statement to the universe of who you are .

Monday, November 13, 2023

അവ്യയാനന്ദ സ്വാമിയുടെ ഓർമ്മകൾ : ആശ്രമജീവിതത്തിൽ നിന്നു ബാല്യത്തിലേക്ക് /എം.കെ.ഹരികുമാർ






'ശിവഗിരിയുടെ താഴ്വരയിൽ'(1993) എന്ന കൃതിയിലൂടെയാണ് അവ്യയാനന്ദ സ്വാമി സാഹിത്യരംഗത്തേക്ക് കടന്നു വരുന്നത്. ഭാഷയോടും ദർശനത്തോടും എന്നും പ്രത്യേകമായ ഒരു താത്പര്യം സ്വാമിക്കുണ്ടായിരുന്നു .സാഹിത്യത്തോടും എഴുത്തുകാരോടും ബന്ധം പുലർത്തുന്നതിൽ ശിവഗിരി സന്യാസിമാരിൽ പ്രഥമസ്ഥാനം അവ്യയാനന്ദ സ്വാമിക്കാണ്. അദ്ദേഹം ആനുകാലികങ്ങളും പത്രങ്ങളും വായിക്കുകയും സമകാലിക സംഭവങ്ങളെപ്പറ്റി വിമർശനാത്മകമായി പ്രതികരിക്കുകയും ചെയ്യാറുണ്ട്. ആത്മീയചിന്തകളിൽ നിന്നു സാഹിത്യകൃതികളിലെ  വൈകാരികലോകത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ സ്വാമിക്ക് പ്രയാസമില്ല. അദ്ദേഹത്തിൻ്റെ ചിന്താരീതിയാണത്.  അദ്ദേഹം സന്യാസിയുടെ വിഷയങ്ങളെ സൗന്ദര്യാത്മകമായി നവീകരിക്കാൻ എപ്പോഴും ശ്രമിക്കുന്നു. പുതിയ അറിവുകൾ നേടുന്നു.

ആത്മീയത ,ധ്യാനം ,പ്രാർത്ഥന ,തപസ്സ് തുടങ്ങിയ വിഷയങ്ങളെ സമീപിക്കുമ്പോൾ അതിൽ സൗന്ദര്യബോധം ഉണ്ടാകുന്നത് പുതിയൊരു മാനം നൽകും .സ്വാമി അതിനാണ് ശ്രമിക്കുന്നത്. എന്റെ 'ശ്രീനാരായണായ' എന്ന നോവൽ പുറത്തുവന്നപ്പോൾ സ്വാമി ദിവസവും അതിരാവിലെ ഓരോ ഭാഗം വായിച്ച ശേഷം എന്നെ വിളിക്കുമായിരുന്നു. വായിച്ചതിന്റെ അനുഭവം വിവരിക്കാനായിരുന്നു വിളിച്ചിരുന്നത്.  വായിച്ചഭാഗങ്ങളിൽ ആകർഷകമായി തോന്നുന്നത് അടിവരയിട്ട് പോകുന്നതാണ് സ്വാമിയുടെ രീതി. വായന തീർന്നപ്പോൾ സ്വാമി എന്നോട് പറഞ്ഞത് ,അടിവരിയിടാത്തതായി ഒരു വാചകം പോലുമില്ല എന്നാണ്!. ഇതെന്നെ പ്രചോദിപ്പിച്ചു .നിത്യവും ഗുരുവിനെക്കുറിച്ചും ഗുരുകൃതികളെക്കുറിച്ചും ചിന്തിച്ചും മനനം ചെയ്തും ജീവിക്കുന്ന ഒരു സന്യാസി ,ലൗകികജീവിയായ എൻ്റെ നോവലിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു. 'ശ്രീനാരായണായ' ശ്രീനാരായണഗുരുവിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി എഴുതിയ റിയലിസ്റ്റിക് നോവലല്ല ;അത് നവസാഹിത്യത്തിൻ്റെ  ആവിഷ്കാരസ്വാതന്ത്ര്യത്തിലും സൗന്ദര്യാത്മകമായ സ്വതന്ത്ര സഞ്ചാരത്തിലും അധിഷ്ഠിതമാണ്. ഒരു പുതിയ ഗുരു അനുഭവമാണ് അത് ആരായുന്നത്. ഗുരുകൃതികളുടെ വിവരണമോ ഗുരുചരിതത്തിലെ സന്ദർഭങ്ങളോ അതേപടി ആ  നോവലിലില്ല. അത് ഗുരുവിൻ്റെ  ആത്മീയലോകത്തേക്ക് ഒരു കലാകാരൻ നിസ്വനായി, അതേസമയം സ്വതന്ത്രനായി ധ്യാനാത്മകമായ ഭാഷയോടെ പ്രവേശിച്ചതിന്റെ ഫലമാണ്.സർഗാത്മകമായ ഒരു മാറിനടപ്പായിരുന്നു അത്. അവ്യയാനന്ദ സ്വാമി അത് ഉൾക്കൊള്ളുകയും അതിനെ പ്രശംസിക്കുകയും ചെയ്തത് ഓർക്കുകയാണ്. 

അവ്യയാനന്ദ സ്വാമി



അവ്യയാനന്ദ സ്വാമി എഴുതിയ 'എൻ്റെ ബാല്യം'(2016)എന്ന കൃതിയെപ്പറ്റി എഴുതണമെന്ന് നേരത്തെ തന്നെ വിചാരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഒത്തുവന്നത്. ഒരു വിഷയത്തെക്കുറിച്ച് എഴുതാൻ ഒരു സമയമുണ്ട് എന്ന കാര്യം തള്ളിക്കളയാനാവില്ല. നമ്മൾ വിചാരിച്ചാൽ പോലും അത് സംഭവിക്കണമെന്നില്ല .എന്നാൽ കാലം അതാവശ്യപ്പെടുന്നു, ചിലപ്പോൾ .ഒരു ഘട്ടത്തിൽ നമ്മെക്കൊണ്ട് എഴുതിക്കുന്നു. 'ശ്രീനാരായണായ' അങ്ങനെയുണ്ടായ നോവലാണ്. അതിനു ഒരു അനിവാര്യസമയമേയുള്ളൂ. അതുപോലെയാണ് 'എൻ്റെ ബാല്യം' എന്ന കൃതിയെക്കുറിച്ചുള്ള ഈ കുറിപ്പും. ഭൗതികജീവിതത്തിന്റെ പ്രലോഭനങ്ങളെല്ലാം ഉപേക്ഷിച്ചു ഗുരുവിന്റെ ഏകലോകദർശനത്തിലും  ഏകാത്മകതയിലും സാർവദേശീയമായ സർവമതസാരം എന്ന മതത്തിലും ആകൃഷ്ടനായി ജീവിക്കുന്ന സ്വാമി ബാല്യത്തെക്കുറിച്ച് എന്തുകൊണ്ട് ഇങ്ങനെയൊരു പുസ്തകമെഴുതി?.
ഒരു സന്യാസിയായിട്ടും അദ്ദേഹത്തെ ബാല്യകാലജീവിതത്തിന്റെ ഓർമ്മകൾ സ്വാധീനിക്കുന്നത് എന്തുകൊണ്ടാണ്?. അദ്ദേഹം ബാല്യത്തെ പൂർണമായി ജീവിച്ചുതീർക്കാത്തതാണോ കാരണം?. അല്ലെങ്കിൽ ബാല്യം എന്ന കാലത്തെ അതിജീവിച്ചതിന്റെ അത്യത്ഭുതകരമായ അനുഭവങ്ങൾ പിന്തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചതാണോ ? പഴയ ജീവിതചിത്രങ്ങളിൽ സ്നേഹവും അനുകമ്പയും അറിവും നൽകിയ പലരുണ്ട്. സന്യാസജീവിതം തിരഞ്ഞെടുത്തതുകൊണ്ട് ആ കടപ്പാടുകൾ ഇല്ലാതാകുന്നില്ല. സ്നേഹം എങ്ങനെയാണ് മരിക്കുന്നത് ? ഓർമ്മകൾ എവിടെയൊളിക്കും ?

സന്യാസിയും മനുഷ്യനാണ്. ഗുരുവിന്റെ ചിന്തയിലും ഈ 'മനുഷ്യൻ' ഉണ്ടായിരുന്നു. അനുകമ്പയുള്ളവനാണല്ലോ മനുഷ്യൻ.
ഗുരു 'അനുകമ്പാദശക'ത്തിൽ എഴുതി:
"അരുളില്ലയതെങ്കിലസ്ഥിതോൽ
സിരനാറുന്നൊരുടമ്പു താനവൻ ;
മരുവിൽ പ്രവഹിക്കുമംബുവ -
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം ."
സ്നേഹമില്ലാത്തവൻ നാറുന്ന ഒരു ഉടൽ മാത്രമാണെന്ന് .അതുകൊണ്ട് സന്യാസിക്ക് സ്നേഹവും ഓർമ്മയും ഒഴിവാക്കാനാവില്ല. മനുഷ്യൻ നന്നായാൽ മതി എന്ന ആത്യന്തികമായ സൗഖ്യസന്ദേശമാണ് ഗുരു ചൂണ്ടിക്കാണിച്ചത്. ജീവിതത്തിൻ്റെ യാദൃശ്ചികതയിൽ കണ്ണുനട്ട് വിസ്മയഭരിതനായിരിക്കുന്ന ഒരു കുട്ടിയെ അവ്യയാനന്ദ സ്വാമിയുടെ കുറിപ്പുകളിൽ കാണാം.

സ്വാമി അതിനെ ഇങ്ങനെ നിരീക്ഷിക്കുന്നു: "പല കോടിജന്മങ്ങൾ നീർക്കുമിളകളായി ഉണർന്ന് ഉടയുന്ന ഈ സംസാരസാഗരത്തിന്റെ ജലരാശിയിൽ കുറെ കാര്യങ്ങൾ ഞാൻ എഴുതി. കുറെ വികാരങ്ങൾ പങ്കിട്ടു. കുറച്ചു സങ്കടങ്ങൾ ,അല്പം സന്തോഷങ്ങൾ. ഇനിയും ജീവിതത്തിൽ പല സംഭവങ്ങളും ഉണ്ടാകും."
പോയകാലത്തെ ശൂന്യതയായി കാണാതെ ,അതിൽ നിന്ന് ഓർമ്മച്ചിത്രങ്ങൾ നെയ്തെടുക്കുകയാണ് ഗ്രന്ഥകാരൻ .ഭൂതകാലം, വേറൊരു അർത്ഥത്തിൽ ,വിളിക്കുകയാണ് കൂടുതൽ നിഷ്കളങ്കവും സ്വാഭാവികവുമായ ഒരു ആവാസ വ്യവസ്ഥയിലേക്ക്. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളും ഇടറിയ കാൽവയ്പുകളും സ്വാമി മറന്നിട്ടില്ല .താൻ ആന്തരികതയിൽ പടം പൊഴിച്ച് എങ്ങനെയെല്ലാം രൂപാന്തരപ്പെട്ടു എന്നു പരിശോധിക്കുകയാണ് .ഇളയച്ഛൻ എം. കെ. വാസുവും അമ്മയും അച്ഛനും ആ ബാലന്റെ മനസ്സിൽ വലിയ സാന്നിധ്യങ്ങളായിരുന്നു.




കുട്ടിക്കാലത്ത് തന്നെ സ്വാമി വായനാശീലം നേടിയിരുന്നു.അത് ആത്മീയമായ അഭയമായിരുന്നു. തന്നിൽ നിന്നു പുറത്തെ ലോകത്തേക്കുള്ള യാത്രയായിരുന്നു അത്. വായിച്ചപുസ്തകത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ സ്വാമിക്ക് സ്വസ്ഥത കിട്ടില്ല. ഇപ്പോഴും ആ ശീലമുണ്ടത്രേ. "ഇന്നു നല്ല ഒരു പുസ്തകം വായിച്ചു കഴിഞ്ഞാൽ സമാനസ്വഭാവമുള്ള സഹോദരസന്യാസിമാരെ കൂടി വായിച്ചു കേൾപ്പിക്കാനുള്ള ഒരു ത്വരയുണ്ടാകും. ലോകേശാനന്ദ സ്വാമിജിയും സുഗുണാനന്ദ സ്വാമിജിയും പരാനന്ദ സ്വാമിജിയും ഈ പീഡനത്തിനു പലപ്പോഴും ഇരയായിട്ടുള്ളത് ഞാനോർക്കുന്നു "-സ്വാമി എഴുതുന്നു.

വായനയില്ലാത്തവന്റെ മനസ്സ് വാതായനമില്ലാത്ത വീടു പോലെയാണെന്നു സ്വാമി അഭിപ്രായപ്പെടുന്നു. കുട്ടിക്കാലത്തു തന്നെ ആത്മീയതയും സൗന്ദര്യാനുഭവവും കൂടിക്കലർന്ന അനുഭൂതി അവ്യയാനന്ദയ്ക്കുണ്ടായിരുന്നു.  സന്താനഗോപാലം കഥകളി വല്യമ്മയോടൊപ്പം നേരം പുലരുവോളം  കണ്ടതിനെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്:
"പുത്രനഷ്ടത്താൽ തേങ്ങുന്ന ബ്രാഹ്മണമുഖം ഇന്നും ചമയങ്ങളില്ലാതെ മുന്നിൽ. ഉത്സവപ്പറമ്പുകളിൽ ഒറ്റയ്ക്കലയുന്നത്  ഒരാനന്ദമാണ്. ക്ഷണികമെങ്കിലും ഓർമ്മകളിലെന്നും ഓടിവരുന്ന  ഒരനുഭവം. അത് പലപ്പോഴും ആനച്ചന്ത മൊരുക്കിയ സന്ധ്യകളുടെ വരദാനമാവാമെന്നതാണ് വസ്തവം. അച്ഛൻ്റെ ചുമലിലിരുന്ന് ആറാട്ടു കണ്ട ഒരനുഭവം ഇന്നലെ എന്നപോലെ തിടമ്പേറ്റി വരുന്നു. അനുഭവങ്ങളെ ഞാനൊരു മഷിപ്പാത്രമാക്കുകയായിരുന്നു.  അതിൽ മുക്കിയാണല്ലോ ഞാനിത്രയും കുറിച്ചുപോയത് എന്നോർക്കുമ്പോൾ ആ എഴുത്തുമഷിയുടെ നീലിമ കടലാസുകളിൽ നിന്ന് ഉയിരിട്ടുണരും പോലെ. "ബാല്യം ഒരനാഥമായ അവസ്ഥയാണെന്ന് സ്വാമി തിരിച്ചറിയുന്നുണ്ട്. സമപ്രായക്കാരായ കുട്ടികളെപ്പോലെ കളികളിലോ തമാശകളിലോ മുഴുകാൻ അവസരം ലഭിച്ചിട്ടില്ല. എൻ്റെ ബാല്യം മൗനത്തിൻ്റേതായിരുന്നു. ആത്മീയതയുടെ മൗനമായിരുന്നില്ല. വേദനകൊണ്ട് മരവിച്ച മനസ്സിന്റെ മിണ്ടാട്ടമില്ലായ്മ. അങ്ങനെ വലിയ കൂട്ടുകാരൊന്നുമില്ല. എന്നാൽ ഉണ്ടു താനും. ശരിക്കും, പുസ്തകങ്ങളായിരുന്നു എൻ്റെ കൂട്ടുകാർ. വീട്ടിൽ ഒറ്റപ്പെട്ട ഞാൻ വീടിൻ്റെ മുക്കിലും മൂലയിലും തിരഞ്ഞു. അങ്ങനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കസ്തൂർബാഗാന്ധിയെ വായിച്ചു. സഹോദരിമാരുടെ ഏതോ ഉപപാഠപുസ്തകമായിരുന്നു അത്. "

ഓരോ ജീവിതവും അതിൻ്റേതായ ഓർമ്മകൾ കൊണ്ടു ദുർഗ്രഹമാണ്; അതേസമയം സുന്ദരവുമാണ്. ഓർമ്മകൾ വീണ്ടും ഓർക്കാനുള്ളതാണ് .വീണ്ടും ഓർക്കുമ്പോൾ ഓർമ്മകൾക്ക് രൂപാന്തരം സംഭവിക്കുന്നു. ഓർമ്മകളിലൂടെ ഓരോ വ്യക്തിയും അയാളെ തന്നെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു .ഓർമ്മകൾ ജീവിതത്തെക്കുറിച്ചുള്ള അറിവിനനുസരിച്ച് വിപുലീകരിക്കപ്പെടുകയും പുതിയ അർത്ഥങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.സ്വാമിയുടെ ഓർമ്മകൾ ആത്മീയവഴികളിലേക്ക് പ്രകാശം ചൊരിയുകയാണ്. പരിത്യാഗത്തിന്റെയും ഏകാന്ത ധ്യാനത്തിന്റെയും പാതകളിൽ ഈ ഓർമ്മകളുടെ ഗാഢസ്പർശമുണ്ട്. ജ്ഞാനത്തിനും സത്യത്തിനും പിന്നാലെ അലയാൻ, ജീവിതം ചൂണ്ടുപലകകളായി വിഭജിക്കപ്പെട്ടതിന്റെ പശ്ചാത്തലമാണ്  ഈ കൃതിയിൽ കാണാനാകുന്നത്.

മേടമാസത്തിലെ പൂജപ്പാടങ്ങളും പൂജയപ്പവും സൂര്യപൂജയും സ്വാമിയുടെ മനസ്സിൽ എല്ലാ വിശദാംശങ്ങളോടെയും  ജ്വലിച്ചു നിൽക്കുകയാണ്. പൂജപ്പാടങ്ങളിലെ സന്ധ്യകളും ഭക്തിഗീതങ്ങളും ആർപ്പുവിളികളും  ആ മനസ്സിനെ ഓർമ്മകളുടെ വസന്തകാലത്തേക്ക് കൊണ്ടു പോവുകയാണ്.സ്വാമി എഴുതുന്നു :"പാതിരാവ് കഴിഞ്ഞ് നേരം പ്രഭാതവുമായി സംഗമിക്കുമ്പോൾ നിലാവ് സാക്ഷിയായി അപ്പത്താലങ്ങൾ ഉയരും .പൂജക്കാരൻ ഇരുകൈകളിലും നിറയെ അപ്പങ്ങളും കത്തുന്ന കോൽത്തിരിയും കവുങ്ങിൻ പൂക്കുലയും കൊണ്ടലംകൃതമായ  താലക്കിണ്ണങ്ങൾ മെല്ലെ ഉയരുമ്പോൾ നിലാസ്തോത്രങ്ങൾ അകമ്പടിയാകും.  കാണാൻ നല്ല ചേലുള്ളതാണീ നിലാപ്പൂജ .കത്തുന്ന കോൽത്തിരികൾ കിണ്ണത്തിൻ്റെ വൃത്തത്തിൽ കുത്തി നിർത്തും .ഒത്ത നടുക്ക് പാതി മുറിച്ച  നാളികേരമുറിയിൽ - നാന്താമുറി - നെയ്ത്തിരി കത്തുന്നുണ്ടാവും. നക്ഷത്രങ്ങളെ വെല്ലുന്ന നക്ഷത്രത്തിളക്കമാവും പൂജപ്പാടം നിറയെ ."

അവ്യയാനന്ദ സ്വാമിയുടെ വഴിയിൽ ഇളയച്ഛൻ അറിവിന്റെ തണൽ മരവും ആശ്വാസവുമായിരുന്നു .ശ്രീനാരായണഗുരുവിൻ്റെ കളവങ്കോടം പ്രതിഷ്ഠയെപ്പറ്റി ഇളയച്ഛൻ പറഞ്ഞത് ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. കളവങ്കോടത്തെ യുവജനങ്ങൾ ക്ഷേത്ര പ്രതിഷ്ഠയെ എതിർത്തുവത്രേ . അപ്പോൾ ഗുരു കണ്ണാടി വാങ്ങി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എറണാകുളത്തുള്ള നിന്നാണ് കണ്ണാടി വാങ്ങിയത്. അതിൻ്റെ രസം ചുരണ്ടിക്കളഞ്ഞ് ഓം എന്ന് എഴുതാനാണ് ഗുരു അവരോട് നിർദ്ദേശിച്ചത്. എഴുതിക്കൊണ്ടു വന്നത് ഒ0എന്നാണ്. പുതിയ കണ്ണാടി വാങ്ങി ഓം എന്ന് വീണ്ടും എഴുതാമെന്നു പറഞ്ഞപ്പോൾ ഗുരു വിലക്കി,ഒ0 എന്നതും ശരിയാണെന്ന് പറഞ്ഞു. ഈ സംഭവത്തെപ്പറ്റി അവ്യയാനന്ദ സ്വാമി എഴുതുന്നത് ഇപ്രകാരമാണ്: "ഇതിനകം  കണ്ണാടിയാണ് ഗുരു പ്രതിഷ്ഠിക്കാൻ പോകുന്നതെന്ന് എല്ലാവരും അറിഞ്ഞു. യാഥാസ്ഥിതികർക്കും യുവജനങ്ങൾക്കും ഒരുപോലെ തൃപ്തിയായി .യാഥാസ്ഥിതികർ അതിനെ അദ്വൈതത്തിന്റെ പ്രതീകമായി വ്യാഖ്യാനിച്ചു. യുവജനങ്ങൾ അതിനെ ഒരു വിപ്ലവമായി കണ്ടു. വിഗ്രഹത്തിനു പകരം കണ്ണാടി. എന്നാൽ ഗുരുവിനു അതൊരു ഒത്തുതീർപ്പായിരുന്നു. സമൂഹത്തിലെ കാലുഷ്യമകറ്റാനുള്ള ഒരു വഴി."

ആശ്രമത്തിലെത്തുന്നതു വരെ സ്വാമിയെ നയിച്ചത് ഇളയച്ഛനായിരുന്നു. ആ ഓർമ്മകളിൽ സ്വാമി ജീവിതത്തിന്റെ എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തുന്നു. "മനുഷ്യനിലേക്ക് ഊന്നിയ ഗുരുദർശനത്തിന്റെ വലിയ ചുവടുകൾക്ക് അളക്കാനാവാത്ത ഇടങ്ങളില്ലെന്ന് എനിക്ക് തോന്നി. മണ്ണിൻ്റെ മനസ്സറിഞ്ഞ ഒരു കമ്മ്യൂണിസ്റ്റിന്റെ സ്നേഹനൊമ്പരങ്ങൾ എൻ്റെ വരുംകാല പ്രഭാതങ്ങൾക്ക് ദിശാബോധം നൽകും, തീർച്ച."ഈ പുസ്തകത്തിൽ ഒരു സന്യാസി പൂർവ്വാശ്രമത്തെ അനുഭൂതികളുടെയും മനുഷ്യത്വത്തിന്റെയും വ്യാമിശ്രതലങ്ങളിൽ വ്യാഖ്യാനിക്കുകയാണ്. ചിതറിപ്പോയ വേദനകളുടെയും അറിവുകളുടെയും  പൂർവ്വകാലത്തെ നന്ദിയുടെയും സ്നേഹത്തിന്റെയും നൂലുകൾ കൊണ്ട് കൊർത്തെടുക്കുകയാണ് .സന്യാസം ഓർമ്മകളുടെ നാശമല്ല ,ഓർമ്മകളുടെ ആശ്രമജീവിതമാണ്.

എൻ്റെ ബാല്യം 
(ഓർമ്മ)
സ്വാമി അവ്യയാനന്ദ 
ചിന്ത പബ്ളിഷേഴ്സ് 
തിരുവനന്തപുരം 
വില 80 / 




സൂക്ഷ്മാനന്ദ സ്വാമിയുടെ പുസ്തകം: ചില ആത്മീയസഞ്ചാരങ്ങൾ /എം.കെ.ഹരികുമാർ

 


ശിവഗിരിജീവിതത്തിലെ സന്യാസാനുഭവങ്ങളിൽ നിന്നുളവായ ആത്മീയമായ അവബോധത്തെ ഉപാധികളില്ലാതെ അപഗ്രഥിക്കാനും  സ്വന്തം നിലയിൽ അനുധാവനം ചെയ്യാനുമാണ് സൂക്ഷ്മാനന്ദ സ്വാമി What We Are All About എന്ന കൃതിയിൽ ശ്രമിക്കുന്നത് .സ്വാമി ഇതിനു മുമ്പ് രചിച്ച Mind the Gap  മനസ്സിന്റെ തന്നെ സഞ്ചാരത്തെ പിന്തുടരുന്ന രീതിയാണ് അവലംബിച്ചത്. ബോധമണ്ഡലം എന്നു പറയുന്നത് അനുഭവത്തിന്റെ സത്തയാണെന്ന് സ്വാമി സൂചിപ്പിക്കുന്നുണ്ട്. അത് പൂർണമായി വാക്കുകളിൽ പകരാനാവില്ല. നമ്മുടെ എല്ലാ അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ നിമിഷത്തിൽ അന്തർലീനമാണെന്ന അറിവാണ് സ്വാമി പങ്കുവയ്ക്കുന്നത്.നമ്മൾ എന്താണോ, അതിൻ്റെ അകം ലോകത്തെ ശരിയായി അനുഭവിക്കാൻ 'ഈ നിമിഷ'ത്തെ ശ്രദ്ധിക്കണമെന്ന് സാരം.

 നമ്മൾ ഒരു വസ്തുവിനെ നോക്കുമ്പോൾ ആ വസ്തുവിനെയും അതിൻ്റെ കർമ്മത്തെയും ഒരുപോലെ, ഒരേ സമയം നിരീക്ഷിക്കണമെന്നാണ് സ്വാമിയുടെ നിലപാട്. ഈ നിമിഷത്തിന് ഒരു രൂപാന്തരീകരണം (Transformative  power) അല്ലെങ്കിൽ പരിവർത്തനശക്തിയുണ്ട്. നമ്മൾ ഉറച്ചതും സ്ഥിരവുമായി കണ്ട യാഥാർത്ഥ്യങ്ങൾക്ക് സ്വപ്നസമാനമായ അസ്തിത്വമാണുള്ളതെന്ന് സ്വാമി എഴുതുന്നുണ്ട്. നമ്മുടെ ജീവിതവും ചുറ്റും കാണുന്ന ലോകവും യഥാർത്ഥമാണോ ? സ്വന്തം ചിന്തയിൽ നിന്നുകൊണ്ട് സ്വാമി പറയുന്നു:
''Realizing that our lives and the world around us are nothing but lengthy dreams."

ശ്രീനാരായണഗുരുവിന്റെ ചിന്തകളും ഉദ്ബോധനങ്ങളും അദ്വൈതത്തിൽ നിന്നു വളർന്ന് പുതിയ ഇടങ്ങൾ കണ്ടെത്തിയതായി സ്വാമി വിശദീകരിക്കുന്നു. ഗുരുവിൻ്റെ പാഠങ്ങൾ തത്ത്വചിന്താപരമായ  പഥങ്ങൾക്കപ്പുറം പോവുകയാണ്. അദ്വൈതമായ സാരത്തെ ഗുരു  സാമൂഹിക പശ്ചാത്തലത്തിൽ പരിശോധിക്കുകയും ആലോചിക്കുകയുമാണ് ചെയ്തത്. സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ജാതിവിവേചനത്തിനെതിരായ ആശയങ്ങളും അത് വ്യക്തമാക്കുന്നു.സാമൂഹികനീതിയും തുല്യ അവസരങ്ങളുമുള്ള ഒരു സമൂഹത്തെ ഗുരു മുന്നിൽ കണ്ടു .ഗുരു അതിലുപരി ജീവിതത്തെ ആത്മീയമായ ഒരു മാനത്തിൽ വീക്ഷിച്ചു. വ്യക്തികൾക്ക് അവരുടെ സർഗാത്മകവും അവബോധാത്മകവുമായ സിദ്ധികൾക്കനുസരിച്ച് സ്വന്തം നിലയിൽ ആത്മാവിനെ അറിയാനും ആന്തരികമായ ജ്ഞാനം നേടാനും' ഏകാന്തയാത്രകളിലേർപ്പെടാനാവും,
മതങ്ങളുടെ വേലിക്കെട്ടുകൾക്കപ്പുറത്ത്. ഇത്  ഗുരുവിൻ്റെ മാത്രം പ്രത്യേകതയാണ്.

ആത്മീയാനുഭവങ്ങൾക്ക് അഗാധമായ വ്യക്തിതലമുണ്ടെന്ന് സ്വാമി എഴുതുന്നുണ്ട്. ബുദ്ധനും യേശുക്രിസ്തുവും ജലാലുദ്ദീൻ റൂമിയും മറ്റും ,ശാസ്ത്രീയമായ അറിവുകൾ പോലെ മറ്റുള്ളവർക്ക് എളുപ്പത്തിൽ  പറഞ്ഞുകൊടുക്കാവുന്നതിനപ്പുറത്ത് അഗാധമായ കണ്ടെത്തലുകൾ നടത്തി. 
ആത്മീയമായ ഉൾവെളിച്ചം വ്യക്തമായ വ്യക്തിഗത അനുഭവങ്ങളിൽ നിന്നാണുണ്ടാവുന്നത്. അത് മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാൻ പ്രയാസമാണ്. വ്യക്തിയാണ് ആ അറിവിനാധാരം."The highly  subjective  nature of spiritual experiences necessitates individual exploration and personal realization" - സ്വാമിയുടെ വാക്കുകൾ .




ദ്വൈതഭാവത്തെ മറികടന്ന് ബോധത്തെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം നടത്തുന്നതിലൂടെയാണ് അദ്വൈതത്തിലെത്തുന്നത്. നമ്മുടെ ബോധത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ വസ്തുക്കളും -ബാഹ്യലോകം, ശരീരം, ചിന്തകൾ - ബോധത്തിന്റെ തന്നെ സൃഷ്ടിയാണെന്ന് സ്വാമി വിവരിക്കുന്നുണ്ട് .അറിവ് സ്വതന്ത്രമായ അസ്തിത്വമല്ല .എന്നാൽ അതുണ്ടാകുന്നത് ബോധത്തിന്റെ പരിധിയില്ലാത്ത വികാസത്തിലാണ്. നമ്മുടെ ബോധം, അതുകൊണ്ടുതന്നെ ,വിസ്തൃതമാണ്. അതിനു ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളാനാവും. ആ രീതിയിൽ ചിന്തിക്കുമ്പോൾ ഈ മനസ്സ് ലോകത്തേക്കാൾ വലുതും കൂടുതൽ യഥാർത്ഥവുമായിത്തീരുന്നു.

നമുക്ക് സ്വാതന്ത്ര്യം വേണോ? എങ്കിൽ നാം നമ്മുടെ തന്നെ അനുഭവങ്ങളിൽ നിന്നു വേർപെടാൻ പഠിക്കണം. അല്ലെങ്കിൽ അനുഭവങ്ങളുടെ ആകർഷണവലയത്തിനകത്ത് കുടുങ്ങിക്കിടക്കും. ഇത് അനുഭവങ്ങളെ തന്നെ തെറ്റായി മനസ്സിലാക്കാൻ കാരണമാകും. അതിന്റെ ഫലമായി ഒരാൾക്ക് തന്നെക്കുറിച്ച് തന്നെ തെറ്റായ ചിന്തയുണ്ടാവും; ഇത് ഭ്രമമാണ് .സ്വാമി എഴുതുന്നു: "This illusionary identity serves as the foundation for suffering and life's problems. ജീവിതപ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും കാരണം തെറ്റായ സ്വത്വബോധമാണ്. നാം സ്വയം തെറ്റായി മനസ്സിലാക്കിയിരിക്കുന്നു .അബദ്ധ ധാരണകൾ നിർമ്മിച്ചെടുത്ത ഒരു വ്യാജ പ്രസ്താവനയായി നാം മാറുകയാണ്. ഇതിനെ മറികടക്കാൻ തെറ്റായ സ്വത്വത്തിൽ (False Identity) നിന്നു നാം വിട്ടുപോരണം ,സ്വതന്ത്രനാകണം.

സംസ്കൃതത്തിൽ, ദുഃഖം നിശ്ചലമായ, മണ്ണിൽ പുതഞ്ഞുപോയ ഒരു ചക്രത്തെ ഓർമിപ്പിക്കുന്നതായി സ്വാമി കുറിക്കുന്നു. സുഖമാകട്ടെ ചലിക്കുന്ന ചക്രമാണ് .ഒരു ചക്രം എപ്പോഴും ചലനാത്മകമാകണം.അതാണല്ലോ ചക്രത്തിന്റെ സ്വഭാവം.ശ്രദ്ധയെ പരിചരിക്കേണ്ടതുണ്ട്.ചുറ്റിനുമുള്ള വസ്തുക്കളെ ശ്രദ്ധിക്കാൻ പരിശീലിക്കണം. എന്നാൽ അവബോധത്തിനു പരിശീലനമില്ല .അതിനു  അതിർത്തിയുമില്ല. നാം ഒരു വസ്തുവിനെ ശ്രദ്ധിക്കുമ്പോഴാണ്  അതിനെപ്പറ്റി അറിയുന്നതെങ്കിൽ, അവബോധത്തിനു അതിൻ്റെ ആവശ്യമില്ല. അത് നമ്മുടെ മനസ്സ് സ്വയം കണ്ടെത്തുന്നതാണ്. 

ധ്യാനം എന്തിനാണ് ?സ്വാമി എഴുതുന്നു:
"The purpose of meditation is to bring us to a state of awareness."വിവേകത്തിലേക്ക് എത്തിച്ചേരാൻ ധ്യാനം വേണം. സൂക്ഷ്മജ്ഞാനത്തിലേക്ക് എത്തിക്കുന്നതെന്തും ജ്ഞാനമാണ്. ഇത് സൂക്ഷ്മമായ നിരീക്ഷണമാണ്. ഇത് സ്വാമിയുടെ ചിന്തയുടെ അടിത്തട്ട് കാണിച്ചു തരുന്നു. ധ്യാനം എന്നത്  പ്രത്യക്ഷത്തിലോ പ്രകടമായോ അനുഷ്ഠിക്കുന്ന ഒരു കർമ്മമല്ല .അത് സൂക്ഷ്മാവബോധത്തിലേക്കുള്ള സഞ്ചാരമാണ് .ധ്യാനത്തിന്റെ മറ്റൊരു രൂപമാണത്. അതുകൊണ്ട് ധ്യാനത്തിന്റെ പേരിൽ ചില വസ്തുക്കളെ ഒഴിവാക്കുകയോ, അവയിൽ നിന്നു അകലം പാലിക്കുകയോ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.




നമ്മെ ഉന്നതമായ അറിവിലേക്ക് നയിക്കുന്നതിന് സഹായിക്കുന്നതെന്തും ആത്മീയമായ അനുഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. നമ്മൾ ആരാണ്? സ്വാമി മൂന്ന് തലങ്ങൾ ചൂണ്ടിക്കാണിക്കുന്നു: ഒന്ന് ,ശരീരം. രണ്ട്,മനസ്. മൂന്ന്,അറിവ് അഥവാ ബോധം. ഇതെല്ലാം ആത്മവത്ത  അഥവാ 'ഞാൻ' എന്ന തലത്തിൽ നാം തിരിച്ചറിയുകയാണ്. ഇതിൽ ഓരോന്നിനും ഓരോ കാഴ്ചപ്പാടാണുള്ളത്, വസ്തുക്കളോട് . ലോകത്തോടുള്ള വീക്ഷണങ്ങളെല്ലാം പരിമിതമാണെന്ന് ഓർക്കണം ,ഒരാൾ നേടിയ അറിവിൻ്റെ ,ബുദ്ധിയുടെ അളവ് ഏതുവിധത്തിലാണെങ്കിലും. നമ്മൾ ശരീരമാണ്, അല്ലെങ്കിൽ മനസ്സാണ് എന്ന് പറയുന്നത് പൂർണമായി തെറ്റല്ല .നമ്മൾ അത്തരം വീക്ഷണങ്ങളിൽ കുടുങ്ങിക്കിടക്കുന്നതാണ് അപകടകരം .മനുഷ്യശരീരം  പരിമിതമാണ് .ശരീരത്തിനോടും  മനസ്സിനോടും ,നമ്മൾ ഇത് രണ്ടുമാണെന്ന തരത്തിൽ താദാത്മ്യം പ്രാപിക്കുകയാണെങ്കിൽ നമ്മുടെ കാഴ്ചപ്പാടുകൾ പരിമിതപ്പെടും .വസ്തുനിഷ്ഠതയും നമ്മുടെ  യഥാർത്ഥപ്രകൃതിയും തമ്മിലുള്ള വ്യത്യാസം അറിയണമെന്ന് സ്വാമി എഴുതുന്നു .വസ്തുനിഷ്ഠത ഒരു പുതിയ വീക്ഷണം നൽകുന്നുണ്ട്. അതിൽ വ്യക്തിഗതമായ യാതൊന്നുമില്ല .ധ്യാനം നമ്മെ എത്തിക്കുന്നത് വസ്തുനിഷ്ഠതയിൽ നിന്ന് ഉയർന്ന് നമ്മൾ എന്താണെന്ന അറിവിലേക്കാണ്.

നവീനകാലത്ത്, വിവരസാങ്കേതിക വിദ്യയുടെ പ്രവാഹകാലത്ത് നമുക്ക് എങ്ങനെ സ്വയം നഷ്ടപ്പെടുന്നുവെന്ന് ഈ പുസ്തകത്തിൻ്റെ ഒടുവിൽ സ്വാമി സൂചിപ്പിക്കുന്നുണ്ട് .അനന്തമായ വിവരങ്ങളാണ് നമുക്കുമേൽ  കുടഞ്ഞിടുന്നത്. ബാഹ്യമായ സ്വാധീനങ്ങൾ പലതാണ്.അത് നമ്മെ നമ്മുടെ തന്നെ പകർപ്പുകളാക്കുകയാണ്. നമ്മുടെ യഥാർത്ഥമായ ആത്മീയതയിൽ നിന്ന് അകറ്റിനിർത്തുകയാണ്. ചിന്തകളുടെയും പ്രവൃത്തികടെയും അവസാനമില്ലാത്ത പ്രവാഹം ശരീരത്തെയും മനസ്സിനെയും കേന്ദ്രീകരിച്ചുണ്ടാകുകയാണ്. ഇത് നമ്മെ വിശ്വസിപ്പിക്കുന്നത് നാം ശരീരവും മനസ്സും മാത്രമാണ് എന്നാണ്.എന്നാൽ യഥാർത്ഥത്തിൽ ,നമ്മൾ എന്താണോ അത് ശരീരത്തിന്റെയും മനസ്സിന്റെയും പരിധികൾക്ക് അപ്പുറത്താണുള്ളത് .സ്വാമി പറയുന്നു: "ധ്യാനം ചിന്തകളെ പിന്തുടരുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന പ്രവൃത്തിയല്ല. ധ്യാനം അതിൻ്റെ ചലനത്തെക്കുറിച്ച് അറിയുകയാണ്. നമ്മുടെ പ്രകൃതിയെക്കുറിച്ചുള്ള അറിവാണത്. അത് മനസ്സിൻ്റെ കുഴപ്പങ്ങളിലേക്ക് അമര്‍ന്നു പോവുകയല്ല.ശ്രീനാരായണഗുരു 'ആത്മോപദേശ ശതക'ത്തിൽ എഴുതി:
"ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം "

ഇന്ദ്രിയങ്ങളാകുന്ന കിളികളെ അരിഞ്ഞു വീഴ്ത്തി അറിവ് നേടണമെന്നാണ് ഗുരു ഉദ്ബോധിപ്പിക്കുന്നത്.

ചിന്തയുടെയും ബോധ്യത്തിന്റെയും അനുഭവങ്ങളെ ആത്മീയതയുടെയും അപാരമായ അറിവിൻ്റെയും സമസ്യകളിലേക്ക് സന്നിവേശിപ്പിക്കുന്ന, പുതുമയാർന്ന കൃതിയാണ് സൂക്ഷ്മാനന്ദ സ്വാമിയുടെ What we Are All About.വേദത്തിലെയോ ,ഉപനിഷത്തിലെയോ ശ്രീനാരായണ ഗുരുസാഹിത്യത്തിലെയോ തത്ത്വങ്ങളെ സൂക്ഷ്മാനന്ദ സ്വാമി അതേപടി  ഉദ്ധരിക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നില്ല .സ്വാമി സ്വകാര്യമായ നിമിഷങ്ങൾ സൃഷ്ടിക്കുകയാണ്. ഏകാഗ്രമായി കണ്ടെത്തുന്ന നിമിഷങ്ങൾ ചില സത്യങ്ങൾ പറയുന്നു. അത് വ്യവസ്ഥാപിതമായ ചിന്തകളുടെ, പൂർവ്വകാല പഠനങ്ങളുടെ പിന്നാലെ പോവുന്നുമില്ല. സാഹസികമായ ഒരു യാത്രയാണിത്. ഈ ഉദ്യമം സ്വതന്ത്രമായ ഒരാത്മീയ വിചാരത്തിനു ചെയ്യുന്ന സംഭാവന ചെറുതല്ല. 


What We Are All About
sukshmananda Swami 
Sivagiri Madam Publications
Sivagiri,Varkala
Rs 275/



സച്ചിദാനന്ദ സ്വാമിയുടെ ഗുരുസ്തവവായന :എം.കെ.ഹരികുമാർ

 





കുമാരനാശാൻ്റെ കവിതകളിൽ  എനിക്ക് ഏറെ പ്രിയം 'ഗുരുസ്തവ'മാണ്.  മലയാളഭാഷയിലുണ്ടായ അസാധാരണവും അത്ഭുതകരവുമായ രചനയാണത്. എപ്പോൾ വായിച്ചാലും രോമം എഴുന്നു വരും. ഓരോ വരിയിലും അന്തർനാദമായി മറ്റേതോ സാരം ത്രസിക്കുന്നു .അപാരവും ഗഹനവുമായ ഒരു ഒഴുക്കാണത്.  ഭാഷയുടെ സാരസ്വതകേന്ദ്രങ്ങളുടെ അടിത്തട്ടിലൂടെ ഒഴുകുന്ന ഈ അരുവി നമ്മുടെ ശരീരത്തിൽ പ്രകമ്പനം സൃഷ്ടിക്കുകയാണ്. ലോകകവിതയിൽ തന്നെ ഈ ചെറുകവിത ഒരു വിശുദ്ധവും ആലോചനാസാന്ദ്രവുമായ  സൃഷ്ടിയാണ് .കുമാരനാശാനു മാത്രം എഴുതാൻ കഴിയുന്ന കവിത. ആദരവും സ്നേഹവും സൗന്ദര്യബോധവും അറിവും വിവേകവും ചിന്തയും ഒരാളിൽ ചേർന്ന് വരുമ്പോഴാണ് ഇതുപോലുള്ള രചനകൾ ഉണ്ടാകുന്നത്.

'ഗുരുസ്തവ'ത്തിനു തുല്യമായ കവിത രചിക്കാൻ പിന്നീട് ആർക്കും കഴിഞ്ഞിട്ടില്ല .വികാരം തുടിച്ചുണരുകയാണ്. എന്നാൽ വികാരത്തിന്റെ അമിതപ്രവാഹമില്ല. വികാരങ്ങൾ സംസ്കാരത്തിന്റെ ഉന്നത ശ്രേണിയിൽ പ്രകാശിക്കുകയാണ്. ഉചിതമായ പദക്കൂട്ടുകൾ എവിടെനിന്നോ വരികയാണ്. ഗുരുവിനെ അടുത്തുനിന്നു കണ്ടു ഗ്രഹിച്ച ഒരു കവിയുടെ സത്യസാക്ഷാത്കാരങ്ങളും  ഉണർവിനാൽ പ്രസാദാത്മകമായ വാങ്മയങ്ങളും തിരയടിക്കുന്ന കവിതയാണിത്.

"അന്യർക്ക് ഗുണം ചെയ്വതിനായുസ്സു വപുസ്സും 
ധന്യത്വമൊടങ്ങാത്മതപസ്സും ബലി ചെയ്വൂ
സന്യാസികളില്ലങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ "

ഗുരുവിനെ എത്ര സംക്ഷിപ്തമായി വിവരിക്കുന്നു. ഒരു കവിയുടെ ഭാഷാപരവും ഭാവനാപരവുമായ അറിവ് മുഴുവൻ ഇവിടെ പ്രസരിക്കുകയാണ്. ഈ കവിതയെക്കുറിച്ച് സച്ചിദാനന്ദ സ്വാമി എഴുതിയ 'ശ്രീനാരായണദർശനം - ആശാന്റെ ഗുരുസ്തവത്തിലൂടെ' എന്ന കൃതി സൂക്ഷ്മമായ അവലോകനം കൊണ്ടും വൈദാന്തികമായ അപഗ്രഥനം കൊണ്ടും കാവ്യാനുഭൂതിയുടെ പിന്നാമ്പുറങ്ങളിലേക്കുള്ള നിരുപാധികമായ അന്വേഷണമായിത്തീരുകയാണ്. 

ഈ കൃതിയുടെ ആരംഭത്തിൽ സച്ചിദാനന്ദ സ്വാമി ഇങ്ങനെ കുറിക്കുന്നു: "ഇവിടെ ഗുരുസ്തവമെന്ന  ഈ സ്തോത്രത്തിൽ ബഹുലക്ഷം ജനങ്ങളുടെ പരദൈവം എന്ന നിലയിൽ ഗുരുദേവനെ കുമാരനാശാൻ സ്തുതിക്കുന്നു. ഒപ്പം ശ്രീനാരായണദർശനം അവതരിപ്പിക്കുകയും ചെയ്യുന്നു. അതെത്രയേറെ സംഗതമായിരിക്കുന്നു എന്നുള്ള ഒരു ലഘുപഠനമാണ് ഈ  ഗ്രന്ഥം."ഗുരുസ്തവത്തിലെ ഓരോ വരിയും പദബന്ധവും സ്വാമി ഇഴപിരിച്ച് പരിശോധിക്കുകയാണ്. ഓരോ വാക്കിനെക്കുറിച്ചും സ്വാമിക്ക് പറയാൻ ഏറെയുണ്ട് .സ്വാമിയുടെ വൈദാന്തികമായ ജ്ഞാനവും പൂർവ്വമീമാംസയിലുള്ള അറിവും ഇതിൽ കലർന്നു വരികയാണ് .ഗുരുവിനെക്കുറിച്ച് വായിക്കുന്നവർ ആശാന്റെ ഈ കൃതി നിശ്ചയമായും പഠിക്കണം. ഇതിനു തുല്യമായ ഒരു ഉന്നതവീക്ഷണം വേറെയില്ല .വീടുകളിൽ പതിറ്റാണ്ടുകളായി ചൊല്ലുന്ന സന്ധ്യാനാമമാണിത്. പദസംസ്കാരത്തിൻ്റെ അത്യുന്നതമായ അവബോധത്തിൽ ഈ കവിത ദൈവികമായ അനുഭവം നൽകുകയാണ്. ഗഹനതയിലും ഈ കവിത ജനകീയമാണ്. 

"നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ ! നാരായണമൂർത്തേ! പരമാചാര്യ നമസ്തേ!"
എന്നു ചൊല്ലിക്കൊണ്ടാണ് ആശാൻ കവിത ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും .ഇതിനുപുറമേ ഓരോ ശ്ലോകവും അവസാനിക്കുന്നിടത്ത് 'ഗുരുനാരായണമൂർത്തേ' എന്നു ആവർത്തിക്കുന്നുണ്ട് . എന്തുകൊണ്ടാണ് നാരായണഗുരുവിനെ ആശാൻ നാരായണമൂർത്തേ എന്നു  സംബോധന ചെയ്യുന്നത്? നാരം  എന്നാൽ ജീവാത്മാവ്; അതിൻ്റെ  അയനമായിട്ടുള്ളവൻ നാരായണൻ. ആത്മാവ് ആരിൽ വസിക്കുന്നുവോ അവൻ .അത് പരംപൊരുളാണ്. അത് നാരായണമൂർത്തിയാണ്. സച്ചിദാനന്ദ സ്വാമി നിരീക്ഷിക്കുന്നു: " ഗുരുദേവന്റെ സ്വരൂപം പരമാത്മസുരൂപമാണ്. പരമാത്മാവ് നാമരൂപരഹിതനും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. നാമരൂപാത്മകമായ കാര്യപ്രപഞ്ചത്തിൻ്റെ പരമകാരണമാണ് പരമാത്മ സത്ത.നാരത്തിനു ജ്ഞാനം എന്നും അർത്ഥമുണ്ട്. ജ്ഞാനത്തിനു ആശ്രയമായ മൂർത്തിയാണ് നാരായണമൂർത്തി."

ഈ നാരായണമൂർത്തിയാണ് ആശാൻ്റെ ഗുരു. ആശാനു ആശയപരമായ കാപട്യമില്ല. വിദ്യാഭ്യാസത്തിൻ്റെ കപട സംസ്കാരമില്ല. ആശാൻ സത്യത്തിന്റെ നേർസാക്ഷിയാണ്. അതുകൊണ്ടു തൻ്റെയുള്ളിലെ ഗുരുവിനെ അവതരിപ്പിക്കുമ്പോൾ സത്യത്തെ കൈവിടില്ല .ആത്മപ്രഭാവമാണ് ഗുരു.വസ്തുവിൻ്റെ ഹൃദയത്തെക്കുറിച്ച് അറിവ് പകരുന്നത് ഗുരുവാണ്. അറിവിനുള്ളിലെ ദേവനാണ് ഗുരു. 
ആ ഗുരുവിനെ ആശാൻ ദൈവമായി കാണുന്നു. തനിക്ക് വഴിയും വെളിച്ചവുമായ ഗുരുവിൽ ആശാൻ പൂർണമായി സമർപ്പിക്കുകയാണ്. അന്ധത്വത്തെ മറികടന്ന് ആദിമഹസ്സിലേക്ക് വഴി തുറക്കുന്ന ഗുരുവാണത് .ഭോഗരൂപമായ ലൗകിക ജീവിതത്തെ മൂടിക്കിടക്കുന്ന അന്ധതയെ മാറ്റുന്ന ഗുരു പരദൈവമാണെന്നു ആശാൻ തുറന്നെഴുതുന്നു. ഇത് ആശാന്റെ സത്യസാക്ഷാത്കാരമാണ്, ബോധ്യമാണ്, അറിവാണ്. ഗുരുവിനോടുള്ള ആരാധനയുടെ രഹസ്യം ആശാൻ ഇവിടെ വെളിപ്പെടുത്തുകയാണ്. അന്ധതയെ ഭേദിക്കാനായി ഉഴറുന്നവന് അന്ധത മാറ്റിക്കൊടുത്ത് ആദിമഹസ്സിലേക്ക് നയിക്കുന്ന ഗുരുവിനെ ഓർക്കുമ്പോൾ ആരാധന തോന്നുമെന്നാണ് ആശാൻ പറയുന്നത്.

സച്ചിദാനന്ദ സ്വാമി

ആശാൻ്റെ 'ആരായുകിൽ' എന്ന പ്രയോഗത്തെപ്പറ്റി സച്ചിദാനന്ദ സ്വാമി എഴുതുന്നത് ശ്രദ്ധേയമാണ്: "ആരായുന്നവർക്ക് ,സത്യത്തെ സൂക്ഷ്മമായി അവധാനതയോടെ അന്വേഷിക്കുന്നവർക്ക് മാത്രമേ ഗുരു ദൈവമാണെന്ന സത്യം വെളിപ്പെട്ടു കിട്ടുകയുള്ളൂ. ഗുരുദേവ പ്രസ്ഥാനത്തിലേക്ക് വരും നൂറ്റാണ്ടുകളിൽ കടന്നുവരുന്ന 'ഭൗതികവാദം' എന്ന മാനിയ പിടിപെട്ടവർക്ക് ഉപയോഗിക്കാനുള്ള കായകല്പചികിത്സയല്ലേ കവിയുടെ 'ആരായുകിൽ 'എന്നുള്ള ഈ ആദി പ്രയോഗം? ആരായുന്നത് സത്യദർശനത്തിനു വേണ്ടിയാണ്. ഗുരുവിൻ്റെയും ദൈവത്തിൻ്റെയും സ്വരൂപം തന്നെയാണ് ഇവിടെ അന്വേഷണവിഷയം. ശിഷ്യന്റെ ജിജ്ഞാസ ,ആത്മസുഖലാഭത്തിനുള്ള ആഗ്രഹം കൊണ്ടാണ് ഗുരുവും ദൈവവും അന്വേഷണ വിഷയമാകുന്നത്. ഇതുവരെയും ഭൗതികജീവിത വ്യാപാരങ്ങളുമായി കഴിഞ്ഞുകൂടി. പക്ഷേ ,അതുകൊണ്ടൊന്നും  ആത്യന്തികമായി സുഖമോ സ്വസ്ഥതയോ ലഭിക്കുന്നില്ല."

സത്യത്തെ നിരന്തരമായി ആരായണം .  അപ്പോഴാണ് വ്യർത്ഥതകൾ ഒടുങ്ങി  സത്യത്തിലേക്കുള്ള നോട്ടം സജീവമാവുകയുള്ളൂ.സന്യാസി എന്നാൽ പരോപകാരാർത്ഥം  പ്രവർത്തിക്കുന്നവൻ എന്നു ഗുരു അർത്ഥം പറഞ്ഞതായി സച്ചിദാനന്ദ സ്വാമി സൂചിപ്പിക്കുന്നുണ്ട്. അന്യർക്ക് ഗുണം ചെയ്തു കൊണ്ടിരിക്കണം. പറഞ്ഞാൽ പോരാ;പ്രവൃത്തിയിൽ വേണം .കർമ്മങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ടു സ്വന്തം മോക്ഷം തേടുന്നവനല്ല ഗുരുവിൻ്റെ സങ്കല്പത്തിലെ സന്യാസി. കർമ്മങ്ങൾ നിരന്തരമായി ചെയ്ത് അന്യർക്ക്  ഉപകാരം ചെയ്യണം. വേദജ്ഞാനത്തിന്റെയും ബ്രഹ്മജ്ഞാനത്തിന്റെയും തലത്തിൽ ഗുരു നേടിയതെല്ലാം കർമ്മത്തെ ഉൽകൃഷ്ടമാക്കുകയാണ്. മനുഷ്യരെ മഹത്വമുള്ളവരാക്കുക എന്ന കർമ്മപരമ്പരയാണത്.

ഗുരുവിൻ്റെ ജീവിതവും പ്രവൃത്തിയും കണ്ട് എത്രയോ പേർ ജീവിതാർത്ഥത്തെക്കുറിച്ചും കർമ്മമഹത്വത്തെക്കുറിച്ചും ജ്ഞാനമുള്ളവരായി! .അതുകൊണ്ട് ഗുരുവിൻ്റെ മാർഗം വ്യത്യസ്തമാണ്. സച്ചിദാനന്ദ സ്വാമി പറയുന്നത് ഇതാണ്: "നരൻ നാരായണനായി സത്യസാക്ഷാത്കാരം നേടി വീണ്ടും നരനെ നാരായണനാക്കുവാനുള്ള കർമ്മത്തിൽ പ്രാരാബ്ധവശാലല്ല ബോധപൂർവ്വമായി തന്നെ മുഴുകണം. ഇത് ശ്രീനാരായണദർശനത്തിന്റെ ഒരു അപൂർവ്വതയാണ് .തനിമയാർന്ന സംഭാവനയാണ്. ആശാൻ നിർദ്ദേശിക്കുന്ന ആത്മതപസ്സിൻ്റെ ബലിയും ഇതു തന്നെയാണ്."

വൻപാകെ വെടിഞ്ഞ ഗുരുവിനെക്കുറിച്ച് ആശാൻ എഴുതുന്നുണ്ട് .സ്വന്തമായി ഒരുതരത്തിലുമുള്ള കാമനയോ മോഹമോ ഇല്ലാതിരുന്ന ഗുരു തന്നിലേക്ക് വന്നുചേർന്നതെല്ലാം സമൂഹത്തിൻ്റെ ക്ഷേമത്തിനായി തിരിച്ചു നൽകി. സന്യാസിമാർ ഇങ്ങനെയുമുണ്ട്.പല മേഖലകളിൽ പ്രമുഖരായിത്തീർന്ന വ്യക്തികളിൽ പലപ്പോഴും സ്വന്തമെന്ന താൽപര്യം കാണാറുണ്ട്.ഗുരുവാകട്ടെ ,ആത്മജ്ഞാനവും ജീവിതാർത്ഥവും ഗ്രഹിച്ച യോഗിയാകയാൽ മോഹങ്ങളെ വെടിഞ്ഞ് ശുദ്ധനായിത്തീരുകയാണ് ചെയ്തത് .





"ആത്മധർമ്മങ്ങളെ ശരീരത്തിലും ശരീരധർമ്മങ്ങളെ ആത്മാവിലും അധ്യസിച്ചു കൊണ്ടുള്ള ലൗകിക ലോകവ്യവഹാരങ്ങളിൽ നിന്നും നിർമുക്തനായി ആത്മലോക വ്യാപൃതനായ ഗുരുവിൻ്റെ ജീവബോധം നിവാദദീപം പോലെയായിരുന്നു'എന്നു  സച്ചിദാനന്ദ സ്വാമി വിലയിരുത്തുന്നു. കുളത്തിൽ കിടക്കുന്ന താമരയിലെ പോലെയാണ് ജ്ഞാനിയുടെ കർമ്മമെന്ന് തുടർന്ന് എഴുതുന്നുണ്ട്. "വെള്ളം ഇലയെ സ്പർശിക്കാത്തതുപോലെ കർമ്മം ആത്മാവിനെ സ്പർശിക്കുന്നതേയില്ല."

ഗുരുസ്തവത്തെക്കുറിച്ച് ഇതാദ്യമായാണ് മലയാളത്തിൽ ഒരു പഠനം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഇത് വെറുമൊരു പഠനമല്ല ;വേദാന്തവും ബ്രഹ്മജ്ഞാനവും പൂമ്പൊടി പോലെ വിതറിയ അറിവിൻ്റെ വഴിയാണ്.ഇത് ആഴമുള്ള കാഴ്ചകൾ ഒരുക്കുകയാണ്. മലയാളസാഹിത്യത്തിൽ ഗുരുസ്തവ ത്തെക്കുറിച്ച് ഇത്രയും സൂക്ഷ്മമായി അപഗ്രഥിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സാഹിത്യതത്പരരും വേദാന്തികളും കൈയിൽ കൊണ്ടു നടക്കേണ്ട കൃതിയാണ് സച്ചിദാനന്ദ സ്വാമി എഴുതിയിരിക്കുന്നത്. ആശാനെക്കുറിച്ചുള്ള സാഹിത്യപരമായ അന്വേഷണങ്ങളിൽ സ്വാമിയുടെ ഈ കൃതിക്ക് ഉയർന്ന സ്ഥാനമുണ്ട്. ചരിത്രപരമായ സാംഗത്യം ഈ കൃതിക്ക് മാറ്റുകൂട്ടുന്നു. ഗുരുവിനെയും ആശാനെയും മനസ്സിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ടുള്ള ഒരു സാഹിത്യവിചാരം എന്ന അപൂർവത വേറെയും .യോഗാത്മകമായ അനുരണനങ്ങൾ ഇതിൽ കേൾക്കാം.  ആത്മാനുഭവങ്ങളുടെ ചരിത്രത്തെ പ്രകാശനം ചെയ്യുന്ന സച്ചിദാനന്ദ  സ്വാമി 'അങ്ങേത്തിരുവുള്ളൂറിയ അൻപിൻ വിനിയോഗം എന്ന ശീർഷകത്തിനു താഴെ ഇങ്ങനെ എഴുതുന്നു:
"ഗുരുവിന്റെ വിശുദ്ധമായ ഉള്ളം ഊറിയതുകൊണ്ടാണ്, ആ അനുഗ്രഹ വിശേഷം കൊണ്ടാണ് ആ യോഗം കൈവന്നത് ". ഏത് യോഗം? ഭാഗ്യം എന്ന യോഗം. ഗുരുവിൻ്റെ  പാതയിലൂടെ സഞ്ചരിച്ച് ഏകലോകത്തെയും ബ്രഹ്മാനുഭവത്തെയും  സാക്ഷാത്ക്കരിക്കാനാഗ്രഹിക്കുന്നവർക്ക് ഈ ഗുരുസ്തവവ്യാഖ്യാനം പ്രചോദനമാവും .ഓരോ ശ്ളോകവും ഉദ്ധരിച്ച ശേഷം ഓരോ വാക്കിൻ്റെയും അർത്ഥം പറഞ്ഞാണ് സ്വാമി വ്യാഖ്യാനത്തിലേക്ക് കടക്കുന്നത്. ഓരോ വാക്യത്തിലും സ്വാമിയുടെ ഗാഢമായ ഗുരുസ്മരണയും ഗുരുഭക്തിയും ഗുരുചിന്തയും അലയടിക്കുകയാണ്. 

ഗുരു സമൂഹത്തിൽ എങ്ങനെ പ്രത്യക്ഷമായ അനുഭവമാകുന്നു എന്നതിന് സ്വാമി നൽകുന്ന വിശദീകരണത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം :അവിടുത്തെ അൻപ് ജനകോടികൾക്ക് ശുഭവും ഭൗതികവും ആത്മീയവുമായ പുരോഗതി കൈവരിക്കുവാൻ പര്യാപ്തമായി .അതിൻ്റെ പ്രതിഫലനമെന്നോണം അനേകങ്ങൾക്ക് ആത്മാനുഭൂതി ഉളവായി. "


ശ്രീനാരായണദർശനം ആശാൻ്റെ ഗുരുസ്തവത്തിലൂടെ 
(പഠനം)
സച്ചിദാനന്ദ സ്വാമി 
ഗായത്രി ആശ്രമം ,ചാലക്കുടി
വില : 50/

രാമൻ ഇളയത് കേരളത്തിൻ്റെ പ്രബുദ്ധമനസിൻ്റെ പ്രതീകം :എം.കെ.ഹരികുമാർ


a

വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. അഡ്വ.കെ.എ. ബാലൻ ,പി.സുജാതൻ എന്നിവർ സമീപം .


റിപ്പോർട്ട് :എൻ.രവി

തൃപ്പൂണിത്തുറ: തിരുവിതാംകൂർ രാജാക്കന്മാർ കാലത്തിൻ്റെ ചുവരെഴുത്തുകൾ മനസിലാക്കാതെ  ജാതിവിവേചനത്തിൻ്റെ അന്ധതയിലമരുകയായിരുന്നുവെന്നു വിമർശകനും സാഹിത്യകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു .

അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ 'അരികിൽ നിന്നു മുഖ്യധാരയിലേക്ക്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


തിരുവിതാംകൂർ ഭരണാധികാരികൾ പതിറ്റാണ്ടുകളായി അന്ധതയിലായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ (1787-1799) മുദ്രാവാക്യങ്ങളായ സമത്വം, സാഹോദര്യം ,സ്വാതന്ത്ര്യം പോലുള്ള ആശയങ്ങൾ തിരുവിതാംകൂറിലെ അധികാരികൾക്ക് അറിയില്ലായിരുന്നു. അവർ ലോകത്തെക്കുറിച്ച് അറിവ് നേടാത്തവരായിരുന്നു. അവർ വെറുപ്പാണ് പ്രചരിപ്പിച്ചത്. ഈഴവരോട് ഈ രാജവംശം കടുത്ത വിദ്വേഷം പുലർത്തിയതായി കാണാം. ഈഴവർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും വൈക്കം ക്ഷേത്രത്തിനടുത്തുള്ള റോഡുകളിലൂടെ  നടക്കാൻ നൂറ്റാണ്ടുകളായി അനുമതി ലഭിച്ചിരുന്നില്ല .ഇതിൽ പ്രതിഷേധിച്ച്, സ്വാതന്ത്രരാകാൻ മോഹിച്ച ഇരുനൂറ് ഈഴവ യുവാക്കൾ 1806 ൽ വൈക്കത്തെ നിരോധിത റോഡിലൂടെ സഞ്ചരിക്കുമെന്ന് അധികാരികളെ അറിയിച്ച ശേഷം അവിടേക്ക് മാർച്ച് ചെയ്തു. എന്നാൽ ആ മാർച്ച് കാണാൻ വേലുത്തമ്പി ദളവ നേരിട്ടെത്തി .അദ്ദേഹം ആ ഇരുനൂറ്  പേരെയും രാജാവിൻ്റെ കുതിരപ്പട്ടാളത്തെ ഉപയോഗിച്ച് നേരിട്ടു. ആ യുവാക്കളെ വെട്ടിക്കൊന്നു കുളത്തിൽ താഴ്ത്തുകയാണ് ചെയ്തത്.അതാണ് പിന്നീട് ദളവാക്കുളം എന്നറിയപ്പെടുന്ന.ത് ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു ഭരണാധികാരി തയ്യാറാവുന്നത് ലോകാവബോധമില്ലാത്തതു കൊണ്ടാണ്. ലോകം എങ്ങനെ ജ്ഞാനോദയത്തിലേക്ക് വളരുന്നുവെന്നു അറിയാത്തവരാണ്. ഫ്രഞ്ച് നവോത്ഥാനത്തെ കുറിച്ചും ബോധോദയത്തെക്കുറിച്ചും തിരുവിതാംകൂർ ഭരണാധികാരികൾക്ക് ഒന്നുമറിയില്ലായിരുന്നു. മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥം അവർക്കറിയില്ലായിരുന്നു .ശ്രീനാരായണഗുരു മനുഷ്യൻ എന്നു പ്രയോഗിക്കുന്നത് പ്രത്യേക അർത്ഥത്തിലാണ്. മതമേതായാലും  മനുഷ്യൻ നന്നായാൽ മതി എന്നു പറയുമ്പോൾ അവിടെ ഒരു 'മനുഷ്യനു'ണ്ട്. ആ 'മനുഷ്യൻ' അനുകമ്പയുള്ളവനാണ്. അനുകമ്പയില്ലാത്തവനെ ഗുരു നാറുന്ന ഉടൽ എന്നാണു വിളിച്ചത് -ഹരികുമാർ  പറഞ്ഞു.


തിരുവിതാംകൂർ രാജാക്കന്മാർ ഈഴവരെ നിരന്തരമായി വേട്ടയാടിയെന്ന് ഹരികുമാർ പറഞ്ഞു. ഡോ. പല്പു എം.ബി.ബി.എസ് പാസായിട്ടും തിരുവിതാംകൂർ സർക്കാർ ജോലി കൊടുത്തില്ല. പല്പുവിൻ്റെ
അച്ഛനും ജോലി നിഷേധിക്കപ്പെട്ടിരുന്നു.പല്പുവിൻ്റെ മകൻ നടരാജഗുരുവിനും ജോലി നല്കിയില്ല . ഒരു വീട്ടിലെ മൂന്നു തലമുറയിൽപ്പെവർക്ക് ജാതിയുടെ പേരിൽ ജോലി നല്കാത്ത തിരുവിതാംകൂർ രാജകുടുംബത്തെ അന്ധതയുടെ പ്രതീകമായേ കാണാനൊക്കൂ .

വൈക്കം സത്യാഗ്രഹത്തിലേക്ക് നയിച്ചത് നയിച്ചത് ഈഴവരുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും അസ്പൃശ്യതയായിരുന്നു. വഴിനടക്കാൻ  രാജാവ് സമ്മതിക്കുകയില്ല. വഴി നടന്നാൽ അവരുടെ പട്ടാളം വെട്ടിക്കൊല്ലും. 1917 ൽ കുമാരനാശാൻ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. ഫലമുണ്ടായില്ല. ടി.കെ.മാധവൻ ഈ പ്രശ്നം പരിഹരിക്കാനായി രാജാവിനെ കാണാൻ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ദിവാനെ കണ്ട് ഈ കാര്യം പറഞ്ഞു. ഇവിടെ ഇങ്ങനെ പോയാൽ ജീവിക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞപ്പോൾ, എങ്കിൽ നാടുവിട്ടു പോകാനാണ് ആദിവാൻ ദിവാൻ ഉപദേശിച്ചത്. ഏത് യുഗത്തിലാണ് ആ ദിവാൻ ജീവിച്ചത്? ഫ്രഞ്ച് വിപ്ലവത്തിലൂടെ  സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ യുഗം ആവിഷ്കരിച്ചത് അവർ അറിഞ്ഞിരുന്നില്ല -ഹരികുമാർ പറഞ്ഞു. 


ഈഴവരെ രാജകുടുംബം അകറ്റി നിർത്താൻ കാരണം ജാതിമാത്രമാണെന്ന് കരുതാനാവില്ല.  ഈഴവർ ആവശരായിരുന്നുവെന്ന് പറയാനാവില്ല.അക്കാലത്ത് ഈഴവർക്കിടയിൽ ധാരാളം സംസ്കൃത പണ്ഡിതന്മാരും ആയുർവേദ വൈദ്യന്മാരും ഉണ്ടായിരുന്നു. ചാന്നാന്മാർക്കിടയിൽ എത്രയോ ഭൂവുടമകളും സമ്പന്നരും ഉണ്ടായിരുന്നു! ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് സമ്പത്ത് മാത്രമല്ല ആൾബലവുമുണ്ടായിരുന്നു. ശ്രീനാരായണഗുരു പഠിക്കാനായി വന്ന വാരണപള്ളി തറവാടിനു നല്ല ധനശേഷിയുണ്ടായിരുന്നു. ഈഴവരുടെ ഉല്പതിഷ്ണുത്വവും അനീതിക്കെതിരായ പോരാട്ടവും അവരെ അധികാരികൾക്ക് അപ്രിയരാക്കിയിട്ടുണ്ടാവും.വൈക്കം സത്യാഗ്രഹം ഒരു വലിയ ജനവിഭാഗത്തെ അരികിൽ നിന്ന് മുഖ്യധാരയിലെത്തിച്ചു. വൈക്കത്ത്  സമരം ചെയ്തവർ ജാതി നോക്കിയിട്ടില്ല.വിവിധ ജാതികളിൽപ്പെട്ടവർ ആ സമരത്തിൽ പങ്കെടുത്തു. ഈഴവർക്ക് വേണ്ടി മറ്റു വിഭാഗങ്ങൾ സമരത്തിലേക്ക് ആകൃഷ്ടരായി. കൂത്താട്ടുകുളത്ത് നിന്നു വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പോയ രാമൻ ഇളയതിനെ മറക്കാനാവില്ല. അദ്ദേഹത്തിൻ്റെ കണ്ണിൽ അധികാരികൾ ചുണ്ണാമ്പെഴുതി. രാമൻ ഇളയത് അന്ധനായി .എന്തിനാണ് രാമൻ ഇളയത് അന്ധനായതെന്ന ചോദ്യത്തിനു ഉത്തരം തേടിയാൽ വൈക്കം സത്യാഗ്രഹത്തിൻ്റെ മാത്രമല്ല  കേരളത്തിന്റെ തന്നെ ഉന്നതമായ മനസ് കാണാം. അനീതിക്കെതിരെ പ്രബുദ്ധരായവർ ഒന്നിക്കുന്ന ചിത്രമാണവിടെ തെളിയുന്നത്. ഫ്രഞ്ച് വിപ്ലവത്തിലും അത് കാണാം. ചക്രവർത്തിക്കെതിരെ ഫ്രാൻസിൽ പോരാടാനിറങ്ങിയത് മുതലാളിമാരും ബുദ്ധിജീവികളുമാണ്. അതിൻ്റെ ഗുണഭോക്താക്കൾ പ്രധാനമായും അടിമകളും കർഷകരുമായിരുന്നു. ഇങ്ങനെയാണ് സമരങ്ങൾ  ഉണ്ടാകേണ്ടത്. വൈക്കം സത്യാഗ്രഹം ഹിന്ദുവിഭാഗത്തിലെ ഉത്പതിഷ്ണുക്കളെ അനീതിക്കെതിരെ ഒന്നിപ്പിച്ചു എന്നത് വലിയ കാര്യമാണ്. കോൺഗ്രസിന്റെ അയിത്തോച്ചാടന സമരത്തിൻ്റെ ഭാഗമായി വൈക്കത്ത് ജാഥ നടത്താൻ തീരുമാനിച്ചപ്പോൾ അതിനെതിരെ പരാതിയുമായി യാഥാസ്ഥിതിക ഹിന്ദുക്കൾ വന്നതിന്റെ അർത്ഥമെന്താണ്?

ഒരു വിഭാഗം ഹിന്ദുക്കൾ എല്ലാ മാറ്റങ്ങൾക്കും എതിരായിരുന്നു. അവിടെയാണ് നീതിക്കുവേണ്ടി ജാതി വ്യത്യാസം മറന്ന് ഒരു വലിയ വിഭാഗം ജനങ്ങൾ ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക് വരുന്നത്. ഇത് പിന്നീട് കേരളത്തിൻ്റെ വീക്ഷണത്തിൽ വലിയ മാറ്റം സൃഷ്ടിച്ചു - ഹരികുമാർ ചൂണ്ടിക്കാട്ടി.

അരികിൽ നിന്നു മുഖ്യധാരയിലേക്ക് ഒരു വലിയ വിഭാഗം എത്തിച്ചേർന്നു എന്നത് സത്യമാണ്. എന്നാൽ ആ വലിയ ആൾക്കൂട്ടം ഇപ്പോൾ ഇവിടെ തങ്ങളുടെ ഭൂതകാലത്തിലെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കാനാവാത്ത സാഹചര്യത്തിലാണ്. അവർക്ക് ഒരു പത്രമോ വാരികയോ പ്രസാധനശാലയോ സാംസ്കാരിക സംഘടനയോ ഇല്ല.

a




കേരളത്തിലെ നവീന മാധ്യമപ്രവർത്തനം ചിന്തകളിൽ നിന്നും ആശയങ്ങളിൽ നിന്നും അകന്നു പോവുകയാണ് .അറിവിൻ്റെയും  ജ്ഞാനത്തിന്റെയും ശോഭയുള്ള ഒരു വാക്യം പോലും ഇന്ന് ജേർണലുകളിൽ വരില്ല. വിപ്ളവത്തെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു  പറഞ്ഞത് ശ്രദ്ധേയമാണ്: സൗന്ദര്യത്തിനു വിപ്ലവം സൃഷ്ടിക്കാനാവില്ല; എന്നാൽ വിപ്ലവത്തിനു സൗന്ദര്യം ആവശ്യമായ ഒരു സമയം വരും. എന്താണ് ഇതിനർത്ഥം? കവിത എഴുതിയാൽ വിപ്ലവം വരികയില്ല. അതേസമയം വിപ്ലവത്തിനു സൗന്ദര്യം വേണം - മനുഷ്യമുഖം വേണം. മാനവികതയില്ലാതായാൽ വിപ്ളവം  പരാജയപ്പെടും. കമ്യുവിൻ്റെ വാചകം പോലെ ഒന്ന് മലയാളം ജേർണലുകളിൽ വരാൻ പ്രയാസമാണ്. ഇവിടെ ഗൗരവമായി എഴുതിയാൽ, അഗാധമായി ചിന്തിച്ചാൽ ചില മാധ്യമങ്ങൾ നന്മെ നോട്ടപ്പുള്ളിയാക്കുകയോ പിന്നാലെ  നടന്ന് തമസ്കരിക്കുകയോ ചെയ്യും.എന്നാൽ അനാവശ്യ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചർച്ച ചെയ്യുകയാണെങ്കിൽ നിങ്ങൾ ഏവർക്കും സ്വീകാര്യനാവും.  ഇതാണ് ഇന്നത്തെ അവസ്ഥ -ഹരികുമാർ പറഞ്ഞു.

പി.സുജാതൻ മോഡറേറ്ററായിരുന്നു.

Sunday, October 29, 2023

പ്രബുദ്ധതയ്ക്ക് ജാതിയില്ല :എം.കെ.ഹരികുമാർ


പാലക്കുഴ ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സ്മൃതി യാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു



റിപ്പോർട്ട്: എൻ.രവി



പാലക്കുഴ (കൂത്താട്ടുകുളം): പ്രബുദ്ധതയ്ക്ക് ജാതിയില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ പാലക്കുഴ  മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന വൈക്കം സത്യാഗ്രഹ സ്മൃതിയാത്രയുടെ  ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈക്കം സത്യാഗ്രഹം കേരളത്തിൻ്റെ  യഥാർത്ഥ മനസ്സ് കാണിച്ചുതരുകയാണ്. വൈക്കത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള  സമരമായിരുന്നില്ല അത്. ക്ഷേത്രത്തിന് ചുറ്റമുള്ള റോഡിലൂടെ നടക്കാൻ വേണ്ടിയായിരുന്നു ആ സമരം. ഈഴവർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുമായിരുന്നു വിലക്ക്. വിലക്ക് ലംഘിച്ച ഇരുനൂറ്റി അറുപത് യുവാക്കളെ ദിവാൻ്റെ പട്ടാളം വെട്ടിക്കൊന്നു കുഴിച്ചുമൂടുകയാണ് ചെയ്തത് .വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആ സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്. യുവാക്കളെ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയ സ്ഥലം  ദളവാക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡിലൂടെ ശ്രീനാരായണഗുരു വന്നപ്പോൾ അധികാരികൾ തടഞ്ഞതാണ് വൈക്കം സത്യാഗ്രഹസമരത്തിൻ്റെ ബീജമായി മാറിയത്. ഗുരു ഈ സംഭവത്തെക്കുറിച്ച് ടി.കെ.മാധവനുമായി സംസാരിച്ചു. അതിനെ തുടർന്നാണ് മാധവൻ  മഹാത്മാഗാന്ധിയെ കണ്ട് വൈക്കത്തെ കാര്യങ്ങൾ ചർച്ച ചെയ്തത്. താഴ്ന്ന ജാതിക്കാരുടെ അവകാശത്തിന് വേണ്ടിയുള്ള സമരത്തിൽ പാലക്കുഴയിൽ നിന്ന് രാമൻ ഇളയതിനെ പോലുള്ളവർ പങ്കെടുത്തത് സമൂഹത്തിലെ പ്രബുദ്ധരുടെ അണിചേരലായി കാണാവുന്നതാണ് .കേരളീയ സമൂഹത്തിൻ്റെ ഉല്പതിഷ്ണുത്വം അതായിരുന്നു. അധ:സ്ഥിത ജനതയോട് കൂറ് പ്രഖ്യാപിക്കാൻ പ്രബുദ്ധരായവർ ഒന്നിക്കുകയാണ്. ഇതാണ് മഹത്തായ സംസ്കാരം. പ്രബുദ്ധതയ്ക്ക് ജാതിയില്ല എന്ന സത്യമാണ് ഇവിടെ തെളിയുന്നത് -ഹരികുമാർ പറഞ്ഞു.

രാമൻ ഇളയത് പാലക്കുഴക്കാരനാണ്. അദ്ദേഹം നമുക്ക് പ്രചോദനമാകണം. അദ്ദേഹം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് പീഡനങ്ങൾ ഏറ്റവനാണ്. അദേഹത്തിൻ്റെ കണ്ണിൽ അധികാരികൾ ചുണ്ണാമ്പ് എഴുതി കാഴ്ചശക്തി നശിപ്പിച്ചു .അനീതിക്കെതിരെ സമരം ചെയ്ത് അന്ധനായ രാമൻ ഇളയതിൽ നിന്നു നാം പ്രചോദനം നേടണം .ജീവിതത്തിൽ  നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളത്തിന് അത് അന്യമല്ല. മഹാനായ എഴുത്തുകാരൻ കേശവദേവ് അത് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം അധ:സ്ഥിതവിഭാഗങ്ങൾക്ക് വേണ്ടി പോരാടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേശവദേവിനു  എഴുതാൻ പത്രമോ പ്രസംഗിക്കാൻ വേദിയോ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു.'ഓടയിൽ നിന്ന് 'എഴുതുന്ന സമയത്ത് അദ്ദേഹത്തിന് പ്രസാധകനോ പത്രമോ ഇല്ലായിരുന്നു.  ദേവ് അറബിക്കടലിൽ ഒളിവിൽ താമസിച്ചിട്ടുണ്ട്. തേങ്ങാപ്പൂളും വെളളവുമായിരുന്നു ഭക്ഷണം .പൊലീസുകാർക്ക് പോലും ദേവിനെ പേടിയായിരുന്നു. ഈ  സന്ദർഭത്തിൽ വി.ടി.ഭട്ടതിരിപ്പാടിനെ ഓർക്കുകയാണ്.വി.ടിയുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം എഴുതിയ  ലേഖനങ്ങളുടെ കൈയെഴുത്ത് കോപ്പി കാണിച്ചു തന്നത് അദ്ദേഹത്തിൻ്റെ മകൻ വാസുദേവനാണ്.വി.ടി. നമ്മുടെ കേരളത്തിൻ്റെ മനസ് പ്രതിനിധീകരിക്കുന്നു. അത്  അനർഘമായ നിമിഷമായിരുന്നു - ഹരികുമാർ പറഞ്ഞു.


ഇപ്പോൾ കവികൾ വളരെ സുരക്ഷിതമായ പാതയാണ് തേടുന്നത്.എഴുതാൻ പ്രചോദനം വേണ്ടാതായിട്ടുണ്ട്. അധികാരമുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതുന്നവരെ കാണാം. ഒരു കാലത്ത് കൂത്താട്ടുകുളത്ത് സി.ജെ. സ്മാരക സമിതിയുടെ പ്രസംഗപരിപാടികൾ ഒരു രൂപ ടിക്കറ്റെടുത്താണ് ആളുകൾ കേട്ടിരുന്നത്. കേരളത്തിൽ ഒരിടത്തും ഒരു രൂപ ടിക്കറ്റ് വച്ച് ആരും പ്രസംഗിച്ചിട്ടില്ല. സാധാരണക്കാർ ആ  പ്രസംഗങ്ങൾ കേൾക്കാൻ ഒരു രൂപ ടിക്കറ്റെടുത്തു .അവരുടെ വികാരവും രോമാഞ്ചവുമായിരുന്നു അത്.  കേരളത്തിലെ പ്രഗൽഭരായ എഴുത്തുകാർ ആ യോഗങ്ങളിൽ പ്രസംഗിച്ചു .ജി.ശങ്കരക്കുറുപ്പ്, വൈക്കം ചന്ദ്രശേഖരൻനായർ, എസ്. ഗുപ്തൻ നായർ തുടങ്ങിയവർ വന്നത് ഓർക്കുകയാണ്. വൈക്കത്തിൻ്റെ  പ്രസംഗം ഒരു നല്ല പാട്ടു കേൾക്കുന്ന പോലെയാണ്. അത്രയും ഹൃദ്യമായ പ്രസംഗം കേൾക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ കൂത്താട്ടുകുളത്ത്  ഒരു സാഹിത്യപരിപാടിയും നടക്കാറില്ല .ഒരു പുസ്തകപ്രകാശനം പോലും നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കൂത്താട്ടുകളത്ത് ഒരു സാഹിത്യസമ്മേളനം നടത്തണം -ഹരികുമാർ പറഞ്ഞു. 

a




പാലക്കുഴ പഞ്ചായത്ത് കെ.എ.ജയ അത്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് മെമ്പർ ജിബി സാബു, വെണ്ണല മോഹൻ, കെ.ജി.വിജയൻ ,സതീഷ് ബാബു ,എൻ.സി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഡിസംബർ ഒന്നു മുതൽ പത്തു വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തകോത്സവം .

Saturday, October 21, 2023

ഭാഷയുടെ അന്ധമായ ആവർത്തനം ദുസ്സഹമായി: എം.കെ ഹരികുമാർ



റിപ്പോർട്ട് :എൻ. രവി

കാവ്യസാഹിതി കൊച്ചി കലൂർ റിന്യുവൽ സെൻ്ററിൽ നടത്തിയ ദ്വിദിന സാഹിത്യക്യാമ്പിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. എം.തോമസ് മാത്യു ,ശ്രീകണ്ഠൻ കരിക്കകം ,മോഡറേറ്റർ ഷിബു എസ്.ബി എന്നിവർ സമീപം




കൊച്ചി: ഇന്നത്തെ സാഹിത്യരചനകളിൽ പൂർവ്വകാലങ്ങളിൽ ഉപയോഗിച്ച ഭാഷയുടെ, പ്രയോഗങ്ങളുടെ അന്ധമായ ആവർത്തനം അതിരുവിട്ടിരിക്കുകയാണെന്നു നോവലിസ്റ്റും സാഹിത്യവിമർശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

മലയാള കാവ്യസാഹിതിയുടെ നേതൃത്വത്തിൽ കൊച്ചി കലൂർ റിന്യുവൽ സെൻ്ററിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ (സാഹിത്യ സർഗാരാമം 2023)പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഭാഷ നമ്മുടേതല്ലാതായി മാറുകയാണ്. തൊണ്ണൂറ് ശതമാനം പ്രയോഗങ്ങളും മുമ്പ് പലരും ഉപയോഗിച്ചതാണ്. അതുകൊണ്ട് അത് വീണ്ടും ആവർത്തിച്ചുപയോഗിക്കുമ്പോൾ ചിന്ത നഷ്ടപ്പെടുന്നു. സ്വന്തം ഭാഷ എന്ന  സ്വപ്നത്തിനു വേണ്ടി എത്ര വർഷം അധ്വാനിച്ചാലും കുഴപ്പമില്ല. മഹാനായ സാഹിത്യകാരൻ ജോർജ് ഓർവെൽ പന്ത്രണ്ടു വർഷമെടുത്താണ് തൻ്റെ ശൈലി സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടുണ്ട് -ഹരികുമാർ പറഞ്ഞു.

മഹത്തായ കൃതികൾ വെട്ടിച്ചുരുക്കി പ്രസിദ്ധീകരിക്കുന്ന കാലമാണിത്.ഈ  സംഗ്രഹീത പുനരാഖ്യാനം സാഹിത്യകൃതികളെ വായനക്കാരിൽ നിന്നകറ്റും. ചങ്ങമ്പുഴയുടെ 'പാടുന്ന പിശാച്' വെട്ടിച്ചുരുക്കി പ്രസിദ്ധീകരിച്ചത് ഓർക്കുകയാണ്.ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാർ' ആയിരം  പേജുള്ള നോവലാണ് .അത് നൂറ് പേജിലേക്ക് ചുരുക്കി പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ട്. കഥ മനസിലാക്കാനുള്ള വെമ്പലാണ് ഇത് വായിക്കുന്നവരിൽ കാണാനാവുന്നത്. എന്നാൽ ദസ്തയെസ്കി ഉയർത്തുന്ന ആശയങ്ങൾ ഉൾക്കൊള്ളാൻ ആ  കൃതിയുടെ സംഗ്രഹീത പുനരാഖ്യാനത്തിനു കഴിയില്ല.വായനക്കാരായ നിങ്ങൾ എന്തുകൊണ്ട് അതിനെ എതിർത്തില്ല ?.ബൈബിളിൽ പോലും ഇല്ലാത്ത മതദ്രോഹ വിചാരണയാണ് നോവലിൽ അവതരിപ്പിക്കുന്നത്. അതിൽ യേശുവിനെ നിശിതമായി വിചാരണ ചെയ്യുകയാണ്. ആ വിചാരണ വളരെ ദൈർഘ്യമേറിയതാണ്. ചിന്തയെ പിളർക്കുകയും വീണ്ടും പിളർക്കുകയും ചെയ്യുന്ന രീതിയിലാണ് അത് പുരോഗമിക്കുന്നത്. സാഹിത്യത്തിൻ്റെ മഹത്തായ അനുഭവം നാം  നേരിട്ടറിയേണ്ടതാണ്. സംഗ്രഹീത പുനരാഖ്യാനത്തിൽ അത് സാധ്യമാവുകയില്ല .
സാഹിത്യകലയിൽ വായനയും ക്രാഫ്റ്റും പ്രധാനമാണ്. വായിക്കുന്നത് പെട്ടെന്ന് നമ്മെ ഉണർത്തണമെന്നില്ല .ദീർഘിച്ച കാലയളവിൽ വായിക്കുകയാണെങ്കിൽ ജീവിതത്തെക്കുറിച്ച് കുറച്ചൊക്കെ  ഗ്രഹിക്കാനാവും. ഹെമിംഗ്വേയുടെ  കൃതികൾ ,അഭിമുഖങ്ങൾ തുടങ്ങിയവ വായിക്കുകയാണെങ്കിൽ അത് സാഹിത്യരചനയുടെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അത് നമ്മെ ഉദ്ബുദ്ധരാക്കും. വായന ,രചന എന്നീ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനമായി തോന്നിയത് ഒരാൾ എഴുതുന്ന കഥയുടെ ആദ്യ കോപ്പി പ്രസിദ്ധീകരിക്കരുതെന്ന ഉപദേശമാണ്. വീണ്ടും വീണ്ടും തിരുത്തി എഴുതണം. ഒരു നല്ല വാക്യം ഉണ്ടാവണം. ഹെമിംഗ്വേ തൻ്റെ കൃതികൾ പല തവണ പകർത്തി എഴുതിയ കാര്യം സൂചിപ്പിക്കുന്നുണ്ട് .A Farewel to Arms എന്ന നോവൽ അമ്പതു തവണ തിരുത്തിയെഴുതിയതായി അദ്ദേഹം അറിയിക്കുന്നു .പത്തു കഥകൾ എഴുതിയാൽ പത്തും അദ്ദേഹം പ്രസിദ്ധീകരിക്കുകയില്ല. ഒരെണ്ണം തിരഞ്ഞെടുത്ത ശേഷം ബാക്കി ഉപേക്ഷിക്കുമത്രേ .ഇത്രയും പരിപാവനമായി ,ആത്മാർത്ഥമായി തൻ്റെ മാധ്യമത്തെ സ്നേഹിക്കുന്ന എത്രപേരുണ്ടാവും? -ഹരികുമാർ ചോദിച്ചു.

ഹെമിംഗ്വേയുടെ നിലപാടുകളും ചിന്തകളും പുതിയ തലമുറ നിശ്ചയമായും മനസ്സിലാക്കണം. 'കിഴവനും കടലും' എന്ന നോവൽ മനുഷ്യൻ്റെ ശക്തിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന ചിലരുടെ വാദം അപ്രസക്തമാണ്. മനുഷ്യനു മാത്രം എന്താണ് അഹങ്കരിക്കാനുള്ളത് ? അങ്ങനെയൊരു ഉദ്ദേശമല്ല ഹെമിംഗ്വേ യ്ക്കുണ്ടായിരുന്നത് .അദ്ദേഹം മനുഷ്യൻ എന്ന ജീവിയിലെ മൃഗത്തെ തുറന്നു കാണിക്കുകയാണ്.കടലിൽ ഉല്ലാസത്തോടെ നീന്തിത്തുടിച്ച് കഴിഞ്ഞ ഒരു വലിയ മത്സ്യത്തെ ബന്ധിച്ച ശേഷം ഇരുമ്പു ദണ്ഡുകൊണ്ട് കുത്തിയും ഇടിച്ചും പക പോക്കുകയാണ് ആ വൃദ്ധൻ . എന്നിട്ടും അയാളുടെ ക്രോധം അടങ്ങുന്നില്ല. ഒടുവിൽ കരയ്ക്കെത്തുമ്പോൾ അയാളോടൊപ്പം ആ മത്സ്യമല്ല ഉണ്ടായിരുന്നത്. അതിൻ്റെ അസ്ഥികൂടമാണ്.ഇത് ക്രൂരമാണ്. ഈ ക്രൂരത നോവലിൽ അനാവരണം ചെയ്യപ്പെടുകയാണ്.മനുഷ്യൻ മനുഷ്യത്വമില്ലാത്തവനാണ്. മറ്റു ജീവികൾക്കെല്ലാം അവയുടേതായ ഒരു സ്വഭാവമുണ്ട് .അത് വിട്ടു ജീവിക്കാൻ അവയ്ക്കാവില്ല. എന്നാൽ മനുഷ്യനോ ? അവനു സ്വഭാവമില്ല. രണ്ടുപേർ ഒരുമിച്ച് കിടന്നുറങ്ങുകയാണെങ്കിൽ അതിൽ ഒരാൾ പെട്ടെന്ന് പ്രകോപിതനായി മറ്റേയാളെ കൊല്ലാനിടയുണ്ട്. കാരണം, മനുഷ്യനെ പ്രവചിക്കാനാവില്ല .ഈ മനുഷ്യനിൽ മനുഷ്യത്വം കണ്ടെത്താനാണ് വൈക്കം മുഹമ്മദ് ബഷീർ എഴുതിയത്. അദ്ദേഹത്തിൻ്റെ  'ഒരു മനുഷ്യൻ' എന്ന കഥ ഒരു മോഷ്ടാവിന്റെയുള്ളിലും മനുഷ്യത്വമുണ്ടെന്ന് കാണിച്ചുതരുന്നു. അതിലെ പ്രധാന കഥാപാത്രത്തിന്റെ പേഴ്സ് ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരുവൻ അപഹരിക്കുന്നു. ഹോട്ടൽ ബില്ല് കൊടുക്കാൻ പണമില്ലാതെ മാനേജരുടെ മുന്നിൽ ഷർട്ടഴിച്ച് നിൽക്കേണ്ടി വരുന്ന അയാളെ സഹായിക്കാൻ മുന്നോട്ടുവരുന്നത് ആ  പേഴ്സ് മോഷ്ടിച്ചയാൾ തന്നെയാണ്. ഒരു മോഷ്ടാവിൽ പോലും മനുഷ്യത്വം നിലീനമാണ് ,നിക്ഷിപ്തമാണ് എന്ന് സ്ഥാപിക്കുന്ന ബഷീറിൽ എത്രയോ വലിയ അളവിൽ മനുഷ്യത്വമുണ്ടായിരിക്കണം!.ബഷീറിൻ്റെ കഥകൾ അദ്ദേഹം സ്വയം  നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്തതിന്റെ ഫലമാണ്. 'മാന്ത്രികപ്പൂച്ച' എന്ന നോവൽ അസാധാരണവും മൗലികവുമായ ഒരു ശൈലിയിൽ എഴുതപ്പെട്ടതാണ്. ഈ ലോകത്തിൽ ഒരാൾക്കും ആ  ഭാഷയോ ശൈലിയോ സൃഷ്ടിക്കാനാവില്ല. അത്രമാത്രം സർഗാത്മകമാണത്- ഹരികുമാർ ചൂണ്ടിക്കാട്ടി. 



ഇന്നത്തെ കഥാകൃത്തുക്കൾ  കഥകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി ശരാശരിക്കഥകൾ എഴുതിക്കൂട്ടുകയാണ്. ഒരു നല്ല കഥയെഴുതാൻ ശ്രമിക്കുക.അതിനായി സൂക്ഷ്മമായി ജീവിതത്തെ മനസിലാക്കുക .കഴിയാവുന്നിടത്തോളം ,ഭാഷയെ സുന്ദരമാക്കുക.ടി. പത്മനാഭൻ്റെ 'കത്തുന്ന ഒരു രഥചക്രം ' എന്ന കഥ സുന്ദരമാണ്. ആ ഒരു കഥ മാത്രം മതി പത്മനാഭനെ അറിയാൻ. ലളിതമായി എഴുതുക എന്ന തത്ത്വത്തിൽ മാത്രം വിശ്വസിച്ചാൽ വഞ്ചിതരാകും. ഒരു നല്ല വാക്യം ലളിതമായാൽ മാത്രം പോരാ; വ്യത്യസ്തമായ അർത്ഥങ്ങൾ സൃഷ്ടിക്കാനാവണം. ഒരു വാക്യത്തെ പല രീതിയിൽ വായിക്കാനാവണം. അപ്പോഴാണ് ഒരു നല്ല വാക്യമുണ്ടാവുന്നത്. ഫ്രഞ്ച് എഴുത്തുകാരനായ സാർത്ര് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് -ഹരികുമാർ പറഞ്ഞു .

എഴുത്തുകാരൻ്റെ ശ്രദ്ധ തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങാൻ പാടില്ല.മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും തമസ്കരിക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. ആ  രാഷ്ട്രീയത്തെക്കുറിച്ച് നിങ്ങൾ എഴുതേണ്ടതുണ്ട്. അതുകൊണ്ടാണ് യു.പി.ജയരാജിൻ്റെ കഥകൾ കൂടുതൽ സാംഗത്യം നേടുന്നത്. കഥയിലെ ഒരു പരാമർശം ഓർക്കേണ്ടതാണ്:
"നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിൻ്റെ  പാവനചരിതമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും ,നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും വായിച്ച് ഹൃദിസ്ഥമാക്കി. എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യന്റെ മുതൽ അപഹരിച്ചും കള്ളച്ചൂതുകളിച്ച് സഹോദരങ്ങളെ തോൽപ്പിച്ചും കഴിഞ്ഞ അഹങ്കാരികളുടെ പതനചരിത്രമാണുള്ളതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മന:പാഠമാക്കി.എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ കള്ളച്ചൂതുകളിച്ച് തോല്പിച്ച്  അടിമകളാക്കി." ഇതുപോലുള്ള അടിച്ചമർത്തപ്പെട്ട രാഷ്ട്രീയത്തെ കണ്ടുപിടിക്കുമ്പോഴാണ് ഒരു നല്ല കഥാകൃത്തിന്റെ സാമൂഹ്യബോധം  ഉണരുന്നത്- ഹരികുമാർ പറഞ്ഞു.






പ്രൊഫ.എം.തോമസ് മാത്യു , ശ്രീകണ്ഠൻ കരിക്കകം എന്നിവർ പ്രഭാഷണം നടത്തി .വിവിധ സെഷനുകളിലായി മലയാള കാവ്യസാഹിതി പ്രസിഡണ്ട് കാവാലം അനിൽ ,ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ ,ഇ.എൻ. നന്ദകുമാർ, മുഞ്ഞിനാട് പത്മകുമാർ ,ടി.പി.ശാസ്തമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. 

a





 .

ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് എം.കെ.ഹരികുമാർ






ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും.
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്.

മറ്റൊരു രാഗം

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം "

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു. 



ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌.

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു.

വാക്കുകളാകുന്ന പന്തങ്ങൾ

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്.
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്.

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്.

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല

ആശാൻ്റെ കവിത ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്കാണ്. വീണപൂവ് ഒരു ജാതി ബോധത്തെയും ചൂണ്ടിക്കാണിക്കുന്നില്ല .നളിനിയും ലീലയും കേരളീയ സ്ത്രീകൾക്ക് മുന്നേ നടന്നവരാണ് .അവർക്ക് ജാതി ബോധമില്ല, ആത്മബോധമാണുള്ളത്. 'ദുരവസ്ഥ' ജാതിക്കാരെ തുരത്തുന്നു, ഗുരുവിൻ്റെ ഒരു മതം എന്ന ആശയം സ്ഥാപിക്കുന്നു.  ആശാൻ്റെ സീത ജാതിരഹിതമായ സ്ത്രീശരീരമാണ്. 'കരുണ'യിൽ സ്ത്രീയുടെ ഹൃദയം എന്ന ഏക ജാതി കാണാൻ കഴിവില്ലാത്ത ഉപഗുപ്തനെതിരെയാണ് ഉന്നം വയ്ക്കുന്നത് .ഇത്രയുമൊക്കെ പോരേ മലയാള കവിതയിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ ?

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു.
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്.

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്.
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്.
'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.


ആശാൻ



കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല.
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം.