Followers

Monday, December 17, 2007

ഈ രാത്രിയില്‍18 dec






ഈ രാത്രിയില്‍

ചില പക്ഷികള്‍ പറന്നുവന്നു
നിന്റെ മുഖം മറയ്‌ക്കാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു.
എന്തോ, രാത്രി
ഒരു ഭീകരാനുഭവമായി
എനിക്ക്‌ തോന്നിയില്ല.
ഏറ്റ്വും ആസ്വാദ്യകരമായ
രാത്രിക്ക്‌ നിന്റെ
ഓര്‍മ്മകള്‍ ഉണ്ടായിരിക്കും.
ഏത്‌ പകലിനെക്കാളും
സിഗന്ധിയായ നിന്റെ
ഓര്‍മ്മകള്‍ എന്നെയുംകൊണ്ട്‌
എതോ വഴിയിലൂടെ
സഞ്ചരിച്ചു.
തൃപ്തിവരാതെ.
ഉള്ളിലുള്ളത്‌ പറയുമ്പോളേതോ
സമുദ്രം വറ്റി കര വരുന്നതുപോലെ.
രാത്രി നിനക്കു വേണ്ടിയാണ്‌
എന്നിലൂടെ ദാഹിച്ചത്‌.
ഞാന്‍ ആ ദാഹത്തെയത്രയും
എടുത്ത്‌ എന്റെ മനസ്സിലിട്ടു


ഈ രാത്രിയില്‍ നിറയെ
നീയാണ്‌.
ആകാശത്ത്‌
ചാര്‍ത്തിവച്ചിരുന്ന
ചന്ദ്രന്റെ തുണ്ട്‌ നിയാണെന്നു
സങ്കല്‍പ്പിച്ച്‌ ഒരു പരമ്പരാഗത
കവിയാകന്‍ ഞാന്‍ ശ്രമിച്ചു.
യാത്രയ്‌ക്ക്‌ ഒരു സ്പന്ദനം
ഉണ്ടായിരുന്നു.
നീപറഞ്ഞ വാക്കുകളിലും,
നീ അയച്ചുതന്ന നോട്ടങ്ങളിലും
ഞാന്‍ കണ്ട
ആ ചാരനിറം മേഘങ്ങള്‍ക്ക്‌
കളിക്കാന്‍ കൊടുത്തു.
നിന്റെ മുഖം മനസ്സില്‍
ഉയരുമ്പോഴൊക്കെ
രാത്രി എങ്ങോ
തൂര്‍ന്നു വീണു.
കുപ്പിച്ചില്ലുകള്‍ പൊലെ ചിതറിയ
ഇരുട്ടിന്‍ തുണ്ടുകളെനോക്കാതെ
ഞാന്‍ മനസ്സിന്റെ ആകാശത്ത്‌
വരച്ചുവച്ച നിന്റെ
മുഖം പലവട്ടം നോക്കി



മുഖചിത്ര: വിനോദ്‌ പഴയന്നൂര്‍

എന്റെ പക്ഷിയും അവളുംdec17


എന്റെ പക്ഷിയും അവളും

അതിവേഗത്തില്‍ പറക്കുന്ന
ഒരു പക്ഷി എനിക്കുണ്ട്‌.
ഞാന്‍ നോക്കും മുമ്പേ
അതു പറന്ന് ചെന്ന് മടങ്ങും.
പക്ഷിക്കൊപ്പം പറക്കാന്‍
ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം
പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു.
ആ പക്ഷിയുടെ കണ്ണുകള്‍
എന്നേക്കാള്‍ വേഗത്തില്‍
എന്തും കൊത്തിയെടുക്കും.

അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌
കൊത്തിവലിച്ചു.
ഞാന്‍ കാണുന്നതിനുമുമ്പ്‌
അതു കണ്ടു വന്നു.
പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍
ഇനിയും തീര്‍ന്നിട്ടില്ല.
ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല.
ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍
ധ്യാന നിരതമായ ആത്മാക്കളുടെ
ഗരമാണ്‌ ആ മുഖം.
കണ്ടിട്ടും കണ്ടിട്ടും തീരാത്ത
എന്തോ ഒന്ന് .
എന്റെ പക്ഷി ആ മുഖത്തിനും
ശരീരത്തിനും ചുറ്റും
എത്രയോ വട്ടം വലം വച്ചുവെന്നോ !
ഓരോ തവണ പോരുമ്പോഴും
അവളുടെ ചാരനിറവുംക്ഷേത്രഗോപുരങ്ങളും
ശില്‍പരൂപങ്ങളും
കൂടെ കൊണ്ടുവരും.
ഞാനിതെല്ലാം എവിടെ വയ്‌ക്കും?

Friday, December 14, 2007

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.
പൂക്കളെ എനിക്കു ഇഷ്ടമല്ല,
കാരണം അത്‌ എനിക്കെല്ലാ
അന്വേഷണവും പെട്ടെന്ന്
അവസാനിപ്പിച്ചുതരുന്നു.
പൂവായി മാറുന്നത്‌ കാണാന്‍
രാത്രിയില്‍ മുറ്റത്തോ
കുളക്കടവിലോ പോകാം.
പൂ വിരിഞ്ഞു കഴിഞ്ഞാല്‍
ഞാന്‍ നിരാശനാകും.
കൊഴിഞ്ഞ പൂക്കളെക്കുറിച്ചുള്ള
ചിന്ത ആവശ്യമില്ലാതെ കടന്നു വരും.
പൂക്കള്‍ക്ക്‌ കൊഴിയാനും പാടില്ലേ ?

പൂക്കള്‍ എന്നെ ത്രസിപ്പിക്കുന്നില്ല.
എല്ലം അതുപെട്ടെന്ന്
മടക്കികെട്ടി ഒരു കൂരക്ക്‌ കീഴില്‍
നമ്മെ തളച്ചിടുന്നതായി തോന്നും.
പൂക്കളാകട്ടെ മറ്റൊരു ഭാഷയാണ്‌.
കവികളും കലാകാരന്മാരും ചേര്‍ന്ന്
പൂക്കളുടെ സകല ഭാഷയും
ഡിസൈന്‍ ചെയ്തുകഴിഞ്ഞു.
ഇനിയെന്താണ്‌ ബാക്കിയുള്ളത്‌.?

എനിക്ക്‌ ഇലകളോടാണ്‌
താല്‍പര്യം.
ഇലകള്‍
ചില രഹസ്യങ്ങളുടെ
സൂചനകള്‍ നല്‍കി
എപ്പോഴും പ്രലോഭിപ്പിക്കുന്നു.
ഇലകള്‍ അന്തിമമായി
ഒരു തീര്‍പ്പ്‌ ആര്‍ക്കും
കൊടുത്തിട്ടില്ല.
ചിലപ്പോള്‍ നാണം
മറയ്‌ക്കാനും ഇലകളേ കാണൂ.
മുഖചിത്രം: വിനോദ്‌ പഴയന്നൂര്‍

Thursday, December 13, 2007

ഈ പുല്ലുകള്‍ക്കും പ്രണയമോ?dec14



ഈ പുല്ലുകള്‍ക്കും പ്രണയമോ?




മേടുകളില്‍ തിക്കി തിരക്കി
വളര്‍ന്ന പുല്ലുകള്‍
ഏതോ അമാനുഷ ലോകത്തെ
പ്രത്യക്ഷങ്ങളോ?
പ്രണയിക്കുന്നത്‌
അവര്‍ക്ക്‌ കാമനയല്ല;
ജീവിതരീതിയാണ്‌.
ചുംബിക്കുകയും ഇണകലര്‍ന്ന്
ആടുകയും അവരുടെ
സംസ്കാരമല്ല;
പ്രാഥമിക കര്‍മ്മങ്ങളാണ്‌.
അവയ്‌ക്ക്‌ പ്രണയിച്ചുകൊണ്ടേ
വളരനാവൂ.പൊട്ടിപ്പിളര്‍ന്ന്
പോകുമ്പോഴും പ്രണയത്തിന്റെ
ശിഖരങ്ങളിലൊന്ന്
അവയുടെ ഇടത്തേ
കൈയില്‍ ഭദ്രമായിരിക്കും.

Wednesday, December 12, 2007

ഇതു പ്രണയ ഗാനമല്ല.dec13


ഇതു പ്രണയ ഗാനമല്ല.

എനിക്ക്‌ നൃത്തം ചെയ്യാന്‍
കഴിഞ്ഞെങ്കില്‍
ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം
നൃത്തം ചെയ്യുമായിരുന്നു.
എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി


എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍
ഞാന്‍ ഹൃദയനൊമ്പരങ്ങള്‍
ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ
ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌
പ്രവഹിപ്പിക്കുമായിരുന്നു.

എന്റെ ഫ്രേയിമില്‍ നിന്ന്
അവള്‍ എങ്ങനെയോ
മാറിപ്പോകുമ്പോള്‍
ഞാന്‍ പരിസരം നോക്കാതെ
കാമറയുമായി നടന്നത്‌ മിച്ചം.
അവള്‍ എതോ
ബാധയാലെന്നപോലെ
കാമറയില്‍ നോക്കിയതേയില്ല.

എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍
അവള്‍ തന്ന നല്ലഭക്ഷണം
ഞാന്‍ ആസ്വദിക്കുമായിരുന്നു.
എനിക്കു മനസ്സ്‌ വീണ്ടെടുക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍
അവള്‍ക്കായിൂരു സ്വപ്നം
ഒരുക്കുമായിരുന്നു

പ്രേമിക്കാന്‍ അറിഞ്ഞെങ്കില്‍
ഞാന്‍ അവളെ
എന്റെ സ്പര്‍ശത്തിന്റെ
അണുപ്രസരത്തിനേക്ക്‌ വലിച്ചിട്ടേനെ.
എനിക്ക്‌ സംസാരിക്കാന്‍
അറിഞ്ഞെങ്കില്‍
നല്ല വാക്കുകള്‍ കൊണ്ട്‌
അവള്‍ക്ക്‌ മിനുസമുള്ള
ഏലസ്സ്‌ പണിത്‌
അരയില്‍ കെട്ടികൊടുക്കുമായിരുന്നു



ആലിംഗനം ചെയ്യാന്‍ വശമില്ലാത്തതുകൊണ്ട്‌
അവളുടെ മുമ്പില്‍
ഒരു ധീര സാഹസിക
യോദ്‌ധാവാകാനും കഴിഞ്ഞില്ല.
മിതമായും ഹ്രസ്വമായും
പെരുമാറാന്‍ അറിയാത്തതുകൊണ്ട്‌
അവളുടെ പ്രേമത്തിന്റെ
കാര്യം മാത്രം ചോദിച്ചില്ല.
വീട്ടിലേക്കുള്ള വഴി പലപ്പോഴും
തെറ്റിപ്പോകുന്നതുകൊണ്ട്‌,
മറക്കുന്നതുകൊണ്ട്‌
അവളോട്‌ പ്രേമത്തെക്കുറിച്ച്‌
പറയുന്ന കാര്യവും മറന്നു.

പ്രേമിച്ചാല്‍ എന്തെല്ലാം
തിരിച്ചു പറയണമെന്ന്
അറിയാത്തതുകൊണ്ട്‌ ,
ഓര്‍മ്മവന്നപ്പോഴൊക്കെ
മുഖം താഴ്‌ത്തിനടന്ന്
എന്നോട്‌ തന്നെ കലഹിച്ചു.

Saturday, November 24, 2007

ഇതാ ഗായത്രിയുടെ പെയിന്റിംഗുകള്‍.

Friday, November 23, 2007

കവി കവിത ചൊല്ലണമോ? 24 nov


കവി കവിത ചൊല്ലണമോ?
കവികള്‍ എന്തിനു ചൊല്ലാണം?
എവിടെയാണ്‌ അവരുടെ ഈണത്തിന്റെ വേരുകള്‍?
അവര്‍ കണ്ടെത്തുന്ന ഈണം
വല്ലാതെ കേഴുകയാണ്‌.
ആത്മവിനാശകരമായ ഏതൊന്നിനേയോ
മഹത്വവല്‍ക്കരിക്കുക മാത്രം
ആശാനും വല്ലത്തോളും
കവിത ചൊല്ലിയതു
നമ്മെ ബാധിക്കുന്നില്ലല്ലോ.
കവികള്‍ ഏതു ഈണമാണ്‌
ഉയര്‍ത്താന്‍ ശ്രമിക്കുന്നതു?
അവര്‍ ഭൂതകാലത്തോടുള്ള
നിര്‍ലജ്ജമായ വിധേയത്വത്തെ
ചരിത്രത്തിന്റെ മന്ദഗതിയിലും
ദുഃഖത്തിലും
പാടിപ്പുകഴ്‌ത്താനണ്‌ ശ്രമിക്കുന്നത്‌.
അവരുടെ ഈണം
ഉത്തേജക ഔഷധമല്ല.
പരാജയബോധത്തിന്റെ
പ്രതിബിംബമാണ്‌.
വിട്ടുപിരിയാന്‍ കഴിയാത്ത
ഭൗതിക ബന്ധങ്ങളെ അവര്‍
ദുര്‍ഗന്ധം വമിക്കുന്ന കുപ്പികളില്‍
ഉപ്പിലിട്ടു വയ്‌ക്കുന്നു.
ഓരോ കവിയും തനിക്കു വേണ്ടി
നിര്‍മ്മിക്കുന്ന നടുവാഴിത്ത ഈണത്തിന്റെ
പ്രാക്രുത ചേരുവകള്‍ക്കായി ഭാവിയിലെ
ഏതോകുട്ടം കാതുകൂര്‍പ്പിക്കുമെന്നു
വൃഥ വിശ്വസിക്കുന്നു.ആത്മീയമോ ഭൗതികമോ
ആയ ജീവിതത്തെ സ്‌പര്‍ശിക്കാത്ത്‌
ചൊല്ലലാണിത്‌.
പുതിയ കാലത്തിന്റെ ഈണമല്ലിത്‌.
കവികള്‍ ചൊല്ലി കവിതകള്‍ക്കു
ചുറ്റും മതിലുകള്‍ തീര്‍ക്കുന്നു.
ഒരു കവിയും തന്റെ
കവിതയുടെ ടോണ്‍നിശ്ചയിക്കരുത്‌.
അതിനുള്ള അവകാശം കവിക്കില്ല.
എഴുതാന്‍ മാത്രമേ അധികാരമുള്ളൂ.
അനുവാചകനാണ്‌ കവിതയെ
നിര്‍മ്മിക്കുന്നത്‌.
കവി പറഞ്ഞ വഴിയിലൂടെപോകുന്നത്‌
പാരതന്ത്ര്യമാണ്‌.
വായനയുടെ സ്വാതന്ത്ര്യമാണ്‌ വലുത്‌.
ഇവിടെ കവിയില്ല;കവിതയേയുള്ളൂ.
അതിന്റെ ഈണം
നിശ്ചയിക്കുന്നത്‌വായനക്കാരനാണ്‌.
ഒരു പക്ഷേ , കവിത
ഏറ്റ്വും മോശമായി
ആലപിക്കുന്നതു കവികളായിരിക്കും.
ചിത്രം- കടപ്പാട്‌: സി.എന്‍. കരുണാകരന്‍.

Thursday, November 22, 2007

ഈ സംഘം ചേരല്‍ നല്ലതല്ല.23 nov


ഈ സംഘം ചേരല്‍ നല്ലതല്ല.

കേരളത്തിലെ എഴുത്തുകാര്‍ സംഘംചേരുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? വി. ദീപ, പാല.
ഉത്തരം: നമ്മുടെ എഴുത്തുകാറുടെ സംഘംചേരല്‍ വലിയ വിയപത്തായിരിക്കുകയാണ്‌. രാഷ്‌ട്രീയം, മതം, പ്രദേശം, ഉദ്യോഗം എന്നീ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ സംഘംചേരല്‍. ഏറ്റവും മോശപ്പെട്ട രചയിതാക്കള്‍ക്കും സംഘംചേരലിലൂടെ രക്ഷപ്പെടാനാകും. സംഘംചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ സംഘങ്ങളുമായി മാത്രമേ സൗഹൃദം കാണൂ. സംഘങ്ങളല്ലാത്തവരെപ്പറ്റി അരുതാത്തത്‌ പറയുകയാണ്‌ പ്രധാന ജോലി. എഴുത്ത്‌ എങ്ങനെ നന്നാക്കുമെന്ന് മാത്രം ചിന്തിക്കില്ല.
എല്ലാത്തോന്നലും കവിതയാകില്ല; ചിലര്‍ അങ്ങിനെ വിചാരിക്കുന്നുണ്ടെങ്കിലും.
തരംതാണ കവിതയൊ കഥയൊ ഒട്ടും സൃഷ്ടിപരമാകില്ല. കഥയെന്ന പേരില്‍ എന്തെങ്കിലും എഴുതിയാല്‍, അതില്‍ സൃഷ്ടിപരതയുണ്ടാകില്ല. പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകളേക്കാള്‍ എത്രയോ ഉയരത്തിലാണ്‌ കുട്ടികൃഷ്‌ണമാരാരുടെ ലേഖനങ്ങള്‍ നില്‍ക്കുന്നത്‌. ലളിതാംബിക അന്തര്‍ജനത്തിന്റെ നോവലുകളേക്കാള്‍ എത്രയോ സര്‍ഗാത്മകമാണ്‌ എം.പി. ശങ്കുണ്ണിനായരുടെ വിമര്‍ശനരചനകള്‍. ഇതിന്റെ അര്‍ത്ഥം നോവല്‍, കഥ, കവിത എന്നിങ്ങനെ കേവല സാഹിത്യരൂപങ്ങള്‍ ഉണ്ടായതുകൊണ്ട്‌ സര്‍ഗ്ഗാത്മകമാകണമെന്നില്ലെന്നാണ്‌.പാടാനായാലും വരയ്‌ക്കാനായാലും വേണ്ടത്‌ ജീവിതജ്ഞാനമാണ്‌. പരിശീലനം കിട്ടിയാല്‍ ജീവിതജ്ഞാനമുണ്ടകുകയില്ല. അതിനു വേറെ വഴിതേടണം.ജീവിതജ്ഞാനമില്ലാത്തവരുടെ ഗദ്യമോ, വാക്യങ്ങളോ വരയോ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാം. പാട്ടുകേട്ടാലും മനസ്സിലാകും. ഇതു മനസ്സിലാക്കാതെയാണ്‌, പലരും തങ്ങളുടെ രചനകള്‍ മഹത്താണെന്ന് തെറ്റിദ്ധരിച്ച്‌ പോരിനിറങ്ങുന്നത്‌.

Wednesday, November 21, 2007

പ്രണയിക്കുന്നതിനുമുമ്പ്‌22 nov


പ്രണയിക്കുന്നതിനുമുമ്പ്‌

രഘുവരന്‍ എന്റെ സീനിയറായി കോളേജില്‍ പഠിച്ചിരുന്നു. അന്നേ എഴുതുമായിരുന്നു. മലയാളം ലിപികള്‍ രഘുവരന്‍ കടലാസില്‍ എഴുതിയപ്പോഴാണ്‌ അതിന്റെ സൗന്ദര്യം കാണിച്ചുതന്നത്‌. ലിപിയോട്‌ വല്ലാത്ത ഒരാകര്‍ഷണം തോന്നിയതും അപ്പോഴായിരിന്നു.രഘുവരന്‌ കവിതചൊല്ലാന്‍ താത്‌പര്യമില്ലായിരുന്നു. ഇന്ന് ചില കവികള്‍ ചാനലുകളിലും വേദികളിലും വന്ന് എത്രയോ വിരസമായി ചൊല്ലുന്നു. സംഗീതമറിയാത്ത കവികള്‍ക്ക്‌ അവരുടെ കവിതകള്‍ക്ക്‌ വികൃതമായി ഈണം നല്‍കാനുള്ള അവകാശമില്ല.ഏറ്റവും മോശപ്പെട്ട പാട്ട്‌ ഈ നാട്ടിലെ കവികളുടേതാണ്‌.

കവികള്‍ക്ക്‌ അവരുടെ രചനകള്‍ ചൊല്ലിക്കേട്ടാല്‍ മതിയല്ലോ. അതിന്‍ ചൊല്ലാനറിയുന്നവരെ ഏല്‍പ്പിക്കുക. കവികള്‍ ദയവായി ചൊല്ലരുത്‌. അതുകൊണ്ട്‌ രഘുവരന്റെ മ നല്ല വരികളായിരുന്നു. അന്ന് രഘുവരന്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: വെറുക്കാന്‍വേണ്ടി നാം പ്രേമിക്കുന്നു.

മനോഭാവം ഉചിതമായിരുന്നെന്ന് ഇപ്പോള്‍തോന്നുന്നു. രഘുവരന്‍ പ്രേമത്തെക്കുറിച്ചാണ്‌ എഴുതിയത്‌. പലതുംഎതാനും നാളുകള്‍ക്ക്‌ മുമ്പ്‌ രഘുവരനെ കൊച്ചിയില്‍ വച്ചുകണ്ടു. പഴയ പ്രസന്നഭാവം കണ്ടില്ല. പ്രണയഭാവവും മുഖത്തുനിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. പഴയ പ്രണയകവിതകള്‍ എന്തുചെയ്‌തെന്ന് ചോദിച്ചതും രഘുവരന്‍ അതിന്റെ കാര്യം ചോദിക്കരുതെന്ന മട്ടില്‍ സങ്കടപൂര്‍വ്വം കൈതട്ടിമാറ്റി നടന്നു.പിന്നീട്‌ രഘുവരന്റെയും എന്റെയും കൂടിയായ സ്നേഹിതനെ കണ്ടപ്പോഴാണ്‌ കാര്യങ്ങള്‍ മനസ്സിലായത്‌. രഘുവരന്‍ വിവാഹം കഴിച്ചിട്ടില്ല.

അയാള്‍ ഏതോ സ്ത്രീയെ പ്രേമിച്ചിരുന്നു. എന്നാല്‍ അവള്‍ ഭര്‍ത്താവ്‌ നഷ്ടപ്പെട്ടവളായിരുന്നത്രേ. ഭര്‍ത്താവ്‌ ഇല്ലെങ്കിലും രഘുവരന്‌ അനുകൂലമായ ചില സൂചനകള്‍, നവലിബറല്‍ ആംഗ്യങ്ങള്‍ നല്‍കിയിരുന്നു.പിന്നീട്‌ എല്ലാ വാക്കുകളും ലംഘിച്ച്‌ അവള്‍ മറ്റൊരാളോടൊപ്പം ഏതോ സംസ്ഥാനത്തേക്ക്‌ പോയി. രഘുവരന്‌ നഷ്ടപ്പെട്ടത്‌ പ്രണയമല്ല; ജീവിതംതന്നെയാണ്‌. അയാള്‍ ഇപ്പോഴും തന്റെ പാല്‍സൊസൈറ്റിയിലെ ജോലിക്കാരെ നോകിയും മെഡിക്കല്‍ കോളേജിലെ ജോലിചെയ്‌തും ജീവിക്കുന്നു.


മറക്കാറൊന്നുമായിട്ടില്ല. കാരണം, അയാള്‍ എന്നും ഓര്‍മ്മകള്‍ക്ക്‌ വെറും ഭക്ഷ്യവസ്തു മാത്രമായിരുന്നല്ലോ. അയാള്‍ ഓര്‍മ്മിച്ചുകൂട്ടികൊണ്ടേയിരിക്കുന്നു. പലനിറത്തിലും വികാരത്തിലുമുള്ള വാക്കുകള്‍.കഴിഞ്ഞദിവസം അയാള്‍ എന്നോട്‌ ഫോണില്‍ വിളിച്ചുപറഞ്ഞതെല്ലാം, തെറ്റുകള്‍ മാത്രം കാണാന്‍കഴിയുന്ന ഒരുവന്റെ ന്യായവാദങ്ങള്‍ മാത്രമായി തോന്നി; കുറേ വാസ്തവങ്ങള്‍ ഉണ്ടെങ്കിലും.

"പ്രണയിക്കുന്നതിനുമുമ്പ്‌ ലൈംഗികാനുഭം ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. ലൈംഗികാനുഭവം പ്രമത്തിന്റെ കനം എത്രയുണ്ടെന്ന് ശരിക്കും ബോദ്ധ്യപ്പെടുത്തും. പ്രേമിക്കുന്ന പെണ്ണിനെ ഭാവിയിലെ ലൈംഗികവസ്തു എന്ന നിലയില്‍ സ്ഥിരനിക്ഷേപമായി കാണരുത്‌. ഈ സന്ദര്‍ഭത്തില്‍ പെണ്ണ്‍ ഭാവിക്കുവേണ്ടിയല്ലെന്നോര്‍ക്കണം. പെണ്‍നിന്‌ ഭാവി നല്‍കുമ്പോള്‍, അവള്‍ മറക്കാനാണ്‌ ശീലിക്കുന്നത്‌. അവള്‍ക്ക്‌ പ്രണയമല്ല വേണ്ടത്‌; അവളുടെ മനസ്സിനെ ബുദ്ധിമുട്ടിക്കാത്ത അനുസരണയുള്ള കുട്ടിയെമതി. ഈ കുട്ടിയാകട്ടെ, അവളുടെ സങ്കല്‍പ്പജീവീയുമാണ്‌. പ്രണയം കൊണ്ടുനടക്കാന്‍ കൊള്ളാവുന്ന നല്ല നുണയാണ്‌."


Thursday, November 15, 2007

പാഴായിപ്പോയ യുവത്വം 16-Nov


പാഴായിപ്പോയ യുവത്വം

മലയാളസാഹിത്യത്തില്‍ യുവത്വത്തെയും വാര്‍ദ്ധക്യത്തെയും എങ്ങനെ വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയുന്നു? മീനു, തൊടുപുഴ.

നമ്മുടെ സാഹിത്യത്തില്‍ ചെറുപ്പക്കാരില്ല. പ്രായംകൊണ്ട്‌ ചെറുപ്പമായവരെ ധാരാളമായിക്കാണാം. പക്ഷേ, അവരില്‍ പലരും പ്രായാധിക്യമുള്ളവരുടെ ചിന്തകളെ ലാളിച്ചുകഴിയുന്നവരാണ്‌. എന്തിനെയാണോ എതിര്‍കേണ്ടത്‌, അതുമായി അവര്‍ എളുപ്പം സന്ധിചേരുന്നു.

യഥാര്‍ത്ഥ ചെറുപ്പക്കാര്‍ ആദ്യം ഇടയുന്നത്‌ അധികാരകേന്ദ്രങ്ങളോടാണ്‌. ഇവിടെ നാം കാണുന്നതെന്താണ്‌? കൗമാരം വിട്ട്‌ പ്രഥമ കൃതിയുമായി വരുമ്പോഴേക്കും അവനെ തൂക്കിയെടുത്ത്‌ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ അവരുടെ എലിപ്പത്തായത്തിലേക്കിടും. അക്കാദമികള്‍, വന്‍ പ്രസാധകശാലകള്‍ എന്നിവയുടെ വാത്സല്യം നേടാനായി അവന്‍ പരക്കംപാഞ്ഞുതുടങ്ങും. 'വാചകമേള'കളിലും മറ്റും മുഖം കാണിക്കാനായാല്‍, അതു വലിയ നേട്ടമാണെന്ന് ഇവര്‍ കരുതുന്നു! ഇതിലൂടെ സംഭവിക്കുന്ന ആലോചനയുടെ ജീര്‍ണത, സ്വീകാര്യതയുടെ ദുര്‍മേദസ്സ്‌ ഇവരെ അലോസരപ്പെടുത്തുന്നില്ല.

പിറന്നുവീഴുന്നതുതന്നെ സര്‍ക്കാര്‍ കമ്മറ്റികളിലേക്കാണ്‌. പ്രായാധിക്യമുള്ള ചിന്തകള്‍ പേറുന്ന, വയസുള്ളവരുടെ അനുസരണയുള്ള കുട്ടികളാണ്‌ തങ്ങളെന്ന് വിശ്വസിച്ച്‌ പറയാനുള്ള ചമ്മലില്ലായ്‌മ വലിയൊരു രോഗമാണ്‌.

ചെറുപ്പം, ഈ ഭാഷയില്‍ നിഷ്‌പ്രയോജനമായി അവശേഷിക്കുന്നു. ഇതുപോലെ യുവത്വം പാഴാക്കപ്പെട്ട മറ്റൊരിടം കാണാനില്ല.

ഒരര്‍ത്ഥത്തില്‍ പ്രായമാവുന്നതാണ്‌, നമ്മുടെ സാഹിത്യത്തില്‍, ഒരാള്‍ക്ക്‌ നല്ലത്‌. ഷഷ്ടിപൂര്‍ത്തിയൊ സപ്‌തതിയോ തലയില്‍ വന്നുവീണാല്‍ എതിര്‍ക്കരുത്‌.