Followers

Saturday, December 14, 2024

ഒരു കവിയുടെ സഹജീവികളോടുള്ള സംവാദം മാർ /എം.കെ.ഹരികുമാർ

 



എം.കെ.ഹരികുമാർ


കവിയും വിവർത്തകനും എഴുത്തുകാരനുമായ സി.പി.അബൂബക്കറിൻ്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം ' എന്ന ആത്മകഥയെക്കുറിച്ച് .



ഇംഗ്ലീഷിൽ കവിതകൾ എഴുതുന്നവരുടെ ആഗോളസാഹിത്യസംഗമവേദിയായ poetry super highway യിൽ എട്ടുതവണ poet of the week ആയി  തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി.പി. അബൂബക്കറുമായി രണ്ടു ദശകത്തിനു മുമ്പുതന്നെ എനിക്ക് പരിചയമുണ്ട്. അന്ന് അദ്ദേഹം 'തണൽ ഓൺലൈൻ' വെബ് മാസികയുടെ സാരഥിയായിരുന്നു. ഞാനും പ്രവാസി നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നും ചേർന്നു 'എഴുത്ത് ഓൺലൈൻ ' മാസിക നടത്തിയപ്പോൾ ധാരാളം  കവികളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അന്ന് ഞങ്ങൾക്ക് അബൂബക്കർ പലപ്പോഴും തൻ്റെ ഇംഗ്ലീഷ് കവിതകൾ അയച്ചു
തരുമായിരുന്നു .അബൂബക്കറിന്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം'(ഗ്രീൻ ബുക്സ്) വായിക്കുകയായിരുന്നു. മനുഷ്യർക്ക് ആത്മകഥ എഴുതാനാണ് പ്രയാസം. കാരണം അത് സ്വന്തം അനുഭവങ്ങളെക്കുറിച്ചാണ്. മറ്റുള്ളവരെക്കുറിച്ച് എഴുതുമ്പോൾ നമുക്ക് നിരീക്ഷണം അനായാസമായി ലഭിക്കും. മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായാൽ മതി. എന്നാൽ  സ്വന്തം ജീവിതത്തിലേക്ക് നോക്കുന്നത് പ്രയാസമേറിയ ജോലിയാണ് .അവിടെ യുക്തിബോധം കൊണ്ടുവരുന്നത് വെല്ലുവിളിയാണ് .സ്വന്തം പ്രവൃത്തികളിലൂടെ ലോകനന്മയും വിശാലബോധവും കൈവരിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജീവിതത്തിന്റെ നിലപാടുകൾക്ക് പലപ്പോഴും ചാഞ്ചല്യമുണ്ടാകും. നമ്മൾ കല്ലുപോലെ ഉറച്ചവരല്ല. ജീവിക്കുമ്പോൾ മാനുഷികമായ  പരിഗണനകളും വേണ്ടിവരും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. അതുകൊണ്ട് എപ്പോഴും ഒരേ ചിന്തയിൽ തന്നെ തുടരാനാവില്ല.അബൂബക്കറിൻ്റെ ആത്മകഥയിൽ ഞാൻ കണ്ടത് സ്വതന്ത്രമായ ചിന്താഗതിയാണ്. അദ്ദേഹം എല്ലാ വിഭാഗീയതകൾക്കും അതീതനായി ചിന്തിക്കുകയാണ്. അദ്ദേഹം സ്വയം ഉയർത്തിക്കാണിക്കുന്നില്ല. എല്ലാവരുടെയും ഇടയിൽ ജീവിച്ച ഒരു സഹയാത്രികൻ എന്ന ഭാവം കാണാം. അദ്ദേഹം തന്നെ അത് വ്യക്തമാക്കുന്നുണ്ട്:
"ഇതിലാവിഷ്കരിക്കുന്ന ഓർമ്മകളിലെ ഞാൻ അന്ന് രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തിയ ആയിരങ്ങളിലൊരുവനാണ്. അവർക്കില്ലാത്ത സവിശേഷതകളൊന്നും എനിക്കില്ല. അവരനുഭവിച്ചത്രയൊന്നും ദുരിതങ്ങൾ, ഒരുപക്ഷേ ഞാൻ അനുഭവിച്ചിട്ടുണ്ടാവില്ല. ഈ പുസ്തകം സത്യത്തിൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനം വഴിയിലുപേക്ഷിച്ചു പോയ ഒരാൾ അതിനു ന്യായീകരണം കണ്ടെത്തുന്നതിനായി നടത്തുന്ന വൃഥായത്നമാണ്. എഴുതിക്കഴിഞ്ഞപ്പോൾ സ്വയം ചോദിച്ച ചോദ്യം ആ ന്യായീകരണം കണ്ടെത്തിയോ എന്നതാണ്. ഇല്ല എന്നു തന്നെയാണ് അതിൻ്റെ ഉത്തരം."

എഴുതാനുള്ള തീവ്രമായ ആഗ്രഹം 

ഈ തുറന്നുപറച്ചിൽ ആകർഷകമാണ്. അവകാശവാദങ്ങളില്ലാതെ അദ്ദേഹം എഴുതുകയാണ് .എൺപതിനോടടുക്കുന്ന പ്രായത്തിലും എഴുതാനുള്ള ഒരുതരം ആർത്തി തന്നെ പിടികൂടിയിരിക്കുന്നതായി അബൂബക്കർ വെളിപ്പെടുത്തുന്നുണ്ട്. "എഴുതിക്കൊണ്ട് അവസാനിക്കണമെന്നാണ് എൻ്റെ  പ്രാർത്ഥന" - എത്ര ആത്മാർത്ഥമായ വാക്കുകൾ!. സ്ഥിരമായി എഴുതുന്നവർക്കറിയാം അവരുടെ ഞരമ്പുകളെയും മനസ്സിനെയും എഴുത്ത് എത്രമാത്രം കീഴടക്കിയിരിക്കുന്നുവെന്ന്. അമെരിക്കൻ വിമർശകനായ യുജിൻ ജൊലാസ് 'ഭാഷ തനിക്ക് ഒരു ഞരമ്പുരോഗമായിത്തീർന്നു' എന്നു പ്രസ്താവിച്ചിട്ടുണ്ട്. അത്രമാത്രം അദ്ദേഹം ജീവിച്ചത് ഹൃദയത്തിലാണ്. താൻ ജീവിച്ചിരിക്കുന്നു എന്നു ഉറപ്പുവരുത്താനായി ആത്മാവിഷ്കാരത്തിൽ അദ്ദേഹം കേന്ദ്രീകരിച്ചു.

പുതുപ്പണത്താണ് അദ്ദേഹത്തിൻ്റെ ജനനം. മടപ്പള്ളി കോളജിലും ബ്രണ്ണൻ  കോളജിലുമായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം അദ്ദേഹം ഇടതുപക്ഷത്ത് സജീവരാഷ്ട്രീയപ്രവർത്തകനായി. കെ.എസ്.എഫ്,എസ്,എഫ്.ഐ എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു.തുടർന്ന് വിവിധ സാംസ്കാരിക സംഘടനകളിൽ  പ്രവർത്തിച്ചു .ചിന്ത പബ്ളീഷേഴ്സിൻ്റെ മുഖ്യപത്രാധിപരായിരുന്നു .ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നു. അബൂബക്കറിൻ്റെ 'മുറിവേറ്റവരുടെ യാത്രകൾ,' 'കടൽ' എന്നീ നോവലുകൾ ശ്രദ്ധേയമാണ്. പുതിയ മാനവിക വിഷയങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത് .ഭാരതയുദ്ധം , കുമ്പാരന്റെ പാത്രങ്ങൾ, യാത്രയ്ക്ക് മുമ്പ് , മുറിവേറ്റവരുടെ തടാകം ,ഭൂമിയുടെ കണ്ണ്, തുഗ്ളക്കിൻ്റെ പല്ല് തുടങ്ങിയ കൃതികൾക്ക് പുറമെ 'സമ്പൂർണ്ണകവിത'യും പ്രസിദ്ധീകരിച്ചു.

വ്യക്തിപരമായ ഓർമ്മകൾ ഒഴിവാക്കിയതിനെപ്പറ്റി അബൂബക്കർ പറയുന്നത് ഇതാണ് :"ചില ഓർമ്മകൾ എഴുതുന്നില്ല. വെറും വൈയക്തികമായ അനുഭവങ്ങളും അനുഭൂതികളും എഴുതി എന്തിനാണ് പേജ് നിറയ്ക്കുന്നത് ? അവയിൽ വായനക്കാർക്ക് അല്പമാത്രമായ താൽപര്യം പോലുമുണ്ടാവില്ല." തൻ്റെ വീടിനെക്കുറിച്ച് അദ്ദേഹം ഗൃഹാതുരത്വത്തോടെ എഴുതുന്നു: " വീട്ടിലെ പ്രധാന കഥാപാത്രം ഉപ്പ തന്നെ. വീടിനകത്ത് അധികാരങ്ങളെല്ലാം ഉമ്മയ്ക്ക് . ശരിക്കും വീടർ തന്നെ. പണ്ടുകാലത്ത് ഭാര്യമാരെ വീടർ എന്നു വിശേഷിപ്പിച്ചിരുന്നു. വീട് നോക്കി നടത്തുന്നയാൾ എന്ന നിലയ്ക്കാവണം അത്.കുടുംബിനിയുടെ വേറൊരു ഭാഷാപ്രയോഗം."

ഒരു കവിക്കു ആത്മകഥയിൽ കവിതയെക്കുറിച്ച് ആത്മഗതമുണ്ടാകുന്നത് സ്വാഭാവികമാണ് .കോളജു ക്ളാസുകളിൽ ആംഗലേയകവിത പഠിച്ചതിൻ്റെ രാഗവിലോലസ്മൃതികൾ ഗ്രന്ഥകാരനു ഒഴിവാക്കാനാവില്ല. ബ്രൗണിംഗിൻ്റെ The Last Ride together, റൂപർട്ട് ബ്രൂക്കിൻ്റെ Great Lover, വിൽഫ്രഡ് ഓവൻ്റെ Insensibility, വില്യം വേർഡ്‌സ്വർ ത്തിൻ്റെ Daffodiles(Solitary Reaper?) ഷെല്ലിയുടെ Skylark ഇവയൊക്കെയാണ് പഠിച്ചത്. നിലനിറത്തിലുള്ള മേഘക്കാടുകൾ, കമ്പിളി സ്പർശങ്ങൾ ,മഞ്ഞലയിലുണ്ടാകുന്ന കാൽപ്പാടുകൾ, നീർക്കുഴികൾ നിറയെ ലഭിച്ച ഭൂതകാലം;ഇവ ഓർത്തുകൊണ്ട് ഭാവിയിൽ എന്താകുമെന്നും മരണാനന്തരം ഏതൊരിരുട്ടാണ്  തന്നെ നേരിടുകയെന്നും അസ്വസ്ഥമാവുന്ന ഒരു മനസ്സാണ് റൂപർട്ട് ബ്രൂക്കിൻ്റെ കവിതയിലുള്ളത്. റോബർട്ട് ബ്രൗണിങ്ങിന്റെ നാടകീയ സ്വഗാതാഖ്യാനങ്ങളിലൊന്നാണ് The last Ride Together. വികാരവിക്ഷുബ്ധവും സ്മരണകളുണർത്തുന്നതുമായ  ഒരവസാന യാത്രയ്ക്കായി തന്റെ കാമിനിയോടഭ്യർത്ഥിക്കുന്ന കവിതയാണത്. ഒരുമിച്ചുള്ള ഈ യാത്ര, അവസാനയാത്ര ഒരിക്കലുമവസാനിക്കല്ലേയെന്ന  മോഹമാണ് കവിക്കുള്ളത്. "

ഇതൊക്കെയാണ് ഒരു ആത്മകഥയെ അർത്ഥവത്താക്കുന്നതെന്ന് എനിക്ക് തോന്നുന്നു .കാപ്പി കുടിച്ചതും ഊണുകഴിച്ചതും സവാരി ചെയ്തതും എഴുതുന്നതിൽ യാതൊരു താൽപര്യമില്ല അബൂബക്കറിന്. അദ്ദേഹം ഒരു സീരിയസ് കവിയാണ്, എഴുത്തുകാരനാണ് .ആ സീരിയസ്സ്നസ് ഈ ആത്മകഥയിലുണ്ട്. 

പറന്നു പോയ ദിനങ്ങൾ 

പേരാമ്പ്രയിലെ സുഹൃത്‌സംഗമങ്ങൾ ഗ്രന്ഥകാരന്റെ മനസ്സിൽ ഇപ്പോഴും വികാരാവേശമായി നിലനിൽക്കുന്നുണ്ട്.ഒരാളെ ജീവിപ്പിച്ചത് എന്തായിരിക്കും? സങ്കടങ്ങളാണോ? സങ്കടങ്ങൾ തീർച്ചയായും നമ്മെ ഉരുക്കുന്നുണ്ട്, മാറ്റിമറിക്കുന്നുണ്ട്. സങ്കടങ്ങൾ നമുക്ക് ശുദ്ധിനേടാനുള്ള അവസരമാണ്. സങ്കടങ്ങളിലൂടെ മനസിലെ മാലിന്യം നീങ്ങുകയാണ്. സങ്കടങ്ങളുടെ ഓർമ്മകളിൽ നിന്നു പ്രതീക്ഷകളിലേക്കാണ് ഉയരാനുള്ളത്. അബൂബക്കറിന്റെ ആത്മകഥയിൽ ഇതു നിഴലിക്കുന്നുണ്ട്. പറന്നുപോയ ദിനങ്ങൾ മനസ്സിൽ ഒരു ശാന്തിതീരം സൃഷ്ടിച്ചിരിക്കുന്നു. വ്യർത്ഥതയ്ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഊർജം അതിലുണ്ട്.

പേരാമ്പ്രയിലെ സുഹൃത്തുക്കളോടൊപ്പം സഹവസിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു: " കവിതയുടെ റിപ്പബ്ലിക്കിൽ നിന്നു പുറത്തുപോകാൻ ഒരിടമുണ്ടായിരുന്നില്ല .ചിലപ്പോൾ നിശ്ശബ്ദവും ചിലപ്പോൾ ശബ്ദമുഖരിതവുമായ പോരാട്ടങ്ങളുടെ വഴികളിലൂടെയാണ് ചരിച്ചുകൊണ്ടിരുന്നത്. സമൂഹമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിനു ഏത് ജീവിതവും മതിയാവും .എല്ലാ മനുഷ്യരും നല്ല ജീവിതം ആഗ്രഹിക്കുന്നുണ്ട്. വിദ്യാർഥിയായാലും അദ്ധ്യാപകനായാലും തൊഴിലാളിയായാലും കൃഷിക്കാരനായാലും എല്ലാം അതാണ് സ്ഥിതി. അതുപോലെ തന്നെയാണ് കവിത .എവിടെയും കവിതയ്ക്ക് തുറസുകളുണ്ട്. മനസ് വെറുതെ തുറന്നു വച്ചാൽ മതി. ഏതൊക്കെ കവിത ഏതൊക്കെ കാലത്ത് എഴുതിയെന്നൊന്നും പറയാനാവില്ല. എഴുതുന്നത് മാത്രമല്ല കവിത .ഓരോ പോരാട്ടവും ഒരു കവിതയാണ്. ഓരോ നാടകവും ഒരു കവിതയാണ്." ജീവിതത്തിലെ ഓരോ അനുഭവത്തിലും കവിത കാണുന്നവനാണ് കവി. കവിതയ്ക്ക് വേണ്ടി മലമുകളിലേക്കോ  ആശ്രമത്തിലേക്കോ പണിശാലയിലേക്കോ പോകേണ്ട; കവിത എല്ലായിടത്തുമുണ്ട് .പാർട്ടി പ്രവർത്തനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവക്ഷകൾ മനസ്സിലാക്കിയ അബൂബക്കർ ജീവിതത്തിൻ്റെ മുഖ്യപങ്കും ആദർശലക്ഷ്യങ്ങളെ മുന്നിൽ കണ്ടാണ് സഞ്ചരിച്ചത്. അദ്ദേഹം അതിനായി നന്നായി അധ്വാനിച്ചു. മുഷിച്ചിലില്ലാതെ ജോലിയെടുക്കുന്ന ഒരു സന്നദ്ധഭടനെ ഈ താളുകളിൽ കാണാം. ക്ഷീണിക്കാത്ത പ്രതിഭയാണദ്ദേഹം.  അനുഭവങ്ങളുടെ ചൂടുകൊണ്ട് പതം വന്ന മനസ്സ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രകടമാണ്. കാവ്യകേളി എന്ന സാംസ്കാരികവേദിയുടെ പ്രവർത്തനകാലത്തെ അദ്ദേഹം ഓർക്കുന്നു. ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററായപ്പോൾ കാവ്യകേളി അബൂബക്കറെ ആദരിച്ചു.
"പുസ്തകപ്രസാധനം എനിക്ക് ബാലികേറാമലയാണ്.വീട് കേന്ദ്രമായി 'സഹ്യപ്രസാധന' എന്നൊരു പ്രസിദ്ധീകരണസാഹസം നടത്തിയിരുന്നു. സ്വന്തം പുസ്തകം പ്രസിദ്ധം ചെയ്ത് കാണാനുള്ള മോഹമായിരുന്നു അതിൻ്റെ പ്രചോദനം. ഒരുതരം ആർത്തി. അത്തരമനുഭവത്തിൻ്റെ ബലത്തിൽ ചിന്ത പബ്ലിഷേഴ്സിന്‍റെ ചീഫ് എഡിറ്ററാവാൻ പറ്റില്ല. ഏതായാലും പുതിയ നിയമനത്തിനുള്ള പാരിതോഷികമാണ് കാവ്യകേളി തന്നത്.വി.കെ.എൻ എഴുതിയ 'പത്രാധിപരുടെ വ്യസനം' എന്ന പുസ്തകം .പത്രാധിപർ എന്നാൽ ഒരു വ്യസനം തന്നെയാണ്. വ്യസനിക്കലുണ്ട്, വ്യസിക്കലുമുണ്ട്. ക്ഷമിക്കുക, അങ്ങനെയൊരു ക്രിയാപദമണ്ടോ എന്നറിയില്ല. മുന്നിൽ ശബ്ദതാരാവലിയില്ല .വ്യസനിക്കുന്നയാളാവണമല്ലോ വ്യാസൻ .പണ്ടുപണ്ടേ നിലവിലുള്ള കുറെയേറെ കഥകൾ ശരിയായ രീതിയിൽ സജ്ജീകരിച്ച ,വ്യസിച്ച ,മഹാപ്രതിഭയാണല്ലോ വ്യാസൻ .വ്യസനം എന്ന വാക്ക്  വല്ലാത്ത മുനകളുള്ള ഒരു വാക്കാണ്. അത് സങ്കടവും സജ്ജീകരണവുമാണ്. വാക്കിൻ്റെ നാനാർത്ഥങ്ങളിലേക്ക് പോയി തനിക്കാവശ്യമായ സൂക്ഷ്മതകൾ തേടാൻ അബൂബക്കറിനു സിദ്ധിയുണ്ട് .

സ്നേഹബന്ധങ്ങളിൽ തിരയുന്നത് 

എഴുത്ത് ഓൺലൈനിൽ(2009, ഒക്ടോബർ 31) പ്രസിദ്ധീകരിച്ച അബൂബക്കറിന്റെ
'And my soul claims her wholesome'
എന്ന കവിത ഓർക്കുകയാണ്:

"Today morning 
Birds lost their feathers
Plants their flowers
Mountains their dales
Dear it's horns 
And I lost my pen
Piercing out of my heart
The lark has flown away
Heavens have claimed her songs 
Angels her smiles
God her soul
And my soul claims her wholesome."

ആർക്കും അപഹരിക്കാനാവാത്ത ആന്തരികസൗന്ദര്യത്തെയാണ് കവി ലക്ഷ്യം വയ്ക്കുന്നത്. എല്ലാം നഷ്ടമാണ്. അല്ലെങ്കിൽ നഷ്ടപ്പെടാനുള്ളതാണ്. എല്ലാം തൻ്റെ മനസ്സിൽ ഭദ്രമാണെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നു. ലോകജീവിതത്തിന്റെ വാഴ്വിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കിടയിലും ആത്മാവിന്റെ രാഷ്ട്രീയത്തിൽ അദ്ദേഹം വിശ്വസിക്കുന്നു. താൻ ജീവൻ്റെ അവകാശത്തിനും സൗന്ദര്യത്തിനും വേണ്ടി നിലകൊള്ളുമെന്ന പ്രഖ്യാപനമാണത്. അദ്ദേഹം എഴുതുന്നു: "വിധിയിലൊന്നും വിശ്വസിക്കുന്ന ഒരാളല്ല ഇതെഴുതുന്നത്. പക്ഷേ എവിടെയും തനതായ ഒരു വഴി എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. പോരാട്ടത്തിന്റെ ഈ വഴി ജീനുകളിലുള്ളതാവാൻ വഴിയൊന്നുമില്ല. കുട്ടിയായിരിക്കുമ്പോഴും വിദ്യാർത്ഥിയായിരിക്കുമ്പോഴും  മുന്നിലുണ്ടായിരുന്ന ഈ എതിർപക്ഷവീഥി അധ്യാപകനായപ്പോഴും എൻ്റെ മുന്നിൽ തുറന്നുകിടന്നിരുന്നു. അടിയന്തരാവസ്ഥയിലും ഈ വഴി തന്നെയാണ് താണ്ടിക്കടക്കാനുണ്ടായിരുന്നത്. "

'മുറിവേറ്റവരുടെ യാത്രകൾ' എന്ന നോവലിൽ തങ്ങളുടെ ചരിത്രമെന്താണെന്നു അന്വേഷിക്കുന്ന ഒരു വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്നുണ്ട്. മുറിവുകളിൽ വീണുകിടന്നതിനെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ എഴുതുന്നത്.ആത്മാവ് പൂർവ്വാർജിതമായ ഉള്ളടക്കമാണെന്നു ചിന്തിക്കുന്നു. മായൻ മുസലിയാരെ പൂർവികരുടെ നിലയിൽ പ്രതിഷ്ഠിച്ച്  എഴുത്തു തുടങ്ങി. അത് സത്യത്തെ കണ്ടെത്തലായിരുന്നു. ആത്മപുരാവൃത്തിന്റെ ഏടുകൾ മറിക്കുന്നത് ഇങ്ങനെയാണ് .



കാലവും ദേശവും ഗണിച്ചെടുക്കുകയെന്നത് കൂടുതൽ പ്രയാസമുള്ളൊരു പ്രക്രിയയാണ്. അവിടെ ചിലപ്പോൾ ചരിത്രം പരാജയപ്പെടുന്നു. അപ്പോൾ മിത്തുകളെ ആശ്രയിക്കേണ്ടി വരുന്നു.കേട്ടുകേൾവികളും കെട്ടുകഥകളുമാണ് മിത്തുകളായി മാറുന്നത്. തുടക്കത്തിൽ സംഭവങ്ങളോടുള്ള ലഘുവായ കുട്ടിച്ചേർക്കലുകളാണ് മിത്തുകളായി മാറുക. പിന്നെ കൂട്ടിച്ചേർക്കലുകൾ  പ്രധാന സംഭവത്തെ നിഷേധിച്ചു കളയുന്നു. ഇങ്ങനെയുണ്ടാകുന്ന ഐതീഹ്യങ്ങളിൽ നിന്നു സത്യവും വസ്തുതയും  വേർതിരിച്ചെടുക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അതിലും ദുഷ്ക്കരമാണ് പൂർവ്വികരുടെ ശാഖകളിൽ നിന്ന് പലതരത്തിലുള്ള മാനവബന്ധങ്ങൾ വേർതിരിച്ചെടുക്കുകയെന്നത്.വലിയൊരു വൃക്ഷം പോലെയെന്നു പറയാമോ? നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വലിയൊരു വടവൃക്ഷം ?ശാഖോപശാഖകളായി പടർന്നുപന്തലിച്ചു നിൽക്കുന്നൊരു മരം? വടവൃക്ഷങ്ങളുടെ നാടാണ് വടകരയെന്നു കേട്ടിട്ടുണ്ട്. വടകരയെന്ന പേരിൻ്റെ നിഷ്പത്തിയന്വേഷിക്കുന്നവരെത്തിച്ചേരുന്ന നിഗമനമിതാവാം."
സ്വന്തം ജീവിതത്തെ ഓർമ്മകളിലും ചരിത്രത്തിലും പുസ്തകങ്ങളിലും സ്നേഹബന്ധങ്ങളിലും തിരയുന്ന ഒരു കവിയുടെ ആത്മകഥയാണിത്. ഇതിൽ ഗ്രന്ഥകാരൻ സ്വയം വിധിക്കുന്നില്ല. സഹജീവികളോടു സംവദിക്കുകയാണ്. 


  • , 

  •  or 

  • Saturday, December 7, 2024

    m k harikumar books

     



    പൂതപ്പാട്ട് :പാപബോധം പോലെ ഓട്ടുചിലമ്പിൻ കലമ്പലുകൾ എം.കെ.ഹരികുമാർ

     






    • ഇടശ്ശേരിയുടെ അമ്പതാം ചരമവാർഷികത്തിൽ 'പൂതപ്പാട്ടി'നു ഒരു വ്യത്യസ്ത വായന 



      ഇടശ്ശേരി(23 December 1906 – 16 October 1974)എന്ന കവി വളർച്ചയുടെ ഒരു ഘട്ടത്തിൽ തന്റെ ജീവിതത്തിന്റെ വളരുന്ന ആകാശത്തെയും അതിൽ വിലയം കൊള്ളുന്ന ആത്മലോകത്തിൻ്റെ വലിയ  ആൽവൃക്ഷത്തെയും കണ്ടിരുന്നു. അങ്ങനെ കഠിനമായ ആഗ്രഹത്തിലൂടെ ജീവിതത്തിനു അർത്ഥവും പ്രസക്തിയും സൃഷ്ടിച്ച കവിയാണദ്ദേഹം. പാരമ്പര്യസൗകര്യങ്ങളോ  വിദ്യാഭ്യാസസോപാനങ്ങളോ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല."ഇടശ്ശേരിക്ക് പാഠശാലയിലെ പഠിത്തത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളൂ.എന്നാൽ സ്വപ്രയത്നത്താൽ ഇടശ്ശേരി മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും ആഴത്തിലുള്ള അറിവ് സസാദിച്ചു "- ഇടശ്ശേരിയുടെ മകനും പരിഭാഷകനുമായ അശോക് കുമാർ ഇടശ്ശേരി എഴുതിയ ലേഖന (പിതൃപാദങ്ങളിൽ)ത്തിൽ ഇങ്ങനെ കാണാം. ഈ ലേഖനത്തിൽ അദ്ദേഹം തുടർന്ന് എഴുതുന്നത് ഇടശ്ശേരി എന്ന കവിയുടെ സ്വയംപ്രകാശിതമായ ആത്മരഥ്യകളെക്കുറിച്ചും അറിവിൻ്റെ വാതായനങ്ങളെക്കുറിച്ചുമാണ്. 1930 കളിൽ അദ്ദേഹം സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

      പൊന്നാനിയിൽ താമസം തുടങ്ങിയ ശേഷം ഇടശ്ശേരി ആ കാലത്തെ സാംസ്കാരികധാരയിൽ അലിഞ്ഞുചേരുകയായിരുന്നു .വലിയ എഴുത്തുകാരും കവികളുമായുള്ള കൂട്ടുകെട്ടും സംവാദവും മലയാള സാഹിത്യചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒരേടായി മാറി. 'ഇടശ്ശേരിക്കളരി' എന്നറിയപ്പെട്ട ആ സ്കൂളിൻ്റെ തുടക്കക്കാരൻ ഇടശ്ശേരിയായിരുന്നു.അശോക് കുമാറിൻ്റെ ലേഖനത്തിൽ നിന്ന് :"സ്വാതന്ത്ര്യസമരകാലത്ത് ഒരു സാഹിത്യസാംസ്കാരികകൂട്ടായ്മ പൊന്നാനിയിൽ രൂപപ്പെട്ടിരുന്നു. ഇടശ്ശേരിയായിരുന്നു അതിൻ്റെ ഊർജ്ജം. ഇടശ്ശേരി ,കഥാകൃത്ത് കുമാരൻ ,കവി ഇ .നാരായണൻ, ഇടക്കണ്ടി രാഘവൻ നായർ, മിഷൻ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഇ. പി. സുമിത്രൻ മാസ്റ്റർ, പാറേരിക്കൽ കൃഷ്ണപ്പണിക്കർ, നാരായണൻ വൈദ്യർ ,ത്രേസ്യാ ടീച്ചർ, പി.സി. കുട്ടികൃഷ്ണൻ(ഉറൂബ്)എന്നിവരുടെ ഒരു കൂട്ടായ്മ മോട്ടിലാല്‍ ഘട്ടിലും (ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു സ്ഥലം) പുത്തില്ലത്ത് പൂമുഖത്തും ഒത്തുകൂടാറുണ്ടായിരുന്നു.(ഇവരിൽ  അച്ഛനെയും ഉറൂബിനെയുമല്ലാതെ മറ്റാരെയും നേരിൽക്കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പിന്നീട് ഇടശ്ശേരി, ഉറൂബ്, വി.ടി.ഭട്ടതിരിപ്പാട് ,പി. നാരായണൻ വൈദ്യർ, മിഷൻ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വർഗീസ് മാസ്റ്റർ, അക്കിത്തം ,കടവനാട് കുട്ടികൃഷ്ണൻ ,എൻ. പി. ദാമോദരൻ തുടങ്ങിയവരായി പ്രസ്തുത കൂട്ടായ്മയിലെ സജീവാംഗങ്ങൾ.പുത്തില്ലത്ത് പൂമുഖത്തും കൃഷ്ണപ്പണിക്കർ വായനശാലയിലും അവർ ഒത്തുകൂടുമായിരുന്നു. കുട്ടികൃഷ്ണമാരാരും പിന്നീട് സജീവ സാന്നിധ്യമായി.മദിരാശിയിൽ ജോലിയെടുത്തിരുന്ന എം. ഗോവിന്ദനും ഇടശ്ശേരിയെ കാണാനും ഈ സുഹൃദ്യോഗങ്ങളിൽ പങ്കെടുക്കാനും എത്താറുണ്ടായിരുന്നു." സാഹിത്യകൃതികളെ അഗാധമായി വിലയിരുത്തിയ ഒരു പാരമ്പര്യം അവിടെ സൃഷ്ടിക്കപ്പെട്ടു. ഉന്നതമായ സാഹിതീയമൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട ഇടശ്ശേരിയുടെ പ്രതിഭ അവിടെയാണ് ശക്തമായി മാറ്റുരയ്ക്കപ്പെട്ടത്.

      ഇടശ്ശേരി ചിരപരിചിതമായ ഒരു കാവ്യഭാഷ ഉപേക്ഷിച്ച് തനിക്കായി തനി  മലയാളത്തിൻ്റെ മറ്റൊരു ഭാഷ സൃഷ്ടിക്കുകയാണ് ചെയ്തത്. വാക്കുകളെ അതിനായി ഇടശ്ശേരി ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു. വാക്ക് ഒരു ഉറവ കണ്ണാണ്‌ .അതിനു പിന്നിലേക്ക് പോയാൽ അതിന്റെ ബാന്ധവം മനസ്സിലാക്കാം. വാക്കുകൾ കൂടിച്ചേരുമ്പോൾ മനസുണ്ടാകുന്നു. മനസ് മായികമാണ്. എന്നാൽ വാക്കുകളുടെ മനസ്സ് ആഴമുള്ള ഒരു ഓർമ്മയും സംസ്കൃതിയുമാണ് .'വിഷപ്പാമ്പ്' എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കുക:
      "ഉണരുകയാണെൻ ചേതന,മധുരം
      കളരുതമെൻ ചെവി മോന്തുന്നൂ
      തുടുവെയിൽ കുങ്കുമസുരഭിലതോയം
      തൂകുകയാണെൻ കണ്ണിണയിൽ 
      പേടിക്കാനില്ലെന്നുടനാരോ
      പറയുകയാണക്കൂട്ടത്തിൽ;
      നീണ്ടൊരു കാലം വെറുതെ,നിമിഷം
      കണ്ടുപിടിപ്പൂ പരമാർത്ഥം;
      പേടിയെ വിട്ടിഹ മറ്റൊന്നിനെയും
      പേടിക്കാനില്ലുലകത്തിൽ."

      ഇടശ്ശേരി ഭൂതകാലത്തെ നിർമ്മിക്കുന്നു

      തുടുവെയിൽ ,കുങ്കുമസുരഭില
      തോയം എന്നീ പ്രയോഗങ്ങൾ ഇടശ്ശേരിയുടേതു മാത്രമാണ്. നിമിഷം കണ്ടുപിടിപ്പൂ പരമാർത്ഥം എന്നത് തത്ത്വചിന്തയാണ്. ഈ നിമിഷത്തിലൂടെയാണ് നാം ജീവിക്കുന്നത്; ഇന്നലെയോ വരാനിരിക്കുന്ന നിമിഷത്തിലോ അല്ല. വർത്തമാനം മാത്രമേയുള്ളൂ. അതാകട്ടെ മാഞ്ഞുപോവുകയാണ്.ഒരു കവിത കവിയുടെ ഭൂതകാലത്തെ നിർമ്മിക്കാൻ വിധിക്കപ്പെടുകയാണ് . കവി ജീവിച്ച കാലമാണത്. സാധാരണവും വ്യാവഹാരികവുമായ ഒരു ലോകത്ത് ജീവിക്കുമ്പോൾ തന്നെ കവി മറ്റൊരു ജീവിതവും കൊണ്ടുനടക്കുന്നു .ജീവിതത്തിൻ്റെ ചിലപരിചിതത്വത്തിൽ അതൃപ്തനായ  ഏതൊരാളും അതിനു ബദലായത് അന്വേഷിക്കാതിരിക്കില്ല .കവി ഇവിടെ കേവലം ഒരു സ്വകാര്യവ്യക്തിയല്ല; സമൂഹമനുഷ്യന്റെ പ്രതിനിധാനമാണ്. മാനുഷികതയുടെ ഒരു പ്രതീതി ലോകമാണത്. മനുഷ്യൻ്റെയുള്ളിൽ പ്രതീതിലോകങ്ങളുണ്ട്.അത് നിരാകരിക്കാനാവില്ല. അത് എത്ര അമർത്തിയാലും ഒഴിവുള്ള നേരങ്ങളിൽ പുറത്തുവരും. യഥാതഥമായ ജീവിതത്തിൻ്റെ അകത്തളങ്ങളിലേക്ക് വളരുന്ന ബദൽ ലോകങ്ങളുണ്ട്. കലുഷിതമായ ഒരവസ്ഥയെ നേരിടാൻ കവിക്ക് ഇതാണ് പോംവഴി. ജീവിതത്തിൻ്റെ ഫലശൂന്യതകളും അർത്ഥമില്ലാത്ത സംഘട്ടനങ്ങളും ജീവിതം ലക്ഷ്യത്തിലെത്താത്തതിന്റെ വേദനകളും കണ്ട് ദുഃഖിതനായിത്തീരുന്ന കവി സൗന്ദര്യം തേടി താൻ നിർമ്മിക്കുന്ന ഭൂതകാലത്തിലേക്ക് പോകാറുണ്ട്. ഇത് ഒരു മാർഗ്ഗമാണ് .സ്വപ്നത്തിന്റെയും ഭാവനയുടെയും വ്യാഖ്യാനത്തിൻ്റെയും ചിന്തയുടെയും അനുഭൂതിയുടെയും അനേകം അറകൾ നിർമിക്കാൻ ശേഷിയുള്ള ഒരാൾക്കാണ് മികച്ച ഒരു കവിയോ എഴുത്തുകാരനോ ആകാൻ കഴിയുന്നത് .ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' തനി കേരളീയമായ ഒരു മിത്തിന്റെ നിർമ്മാണവും അതിൻ്റെ കലാപരമായ വിപുലീകരണവും ആത്മാന്വേഷണവുമാണ്.മലയാളത്തിൻ്റെ സ്മൃതിലോകങ്ങളാണ് ഇവിടെ പുറത്തുവരുന്നത്. മലയാളിയുടെ ആത്മലോകത്തിലേക്ക് സഞ്ചരിക്കുകയാണ് കവി. ഞാനാരാണ്? എന്താണ് ജീവിതത്തിന്റെ അർത്ഥം? മനുഷ്യനിൽ ഇനിയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങൾ എവിടെച്ചെന്നവസാനിക്കുന്നു ?അപ്രാപ്യമായ ഗേഹങ്ങൾ തേടി അലയുന്ന മനുഷ്യൻ ആത്യന്തികമായി എന്താണ് അറിയുന്നത് ? ഇതുപോലുള്ള ചോദ്യങ്ങളെല്ലാം ഈ കവിതയിലൂടെ മിന്നിമായുന്നുണ്ട്. അതോടൊപ്പം നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള വേദനയും അതിനെ മറികടക്കാനുള്ള പ്രബോധനാത്മകതയുമുണ്ട് .

      ഒരു മിത്തിനെ നിർമ്മിക്കുന്നു എന്നതുകൊണ്ട് അത് അയഥാർത്ഥമാവുന്നില്ല.ഭാവന ചെയ്യുന്ന കവി യാഥാർത്ഥ്യത്തിൽ തന്നെയാണ് സ്പർശിക്കുന്നത് .ഭാവന ചെയ്യുന്നതെല്ലാം യാഥാർത്ഥ്യമാണെന്നു പ്രമുഖ ചിത്രകാരൻ പാബ്ളോ പിക്കാസോ പറഞ്ഞു.കവി അയഥാർത്ഥമായതെന്നു വിവക്ഷിക്കുന്നത് കവിതയിൽ യഥാർത്ഥമാകുന്നു. അതുമായി ആശയവിനിമയത്തിൽ ഏർപ്പെടുന്നു. അത് ഒരു സചേതനലോകമായി രൂപാന്തരപ്പെടുന്നു. ഇടശ്ശേരി ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കുകയാണ്. പൂതം അതിൻ്റെ ഒരു ഘടകമാണ്. 

      "വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
      പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
      വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
      വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
      കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
      മയ്യിട്ടേറെ മിനുക്കിയൊരോലയു
      മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
      തങ്കക്കുടത്തിനെ വയലിന്റെ മൂലയി
      ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
      രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
      പ്പുരയീന്നു നോക്കുന്നു നങ്ങേലി. "

      നാടോടി സങ്കല്പം മനുഷ്യൻ്റെ പരിമിതമായ ജീവിതത്തിൻ്റെ ഒരു നീട്ടലാണ്. എല്ലാ ബോധങ്ങളിലേക്കും കടന്നു ചെല്ലാനാകണം. അപ്പോഴാണ്  പ്രാപഞ്ചികഭാവനയുടെ രസം ഗ്രഹിക്കാനാവുന്നത്. മിത്തുകളും  ഭൂതകാലവും എപ്പോഴും വികസിക്കുന്നതാണ്. അത് നമ്മുടെ ഭാവനയോടൊപ്പം സഞ്ചരിക്കുന്നു. ഭൂതകാലത്തിൽ നാം കലർന്നിരിക്കുന്നു. പൂതം ഭൂതകാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്. 

      ഇടശ്ശേരിയുടെ തത്ത്വചിന്ത 

      ദൈവത്തെ നാം അറിയുന്നതു ഒരു പ്രത്യേക ആത്മീയ ജീവിതത്തിലൂടെയല്ല .ദൈവം ഒരു സമ്പൂർണ്ണബോധമാണ് .അവിടെ പിക്കാസോയുടെയും ബിഥോവൻ്റെയും ഷേക്സ്പിയറുടെയും ഐൻസ്റ്റീൻ്റെയും പ്രതിഭ കൂടിച്ചേരുകയാണ് .ഒരു പുൽക്കൊടിയുടെയും മേഘത്തിൻ്റെയും തടാകത്തിന്റെയും സമുദ്രത്തിന്റെയും ചിത്രശലഭത്തിന്റെയും സൗന്ദര്യം കൂടിച്ചേരുമ്പോഴാണ് ആ പൂർണബോധമുണ്ടാകുന്നത്.കേവലം ഒരു വ്യക്തിയുടെ അഭിരുചിയിൽ മാത്രമല്ല ദൈവമുള്ളത്. സൗന്ദര്യത്തിന്റെ വ്യാമിശ്രമായ അനുഭവങ്ങളുടെ ഒരു പ്രപഞ്ചമാണ് ദൈവം ഒരുക്കിയിരിക്കുന്നത്.ഇന്ദ്രിയങ്ങളിലൂടെ അറിയുന്നതും അതിനപ്പുറമുള്ളതും അതിൽ ഉൾച്ചേരുന്നു .പല കാലങ്ങളുടെ സൗന്ദര്യസങ്കല്പങ്ങളും ധാരണകളും കലാസൃഷ്ടികളും അതിൻ്റെ ഭാഗമാണ്. പ്രകൃതിയുടെ സൗന്ദര്യമാസ്വദിക്കാതെ ,വൈകാരിക ജീവിതത്തെ അറിയാതെ ഒരു ബ്രഹ്മചാരി മാത്രമായി ഒതുങ്ങുന്നയാൾക്ക് ഒരു പുൽച്ചെടിയുടെ സൗന്ദര്യം, അതിലെ ഹിമകണം, സൂര്യോദയത്തിലെ പക്ഷിപ്പറക്കലുകൾ ,ശലഭങ്ങളുടെ മൈഥുനം എങ്ങനെയാണ്  ആസ്വദിക്കാനാവുന്നത് ?

      ദൈവത്തിനു ഒരു ബ്രഹ്മചാരിയുമായി സംസാരിച്ചിരിക്കാൻ വിഷയങ്ങളില്ല. ലോകത്തെ ഉൾക്കൊള്ളുന്നവനാണ് ദൈവകൃപയിൽ വളരുന്നത്; അനുകമ്പ അതിനുള്ളതാണ്.ഭാവാർച്ചനയുടെ ആയിരം ഇതളുകളാണ് നമ്മുടെ ദൈവാനുഭവം .അവിടെ ഏകാഭിമുഖമോ ഏകവചനമോ ഇല്ല. വ്യക്തി ഏകവചനമാണെങ്കിൽ അവനിലേക്ക് വരുന്ന രുചികൾ ഒരു സംഘാതമാണ്. അവയെല്ലാം ഒരാളിൽ അലയടിച്ചുയർന്ന് ഒരു പ്രാപഞ്ചിക വീക്ഷണമുണ്ടാകുമ്പോൾ അത് അപാരമായ ജീവിതാനുഭവമായി തീരുന്നു.

      ആന്തര-ബാഹ്യപ്രപഞ്ചങ്ങളുടെ, അതിൻ്റെ രുചിക്കൂട്ടുകളുടെ സമന്വയത്തിലൂടെ ഒരു പൂർണ്ണബോധത്തെ അറിയുകയാണ് കവിതയുടെ അടിയിലുള്ള ചോദന. ഇതിനായി ഒരാൾ മുഴുനീള ആത്മീയജീവിതം ജീവിക്കേണ്ട. ചിലർ ജീവിതകാലമത്രയും ആത്മീയതയുടെ ചമൽക്കാരത്തിലേക്ക്, വസ്ത്രത്തിലേക്ക് പ്രവേശിക്കും. അത് ഒരു നിമിഷത്തിന്റെ സ്ഥൂലീകരണമാണ്. വൃഥാസ്ഥൂലീകരണം അനാവശ്യമാണ്. ജീവിതത്തിലെ നൈമിഷികാനുഭവങ്ങളിലാണ് സൗന്ദര്യമുള്ളത്. ഒരു നിമിഷത്തിൽ ജീവിക്കുന്നു എന്ന അറിവ് പ്രധാനമാണ്.സൗന്ദര്യം നിമിഷത്തിലാണുള്ളത്. നിമിഷങ്ങളിലൂടെ അത് കൊഴിയുന്നു, നിർമ്മിക്കപ്പെടുന്നു .വീണ്ടും കൊഴിയുന്നു ,നിർമ്മിക്കപ്പെടുന്നു. ഇതാണ് നവാദ്വൈതം .ഒരു സ്ഥിരം ആത്മീയതയോ ഭൗതികതയോ ഇല്ല. മാറ്റങ്ങൾക്കിടയിലെ, ഉൾപരിവർത്തനങ്ങൾക്കിടയിലെ, നിരാസത്തിനും നിർമാണത്തിനുമിടയിലെ നിമിഷങ്ങളിലാണ് നാം ജീവിക്കുന്നത്.ഈ ജീവിതത്തെ അറിയാനുള്ള ശ്രമമാണ് ഇടശ്ശേരിയുടേത്. പൂതത്തിൻ്റെ ആവിർഭാവം മനസ്സിലാണ്. മനസ്സിന്റെ വിദൂരമായ ,ഭൂതകാലജന്യമായ ഒരു അപരത്വമാണത്. നമ്മിൽ തന്നെയുള്ള ഒരു പ്രാചീനമായ ആത്മാനുഭവം, വേഷപ്രച്ഛന്നത. നമ്മിൽ നിന്നു ദൂരേക്ക് പോകുമ്പോൾ അതല്ല ശരി എന്നു ഓർമ്മിപ്പിക്കുന്ന പൂതമാണ്. നാം തമ്മിൽ തന്നെ ഒരു പുരാതന സറിയലിസ്റ്റ് നഗരിയെ അനുഭവിക്കുന്നു. ആ നഗരിയിൽ നാം സ്വയം അന്വേഷിക്കുകയാണ്. നമ്മുടെ ആത്മഘടകങ്ങളെ അന്വേഷിച്ച് വിഷാദത്തിൽ അലയുകയാണ്. അന്ധന്മാരുടെ നഗരമാണത്. അവിടെ ഒരു കാഴ്ചയെക്കുറിച്ചോ അടയാളത്തെക്കുറിച്ചോ ഇടത്തെക്കുറിച്ചോ ആരോടും ചോദിക്കാനാവില്ല. ആർക്കും അറിയില്ല, എല്ലാവരും അന്ധന്മാരാണല്ലോ. ആ അനുഭവം ഉള്ള് തകർക്കുന്നതാണ്. പിന്നെ അവശേഷിക്കുന്ന വഴി സ്വയം തിരയുക എന്നുള്ളതാണ് .സ്വയം തിരയാൻ സ്വയം ചോദിക്കണം. സ്വന്തം  ഓർമ്മകളെയും അറിവുകളെയും ആശ്രയിച്ച്, ആ അജ്ഞാതനഗരിയിൽ ഒരഭയാർത്ഥിയായി ചുറ്റിക്കറങ്ങണം. ആ അനുഭവമാണ് പൂതം. അത് നമ്മുടെ തന്നെ മറ്റൊരു ജീവിതമാണ്. അത് ഇടശ്ശേരി സൃഷ്ടിച്ചതാണ് . അജ്ഞാതമായ പൊരുളിലേക്ക് നോക്കുന്ന ഏതൊരാളും അതിനു ബദലായി അല്ലെങ്കിൽ ഉൾക്കൊള്ളാനാവുന്ന സംവേദനപരതയിൽ ഒരു ലോകത്തെ നിർമ്മിക്കുന്നു. അജ്ഞാതത്വം നിർബാധമുള്ള വീഴ്ചയാണ്.അത് അബോധത്തിലേക്കുള്ള പതനമാണ്.  അതിനൊരു നീതീകരണം വേണ്ടിവരും. അതിനെ നമ്മുടെ സാക്ഷരമായ ലോകത്തേക്ക് പരിഭാഷപ്പെടുത്തേണ്ടിവരും. അത് നമ്മുടെ ഭാവനയുടെ സാക്ഷരതയാണ്. ഏതിനെയും സ്വന്തം ഭാവനയിലും അസ്തിത്വത്തിലുമാണ് നാം തിരിച്ചറിയുന്നത്.നാം ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ അജ്ഞാതവുമായുള്ള സംവാദം. അത് തീർത്തും അപരിചിതമോ അപ്രാപ്യമോ അതിരുവിട്ടതോ ആയിട്ടുള്ള അറിവല്ല, അവസ്ഥയല്ല. അത് നമ്മളിലേക്ക് തന്നെയുള്ള തിരച്ചിലാണ്.

      എല്ലാ അജ്ഞാതത്വങ്ങളെയും മനുഷ്യൻ ചമല്ക്കാരമാക്കുകയാണ്. അതാണ് സൗന്ദര്യം. അതിലാണ് നമ്മുടെ നിലനിൽപ്പ് .ഒരിടത്തേക്ക്, അത് കണ്ണാടിയിൽ സ്വന്തം മുഖമാണെങ്കിൽ പോലും നമുക്ക് സ്ഥിരമായി നോക്കാനാവില്ല;സ്വയം  വിയോജിക്കാതിരിക്കാനാവില്ല. ആ നോട്ടം നമ്മെ തന്നെ നിഷേധിക്കും. അതുകൊണ്ട് മറ്റൊരിടത്തേക്ക്  നോക്കുകയോ മുഖം വക്രീകരിക്കുകയോ ചെയ്യും. അജ്ഞാതമായിത്തീരുന്ന നിമിഷങ്ങളെ ഇങ്ങനെ നാം മറികടക്കുന്നു. ഒന്നു മാറി നോക്കിയാൽ എല്ലാം വേറൊന്നാകും. ഒരിടത്തേക്ക് നോക്കിക്കൊണ്ടിരുന്നാൽ അത് സാവധാനം ദുർഗ്രഹമായി തീരും. നക്ഷത്രങ്ങളിലേക്ക് നോക്കുന്തോറും അജ്ഞാതത്വം ഏറിവരും.കണ്ണടച്ചാൽ ലോകമില്ലെന്ന് തോന്നും. കണ്ണുതുറന്നാൽ ഒരു ലോകം പെട്ടെന്നു പ്രത്യക്ഷപ്പെടുകയാണ്.ഒരു ലോകം ഉണ്ടെന്നു നാം വിശ്വസിക്കുന്നത് തലച്ചോറിൻ്റെയും കണ്ണുകളുടെയും ചില രാസപെരുമാറ്റങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ.

      ഇടശ്ശേരി കണ്ടുപിടിച്ച പൂതം 

      ഇടശ്ശേരി കണ്ടുപിടിച്ച പൂതം അജ്ഞാതത്വത്തിനെതിരായ കാഴ്ചയാണ്. ആ കാഴ്ചയിൽ സൗന്ദര്യമുണ്ട് .അത് ധാരാളം ഉത്തരങ്ങളും സാന്ത്വനങ്ങളുമായി രൂപാന്തരപ്പെടുകയാണ് .പൂതത്തിൽ താനുണ്ടായിരുന്നു എന്ന അറിവാണ് ഇടശ്ശേരിയെ അതെഴുതാൻ പ്രേരിപ്പിക്കുന്നത് ;താൻ എഴുതാതിരുന്നാൽ ആ ലോകം എന്നേക്കുമായി അപ്രത്യക്ഷമാകും. അതുകൊണ്ട് ഉണർവിന്റെ, ഉയിർപ്പിന്റെ തലത്തിൽ പൂതത്തെ കൊണ്ടുവരികയാണ്.കവികൾ സാധാരണ വായനക്കാരോടു നേരിട്ട് സംവദിക്കുകയാണ് ചെയ്യുന്നത്. മാത്യു അർനോൾഡ് 'ഡോവർ ബീച്ച് 'എഴുതിയത് നോക്കുക. നൂറ്റാണ്ടുകളായുള്ള മാനവികമായ അലയൊലികൾ ദൂരെ നിന്നു കേൾക്കുന്ന കവി അത് തന്റെ അടുത്തുനിൽക്കുന്ന സഖിയോട് പങ്കുവയ്ക്കുകയാണ്. എന്നാൽ അവിടെ സംഭാഷണമൊന്നുമില്ല. ആ വർത്തമാനം വായനക്കാരോടാണ്. അല്ലെങ്കിൽ താൻ അറിയുന്ന , അറിയാത്ത,ഒരു വായനക്കാരനെ സങ്കൽപ്പിച്ചുകൊണ്ടുമാവാം .കവിത ഒരേസമയം ആത്മാഭാഷണവും വായനക്കാരോടുള്ള ഭാഷണവുമാണ്.

      കവിക്ക്, ഉള്ളിലെ മറ്റൊരാളോടാണ് സoവാദം. അത് കവി എന്ന പൗരനല്ല .കവിയുടെയുള്ളിൽ ഈ പ്രപഞ്ചത്തോടും സഹജീവികളോടും സംവദിക്കുന്ന മറ്റൊരാളുണ്ട്. ആ വ്യക്തിയാണ് ശരി തെറ്റുകൾ പാറ്റിക്കൊഴിച്ചു നോക്കുന്നത്. നാം എന്തു ചെയ്യുമ്പോഴും ,എല്ലാം പഠിച്ച് ,വ്യാഖ്യാനിച്ചല്ല നീങ്ങുന്നത്. ഒരു പഴുതാര നേരെ ഇഴഞ്ഞു വന്നാൽ ഭയം കൊണ്ട് അതിനെ അടിച്ചു കൊല്ലുന്ന ഒരുവൻ അത് ചിന്തിച്ചുറച്ച് ചെയ്യുന്നതല്ല. നേരത്തെയുള്ള പെരുമാറ്റങ്ങളുടെ തുടർച്ചയാണത്. അത് ബാഹ്യവ്യക്തിത്വമാണ്. അയാൾ അകമേ മറ്റൊരാളാണ്. പുറമേ വേറൊന്നാണ്. അയാൾ പറയുന്നതും ചെയ്യുന്നതുമെല്ലാം തിരുത്തപ്പെടാനുള്ളതാണ് .പിന്നീടാണത് സംഭവിക്കുന്നത്. ഉള്ളിൽ ജീവിക്കുന്ന മറ്റൊരാളുണ്ട് .അയാൾ എല്ലാ തെറ്റുകളും വിചാരണ ചെയ്യും. പ്രാണികകള ദ്രോഹിച്ചതിനും തെറ്റുകൾ ചെയ്തതിനും അനാവശ്യമായി സംസാരിച്ചതിനുമെല്ലാം അവിടെ വിചാരണ നേരിടേണ്ടി വരും. അത് മനുഷ്യനെ ജീവിപ്പിക്കുകയാണ്. ജീവനെ നിലനിർത്തുകയാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആന്തരികമായ ഈ നീതിന്യായ സംഹിതയാണ്. മനുഷ്യൻ സ്വയം പ്രലോഭിപ്പിക്കപ്പെടുകയാണ് അതിലേക്ക്. അവൻ്റെ മുന്നിൽ അന്തർമണ്ഡലത്തെ ജീവപ്രചോദകവും ജീവദായകവും പ്രബോധനാത്മകവുമായി നിലനിർത്തുന്ന ഈ നീതിന്യായ സ്വരങ്ങളുടെ വ്യൂഹം വലിയൊരു അത്ഭുതമാണ് .എത്ര കുഴഞ്ഞുമറിഞ്ഞ പ്രശ്നത്തെയും നേരിടാനും വിലയിരുത്താനും കഴിയുന്നത് ഈ അന്തർജ്ഞാനസരണിയാണ്. ഇടശ്ശേരി ഈ ജ്ഞാനസരണിയിലാണ് എഴുതിയത് .പൂതപ്പാട്ട് കവിക്ക് നേരിട്ട് വായനക്കാരോട് സംവദിക്കാവുന്ന വിഷയമാണ്. ഒരു പൂതം ഇങ്ങനെ ദു:ഖിതയായി അലിയുകയാണെന്നും അത് മുൻപ് ചെയ്ത തെറ്റിന്റെ പ്രായച്ഛിത്തമാണെന്നും വിശദീകരിച്ച് എഴുതാവുന്നതേയുള്ളൂ. പൂതം വായനക്കാരന്റെ മുന്നിൽ നിൽക്കുന്നതുപോലെ തോന്നും. മാവേലിയെക്കുറിച്ചു മാത്രമല്ല , ഓണത്തെക്കുറിച്ചും മഴയെക്കുറിച്ചും ഇങ്ങനെ കവികൾ എഴുതാറുണ്ടല്ലോ. ഇവിടെ കവി അതിനപ്പുറം പോകുന്നു. എന്നാൽ ഇടശ്ശേരി കവിതയുടെ രൂപത്തെ ഉള്ളിലാണ് വഹിച്ചത്. പൂതം തന്റെയുള്ളിൽ സൃഷ്ടിച്ച അലകളാണ് അദ്ദേഹം ഈ കവിതയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂതപ്പാട്ടിൻ്റെ രൂപം ഒരു കഥാഖ്യാനമാണ്. അത് കുട്ടികൾക്കുള്ള ആഖ്യാനമാണ്. പൂതത്തെപ്പറ്റി എഴുതാൻ കവി കുട്ടികളെയും അമ്മയെയും തിരഞ്ഞെടുത്തു. അവരിലൂടെ കഥ പറയുക എന്നതാണ് ഈ കവിതയുടെ രൂപം. ഇത് വാസ്തവത്തിൽ ഉത്തരാധുനികമായ രീതിയാണ് .ഒരു പാഠത്തെ സൃഷ്ടിച്ച ശേഷം അതിൻ്റെ അനുഭവം  പുനരാഖ്യാനം ചെയ്യുകയാണ്.  പൂതത്തെപ്പറ്റി ഇടശ്ശേരി ഒരു പാഠമുണ്ടാക്കുന്നു. അതിലേക്ക് കവി സ്വയം കൂട്ടിച്ചേർക്കുന്നു.അതാണ് ഇടശ്ശേരിയുടെ പൂതത്തിൻ്റെ ഭവനസന്ദർശനത്തിനു പിന്നിലുള്ളത്. പാപപരിഹാരത്തിനു വേണ്ടിയുള്ള  അപരവന്ദനവും ആത്മപീഡയും  പ്രാർത്ഥനയും പലായനവുമാണ് പൂതത്തിന്റെ സന്ദർശനത്തിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അത് വെറും ഭവനസന്ദർശനമല്ല; ഒരു വ്യസനം നിറഞ്ഞ തീർത്ഥാടനമാണ്. പാപനാശത്തിന്റെ യാത്രയാണ്. ഭൂതകാലത്തിന്റെ നോവിൽ വെന്തു നീറുന്ന ഒരുവളുടെ ആത്മപുരോയാത്രയാണ്. തീവ്രമായ ഈ മനോവിഷമത്തെ രസകരമായ ഒരു തലത്തിലാണ് ഇടശ്ശേരി എഴുതിയത് .ഇത് കുട്ടികൾക്കും മുതിർന്നവർക്കും ചൊല്ലാവുന്നതും  മനസ്സിലാക്കാവുന്നതുമായ ഒരു കഥയാക്കുന്നതിലൂടെ രൂപത്തിനു പുതിയൊരു പരിവേഷവും ലഭിക്കുകയാണ്.

      ഇടശ്ശേരി പൂതത്തെ അപനിർമ്മിക്കുന്നു 

      കലാനുഭവവും ജീവിതബോധവും കൂടിക്കലർന്ന രസഭാവങ്ങളാണ് 'പൂതപ്പാട്ടി'ലുള്ളത്. ഉത്തരാധുനിക സാഹിത്യത്തിൽ രൂപം സൃഷ്ടിക്കുന്നത് ചിലപ്പോൾ കഥയ്ക്കപ്പുറം(meta fiction)പോയി എഴുതുന്നതിലൂടെയാണ് .സ്വന്തം പാഠത്തെ തന്നെ പുനരവതരിപ്പിച്ചും അപനിർമിച്ചുമാണ്. തൻ്റെയുള്ളിലെ പൂതത്തെ ഇടശ്ശേരി മാനുഷികമാക്കുകയാണ്. പാപനാശത്തിനായി അലയുന്ന  മാനവികപക്ഷമുള്ള പൂതത്തെ നമ്മുടെ സമൂഹമനസ്സാക്ഷിയുടെ ഘടനയിലേക്ക് നെയ്ത് ചേർക്കുന്നു. ഇത് കവിയുടെ ആന്തരജീവിതവും ഉള്ളിലെ വ്യക്തിയുമാണ് രൂപീകരിക്കുന്നത്.പൂതത്തിൻ്റെ വ്യസനത്തിന്റെ കാരണമെന്താണെന്നു ഉണ്ണികളോട്  ചോദിക്കുന്നുണ്ട്. ഉണ്ണിയെ തട്ടിയെടുത്ത പൂതത്തോട് അമ്മ എതിരിട്ടു നിന്നു. പൂതം  ഭയപ്പെടുത്തുകയാണ്.

      "പേടിപ്പിച്ചോടിക്കാൻ നോക്കീ പൂതം
      പേടിക്കാതങ്ങനെ നിന്നാളമ്മ.
      കാറ്റിൻചുഴലിയായ്ച്ചെന്നു പൂതം
      കുറ്റികണക്കങ്ങ് നിന്നാളമ്മ.
      കാട്ടുതീയായിട്ടും ചെന്നു പൂതം 
      കണ്ണീരാലൊക്കെക്കെടുത്താളമ്മ. നരിയായും പുലിയായും ചെന്നു പൂതം തരികെന്റെ കുഞ്ഞിനെയെന്നാളമ്മ. "

      നരിയായും ചുഴലിയായും പുലിയായും ചെന്നു പൂതം .ഒന്നും വിജയിച്ചില്ല .പൂതം ഏത് രൂപവും സ്വീകരിക്കും. അത് ഭയപ്പെടുത്തുന്നതിന്റെ പ്രത്യക്ഷതകളാണ്. അമ്മയാകട്ടെ ഉണ്ണിക്ക് വേണ്ടി കണ്ണുകൾ ചൂഴ്ന്നെടുത്ത് നൽകി അന്ധയാവുകയാണ്. അമ്മയ്ക്ക് ഉണ്ണി എല്ലാറ്റിനും മുകളിലാണല്ലോ. മന്ത്രവും ജപവുമെല്ലാം പയറ്റിയിട്ടും പൂതം പരാജയപ്പെട്ടു. അമ്മയുടെ സ്നേഹം എന്തിനും മേലെയാണ്. അതാർക്കും അറിയില്ല. പൂതം അതറിയാനാണ് ശ്രമിച്ചത്. അമ്മയുടെ സ്നേഹത്തിനു പകരമായി ഒന്നും തന്നെ കൊടുക്കാൻ മക്കൾക്കാവില്ല. ആ കടം ഒരിക്കലും വീട്ടാനാവില്ല. ഇതാണ് മക്കളുടെ ശാപം .അവരെ ആ പാപം പിന്തുടരും. അവർക്കത് തിരിച്ചുകൊടുക്കാനാവില്ല. പൂതത്തിനു അത് മനസ്സിലായി .തന്റെ മുന്നിൽ നിൽക്കുന്നത് മാതാവാണെന്ന പൂതത്തിൻ്റെ ബോധ്യത്തിന്റെ ആഴം വലുതാണ് .അതാണ് പൂതത്തെ കുറ്റബോധത്തിലേക്ക് താഴ്ത്തുന്നത്. 

      "അമ്മയെടുത്തിട്ടുമ്മ കൊടുത്തി - ട്ടഞ്ചിതമോദം മൂർദ്ധാവിങ്കൽ 
      തടകിത്തടകിപ്പുൽകിയവാറേ
      വേറിട്ടൊന്നെന്നോതിയെണീറ്റാൾ 
      പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
      പൊട്ടപ്പൂതമിതെന്നു കയർത്താൾ .
      താപം കൊണ്ടു വിറയ്ക്കെക്കൊടിയൊരു
      ശാപത്തിന്നവൾ കൈകളുയർത്താൾ.
      ഞെട്ടിവിറച്ചു പതിച്ചു പൂതം 
      കുട്ടിയെ വേഗം വിട്ടുകൊടുത്താൾ.

      അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
      ഞാനിനിമേലിൽ മറച്ചുപിടിക്കി-
      ല്ലെന്നുടെനേരെ കോപമിതേറെ -
      യരുതരുതെന്നെ നീറ്റിടൊല്ലേ.
      നിന്നുടെ കണ്ണുകൾ മുൻപടി കാണും
      നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ .

      തൊഴുതു വിറച്ചേ നിന്നൂ പൂതം 
      തോറ്റുമടങ്ങിയടങ്ങീ പൂതം 
      അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ-
      രുണ്മയിൽയിൽനിന്നൂ തിങ്കളൊളിപ്പൂ- പ്പുഞ്ചിരിപെയ്തുകുളിർപ്പിച്ചും കൊണ്ട ഞ്ചിതശോഭം പൊന്നുണ്ണി ."

      അമ്മയ്ക്ക് നഷ്ടപ്പെട്ട കണ്ണുകൾ പൂതം തിരികെ നൽകി. തന്റെ കുഞ്ഞ് ഇതുതന്നെയല്ലേ എന്നു നോക്കി ഉറപ്പുവരുത്താൻ പൂതം അപേക്ഷിക്കുന്നു. നിരുപാധികമായി പ്രവഹിക്കുന്ന സ്നേഹത്തിനു മുന്നിൽ പൂതം ചെയ്ത തെറ്റിനെക്കുറിച്ചോർത്തു. പൂതത്തിൻ്റെ നില്പ് കണ്ട് അമ്മയ്ക്ക് അലിവ് തോന്നി.പൂതം പാപബോധത്തിൽ നീറുകയാണ്. അപ്പോൾ അമ്മ പറഞ്ഞു:

      "മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
      കളമക്കതിർമണി കളമതിലൂക്കൻ
      പൊന്നിൻകുന്നുകൾ തീർക്കുംകാലം
      വന്നുമടങ്ങണമാണ്ടുകൾതോറും 
      പൊന്നുണ്ണിക്കൊരു കുതുകം ചേർക്കാൻ 
      ഞങ്ങടെ വീട്ടിനു മംഗളമേകാൻ,
      ഞങ്ങൾക്കഞ്ചിതസൗഖ്യമുദിക്കാൻ."

      ഇടശ്ശേരി പൂതത്തെ രൂപാന്തരപ്പെടുത്തുന്നു 

      ഇടശ്ശേരി കണ്ട പൂതത്തെ മനുഷ്യന്റെ ഉപബോധമനസ്സിലെ പാപബോധവും പ്രായച്ഛിത്തവുമായി രൂപാന്തരപ്പെടുത്തുന്നു. മനുഷ്യനു ഇതാവശ്യമാണ് .അവൻ നശ്വരവും അർത്ഥശൂന്യവുമായ ഒരു ജീവിതം ജീവിക്കുന്നവനാണ് .മരണം എല്ലാം വ്യർത്ഥമാക്കുന്നു. ജീവിതം എന്നു പോലും വിളിക്കാനാവാത്ത പീഡനവും ആത്മവ്യഥയും ശൂന്യതയുമാണ് ഉപബോധമനസ്സിൽ തളം കെട്ടി നിൽക്കുന്നത്. സന്തോഷിക്കുമ്പോഴും അവൻ ഇടയ്ക്ക് നിശ്ശബ്ദതയിലേക്ക് പിൻവലിയും. അവൻ സ്വയം ആരാണെന്നു ചോദിക്കുന്നുണ്ടെങ്കിലും ഉത്തരം കിട്ടിയിട്ടില്ല. എല്ലാവരും 'ഞാൻ' ആരാണെന്നു ചോദിച്ചുകൊണ്ടിരുന്നാൽ അത് ഭ്രാന്തിൻ്റെ ലോകമായി മാറും. അതുകൊണ്ട് മനുഷ്യൻ സ്വന്തം കാരാഗൃഹത്തിലെ യജമാനനാണെന്നു ഭാവിക്കുന്നു. കാലിലെ വ്രണം   മറ്റാരെയും അറിയിക്കാതിരിക്കാൻ അവൻ പരിശ്രമിച്ചുകൊണ്ടിരിക്കും.എല്ലാ യാത്രകളും വിഷാദമാണ്. എല്ലാ യൗവ്വനവും പാപത്തിന്റെ നീറ്റലിൽ തുടരുകയാണ്. യൗവനം അന്ധമായ ഒരു കുതിപ്പാണ്. യൗവ്വനത്തിൻ്റെ  അർത്ഥമറിയാൻ വാർദ്ധക്യത്തിന്റെ വിസ്തൃതമായ ,വിജനമായ ഇടങ്ങളിലെത്തണം. വാർദ്ധക്യം യൗവനത്തിന്റെ വ്യർത്ഥതയറിയാനുള്ള സമയമാണ്. പാപബോധത്തിൽ നിന്നു വിടുതൽ നേടാൻ വാർദ്ധക്യം എന്ന പ്രളയകാലം സഹായിക്കും. എന്നാൽ പ്രളയകാലത്ത് ആരെ ഓർത്താൽ എന്ത് ഫലം? എല്ലാ യൗവ്വനവും ഓർമ്മകളും അവിടെ പൊങ്ങുതടികൾ പോലെ എവിടേക്കോ ഒഴുകിപ്പോകുന്നു.മനുഷ്യൻ പ്രത്യക്ഷത്തിൽ ഈ പാപബോധത്തിന്റെ ഇരയാണെന്നു അറിയുന്നുണ്ടാവില്ല. കാരണം, ബോധത്തിൽ അവൻ വ്യഗ്രതപൂണ്ട് കഴിയുകയാണല്ലോ. ബോധത്തിൽ അവൻ സകല നിഷ്ഫലതയും അനുഭവിക്കുന്നു. ആ നീറ്റൽ കവി ഇങ്ങനെ ആവിഷ്ക്കരിക്കുന്നു:

      "അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ ഞാനിനിമേലിൽ മറച്ചുപിടിക്കി
      ല്ലെന്നുടെനേരെ കോപമിതേറെ
      യരുതരുതെന്നെ നീറ്റിടൊല്ലേ .
      നിന്നുടെ കണ്ണുകൾ മുൻപടി കാണും
      നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ."

      ഇത് നാം നമ്മുടെ മാതാവിനോട് ചെയ്യുന്ന പ്രായശ്ചിത്തത്തിന്റെ അന്തർദർശനമാണ്. എല്ലാവരുടെയും ഉള്ളിൽ വീടാത്ത കടങ്ങളുണ്ട്. ഗർഭപാത്രത്തിൽ കിടന്നപ്പോൾ നമ്മെ സംരക്ഷിച്ചതിനു നന്ദി വേണ്ടേ? ശ്രീനാരായണഗുരുവിൻ്റെ 'പിണ്ഡനന്ദി' ഓർക്കുക. പിണ്ഡമായിരുന്നപ്പോൾ അലൗകികമായ ഏതോ നിയോഗത്താൽ നരജന്മത്തിലേക്ക് എത്തിപ്പെട്ടതാണ്. അമ്മയാണ് ആ വലിയ കൃത്യത്തിന് നിമിത്തമായത്. അതിനു നന്ദി കാണിക്കാനുള്ള വിഭവം മനുഷ്യൻ്റെ പക്കലില്ല. അതുകൊണ്ട് പാപിയായിരിക്കുക എന്ന വിധിയിൽ നിന്നു രക്ഷപ്പെടാനാവില്ല. ഓരോ പ്രവൃത്തിയിലും മാനവികതയുടെ മഹനീയമായ വിനയം പാപത്തിന്റെ പരിഹാരത്തിനായി തലനീട്ടുന്നു .പൂതം നമ്മുടെ ഉപബോധമനസ്സിലെ വേവുന്ന ആത്മാവാണ്. 'പൂതമോ പാവം!' എന്നു ഇടശ്ശേരി പറയുന്നതിൽ ഈ കവിതയുടെ സകല മീമാംസയും അടങ്ങിയിരിക്കുന്നു.

      ഇടശ്ശേരിയുടെ നിസ്സഹായപ്പൂതം 

      നമ്മുടെ തന്നെ അനന്തരവ്യഥയാണ്, രൂപമാണത്. നമ്മളിൽ തന്നെയാണ് അതുള്ളത് .നമ്മളിൽ പ്രത്യക്ഷപ്പെടാതെയും ഏറ്റുമുട്ടാതെയും   അഹങ്കരിക്കാതെയും ഓർമ്മകളിൽ ഉലഞ്ഞു കഴിയുകയാണത്. ബാഹ്യലോകത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും കെട്ടടങ്ങി കഴിയുമ്പോൾ  നാം ഈ പൂതത്തിലേക്ക്  തിരിച്ചെത്തുന്നു. പൂതം സ്വപ്നത്തിലും അബോധത്തിലും അലഞ്ഞുനടക്കുന്നു.നിസ്സഹായപ്പൂതമാണത്. സംസാരജീവിതത്തിലെ തെറ്റുകളെക്കുറിച്ച് അത് വൃഥാ വിലപിക്കുന്നു. ആരും ആ വിലാപം കേൾക്കുന്നില്ല .മനുഷ്യർ തമ്മിൽ യാതൊരു വിനിമയവുമില്ല. ഒരാൾക്ക് മറ്റൊരാളെ അറിയാൻ ഒരു മാർഗ്ഗവുമില്ല .ദൈവം ഒരുക്കിയ ചതി.ഒരു പന്തിയിൽ ഒരുമിച്ചിരുന്ന് ഉണ്ടവർ സംശയത്തിന്റെ പേരിൽ പരസ്പരം കുത്തി മരിക്കുന്നു; ദൈവത്തിൻ്റെ കെണി. മനുഷ്യൻ നിരായുധനായി നിൽക്കുകയാണ്. മനുഷ്യൻ്റെ നഷ്ടബോധം എത്ര ഭയാനകമാണ്!.

      ഈ വേളയിൽ നമുക്ക് അന്യോന്യം സത്യസന്ധരാകാം. മാത്യു അർനോൾഡ് 'ഡോവർ ബീച്ച് ' എന്ന കവിതയിൽ എഴുതി '

      "Ah, love, let us be true 
      To one another !for the world,which seems 
      To lie before us like a land of dreams;
      So various , so beautiful ,so new..."

      ഈ ലോകം നമ്മോട് കള്ളം പറയുകയാണെന്നു അർനോൾഡ്  അറിയിക്കുന്നു .ഇത് ആന്തരികമായ അറിവാണ് .ഒരു സ്വപ്നം പോലെ സമ്മോഹനമായ ഈ ലോകം ,പക്ഷേ വേഷപ്രച്ഛന്നമാണ്. മനുഷ്യൻ നിരായുധനാകുന്നത് ഇവിടെയാണ്. സങ്കടങ്ങൾ മനസ്സിൽ തന്നെ ഒടുങ്ങും. ഈ ശരീരം വിട്ട് അവനു ഒരു ജീവിതമില്ല .അവൻ ഉഭയതലജീവിയാണ് ;മനസ്സിലും ശരീരത്തിലും ജീവിക്കുന്നു. ശരീരത്തിലെ ജീവിതം മനസ്സിനും മനസ്സിലെ ജീവിതം ശരീരത്തിനും  ഭാരമാണ്. ഈ ഭാരം അങ്ങോട്ടുമിങ്ങോട്ടും മാറ്റിവയ്ക്കുകയാണ് .ആരോടെന്നില്ലാതെയാണ് ഉള്ളിലെ നിവേദനങ്ങൾ. അതിനൊരു ഉണർവ്വു നൽകാൻ ദൈവം മടി കാണിക്കുന്നു. എന്തെന്നാൽ ദൈവമാണല്ലോ ഈ കെണി സൃഷ്ടിച്ചിരിക്കുന്നത് .ഒരാൾക്ക് മറ്റൊരാളെ അറിയാൻ യാതൊരു മാർഗ്ഗവും ഇല്ലെന്നിരിക്കെ എങ്ങനെയാണ് സഹജീവിതം സംയുക്തമായ അർത്ഥാന്വേഷണമാകുന്നത്.സാമൂഹികമായി നാം അനുഷ്ഠിക്കുന്ന സാംസ്കാരിക അർത്ഥപരത മനുഷ്യർ തമ്മിലുള്ള വിനിമയത്തിന്റെ ഉള്ളടക്കത്തെ ബാഹ്യവത്ക്കരിച്ചു കൊണ്ടാണ്. മനുഷ്യൻ അവനെ നിരാകരിക്കുകയും സമൂഹവുമായി ചേർന്നു മറ്റൊന്നിനെ നിർമ്മിക്കുകയുമാണ്. ഏകാന്തനും നിരാശനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചവനുമായ ഒരുവൻ ഒരു സംഘത്തിൽ ചേർന്നു നിൽക്കുകയാണെന്നു സങ്കൽപ്പിക്കുക. അവനെ ആരും അറിയുന്നില്ല. അവൻ്റെ പതനങ്ങൾ അവന്റേത് മാത്രമാണ് .അവനോട് എല്ലാവർക്കും ആന്തരികമായ അസ്പൃശ്യതയാണ്. ആ ഭാരം അവൻ ഒറ്റയ്ക്ക് താങ്ങുകയാണ്. അവനെ ആരും രക്ഷിക്കില്ല. അവൻ സമ്പൂർണ്ണമായി ഒറ്റപ്പെട്ടു കഴിഞ്ഞതുകൊണ്ട് ആരോടും ആലോചിച്ചിട്ട് കാര്യമില്ല. ദൈവം അത് കേൾക്കുകയില്ല. അവിടെ സ്വയം നിരസിച്ചുകൊണ്ടാണ് മറ്റൊരു സംഘവുമായി കൂട്ടുചേരുന്നത്. അവൻ നിശ്ശബ്ദതയിൽ അവനെ നിരാകരിക്കുകയും കൂട്ടത്തിൽ ചേരുന്നതിലൂടെ ലഭിക്കുന്ന പ്രതീതിയുടെ അർത്ഥത്തിൻ്റെ  ഭാഗമാവുകയും ചെയ്യുന്നു .ഈ നിരാസവും നിർമ്മാണവും എല്ലാ നിമിഷത്തിലുമുണ്ട്.ഇതാണ് നവാദ്വൈതം .ഇത് വേദാന്തത്തിലെ അദ്വൈതമല്ല ,എല്ലാ അതാര്യതകളെയും ഇരുട്ടുമുറികളെയും മറികടന്ന് മനുഷ്യൻ അവൻ്റെ മറ്റൊരു ലോകം നിർമ്മിക്കുന്നു. മറ്റൊരു പ്രക്രിയയുമില്ല. ആത്യന്തികമായ ഒന്ന് എന്ന് പറയാവുന്നത് ഈ നിരാസവും നിർമ്മാണവും ചേരുന്ന നിമിഷം മാത്രമാണ്.

      "ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
      ആളുകളിങ്ങനെയെങ്ങും ചോദിച്ചാ-
      ടിപ്പിപ്പൂ  പാവത്തെപ്പല
      പാടുമതിന്റെ മിടിക്കും കരളിൻ
      താളക്കൂത്തിനു തുടികൊട്ടുന്നൂ
      തേങ്ങലിനൊത്തക്കുഴൽവിളി കേൾപ്പൂ.

      കേട്ടിട്ടില്ലേ തുടികൊട്ടും കലർ -
      ന്നോട്ടു ചിലമ്പിൻ കലമ്പലുകൾ
      അയ്യയ്യാ വരവമ്പിളിപ്പൂങ്കുല 
      മെയ്യിലണിഞ്ഞ കരിമ്പൂതം."

      ഉണ്ണിയെ കൊടുക്കാമെന്ന് പറഞ്ഞ് ആളുകൾ പൂതത്തെ വെറുതെ ആട്ടത്തിനു പ്രേരിപ്പിക്കുന്നു. പൂതത്തോടൊപ്പമുള്ള തപ്പും കൊട്ടും പൂതത്തിൻ്റെ ഹൃദയമിടിപ്പായി മാറുകയാണ് .കുഴൽവിളി തേങ്ങലാണ്. എത്രയോ മനോഹരമായ കണ്ടെത്തൽ!പ്രാപഞ്ചിക ജീവിതത്തിന്റെ ആഴം അറിഞ്ഞ ജ്ഞാനിയായ കവിയാണ് ഇടശ്ശേരി. വ്യർത്ഥതയ്ക്ക് മേൽ അർത്ഥം കണ്ടെത്താൻ അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു . അദ്ദേഹത്തിൻ്റെ കണ്ണിൽപ്പെടാതെ ഒരു ആട്ടവും കടന്നു പോകുന്നില്ല. 'ഓട്ടുചിലമ്പിൻ കലമ്പലുകൾ' നമ്മുടെ മനസ്സിനുള്ളിലേക്ക് അരച്ചിറങ്ങുകയാണ്. അത് പൂതത്തിൻ്റെ ആത്മവേദനയും പാപ സങ്കീർത്തനവുമായി ലയിക്കുന്നു.


    Thursday, December 5, 2024

    കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 2 /എം.കെ.ഹരികുമാർ

    കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 1/എം.കെ.ഹരികുമാർ






    ശരീരത്തിൽ ഒരു സർപ്പമുണ്ട്. അത് നാഡികളായി ശരീരമാസകലം സഞ്ചരിക്കുകയാണ്. അതിൻ്റെ ക്രമം തെറ്റിയാൽ ജീവിതമില്ല. മനുഷ്യശരീരത്തിലെ ഹൃദയമിടിപ്പിന്റെ ഡിജിറ്റൽ രൂപം സാർപ്പികമാണ്. ശരീരത്തിലെ സാർപ്പികചേതന ആദിമധ്യാന്തം ഒരു നേരിനെ ഉൾക്കൊള്ളുന്നു. പ്രവർത്തിക്കുകയും ഉറങ്ങുകയും ചെയ്യുന്ന ഒരുവന് ആ സാർപ്പികചലനങ്ങൾ അറിയേണ്ട ആവശ്യമില്ല. അവൻ അത്തരം ശ്രദ്ധയിലേക്ക് പോകാതിരിക്കാനുള്ള എൻജിനീയറിങ്ങ് ശരീരത്തിൽ തന്നെ സജ്ജമാണ്.നമുക്ക് ഏറിയാൽ അറിയാവുന്നത് വൈകാരിക സ്പന്ദനങ്ങളെക്കുറിച്ച് മാത്രമാണ് .അതുപോലും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു ബൗദ്ധികജന്മമായതിനാൽ വക്രീകരിക്കുകയും വളച്ചൊടിക്കുകയും അന്യവത്ക്കരിക്കുകയും ചെയ്യാതെ മനുഷ്യനു നീങ്ങാനാവില്ല. അവൻ സ്വന്തം ചലനങ്ങളെ പോലും സംശയിക്കുകയാണ്. സ്വന്തം പ്രവൃത്തിയുടെ സത്യാവസ്ഥയിൽ പൂർണ്ണതൃപ്തിയുള്ള ഒരാളുമില്ല. മിക്കപ്പോഴും തെറ്റിപ്പോവുകയാണ് നമ്മുടെ പ്രവൃത്തികൾ. കാരണം, ആലോചിക്കാൻ സമയമില്ല .ചിന്തിച്ചു തീരുമാനമെടുക്കാനുള്ള സമയമില്ലാത്തതുകൊണ്ട് പെട്ടെന്നുള്ള  ഒരാവേശമാണ് നമ്മെ ചൂഴുന്നത്.അതിൽ  വിശ്വസിക്കുകയാണ് ആശ്രയം. ഒരു വസ്തുവിനെ കണ്ടു ഭയന്ന് ഓടുമ്പോൾ പൂർവ്വനിശ്ചിതമായ വഴികളില്ല .ഒരു വഴി തനിയെ ഉണ്ടാവുകയാണ്. ഇതാണ് മനസ്സിന്റെ എപ്പോഴുമുള്ള വഴി. മനസ്സിനു ഒരു വഴിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഗ്രഹങ്ങൾക്ക് ക്ഷീരപഥങ്ങളുണ്ട്. എന്നാൽ മനസ്സിനു സഞ്ചരിക്കാൻ ഒരു വഴിയും ആരും നിർമ്മിച്ചിട്ടില്ല. കെട്ടുപിണഞ്ഞ ചിന്തകൾക്ക് പല വഴിയിൽ കയറിപ്പോകാം. അതിനെ നിയന്ത്രിക്കാൻ ആന്തരികജ്ഞാനമാണ് വേണ്ടത്. ആ ജ്ഞാനം ശരീരത്തിൽ തന്നെയുണ്ട് .അതിനെ ഉണർത്തേണ്ടതുണ്ട്. ബുദ്ധിയുടെ കേവലമായ അതിർവരുമ്പുകൾക്കപ്പുറത്തേക്ക് പോയാലേ ആ ജ്ഞാനം കിട്ടുകയുള്ളു.

    ഗുരു മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷീരപഥത്തെ കണ്ടറിഞ്ഞ് എഴുതിയ കവിതയാണ് 'കുണ്ഡലിനിപ്പാട്ട്'.ഇതുപോലൊരു കവിത ഒരു ഭാഷയിലും ഉണ്ടാവുകയില്ല. ഇത് മഹത്തായ ഒരു സൃഷ്ടിയുടെ അപാരമായ വിചാരവൈചിത്ര്യവും ഭാവനയുടെ നാനാത്വവും ഉൾക്കൊള്ളുന്നു. ഏറ്റവും ഉന്നതമായ പ്രതിപാദ്യവും അതിനിണങ്ങുന്ന പ്രതിപാദനവുമാണ് കുണ്ഡലിനിപ്പാട്ടിനെ ശ്രദ്ധേയമാക്കുന്നത്. ഐഹികജീവിതത്തിൻ്റെ കാട്ടിലൂടെ നടന്ന് അനൈഹികമായ അനുഭവങ്ങൾ തേടുകയാണ് ഗുരു. ജ്ഞാനത്തിന്റെ വിളംബരമാണിത്. ഒരു പുതിയ ജ്ഞാനശാസ്ത്രമാണിത്. അതിനായി പുതിയ ഭാഷ കണ്ടെത്തിയിരിക്കുകയാണ്. പാമ്പ് എന്ന പ്രതീകത്തിലൂടെ ഈ ലോകത്തിലെ ജീവൻ്റെ സകല വ്യവഹാരങ്ങളെയും കോർത്തിണക്കുന്നു .പുതിയ കാവ്യപരിസ്ഥിതിയാണിത്.

    ജീവനെക്കുറിച്ചുള്ള വേവലാതിയല്ലിത്.   അത്യസാധാരണമായ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും അതിജീവിക്കുകയും ദൈവസാന്നിധ്യമറിയിക്കുകയും ചെയ്യുന്നതാണ് ഗുരു വിശദീകരിക്കുന്നത്. പരമ്പരാഗതമായ ദൈവം ഇവിടെയില്ല. കേവലം ഒരു വസ്തുവല്ല അത്.ഒരു മനുഷ്യനോ മനുഷ്യരൂപമോ അല്ല ദൈവം; ദൈവത്തെ നേരിൽ കണ്ട് നിവേദനം കൊടുക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ദൈവം നമ്മുടെ തന്നെ ചിന്തകളുടെ പരിമിതിക്കുള്ളിലാണെന്നു കരുതുന്നവരുണ്ട്. അവർക്ക് ദൈവം സ്വന്തം രക്ഷയ്ക്കുള്ളതാണ് .എന്നാൽ ഗുരു അതിനപ്പുറം പോവുകയാണ്. പാമ്പിലൂടെ അതിനെ തേടുകയാണിവിടെ.

    മനുഷ്യശരീരത്തിൽ ദൈവത്തിൻ്റെ സ്പന്ദനമറിയാനാണ് ശ്രമം.ഇങ്ങനെയൊരു കവിത ലോകത്തെവിടെയുമില്ല.എത്ര വ്യാഖ്യാനിച്ചാലും തീരാത്ത വിധം അത് വ്യാമിശ്രമാണ്. പാമ്പിനോട് അഭിസംബോധന ചെയ്യുന്ന രൂപമാണ് സ്വീകരിച്ചിരിക്കുന്നത്. പാമ്പിൻ്റെ ചലനത്തിനു അത്ര പ്രാധാന്യമുണ്ട്. മറ്റെന്തിനേക്കാൾ അത് നിർണായകമാണ്. പാമ്പ് എങ്ങനെയെല്ലാം നൃത്തം ചെയ്യണമെന്നാണ് ഗുരു വെളിപ്പെടുത്തുന്നത്. നമ്മുടെ ജീവിതം ഈ ആട്ടം തന്നെയാണ്. ഈ ആട്ടമല്ലാതെ മറ്റെന്തുണ്ട് ? മനസ്സിന്റെ ഈ ആട്ടം പ്രപഞ്ചത്തിന്റെ അകമാണ്. പുറത്ത് ഒരു പ്രപഞ്ചലീലയുണ്ട് -Dancing of Siva .ജനിമൃതികളുടെ ഈ സംസാരജീവിതത്തിൽ രമ്യതയുടെ ഒരു അദൃശ്യനിയമമുണ്ട്. അതിൽ സന്തോഷവും ദുഃഖവും ഇടകലർന്നിരിക്കുന്നു.സർവ്വാതിശായിയായ വിഷാദത്തിലും ആശയുടെ നദി ഒഴുകുകയാണ്. ശബ്ദവും നിശ്ശബ്ദതയും ഇഴചേർന്നിരിക്കുന്നു .ശബ്ദമുണ്ടെങ്കിൽ നിശ്ശബ്ദതയുമുണ്ട്.ചലനവും നിശ്ചലതയും കൈകോർത്തിരിക്കുന്നു. സ്ഥലവും ശൂന്യതയും ചേർന്നിരിക്കുകയാണ്. ജീവികൾക്കോ  രൂപങ്ങൾക്കോ പ്രസക്തിയില്ലാത്ത വിധം കാലം ഓടുകയാണ് .

    അകം ലോകത്തിന്റെ സ്പന്ദനമാണ് പാമ്പിൻ്റെ ആട്ടം .ആ പാമ്പ് നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ ആകെ നൃത്തത്തെ ആവാഹിക്കുകയാണ്. വികാരങ്ങളുടെ കടന്നൽക്കൂട് ശാന്തമായിരിക്കുന്നതും അശാന്തമായിരിക്കുന്നതും ഇതിൻ്റെ ഭാഗമാണ്. ദൈവത്തെ എങ്ങനെ അറിയും? ദൈവം ഉള്ളിലുണ്ട്. അതിനെ അറിയാനുള്ള ഉപാധി എന്താണ്? റഷ്യൻ ദൈവശാസ്ത്രജ്ഞനായ നിക്കോള ബെർദ്യേവ് (Nikolai Berdyaev) ഇങ്ങനെ പറഞ്ഞു: ആത്മാവ് ഒരു ഭൗതികവസ്തുവല്ല; ആന്തരികമായ, ദൈവികമായ യാഥാർത്ഥ്യം ഒരു വസ്തുവല്ല .വസ്തുനിഷ്ഠലോകത്ത് അങ്ങനെയുള്ള ഒരു പ്രകൃതിയില്ല, വസ്തുവില്ല. അല്ലെങ്കിൽ വസ്തുനിഷ്ഠമായ യാഥാർത്ഥ്യം എന്ന നിലയിൽ ആത്മാവില്ല. അതുകൊണ്ട് ആത്മാവില്ല എന്നു പറയാൻ എളുപ്പമാണ് .എന്നാൽ ദൈവം ഈ ചൈതന്യമാണ്. എന്തെന്നാൽ ദൈവം ഒരു വസ്തുവല്ല. ദൈവം അനുഭവമാണ്; അത് വ്യക്ത്യധിഷ്ഠിതമാണ്.' അതായത് ,ഭൗതികവസ്തു എന്ന നിലയിൽ ദൈവത്തെ തേടുന്നവർക്ക് ബദലാണിത്. ഒരു രൂപമായി, വസ്തുവായി ദൈവമില്ലെന്നിരിക്കെ അതിനെ അനുഭവിക്കുക, ആരായുക എന്നത് നമ്മുടെ വിധിയാവുകയാണ്.

    ഗുരുവിൻ്റെ ദൈവം മൂർത്തമായ ഒരു രൂപമല്ല ;തൊട്ടു കാണിക്കാനില്ല എന്നാണ് അർത്ഥമാക്കേണ്ടത്. ആ ദൈവത്തെ നാം തിരയണം, സാക്ഷാത്ക്കരിക്കണം. ബുദ്ധികൊണ്ട് സൃഷ്ടിച്ചെടുക്കാവന്നതല്ല അത്. വൈകാരികവും ആത്മീയവുമായ ഒരു അനുധാവനമാണത്. ഗുരു വിഭാവനം ചെയ്യുന്നത് ഒരു സൗന്ദര്യാത്മക ദൈവ ((Aesthetic God)മാണ്. അത് മനുഷ്യശരീരത്തിലൂടെ ,മനസ്സിലൂടെ അന്വേഷിക്കേണ്ടതാണ്. ഓരോ വ്യക്തിയും അവൻ്റെ കഴിവിനും ശക്തിക്കുമൊപ്പമാണ് ആ ദൈവത്തെ അനുഭവിക്കുന്നത് .സൗന്ദര്യബോധമുള്ളവർക്ക് ഗുരുവിൻ്റെ ദൈവത്തെ കൂടുതൽ ഭംഗിയായി ഉൾക്കൊള്ളാനാവും. ദൈവത്തെ കണ്ടെത്തുന്നത് ജീവിതത്തെ കൂടുതൽ സുന്ദരമാക്കുമെന്നാണ്  മനസ്സിലാക്കേണ്ടത് .ദൈവത്തെ അറിയുന്നത് ഒരു ലയമാണ്, ആസ്വാദനമാണ്. ഒരു മനോഹരമായ കവിത വായിച്ച് അതിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതുപോലെയാണ് ദൈവാനുഭവം.

    കവിതയുടെ ഒരു വലിയ മൂല്യമാണ് നിശ്ശബ്ദത. സൗന്ദര്യാനുഭവത്തിന്റെ പാരമ്യത്താൽ മൗനത്തിലാണ് നാം എത്തിച്ചേരുക. എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക്'(1984)എന്ന വിമർശന കൃതിയിൽ ഇത് ഞാൻ അവതരിപ്പിച്ചതാണ്. വാക്കുകൾ അർത്ഥത്തിനതീതമായ സംവേദനങ്ങളിലേക്ക് കുതിക്കുകയാണ്. അർത്ഥത്തിന്റെ പരിമിതിയിൽ നിന്നു വേർപെട്ടു വാക്കുകൾ മുന്നോട്ടു പോവുകയാണ്. മൗനത്തിൻ്റെ സൗന്ദര്യശാസ്ത്രമാണിത്. മൗനത്തിൽ അഭയം തേടുന്ന ഒരനുഭവമുണ്ട്. സാഹിത്യകലയിൽ എല്ലാം വിശദീകരിക്കാനാവില്ല. ചിലതെല്ലാം ആവിഷ്ക്കരിക്കാൻ വാക്കുകൾ അപര്യാപ്തമാണ്.
    വാക്ക് അർത്ഥമാണല്ലോ ഉല്പാദിപ്പിക്കുന്നത്. എന്നാൽ മനസിനു അർത്ഥമില്ലാതെയും ജീവിക്കാം. അപ്പോൾ വാക്കുകളുടെ കാന്തി മങ്ങുന്നു. മൗനത്തിൻ്റെ പ്രകാശം പരക്കാൻ തുടങ്ങും. ഉന്നതമായ കലാപ്രവർത്തനത്തിൽ സൗന്ദര്യാത്മകതയുടെ മൗനമുണ്ട്.  'ബുദ്ധിസം' എന്ന ഗ്രന്ഥത്തിൽ ക്രിസ്മസ് ഹംഫ്രീസ് സെൻബുദ്ധിസത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:
    Silence alone can describe it,the silence of the mystic ,of the saint,of the artist in the presence of great beauty.
    ഇത് നിശ്ശബ്ദതയ്ക്കു മാത്രമേ വിശദീകരിക്കാനാവൂ.ഒരു യോഗയുടെ നിശ്ശബ്ദത ,ഒരു പുണ്യാളന്റെ നിശ്ശബ്ദത, മഹാസൗന്ദര്യത്തിനു മുന്നിൽ നിൽക്കുമ്പോഴുള്ള കലാകാരൻ്റെ നിശ്ശബ്ദത. കലയിൽ കലാകാരൻ ഇല്ലാതാകുന്നതിന്റെ നിശ്ശബ്ദതയാണിത്. കലയിൽ നിന്നു കലാകാരനെ വേർപെടുത്താനാവാത്ത മൗനം. ഏതെങ്കിലുമൊരു വസ്തുവുമായിട്ട് കെട്ടുപിണയാതിരിക്കുകയും എല്ലാറ്റിനും മുകളിൽ സഞ്ചരിക്കുകയും സ്വതന്ത്രമാവുകയുമാണ് വേണ്ടതെന്ന്  സെൻ മാസ്റ്റർ റിൻസായ് (Rinzai)പറഞ്ഞത് ഇവിടെ ഓർക്കണം.

    ഗുരുവിൻ്റെ ദൈവം മനുഷ്യൻ്റെ വിശുദ്ധവും സ്വതന്ത്രവുമായ യാത്രയിലെ അനുഭവമാണ് .യാതൊരു  കെട്ടുപാടുമില്ല .ഒന്നിനെയും തമ്മിൽ ബന്ധിച്ചുനിർത്തേണ്ടതില്ല .ഒരു സ്വതന്ത്രനദിയാണ് നാം എന്നു സങ്കല്പിച്ചാൽ മതി. ഒരു സ്വതന്ത്ര പറവയായാലും മതി. ചിന്തയ്ക്ക് പോകാൻ കഴിയാത്ത ഇടങ്ങളിലേക്ക് നയിക്കുന്ന കവിതയാണ് കുണ്ഡലിനിപ്പാട്ട്. എല്ലാ പഴഞ്ചൊല്ലുകളും പ്രയോഗങ്ങളും സംജ്ഞകളും ഇവിടെ വഴിമാറുകയാണ്. ചിന്തയുടെ എല്ലാ സ്കൂളുകളും പിരിച്ചുവിടപ്പെട്ടിരിക്കുകയാണ്. ഇവിടെ സൂത്രവാക്യങ്ങൾക്കും ഇടമില്ല. തത്ത്വചിന്തയുടെയും ചിന്തയുടെയും അംഗീകൃതസ്ഥാപനങ്ങളിൽ നിന്നു വഴിപിരിയുകയാണിവിടെ. മനസ്സിന്റെ സ്വതന്ത്രമായ സൗന്ദര്യം നേടാൻ വേണ്ടിയാണ് ഈ വിടുതൽ യാത്ര. അതാണ് 'കുണ്ഡലിനിപ്പാട്ടി'ലുള്ളത്. ഒരു പാമ്പിനോടാണ് ഗുരു പറയുന്നത്. ആ പാമ്പ് ചിന്തയുടെ സകലസ്കൂളുകളും ഉപേക്ഷിച്ചു ആടുകയാണ്.

    പ്രാപഞ്ചികമായ ശുദ്ധതയുടെയും വിമോചനത്തിന്റെയും ആട്ടമാണത്.  ഗുരുവിന്റെ ദൈവം ഈ സ്വാതന്ത്ര്യത്തിൽ നിന്നാണ് ഉദിക്കുന്നത്. അത് ശുദ്ധതയുടെ ഒരു കാറ്റാണ്. ഒരു പൂ വിരിയുകയാണ് .ഒരു രാത്രിയിൽ  നിലാവ് ഉണരുകയാണ് .ഒരു സൂര്യോദയമാണ്. ഒരു പക്ഷിപ്പറക്കലാണ് .ഒരു മന്ദഹാസമാണ്. സൗന്ദര്യാത്മക ദൈവമാണത്.ഇന്ദ്രിയങ്ങളിലൂടെ നാം സാക്ഷാത്കരിക്കേണ്ട ആനന്ദമാണത്.

    "ആടുപാമ്പേ ,പുനം തേടു പാമ്പേ,യരു ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ!"

    ആട്ടത്തിലൂടെ ദൈവത്തെ കണ്ടെത്താമെന്നാണ് ഗുരു ധ്വനിപ്പിക്കുന്നത് .അരുളാനന്ദക്കൂത്ത് കാണണമെന്നു ഉപദേശിക്കുന്നു. അരുൾ മഹത്തായ മാനവികതയാണ്. അരുൾ കൃപയാണ്. കൃപാലുവായ ദൈവത്തിൻ്റെ ആനന്ദത്തെ അറിയുക. എന്തുകൊണ്ടാണ് ദൈവം കൃപാലുവും ആനന്ദനുമായിരിക്കുന്നത് ? ദൈവം എല്ലാത്തിനെയും സമമായി കാണുന്നു. നമുക്ക് നല്ലതു വേണമെങ്കിൽ ദൈവം നമ്മോടൊപ്പം നിൽക്കും. കാരണം, ദൈവം നമ്മുടെ സൗന്ദര്യസങ്കല്പത്തിനൊത്താണ് നിലനിൽക്കുന്നത്. സൗന്ദര്യസങ്കല്പമെന്നാൽ ജീവിതത്തിൽ പാലിക്കേണ്ട ധർമ്മവും മൂല്യവും ശുദ്ധിയുമാണ്. അതിലൂടെയാണ് നാം ദൈവത്തെ വൈകാരികമായി അറിയുന്നത്.

    ദൈവം അദൃശ്യതയിലാണുള്ളത് .അത് നമ്മുടെ ഇന്ദ്രിയങ്ങൾക്കപ്പുറമാണ്. എന്നാൽ ആ ദൈവത്തെ അറിയാൻ ഉള്ളിലെ സർപ്പത്തെ ഉണർത്തിയാൽ മതി .ആ സർപ്പം നിറഞ്ഞാടുമ്പോൾ എല്ലാ ഇന്ദ്രിയങ്ങളും കാര്യക്ഷമമാകും. കണ്ണുകൊണ്ടല്ലാതെ കാണാനും കാതുകൊണ്ടല്ലാതെ കേൾക്കാനും ത്വക്കുകൊണ്ടല്ലാതെ സ്പർശിക്കാനും ശ്വസനേന്ദ്രിയം കൊണ്ടല്ലാതെ ഗന്ധം അറിയാനും മനസ്സുകൊണ്ടല്ലാതെ മനസ്സിലാക്കാനും കഴിയും. ഇതാണ് ദൈവികത. അതിനായി പ്രയത്നിക്കാൻ ഉള്ളിലെ ജീവനോടു പറയുകയാണ്. ജീവൻ്റെ ആട്ടത്തിൽ നിന്ന് ഈ സത്യം പുറത്തു പോകരുത് .ഒരു സൗന്ദര്യാത്മകദൈവത്തെ തേടുന്നവനു ഇന്ദ്രിയങ്ങൾ വഴികാട്ടികളാണ് .ഒരു ഘോരവനത്തിൽ നിന്നു യഥാർത്ഥ വഴിയിലൂടെ പുറത്തെത്താൻ സഹായിക്കുന്നത് ഈ ഇന്ദിയങ്ങളാണ്. ഇന്ദ്രിയങ്ങൾക്കു നാം എന്തു കൊടുക്കുന്നുവോ അതാണ് അവ തിരിച്ചു തരുന്നത് .

    അരുൾ കൈവിടാതെ ആടണം. ഇപ്പോൾ നാം പുറംലോകത്ത് കാണുന്ന പല ആട്ടങ്ങളും ക്രൂരതയുടെ ഭാഗമാണ്. കൃപയില്ലാത്തവർ ആടുന്നത് മറ്റുള്ളവർക്ക് ദോഷകരമാകുന്നു. അരുൾ ഉപേക്ഷിക്കാതെ ആനന്ദത്തെ ഉൾക്കൊള്ളണം. അരുളും ആനന്ദവും ദൈവത്തിലുണ്ടെന്ന് അറിഞ്ഞ് ആടണം .അപ്പോൾ ശരീരത്തിലും അതിന്റെ പ്രകാശം പരക്കും. മനസ്സിനു നേരാം വഴി തെളിഞ്ഞു കിട്ടും. സർപ്പത്തിനു ഒരു വാസസ്ഥലമുണ്ട്. അത് മറന്നുപോകരുത് .ആ പുനം തേടണമെന്നും സൂചിപ്പിക്കുന്നു. ആ പുനം നമ്മുടെ പ്രാചീനവും ആത്യന്തികവുമായ ഗേഹമാണ് .ഈ ജീവിതം ഒരു വാടകയ്ക്കെടുത്ത മുറിയാണെന്നു പറയാറുണ്ട്. ശരീരവും വാടകയ്ക്കെടുത്ത മുറിയല്ലേ? ശരീരം നാം ജീവിച്ച ശേഷം ഉപേക്ഷിക്കുകയാണ്. മനസും ഉപേക്ഷിക്കുകയാണ്. അതുകൊണ്ട് ആ പുനം മറന്നുപോകരുത്. അവിടേക്കാണ് നാം ചെല്ലുന്നത്. എല്ലാം നഷ്ടപ്പെടുമ്പോഴും ഒരിടം ബാക്കിയുണ്ടെന്നുള്ള ചിന്ത എത്ര മഹത്തരമാണ് !.അതിനുമുമ്പ് ആടുന്നതിനു അർത്ഥമുണ്ടാകട്ടെ.

    ചിതറിപ്പോയ ആത്മഘടകങ്ങളെ ശേഖരിച്ചു ച്ചേർത്തുവച്ച് ഒരു സ്റ്റോയിക്ക് തിരിച്ചു വരുന്നു/എം.കെ.ഹരികുമാർ

     

    Tuesday, December 3, 2024

    എന്താണ് സാഹിത്യം,കല ?- 4 /എം.കെ.ഹരികുമാർ

     






    ഡി.എച്ച്‌.ലോറൻസിൻ്റെ ഭവിഷ്യജ്ഞാന സിദ്ധാന്തം 


    ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്സിൻ്റെ കൃതികളെക്കുറിച്ചുള്ള ലേഖനത്തിൽ അമേരിക്കൻ വിമർശകനായ യൂജിൻ ജൊലാസ്(Eugene Jolas) ജോയ്സിൻ്റെ സൗന്ദര്യസങ്കല്പം വിശദീകരിക്കുന്നുണ്ട്. ജോയ്സിൻ്റെ A Portrait of the Artist as a Young Man എന്ന നോവലിലെ കഥാപാത്രമായ സ്റ്റീഫൻ ഡെഡാലസിൻ്റെ ചിന്തകൾ എന്ന നിലയിലാണ് അവതരിപ്പിക്കുന്നതെങ്കിലും അത് ഇറ്റാലിയൻ ചിന്തകൻ തോമസ് അക്വിനാസിൻ്റെ കലയെക്കുറിച്ചുള്ള ആശയങ്ങളാണ് .അത് ഇപ്രകാരമാണ്: "കലയുടെ സൗന്ദര്യത്തിനു മൂന്നു ഘടകങ്ങൾ ആവശ്യമാണ്- wholeness,harmony,radiance. Wholeness എന്നാൽ ഒരു വസ്തുവിന്റെ അതിൽ തന്നെയുള്ള പൂർണ്ണതയാണ്. ഒരു വസ്തുവിൽ തന്നെ അത് പൂർണമാണ് .അതിനെ മറ്റുള്ളവയിൽ നിന്നു വേർതിരിക്കുന്നത് ഈ പൂർണ്ണതയാണ് .ഒരു പൂച്ച പൂച്ചയായിരിക്കുന്നതാണ് പൂർണത. രമ്യത അഥവാ harmony എന്നാൽ ഒരു വസ്തുവിന്റെ ഘടനയാണ് .അതിൻ്റെ ആന്തരികമായ ക്രമമാണ് ,പൊരുത്തമാണ് .ഏതൊരു വസ്തുവിനും ഉള്ളിൽ ഒരു ക്രമമുണ്ട്. അത് അതിൽതന്നെ ചിട്ടപ്പെടുത്തിയതു പോലെയാണിരിക്കുന്നത് .അതിനെ പൂർണ്ണതയിൽ കാണുമ്പോൾ ഈ രമ്യതയും വെളിപ്പെടുന്നു. ഒരു പൂച്ച ഒരു സ്വഭാവമാണ്. അതിനു ആ സ്വഭാവത്തെ മറികടക്കാനാവില്ല. ഇതിനെ rhythm of its structure എന്നു പറയാം. ഒരു വസ്തുവിനു തനതായ ഒരു സ്ഥാനമുണ്ട്. വിവിധ ഘടകങ്ങൾ പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നതിന്റെ ലയമാണത്. മൂന്നാമത്തേതാണ്  Radiance .സൗന്ദര്യം ,തിളക്കം എന്നൊക്കെ വിളിക്കാം. മറ്റൊരു ലോകത്തു നിന്നു വളരുന്ന  വെളിച്ചമാണ് സൗന്ദര്യം.ഇത്  ആന്തരപ്രഭയുടെ പ്രകടനമാണ്.ഉന്നതമായ ഒന്നിന്റെ നിഴലാണത്. ഏതൊന്നിലും മഹത്തായ അതിഭൗതികമായ ഒരു ഉദ്ദേശ്യം ഒരു കലാകാരൻ കണ്ടെത്തുന്നതിന്റെ ഫലമാണിത് .അജ്ഞാതമായ ഒരു പ്രകാശത്തിന്റെ സാക്ഷാത്കാരമാണത്.  കലയിൽ അലൗകികമായ ഒരു പ്രഭാവം കലാകാരൻ കൊണ്ടുവരുന്നു .അത് അയാളുടെ മാത്രം കണ്ടുപിടുത്തമാണ്.

    കലയുടെ പേരിൽ മുറിവേറ്റവൻ 

    കലാസൃഷ്ടിയെ പ്രാപഞ്ചികമായ ഒരു പ്രതിനിധാനമാക്കുന്നത് ഈ ഘടകമാണ് .വസ്തുവിന്റെ സൗന്ദര്യാത്മകമായ പ്രതിച്ഛായ കലാകാരൻ ഉൾക്കൊള്ളുകയാണ്. അതാണ് വരയ്ക്കാൻ പ്രേരിപ്പിക്കുന്നത്.കലയുടെ നിർവ്വഹണത്തിലെ മറ്റു മൂന്നു ഘടകങ്ങൾ കൂടി ഇവിടെ ചർച്ച ചെയ്യുന്നുണ്ട് .ഒന്ന്, ഭാവതല(lyrical)മാണ്. രണ്ടാമത്തേത്  epical തലമാണ്. മൂന്നാമത്തേത് നാടകീയതലമാണ്. കലാകാരൻ തൻ്റെ ആത്മാവിനോടു സാദൃശ്യമുള്ള ഛായ കലയിൽ സൃഷ്ടിക്കുന്നതാണ് ഭാവതലം .കലാകാരന്റെ ഛായ തന്നെ കലയിൽ നിലീനമാണ്. എപ്പിക്കൽ തലം ,സ്വന്തം പ്രതിച്ഛായയെ കലാകാരൻ്റെയും  അനുവാചകരുടെയും ഇടയിലെ കണ്ണിയായി അവതരിപ്പിക്കുന്നതാണ്. നാടകീയ തലമാകട്ടെ സ്വന്തം പ്രതിച്ഛായയെ മറ്റുള്ളവരുമായി ബന്ധിപ്പിച്ചു കാണിക്കുകയാണ്. വിശ്രുത ചിത്രകാരന്മാരുടെ രചനകൾ പരിശോധിച്ചാൽ wholeness,harmony radiance എന്നിവ സജ്ജമാകുന്നത് കാണാം. ചിത്രങ്ങളിലേതു പോലെ പ്രത്യക്ഷവൽക്കരിച്ച്‌ കാണാൻ പ്രയാസമാണെങ്കിലും സാഹിത്യകൃതികളിലും ഇത് പ്രകടമാണ്. മഴയെക്കുറിച്ച് എഴുതുമ്പോൾ മഴയെ പൂർണ്ണതയിൽ കാണുകയാണ് എഴുത്തുകാരൻ .കാക്കനാടൻ്റെ 'മഴയുടെ ജ്വാലകൾ' ഉദാഹരണം. അതിൽ ഒരു ലയമുണ്ട്. അത് ചിത്രീകരിക്കുമ്പോൾ അഭൗമമായ ഒരു പ്രകാശം കടന്നുവരുന്നു. 

    ജോയ്സിന്റെ നോവലിലെ നായകനായ സ്റ്റീഫന് കലാപരമായ ഉദ്വിഗ്നതയാണുള്ളത്. അയാൾ കലയുടെ പേരിൽ മുറിവേറ്റവനാണ്. അയാൾ സൗന്ദര്യത്തിന്റെ ആഘാതത്തിൽ എല്ലാവരിൽ നിന്നും അകന്നുപോകാൻ ആഗ്രഹിക്കുന്നു.സത്യാന്വേഷണമാണ് കലയിലും സംഭവിക്കുന്നത് .അടിസ്ഥാനപരമായി സത്യത്തെ സ്വീകരിക്കാനുള്ള ഒരു മനസ്സ് പ്രധാനമാണ് .വലിയ കലാകാരന്മാർ ആ മനസ്സിൻ്റെ പൂർത്തീകരണത്തിനായി കഷ്ടപ്പെടുന്നു. അവർ കലാസൃഷ്ടിയിൽ പിന്നെയും പിന്നെയും മിനുക്കുപണികളിലേർപ്പെടുന്നു. ഈ ലോകത്തിലെ അതിസങ്കീർണമായ വിധിയെപ്പറ്റിയുള്ള വിചാരങ്ങളാണ് കലാകാരന്റെ മനസ്സിൽ പുതിയ ഒരു കവാടം തുറക്കുന്നത് .തീർച്ചയായും, ഈ ലോകത്തോട് സ്നേഹമുള്ള ഒരാൾക്ക് മാത്രമേ അറിയപ്പെടാത്ത സത്യത്തിനു വേണ്ടി യാതനയനുഭവിക്കാൻ കഴിയുകയുള്ളൂ.

    ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എച്ച്.ലോറൻസ് എഴുതുന്നത് (Sketches of Etruscan Places and Other Italian Essays) കലയിൽ divination -ഭവിഷ്യജ്ഞാനം - പ്രവർത്തിക്കുന്നുണ്ടെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ: "നിങ്ങൾ ഈ പ്രപഞ്ചത്തിൽ ജീവിക്കുകയാണെങ്കിൽ, ഈ പ്രപഞ്ചത്തിലേക്ക് നോക്കുന്നത് ഒരു തുമ്പ് കിട്ടാൻ വേണ്ടിയാണ് .നിങ്ങൾ ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അവനോട് പ്രാർത്ഥിക്കും. യുക്തിപരമായാണ് ചിന്തിക്കുന്നതെങ്കിൽ അതിലൂടെ എല്ലാം ഗ്രഹിക്കാൻ നോക്കും. എന്നാൽ ഇതിന്റെയെല്ലാം ഒടുവിൽ ഫലം ഒന്നാണ്. പ്രാർത്ഥന ,ചിന്ത, നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനം, പക്ഷിനിരീക്ഷണം ,ത്യാഗത്തിൻ്റെ അടിയിലുള്ള മനോനില പഠിക്കുന്നത് തുടങ്ങിയവ ഒരേ പ്രക്രിയ തന്നെയാണ് -divination.ഇത് ഒരു വസ്തുവിൽ നിങ്ങൾക്ക് എത്രമാത്രം സത്യസന്ധമായ, ആത്മാർത്ഥമായ, മതപരമായ ഏകാഗ്രത കൊണ്ടുവരാനാകും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പല വഴികളിലൂടെ നാം ഒരേയിടത്തു തന്നെ എത്തിച്ചേരും."

    അതുല്യമായ സാന്നിദ്ധ്യം 

    ആത്യന്തികമായി ഉത്തരമില്ലാത്തതുകൊണ്ട് ഏതോ ദുർഗ്രഹത നമ്മെയെല്ലാം  മൂടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിലായിരിക്കുന്ന നമുക്ക് കോടിക്കണക്കിന് ഗാലക്സികളെക്കുറിച്ചോ , നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചോ, അവയുടെ നാശത്തെക്കുറിച്ചോ, അവയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ  ഒന്നും അറിയില്ല. പലതരം വ്യാഖ്യാനങ്ങളും പഠനങ്ങളും ഉണ്ടെങ്കിലും അതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ് .എണ്ണമറ്റ ഗാലക്സികൾ എന്തിനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? ഈ ഭൂമിയിൽ മാത്രമാണ് മനുഷ്യനു ജീവിക്കാനാവുന്നുള്ളു.മറ്റെവിടെയും മനുഷ്യനില്ല. ഓരോ മനുഷ്യനും ജീവിയും വിലപ്പെട്ടതാണ്. കാരണം, അതുപോലൊന്ന് വേറെ എവിടെയുമില്ല. ഈ അനന്തമായ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ഈ ഭൂമിയിൽ നാം മാത്രമേയുള്ളു. എത്ര അതുല്യവും അമൂല്യവുമായ ഒരു സാന്നിധ്യമാണിത്. ഒരിക്കൽ പോലും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത, ഇനി ഒരിക്കലും ഉണ്ടാകാത്ത ഒരു സൃഷ്ടിയെ മാന്ത്രികമെന്നല്ലേ വിളിക്കേണ്ടത് ?ഓരോ സൃഷ്ടിയും വിസ്മയകരം മാത്രമല്ല ,അവിശ്വസനീയവും അതിശയകരവുമാണ്. ഒരു ജീവി യഥാർത്ഥമാണെന്നത് പോലും വിശ്വസിക്കാനാവാത്ത വിധം അത് അതിശയകരമാണ് .അത് ആകെ ദുരൂഹതയാണ്. ഒന്നിനും ഉത്തരമില്ല. എല്ലാം ആയിരമായിരം വ്യാഖ്യാനാത്മക പാഠങ്ങളായി പിരിഞ്ഞുപോവുകയാണ്. വ്യാഖ്യാനങ്ങൾ യാഥാർത്ഥ്യത്തിൻ്റെ സ്ഥാനം നേടുകയാണ്. 

    നക്ഷത്രങ്ങൾ നമുക്ക് അന്യരല്ല .നമ്മുടെ പിറവിക്കു കാരണമായ എത്രയോ മൂലകങ്ങൾ നക്ഷത്രങ്ങളിൽ കാണാം. ഫോസ്ഫറസ്,മഗ്നീഷ്യം, ഹൈഡ്രജൻ, കാർബൺ ,സൾഫർ തുടങ്ങിയവ നക്ഷത്രങ്ങളിലുണ്ട്, നമ്മളിലുമുണ്ട്.  അതുകൊണ്ടു നമ്മളും നക്ഷത്രങ്ങളെ പോലെയാണ് .പ്രപഞ്ചത്തെ ആരും മനസ്സിലാക്കരുതെന്നു ഉദ്ദേശമുള്ളതു പോലെ തോന്നും. നമ്മൾ കഥയറിയാതെ ആട്ടം കാണുകയാണ്. ഈ ആട്ടം തന്നെയാണ് ജീവിതം. ജീവിതത്തെ അറിയാൻ പല വഴികളിലൂടെ നടത്തുന്ന ശ്രമങ്ങളെല്ലാം എത്തിച്ചേരുന്ന അമൂർത്തമായ ഒരു പ്രക്രിയയാണ് ഭവിഷ്യജ്ഞാനം അഥവാ divination.

    ഭൗതികജീവിതത്തിനും യഥാർത്ഥ്യത്തിനും അപ്പുറമുള്ള ഒരു തലത്തിലേക്ക് നാം എടുത്തുയർത്തപ്പെടുകയാണ്. മണ്ണിൽ തൊട്ടു നിൽക്കുന്ന നാം പ്രാർത്ഥനയിലൂടെയും ചിന്തയിലൂടെയും നക്ഷത്രങ്ങളിലേക്ക് ഉയർത്തപ്പെടുന്നു. നക്ഷത്രങ്ങൾ നമ്മുടെ കൈകൾക്ക് അപ്രാപ്യമാണ്. പ്രാർത്ഥനയിലൂടെ നാം കൈയെത്താത്ത ലക്ഷ്യത്തെ അംഗീകരിക്കുകയാണ്. കലാപ്രവർത്തനത്തിൽ ഇതാണുള്ളത്. ഏറ്റവും ഭൗതികമായ ഒരനുഭവത്തിന്റെ ഉള്ളിലേക്ക് കയറി ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നു. അതാകട്ടെ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ ഉയർത്തുന്നു. മഹാപ്രപഞ്ചങ്ങൾ ഓരോ ആശയത്തിനുള്ളിലേക്കും നിർമ്മിക്കപ്പെടുന്നു. കോടാനുകോടി ആശയങ്ങളുടെ ഗാലക്സികൾ മനുഷ്യൻ്റെ ആന്തരികവും ആത്മീയവുമായ ചിന്തകളിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇത് കണ്ടെത്തുന്നതാണ് മനസ്സിൻ്റെ ശക്തി.  ഒരു വ്യത്യസ്ത മനസാണ് കലയ്ക്ക്  അടിസ്ഥാനം. സവിശേഷ മനസ്സുള്ളവരാണ് ചലനങ്ങളോട് ഉന്നതമായ നിലയിൽ പ്രതികരിക്കുന്നത്. എല്ലാത്തിനോടും പ്രതികരിക്കാൻ എല്ലാവർക്കും സാധ്യമല്ല .അതിലോലമായ ചലനങ്ങളോടു പ്രതികരിക്കാൻ അതിസൂക്ഷ്മമായ അർത്ഥങ്ങൾ സ്വരൂപിക്കാനുള്ള ശേഷി വേണം. അലറിവിളിക്കലോ മുദ്രാവാക്യങ്ങളോ കലയിൽ പ്രധാനമല്ല. കലയിൽ അമൂർത്തതയ്ക്കെതിരെയാണ് യുദ്ധം. കലാകാരൻ തന്റെ വസ്തുവിൽ എത്രമാത്രം ഏകാഗ്രതയോടെ ചേർന്നിരിക്കുന്നുവോ അത്രത്തോളം അയാൾക്ക് അതിൻ്റെ അഭൗമമായ  പ്രകാശത്തെ ഉൾക്കൊള്ളാൻ കഴിയും.

    അലൗകികമായ പ്രകാശം 

    പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കലാകാരൻ വാൻ ഡി വെൽദെ (Van De Velde) വരച്ച Peasants and castle എന്ന ചിത്രം അലൗകികമായ മാനം വേർതിരിച്ചു മനസ്സിലാക്കി തരുന്നു. divination ഈ ചിത്രത്തിൻ്റെ മഹത്തായ നേട്ടമാണ്. കർഷകരും അവരുടെ കന്നുകാലികളുമാണ് വിഷയം. ഒരു ഗ്രാമപ്രദേശമാണ് ചിത്രത്തിലുള്ളത്. ഏതാനും മരങ്ങൾ കാണാം .ഒരു സ്ത്രീ മുഖം നോക്കുകയാണ്. അവളുടെ ഭർത്താവ് അത് നോക്കി നിൽക്കുന്നു. കറ്റകൾ ഒരു വശത്തുണ്ട്. കന്നുകാലികളിൽ മൂന്നെണ്ണം കിടക്കുകയാണ്. ദൂരെ പാടങ്ങളും പറമ്പുകളും കാണാം. ആകാശത്തിന്റെ ഒരു ഭാഗവുമുണ്ട് .വൃക്ഷങ്ങൾക്കിടയിൽ കാണുന്ന ആകാശവും പറമ്പും എത്ര തീവ്രമായി നമ്മെ ആവേശിക്കുന്നു. ചിത്രകാരൻ എന്താണോ വരയ്ക്കാൻ ഉദ്ദേശിച്ചത് അതിനപ്പുറമാണ് ഇത്. വസ്തുക്കളുടെ വിവരണത്തിനപ്പുറം സംവദിക്കുകയാണ്. ഒരു സൗന്ദര്യതീവ്രത കൂടിച്ചേർക്കപ്പെട്ടിരിക്കുന്നു. അലൗകികമായ പ്രകാശം ഈ ചിത്രത്തെ മനസ്സിലേക്ക് അടുപ്പിക്കുകയാണ്. മറ്റൊരാൾക്ക് സൃഷ്ടിക്കാനാവാത്ത സൗന്ദര്യമാണിതിലുള്ളത്. കലാകാരൻ സൃഷ്ടിച്ച divination .ജീവിതത്തിന്റെ അസ്ഥിരതയെയും ഭയാശങ്കകളെയും അതിനിടയിൽ കിട്ടാനിടയുള്ള  സമാധാനത്തെയും പ്രകാശിപ്പിക്കുന്ന ചിത്രമാണിത് .

    ലോറൻസ് തുടർന്ന് എഴുതുന്നു: "ശുദ്ധമായ ശ്രദ്ധയുടെ ഒരു പ്രക്രിയ, നിങ്ങൾക്ക് അതിനു സിദ്ധിയുണ്ടെങ്കിൽ, തീർച്ചയായും അതിന്റേതായ ഒരു ഉത്തരം നൽകാതിരിക്കില്ല .നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്തുവിലാണ് പരിപൂർണ്ണമായ ശ്രദ്ധയുണ്ടാവുന്നത്. ഏതൊരു യഥാർത്ഥ കണ്ടെത്തലും ഏതൊരു മർമ്മപ്രധാനവും പ്രസക്തവുമായ തീരുമാനത്തിൽ എത്തിച്ചേരുന്നതും ഈ ഭവിഷ്യദർശനത്തിലൂടെയാണ്. ആത്മാവ് പ്രകമ്പിതമാവുകയാണ്. അതിലൂടെ ശുദ്ധമായ ശ്രദ്ധയുണ്ടാകുന്നു. ഇതാണ് കണ്ടെത്തൽ." ഒരു വസ്തുവിനെ ശ്രദ്ധിക്കുക എന്നു പറയുന്നത് കലാപ്രവർത്തനത്തിന്റെ ഏറ്റവും സൂക്ഷ്മമായ തലമാണ്. എന്തുകൊണ്ട് ശ്രദ്ധിക്കുന്നു ?അതിനു ഒരു മാനമുള്ളതുകൊണ്ടാണ് .ആ മാനവുമായി കലാകാരൻ മാത്രമാണ് സംവദിക്കുന്നത് .

    ജനസാമാന്യത്തിന്റെ വിവക്ഷകൾക്കൊത്തല്ല ഫ്രഞ്ച് പെയിന്റർ ജോർജ് ലോഗി(Georges Laugee)Women in the Fields(1900) എന്ന ചിത്രം വരച്ചത് .അപാരമായ ഒരു വിനിമയത്തിലേക്ക് ഈ ലോകത്തെ ഉയർത്തിക്കൊണ്ടു പോകുന്ന ഒരന്തരദർശനമാണത്. ദൈവമെന്ന ഒന്നുണ്ടെങ്കിൽ അത് ഈ ചിത്രത്തിലും അനുഭവിക്കാം. ജീവിതത്തിൽ നാം കാണാനാഗ്രഹിച്ച അഭൗമരസാത്മകതന്തുക്കൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. മനുഷ്യൻ അറിയാത്ത ഒരു ലീലയുടെ പ്രത്യക്ഷതയാണിത്. ഏതാനും സ്ത്രീകൾ കറ്റ ചുമന്നുകൊണ്ടു പോവുകയാണ്. കൊയ്യാൻ ബാക്കിയുള്ള പാടം പശ്ചാത്തലത്തിൽ കാണാം .എന്നാൽ നടുക്കുന്ന ഒരാവിർഭാവം പോലെ ഭാഗികമായി കാർമേഘത്താൽ മൂടിയ ആകാശവും കാണാം. എവിടെ നിന്നാണ് അതിമനോഹരമായ ഈ ആഖ്യാനം വരുന്നത്?കലയിൽ അർത്ഥമല്ല ആദ്യം തിരയേണ്ടത്, ഈ ആഖ്യാനമാണ്. എന്തുകൊണ്ട് ചിത്രകാരൻ ഈ  സ്ത്രീകളെ തിരഞ്ഞെടുത്തു? അതിനു തീവ്രത വർദ്ധിപ്പിക്കാനായി തീ നിറമുള്ള ചെടികൾ പശ്ചാത്തലത്തിൽ  വരച്ചിരിക്കുന്നു. ആകാശമാകട്ടെ വളരെ മാനുഷികമാണ്. എല്ലാം മാനുഷികമാക്കപ്പെട്ടിരിക്കുന്നു. ഏത് വസ്തുവും കലയിൽ മാനുഷികമാക്കപ്പെടുകയാണ് ചെയ്യുന്നത്.

    മനുഷ്യവിഷാദത്തെയും ജീവിതത്തിൻ്റെ അസ്ഥിരതയെയും അത് അന്തർവഹിക്കുകയാണ്. തൊഴിലാളികൾ ജോലി ചെയ്യുന്നതിൻ്റെ ഒരു നിമിഷമാണിത്.അവർ സഞ്ചരിക്കുന്നത് നമ്മുടെ ഹൃദയത്തിലൂടെയല്ല ;ഈ മഹാപ്രപഞ്ചത്തിലെ അനന്യമായ ഒരു വിതാനത്തിലൂടെയാണ് .അവർ പാടത്ത് നിന്നു ഒരു പാതയിലേക്ക് എത്തുകയാണ്. അവർ എന്തെങ്കിലും പറയുന്നുണ്ടാകും ,തീർച്ച.ഇതിലെ പ്രകാശവിന്യാസവും വർണസഞ്ചയവും കലാകാരന്റെ 'ശ്രദ്ധ'യുടെ ഭാഗമാണ്. ലോറൻസ് പറയുന്ന പവിത്രമായ ശ്രദ്ധ ഇതാണ്. ശ്രദ്ധയുടെ ഉത്തരം ഈ വർണ്ണ വിന്യാസവും പ്രകാശധാരയുമാണ്. ഇത് മനുഷ്യാസ്തിത്വത്തിനു മഹത്വത്തിൻ്റെയും സൗന്ദര്യത്തിന്റെയും അധികമാനം നൽകുകയാണ്. ലോറൻസിന്റെ ഉത്തരമാണിത്. കലാകാരൻ എത്തിച്ചേരുന്ന തീക്ഷ്ണ സൗന്ദര്യമുഹൂർത്തവും ഇതുതന്നെയാണ് .ഈ ചിത്രത്തിലെ ഓരോ വസ്തുവിലും കലാകാരൻ ധ്യാനിച്ചു. അതിനു സൗന്ദര്യമുണ്ടാകാനുള്ള കാരണം ഇതാണ് .കലാവസ്തുക്കളിൽ കലാകാരൻ ജീവിതം തേടുകയാണ്. അയാൾക്ക് തുറക്കാനുള്ള ലോകമാണ തിലുള്ളത്. ഇത് പ്രവചനാത്മകമാണെന്നു ലോറൻസ്  നിരീക്ഷിക്കുന്നു .ഇത് നമ്മുടെ കൺമുന്നിലുള്ളതല്ല .അതേസമയം നമ്മുടെ ഭാവിയിലുള്ളതാണ്. ആലോചനയിലൂടെയും ദർശനത്തിലൂടെയുമാണ് ആ ഭാവിയിലെത്തിച്ചേരുന്നത് .അത് പ്രവാചകമനസ്സിൻ്റെ സംഭാവനയാണ്. കലാകാരനിൽ പ്രവാചകൻ ജീവിക്കുന്നു. കലയാണ് ,സൗന്ദര്യമാണ് ആ പ്രവാചകന്റെ മതം. ആത്മാവിൻ്റെ പ്രകമ്പനമാണ് സംഭവിക്കുന്നത് .വളരെ തീവ്രമായ, ആസക്തമായ ,ഭ്രമിപ്പിക്കുന്ന കലാവിദ്യ ഈ ലോകത്തെ പ്രവചിക്കുകയാണ്. ലോകത്തിൽ നിലീനമായിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ദീർഘദർശനം ചെയ്യുകയാണ് കലാകാരൻ.

    പരമമായ ശ്രദ്ധ 

    ലോറൻസ് തന്റെ കലാസിദ്ധാന്തം ഇവിടെ അവതരിപ്പിക്കുന്നുണ്ട്:
    "It is the same with the study of stars,or the sky of stars.Whatever object will bring the consciousness into a state of pure attention ,in a time of perplexity ,will also give back an answer to the perplexity." നക്ഷത്രങ്ങളെക്കുറിച്ച്, ആകാശത്തെക്കുറിച്ച് പഠിക്കുമ്പോൾ ഇവിടെ തന്നെ നാം എത്തിച്ചേരുമെന്നാണ് ലോറൻസിന്റെ ചിന്ത .ഒരു പരമമായ ശ്രദ്ധയിലേക്ക് നമ്മുടെ ബോധത്തെ കൊണ്ടുവരുന്നത് ഏത് വസ്തുവായാലും, കുഴപ്പിക്കുന്ന ഒരു സമയത്ത് ,അത് ഈ സമസ്യയ്ക്ക് ഉത്തരം തരും. കലാവസ്തു സൃഷ്ടിയുടെ വേളയിലേക്ക് നയിക്കുകയാണ്. അത് ശുദ്ധമായ ശ്രദ്ധയാണ് തരുന്നത് .ഒരു വ്യക്തികേന്ദ്രീകരണമാണത്. ഒരാളുടെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയാണ്. ഒരാളുടെ അസ്തിത്വം അതിൽ കേന്ദ്രീകരിക്കുകയാണ്. ഒരു  അന്തർമണ്ഡലത്തിലേക്ക് കലാകാരൻ ഉൾവലിയുന്നു. അത് ആന്തരിക ശ്രദ്ധയാണ് .അത് അറിവ് നൽകുകയാണ് .അത് വെളിപാടായി മാറുകയാണ്. സമൂഹത്തിലെ ഒരു വ്യവസ്ഥയ്ക്കും നൽകാൻ കഴിയാത്ത അറിവും ശാന്തിയുമാണ് സ്തോഭജനകമായ അവസ്ഥയിലൂടെ സഞ്ചരിച്ചു കലാകാരൻ അനുഭവിക്കുന്നത്. കലാവസ്തു മനസ്സിലുണ്ടാക്കുന്ന പരമശാന്തത അല്ലെങ്കിൽ ശ്രദ്ധ ഒരു സമസ്യയാണ്. ആ സമസ്യയ്ക്ക് ഉത്തരം ആ കലാവസ്തു തന്നെ തരുമെന്നാണ് ലോറൻസിൻ്റെ സിദ്ധാന്തം. വിവരിക്കാനാവാത്ത അവസ്ഥയിലാണ് വസ്തു കലാകാരൻ്റെ മനസ്സിലേക്ക് പ്രവേശിക്കുന്നത്. കറ്റയുമായി പോകുന്ന സ്ത്രീകളെ പലരും പലപ്പോഴും കണ്ടിട്ടുണ്ടാകും .എന്നാൽ അവരാരും ലോഗിയുടെ കണ്ണിലൂടെ അത് കണ്ടിട്ടില്ല. ലോഗിപോലും അത് ജീവിതത്തിൽ ഒരിക്കൽ മാത്രമാവും അനുഭവിച്ചിട്ടുണ്ടാവുക. ആകസ്മികമായി അത് ഉണ്ടായതാണ്.  അതിനായി മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നില്ല. ഒരു വസ്തുവിലേക്കുള്ള നോട്ടം ചിലപ്പോൾ വലിയ തിരിച്ചറിവും അർത്ഥവുമായി പരിണമിക്കുകയാണ് .ഉന്നതമായ ശ്രദ്ധ എപ്പോഴും ഉണ്ടാവുകയില്ല. അതിനൊരു നിമിഷം വേണം .അത് ഒരു ഉണർവ്വാണ്. ഉണർവ്വിൻ്റെ സൂചിമുനയാണ്. അത് സൗന്ദര്യത്തിന്റെ ആഘാതമാണ്. 

    അർത്ഥമല്ല ,ആഖ്യാനം 

    അപൂർവ്വനിമിഷത്തിൽ ഒരു വെളിപാടുപോലെ വസ്തു ഉരുത്തിരിയുമ്പോൾ കലാകാരൻ നടുക്കത്തോടെ പുതിയൊരു സുവിശേഷം ഗ്രഹിക്കുന്നു .എന്തിനാണ്, എങ്ങനെയാണ് എന്നൊന്നും അറിയാത്ത സൗന്ദര്യാനുഭവമാണത്. അതിൻ്റെ അർത്ഥം എന്താണെന്നു തിരയാൻ കലാകാരൻ അശക്തനാണ്. ലോഗിയുടെ ചിത്രത്തിൻ്റെ അർത്ഥമെന്താണെന്നു ചോദിച്ചാൽ പലർക്കും പല അർത്ഥങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കും. എന്നാൽ ലോഗി ഒരർത്ഥം സൃഷ്ടിക്കാൻ വേണ്ടിയല്ല അത് വരച്ചത്. അർത്ഥം കൈയിലുണ്ടായിരുന്നെങ്കിൽ വരയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആ അർത്ഥം എഴുതിവെച്ചാൽ മതിയായിരുന്നു. അത് ആളുകൾ മനസ്സിലാക്കുമായിരുന്നു. എന്നാൽ കലാകാരന് അർത്ഥമല്ല പ്രധാനം; അപൂർവവും അഭൗമവുമായ രസാത്മകതന്തുക്കളാണ് .അതിലാണ് കലാകാരന്റെ പ്രാണനിരിക്കുന്നത്. അർത്ഥമല്ല, അനുഭവമാണ് ലഭിക്കുന്നത്.കറ്റയുമായി പോകുന്ന സ്ത്രീകൾ ആശയപരമായ ഒരു വ്യാഖ്യാനമല്ല .അത് ജീവിതത്തിൽ മറയ്ക്കപ്പെട്ട ഒരു വലിയ പ്രലോഭനത്തിന്റെ, ചാരുതയുടെ, അപാരതയുടെ ദൃശ്യതയാണ്. അത് എവിടെയുമില്ലാത്ത പ്രകാശധാരയായിരുന്നു. അതിനു വേണ്ടിയാണ് കലാകാരൻ അലഞ്ഞത്.  സ്ത്രീകൾ കറ്റയുമായി നടക്കുന്നത് , വരച്ചാൽ കിട്ടാത്ത മനോഹാരിതയായി ലോഗി കണ്ടെത്തുന്നു. ഈ കണ്ടെത്തൽ അദ്ദേഹത്തിൻ്റെ ആന്തരികമായ രസാത്മകതയുടെ അലൗകിക തലമാണ് കാണിച്ചുതരുന്നത് .അലൗകികത നമ്മുടെ കൈപ്പിടിക്കുള്ളിലല്ല, അത് പ്രവചനാത്മകമാണ് .ലോറൻസ് ആ പ്രവചനാത്മകതയ്ക്ക് ഊന്നൽ  നൽകുന്നുണ്ട്.കറ്റയേന്തിയ സ്ത്രീകളുടെ ചലനത്തിൻ്റെ നൈമിഷികമായ ആകർഷണം പകർത്തുകയാണ്.  പശ്ചാത്തലത്തിലെ പ്രകൃതിയുടെ ഭംഗിയും വാക്കുകൾ കൊണ്ട് പകരാനാവാത്തതാണ്. ഈ ഭംഗിയാണ് കലാകാരന്റെ അവ്യവസ്ഥയ്ക്ക്, സങ്കീർണതയ്ക്ക് ,സമസ്യയ്ക്ക്  ഉത്തരമായി മാറുന്നത് .

    ഒരു വസ്തുവിലേക്ക് പരമശ്രദ്ധയിൽ നോക്കുമ്പോൾ അത് സമസ്ത ജീവിതങ്ങളുടെയും അന്വേഷണങ്ങളുടെയും ആത്യന്തികമായ അറിവിൻ്റെ ചെറുരൂപമാകുകയാണ് ചെയ്യുന്നത്. എല്ലാം കണ്ടും കേട്ടുമല്ല കലാകാരൻ്റെ അത്ഭുതകവിത പ്രവർത്തിക്കുന്നത്. വാൻഗോഗ് ഉരുളക്കിഴങ്ങു വരയ്ക്കുമ്പോൾ അത് ഉരുളക്കിഴങ്ങിൽ ഒതുങ്ങുന്നില്ല. സമസ്ത ജീവിതങ്ങളുടെയും വസ്തുക്കളുടെയും അർത്ഥമായി പരിണമിക്കുന്നു. ഉരുളക്കിഴങ്ങിൽ വാൻഗോഗ് തന്റെ ശ്രദ്ധ കേന്ദീകരിക്കുന്നു. അത് വേദനാജനകമായ പ്രാർത്ഥനയായിത്തീരുന്നു. അങ്ങനെ വാൻഗോഗ് തന്റെ ബോധത്തിന്റെ കേന്ദ്രത്തിൽ അതിനെ പ്രതിഷ്ഠിക്കുന്നു. അപ്പോൾ ഉരുളക്കിഴങ്ങ് അനാവരണം ചെയ്യുന്നത് സമസ്ത ജീവിതങ്ങളുടെയും വിധിയാണ് .ഇങ്ങനെയേ വലിയ കലാകാരന്മാർക്ക് സൃഷ്ടിയിൽ ഏർപ്പെടാനാവൂ. ഒരു ചെറിയ വസ്തുവിനെയാണ് ചിത്രീകരിക്കുന്നതെങ്കിൽ പോലും അതിൽ ലോറൻസ് സൂചിപ്പിക്കുന്ന  ഭവിഷ്യകഥനം സംഗതമാണ്.

    ഒരു പുല്ല് വെറും പുല്ലല്ല 

    സൂര്യനു കീഴിലുള്ളതെല്ലാം വ്യർത്ഥമാണെന്ന പഴയനിയമത്തിലെ സഭാപ്രസംഗകന്റെ പ്രസ്താവന സൃഷ്ടികർത്താവിൻ്റെയുള്ളിലും സ്വാഭാവികമായി രൂപപ്പെടുന്നു.ലോറൻസ് നിരീക്ഷിക്കുന്നത് ഏറ്റവും ചെറിയ വസ്തുവിലും ഒരു കലാകാരനു സ്വയം ദർശിക്കാൻ കഴിയുമെന്നാണ്. സ്വയം ദർശിക്കുക എന്നു പറഞ്ഞാൽ വ്യക്തിപരമായ കാര്യങ്ങളല്ല; പ്രാപഞ്ചികമായ പ്രവചനമാണ്. കലാകാരൻ സ്വയം പ്രതിനിധാനം ചെയ്യുന്നതിനു പകരം വിധിയെ പ്രതിനിധീകരിക്കുന്നു. സകല ജീവികളുടെയും ദ്വന്ദാത്മകതയെയും അനശ്വരമായ വിധിയെയും പ്രതിനിധീകരിക്കുന്നു. കിരാതമായ  പ്രവൃത്തികൾക്ക് പലതിനെയും നശിപ്പിക്കാനാവും. പക്ഷേ അതിൻ്റെ ഫലം നിലനിൽക്കണമെന്നില്ല.  മനുഷ്യജീവിയല്ല ഈ ഭൂമുഖത്ത് എല്ലാ ജീവികളെയും താങ്ങിനിർത്തുന്നത്. ഇത് വലിയൊരു സത്യമാണ്. ലോറൻസ് പറയുന്നു:
    "It is the grass  of the field ,most frail of all things ,that supports all life all the time." വെറും പുല്ല്, ഏറ്റവും ദുർബ്ബലമായ പുല്ല് എല്ലാ ജീവിതങ്ങളെയും  നിലനിർത്തുന്നുവെന്ന്. തൃണവൽഗണിക്കുക എന്ന് ഒരു ചൊല്ല് മലയാളത്തിലുണ്ട് .തൃണവൽഗണിക്കുന്നവൻ്റെ മനസ്സ് ശരിയല്ല; പുല്ല് ആ അവഗണനയിൽ ഇല്ലാതാവില്ല. വെറും പുല്ലായി തള്ളിക്കളയാനാവില്ല പുല്ലിനെ. പുല്ലിന്റെ മുന്നിൽ ഒരു സാമ്രാജ്യവുമില്ല; ഒരുത്തനും ഭക്ഷണം കിട്ടുകയില്ല .എല്ലാ ധാന്യങ്ങളും പുല്ലിൽ  നിന്നാണ് വരുന്നത് .ധാന്യം തരുന്നതെല്ലാം പുല്ലായി ജന്മമെടുക്കുന്നു. പുല്ല് ഉണ്ടായിരുന്നില്ലെങ്കിൽ ഹെർക്കുലീസിനോ നെപ്പോളിയനോ  ഹെൻറി ഫോർഡിനോ ഈ ഭൂമിയിൽ അസ്തിത്വം ഉണ്ടാകുമായിരുന്നില്ല. ക്രൂരമായ ശക്തികൾ പല സസ്യങ്ങളെയും നശിപ്പിച്ചു. എന്നാൽ സസ്യങ്ങൾ പിന്നെയും മുളച്ചുപൊന്തുന്നു. ബുദ്ധനും ക്രിസ്തുവിനും മുമ്പ് രാപ്പാടികൾ പാടി. ബുദ്ധൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ മറവിയിലേക്ക് പോയിക്കഴിഞ്ഞാലും രാപ്പാടികൾ പാടിക്കൊണ്ടിരിക്കും. എന്തെന്നാൽ അവ ഒന്നും പ്രബോധനം ചെയ്യുന്നില്ല , പഠിപ്പിക്കുന്നില്ല ,നിർബന്ധിക്കുന്നില്ല. അവ പാടുക മാത്രം ചെയ്യുന്നു."

    അവയ്ക്ക് വാക്കുകൾ പോലും വേണ്ട. ശബ്ദം മതി. എത്ര ഉദാരവും സ്നിഗ്ദ്ധവും സുന്ദരവും സ്വാഭാവികവും മിതവും സ്നേഹാത്മകവുമാണ് അവയുടെ ജീവിതം. ഇതാണ് കലാകാരൻ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. എല്ലാ തേരോട്ടങ്ങളുടെയും അടിയിൽ നിത്യമായി സ്പന്ദിക്കുന്നതെന്തെന്ന ചോദ്യം ഒരു മിന്നൽ പോലെ അവൻ്റെ മനസ്സിൽ ഉദിച്ചുയരുന്നു .അതിനുള്ള ഉത്തരം ലഭിക്കുന്നു. ഈ പ്രകൃതിയുടെ പരപ്പിൽ അതിനുള്ള ഉത്തരമുണ്ട്. നിത്യമായ ചില ആവിർഭാവങ്ങളുണ്ട് .എത്ര തകർത്താലും ജീവൻ പിന്നെയും ശേഷിക്കുന്നു. വിത്തായി ,മുട്ടയായി, തണ്ടായി അത് ശേഷിക്കുന്നു. മണ്ണിനടിയിലേക്ക് തള്ളിയാലും എവിടെനിന്നോ അത് വീണ്ടും മുളയ്ക്കുന്നു. എത്ര അതിജീവനശേഷിയാണ് അവയ്ക്ക്. ഈ കരുത്ത് ,അപ്രതിരോധ്യത , അതിജീവനശേഷി എന്നിവയാണ് കലാകാരൻ തന്റെ മൃദുവായ സംവേദനക്ഷമതയിലൂടെ തൊട്ടറിയാൻ ശ്രമിക്കുന്നത്.

    ലോറൻസിന്റെ കലാസിദ്ധാന്തങ്ങളിൽ നാം കാണുന്നത് മനസ്സിന്റെ ഉന്നതമായ അവസ്ഥയിൽ തെളിയുന്ന വസ്തുവിൻ്റെ ചിത്രമാണ്. ഉത്തരം കിട്ടാതെ അലയുന്ന നിമിഷത്തിൽ എത്തിച്ചേരുന്ന ഒരു ബിന്ദുവുണ്ട്. അത് ഭാവിജീവിതത്തെയും പ്രതിപാദിക്കുന്ന ഒരു രൂപമോ ആശയമോ ആയിരിക്കും. എട്രൂസൻ ശവകുടീരത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി എവിടെയാണ് പറക്കുന്നത്?അത് ജീവിക്കുന്ന പ്രപഞ്ചത്തിലൂടെ വികാരങ്ങളായി പറക്കുന്നു; പ്രതീക്ഷകളായി മനുഷ്യഹൃദയത്തിലൂടെ പറക്കുന്നു .അല്ലെങ്കിൽ ചിന്തകളായി മനുഷ്യമനസ്സിലൂടെ പറക്കുന്നു. കുഴിമാടത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി ഒരു ലെൻസാണ്. എല്ലാത്തിന്റെയും സങ്കീർണമായ ജീവിതവിധിയെ സൂക്ഷ്മമായി അറിയാനുള്ള ലെൻസ് .